Photo: Film Heritage Foundation / X

കാനിലെ ചുവന്ന പരവതാനിയിൽ ‘അമ്മ അറിയാൻ,’ ജോൺ ഓർമ്മകൾക്കൊപ്പം ഞാൻ...

“ക്യാപിറ്റലിസത്തിനെതിരെ ജോൺ ഉയർത്തിയ വലിയ വെല്ലുവിളിയാണ് ‘അമ്മ അറിയാൻ’. സിനിമ ഒരു വ്യവസായമാണെന്ന് എല്ലാവരും അടിവരയിട്ട് പറഞ്ഞ ഒരു കാലത്താണ് അങ്ങനെ ഒരു വ്യവസായമായി സിനിമയെ കാണേണ്ട, പണം മുടക്കാൻ ഒരാൾ വേണമെന്നില്ല, ജനങ്ങൾ പണം മുടക്കുന്ന സിനിമ ഞാനെടുക്കുമെന്ന് ജോൺ പ്രഖ്യാപിച്ചത്,” ‘അമ്മ അറിയാൻ’ ഇറങ്ങി 40 വർഷത്തിന് ശേഷം കാൻ ഫിലിം ഫെസ്റ്റിവെലിൽ പ്രദർശിപ്പിച്ചപ്പോൾ സന്നിഹിതനായിരുന്ന ചിത്രത്തിലെ നായകനായ ജോയ് മാത്യു തന്റെ മനസ്സിലൂടെ കടന്നുപോയ ഓർമ്മകൾ എഴുതുന്നു.

രു ക്ലീഷേ ഡയലോഗാണ് എനിക്ക് മനസ്സിൽ വരുന്നത്. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതി… സന്തോഷം… ആഹ്ലാദം ഒക്കെയാണ് ഈ നിമിഷം എനിക്ക് തരുന്നത് എന്നൊക്കെ പറയേണ്ടി വരും. പക്ഷേ ഒരു കാര്യ ഉറപ്പിച്ച് പറയാം, ‘അമ്മ അറിയാൻ’ എന്ന സിനിമ ജോൺ പ്ലാൻ ചെയ്യുമ്പോഴും അത് ചിത്രീകരിക്കുമ്പോഴും അതിൻെറ പോസ്റ്റ് ഷൂട്ടിങ് വർക്കിൽ പങ്കെടുക്കുമ്പോഴും അതിൻെറ പ്രദർശനം നടത്തുമ്പോഴും ഒക്കെത്തന്നെ ഞങ്ങൾക്ക് പലർക്കും അറിയാമായിരുന്നു, ഇത് ലോകം ശ്രദ്ധിക്കുന്ന ഒരു സിനിമയായി മാറുമെന്നും എക്കാലവും പ്രസക്തിയുള്ള ഒരു ഡോക്യുമെൻറായി നിലനിൽക്കുമെന്നും. ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രാമചന്ദ്രൻ മൊകേരി, ശോഭീന്ദ്രൻ മാഷ്, അമ്മദ്, ബീന, ക്യാമറാമാൻ വേണു തുടങ്ങിയവർക്കെല്ലാം അറിയാമായിരുന്നു ഇന്നല്ലെങ്കിൽ നാളെ ഈ പടം ശ്രദ്ധിക്കപ്പെടുമെന്ന്. കാൻ ഫിലിം ഫെസ്റ്റിവെലിൽ എത്തുമെന്നതല്ല, അല്ലാതെ തന്നെ ലോകനിലവാരത്തിലുള്ള ഒരു സിനിമയായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.

