ഇന്ത്യയുടെ ഹൃദയനാഡികളിലൂടൊഴുകി നീങ്ങുന്ന ഗംഗയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പുരാതന നഗരമായ വാരണാസിയിലെ പോരാട്ടങ്ങളും പ്രതിരോധവും വിശ്വാസവും കൊണ്ട് നെയ്തുതീർത്ത ചിത്രകമ്പളത്തിന്റെ കഥയാണ് റിതേഷ് ശർമ ( Ritesh Sharma ) യുടെ 'ജിനി ബിനി ചദരിയാ' (Jhini Bini Chadariya ) എന്ന സിനിമ. കാശിയുടെ ഈ കാവ്യാത്മക രൂപകത്തെ, വാരണാസിയിലെ പാർശ്വവൽക്കരിക്കപ്പെട്ട പൗരന്മാരുടെ ജീവിതത്തെ, സൂക്ഷ്മവും അചഞ്ചലവുമായ നോട്ടത്തോടെ റിതേഷ് തന്റെ ആദ്യ സിനിമയിലൂടെ പര്യവേക്ഷണം ചെയ്യുന്നു.
തെരുവ് നർത്തകിയായ റാണിയുടെയും നെയ്ത്തുതൊഴിലാളിയായ ഷഹ്ദാബിന്റെയും കഥകളിലൂടെ, പാരമ്പര്യവും ആധുനികതയും ഏറ്റുമുട്ടുന്ന നഗരം പോലെ തന്നെ, മനുഷ്യർ അവരുടെ സ്വത്വം സംരക്ഷിക്കാനുള്ള നിരന്തര പോരാട്ടത്തിൽ അകപ്പെടുന്ന ഒരു ലോകത്തിലേക്കുള്ള ജാലകം ശർമ്മ തുറന്നുവയ്ക്കുന്നു. കബീറിന്റെ കവിതയിൽ നിന്ന് ഉരുത്തിരിഞ്ഞ 'ജിനി ബിനി ചദരിയ' (Jhini Bini Chadariya ) എന്ന തലക്കെട്ട്, സൂക്ഷ്മമായി നെയ്തതും കീറിമുറിക്കപ്പെടാൻ സാധ്യതയുള്ളതുമായ ഒരു അതിലോലമായ നെയ്ത്തുകമ്പളത്തിന്റെ പ്രതിച്ഛായയെ ഉണർത്തുന്നു.
പല മുഖവസ്ത്രങ്ങളുടെ നഗരമാണ് വാരണാസി (Varanasi). തീർഥാടകരെ സംബന്ധിച്ചിടത്തോളം അത് ആത്മീയ പൗരാണികതയുടെ നാടാണ്. വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം അത് നദീതടങ്ങളുടെയും സായാഹ്ന ഗാനങ്ങളുടെയും ക്ഷേത്രമണികളുടെയും ഒരു വിചിത്രമായ പട്ടികയാണ്. എന്നാൽ നഗരത്തിന്റെ മറഞ്ഞിരിക്കുന്ന ഇടവഴികളിൽ ജീവിക്കുന്നവർക്ക്, ശർമ്മ തുറന്നു കാട്ടുന്ന ജീവിതങ്ങൾക്ക്, കാശി വിശ്വാസവും അതിജീവനവും കൈകോർത്ത് നടക്കുന്ന സ്ഥലമായി തീരുന്നു. അവിടെ ഗംഗ മരണപ്പെട്ടവരുടെ ചിതാഭസ്മം മാത്രമല്ല, ജീവിച്ചിരിക്കുന്നവരുടെ ശൂന്യതയെയും വഹിച്ചൊഴുകുന്നു.
