വിക്കർ മാൻ എന്ന ഹൊറർ സിനിമയിലെ ഒരു രംഗം

മനസ്സുകളെ
കീറിമുറിക്കുന്ന കഠാരയിൽ
രക്തത്തിനു പകരമെന്ത്?

കാശ് ​കൊടുത്ത് തിയേറ്ററിനുള്ളതിൽ പേടിച്ചിരിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്? അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്ന ഫോക് ഹൊറർ സിനിമകളുടെ ആഖ്യാനതന്ത്രങ്ങളെക്കുറിച്ച് എഴുതുന്നു, ജോയൽ തയ്യിൽ ബാബു.

“If you gaze long enough into an abyss, the abyss will gaze back into you’’.
- Friedrich Nietzsche

“Everyone is a moon, and has a dark side which he never shows to anybody’’.
- Mark Twain

ജീവിതത്തെ ഭയത്തോടുകൂടി നോക്കിക്കാണുന്ന ലോകം, കാശുമുടക്കി ഭയപ്പെടാൻ തയ്യാറാക്കുന്നത് സിനിമയിലൂടെയാണ്. കാഴ്ചാനുഭവം മനസ്സിനെയും തലച്ചോറിനേയും കടന്ന് മാംസത്തിലൂടെയും എല്ലുകളിലൂടെയും അരിച്ചിറങ്ങുന്ന അനുഭവത്തിനായിട്ടാണ് നമ്മൾ ആ ക്രിയയിൽ പങ്കാളികളാകുന്നത്. യാഥാർത്ഥ്യലോകത്ത് ഒരാളെ ഭയപ്പെടുത്താൻ അതിലുമെളുപ്പമാണ്. പിന്നിലൂടെ നിശ്ശബ്ദം കടന്നുവന്ന് 'ഠോ' എന്നുറക്കെ അലറിയാൽ പേടിക്കും.

എന്നാൽ, കുമിള പോലുള്ള ഭയം ക്ഷണനേരത്തിൽ പമ്പ കടക്കും. സിനിമ(കല)യിലൂടെയുള്ള ഭയം തലമുറകളോളം നമ്മെ ബാധിക്കും. ഇത്രമാത്രമാണ് വ്യത്യാസം. ഫെഡറിക് നീഷേ ജീവിതത്തെ കുറിക്കുന്നതിങ്ങനെയാണ്: ‘ജീവിതം മരണത്തിനുമുമ്പുള്ള വെപ്രാളം മാത്രം’. ഹൊറർ സിനിമകളിലേക്ക് ഈ വാക്കുകൾ പരിഭാഷപ്പെടുത്തിയാൽ "കാഴ്ചാന്ത്യം വരെയുള്ള വെപ്രാളമാണ് ഹൊറർ സിനിമകൾ". അതിനാലാകാം, ഹിച്ച്ക്കോക്ക് എന്ന ഭയത്തിന്റെ നാഥൻ തന്റെ സൈക്കോ (1960) എന്ന സൃഷ്ടിമേൽ തിയേറ്ററുടമകൾക്ക് മറ്റൊരു കല്പന പുറപ്പെടുവിച്ചത്: സിനിമ തുടങ്ങിയതിനുശേഷം ആരെയും തിയറ്ററിനുള്ളിലേക്ക് കടത്തിവിടരുത്, സിനിമ അവസാനിച്ചതിന് ഒരു മിനിറ്റു ശേഷം മാത്രമേ ലൈറ്റ് ഇരുട്ടുമുറിയിലേക്ക് പ്രവേശിക്കാവൂ. എല്ലുകളിലൂടെയുള്ള ഭയത്തിന്റെ സഞ്ചാരത്തിനാകും ഇങ്ങനെ തീരുമാനിച്ചത്.

ദ എക്സോർസിസ്റ്റ് (The Exorcist / William Friedkin / 1973) എന്ന സിനിമ പള്ളികളിൽ നിന്ന് അകന്നുനിന്ന ക്രിസ്ത്യൻ സമൂഹത്തെ തിരിച്ച് പള്ളിയിലേക്ക് മടങ്ങി​പ്പോകാനുതകുന്ന തരത്തിൽ സഹായിച്ചതും ഭയത്തിലൂടെയായിരുന്നു. ജൗസ് (1975) എന്ന സ്പിൽബർഗ്ഗ് സിനിമ ഇറങ്ങിയശേഷം കടലിൽ പോയി കുളിക്കാൻ ആളുകൾ ഭയന്നു. സൈക്കോയിലെ പ്രസിദ്ധമായ ഷവർ രംഗം ഒരുപാട് സ്ത്രീകളുടെ ഹോട്ടൽ മുറിയിലെ കുളി മുടക്കിയിട്ടുണ്ട് (സിനിമയിലഭിനയിച്ച നായികയുടെ ഉൾപ്പെടെ).

ലോകസിനിമയുടെ ചരിത്രം അന്വേഷിച്ചാൽ സമാനമായ നിരവധി കഥകൾ ഭയം എങ്ങനെ ദൃശ്യത്തിൽ നിന്ന് പുറത്തുചാടി നമുക്കൊപ്പം ജീവിക്കുന്നതെന്ന് കാണാൻ സാധിക്കും. വെറുപ്പായും, സ്നേഹമായും, അറപ്പായും അങ്ങനെ വെള്ളിത്തിരയിലെ ഭീതി യാഥാർത്ഥ്യത്തിലേക്കു കടക്കുമ്പോഴുണ്ടാകുന്ന മാറ്റങ്ങൾ വലുതാകുന്നു. ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ അറപ്പുളവാക്കുന്നതും ഭീതി ഉല്പാദിപ്പിക്കുന്നതുമായ സിനിമ നിർമ്മിച്ചിരിക്കുന്നത് ആസ്വാദ്യകരമായ അവസ്ഥയിലായിരുന്നു.

ദ എക്സോർസിസ്റ്റ് (The Exorcist / William Friedkin / 1973) എന്ന സിനിമ പള്ളികളിൽ നിന്ന് അകന്നുനിന്ന ക്രിസ്ത്യൻ സമൂഹത്തെ തിരിച്ച് പള്ളിയിലേക്ക് മടങ്ങി​പ്പോകാനുതകുന്ന തരത്തിൽ സഹായിച്ചതും ഭയത്തിലൂടെയായിരുന്നു.
ദ എക്സോർസിസ്റ്റ് (The Exorcist / William Friedkin / 1973) എന്ന സിനിമ പള്ളികളിൽ നിന്ന് അകന്നുനിന്ന ക്രിസ്ത്യൻ സമൂഹത്തെ തിരിച്ച് പള്ളിയിലേക്ക് മടങ്ങി​പ്പോകാനുതകുന്ന തരത്തിൽ സഹായിച്ചതും ഭയത്തിലൂടെയായിരുന്നു.

ഹൊറർ സിനിമകൾക്ക് തന്നെ നിരവധി സഹവിഭാഗങ്ങളുണ്ട്. സൈക്കോളജിക്കൽ ഹൊറർ, ഗോഥിക് ഹൊറർ, കോസ്മിക് ഹൊറർ, സ്ലാഷർ ഹൊറർ, ഡിസ്റ്റോപ്പിയൻ ഹൊറർ, ബോഡി ഹൊറർ, വാംബയർ ഹൊറർ. ഹൊറർ എന്ന സംജ്ഞാനാമത്തോടൊപ്പം മനസ്സിലേക്കു വരുന്ന രൂപം യക്ഷിയാണ്. കേരളക്കരക്കറിയാവുന്ന അടുപ്പമുള്ള ഭയം ഉല്പാദിപ്പിക്കുന്ന രൂപം കൂടിയാണ് യക്ഷി. യക്ഷിയെ നേരിട്ട് കണ്ട വ്യക്തികളെ അറിയില്ലെങ്കിലും മറ്റുള്ളവരുടെ വിവരണത്തിലൂടെ യക്ഷിയെ കണ്ടവരാണ് നമ്മൾ. എഴുത്തുകാരൻ അൻവർ അബ്ദുള്ള പ്രസ്താവിച്ചതുപോലെ മലയാളി ആദ്യമായി യക്ഷിയെ കാണുന്നത് ഭാർഗ്ഗവീനിലയം (1964) എന്ന സിനിമയിലൂടെയാണ്. ഭാർഗ്ഗവിക്കുട്ടിയുടെ വെള്ള സാരിയിൽ പിൻപറ്റി മലയാള സിനിമ സഞ്ചരിച്ചുകൊണ്ടേയിരുന്നു, ‘പൊട്ടിത്തകർന്ന കിനാവ് കൊണ്ടൊരു…’.
2025- ൽ മലയാളിക്ക് ആഘോഷിക്കാൻ കെട്ടിലും മട്ടിലും രൂപമാറ്റം സംഭവിച്ച ലോക: യിലെ ചന്ദ്ര (നീലി) എന്ന യക്ഷി അവതരിച്ചു.

ഇവയിൽ നിന്ന് മറ്റൊരുതരം ഹൊറർ വസിക്കുന്ന ശാഖയാണ് ഫോക്‌ ഹൊറർ എന്നത്. നാട്ടറിവും മിത്തും എല്ലാംചേർന്ന ജനസമൂഹത്തിന്റെ വിശ്വാസങ്ങളും കഥകളുമടങ്ങി ഇക്കാലത്തേക്ക് എത്തിച്ചേരുന്നത് നൂറ്റാണ്ടുകളുടെ യാത്രയിലൂടെയാണ്. ഫോക്‌ലോർ (folklore) എന്നത് നാവിന്റെ വിളയാട്ടാണെങ്കിൽ സിനിമയിലത് ദൃശ്യങ്ങളുടെ വിളയാട്ടായി മാറുന്നു. ഇതിലൂടെ കാഴ്ചക്കാർക്ക് ഭീതി / ഉൾക്കിടിലം എന്ന വികാരത്തെ ഉണർത്തുകയാണ് പ്രാഥമിക ലക്ഷ്യം. കാഴ്ചയുടെയും ശബ്ദത്തിന്റെയും അകമ്പടിയോടെ കഥാന്തരീക്ഷത്തിന്റെ കാലാവസ്ഥ സിനിമക്കുള്ളിലെ കഥാപാത്രങ്ങളിലേക്ക് സജ്ജീകരിക്കുന്ന മുറയ്ക്കുതന്നെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന മാനസികപീഡ നമ്മളിലേക്കും എത്തിക്കുകയാണ് സംവിധായകർ. കഥാപാത്രങ്ങളോടൊപ്പം ഭൂപ്രകൃതിക്കും പ്രാധാന്യമർപ്പിക്കുന്ന ജോണറാണ് ഫോക് ഹൊറർ. സിനിമയുടെ ആദ്യകാലങ്ങൾ മുതൽ ഫോക് ഹൊറർ സിനിമകൾ സംഭവിക്കുന്നുണ്ടെങ്കിലും 1960- കളുടെ തുടക്കം മുതലാണ് ഫോക് ഹൊറർ സിനിമകളിൽ ജോണറെ ഫിക്ഷനെന്ന തരത്തിലും ലക്ഷണമൊത്ത ഘടനയിലും സിനിമകൾ വരുന്നത് (അതിനു മുൻപ് വന്നിരുന്നെങ്കിലും പൂർണ്ണാർത്ഥത്തിലുള്ളവയായിരുന്നില്ല). 60' കളിലും 70' കളിലുമായി പൂർണ്ണരൂപം കൊടുത്ത പ്രധാന ഫോക് ഹൊറർ സിനിമകൾ ദി ബ്ലഡ് ഓൺ സാത്താൻ ക്ലോ (1971), വിച്ച്ഫൈൻഡർ ജനറൽ (1968), ദ വിക്കർമാൻ (1973).