അമ്മ അറിയാൻ സിനിമ പുറത്തിറങ്ങിയ വർഷത്തെ കേരളത്തിലെ ചലച്ചിത്ര അവാർഡ് നിർണയക്കമ്മിറ്റി (പ്രശസ്തനായ ഒരു എഴുത്തുകാരനും അതിൻെറ ഭാഗമായിരുന്നു) കണ്ടെത്തിയത്, അച്ചടക്കമില്ലാത്ത രീതിയാണ് ജോണിൻെറ സിനിമയ്ക്ക് എന്നാണ്. അതിന് ജോൺ പറഞ്ഞ മറുപടി എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, “Wherever discipline breaks there begins creativity.” അച്ചടക്കത്തിൻെറ നൈരന്തര്യം എവിടെ നഷ്ടമാകുന്നുവോ അവിടെ സർഗാത്മകതയുണ്ടാവും എന്ന്. ആ സിനിമയിൽ conventional ആയ ഒരു അച്ചടക്കമില്ല. Conventional ആയി ചിന്തിക്കുന്നവർ കാണുന്ന ഷോട്ടുകളും മനുഷ്യരും നടീനടൻമാരുമൊന്നുമല്ല അതിലുള്ളത്. നാൽപ്പത് വർഷത്തിന് ശേഷം കാൻ ഫെസ്റ്റിവെലിൽ സിനിമ സ്ക്രീൻ ചെയ്യുമ്പോൾ തിങ്ങനിറഞ്ഞ ഓഡിയൻസാണ് കാണാനുണ്ടായിരുന്നത്. അന്ന് ഞങ്ങൾക്ക് തമാശയായി തോന്നാത്ത ചില രംഗങ്ങൾ, ജോണിന് നല്ല തമാശയായി തോന്നിയ രംഗങ്ങൾ… ഇവിടെ കാണിച്ചപ്പോൾ ആളുകളെല്ലാം ചിരിച്ചു. അത് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി.

നാൽപ്പത് കൊല്ലത്തിന് ശേഷം ‘അമ്മ അറിയാൻ’  കാനിൽ പ്രദർശിപ്പിച്ചപ്പോൾ എനിക്കും എഡിറ്റർ ബീന പോളിനും ഇവിടെയെത്താൻ സാധിച്ചു. ക്യാമറമാൻ വേണുവിന് എത്താൻ സാധിച്ചില്ല. ചുവന്ന പരവതാനിയിലൂടെ നടന്നുപോവുമ്പോൾ എനിക്ക് കേൾക്കാൻ കഴിഞ്ഞത് എന്നോടൊപ്പം ഈ ചിത്രത്തിൽ സഹകരിച്ച മരിച്ചുപോയ ഒരുപാട് സഖാക്കളുടെ ഹൃദയമിടിപ്പുകളാണ്.  Photo: Film Heritage Foundation / X
നാൽപ്പത് കൊല്ലത്തിന് ശേഷം ‘അമ്മ അറിയാൻ’ കാനിൽ പ്രദർശിപ്പിച്ചപ്പോൾ എനിക്കും എഡിറ്റർ ബീന പോളിനും ഇവിടെയെത്താൻ സാധിച്ചു. ക്യാമറമാൻ വേണുവിന് എത്താൻ സാധിച്ചില്ല. ചുവന്ന പരവതാനിയിലൂടെ നടന്നുപോവുമ്പോൾ എനിക്ക് കേൾക്കാൻ കഴിഞ്ഞത് എന്നോടൊപ്പം ഈ ചിത്രത്തിൽ സഹകരിച്ച മരിച്ചുപോയ ഒരുപാട് സഖാക്കളുടെ ഹൃദയമിടിപ്പുകളാണ്. Photo: Film Heritage Foundation / X

സിനിമയിൽ വേണുവേട്ടൻ എന്ന് പറയുന്ന മുടി വേണു മദ്യപാനിയാണ്. മദ്യപാന സദസ്സിലെ ഒരാളാണ്. അങ്ങനെയുള്ള ആളുകൾ ഉണ്ടാവുമല്ലോ… എന്ത് കേട്ടാലും It’s true, it’s true എന്ന് മാത്രം പറയും. ആ സീനൊക്കെ കാനിൽ ഭയങ്കര പൊട്ടിച്ചിരിയാണുണ്ടാക്കിയത്. സിനിമയിലെ പല സിറ്റ്വേഷനുകളും ഇന്ന് കാണുമ്പോൾ ജോണിൻെറ ദീർഘദർശനം നമുക്ക് മനസ്സിലാവും. അത് ആളുകളിൽ ഉണർത്തുന്ന വികാരം ഞങ്ങൾക്ക് കാണാൻ സാധിച്ചു.