2015- ൽ മണികർണിക ഘട്ട് സന്ദർശിച്ചപ്പോഴാണ് തന്റെ കഥയ്ക്ക് പ്രചോദനമായ വിത്തുകൾ ശർമ്മ കണ്ടെത്തിയത്. കാമാസക്തരായ ഒരു പുരുഷാവലിക്കു മുൻപിൽ നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടി. അവളുടെ ചലനങ്ങൾ ആയാസപ്പെട്ടെങ്കിലും ആകർഷകമായിരുന്നു. 'നൂറുകണക്കിന് പുരുഷന്മാർ അവളുടെ കണ്ണുകളിൽ അഭിനിവേശത്തോടെ അവളെ നോക്കുന്നത് ഞാൻ കണ്ടു... ഒരു പെൺകുട്ടിയെ അവളുടെ ജോലിക്കിടയിൽ ആളുകൾ വാക്കുകൾ കൊണ്ടും ആംഗ്യം കൊണ്ടും പീഡിപ്പിക്കുന്നത് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു.' തന്നെ വേട്ടയാടിയ ഈ ദൃശ്യം പിന്നീട് അദ്ദേഹത്തിന്റെ ആദ്യ സിനിമയായി രൂപാന്തരം കൊണ്ടു.
'ജിനി ബിനി ചദരിയ'യിൽ, മേഘാ മാതുർ ( Megha Mathur ) അവതരിപ്പിക്കുന്ന റാണിയുടെ കഥാപാത്രം സംസ്‌കൃതഭൂമിയായ കാശിയിലെ 'അസംസ്‌കൃത' ജീവിതത്തിന്റെ പ്രതിരൂപമാണ്. റാണി അവളുടെ മൂകയായ മകൾ പിങ്കിയുടെ അമ്മയാണ്. അവൾ തന്റെ മകൾക്ക് തന്നിൽ നിന്നും വിപരീതമായ ഒരു മെച്ചപ്പെട്ട ജീവിതം സ്വപ്നം കാണുന്നു. നടനവേദിയിലെ അവളുടെ പ്രകടനങ്ങൾ ധിക്കാരത്തിന്റെയും നിരാശയുടെയും പ്രകടനമാണ്. തന്നെ വെറുമൊരു കാഴ്ച്ചവസ്തുവായി ചുരുക്കുന്ന പൗരുഷലോകത്തിനെതിരായ ദൈനംദിന പോരാട്ടമാണ് അവളുടെ ജീവിതം. എന്നാൽ തന്റെ ശരീരമാകട്ടെ, സമൂഹത്തിന്റെ പുരുഷാധിപത്യ കാപട്യങ്ങൾക്ക് ഒരു യുദ്ധവേദിയായി ക്രമേണ പരിണമിക്കുന്നു. വികാരകൃത്രിമത്വത്തിലൂടെ അവളുടെ ജീവിതത്തെ നിയന്ത്രണവിധേയയാക്കാൻ ശ്രമിക്കുന്ന തന്റെ കാമുകനായ ബാബ; അവളുടെ ശരീരത്തെ തന്റെ ഇരുമ്പുമുഷ്ടികളിൽ തളച്ചിടാൻ ശ്രമിക്കുന്ന ഒരു പ്രാദേശിക രാഷ്ട്രീയക്കാരനായ ശിവ് ശങ്കർ തിവാരി, എന്നീ രണ്ടു പുരുഷകഥാപാത്രങ്ങൾക്ക് റാണിയുടെ ശരീരം 'വേദിയായി' തീരുന്നു. എന്നാൽ ഈ പുരുഷകഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, അതിലോലമായ സംവേദനക്ഷമതയോടെ മുസാഫർ ഖാൻ (Muzaffar Khan) അവതരിപ്പിച്ച ഷഹ്ദാബ് എന്ന കഥാപാത്രമാകട്ടെ, അദൃശ്യമായ അധ്വാനത്തിന്റെ ശാന്തമായ ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നു.
