ഈ ഫെസ്റ്റിവൽ കാലത്ത്, മേളപ്രേമികൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് കോറലി ഫാർഗി (Coralie Fargeat) എന്ന ഫ്രഞ്ച് സംവിധായിക സംവിധാനം ചെയ്ത ദി സബ്സ്റ്റൻസ് (The Substance).
50-ാമത്തെ വയസെത്തിയതു മുതൽ തൻ്റെ പ്രശസ്തിയും പെരുമയും നഷ്ടമാവുന്നതിൽ ആകുലപ്പെടുകയും അതിനു പരിഹാരമായി വിചിത്രമായ വഴികൾ തേടുകയും ചെയ്യുന്ന എലിസബത്ത് സ്പാർക്ക്ൾ (ഡെമി മൂർ) എന്ന നടിയുടെ ജീവിതമാണ് പ്രമേയം. തൻ്റെ ശരീരത്തിൽ വീണ ചുളിവുകളും മുടിയിൽ വീണ നരയും ആകാരത്തിലെ വാർദ്ധക്യവും അടക്കമുള്ള വാസ്തവങ്ങളെ അംഗീകരിക്കാൻ കഴിയാതിരിക്കുകയും, തൻ്റെ പെരുമയിലും ആരാധകസമ്പത്തിലും മാത്രം അഭിരമിക്കുകയും ചെയ്ത എലിസബത്തിന് തൻ്റെ താരപദവിയിൽ നിന്നുള്ള വിടുതൽ അംഗീകരിച്ച് ജീവിതത്തെ സാധാരണമായി വഴിതിരിച്ചുവിടാനാവുന്നില്ല. സിനിമ, പരസ്യങ്ങൾ, ടെലിവിഷൻ ഷോകൾ തുടങ്ങിയ മോഹവലയം നൽകിയ സമ്പത്തിനും പ്രശസ്തിക്കും എല്ലാം അപ്പുറത്ത്, ഒരു മനുഷ്യജീവിയിൽ പുറത്തുകടക്കാനാവാത്ത മറ്റൊരു ജീവിതക്രമത്തെ നിർമിക്കുന്നുണ്ട്.
ആ ജീവിതക്രമത്തെ, അതിൻ്റെ ഭ്രമാത്മകവും ഊർജസ്വലവുമായ പരിസരങ്ങളെ തിരിച്ചു പിടിക്കാൻ തീർത്തും വേറിട്ടതും വിചിത്രവുമായ ഒരു ഉത്തരത്തിലേക്ക് എലിസബത്ത് നടന്നുകയറുന്നു. ഏഴു ദിവസത്തിൻ്റെ വ്യത്യാസത്തിൽ വാർദ്ധക്യവും യുവത്വവും വെച്ചുമാറാവുന്ന അപൂർവതയിലാണ് ഈ സിനിമയുടെ ആഖ്യാനം എളുപ്പം ശ്രദ്ധ നേടുന്നത്. തൻ്റെ യഥാർത്ഥ ശരീരത്തെ ഏഴു ദിവസത്തേക്ക് ഉപേക്ഷിക്കുകയും യുവത്വം തുളുമ്പുന്ന മറ്റൊരാളായി ജീവിക്കാൻ സാധിക്കുകയും ചെയ്യുമ്പോൾ എലിസബത്ത് തൻ്റെ പുറത്തുകടക്കാനാവാത്ത പൊലിമയുള്ള പഴയ ജീവിതക്രമത്തെയാണ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്.
ആ ജീവിതത്തോടുള്ള അല്ലെങ്കിൽ നിറങ്ങളാൽ മാത്രം നിറയുന്ന ജീവിതത്തോടുള്ള മനുഷ്യൻ്റെ ആസക്തിയെയാണ് സബ്സ്റ്റൻസ് ആഖ്യാനം ചെയ്യുന്നത്. യുവത്വത്തിലേക്കുള്ള തിരിച്ചുപോക്ക് തൻ്റെ പൊലിമയുള്ള ജീവിതാന്തരീക്ഷത്തിലേക്കുള്ള തിരിച്ചുപോക്കായതിനാൽ ശരീരത്തിൻ്റെ മടക്കത്തെയല്ല, മറിച്ച്, തൻ്റെ ജീവിതത്തിൻ്റെ മടക്കത്തെയാണ് എലിസബത്ത് ഒരു ലഹരിയായി ആലിംഗനം ചെയ്യുന്നതും ആ ആസക്തിയിൽ അഭിരമിക്കുന്നതും.

ഈ ചിത്രം, ഇതിലെ ബോഡി ഹൊറർ എന്ന അംശം കൊണ്ടു കൂടി ശ്രദ്ധിക്കപ്പെടുന്നുണ്ട്. വാസ്തവത്തിൽ ബോഡി ഹൊറർ എന്ന നിലക്ക് ഈ ചിത്രത്തെ ചുരുക്കിക്കാണേണ്ടതില്ല. ഈ ചിത്രത്തിൽ മനുഷ്യൻ്റെ ആസക്തി, അന്യതാബോധം എന്നിവ ഉറപ്പിക്കാനായി, അല്ലെങ്കിൽ അതിൻ്റെ തീവ്രതയെ ആഖ്യാനം ചെയ്യാനായി ശരീരത്തെ ഉപയോഗിക്കുകയാണ് സംവിധായിക.