അമ്മ അറിയാൻ സിനിമയുടെ തിരക്കഥ എന്നോട് പറയുന്നത് ചാരായഷാപ്പിൽ നിന്നാണ്. നീയാണിതിൽ protagonist ആയി അഭിനയിക്കുന്നതെന്ന് ജോൺ എന്നോട് പറഞ്ഞു. അപ്പോഴും ഇത് നടക്കുമോ ഇല്ലയോ എന്ന സംശയം എനിക്കുണ്ടായിരുന്നു. കാരണം ഞാനും ജോണും മുമ്പ് സഹകരിച്ചിരുന്നത് ‘കയ്യൂർ’ എന്ന സിനിമയിലായിരുന്നു. ആ സിനിമയ്ക്ക് വേണ്ടി ഞങ്ങൾ കുറച്ച് കാലം കാസർഗോഡ് പോയിനിന്നു, യാത്ര ചെയ്തു. യൂണിവേഴ്സിറ്റിയിലെ അധ്യാപകരുമായി സംസാരിച്ചു. കുറിപ്പുകളെടുത്തു. വായിച്ചു. എന്നാൽ, കയ്യൂർ സമരചരിത്രം സിനിമയാക്കാൻ സാധിക്കാതെ പോയി. അങ്ങനെ അവസാനം റെയിൽവേ സ്റ്റേഷനിൽ ജോൺ എന്നെയും മൊകേരിയെയും യാത്രയാക്കുന്ന രംഗമൊക്കെ എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അത് കഴിഞ്ഞിട്ടാണ് അമ്മ അറിയാനിലേക്ക് എത്തുന്നത്.

“താൻ തിരക്കഥ വായിക്കുകയൊന്നും വേണ്ട, ഞാൻ പറയുന്നത് പോലെയൊക്കെ ചെയ്താൽ മതി” എന്നാണ് ജോൺ എന്നോട് പറഞ്ഞിരുന്നത്. പക്ഷേ, കഥ എങ്ങനെയാണന്ന് അറിയാനുള്ള ത്വര കാരണം ഞാൻ തിരക്കഥ വായിച്ചു. അന്ന് ഫിലിം ഫെസ്റ്റിവെലുകളും ഫിലിം സൊസൈറ്റികളും സജീവമായിരുന്ന കാലമായിരുന്നു. 80-കളിലെ ചെറുപ്പക്കാർ വിശ്വസിനിമയുമായി വളരെയധികം ബന്ധം പുലർത്തിയിരുന്ന കാലമാണ്. ഇന്നത്തെ പോലെയല്ല. ഇന്ന് നൂറ് കോടി ക്ലബ്ബിൽ കയറുന്ന സിനിമയാണ് റിവ്യൂ ചെയ്യപ്പെടുന്നതും ആഘോഷിക്കുന്നതും കാണുന്നതും. അന്നത്തെ ചെറുപ്പക്കാർ അങ്ങനെയായിരുന്നില്ല. അന്ന്, ഗൊദാർദിൻെറയും ബുനുവലിൻെറയും വിം വെൻഡേഴ്സിൻെറയും സിനിമകൾ കാണുന്ന ഒരു തലമുറയുണ്ടായിരുന്നു. ലോകസിനിമകളുടെ ഒരു ദൃശ്യ സംസ്കാരം മനസ്സിലാക്കിയതിൻെറ അടിസ്ഥാനത്തിൽ ‘അമ്മ അറിയാൻ’ തിരക്കഥ വായിക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലാവും അത് ലോക നിലവാരത്തിലുള്ള സിനിമയാണെന്ന്. അതിൽ അഭിനയിച്ചേ പറ്റൂവെന്ന് അങ്ങനെയാണ് ഞാൻ തീരുമാനിക്കുന്നത്. രണ്ട് കൊല്ലം ഞാൻ ജോണിൻെറ യൂണിവേഴ്സിറ്റിയിലാണ് പിന്നെ ഉണ്ടായിരുന്നത്.

അമ്മ അറിയാൻ സിനിമയുടെ തിരക്കഥ എന്നോട് പറയുന്നത് ചാരായഷാപ്പിൽ നിന്നാണ്. നീയാണിതിൽ protagonist ആയി അഭിനയിക്കുന്നതെന്ന് ജോൺ എന്നോട് പറഞ്ഞു.
അമ്മ അറിയാൻ സിനിമയുടെ തിരക്കഥ എന്നോട് പറയുന്നത് ചാരായഷാപ്പിൽ നിന്നാണ്. നീയാണിതിൽ protagonist ആയി അഭിനയിക്കുന്നതെന്ന് ജോൺ എന്നോട് പറഞ്ഞു.