ആധുനികവൽക്കരണത്തിന്റെയും മതപരമായ അസഹിഷ്ണുതയുടെയും ശക്തികൾക്കെതിരെ ഒരു സാരി നെയ്ത്തുകാരനായ ഷഹദാബ് പോരാടുമ്പോഴും അയാൾക്ക് തന്റെ കുടുംബത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാരം വഹിക്കേണ്ടി വരുന്നുണ്ട്. അങ്ങനെ തന്റെ ജീവിതത്തെ ഞെരുക്കുന്ന ഭൗതിക യാഥാർഥ്യങ്ങളിൽ നിന്നുള്ള ഷഹ്ദാബിന്റെ തുച്ഛമായ ആശ്വാസമായി തീരുന്നതാകട്ടെ, ഇസ്രയേലി വിനോദസഞ്ചാരിയായ 'ആദ'യുമായുള്ള സൗഹൃദമാകുന്നു. മതാന്ധതയുടെയും സാമൂഹിക വിഭജനങ്ങളുടെയും ഭാരത്താൽ പൊരുതുമ്പോഴും അവർ രൂപപ്പെടുത്തുന്ന താൽക്കാലിക ബന്ധം മനുഷ്യഹൃദയത്തിന്റെ പ്രതിരോധശേഷിയുടെ തെളിവായി തീരുന്നു. ബാബറി മസ്ജിദ് കലാപത്തിൽ മുറിവേറ്റ അദ്ദേഹത്തിന്റെ ഓർമ്മകൾ, തന്റെ സമുദായത്തിന്മേൽ അടിച്ചേൽപ്പിച്ച അക്രമത്തിന്റെ നിശ്ശബ്ദ പ്രതിധ്വനിയായും വർഗീയ വിദ്വേഷത്തിന്റെ സ്ഥായിയായ മുറിവുകളുടെ ഓർമ്മപ്പെടുത്തലായും നിലനിൽക്കുന്നു.
പ്രിയാശങ്കർ ഘോഷിന്റെ ഛായാഗ്രഹണം വാരണാസിയിലെ ജീവിതങ്ങളുടെ സങ്കീർണ്ണതകളെ അവയുടെ എല്ലാ വൈരുദ്ധ്യാത്മക നിറങ്ങളിലും 'ജിനി ബിനി ചദരിയ'യിൽ കൊണ്ടുവരുന്നു. സിനിമയുടെ ഫ്രെയിമിനുള്ളിലെ ഫ്രെയിം ഷോട്ടുകൾ ഉപയോഗിച്ച് റാണിയുടെയും ഷഹ്ദാബിന്റെയും ജീവിതത്തെ നിർവചിക്കുന്ന കെണിയുടെ പാളികളെ അദ്ദേഹം തന്റെ ക്യാമറയിലൂടെ പ്രതീകപ്പെടുത്തുന്നു. ക്ഷേത്രങ്ങളുടെയും ഘാട്ടുകളുടെയും പോസ്റ്റ്കാർഡായിട്ടല്ല, മറിച്ച് ജീവനുള്ള, ശ്വാസോച്ഛ്വാസം ചെയ്യുന്ന ഒരു ജീവിയായാണ് വാരണാസിയെ കാണാൻ കാഴ്ചക്കാരനെ ഈ സിനിമ ക്ഷണിക്കുന്നത്. പവിത്രമായ ആചാരങ്ങൾ അഗാധമായ അശാന്തിയെ മറയ്ക്കുകയും നഗരത്തിന്റെ പുരാതന താളങ്ങൾ ആധുനികതയുടെ ആരവവുമായി ഏറ്റുമുട്ടുകയും ചെയ്യുന്ന ഇടമായി വാരണാസി ഇവിടെ പരിണമിക്കുന്നു.