പ്രണയം പോലെയാണ് ഭയവും. മനുഷ്യവർഗ്ഗത്തിനിഷ്ടപ്പെട്ടവയാണീ രണ്ടു വികാരങ്ങളും. പ്രണയം ഭയമായി മാറും, ചില നേരങ്ങളിൽ ഭയം പ്രണയമായും മാറുന്നു.

അന്തരീക്ഷം
കഥാപാത്രത്തിൻ്റെ
കുപ്പായമണിയുമ്പോൾ

ഫോക് ഹോറർ സിനിമകളുടെ കഥയിലുള്ളത് ആചാര - ആഭിചാര അനുഷ്ഠാനങ്ങൾ, ഒറ്റപ്പെടൽ, മൂഢഭക്തി, വിഗ്രഹാരാധന, ഇരുണ്ട കാലാവസ്ഥ (അന്തരീക്ഷം) ലൈംഗികത എന്നിവയാണ്. ഈ സിനിമകൾ ഉന്നം വെക്കുന്നത് വിശ്വാസങ്ങളെയും അതിലൂടെ മനുഷ്യൻ്റെ പ്രവർത്തനങ്ങളെയുമാണ്. മനുഷ്യൻ്റെ വിശ്വാസവും വിശ്വാസ സഫലീകരണത്തിനു വേണ്ടിയുള്ള യാത്രകളുമാണ് അടങ്ങിയിരിക്കുന്നത്. ഫോക് ഹോറർ സിനിമകളിൽ ഭയം കൂടുതലായും പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നത് ആഭിചാര- ആരാധന കർമ്മങ്ങളിലായിട്ടാണ്. ഒറ്റപ്പെടലിൻ്റെ മാനസിക സമ്മർദ്ദത്തിലകപ്പെട്ട അവസ്ഥയാണ് കഥാപാത്രങ്ങളുടെ ആന്തരിക സഞ്ചാരം. ഒരു പുതുലോകത്തേക്ക് കടന്നുവരുന്ന കഥാപാത്രങ്ങൾ ആ ലോകത്ത് വിഹരിക്കുകയും ഒടുവിൽ ആ ലോകത്തിലെ ഒരു വ്യക്തിയായി മാറുകയും ചെയ്യുന്നതിലൂടെ, ഫോക് ഹോറർ സിനിമകളിലെ ഉൾക്കിടിലം പ്രേക്ഷകരിലേക്കെത്തുന്നു. സിനിമ നടക്കുന്ന പശ്ചാത്തലം തികച്ചും വ്യത്യസ്തമാണ്; ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ, കുന്നുകളിൽ, ദ്വീപുകളിൽ, ഉൾനാടൻ വനപ്രദേശങ്ങളിൽ. കഥാപരിസരം കഥയോടും, സിനിമയുടെ കഥാഘടനയോടും എത്രമാത്രം ചേർന്നുനിൽക്കുന്നുവെന്നും ഭയമെന്ന വികാരം ഒരു പ്രദേശത്തിന് / സ്ഥലത്തിന് / കാലത്തിന് ജനിപ്പിക്കാൻ കഴിയുമോ എന്നും പരിശോധിക്കുകയാണ് മിഡ്‌സൊമ്മർ (2019), ദ വിക്കർ മാൻ (1973), തുംബാഡ് (2018), ചുരുളി (2021) എന്നീ സിനിമകളെ മുൻനിർത്തി. ഫോക് ഹോറർ സിനിമകളിലെ ഭൂപ്രദേശം, കഥാപാത്രങ്ങൾ, അന്തരീക്ഷം എന്നിവയ്ക്കൊരു ആമുഖം മാത്രമാണീ ലേഖനം.

ഭാർഗ്ഗവിക്കുട്ടിയുടെ വെള്ളസാരിയിൽ പിൻപറ്റി മലയാള സിനിമ സഞ്ചരിച്ചുകൊണ്ടേയിരുന്നു. 2025- ൽ മലയാളിക്ക് ആഘോഷിക്കാൻ കെട്ടിലും മട്ടിലും രൂപമാറ്റം സംഭവിച്ച ലോക: യിലെ ചന്ദ്ര (നീലി) എന്ന യക്ഷി അവതരിച്ചു.
ഭാർഗ്ഗവിക്കുട്ടിയുടെ വെള്ളസാരിയിൽ പിൻപറ്റി മലയാള സിനിമ സഞ്ചരിച്ചുകൊണ്ടേയിരുന്നു. 2025- ൽ മലയാളിക്ക് ആഘോഷിക്കാൻ കെട്ടിലും മട്ടിലും രൂപമാറ്റം സംഭവിച്ച ലോക: യിലെ ചന്ദ്ര (നീലി) എന്ന യക്ഷി അവതരിച്ചു.

നിലയില്ലാത്ത നിലയിലെ വഴുവഴുപ്പ്

മറ്റ് ഹൊറർ സിനിമകളിലെ കഥാപാത്രങ്ങളെപോലെ ആദ്യ രംഗത്തോ അല്ലെങ്കിൽ കഥാഗതിയുടെ മധ്യഭാഗത്തോ കടന്നുവന്ന് അമാനുഷികമായോ കടുത്ത ഇരുട്ടിലെ ഞെട്ടിപ്പിക്കുന്ന ദൃശ്യരൂപമായോ കഥാപാത്രങ്ങൾ മാറില്ല. ഫോക് ഹോററിലെ മനുഷ്യർ സാധാരണ മനുഷ്യരെ പോലെയാണ്. അവരും ശരിതെറ്റുകളും കുറ്റങ്ങളും കുറവുള്ളവരുമായ ജീവികൾ മാത്രമാണ്. അപരിചിത ലോകത്തേക്ക് കടന്നുവരുന്ന കഥാപാത്രങ്ങൾ സ്വാഭാവിക മനുഷ്യരാണ്. അരി ആസ്റ്റർ സംവിധാനം ചെയ്ത 'മിഡ്സൊമ്മർ' (Midsommar / Ari Aster / 2019) എന്ന സിനിമയിൽ, തകരുന്ന കുടുംബത്തിന്റെ അവസാന അവശേഷിപ്പായ ഡാനി ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ ദുരന്ത- മരണവാർത്തയറിഞ്ഞുകൊണ്ടാണ് കാണികളിലേക്ക് പ്രവേശിക്കുന്നത്. മാനസിക (ബൈപോളാർ) പ്രശ്നങ്ങളുള്ള ഡാനിയുടെ സഹോദരി മാതാപിതാക്കളെ അപരിചിതമായ രീതിയിൽ കൊല്ലുകയാണ്. ആ മാർഗത്തിലൂടെ അവളും ആത്മഹത്യ ചെയ്യുന്നു. കാമുകനായ ക്രിസ്റ്റ്യനും സുഹൃത്തുക്കളും സ്വീഡനിലെ ഒരു ഗ്രാമത്തിലേക്ക് 90 വർഷത്തിലൊരിക്കൽ സംഭവിക്കുന്ന മിഡ്‌സൊമ്മർ ആഘോഷത്തിലേക്ക് ഡാനിയെ ചേർക്കുന്നു. ഡാനി തന്റെ മാനസികനില തിരിച്ചുപിടിക്കാൻ നടത്തുന്ന യാത്രയാണ് സിനിമ.

ആകാശം പോലെ ഭൂമിയും സ്വീഡനിൽ തെളിഞ്ഞുനിൽക്കുകയാണ്. തന്റെ ജീവിതവ്യഥയിൽ നിന്ന് മോചനം തേടി സ്വീഡനിലെ ഉൾപ്രദേശത്തിലുള്ള മിഡ്‌സൊമ്മർ ആഘോഷത്തിന്റെ ഒൻപത് ദിവസങ്ങളിൽ പങ്കെടുക്കാനായി വരുന്ന ഡാനി വിഷാദരോഗത്തിലമർന്നുകഴിഞ്ഞിരുന്നു. മിഡ്‌സൊമ്മറിന്റെ ആദ്യദിവസം കാണുന്ന ആചാരം ഒരു വലിയ പാറക്കെട്ടിന്റെ മുകളിൽനിന്ന് താഴേക്കു ചാടി സ്വയം കുരുതികൊടുക്കുന്ന വൃദ്ധദമ്പതികളെയാണ്. ഡാനിയെ ഈ കാഴ്ച അസ്വസ്ഥമാക്കുന്നത് ചില്ലറയല്ല. അവളുടെ ചിന്തകളിൽ ആ ദമ്പതിമാരുടെ സ്ഥാനത്ത് തന്റെ മാതാപിതാക്കളെ ഞൊടിയിടയിൽ കണ്ടുപോകുന്നു. തന്റെ സുഹൃത്തുകൂടിയായ മിഡ്‌സൊമ്മറിനു ക്ഷണിച്ച പെൽ, അവർ സ്വയമേ മോക്ഷത്തിനായി ഈ വഴി തിരഞ്ഞെടുത്തതാണെന്നു പറഞ്ഞ് അവളെ ബോദ്ധ്യപ്പെടുത്തുന്നു. സിനിമയുടെ അന്ത്യത്തിലേക്കു വരുമ്പോൾ തന്റെ കാമുകനിൽനിന്നും ജീവിതത്തിന്റെ കയ്പ്പേറിയ യാഥാർത്ഥ്യത്തിൽ നിന്നുമുള്ള മോക്ഷമായി ഡാനിയുടെ 'അന്ത്യച്ചിരി’യെ വ്യാഖ്യാനിക്കാം.

ഫോക് ഹൊററിലെ കഥാപാത്രങ്ങൾക്ക് ഒരു പ്രത്യേകതയും സാദൃശ്യവുമുണ്ട്. അവർ ചെന്നെത്തുന്ന സ്ഥലം അപരിചിതമാണെങ്കിലും അവർ എന്തിനെയാണോ ഭയപ്പെടുന്നു, ഒടുവിൽ അവരതായി മാറുന്നു.

