‘ജോൺ’, ഇവിടെ നിൻ സൃഷ്ടികൾ ഉറങ്ങാതിരിക്കുന്നു…

സർഗ്ഗാത്മകമായ ഒരു ചലച്ചിത്ര പരീക്ഷണം തരുന്ന ആഹ്ളാദം തന്നെയാണ് ‘ജോൺ’ എന്ന സിനിമയുടെ കാഴ്ചാനുഭവത്തിൽ മുഖ്യമായിട്ടുള്ളത്.

ജോൺ എബ്രഹാം ജനകീയ സിനിമാ പ്രവർത്തനത്തിന്റെ എക്കാലത്തേയും വലിയ പ്രയോക്താവും ആവിഷ്‍കർത്താവുമായി ചലച്ചിത്രപ്രേമികളുടെ മനസ്സിലുണ്ട്. ജനകീയ സിനിമയുടെ ദർശനം തന്റെ സിനിമകളിലൂടെയും അവയുടെ നിർമിതികളിലൂടെയും ജോൺ അനുഭവഭേദ്യമാക്കിയിട്ടുണ്ട്. I am the Hitler of My Cinema എന്ന്​ സംവിധായകന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുമ്പോഴും കലാരംഗത്തെ മൂലധനത്തിന്റെ അധീശത്വത്തിനെതിരെയുള്ള തന്റെ വിട്ടുവീഴ്ചയില്ലാത്ത സമരത്തിൽ, കൂട്ടായ്മയുടെ ജൈവോർജ്ജത്തെ ജോൺ ഏറെ വിലമതിച്ചു. സിനിമയും അതിന്റെ പിറവിയും നിരന്തരം പരീക്ഷണത്തിനു വിധേയമാക്കാനും ജനപക്ഷ കലയുടെ സാക്ഷാത്കാരം നടത്താനും ജോൺ എന്ന മൗലികതയുള്ള കലാകാരൻ നിരന്തരം ശ്രമിച്ചു. വലിയ സ്വപ്നങ്ങൾ കണ്ടു. മൂലധനത്തിന്റെ ജനവിരുദ്ധവും കലാവിരുദ്ധവുമായ നൃശംസതകളെ തന്റെ ജീവിതം കൊണ്ടും സൃഷ്ടികൾ കൊണ്ടും പ്രതിരോധിച്ചു. ആത്മാർത്ഥമായ ചങ്ങാത്തങ്ങളുടെ കേന്ദ്രമായി. നല്ല സിനിമയെ സ്നേഹിക്കുന്നവരുടെ ഇഷ്ടതോഴനായി. ഈ ജോൺജീവിതത്തെ അതിന്റെ ആഴത്തിൽ കണ്ടെടുക്കാനുള്ള ഒരു സർഗാത്മക പരീക്ഷണമാണ് പാപ്പാത്തി മൂവ്‌മെൻറ്സി​ന്റെ ബാനറില്‍ പ്രേംചന്ദ് സംവിധാനം ചെയ്ത ‘ജോൺ’എന്ന സിനിമ. ജോൺ ഓർമകൾക്കും സ്വപ്നങ്ങൾക്കും സമരങ്ങൾക്കും ഒപ്പം സഞ്ചാരം നടത്താനുള്ള ഒരു ധീരമായ ശ്രമം.