അഭിനയം മാത്രമായിരുന്നില്ല അവിടെ ചെയ്യാനുണ്ടായിരുന്നത്. ഞങ്ങൾ സിനിമയ്ക്ക് വേണ്ടി പണം പിരിയ്ക്കാൻ പോയി. പല വീടുകളിൽ പോയാണ് കഞ്ഞി കുടിച്ചത്. ഏതോ ഒരാളുടെ ഷർട്ട് ആയിരുന്നു എൻെറ കോസ്റ്റ്യൂം. അത് രണ്ട് മാസത്തോളം ഞാൻ ഒപ്പം ചുമന്ന് നടന്നു. കാരണം, എന്നും രാവിലെ ഷൂട്ടിങ് ഉണ്ടായിരുന്നു. ഈ സിനിമയിൽ അഭിനയിച്ചവരൊക്കെ അഭിനേതാക്കളൊന്നുമായിരുന്നില്ല. ആരൊക്കെയോ വരുന്നു. അവരെയൊക്കെ പിടിച്ച് ജോൺ അഭിനയിപ്പിക്കുന്നു. അഭിനയത്തിനൊന്നും ഇതിലൊരു സാംഗത്യമില്ല. എനിക്കും വലിയ പെർഫോമൻസിനൊന്നും സാധ്യതയില്ലാത്ത ഒരു സിനിമയായിരുന്നു. ഒരു അഭിനേതാവിലൂടെ അഭിനയിച്ച് ഫലിപ്പിക്കുക എന്നതായിരുന്നില്ല ജോണിൻെറ ശ്രദ്ധ. പറയാനുള്ള കാര്യം ആരിലൂടെയായാലും പറഞ്ഞിരിക്കും എന്നൊരു രീതിയാണ് ജോൺ ഈ സിനിമയിൽ അവലംബിച്ചത്. മാത്രമല്ല, കേരളത്തിൽ 80-കളിൽ നടന്ന നക്സലൈറ്റ് മൂവ്മെൻറും ജനകീയ സാംസ്കാരികവേദി പ്രസ്ഥാനത്തിൻെറ വിജയ പരാജയ തകർച്ചകളും അതിൽ ഉൾപ്പെട്ടവർ അനുഭവിച്ച മാനസിക സംഘർഷങ്ങളും ആത്ഹമത്യകളും ഉൻമാദങ്ങളുമെല്ലാം ഈ സിനിമയിൽ കടന്നുവരുന്നുണ്ട്. നിരവധി സമരങ്ങൾ ഡോക്യുമെൻറ് ചെയ്യപ്പെട്ട പോലെ വീണ്ടും ഷൂട്ട് ചെയ്യുകയാണ് ചെയ്തത്. നൂറുകണക്കിനാളുകൾ ഇതിൻെറ ഭാഗമായിരുന്നു. 80-കളിലെ കേരളത്തിൻെറ സാമൂഹ്യാവസ്ഥയെ അടയാളപ്പെടുത്തുന്ന ചരിത്രപരമായ ഒരു ഡോക്യുമെൻറാണ് ശരിക്കും ‘അമ്മ അറിയാൻ’. ആ കാലത്തെ മറ്റേതൊരു സിനിമയെടുത്താലും നിങ്ങൾക്ക് അത് കാണാനാവില്ല. നമുക്കറിയാമല്ലോ ഇപ്പോഴും നമ്മുടെ സിനിമകൾ ഭരിക്കുന്നത് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണല്ലോ. സത്യജിത് റേയും ഋത്വിക് ഘട്ടക്കുമെല്ലാം എടുത്തിട്ടുള്ള ക്ലാസിക് സിനിമകളെല്ലാം കാലികപ്രസക്തിയോടെ നിലനിൽക്കുന്നത് ചരിത്രപരമായ അതിൻെറ ശരി കൊണ്ടാണ്.