ഗ്രാമവാസികളുടെ മനസ്സുപോലെ തന്നെയാണ് മിഡ്സൊമ്മർ നടക്കുന്ന ഭൂപ്രദേശവും; ഒരേസമയം തെളിഞ്ഞതും ദുരൂഹമായതും. ചതുപ്പ് നിലം പോലെ ഡാനിയുടെ മനസ്സ് മാറിക്കഴിഞ്ഞു. നിലകിട്ടാത്ത അവളുടെ ഓരോ പ്രവൃത്തിയും തന്റെ സുഹൃത്തുക്കളുടെയടക്കം ജീവിതം മാറ്റിമറിക്കുന്നു. ആചാരത്തിന്റെ ഭാഗമായി "മെയ്‌ ക്വീൻ" നൃത്തമത്സരത്തിൽ സ്വീഡിഷ് ഭാഷയറിയാത്ത ഡാനി സ്വീഡിഷ് ഭാഷ സംസാരിക്കുന്നത് അബോധാവസ്ഥയിലെ അവളുടെ അടങ്ങാത്ത ആഗ്രഹലബ്ദിയാകാം (അതെന്തിനോടുമാകാം-ജീവിതത്തോടോ, ഇപ്പോൾ നിൽക്കുന്ന നിലത്തോടോ, സ്വാതന്ത്ര്യത്തോടോ?). മനസ്സിന്റെ താളംതെറ്റലോ താളരൂപീകരണമോ ആകാം, ഭാഷ അവൾ പഠിച്ചെടുക്കുന്നതിലൂടെ മനസ്സിലാക്കേണ്ടത്.

വിനോയ് തോമസിന്റെ 'കളിഗമനാറിലെ കുറ്റവാളികൾ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’. മിഡ്സൊമ്മർ പോലെ മറ്റൊരു ദേശത്തിലെത്തുകയാണ് കേന്ദ്ര കഥാപാത്രങ്ങളായ ഷാജീവനും ആന്റണിയും എന്ന രണ്ടു പോലീസുകാർ. മയിലാടുംപറമ്പിൽ ജോയിയെ തേടിയവർ ചുരുളിയെന്ന ഗ്രാമത്തിലേക്ക് വരുന്നതിനു മുൻപ് സിനിമ ആരംഭിക്കുന്നത് തിരുമേനിയുടെയും മാടന്റെയും മിത്തിലൂടെയാണ്. മിത്തിന്റെ അടിസ്ഥാനത്തിലാണ് സിനിമയുടെ മുഴുവൻ കഥാഗതിയുമടങ്ങിയിരിക്കുന്നത്. തിരുമേനി അന്വേഷിക്കുന്ന മാടനാണ് തന്റെ തലയിൽ താൻ തന്നെയെടുത്തുവച്ചിരിക്കുന്ന ഈനാംപേച്ചി. ചുരുളി ഈനാംപേച്ചിയെപ്പോലെ സർപ്പിളമായി കിടക്കുന്ന ഗ്രാമമാണ്. പ്രവേശിച്ചാൽ മടക്കമില്ലാത്ത രാവണൻകോട്ടപോലുള്ള ഗ്രാമത്തിലേക്ക് ഷാജീവനും ആന്റണിയും കേസന്വേഷണത്തിന്റെ ഭാഗമായി വരുന്നതാണ്. കുറ്റവാളികൾ വസിക്കുന്ന ഗ്രാമത്തിൽ ഇരുവരും കുറ്റവാളികളെപോലെതന്നെ പെരുമാറി. വേർപെടുത്താൻ സാധിക്കാത്തതരം ചുരുളിക്കാരായി ഇരുവരും അടിമുടിമാറി.

വിനോയ് തോമസിന്റെ 'കളിഗമനാറിലെ കുറ്റവാളികൾ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’. മിഡ്സൊമ്മർ പോലെ മറ്റൊരു ദേശത്തിലെത്തുകയാണ് കേന്ദ്ര കഥാപാത്രങ്ങളായ ഷാജീവനും ആന്റണിയും എന്ന രണ്ടു പോലീസുകാർ.
വിനോയ് തോമസിന്റെ 'കളിഗമനാറിലെ കുറ്റവാളികൾ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’. മിഡ്സൊമ്മർ പോലെ മറ്റൊരു ദേശത്തിലെത്തുകയാണ് കേന്ദ്ര കഥാപാത്രങ്ങളായ ഷാജീവനും ആന്റണിയും എന്ന രണ്ടു പോലീസുകാർ.

മയിലാടുംപറമ്പിൽ ജോയ് ചെയ്യുന്ന കുറ്റകൃത്യം ചെറിയ പയ്യനെ തന്റെ ലൈംഗിക ഇംഗിതത്തിന് ഉപയോഗിക്കുകയും കാട്ടിൽ കയറി മ്ലാവിനെ വെടിവെച്ച് പിടിക്കുകയും ചെയ്തതാണ്. കുറ്റവാളികൾ മാത്രം താമസിക്കുന്ന ഗ്രാമത്തിൽ എന്തും പറയാനും എന്തും ചെയ്യാനും സ്വാതന്ത്ര്യമുള്ള സ്ഥലത്തേക്ക് പോലീസുകാർ വരുകയും അവരുടെ സദാചാരബോധത്തിന് വെല്ലുവിളി സംഭവിക്കുന്നുമുണ്ട്. ചിത്രം പരിണമിക്കവേ സ്റ്റേറ്റിന്റെ അതോറിറ്റിയിൽ വരുന്ന വ്യക്തികൾ (system) ചുരുളിക്കാരായി മാറുന്നു. മയിലാടുംപറമ്പിൽ ജോയ് പോലീസുകാരോട് പറയുന്നത് 'മനസിലെങ്കിലും കൊല്ലാത്തവരും ബലാത്സംഗം ചെയ്യാത്തവരും ആരുണ്ട്' എന്നുമാണ്. ഷാജീവൻ ഈ പ്രവർത്തി നേരത്തെ പ്രായോഗികമാക്കി കഴിഞ്ഞിരുന്നു, ജോയിയെപ്പോലെ. പാലം കടന്നെത്തുന്നത് അന്യഗ്രഹജീവികൾ വരെ വസിക്കുന്ന (നിയന്ത്രിക്കുന്ന) ഇടത്തേക്കാണ്. ചുരുളിയിലെ നന്മ-തിന്മ, നീതി- അനീതി, ശരി- തെറ്റ് എല്ലാം മറ്റൊന്നാണ്. ഈ ലോകത്തിരുന്ന് നമുക്കിതിനെ ചോദ്യം ചെയ്യാൻ യുക്തിപരമായി അവകാശമില്ല. ആന്റണി ഷാപ്പുടമസ്ഥനായ കറിയാച്ചനോട് ചോദിക്കുന്നുണ്ട്, 'ഷാപ്പ് പള്ളിയായതാണോ പള്ളി ഷാപ്പായതാണോ' എന്ന്. തങ്ങളുടെ ഇഷ്ടാനുസരണം ഷാപ്പും പള്ളിയും മാറ്റിപ്പണിയാനും അവരുടെ നിർമ്മലബോധത്തിന് യഥേഷ്ടം സാധിക്കും. ചുരുളിയിലേക്കുള്ള ജീപ്പ് യാത്ര ഒറ്റപ്പെടലിന്റെ ആഴത്തിലുള്ളതെന്ന് ദൃശ്യമാകുന്നു. പാലം കടന്ന് ജീപ്പിന്റെ പിൻഭാഗത്തിരിക്കുമ്പോൾ നീളത്തിലുള്ള തെറി കേട്ട് ആന്റണി ഷാജീവനെ ‘ഇത് കരവേറെയാണ്’ എന്ന് ഓർമ്മപ്പെടുത്തുന്നു.

വസ്ത്രം ഇല്ലാതെയാകുമ്പോൾ ശരീരം നഗ്നതയണിയുന്നു. ചിന്തകളുടെ കെട്ടുപാടുകളിൽ നിന്ന് മറ്റൊന്നിനെ ആവാഹിക്കുമ്പോൾ മനസ്സും നഗ്നതയണിയുന്നു. ഫോക് ഹൊറർ സിനിമകളിൽ ലൈംഗികത സുഖലോലുപതയ്ക്കായി ചെയ്യുന്ന വെറുമൊരു ക്രീഡയല്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്.

റോബിന്‍ ഹാർഡി സംവിധാനം ചെയ്ത ഡേവിഡ് വിന്നറിന്റെ ദ വിക്കർ മാൻ 1967-ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് ഫോക്ക് ഹൊറർ നോവലായ റിച്വലിന്റെ അനുവർത്തനമായിരുന്നു. ദി വിക്കർ മാൻ എന്ന സിനിമയിലെ പോലീസുകാരനും ചുരുളിലെ പോലീസുകാരും കേസന്വേഷണമായിട്ടാണ് വരുന്നത്. സദാചാര ബോധത്തിന്റെയും ക്രിസ്തുമത വിശ്വാസത്തെയും മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതിക ബോധത്തിന്റെ അടിമത്വത്തിൽ നിൽക്കുമ്പോൾ തന്റെ മുന്നിലെ പേഗനിസം അയാൾക്ക് ആശ്ചര്യത്തിൽ തുടങ്ങി ചോദ്യചിഹ്നത്തിൽ അവസാനിക്കുകയാണ്. ഹാർഡിയുടെ വിക്കർമാനിൽ നീൽ ഹൊവ് എന്ന സർജന്റ് സ്കോട്ടിഷ് ദ്വീപായ സമ്മർസ്ലേയിലിൽ വരുന്നത് ഒരു പെൺകുട്ടിയുടെ തിരോധാനം അന്വേഷിക്കുന്നതിനായാണ്. ക്രിസ്തുമത വിശ്വാസിയായ നീൽ ഹൊവിന്റെ സദാചാര സങ്കല്പത്തിന്റെ തകർച്ചയായിരുന്നു ദ്വീപിൽ കാണേണ്ടിവരുന്നത്. ആൾക്കൂട്ടരതി (Orgy), അമിത മദ്യപാനം, പേഗൻ സംസ്കാരം, തന്റെ ലോകത്തിൽ നിന്ന് വിഭിന്നമായ ആചാരക്രമങ്ങൾ മുതലായവയെക്കുറിച്ചുള്ള അന്വേഷണത്തിന്, ചുരുളിയിലെ പോലീസുകാരെപോലെ, ഹൊവിനും പലതരം പ്രാകൃത വിവരങ്ങളാണ് ലഭിക്കുന്നത്. കാണാതായ കുട്ടിയുടെ ക്ലാസ്സിൽ കയറുമ്പോൾ അവളുടെ ബെഞ്ചിനകത്ത് ഒരു ക്ഷൂദ്രജീവിയെ നൂലിൽ ഒരാണിയിൽ കെട്ടിയിരിക്കുകയാണ്. ആണിക്ക് ചുറ്റുമായി നടക്കുന്ന ജീവി അറിയുന്നില്ല, നടക്കുന്നിടത്തേക്ക് തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന്. സർജന്റ് ഹൊവിയുടെ ജീവിതമാണ് ആണിയിൽ വട്ടം കറങ്ങുന്ന ജീവിയുടെതെന്ന് ഓർമ്മിപ്പിക്കുന്നു.