'ജിനി ബിനി ചദരിയ'യിൽ, വാരണാസി അതിന്റേതായ ഒരു കഥാപാത്രമായി ഉയർന്നുവരുന്നു. പൗരാണികതയ്ക്കും ആധുനികതയ്ക്കും ഇടയിൽ കുടുങ്ങിക്കിടക്കുന്ന ഒരു നഗരം. ഭാവി അതിനെ തുടച്ചുനീക്കുമെന്ന് ഭീഷണിപ്പെടുത്തുമ്പോഴും ഭൂതകാലം അതിനു പിന്നിലേക്ക് നീണ്ടുനിൽക്കുന്നു. നഗരത്തിന്റെ അസ്തിത്വത്തിൽ, അതിന്റെ ആഴത്തിൽ ഇഴചേർന്ന ശബ്ദമായ ഷഹ്ദാബിന്റെ തറിയുടെ താളാത്മകതായും യന്ത്രോത്പാദനത്തിന്റെയും വാണിജ്യവൽക്കരണത്തിന്റെയും നിരന്തര പ്രയാണത്തിൽ ക്രമേണ മുങ്ങിമരിക്കുന്നു. ആത്മീയ നവീകരണത്തിന്റെ വാഗ്ദാനങ്ങളോടെ, വിശുദ്ധ ഘാട്ടുകൾ, അവിടെ ആശ്വാസം കണ്ടെത്താത്തവരുടെ ജീവിതത്തിന് വിപരീതമായി നിലകൊള്ളുന്നു.
സിനിമയുടെ ശീർഷകം ഒരു കലാപരമായ അഭിവൃദ്ധി മാത്രമല്ല; അത് മനുഷ്യജീവിതത്തിന്റെ ദുർബ്ബലതയെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മപ്പെടുത്തലാണ്. കബീറിന്റെ കവിതയിലെ 'അതിലോലമായ നെയ്ത്തുനൂൽ' പോലെ, അത് എല്ലാറ്റിന്റെയും പരസ്പര ബന്ധത്തെക്കുറിച്ചും, ജീവിതങ്ങളെ പ്രതിരോധശേഷിയുള്ളതും അതേസമയം തന്നെ ദുർബലവുമായ ഒരു തുണിയിൽ നെയ്‌തെടുക്കുന്ന രീതിയെക്കുറിച്ചും സംസാരിക്കുന്നു. അങ്ങനെ ശർമ്മയുടെ സിനിമ ഈ സഹിഷ്ണുതയുടെ ആഘോഷമായി തീരുന്നു. ജീവിതത്തിന്റെ ഉപരിതലത്തിനപ്പുറത്തേക്ക് എത്തി നോക്കുവാൻ, പലപ്പോഴും അദൃശ്യരായവരുടെ പോരാട്ടങ്ങളെ നേരിലറിയുവാൻ നമ്മെ വെല്ലുവിളിക്കുന്ന ഒരു സിനിമയായി 'ജിനി ബിനി ചദരിയ' മാറിത്തീരുന്നു. റാണിയുടെയും ഷഹ്ദാബിന്റെയും കഥകൾ പറയുന്നതിലൂടെ, ഭിന്നതകൾ ശാശ്വതമാക്കുന്നതിൽ നമ്മുടെ സ്വന്തം പങ്കാളിത്തത്തെ നേരിടാൻ ആവശ്യപ്പെടുന്ന ശർമ്മ സമൂഹത്തിന് നേരെ ഒരു കണ്ണാടി പിടിക്കുകയാണ്. സമകാലിക ഇന്ത്യൻ സാമൂഹ്യ-രാഷ്ട്രീയ വ്യവഹാരത്തിന്റെ ദുർബലമായ നെയ്തുകാമ്പളത്തിൽ നമ്മളും നെയ്‌തെടുത്ത വഴികളെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ആഹ്വാനമായി തീരുന്നു ഈ സിനിമ.