കലാലോകം സ്വയം നിരോധനത്തിന് നിർബന്ധിതമാകുന്ന ഇന്നത്തെ ഭീതി നിറഞ്ഞ അവസ്ഥയിൽ ജോണിനെപ്പോലെ ധീരമായി സിനിമയെ സമകാലിക സമൂഹവുമായി ആശയവിനിമയത്തിനുള്ള ഉപാധിയാക്കിയ ഒരു സംവിധായകനെ ഓർക്കുന്നതുതന്നെ ഒരു രാഷ്ട്രീയപ്രവർത്തനമാണ്. ആത്മാന്വേഷണത്തിന്റെ ഓരോ അടിപ്പടവുകളിലും സൗഹൃദത്തിന്റെ തോരാമഴ പെയ്യിച്ച് കടന്നുപോയൊരാളുടെ ജീവിതയാത്രയെ ഓർത്തെടുക്കുന്നത് വികാരഭരിതമാവാതെയും വയ്യ. പിതാവിനൊപ്പം കല്ലറയിൽ കഴിയുന്ന ജോൺ (തന്റെ അപ്പന്റെ കല്ലറയ്ക്കകത്ത്​ തന്നേയും അടക്കണമെന്നഭിലഷിച്ച് അങ്ങനെ അടക്കപ്പെട്ട ആളാണ് അരാജകനെന്ന് മുദ്രകുത്തപ്പെട്ട ജോൺ.) അപ്പനോട് ജീവിതം പറയുന്ന ആഖ്യാനരീതിയാണ് സിനിമയിൽ അവലംബിച്ചിട്ടുള്ളത്. ഫീച്ചർ ഫിലിമിന്റെ ഫോർമാറ്റിൽ ജോണിനെ ആവിഷ്കരിക്കാനുള്ള മികച്ചൊരു സങ്കേതമായി ഇതനുഭവപ്പെടുന്നുണ്ട്. ജോൺ ഓർമയായിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ട ശേഷമാണ് കഥാചിത്രത്തിന്റെ രൂപത്തിൽ ഇത്തരമൊരു സൃഷ്ടി പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്.

‘ജോണ്‍’ സിനിമയില്‍ നിന്ന്

തന്റെ സിനിമകളിൽ മുദ്രിതമായ സമകാലികതയും പാരമ്പര്യവും തമ്മിലുള്ള സംഘർത്തിന്റെ തലങ്ങൾ ജോൺ സിനിമകളിലെന്നപോലെ കല്ലറയിലെ ഭാഷണത്തിലുമുണ്ട്. ജോൺ സൃഷ്ടികളിൽ സന്നിവേശിപ്പിച്ച ആത്മസഞ്ചാരങ്ങളുടെ തുടർച്ച കൂടിയായി അപ്പനുമായുള്ള ഭാഷണങ്ങളെ കാണാം. അസ്തിത്വപരമായ പ്രതിസന്ധികളെ രാഷ്ട്രീയമായി നോക്കിക്കണ്ട ചലച്ചിത്രപ്രതിഭയായിരുന്നു ജോൺ എബ്രഹാം. തന്റേയും സമൂഹത്തിന്റേയും അത്തരം സംഘർഷങ്ങളെ ധീരമായ സത്യസന്ധതയോടെയും സ്വാതന്ത്ര്യത്തോടെയും ആവിഷ്കരിക്കാനും ജോൺ ശ്രമിച്ചു. വർത്തമാനകാലത്തെ പ്രചോദിപ്പിക്കാൻ പോന്ന ചലച്ചിത്രങ്ങളാണ് അദ്ദേഹം മൗലികമായ കയ്യൊപ്പോടെ ഇവിടെ ബാക്കിവച്ചുപോയത്. സൗന്ദര്യശാസ്ത്രത്തിന്റെ തലത്തിലും പ്രതിബദ്ധതയുടെ കാര്യത്തിലും മികച്ച സംവാദശേഷി അതു വർത്തമാനകാലത്തും പ്രകടിപ്പിക്കുന്നു. സിനിമാനിർമ്മാണത്തിലെ കൂട്ടായ്മയുടെ ശേഷി തിരിച്ചറിയുകയും പ്രയോഗിക്കുകയും ചെയ്ത ആക്ടിവിസ്റ്റിനെ ഈ സിനിമ കണ്ടെത്തുന്നുണ്ട്.