ഹൊവ് ദ്വീപിലെത്തുന്നതോടെ ആന്തരിക ബുദ്ധിമുട്ട് കാഴ്ചക്കാർക്കും ഭീതിയുണർത്തുന്ന തലത്തിലാകുന്നു. ഭാവിയിലെ വിളവെടുപ്പിനുവേണ്ടി മനുഷ്യനെയും മൃഗങ്ങളെയും ബലി കൊടുക്കുന്നതെല്ലാം ഒരു ഗ്രാമത്തിന്റെ സമ്മതത്തോടെയാണെന്ന് അറിയുന്ന ഹൊവിന് തന്റെ വിശ്വാസത്തിന്റെ അത്താണിയിലേക്ക് ചാരേണ്ടിവരുന്നു.

രാഹി അനിൽ ബാർവേ സംവിധാനം ചെയ്ത് 2018- ൽ പുറത്തിറങ്ങിയ ചിത്രമാണ് തുംബാഡ് (Tumbbad / Rahi Anil Barve and Anand Gandhi / 2018). മനുഷ്യന്റെ അത്യാർത്തി അവരെത്തന്നെ വിഴുങ്ങുന്ന അവസ്ഥയിലേക്കാണ് ചിത്രത്തിന്റെ സഞ്ചാരം. തുംബാഡ് എന്ന മഹാരാഷ്ട്രയിലെ ഉൾനാടൻ പ്രദേശത്താണ് കഥ നടക്കുന്നത്. ഒറ്റപ്പെട്ട ഒരു മനയും കുന്നിൻമുകളിലെ ഒരു വീടുമാണ് തുംബാഡിൽ പ്രധാനമായും ദൃശ്യമാകുന്നത്. നായകൻ വിനായക് റാവു മകനോട് ഹസ്തറിന്റെ കഥ പറയുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത് . സമൃദ്ധിയുടെ ദേവത, അവൾ അനന്തമായ സ്വർണത്തിന്റെയും ധാന്യത്തിന്റെയും പ്രതീകവും 160 കോടി ദേവാദിദേവതകളുടെ അമ്മയും ആയിരുന്നു. ദേവിയുടെ ആദ്യ മകനായ ഹസ്തർ എല്ലാ സ്വർണവും സ്വന്തമാക്കിക്കഴിഞ്ഞ് ധാന്യം സ്വന്തമാക്കാൻ ശ്രമിക്കുമ്പോൾ മറ്റു ദേവാദിദേവന്മാർ അവനെ നശിപ്പിക്കവേ, മൂത്ത പുത്രനോടുള്ള ദേവിയുടെ സ്നേഹം ഹസ്തറിനെ രക്ഷിച്ചു. ദേവിയുടെ ഗർഭപാത്രത്തിനുള്ളിൽ രക്ഷ നേടി ഹസ്തർ നിദ്ര പ്രാപിച്ചു. പക്ഷേ ഒരു വ്യവസ്ഥയോടെ അവനെ ലോകം മറക്കണമെന്ന് ദേവി അരുളപ്പാട് ചെയ്തു. എന്നാൽ വിനായക് റാവുവിന്റെ മുൻതലമുറക്കാർ ഹസ്തറിനെ ആരാധിക്കുകയും അമ്പലം പണിതുയർത്തുകയും അതിനെ തുടർന്ന് ദേവന്മാർ ആ ഗ്രാമത്തെ ശപിക്കുകയും തുംബാഡിനു മുകളിൽ മഴ തോരാതെ വീഴുകയും ചെയ്തു. ഹസ്തറിന് കിട്ടിയ ശാപം വിനായക റാവു വരമാക്കിയെടുക്കാൻ ശ്രമിക്കുകയാണ്.

രാഹി അനിൽ ബാർവേ സംവിധാനം ചെയ്ത് 2018- ൽ പുറത്തിറങ്ങിയ ചിത്രമാണ് തുംബാഡ് (Tumbbad / Rahi Anil Barve and Anand Gandhi / 2018). മനുഷ്യന്റെ  അത്യാർത്തി അവരെത്തന്നെ വിഴുങ്ങുന്ന അവസ്ഥയിലേക്കാണ് ചിത്രത്തിന്റെ സഞ്ചാരം.
രാഹി അനിൽ ബാർവേ സംവിധാനം ചെയ്ത് 2018- ൽ പുറത്തിറങ്ങിയ ചിത്രമാണ് തുംബാഡ് (Tumbbad / Rahi Anil Barve and Anand Gandhi / 2018). മനുഷ്യന്റെ അത്യാർത്തി അവരെത്തന്നെ വിഴുങ്ങുന്ന അവസ്ഥയിലേക്കാണ് ചിത്രത്തിന്റെ സഞ്ചാരം.

1918- ലാണ് സിനിമ ആരംഭിക്കുന്നത്. സർക്കാർ എന്ന കിഴവന്റെ വെപ്പാട്ടിയാണ് വിനായക് റാവുവിന്റെയും സദാശിവത്തിന്റെയും അമ്മ. സർക്കാർ തന്റെ മനയിലെ ദുരൂഹമായ നിധിയുടെ ഒരു ഭാഗം അവൾക്കും കുട്ടികൾക്കും തരുമെന്ന ഉടമ്പടിയിലാണ് പല കൃത്യങ്ങളും നിർവഹിക്കുന്നത്. തങ്ങളുടെ വീട്ടിൽ സഹോദരനും അമ്മയ്ക്കും ഒപ്പം ഇരുട്ടുമുറിയിൽ വികൃതരൂപിണിയായി, അറപ്പുളവാക്കുന്ന നൂറ്റാണ്ടിന്റെ പഴക്കമുള്ള ഒരു സ്ത്രീയെ കാണാം. അവളെ ഊട്ടുന്നതും പരിപാലിക്കുന്നതും വിനായക റാവുവിന്റെ അമ്മയാണ്. സർക്കാരിന്റെ മരണവും സഹോദരന്റെ മരണവും സംഭവിച്ചപ്പോൾ തുംബാഡെന്ന ശപിക്കപ്പെട്ട ഗ്രാമത്തിൽ നിന്ന് പൂനയിലേക്കവർ പോകുന്നു. ‘നീ നിന്റെ അച്ഛനെ പോലെയാണ്, അതിനാൽ ഇനിയൊരിക്കലും ശപിക്കപ്പെട്ട തുംബാഡിലേക്ക് വരരുത്’ എന്ന് അവനെക്കൊണ്ട് അമ്മ സത്യം ചെയ്യിപ്പിച്ചു.

ആർത്തിയടങ്ങാത്ത വിശപ്പണിഞ്ഞ വിനായക് റാവു തുംബാഡിന്റെ മണ്ണിലേക്ക് ഒത്ത പുരുഷനായി 15 വർഷങ്ങൾക്കുശേഷം കടന്നുവരുന്നു. ശരീരത്തോളം മനസ്സിലെ ആർത്തിയുടെ രൂപവും വലുതായി. തന്റെ വീട്ടിലേക്ക് വിനായക് റാവു എത്തുമ്പോൾ ശപിക്കപ്പെട്ട ജന്മത്തിന്റെ അവശേഷിപ്പായി തുടരുന്ന മുത്തശ്ശിയുടെ നിലയ്ക്കാത്ത ഹൃദയമാണ് കാണുന്നത്. മനക്കുള്ളിലെ നിധിയെക്കുറിച്ച് മുത്തശ്ശിയോട് ചോദിക്കുന്നു. മരണത്തിനായി ദാഹിക്കുന്ന മുത്തശ്ശിയുടെ ശരീരത്തിൽ പോയ വർഷങ്ങളിൽ വലിയ വൃക്ഷം വളർന്നു. ‘കുടുംബസ്വത്താണെന്ന് കരുതി നിധി അനുഭവിക്കാൻ പോയാൽ നിനക്കും എന്റെ ഗതി വരു’മെന്ന് അവർ അവനെ പറഞ്ഞു വിലക്കുന്നുണ്ട്. "ഞാൻ അനുഭവിച്ചില്ലെങ്കിൽ വേറെ ആരെങ്കിലും അത് അനുഭവിക്കും" എന്ന് വിനായക് റാവു മറുപടി പറഞ്ഞപ്പോൾ, ‘അത്യാർത്തി പിടിച്ച മൈരൻ’ എന്ന് മുത്തശ്ശി പറയുന്നതിലൂടെ, കഥാപാത്രത്തിന്റെ എല്ലാ തരത്തിലുമുള്ള സ്വഭാവം വ്യക്തമാക്കുന്നതായിരുന്നു നായകന്റെ മറുപടി: "എന്റെ ഒരേയൊരു ഗുണമതാണ്". ശപിക്കപ്പെട്ട മുത്തശ്ശിയെ നായകൻ മുക്തിക്കായി സഹായിക്കുന്നു. ശേഷം മനയിലേക്ക് ഇറങ്ങുന്നു.

ഫോക് ഹൊററിലെ കഥാപാത്രങ്ങൾക്ക് ഒരു പ്രത്യേകതയും സാദൃശ്യവുമുണ്ട്. അവർ ചെന്നെത്തുന്ന സ്ഥലം അപരിചിതമാണെങ്കിലും അവർ എന്തിനെയാണോ ഭയപ്പെടുന്നു, ഒടുവിൽ അവരതായി മാറുന്നു- ഈ പരിവർത്തനമാണ് ഇത്തരം സിനിമകളുടെ അന്തഃസ്സാരം. കഥാപാത്രങ്ങളുടെ മാനസികവ്യഥ (പീഢ), അടങ്ങാത്ത ആഗ്രഹങ്ങളും അവരെ കുറ്റകൃത്യങ്ങളുടെയും മനുഷ്യത്വരഹിതമായ ചെയ്തികളുടെയും അങ്ങേ തലയിലേക്ക് തടസ്സങ്ങളേതുമില്ലാതെ കാറ്റുപോലെ കൊണ്ടെത്തിക്കുന്നു, രണ്ടാമതൊരവസരമില്ലാതെ.

ശരീരത്തിന്റെയും മനസ്സിന്റെയും നഗ്നത

വസ്ത്രം ഇല്ലാതെയാകുമ്പോൾ ശരീരം നഗ്നതയണിയുന്നു. ചിന്തകളുടെ കെട്ടുപാടുകളിൽ നിന്ന് മറ്റൊന്നിനെ ആവാഹിക്കുമ്പോൾ മനസ്സും നഗ്നതയണിയുന്നു. ഫോക് ഹൊറർ സിനിമകളിൽ ലൈംഗികത സുഖലോലുപതയ്ക്കായി ചെയ്യുന്ന വെറുമൊരു ക്രീഡയല്ല. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണ്. ശരീരങ്ങൾ തമ്മിലുള്ള ഇണചേരലിനു മുമ്പായി മാനസികമായി ഒരുങ്ങുന്ന പ്രക്രിയയാണ് പ്രധാനം. ചുരുളിയിലെ പെങ്ങൾ തങ്ക ആന്റണിയുമായി ബന്ധപ്പെടുന്നതിനു മുൻപ് അവരുടെ ആവാസസ്ഥലത്ത്, ഔഷധക്കൂട്ടുകളടങ്ങിയ മുറിയിൽ മന്ത്രച്ചരടുകളും ആവാഹനക്രിയകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പല കെട്ടുകളും കാണാം. രതിക്കുള്ള തയ്യാറെടുപ്പുപോലെ ആ സ്ത്രീ മന്ത്രമുരുവിടുന്നു, എണ്ണയിൽ മുഴുകിനിന്ന ആന്റണിയുടെ മുന്നിൽ.