ഏഴു ദിവസത്തിലൊരിക്കൽ ശരീരം പരസ്പരം വെച്ചുമാറിയില്ലെങ്കിൽ യഥാർത്ഥ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ, വൈകൃതങ്ങൾ എന്നിവയെ മനുഷ്യരുടെ യുവത്വത്തോടുള്ള അല്ലെങ്കിൽ, ആ ക്രമത്തോടും അതിൻ്റെ നിറങ്ങളോടുമുള്ള അടങ്ങാത്ത ആഗ്രഹവുമായാണ് ബന്ധിപ്പിക്കുന്നത്. ഒരു കയറ്റത്തിന് ഉണ്ടായേക്കാവുന്ന ഇറക്കം എന്ന നിലക്ക് ഈ ചിത്രത്തിൻ്റെ സന്ദർഭങ്ങൾ അടുക്കിവെക്കുന്നു. യുവതിയായി മാറിയ എലിസബത്തിന് ആ ജീവിതക്രമം ഉപേക്ഷിക്കാനോ പഴയ യഥാർത്ഥ ജീവിതത്തിലേക്ക് മടങ്ങിപ്പോകാനോ സ്വാഭാവികമായും തെല്ലും ആഗ്രഹമില്ല, അതിൻ്റെ ഭവിഷ്യത്ത് അറിയാമെങ്കിൽ കൂടിയും. ആ അപകടത്തിനുമുകളിലാണ് അവരുടെ ആസക്തി പ്രവർത്തിക്കുന്നത്.
തമ്മിൽ പോരാടുന്ന രണ്ടു മനുഷ്യർ ഒരു ശരീരത്തിനകത്ത് നിർമിക്കപ്പെടുന്നു എന്നിടത്ത്, ഈ സിനിമ സിനിമക്കുമാത്രം സാധ്യമായ ആഖ്യാന ഉയരങ്ങൾ തൊടുന്നു.
ഒരു വ്യക്തിയിൽ നിന്ന് നിർമിക്കപ്പെട്ട രണ്ടു ശരീരങ്ങൾ തമ്മിലുള്ള പാരസ്പര്യം എങ്ങനെ നഷ്ടപ്പെടുന്നുവെന്ന ചിന്തയും സബ്സ്റ്റൻസിൻ്റെ ആഖ്യാനത്തെ വ്യത്യസ്തമാക്കുന്നു. എലിസബത്തിന് തൻ്റെ യുവത്വം തൻ്റെ യഥാർത്ഥ ശരീരത്തോടു കാണിക്കുന്ന ചെയ്തികൾ, അവരിൽ നിന്ന് നിർമിക്കപ്പെട്ട ശരീരത്തോടു തന്നെ ഒരു ശത്രുതയെ നിർമിക്കുന്നുണ്ട്. അതിനവർ തൻ്റെ പരിസരത്തു നിന്നുകൊണ്ടു തന്നെ പലവിധ പ്രതി പ്രവർത്തനങ്ങളും നടത്തുന്നു. അത് മനുഷ്യർക്ക് തങ്ങളിൽ തന്നെ നിർമിക്കപ്പെടുന്ന ഒരു ദ്വന്ദ്വത്തെ ചർച്ചക്കുവെക്കുന്നുണ്ട്. ഒരു വേരിൽ നിന്ന് മുളച്ചു പൊന്തുന്ന രണ്ടു തണ്ടുകൾ വ്യത്യസ്തമായ ആകാശപാതകൾ തേടുന്നതുപോലെ, തമ്മിൽ പോരാടുന്ന രണ്ടു മനുഷ്യർ ഒരു ശരീരത്തിനകത്ത് നിർമിക്കപ്പെടുന്നു എന്നിടത്ത്, ഈ സിനിമ സിനിമക്കുമാത്രം സാധ്യമായ ആഖ്യാന ഉയരങ്ങൾ തൊടുന്നു. പല മനുഷ്യരുടെയും അകമേയുള്ള ഈ ദ്വന്ദ്വസംഘർഷങ്ങളെ കൂടുതൽ തെളിച്ചത്തോടെയും മെറ്റഫോറിക്കലായും സംവിധായിക അവതരിപ്പിക്കുന്നു.

ഒരു മനുഷ്യനകത്തുതന്നെ അയാളിലെ Protagonist- ഉം Antagonist- ഉം പ്രവർത്തിക്കുന്നു എന്ന സിനിമയുടെ മാസ്മരിക അന്തരീക്ഷത്തിന്, ശരീരത്തിലെ പരിവർത്തനങ്ങളെ ഒരു ടൂളായി സംവിധായിക അവതരിപ്പിക്കുന്നുണ്ട്. തൻ്റെ പ്രവൃത്തികൾ തൻ്റെ ശരീരത്തെ മുറിവേൽപ്പിക്കുന്നുണ്ട് എങ്കിൽ കൂടിയും തൻ്റെ ശരീരത്തിനകത്തെ മറ്റൊരാളോടുള്ള പകയും വിദ്വേഷവും അതിനടിസ്ഥാനമായ മനുഷ്യരുടെ ആസക്തിയും എലിസബത്തിൽ കുറയുന്നേയില്ല എന്നത് മനുഷ്യൻ്റെ മറ്റു തലത്തിലുള്ള ഒരു അവതരണമായി സബ്സ്റ്റൻസിനെ മാറ്റുന്നുണ്ട്.
ഒരു ഫോക് തത്വചിന്തയുടെയോ ഫോക് ലോർ തന്നെയോ ആവുന്ന ഒരു കഥാപരിസരത്തെ പുതിയ സിനിമയുടെ ആഖ്യാനസാധ്യതകളാൽ നിർണയിച്ചെടുക്കുന്നുണ്ട് സബ്സ്റ്റൻസിലൂടെ സംവിധായിക കോറലി ഫാർഗി.