നാൽപ്പത് കൊല്ലത്തിന് ശേഷം ‘അമ്മ അറിയാൻ’ കാനിൽ പ്രദർശിപ്പിച്ചപ്പോൾ എനിക്കും എഡിറ്റർ ബീന പോളിനും ഇവിടെയെത്താൻ സാധിച്ചു. ക്യാമറമാൻ വേണുവിന് എത്താൻ സാധിച്ചില്ല. ചുവന്ന പരവതാനിയിലൂടെ നടന്നുപോവുമ്പോൾ എനിക്ക് കേൾക്കാൻ കഴിഞ്ഞത് എന്നോടൊപ്പം ഈ ചിത്രത്തിൽ സഹകരിച്ച മരിച്ചുപോയ ഒരുപാട് സഖാക്കളുടെ ഹൃദയമിടിപ്പുകളാണ്. അതിശയോക്തിയല്ല, ഞാൻ ബീനയോട് പറയുകയായിരുന്നു; “ഞാൻ സൺഗ്ലാസ് വെക്കുന്നത്… എനിക്ക് സങ്കടം വരുന്നത് കൊണ്ടാണ്… അത് ക്യാമറയിൽ പതിയേണ്ടെന്ന് വിചാരിച്ചിട്ടാണ്.”

ഓർമ്മകളാൽ വേട്ടയാടപ്പെട്ടിട്ടാണ് കാനിലെ ചുവന്ന പരവതാനിയിൽ ഞാൻ നടന്നത്.
ഓർമ്മകളാൽ വേട്ടയാടപ്പെട്ടിട്ടാണ് കാനിലെ ചുവന്ന പരവതാനിയിൽ ഞാൻ നടന്നത്.

ജോൺ ഇല്ലാത്ത ഒരാഘോഷം, ജോൺ വേണ്ടതായിരുന്ന ഒരാഘോഷം… രാമചന്ദ്രൻ മൊകേരി, ശോഭീന്ദ്രൻ മാഷ്, നിലമ്പൂർ ബാലേട്ടൻ, ഹരി, അയ്യപ്പൻ, വേലപ്പേട്ടൻ, ഇരിങ്ങൽ നാരായണി ചേച്ചി, കല്ലായി ബാലേട്ടൻ, വേണുവേട്ടൻ, അതുപോലെ ഈ സിനിമയ്ക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത അമ്മദ് അങ്ങനെ എത്രയെത്ര പേർ. അമ്മദാണ് ശരിക്കും ഈ സിനിമ ഉണ്ടാവാൻ തന്നെയുള്ള കാരണം. അമ്മദില്ലെങ്കിൽ ഈ സിനിമ ഇല്ലായിരുന്നു. രോഗാവസ്ഥയിലായിരുന്നതിനാൽ അമ്മദിന് വരാൻ സാധിച്ചില്ല. അങ്ങനെയങ്ങനെ ഈ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഒരുപാട് ആളുകളുണ്ട്. ഭക്ഷണം പാകം ചെയ്തും പിരിവെടുത്തും ഒപ്പം നിന്നവർ. സിനിമയുടെ സംഘാടനത്തിനായി ഓടിനടന്ന പഴയ നക്സലൈറ്റുകളും സാംസ്കാരിക വേദി പ്രവർത്തകരും സിനിമാ പ്രവർത്തകരും സാമൂഹ്യ സംഘടനാ പ്രവർത്തകരും അങ്ങനെ നിരവധി പേർ… ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ ഇല്ലാതെ ജനങ്ങളിൽ നിന്നും പണം പിരിച്ചാണ് ജോൺ ഈ സിനിമയെടുത്തത്.