അരി ആസ്റ്ററിൻ്റെ മിഡ്‌സൊമ്മറിൽ ഭയാനകമായ ഘടകങ്ങൾ ഇഴചേർന്ന് അസ്വസ്ഥത സൃഷ്ടിക്കുന്നത് ജനനം- പുനർജനനം (birth- rebirth) എന്ന വ്യവസ്ഥിതിയിലാണ്. ഫോക് ഹൊറർ സിനിമകളിലെല്ലാം ഇത്തരം ജനനം- മരണം- പുനർജനനമുണ്ടാകും. ഡാനിയുടെ കാമുകൻ ക്രിസ്റ്റിനെ മിഡ്‌സൊമ്മറിലെ പെൺകൊടിയായ മായയിൽ നിന്ന് സങ്കരയിനത്തിലുള്ള അടുത്ത പൈതലിനെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ക്രിസ്റ്റിന്റെ നാവിനും പ്രവർത്തികൾക്കും അദൃശ്യമായ കൂച്ചുവിലങ്ങിട്ടുകൊണ്ടാണ്. പ്രധാന ആചാരമായ രതിസംഗമസ്ഥലത്ത് നിരവധി സ്ത്രീകൾ (പല പ്രായക്കാരികൾ) നഗ്നരായി നിന്നാണ് ക്രിസ്റ്റിനെ വരവേൽക്കുന്നത്. നഗ്നരായ സ്ത്രീകളുടെ നടുവിൽ മായ ഇരുകാലുകളും അവനു മുൻപിൽ വിടർത്തുമ്പോൾ രതികേളിയുടെ സുഖത്തിൽ നിന്നുവരുന്ന ശബ്ദമർമ്മരങ്ങളല്ല, അനുഷ്ഠാനത്തിന്റെ മറ്റൊരു ഘട്ടമാണെന്ന് മനസ്സിലാക്കാം. അതിനാലാണ് കൂടിനിൽക്കുന്ന സ്ത്രീകളും ഈ ലൈംഗികപ്രക്രിയാവേളയിൽ അവനെ സഹായിക്കുന്നത്.

ചുരുളിയിൽ ചുംബനരംഗങ്ങളില്ല, ആർത്തിപിടിച്ച കാമനകൾ ദൃശ്യതലത്തിൽ പ്രദർശിപ്പിക്കുന്നില്ല, പക്ഷേ അധികാരത്തിന്റെയും വന്യതയുടെയും പുരുഷന്റെയുള്ളിലെ വേട്ടക്കാരന്റെ മനോഭാവത്തെയും കഥാപാത്രങ്ങളിലൂടെ ലിജോ സ്പഷ്ടമാക്കുന്നുണ്ട്.

അമ്പരപ്പിക്കുന്ന കൾച്ചറൽ ഷോക്ക് അഥവാ ഒരു പ്രതി- സംസ്കാരം (counter culture) ഹെവുവിൽ രൂപപ്പെടുന്നത് വിക്കർമാനിലെ ദ്വീപിലെത്തുമ്പോളാണ്. സ്വകോട്ടിഷ് ദ്വീപിലെത്തി താമസിക്കാനായി സത്രത്തിലേക്ക് കയറുമ്പോൾ സ്ത്രീ -പുരുഷ ജനങ്ങൾ രസത്തിൽ തെറിപ്പാട്ടുകളുമായി ഈണത്തിൽ നൃത്തം ചെയ്യുന്നത് ലോകത്തിനു ചേരുന്നതായി സർജന്റ് ഹൊവിനു തോന്നിയില്ല. പാശ്ചാത്യ സദാചാര മാനദണ്ഡത്തിൽനിന്ന് വളരെയകലെയുള്ള ഗ്രാമത്തിലെ ജീവിതങ്ങളിൽ ക്രിസ്ത്യാനിയുടെ പാപബോധത്തിനുനേരെ കല്ലെറിയുന്ന പോലെയായിരുന്നു അയാൾ രാപ്പകലുകളിലായി അവിടെ ദർശിച്ചത്. സത്രത്തിനു മുന്നിലുള്ള കൂട്ടരതിക്കൂത്ത് സാധാരണ മട്ടിൽ നടക്കുന്നത് അയാളുടെ ശരീരത്തിനെയും മനസ്സിനെയും ആ ഭൂമിയിൽനിന്ന് അപരിചിതനാക്കി. തനിക്ക് നിലയില്ലാത്ത മണ്ണാണെന്ന ബോധ്യം അയാൾക്കു വന്നെങ്കിലും താനേറ്റെടുത്ത ജോലി പൂർത്തീകരിക്കാനായി അയാൾ ശ്രമിച്ചുകൊണ്ടേയിരുന്നു. അഗ്നി വലയം ചെയ്ത സ്ത്രീകൾ നഗ്നരായി നൃത്തം ചെയ്യുന്നതെന്തിനെന്ന് സർജന്റ് ഹൊവ് മെയറിനോട് ചോദിക്കുന്നുണ്ട്. തീയിന്റെ മുകളിലൂടെ ചാടുന്നതും നൃത്തം ചെയ്യുന്നതും അഗ്നിദേവനെ പ്രീതിപ്പെടുത്തുന്നതും ലൈംഗികബന്ധമില്ലാതെ പ്രത്യുൽപാദനം നടക്കാനാണ്. ഇതെല്ലാം വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഹൊവ് പറയുമ്പോൾ ഉത്തരം കൊടുക്കുന്നത് കന്യാമറിയത്തെ ഉദാഹരിച്ചുകൊണ്ടാണ്. ആശാരിയെ അല്ല, ദൈവപുത്രനെയാണ് വേണ്ടതെന്ന് മെയർ പറയുന്നു.

മിഡ്‌സൊമ്മറിൽ ലൈംഗിക പ്രവർത്തനങ്ങൾ ആചാരഭാഗമായി കടന്നുവരുമ്പോൾ അതിനടുത്ത ഘട്ടം അപകടത്തിലേക്കോ ശിക്ഷയിലേക്കോ നയിക്കുന്നതെങ്കിലും, അതുമൊരു സ്വാഭാവിക പ്രവർത്തനമാണ്. വിക്കർമാനിലെ നഗ്നതയും രതിയും നായകന് തന്റെ ജീവിതത്തിലേക്കും മൂല്യബോധത്തിലേക്കുള്ള, എതിർ ദിശയിലേക്കുള്ള സൈൻബോർഡായും മാറുന്നു. ലൈംഗികത കൃത്രിമത്വം നിറഞ്ഞതും നിയന്ത്രണ വിധേയമായും അവരുടെ ഗ്രാമങ്ങളിൽ കാണിക്കുന്നു (സ്വാഭാവിക പ്രക്രിയയല്ല, മറിച്ച് നിർമ്മിക്കപ്പെടുന്ന തലത്തിൽ അനിയന്ത്രിത രതിയും നിയന്ത്രിതമായ രതി മാത്രമാണ്). രതി ആചാരങ്ങൾക്കായി അവിടെ നിർമ്മിച്ചെടുക്കുന്നു. ഹൊവിക്കു പല വേളകളിലും രതിക്ഷണം ലഭിക്കുമ്പോഴും അയാൾ തന്റെ ഉറച്ച മതബോധത്തെ പിടിച്ചുനിർത്തി ഒഴിവാക്കുന്നു. എന്നാൽ ദ്വീപിലുള്ളവർക്ക് ഹൊവിനെപോലെയൊരു ക്രിസ്ത്യാനിയെ ആയിരുന്നു അവരുടെ വിശുദ്ധ ബലിക്കായി ആവശ്യം.

ചുരുളിയിലും തുംബാഡിലും ലൈംഗികത പ്രകടമായി സംഭവിക്കുന്നില്ല. ഈ സിനിമകളിൽ ലൈംഗികചോദനകൾ ആചാരത്തിന്റെയല്ല, മറിച്ച് വ്യക്തിയധിഷ്ഠിതമായും വ്യവസ്ഥാടിസ്ഥാനപരവുമായാണ്. തുംബാഡിൽ സമ്പത്തിനോടുള്ള അത്ര ആർത്തി വിനായക് റാവുവിന് ഒന്നിനോടുമില്ല. അധികാരത്തിന്റെ അടയാളമായ സ്ത്രീശരീരത്തെ കീഴ്പ്പെടുത്തൽ ഇവിടെയും കാണാം. വിനായക് റാവുവിന്റെ മകൻ അച്ഛന്റെ വെപ്പാട്ടിയ്ക്ക് ഹസ്തറിന്റെ കയ്യിൽ നിന്ന് കരസ്ഥമാക്കിയ ആദ്യ സ്വർണനാണയം കൊടുത്ത്, തന്റെ ഭാര്യയാകുമോ ഭാവിയിൽ എന്ന് കൗമാരപ്രായമെത്താൻ തുടിക്കുന്നവന്റെ ശരീരത്തോടെ ചോദിക്കുന്നുണ്ട്. അച്ഛന്റെ കാലശേഷം സമൃദ്ധമായ ഈ സമ്പത്തിന്റെ ഉടയോൻ താനാണെന്നും അവളെ ഓർമ്മപ്പെടുത്തുന്നു. ആചാരാനുഷ്ഠാനത്തിൽ കവിഞ്ഞിതൊരു അധികാര കീഴ് വഴക്കമായി മാറി. സർക്കാരിന്റെ വെപ്പാട്ടി, വിനായക് റാവുവിന്റെ വെപ്പാട്ടി, ഭാവിയിലേക്കൊരു വെപ്പാട്ടി.

ഡാനിയുടെ കാമുകൻ ക്രിസ്റ്റിനെ മിഡ്‌സൊമ്മറിലെ പെൺകൊടിയായ മായയിൽ നിന്ന് സങ്കരയിനത്തിലുള്ള അടുത്ത പൈതലിനെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ക്രിസ്റ്റിന്റെ നാവിനും പ്രവർത്തികൾക്കും അദൃശ്യമായ കൂച്ചുവിലങ്ങിട്ടുകൊണ്ടാണ്.
ഡാനിയുടെ കാമുകൻ ക്രിസ്റ്റിനെ മിഡ്‌സൊമ്മറിലെ പെൺകൊടിയായ മായയിൽ നിന്ന് സങ്കരയിനത്തിലുള്ള അടുത്ത പൈതലിനെ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ക്രിസ്റ്റിന്റെ നാവിനും പ്രവർത്തികൾക്കും അദൃശ്യമായ കൂച്ചുവിലങ്ങിട്ടുകൊണ്ടാണ്.

ചുരുളിയിൽ ചുംബനരംഗങ്ങളില്ല, ആർത്തിപിടിച്ച കാമനകൾ ദൃശ്യതലത്തിൽ പ്രദർശിപ്പിക്കുന്നില്ല, പക്ഷേ അധികാരത്തിന്റെയും വന്യതയുടെയും പുരുഷന്റെയുള്ളിലെ വേട്ടക്കാരന്റെ മനോഭാവത്തെയും കഥാപാത്രങ്ങളിലൂടെ ലിജോ സ്പഷ്ടമാക്കുന്നുണ്ട്. വെടിയിറച്ചിക്കായി വേട്ടക്കിറങ്ങുമ്പോൾ 'വെടിയിറച്ചിയും വളച്ചെടുത്ത പെണ്ണുമുണ്ടെങ്കിലേ ഒരുത്തനാണായി എന്ന് പറയാൻ പറ്റത്തൊള്ളൂ' എന്ന് ആന്റണി പറയുന്നതിലൂടെ പുരുഷലോകത്തിന്റെ കൊതി ഇറക്കിവയ്ക്കുകയാണ്. മൃഗത്തെ കീഴ്പ്പെടുത്തുന്ന സുഖം അവൻ സ്ത്രീയെ കീഴ്പ്പെടുത്തുന്നതിലും അനുഭവിക്കുന്നു. പുറംദേശക്കാരായിവന്ന് ചുരുളിയിലെ വശ്യതയാർന്ന കാട്ടിൽ വേട്ടയ്ക്കിറങ്ങി നടുവെട്ടിക്കിടക്കുന്ന ആന്റണിയെ പെങ്ങള് തങ്കയുടെ അടുത്തേക്ക് രോഗമുക്തിക്കായി കൊണ്ടുചെല്ലുന്നു. അധികാരത്തിന്റെ കുപ്പായമിട്ടവരെല്ലാം സർപ്പിളമായ ഈ രാവണൻകോട്ടയെന്ന ചുരുളിയിൽ കയറവേ കുറ്റവാളിയായും സ്വാതന്ത്ര്യത്തിന്റെ ക്രൗര്യമുഖത്തോടെയും പെങ്ങള് തങ്കയിലൂടെയും മാത്രമേ ഒരു കടന്നുപോക്ക് സാധ്യമാകൂയെന്ന് ഉറപ്പിക്കാൻ കഴിയും. പെങ്ങളും ആന്റണിയും ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നത് ഇരുവരുടെയും സല്ലാപത്തിലൂടെ അറിയാൻ കഴിയും. നടുവേദനയിൽ നിന്ന് മോചനം ലഭിച്ച ആന്റണി പെങ്ങളോട് പറയുന്നത്, 'സംഗതി പഴേതിലും ഉഷാറായി, ഇനിയിപ്പോ തിരിഞ്ഞും മറിഞ്ഞും എന്നാകളി വേണേലും കളിക്കാം' എന്നാണ്. പെങ്ങൾ അടുത്തപടി, ‘സാറ് പോലീസല്ലേ' എന്ന് ചോദിക്കുമ്പോൾ, ‘ഇതൊക്കെ ചെയ്താൽ അതൊക്കെ മനസ്സിലാകുമോ’ എന്ന രതിസുഖച്ചൊവ്വയിൽ മറുചോദ്യം ചോദിക്കുന്നു ആന്റണി. ഷാജീവൻ ചെയ്യുന്ന ലൈംഗികപ്രവർത്തി അറപ്പുളവാക്കുന്നതാണ്. ചെറിയ പയ്യനെ ലൈംഗിക വൈകൃതത്തിനിരയാക്കുകയാണിവിടെ. മയിലാടും പറമ്പിൽ ജോയിയിലേക്കുള്ള യാത്ര ഇരു പോലീസുകാരുടെ ദൂരം കുറയ്‌ക്കുന്നു.

മിഡ്സൊമ്മറിൽ ക്രിസ്റ്റ്യൻ മായയുമായി ലൈംഗിക ആചാരത്തിന്റെ പാരമ്യഘട്ടത്തിലെത്തുന്നതിന് ഡാനി സാക്ഷ്യം വഹിക്കുന്നു, ഇത് അവളുടെ വൈകാരിക തലത്തെ അനിയന്ത്രിതമായി ബാധിക്കുന്നു. സിനിമാന്ത്യത്തോടെ ഡാനിയുടെ പരിണാമം ദുഃഖത്തിൽ / വിഷാദത്തിൽ നിന്ന് 'ചിരി' യിലേക്കു മാറുമ്പോൾ, സ്വാതന്ത്ര്യത്തിലേക്കുള്ള വ്യക്തിയിലേക്ക് മാറാൻ അധികാരത്തിന്റെ തലപ്പാവായ 'മെയ് ക്വീൻ' പട്ടം അവളെ സഹായിച്ചിരിക്കണം. സർജന്റ് ഹൊവിയെ സംബന്ധിച്ച് ഈ ലോകം ധാർമിക രോഷത്തിനാണ് ഇടയാക്കുന്നത്.

ശപിക്കപ്പെട്ട ഭൂപ്രദേശത്തിന്റെ പ്രലോഭനങ്ങൾ

ഫോക് ഹൊറർ സിനിമകളുടെ ഹൃദയം കഥയാണെങ്കിൽ തലച്ചോറ് കഥാപരിസരമാണ്. ഒറ്റപ്പെട്ട ഭൂപ്രകൃതിയിലേക്കാണ് ഫോക് ഹൊറർ സിനിമകളുടെ കർമ്മപദ്ധതികൾ അരങ്ങേറുന്നത്. ഈ ഗണത്തിൽ വരുന്ന സിനിമകൾക്ക് കൃത്യമായ ഭൂപ്രകൃതിയും അവയുടെ കയറ്റിറക്കങ്ങളും എല്ലാം പ്രധാനമായി വരും. സ്ഥലത്തിന്റെ രൂപം സിനിമയുടെ കഥാഗതിക്ക് അത്ര പ്രധാനമായി വരുന്നു. കഥാപാത്രങ്ങളുടെ മനോവിചാരങ്ങളെ മറ്റൊരു അവസ്ഥയിൽ സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നതും ഈ ഭൂപ്രദേശമാണ്. ഒരു ജീവിത- സാമൂഹിക സാഹചര്യങ്ങളുടെ കടന്നുവരവിനുശേഷം ഉടനടി വേറൊരു ഗ്രഹത്തിലേക്ക് പ്രവേശിക്കുന്നതു പോലെയാണ് ഫോക് ഹൊററിന്റെ മണ്ണ്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിൽ പോലീസുകാർ ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ചെല്ലുന്നത് അന്യഗ്രഹ ജീവികൾ വസിക്കുന്ന ഗ്രഹത്തിലേക്കാണ്. കുറ്റകൃത്യങ്ങൾക്കു ശേഷം താവളമായി ചുരുളിയിലെ കുന്നുകയറുന്നു. തെറ്റുകളിൽനിന്ന് ശിക്ഷ ലഭിക്കാത്ത ഒരു ഗ്രാമം അവരെ സൂക്ഷിച്ചുപോകുന്നു. ഇവിടെ ജീവിതം കാടിനെ ആശ്രയിച്ചാണ്. ചിലർ പുറംപണിക്കായി ഗ്രാമം വിട്ട് വൈകുന്നേരം തിരിച്ചെത്തുന്നു. ലിജോ ചുരുളിയിൽ ഹൊറർ, സർറിയൽ ഘടകങ്ങൾ തീവ്രമാക്കുന്നത് ഭൂപ്രകൃതിയെ കൂട്ടുപിടിച്ചാണ്. നനഞ്ഞ കാട്ടിലെ മണ്ണ്, അപ്രതീക്ഷിതമായ ചാറ്റൽ മഴകൾ, തണുത്ത് മഞ്ഞുമൂടിയ പ്രദേശം- ഈ ക്രമീകരണങ്ങളെല്ലാം അന്തർലീനമായി കിടക്കുന്ന ഭയത്തെ കാണികളുടെ അബോധതലത്തിൽ നിന്ന് പുറത്തെടുക്കുന്നു. കാടിന്റെ വന്യമായ നിഗൂഢതയിലൂടെയും ഏതവസരത്തിലും വഴിതെറ്റിക്കാൻ പാകത്തിലുള്ള അന്തരീക്ഷത്തിലൂടെയും വേട്ടയ്ക്കായി പോകുമ്പോൾ ഷാജീവൻ കൂട്ടാളികളോട് പറയുന്നത്, "എല്ലാ കാടും ഒരുപോലെയാണ്, അതിങ്ങനെ പാമ്പിനെപ്പോലെ ചുരുണ്ടുകിടക്കും, കേറി ചവിട്ടിയേക്കരുത്" എന്നാണ്. മിഡ്സൊമ്മറിലും തുംബാഡിലും വിക്കർ മാനിലും ഈ സമാന്തര അന്തരീക്ഷം പ്രകടമാണ്.

മിഡ്‌സൊമ്മറിലും വിക്കർമാനിലും അന്തരീക്ഷം സൂര്യപ്രകാശപൂരിത (വേനൽക്കാലം) മായിരിക്കും. ഇരുട്ടിനെ ആശ്രയിച്ചാണ് ഭയമുളവാക്കുന്നതെങ്കിലും, തെളിഞ്ഞ പകലിലും ഭയം നമ്മെ കീഴ്പ്പെടുത്താൻ സജ്ജമാണെന്ന് ഈ സിനിമകൾ വ്യക്തമാക്കുന്നു. ഫോക് ഹൊറർ സിനിമകളുടെ സമാനമായ മറ്റൊരു സ്വഭാവം, അവ ഒറ്റപ്പെട്ട ഗ്രാമം മാത്രമല്ല, അവയുടെ പ്രവേശന കവാടം കൂടിയാണ്. ഒറ്റവാതിലുള്ള പ്രവേശനകവാടത്തിന് പുറത്തേക്ക് പോകാനുള്ള വഴി അവിടെയില്ല.

മുക്തി, മോക്ഷം, സ്വാതന്ത്ര്യം- എല്ലാം ലഭിക്കുന്നത് ശപിക്കപ്പെട്ട അവസ്ഥയിലാണ്. ശപിക്കപ്പെട്ട മോക്ഷവും ശപിക്കപ്പെട്ട മുക്തിയും ശപിക്കപ്പെട്ട സ്വാതന്ത്ര്യവും ശപിക്കപ്പെട്ട ജീവിതത്തിൽ തേടിയെത്തുന്നു.

1918- ൽ തുംബാഡിൽ നിന്ന് അമ്മയും നായകനും പൂനയിലേക്ക് പോകുമ്പോഴും നായകന് തിരിച്ചുവരവല്ലാതെ മറ്റൊരു നിലനിൽപ്പില്ല. മുത്തശ്ശി കൊടുക്കുന്ന മുന്നറിയിപ്പ് നിധിയിലേക്കുള്ളതു മാത്രമല്ല, ആഗ്രഹനിയന്ത്രണത്തിനു വേണ്ടിയുള്ളതുമായിരുന്നു. മിഡ്‌സൊമ്മറിൽ പുറത്തേക്കുവരാൻ ശ്രമിച്ചവരുടെയെല്ലാം ജഡം പല ആകൃതിയിൽ വ്യത്യസ്ത ധ്രുവങ്ങളിൽ സിനിമയുടെ പല ഘട്ടങ്ങളിൽ കാണാം. ചുരുളിയിൽ വഴിതെറ്റി വഴിതെറ്റി ചുരുളിക്കാരായി മാറുമ്പോൾ വിക്കർ മാനിലെ സർജന്റ് വിക്കർമാൻ എന്ന വലിയ രൂപത്തിനുള്ളിൽ വിശുദ്ധ ബലിക്കായി മറ്റു മൃഗങ്ങളോടൊപ്പം അകപ്പെട്ടു കഴിഞ്ഞിരുന്നു. തിരിച്ചുപോക്കില്ലാത്ത യാത്രയാണ് ഈ സിനിമാഗണത്തിലെ കഥാപാത്രങ്ങൾക്ക്. മുക്തി, മോക്ഷം, സ്വാതന്ത്ര്യം- എല്ലാം ലഭിക്കുന്നത് ശപിക്കപ്പെട്ട അവസ്ഥയിലാണ്. ശപിക്കപ്പെട്ട മോക്ഷവും ശപിക്കപ്പെട്ട മുക്തിയും ശപിക്കപ്പെട്ട സ്വാതന്ത്ര്യവും ശപിക്കപ്പെട്ട ജീവിതത്തിൽ തേടിയെത്തുന്നു.

അവസ്ഥകളുടെ ചാക്രിക (loop) സ്വഭാവത്തിലൂടെ കാണികളിൽ ഭയത്തിന്റെ തീവ്രത അനുഭവിപ്പിക്കുന്നത്, സമയവും സന്ദർഭങ്ങളും വീണ്ടും വീണ്ടും ആവർത്തിക്കുന്നതിലൂടെയാണ്. ചുരുളിയിൽ അപരിചിതനല്ല ഷാജീവൻ. തുംബാഡിൽ നിധി കണ്ടെത്തുന്ന വിനായക് റാവു തന്റെ മകനെയും പ്രാപ്തനാക്കുന്നു. തലമുറകളായി സമൃദ്ധിയുടെ ദേവതയുടെ ഗർഭപാത്രത്തിൽ ജീവിക്കുന്ന ഹസ്തറിന്റെ സ്വർണത്തിനായി മോഹിച്ചവരിൽ സർക്കാറും നൂറ്റാണ്ടുകളുടെ പഴക്കമുള്ള മുത്തശ്ശിയും ഉണ്ട്. വിക്കർ മാനിലെ സർജന്റ് ഈ കൊല്ലത്തെ ബലിമൃഗം മാത്രമാണ്. നല്ല ധാന്യത്തിനും കൃഷിക്കും സമ്പത്തിനും ലാഭകരമായ വിളവെടുപ്പിനുമായി വർഷംതോറും കുരുതി നടത്താറുണ്ടെന്ന് വ്യക്തമാണ് ഈ ദ്വീപിൽ. മിഡ്‌സൊമ്മർ നടക്കുന്നത് 90-കളിലെ വർഷത്തിലൊരിക്കലാണ്. സംഭവിച്ചത് തന്നെ അവിടെയും സംഭവിക്കുന്നു, അടിമുടി മാറ്റങ്ങളില്ലാതെ.

മിഡ്സൊമ്മറിൽ പെയിന്റിങ്ങുകളുടെ നിരന്തര കാഴ്ചയിലൂടെ ഫ്രെയിമിലെ ചാക്രികസ്വഭാവം കൃത്യമായി കാണിക്കുന്നു. പെയിൻ്റിങ്ങിൽ കാണുന്നതാണ് അടുത്തതായി സംഭവിക്കുന്നതും. സിനിമയുടെ ആരംഭം മുതൽ ഒടുക്കം വരെയും സ്കാന്ഡിനേവിയൻ വാസ്തുവിദ്യയിൽ കൂലങ്കഷമായ രീതിയിൽ പലതരം പെയിൻറിങ്ങുകളും കാണാം, മിഡ്സൊമ്മറിൽ ഇനി എന്തു നടക്കുമെന്ന പ്രവചനരീതിയിൽ. ഭൂപ്രദേശത്തിന്റെ യഥാർത്ഥ ശബ്ദമാണ് ഇത്തരം സിനിമകളിൽ പശ്ചാത്തല സംഗീതത്തേക്കാൾ ഭീദിതമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നത്. ചീവീടുകൾ, കാറ്റിലിരമ്പുന്ന ഇലകൾ, രാത്രി ഭൂമിക്കു മേൽ തങ്ങിനിൽക്കുന്ന ശബ്ദം, ഒഴുകുന്ന വെള്ളം, അന്യഗ്രഹജീവിയുടെയും അജ്ഞാതമായി നിലനിൽക്കുന്നവരുടെയും കാലടികൾ, ചുട്ടുപൊള്ളുന്ന മണ്ണിന്റെ പ്രതലത്തിൽ പ്രകാശം ഇടിവെട്ടേൽക്കുന്നതു പോലുള്ള ശബ്ദങ്ങൾ എന്നിവ ഉറക്കത്തിലും മയക്കത്തിലും വേർതിരിച്ചെടുക്കാം. അവയെ സ്വപ്നത്തിൽ നിന്നും യാഥാർത്ഥ്യത്തിൽ നിന്നും തോന്നലുകളിൽ നിന്നും മുറിച്ചെടുക്കാൻ സാധിക്കില്ല. ഭൂപ്രകൃതിയിലെ അസ്വാസ്ഥ്യം അനിശ്ചിതത്വത്തിലൂടെയും വരിഞ്ഞുമുറുക്കുന്ന ദൃശ്യത്തിലൂടെയും സൃഷ്ടിക്കുന്നു (മിഡ്‌സൊമ്മറിലെ പാനീയം ഡാനി കുടിച്ചശേഷം കൈകളിലൂടെ പുല്ലുകൾ വളരുന്നത്, ഷാജീവൻ ഒറ്റയ്ക്ക് നടക്കുമ്പോൾ വക്രീകരിക്കപ്പെടുന്ന വനം, തുംബാഡിലെ നിധിയിരിക്കുന്ന ഗർഭപാത്രത്തിന്റെ അകം). പരിസ്ഥിതിയും കഥാപാത്രങ്ങളെ പോലെ പെരുമാറുന്നു.

മിഡ്സൊമ്മറിൽ പെയിന്റിങ്ങുകളുടെ നിരന്തര കാഴ്ചയിലൂടെ ഫ്രെയിമിലെ ചാക്രികസ്വഭാവം കൃത്യമായി കാണിക്കുന്നു. പെയിൻ്റിങ്ങിൽ  കാണുന്നതാണ് അടുത്തതായി സംഭവിക്കുന്നതും.
മിഡ്സൊമ്മറിൽ പെയിന്റിങ്ങുകളുടെ നിരന്തര കാഴ്ചയിലൂടെ ഫ്രെയിമിലെ ചാക്രികസ്വഭാവം കൃത്യമായി കാണിക്കുന്നു. പെയിൻ്റിങ്ങിൽ കാണുന്നതാണ് അടുത്തതായി സംഭവിക്കുന്നതും.

സമ്മറിസ്ലെ എന്ന സാങ്കല്പിക ദ്വീപിൽ സർജന്റ് സെമിത്തേരിയിലൂടെ നടക്കുമ്പോൾ കല്ലിൽ വൃത്തങ്ങളും പുരാതന കൊത്തുപണികളും കാണുന്നതിലൂടെ ദ്വീപ് പുറജാതീയ ആചാരങ്ങൾ സ്വീകരിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കി താഴെ കിടക്കുന്ന ഒരു പലകയെടുത്ത് കുരിശുരൂപത്തിലാക്കി സ്ഥാപിക്കുന്നു. ഗ്രാമത്തിന്റെ നിഗൂഢസ്വഭാവം കേന്ദ്ര കഥാപാത്രത്തെ പ്രഹേളികയിലെത്തിക്കുന്നു. കടൽ അയാളുടെ ഒറ്റപ്പെടലിന്റെ ആഴം കൂട്ടുകയും രക്ഷപ്പെടാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ദ്വീപിന്റെ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കേന്ദ്ര സവിശേഷഭാഗമായ 'മെയ്ദിനാഘോഷം'. ആഘോഷവേളയിൽ അരങ്ങേറുന്ന സംഭവങ്ങൾ പരേഡ്, മെയ്പോളിന് ചുറ്റുമുള്ള നൃത്തം, വിക്കർമാൻ പടുകൂറ്റൻ രൂപത്തിലെ അന്തിമരംഗം എന്നിവ ഭൂപ്രദേശമായി (landscape) ഇഴചേരുന്നു. ഫോക് ഹൊറർ സിനിമകളിലെ കമ്മ്യൂണിറ്റിയുടെ പ്രാഥമിക ലക്ഷ്യം സ്വാർത്ഥലാഭത്തിനായി തങ്ങളുടെ ഭൂപ്രകൃതിയെ ഒരുക്കുന്നതാണ്. ദ്വീപിന്റെ പ്രതലത്തിലുള്ള ഭംഗി അതലത്തിൽ അപകടകരമാണെന്ന് ദ്വീപ് നിവാസികളുടെ ഇടപെടലിലൂടെ അറിയുന്നു. തിരോധാന അന്വേഷണത്തിന്റെ ഒടുവിൽ കുട്ടിയെ കണ്ടെത്തുന്ന സർജന്റ് മറ്റൊരു നിഗൂഢസത്യവും ഉൾവിറയലോടെ മനസ്സിലാക്കുന്നു.
സൗന്ദര്യത്തിലൂന്നി ഭീകരത തുറന്നുവിടുകയാണ് അരി ആസ്റ്റർ മിഡ്സൊമ്മറിലൂടെ. സുഹൃത്തുക്കൾ സുന്ദരമായ സ്വീഡിഷ് ഗ്രാമത്തിലെ വനങ്ങളിലും കുന്നുകളിലും മുഴുകുന്നു. സിനിമയുടെ ഒരു ഘട്ടം കഴിയുമ്പോൾ ഭയത്തിന്റെ പര്യായമായി മാറുന്നു, ഈ പ്രദേശങ്ങൾ. പ്രധാനപ്പെട്ട നൃത്തമത്സരച്ചടങ്ങിലെ തെളിച്ചമുള്ള വെയിൽ പ്രദേശത്തിന്റെ അപകടത്തിലേക്ക് പ്രേക്ഷകരെ ക്ഷണിക്കുന്നു. വിക്കർമാൻ പോലെ മിഡ്സൊമ്മറിലും പേഗൻ സംസ്കാരത്തിലൂടെയാണ് സിനിമ നീങ്ങുന്നത്.