തന്റെ സ്വതന്ത്രമായ യാത്രയിലൊരു നിമിഷത്തിൽ ചലച്ചിത്രപ്രേമികളെ സങ്കടത്തിലാക്കി ഈ ലോകത്തു നിന്ന്​ വിടവാങ്ങിയ ജോൺ ജാഗ്രതയോടെ ഉണർന്നിരിക്കുന്നുണ്ട് എന്നു ഈ സിനിമ പ്രേക്ഷകരെ അനുഭവപ്പെടുത്തുന്നു. കാലത്തേയും സമൂഹത്തേയും കലയേയും സ്വപ്നങ്ങളേയും പോരാട്ടങ്ങളേയും കുറിച്ച് പറഞ്ഞുകൊണ്ട്. നൊമ്പരങ്ങളും പ്രണയങ്ങളും വിവിധങ്ങളായ കാമനകളും നിറഞ്ഞ ജീവിതത്തെ സൂക്ഷ്മമായി പിന്തുടർന്നുകൊണ്ട്. കടലും തെരുവുകളും പേമാരിയും കൊടുങ്കാറ്റും ആകാശവും പ്രളയവും എല്ലാം സ്വാഭാവികമായി വരച്ചുവച്ച നിത്യജീവിത ചിത്രങ്ങളിലൂടെ ക്യാമറ സൂക്ഷ്മമായി ചലിപ്പിച്ചാണ് ഇതു സാധ്യമാക്കുന്നത്. ചിരപരിചിതമായ ആഖ്യാനത്തിന്റെ രേഖീയത ലംഘിക്കുന്ന ദൃശ്യവിന്യാസത്തിലൂടെയാണ് ഇതു ഫലപ്രദമായി യാഥാർത്ഥ്യമാക്കുന്നത്. ജോൺ സിനിമകളിലെ സീനുകളിൽ നിന്ന്​ സുഹൃദ് ജീവിതങ്ങളുടെ സമകാലിക സന്ദർഭങ്ങളിലേക്കുള്ള ജംപ്​ കട്ടുകൾ സിനിമയുടെ ലക്ഷ്യത്തെ നന്നായി സഹായിക്കുന്ന രീതിയിലാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. സിനിമയിലെ പുതുകാല ഭാവുകത്വത്തോടൊത്തു സഞ്ചരിക്കുകയും സംവദിക്കുകയും ചെയ്യുന്നുണ്ട് ഇവ. ജോൺ എന്ന മനുഷ്യനോട് അയാളുടെ അഭാവത്തിലും പുതുതായി സൗഹൃദപ്പെടാൻ യുവചലച്ചിത്രപ്രേമികളെ അതു പ്രചോദിപ്പിക്കും. കോഴിക്കോട് അബ്ദുൾഖാദറിന്റെ സംഗീതം (തിരമാല, 1953) എഴുപതു വർഷങ്ങൾക്കുശേഷം ഈ സിനിമ പുതുമയോടെ മായ്ച്ചും വരച്ചുമുള്ള ഒരു ചിത്രത്തിന്റെ ജനന(മരണ) സന്ദർഭത്തിൽ ഉപയോഗിച്ചിരിക്കുന്നു.

ജോണിന്റെ സിനിമാസൃഷ്ടികളായ അഗ്രഹാരത്തിൽ കഴുതയും ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളും അമ്മ അറിയാനും കല്ലറയിൽ നിന്നുള്ള അപ്പനോടുള്ള പറച്ചിലിൽ പുറത്തു വരുന്നു. സാക്ഷാത്കരിക്കാതെ പോയ കയ്യൂർ സമരത്തെക്കുറിച്ചുള്ള സിനിമ വരുന്നു. ജനകീയ കലയെക്കുറിച്ചും പോരാളികളുടെ യഥാർത്ഥ മാനസിക വ്യാപാരങ്ങളെക്കുറിച്ചും അതേറെ സൂചിപ്പിക്കുന്നുണ്ട്. സാക്ഷാത്കരിക്കാതെ അവശേഷിപ്പിച്ച സിനിമകളാവും ഒരു പക്ഷ ഏറെ പറയുക. മനസ്സിൽ അപൂർണമായി നിലനിന്നിരുന്ന സിനിമകൾ. സിനിമകളും സ്‌ക്രിപ്റ്റുകളും സീനുകളുമെല്ലാം ഉൾവഹിച്ചുള്ള യാത്രകളായിരുന്നല്ലോ ജോണിന്റേത്. ഇപ്പോഴും ഒരു നിമിഷം ജോൺ കടന്നുവരാനിടയുണ്ടെന്ന് കരുതുന്നവരാണല്ലോ ഒപ്പം പൊരുതിയവർ. ജോൺ അവരേയും അവർ ജോണിനേയും കണ്ടെത്തുന്ന മുഹൂർത്തങ്ങൾ ഈ സിനിമ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്.

ജോൺ ഓർമകൾ ബന്ധപ്പെട്ടവരിൽ എന്നും മായാതെ നിൽക്കുന്നു. എത്ര ജീവിതത്തിരക്കുകളിൽ മുഴുകുമ്പോഴും അത് തിരയടിച്ചു വരുന്നു. മറക്കാൻ ശ്രമിച്ചാലും അവരുടെ മനോവ്യാപാരങ്ങളുടെ ഭാഗമായി കൂടെ നിൽക്കുന്നു. സിനിമയിൽ ആവിഷ്കൃതമായ ഈ ചങ്ങാത്തങ്ങൾ അക്കാലത്തേയും ഇക്കാലത്തേയും രാഷ്ട്രീയം പറയുന്നുണ്ട്. മതിലുകളും വേലികളും നിറഞ്ഞ സമകാല ജീവിതത്തിന്റെ ശുഷ്കത വെളിപ്പെടുത്തുന്നുണ്ട്. ജീവിക്കുന്ന കാലത്തോടും പ്രകൃതിയോടും സ്വന്തം മന:സാക്ഷിയോടും സത്യസന്ധരായിരിക്കുക എന്നതൊരു സമരമാണ്. ആന്തരിക പ്രക്ഷോഭം കൂടി ആവശ്യപ്പെടുന്ന ഒന്ന്. ജോണിനെപ്പോലൊരു ചലച്ചിത്ര പ്രതിഭ കാട്ടിയ സത്യസന്ധതയും സുതാര്യതയും ആന്തരിക സംഘർഷങ്ങളുടെ ഭൂമികയിൽ ഒരോ സുഹൃത്തിനേയും ചുട്ടുപൊള്ളിക്കുന്നുണ്ടാവണം.

പ്രൊഫ. ശോഭീന്ദ്രന്‍ ‘ജോണ്‍’ സിനിമയില്‍

അമ്മയെ വീണ്ടെടുക്കാനുള്ള ഒരു മകന്റെ പരിശ്രമമായിരുന്നു ജോണിന്റെ സിനിമകൾ എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. സഹോദരിമാരുടെ സ്നേഹത്തണലിലാണ് ജോൺ വളർന്നു വലുതായത്. സഹോദരി ശാന്തയുമായുള്ള ആത്മബന്ധം ഈ സിനിമയിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ സുഹൃത്തുക്കളുടെ സ്നേഹസാന്നിദ്ധ്യത്തിലാണ് ആ ജീനിയസ് പ്രവർത്തനനിരതനായത്. സൗഹൃദവും സിനിമ പോലെ തന്നെ ജോണിന് ജീവിതത്തിൽ ലഹരിയായിരുന്നു. ആത്മഹത്യചെയ്ത ഹരി എന്ന മകന്റെ മരണവാർത്തയുമായി അമ്മയിലേക്ക് ഒരു മകൻ നടത്തുന്ന ആത്മയാത്രയും ഒരു സുഹൃദ്‌സമൂഹത്തോടൊപ്പമായിരുന്നു. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ മരിച്ചുപോയ അമ്മ കല്ലറയിൽ നിന്ന് ആത്മാവിന്റെ ഭാഷയിൽ സംസാരിക്കുന്നുണ്ട്. ആത്മസത്തയെക്കുറിച്ചുള്ള തിരിച്ചറിവുകളുടെ തുറവിയാണിവിടെ സംഭവിക്കുന്നത്. ഫ്രെയിമുകളിൽ തന്റെ ജോണനുഭവത്തിന്റെ അർത്ഥങ്ങളത്രയും പകർത്തിവയ്ക്കാൻ സംവിധായകൻ പ്രേംചന്ദ് ഈ സിനിമയിൽ ശ്രമിച്ചതായി കാണാം. അനുഭവത്തിന്റെ ഇന്നലെകൾ ഈ സിനിമയിൽ സന്നിവേശിപ്പിച്ച രീതി ഹൃദ്യവും ഉന്മേഷദായകവുമാണ്.

ഷുഹൈബ് ‘ജോണ്‍’ സിനിമയില്‍

ജോൺ എബ്രഹാമിന്റെ സിനിമകളേയും ജീവിതത്തേയും ആസ്പദമാക്കി ഒരു ഫീച്ചർ ഫിലിം ചെയ്യുക ഒരു വെല്ലുവിളി തന്നെയാണ്. ‘എനിക്ക് ഞാനാഗ്രഹിക്കുന്ന സിനിമകളുണ്ടാക്കിയാല്‍ മതി’ എന്നു പ്രഖ്യാപിച്ച പ്രതിഭയുടെ ആന്തരികസംഘർഷങ്ങളും നാടകീയതയും നിറഞ്ഞ ജീവിതത്തെ അതിന്റെ സമഗ്രതയിൽ അനുഭവഭേദ്യമാക്കുക തീർച്ചയായും പുതുവഴികൾ ആവശ്യമുള്ള ഒന്നായിരിക്കണം. ഭാവിയിലേക്കും ഭൂതത്തിലേക്കും നീളുന്ന, മുമ്പിലേക്കും പിറകിലേക്കും സഞ്ചരിക്കുന്ന ഒരു ആഖ്യാനമാണ് സിനമയിലുള്ളത്. അവ തിരശ്ചീനമായും ലംബമായും ചലിക്കുന്നു. ജോൺ അലഞ്ഞ കോഴിക്കോട് നഗരത്തിന്റെ നിരത്തുകളേയും തെരുവുകളേയും ഇടവഴികളേയും ആൾക്കൂട്ടങ്ങളേയും സിനിമ പിന്തുടരുന്നുണ്ട്. കുതിരവട്ടത്തെ ചിത്തരോഗാശുപത്രിയിലെ ഇരുട്ടു നിറഞ്ഞ മനുഷ്യജീവിതം പശ്ചാത്തലമാകുന്നുണ്ട്. അനാഥപ്രേതം പോലെ ജോൺ കിടന്ന കോഴിക്കോട്ടെ മോര്‍ച്ചറിയുണ്ട്. അദ്ദേഹത്തിന്റെ മരണം അവഗണിച്ച് കോഴിക്കോട്ട് താരനിശ നടത്തിയ വരേണ്യരായ സിനിമാക്കാരെ ഈ സിനിമ വിചാരണ ചെയ്യുന്നുണ്ട്. അതിനെതിരെ നടന്ന പ്രതിഷേധം കാണിക്കുന്നുണ്ട്. അമ്പതാം വയസ്സിൽ വിട്ടുപോയ ജോണിന്റെ പിന്നീടുള്ള ജീവിതം പൂരിപ്പിക്കുക കൂടിയാണ് ഇവിടെ.

ജോൺ സൗഹൃദോർമകളിൽ നിന്ന് രക്ഷപ്പെടാനോ ഓടിയൊളിക്കാനോ ശ്രമിക്കുന്നവർ പരാജയപ്പെടുകയേ ഉള്ളൂ എന്ന് ഈ ചിത്രം സൂചിപ്പിക്കുന്നുണ്ട്. സ്നേഹസൗഹൃദത്തിന്റെ തോരാമഴ വർഷിച്ച് കടന്നുപോയ പ്രതിഭയുടെ ജീവിതം കണ്ട ചങ്ങാത്തങ്ങൾ. താൻ അനുഭവിച്ച ജോണിനേയാണ് ഈ ചിത്രത്തിൽ വരച്ചിടാൻ ശ്രമിച്ചതെന്ന് ആമുഖമായി സംവിധായകന്റെ പ്രസ്താവമുണ്ട്. ഇപ്പോഴും ഏതു നിമിഷവും ജോണിന്റെ വരവ് അനുഭവപ്പെടുന്നവരുണ്ടാകാം. അവരിലൂടെയാണ് ഈ ചിത്രം ജോണിലേക്ക് സഞ്ചരിച്ചെത്തുന്നത്. ജോൺ അവരുടെ ഓരോരുത്തരുടേയും ജീവിതത്തിലേക്ക് എത്തുകയാണ്. അതു മരിച്ചുപോയ ജോണിനെ അനുസ്മരിക്കുന്ന പതിവു രീതിയല്ല. ഓർമയിൽ ഇന്നുമുള്ള ജോണും ആത്മസുഹൃത്തുക്കളും തമ്മിലുള്ള പരസ്പര പങ്കുവയ്ക്കലാണ്. അതിൽ ഒഡേസ അമ്മദിനെപ്പോലെ ജോണിന്റെ അമ്മ അറിയാൻ എന്ന സിനിമയുടെ സാക്ഷാത്കാരത്തിൽ നെടുംതൂണായി നിന്ന ചിലരെ കാണാത്തതിൽ പ്രേക്ഷകർക്ക് സങ്കടമുണ്ടാകാനിടയുണ്ടെന്നു കൂടി പറയണം എന്നു തോന്നുന്നു.

ജോണ്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും, കോഴിക്കോട് ശ്രീ തീയേറ്ററില്‍ നിന്നുള്ള ചിത്രം.

ദീദി ദാമോദരനാണ് അഞ്ച് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചത്. മുക്തയാണ് നിർമ്മാതാവും ക്രിയേറ്റിവ് ഡയരക്ടറും. രാമചന്ദ്രബാബു, എം. ജെ. രാധാകൃഷ്ണൻ, ഫൗസിയ ഫാത്തിമ, പ്രതാപ് ജോസഫ്, രാഹുൽ അക്കോട്ട് എന്നിവർ ചേർന്നാണ് സിനിമാട്ടോഗ്രാഫി ചെയ്തത്. അപ്പു എൻ. ഭട്ടതിരി ദൃശ്യങ്ങൾ മനോഹരമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. നിഥിൻ ലുക്കോസ് സൗണ്ട് ഡിസൈനിംഗ് നിർവഹിച്ചു. സംഗിതസംവിധാനം ശ്രീവൽസൻ ജെ. മേനോൻ ആണ്. കലാസംവിധാനം ദുന്ദു.

ജോണിന്റെ വിവിധ സിനിമകളിൽ വേഷമിട്ടവരും ജോണിന്റെ സുഹൃത്തുക്കളും ജോണിന്റെ സഹോദരി ശാന്തയും പ്രേംചന്ദിന്റെ ജോൺ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് സാന്നിദ്ധ്യമാകുന്നുണ്ട്. അവരിൽ ഇന്നു നമ്മുടെ കൂടെ ഇല്ലാത്തവരും ഉള്ളവരുമുണ്ട്. ഹരിനാരായണൻ, നന്ദകുമാർ, രാമചന്ദ്രൻ മൊകേരി, ശോഭീന്ദ്രൻ മാസ്റ്റർ, മധുമാസ്റ്റർ, ശുഹൈബ്, ആർട്ടിസ്റ്റ് മദനൻ, ദീപക് നാരായണൻ, ജോൺസ് മാത്യു, ചെലവൂർ വേണു തുടങ്ങിയവ‍ർ സിനിമയിൽ അഭിനയിച്ചവരിൽ ഉൾപ്പെടുന്നു. ഒഡേസ സത്യനെപ്പോലെ നേരത്തെ വിട്ടുപോയവർ അനുസ്മരണത്തിന്റെ ദൃശ്യങ്ങളിലൂടെ ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹരിനാരായണനും മധുമാസ്റ്ററും നന്ദകുമാറും രാമചന്ദ്രൻ മൊകേരിയുമൊക്ക ജീവിച്ചിരുന്ന കാലത്തിൽ തന്നെ ആ ഭാഗങ്ങൾ ചിത്രീകരിക്കാൻ സാധിച്ചത് സിനിമയെ ഏറെ സഹായിച്ചതായി കാഴ്ചയിൽ അനുഭവപ്പെടുന്നുണ്ട്. സർഗ്ഗാത്മകമായ ഒരു ചലച്ചിത്ര പരീക്ഷണം തരുന്ന ആഹ്ളാദം തന്നെയാണ് ഇതിന്റെ കാഴ്ചാനുഭവത്തിൽ മുഖ്യമായിട്ടുള്ളത്.

Comments