മൂന്ന് തരത്തിലാണ് ഈ സിനിമ എനിക്ക് പ്രിയപ്പെട്ടതാവുന്നതും ഈ ലോകത്തിന് മുന്നിൽ മാതൃകയാവുന്നതും. ഒന്ന്, ക്യാപിറ്റലിസത്തിനെതിരെ ജോൺ ഉയർത്തിയ വലിയ വെല്ലുവിളി. സിനിമ ഒരു വ്യവസായമാണെന്ന് എല്ലാവരും അടിവരയിട്ട് പറഞ്ഞ ഒരു കാലത്താണ് അങ്ങനെ ഒരു വ്യവസായമായി സിനിമയെ കാണേണ്ട, പണം മുടക്കാൻ ഒരാൾ വേണമെന്നില്ല, ജനങ്ങൾ പണം മുടക്കുന്ന സിനിമ ഞാനെടുക്കുമെന്ന് ജോൺ പ്രഖ്യാപിച്ചത്. സിനിമ കാണിക്കാൻ ഡിസ്ട്രിബ്യൂട്ടറുടെ ആവശ്യമില്ലെന്ന് പ്രഖ്യാപിച്ചത് രണ്ടാമത്തെ വിപ്ലവം. വിതരണക്കാരില്ലാതെ നേരിട്ട് ജനങ്ങളുമായി സംവദിക്കണം. നേരിട്ട് ഇടപഴകണം. എൻെറ സിനിമ ഞാൻ ജനങ്ങൾക്ക് സൗജന്യമായി കാണിച്ച് കൊടുക്കും. പ്രതിഫലം ഇച്ഛിക്കാതെയാണ് ഞാൻ സിനിമയെടുക്കുന്നതെന്ന് ജോൺ പറഞ്ഞു കൊണ്ടേയിരുന്നു. ഗ്രാമങ്ങളിലും ലൈബ്രറികളിലും വയലേലകളിലും ഫിലിം സൊസൈറ്റി ഹാളുകളിലും കോളേജുകളിലുമെല്ലാം കാണിച്ചു. ഒരുപാട് കോളേജുകളിൽ ഞാൻ തന്നെ പ്രൊജക്ടറുമായി ചെന്ന് സിനിമ കാണിച്ചിട്ടുണ്ട്. മുതലാളിത്ത വ്യവസ്ഥയുടെ പ്രതിനിധികളായ നിർമ്മാതാക്കളെയും വിതരണക്കാരെയും ഒഴിവാക്കിയുള്ള വിപ്ലവം. കണ്ടൻറിൻെറ കാര്യത്തിലാണ് മൂന്നാമത്തെ മാതൃക. പുതിയ ഷോട്ടുകൾ, പുതിയ രീതി, പുതിയ പരിചരണം എന്നിങ്ങനെ സാമ്പ്രദായികമല്ലാത്ത ഒരു ചലച്ചിത്ര സമീപനമായിരുന്നു ‘അമ്മ അറിയാൻ’ എന്ന സിനിമ. അതാണ് ജോണിൻെറ മൂന്നാമത്തെ വിപ്ലവം. ഇങ്ങനെ മൂന്ന് തരത്തിലും ജോൺ നടത്തിയ വിപ്ലവപോരാട്ടത്തിൻെറ ഫലമാണ് ഈ സിനിമ. ഇന്നല്ലെങ്കിൽ നാളെ ലോകത്ത് എവിടെയെങ്കിലും ആഘോഷിക്കപ്പെടുമെന്നും തിരിച്ചറിയപ്പെടുമെന്നും അന്നേ മനസ്സിലാക്കിയിരുന്ന ഒരു ടീമാണ് ഈ സിനിമയ്ക്കൊപ്പം വർക്ക് ചെയ്തിരുന്നത്. അവരിൽ പലരും പോയി. അവരുടെ ഓർമ്മകൾ മാത്രമാണ് ഇന്നുള്ളത്. പക്ഷേ തിരശ്ശീലയിൽ അവരെ കാണുമ്പോൾ എനിക്കും ബീനയ്ക്കും ഒരുപാട് ഓർമ്മകളാണ് മനസ്സിലേക്ക് വന്നത്. കാനിൽ സിനിമ കാണുമ്പോൾ ഞങ്ങളുടെ കണ്ണുകൾ ഈറനണിയുകയായിരുന്നു. ശരിക്കും കരയുകയായിരുന്നു. ഓരോ ഷോട്ടുകളും ഓരോ സീനുകളും ഞങ്ങൾക്ക് ഓർമ്മയുണ്ട്. ഓരോ ഷോട്ടിലും ജോൺ പെരുമാറിയ രീതി ഞങ്ങൾക്കോർമ്മയുണ്ട്. അന്ന് ഞങ്ങൾ കഴിച്ച ഭക്ഷണത്തിൻെറ കാര്യം പോലും ഓർമ്മയുണ്ട്. ഒന്നും മറക്കാൻ പറ്റുന്നില്ലാ… അങ്ങനെ ഓർമ്മകളാൽ വേട്ടയാടപ്പെട്ടിട്ടാണ് കാനിലെ ചുവന്ന പരവതാനിയിൽ ഞാൻ നടന്നത്.


Summary: Malayalam classic movie Amma Ariyan by John Abraham was screened in Cannes classics. It earned a standing ovation at the film festival, Joy Mathew writes.


ജോയ് മാത്യു

നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്​, സാംസ്‌കാരിക പ്രവർത്തകൻ. ബോധി ബുക്‌സ്​ എന്ന പ്രസാധന സ്​ഥാപനം നടത്തിയിരുന്നു.

Comments