മഹാരാഷ്ട്രയിലെ തുംബാഡ് എന്ന യഥാർത്ഥ സ്ഥലത്താണ് തുംബാഡ് സിനിമ നടക്കുന്നത്. തുംബാഡിലെ ശപിക്കപ്പെട്ട മഴയും ഇരുണ്ട കാർമേഘവും കുന്നിൻമുകളിൽ നിന്ന് കയ്യെത്തിപ്പിടിക്കാനുള്ള ദൂരം പോലെയാണ് ദേവിയുടെ ഗർഭപാത്രത്തിലേക്കിറങ്ങിച്ചെല്ലുന്നത്. വഴുവഴുപ്പും രക്തവും ഞരമ്പുമെല്ലാം സ്ഫുടമായി, മങ്ങിയ വെളിച്ചത്തിൽ കാണാൻ പറ്റുന്ന നിലത്തിലേക്ക് (ഗർഭപാത്രം). വിശപ്പ് സഹിക്കാനാകാതെ ജീവിക്കുന്ന ഹസ്തറിന് ഭക്ഷണം കൊടുത്ത് കഴിച്ചുതീരുന്നതിനുള്ളിൽ ലങ്കോട്ടിയിൽ തൂങ്ങിക്കിടക്കുന്ന സ്വർണ്ണനാണയവുമായി മടങ്ങുന്നതാണ് വിജയം. പൂനയിൽ താമസിക്കുന്ന വിനായക് റാവു ഈ വിദ്യയിൽ വിജയിച്ചശേഷം നിരന്തരം തുംബാഡിന്റെ ഇരുണ്ടുനനഞ്ഞ് ചെളിപിടിച്ച തണുപ്പിനാൽ പൊതിഞ്ഞ മണ്ണിലേക്ക് വറ്റാത്ത നിധി തേടിവന്നു. സിനിമയിലെ സർക്കാരിന്റെ മന ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതും അന്തരീക്ഷാവസ്ഥയെ മുൻനിർത്തിയാണ്. പുരാതന ചുവർ ചിത്രങ്ങൾ; പകലും ഇരുട്ടും നിഴലും വിഴുങ്ങിയ മനയിലെ ഇടനാഴികൾ, കിണറിനുള്ളിൽ വസിക്കുന്ന നിധിയിലേക്കുള്ള പാത; എല്ലാം കാണികളുടെ മനസ്സിന്റെ പിരിമുറുക്കം ശക്തമാക്കുന്നു.

ജോണർ സിനിമകൾ കഥയ്ക്കല്ല പ്രാധാന്യമർപ്പിക്കുന്നത്, അവതരണത്തിലാണ്. എല്ലാവർക്കുമറിയാവുന്ന കഥ വേറിട്ട രീതിയിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കൗതുകം

ഇന്ത്യ സ്വതന്ത്രമായശേഷം തുംബാഡിലെ തന്റെ പൂർവികരുടെ മന കൈവിട്ടുപോകുമെന്നും സർക്കാർ ഏറ്റെടുക്കുന്ന പ്രക്രിയ ഉടൻ ആരംഭിക്കുമെന്നുമുള്ള വിവരം അയാളറിയുന്നു. വിനായക് റാവു ഒടുക്കത്തെ നിധിവേട്ടേയ്ക്ക് മകനുമായി ഇറങ്ങുമ്പോൾ അവരറിഞ്ഞിരുന്നില്ല, ഇരുവരുടെയും അത്യാർത്തിയിൽ നിന്നുള്ള മോക്ഷമായിരിക്കും ഇതെന്ന്. ഹസ്തറിന്റെ ശാപം വിനായക് റാവുവിലേക്ക് പകരുമ്പോൾ മരണമല്ലാതെ മറ്റൊരു മോക്ഷപ്രാപ്തിയില്ലെന്ന് മനസ്സിലാക്കുന്ന മകൻ വിനായക് റാവു, മറ്റുള്ളവരോട് പറഞ്ഞതുപോലെ അയാളോടും പറയുന്നു: ‘ഉറങ്ങിക്കോ അച്ഛാ, അല്ലെങ്കിൽ ഹസ്തർ വരും'.
'There is enough on this earth for everyone's need, but for no one's greed' എന്ന ഗാന്ധിയുടെ പ്രശസ്ത വാചകം എഴുതിക്കാണിക്കുന്നതോടെ സിനിമ ആരംഭിക്കുന്നു, സിനിമ അവസാനിക്കുമ്പോൾ സിനിമയുടെ തീമായി അത് ബന്ധപ്പെട്ടു കിടക്കുകയും ചെയ്യുന്നു.

തുംബാഡിന്റെ ആരാധനാക്രമവും പേഗനിസത്തിൽ നിന്നുതന്നെയാണ്. ആഖ്യാനത്തിന്റെ ആരംഭഘട്ടത്തിൽ ഹസ്തർ എന്ന ഹിന്ദു ദൈവത്തെ പുരാണങ്ങളിൽ നിന്നും ഹിന്ദു മിത്തോളജിയിൽ നിന്നും മായ്ച്ചുകളഞ്ഞുവെന്ന് സ്ഥാപിക്കുന്നതോടുകൂടി ഹസ്തർ അജ്ഞാതമായ (unknown) മൂർത്തിയായി മാറിക്കഴിഞ്ഞു. മനുഷ്യകുലത്തിന്റെ ആരംഭഘട്ടത്തിൽ അറിവില്ലാത്ത / അജ്ഞാതമായതിനെ ആരാധിക്കുകയും പ്രീതിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് കാണാം (മഴ, കാറ്റ്, മിന്നൽ).

തുംബാഡിൽ സംഭവിക്കുന്നതും അതുതന്നെ. മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ തുംബാഡെന്ന യഥാർത്ഥ ഗ്രാമത്തിലെ ഈ മനയ്ക്കുള്ളിൽ യഥാർത്ഥ ലോകത്തിലും ഹസ്തർ വസിക്കുന്നുവെന്ന് കാണികൾക്ക് വിശ്വസിക്കാനെളുപ്പമാണ്. സ്രഷ്ടാക്കളതിൽ വിജയിക്കുന്നുമുണ്ട്. മറാഠി എഴുത്തുകാരനായ നാരായൺ ദറാപിന്റെ കഥയിലൂന്നിയാണ് ബാർവെയും ആനന്ദ് ഗാന്ധിയും തിരക്കഥ പൂർത്തീകരിച്ചത്. ഇന്ത്യൻ സിനിമയിലെ ലക്ഷണമൊത്ത ഫോക് ഹൊറർ വിഭാഗത്തിൽ വരുന്ന ചിത്രവും തുംബാഡ് തന്നെ. മിത്തിനെ യഥാർത്ഥ ലോകവുമായി കൂട്ടുപിടിച്ച് ആധുനിക ഇന്ത്യയിലെ (pre independence - post independence) ഒറ്റപ്പെട്ട ഗ്രാമത്തിൽ നടക്കുന്ന കഥയായി അവതരിപ്പിക്കുന്നതിലൂടെ ഏതാണ് യഥാർത്ഥ ലോകമെന്ന ചോദ്യം നിർമ്മിക്കപ്പെടുന്നു.

ജോണർ സിനിമകൾ കഥയ്ക്കല്ല പ്രാധാന്യമർപ്പിക്കുന്നത്, അവതരണത്തിലാണ്. എല്ലാവർക്കുമറിയാവുന്ന കഥ വേറിട്ട രീതിയിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് കൗതുകം. ഫോക് ഹൊറർ സിനിമകൾക്ക് സമാനമായ നിരവധി കാര്യങ്ങളുണ്ട്. സംവിധായകർ തന്റെ കാഴ്ചപ്പാടിലൂടെയും ക്രാഫ്റ്റ്മാൻ എന്ന നിലയിലും മറ്റൊരു തലത്തെ സ്പർശിക്കുമ്പോൾ മാത്രമാണ് അനുഭവമായി ജോണർ സിനിമകൾ മാറുന്നത്. ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലും അധികം പുഷ്ടി പ്രാപിക്കാത്ത ജോണർ ഫിക്ഷനാണ് ഫോക് ഹൊറർ. ചുരുളി, വയനാടൻ തമ്പാൻ, അനന്തഭദ്രം, ശ്രീകൃഷ്ണപ്പരുന്ത് പോലുള്ള സിനിമകളാണ് മലയാളത്തിൽ ശ്രദ്ധയാകർഷിച്ചവ.

ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലും അധികം പുഷ്ടി പ്രാപിക്കാത്ത ജോണർ ഫിക്ഷനാണ് ഫോക് ഹൊറർ. ചുരുളി, വയനാടൻ തമ്പാൻ, അനന്തഭദ്രം, ശ്രീകൃഷ്ണപ്പരുന്ത് പോലുള്ള സിനിമകളാണ് മലയാളത്തിൽ ശ്രദ്ധയാകർഷിച്ചവ.
ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലും അധികം പുഷ്ടി പ്രാപിക്കാത്ത ജോണർ ഫിക്ഷനാണ് ഫോക് ഹൊറർ. ചുരുളി, വയനാടൻ തമ്പാൻ, അനന്തഭദ്രം, ശ്രീകൃഷ്ണപ്പരുന്ത് പോലുള്ള സിനിമകളാണ് മലയാളത്തിൽ ശ്രദ്ധയാകർഷിച്ചവ.

അടങ്ങാത്ത ആഗ്രഹങ്ങളും മനുഷ്യന്റെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്കുള്ള വന്യമായ പരിവർത്തനവും ജീവനോടുള്ള കൊതിയുമെല്ലാമാണ് ഫോക് ഹൊററിന്റെ സത്ത്. ഈ ഗണത്തിൽപ്പെടുന്ന സിനിമകൾ കാണികളെ പരോക്ഷമായി ഭയപ്പെടുത്തുന്നവയല്ല, മനുഷ്യന്റെ അബോധതലത്തിലെ കള്ളികളൊന്നിൽ പതുങ്ങിയിരുന്ന് നമ്മോടൊപ്പം നാമറിയാതെ സഞ്ചരിക്കുന്നവയാണ്. പ്രണയം പോലെയാണ് ഭയവും. മനുഷ്യവർഗ്ഗത്തിനിഷ്ടപ്പെട്ടവയാണീ രണ്ടു വികാരങ്ങളും. പ്രണയം ഭയമായി മാറും, ചില നേരങ്ങളിൽ ഭയം പ്രണയമായും മാറുന്നു. രണ്ടും മനസ്സിലൂടെ മാത്രമല്ല, ശരീരത്തിലൂടെയും ഇഴഞ്ഞു കയറും. അതിനാലാണ് കാശുകൊടുത്ത് ഭയന്നിരിക്കാൻ ഭാവിയിലും നാം തയ്യാറാക്കുന്നത്. രണ്ടും മതിമറക്കാൻ നമ്മെ ക്ഷണിക്കുന്ന വികാരമാണ്.

Comments