മജ്ജയും മാംസവും ഉള്ള ഒരു സ്വതന്ത്ര സിനിമയുടെ നിർമ്മാണം കുറഞ്ഞ ബജറ്റിൽ രൂപകല്പന ചെയ്ത 'ജിനി ബിനി ചദരിയ' അതിന്റെ നിർമ്മാതാക്കളുടെ നിശ്ചയദാർഢ്യത്തിന്റെയും സർഗ്ഗാത്മകതയുടെയും തെളിവാണ്. നാടക കലാകാരനായി തന്റെ കലായാത്ര ആരംഭിച്ച ശർമ്മ തന്റെ കഥപറച്ചിലിൽ സ്പഷ്ടമായ ഒരു സഹാനുഭൂതി കൊണ്ടുവരുന്നു. വാരണാസിയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങൾ, സിനിമയ്ക്കുവേണ്ടി അവിടുത്തെ നഗരവാസികൾക്കിടയിൽ ഗവേഷണം നടത്തിയ ആറുമാസം ഉൾപ്പെടെ, അതിന്റെ അരികുകളിൽ താമസിക്കുന്നവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹത്തിന് ആഴത്തിലുള്ള ധാരണ നൽകി. അതിന്റെ കലർപ്പില്ലാത്ത ദൃശ്യാവിഷ്‌ക്കാരമായിരിക്കണം, ധർമ്മശാല ചലചിത്രോത്സവത്തിൽ താൻ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി 'ജിനി ബിനി ചദരിയാ' എടുത്ത് പറയാൻ അനുരാഗ് കശ്യപി (Anurag Kashyap )നെ പ്രേരിപ്പിച്ചതും. വിവിധ പ്ലാറ്റ്ഫോമുകളിൽ ചിത്രത്തിന്റെ ദൃശ്യപരത വർദ്ധിപ്പിക്കുന്നതിൽ കശ്യപിന്റെ പങ്ക് വലുതായിരുന്നു എന്ന് ശർമ്മ 'ഫെമിനിസം ഇൻ ഇന്ത്യ'ക്കു ( Feminism in India )നൽകിയ അഭിമുഖത്തിൽ കുറിച്ചിരുന്നു.
ഇന്ത്യൻ വിനോദ വ്യവസായത്തിൽ ലാഭത്തിന് മുൻഗണന നൽകുന്ന വ്യവസ്ഥാപരമായ തടസ്സങ്ങൾക്കെതിരെ സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർ പലപ്പോഴും പോരാടുന്നതായും അദ്ദേഹം ഇതേ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം സിനിമകൾ കേവലം ഒരു വിനോദ മാധ്യമം എന്നതിലുപരി സമൂഹത്തിന്റെ ആഴമേറിയ പ്രശ്നങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സംഭാഷണത്തിന് തുടക്കമിടുന്നതിനും ഒരുപക്ഷേ മാറ്റം വരുത്തുന്നതിനുമുള്ള ഒരു ഉപാധിയാണ് ശർമ്മ സമീപിക്കുന്നതും. അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, 'സിനിമയുടെ സന്ദേശത്തിലേക്ക് നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തണം. അത് സാമൂഹിക വർഗ്ഗത്തിന്റെയും അതിന്റെ ഘടനയുടെയും പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ ആളുകളെ സഹായിക്കേണ്ടതുണ്ട്.'
'ജിനി ബിനി ചദാരിയ' അങ്ങനെ നോക്കുമ്പോൾ വാരണാസിയെക്കുറിച്ചുള്ള ഒരു കഥ മാത്രമല്ല, നാമുൾപ്പെട്ട ഇന്ത്യൻ സാമൂഹഘടനയുടെ ദൃശ്യാവിഷ്‌കാരമാണ്. അവിടെ സമൂഹത്തിന്റെ അതിലോലമായ നെയ്ത്തുകമ്പളത്തിന്റെ, അതിന്റെ സൂക്ഷ്മമായ ചിത്രവേലയെ, വർണ്ണശബളതയെ, സംബന്ധിക്കുന്ന ധ്യാനമാണ് നാം അനുഭവിക്കുന്നത്.
കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അടക്കം ലോകമെമ്പാടുമുള്ള ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കപ്പെട്ടതിനു ശേഷം 'ജിനി ബിനി ചദരിയാ' ഒക്ടോബർ രണ്ടിന് പേ-പെർ-വ്യൂ (PPV) പ്ലാറ്റ്ഫോമായ മൂവിസെയിന്റ്സിൽ റിലീസ് ചെയ്തു. അനുരാഗ് കശ്യപ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ ചിത്രം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചതും.