Joker: Folie a Deux ജീവിതം പോലെ അസംബന്ധങ്ങളുടെ ആഘോഷമാകുന്ന സിനിമ

സിനിമ എന്ന കച്ചവടച്ചരക്കിനെ പൂർണമായും വിനോദോപാധിയായി കാണുന്ന ലോകത്തിൽ ഇതാ ചിരി രോഗമായി അനുഭവിക്കേണ്ടി വരുന്ന ഭ്രാന്തൻ നായക കഥാപാത്രം. സിനിമയ്ക്കുള്ളിലെ സിനിമ 'വിനോദത്തെ' അസംബന്ധമായി കാണുമ്പോൾ, ജോക്കർ എന്ന സിനിമയുടെ വിനോദസാധ്യതയെ കൂടിയാണ് സംവിധായകൻ വിമർശനവിധേയമാക്കുന്നത്. Joker: Folie a Deux എന്ന സിനിമയുടെ കാഴ്ച, കുഞ്ഞുണ്ണി സജീവ് എഴുതുന്നു.

‘‘ഏകാന്ത ജീവിതത്തിൽ സമയം പോക്കുവാനായി നിങ്ങൾ എന്തു ചെയ്യും?’’, സാരസൂത്രയുടെ ചോദ്യം സന്യാസിയെ ചിന്തിപ്പിച്ചു.

"ഞാൻ ഗാനങ്ങൾ ഉണ്ടാക്കും, അവ പാടി നടക്കും. ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോഴും ആസ്വദിക്കുമ്പോഴും ഞാൻ ഉച്ചത്തിൽ ചിരിക്കും, ഏങ്ങലടിച്ച് കരയും, വിറളിപിടിച്ച് മുരളും. അങ്ങനെ ഞാൻ എന്റെ ദൈവത്തെ ആരാധിക്കും".

ഏകാന്ത ജീവിതത്തിൽ സംഗീതവും, സംഗീതം തൊട്ടുണർത്തുന്ന വികാരങ്ങളുമാണ് സന്ന്യാസിയെ മുന്നോട്ട് നയിക്കുന്നത്, അതിലൂടെ സാധ്യമാകുന്ന ദൈവാരാധന അയാളുടെ ജീവൻ നിലനിർത്തുന്നു.

‘‘അതെങ്ങനെ സാധ്യമാകും?, ദൈവം മരിച്ചുവല്ലോ", സാരസൂത്ര സ്വന്തം മനസിനോടായി പറഞ്ഞു.

ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യർ - നേതാക്കളെ, രാഷ്ട്രീയപാർട്ടികളെ, ആശയധാരകളെ, വംശങ്ങളെ, എന്തിന് തങ്ങളെ തന്നെയും പ്രതിഷ്ഠിക്കുന്ന കാലം ആരംഭിക്കുമ്പോഴാണ് നീത്ഷെയുടെ (Friedrich Nietzsche) സാരസൂത്ര (Thus Spake Zarathustra) വായനക്കാരിലേക്ക് എത്തുന്നത്. മതങ്ങളെയും, മതങ്ങൾ മുന്നോട്ടുവെക്കുന്ന ദൈവത്തെയും മനുഷ്യൻ മാറിക്കടക്കുമ്പോഴും തൽസ്ഥാനത്ത് മറ്റെന്തെങ്കിലും ഒന്ന് പ്രതിഷ്ഠിക്കാതെ അവർക്ക് ജീവിതം സാധ്യമല്ല. ക്രമം തെറ്റിപ്പോകുന്ന ജീവിതത്തിന് ആശ്വാസമായി ക്രമവും ചിട്ടയും പാലിച്ച് പോരുന്ന ഒരു വിശ്വാസം - ആശ്വാസമായി ഇന്നും നിലകൊള്ളുന്നു. യഥാർത്ഥ ലോകത്ത് മനുഷ്യജീവിതം പൂർണമായും അസംബന്ധമാകുമ്പോൾ - അർത്ഥമില്ലാത്തതാകുമ്പോൾ, മനുഷ്യൻ ശരണം പ്രാപിക്കുക അവർ കണ്ടെത്തിയ ദൈവത്തിലാണ്.

സിനിമകളിലും മനുഷ്യൻ ദൈവത്തെ തിരയാറുണ്ട്, ആ തിരച്ചിൽ ചിലപ്പോൾ വിജയിക്കും, ചിലപ്പോൾ പരാജയപ്പെടും. അസംബദ്ധമായ ജീവിതത്തിൽ നിന്ന് മനുഷ്യരെ (സം)രക്ഷിക്കുന്ന കലകളുടെ കൂടിച്ചേരലാണ് ഓരോ സിനിമയും. ജീവിതത്തിൽ കണ്ടെത്തുവാൻ കഴിയാത്ത ലോജിക്കും, നീതിയും, ന്യായവും, ഘടനയും, പ്രതീക്ഷകളുമെല്ലാം സിനിമയിലെ കഥാഘടനയിൽ, കഥാപാത്ര നിർമിതിയിൽ അവർ തിരയും. സിനിമാക്കഥകളിലെ കേന്ദ്രകഥാപാത്രത്തിന്റെ - കഥാപാത്രങ്ങളുടെ ജീവിതവും, കാമനകളും, ഹിംസയും, സംഗീതവും കാഴ്ചക്കാരെ അവരുടെ അസംബദ്ധ ജീവിതത്തിൽ നിന്ന് (സം)രക്ഷിച്ച് നിർത്തുന്നു. അത്തരം രക്ഷപ്പെടുത്തലുകൾ മികച്ച രീതിയിൽ സാധ്യമാക്കുന്ന സിനിമകൾ വൻ വിജയങ്ങളായി മാറുന്നു. ചുരുക്കത്തിൽ സിനിമ കാണുക എന്ന ആചാരം ആധുനിക മനുഷ്യൻ എന്ന ഏകാന്ത ജീവിയുടെ ദൈവാരാധനയാണ്.

എന്നാൽ അതേ ദൈവാരാധന തന്നെ മനുഷ്യജീവിതത്തിന്റെ അസംബദ്ധത്തെ തുറന്നുകാട്ടിയാൽ എന്താകും അവസ്ഥ?.. സിനിമയിലെ സംഗീതവും, പ്രണയവും, ഹിംസയും, പൊട്ടിത്തെറികളും, മരണവും എല്ലാം അസംബന്ധമായാൽ എന്താകും സംഭവിക്കുക?. കഥാവസാനം പ്രേക്ഷകർ ആരാധിച്ചുപ്പോന്നിരുന്ന ദൈവത്തെ കൊന്നു കളഞ്ഞാൽ എന്താകും സംഭവിക്കുക?.

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത 'ജോക്കർ: ഫോളി അ ഡൂ' (Joker: Folie à Deux) എന്ന ചിത്രം പ്രേക്ഷകരെ അനുഭവിപ്പിക്കുന്നത് മനുഷ്യാവസ്ഥയുടെ അസംബന്ധത്തെയാണ്. ആ അസംബന്ധത്തോടുള്ള വിയോജിപ്പ് ലോകമെങ്ങും സിനിമക്കെതിരെ ഉയർന്നുവരുന്ന മോശം പ്രതികരണങ്ങളിൽ കണ്ടെത്താം. പുതിയ ജോക്കർ എന്ന സിനിമയുടെ കാഴ്ചാനുഭവം പങ്കുവെക്കുകയാണിവിടെ.

ജോക്കർ: ഫോളി അ ഡൂ' എന്ന സിനിമയിൽ നിന്നും
ജോക്കർ: ഫോളി അ ഡൂ' എന്ന സിനിമയിൽ നിന്നും

'ജോക്കർ' എന്ന കഥാപാത്രത്തെ ശ്രദ്ധേയനാക്കുന്നത് 'ഭ്രാന്തിനെ' സിനിമയുടെ സാമൂഹിക- സാംസ്കാരിക ഭൂമികയിൽ അവതരിപ്പിച്ചുകൊണ്ടാണ്. സിനിമയുടെ കേന്ദ്രകഥാപാത്രം ഭ്രാന്തനാകുമ്പോൾ - സ്റ്റേജിലെ പ്രധാനപ്പെട്ട ഇടം നേടുമ്പോൾ- സിനിമ സംവദിക്കാൻ ശ്രമിക്കുന്ന സത്യത്തിന്റെ നിയന്ത്രണം അയാളുടെ കൈകളിലായി തീരുന്നു. അയാളുടെ യാത്രകളും മാനസിക വ്യാപാരങ്ങളും തുറന്നിടുന്ന സാധ്യത വളരെ വലുതാണ്. ഭ്രാന്തിന്റെ യാത്ര പകുതി ഭാവനയും പകുതി യാഥാർഥ്യവുമായി മാറിമറിയുന്ന യാത്രയാണ്. യുക്തിയുടെ ചക്രവാളത്തിൽ തെളിഞ്ഞുനിൽക്കുന്ന അയുക്തി. യുക്തിയുടെ വെളിച്ചം തീർക്കുന്ന ചക്രവാളത്തിൽ വലിയ സാധ്യതകൾ തുറന്നിടുന്ന ഇരുട്ടായി അയുക്തി മാറുമ്പോൾ ഭ്രാന്തെന്ന ഇരുട്ട് തേടുന്നത് സ്വാതന്ത്ര്യമോ, വിപ്ലവമോ, അരാജകത്വമോ, വിമോചനമോ ആണ്. ഭ്രമാത്മകതയിൽ മുങ്ങിനിൽക്കുന്ന മനുഷ്യന്റെ ആഗ്രഹങ്ങളാണവ. 2019-ൽ പുറത്തിറങ്ങിയ 'ജോക്കർ' എന്ന സിനിമയുടെ രണ്ടാം ഭാഗം എന്ന നിലയ്ക്കാണ് 'ജോക്കർ: ഫോളി അ ഡൂ" പ്രേക്ഷകരിയിലേക്ക് എത്തുന്നത്. മ്യൂസിക്കൽ സൈക്കോളജിക്കൽ ത്രില്ലറായി അവതരിപ്പിച്ചിട്ടുള്ള കഥയിൽ ആർതർ ഫ്ലേക്കായി വാക്വീൻ ഫീനിക്‌സും (Joaquin Phoenix) ലീ ക്വീൻ എന്ന കഥാപത്രമായി ലേഡി ഗാഗയും (Lady Gaga) അഭിനയിക്കുന്നു.

ജോക്കർ എന്ന കഥാപത്രം ആർതർ ഫ്ലേക്കിന്റെ മറ്റൊരു മുഖമായി (നിഴലായി) അവതരിക്കുമ്പോൾ, ലീ ക്വീൻ ജോക്കറിന്റെ സ്ത്രീരൂപമായ ഹാർലി ക്വീനായി മാറുന്നുണ്ട്. സിനിമയുടെ പേരിൽ തന്നെ ഉൾച്ചേർന്നിരിക്കുന്ന 'ഫോളി അ ഡ്യൂ' എന്ന മാനസികനില രണ്ട് വ്യക്തികൾക്കിടയിൽ (ജോക്കറും ഹാർലി ക്വീനും) വളരുന്ന മാനസിക രോഗത്തെ സൂചിപ്പിക്കുന്നു. ഒരാളുടെ മാനസികനില മറ്റൊരാളെ സ്വാധീനിക്കുന്ന അവസ്ഥ. രണ്ടു പേർക്കിടയിൽ വളരുന്ന പ്രണയവും - സ്വപ്നങ്ങളും മിഥ്യയായി മറ്റുള്ളവർക്ക് തോന്നുമ്പോഴും അവർക്കിടയിൽ അത് ആ മിഥ്യാജീവിതത്തിന്റെ പരമമായ സത്യമായി മാറുന്നു. രണ്ടുപേർക്കിടയിൽ വളരുന്ന പ്രണയത്തെ ഭ്രാന്തായും, 'ജോക്കർ' എന്ന കഥാപാത്രവും പ്രേക്ഷകരും തമ്മിലുള്ള ഭ്രാന്തമായ ബന്ധമായും 'ഫോളി അ ഡൂ' വിനെ വായിച്ചെടുക്കാം. ആർതർ ഫ്ലേക്ക് സ്നേഹിതർക്കിടയിൽ അറിയപ്പെടുന്നത് 'ആർട്ട്' എന്ന ചുരുക്കപ്പേരിലാണ്. കലയും ഭ്രാന്തും (ആർതർ ഫ്ലേക്കും ജോക്കറും) തമ്മിൽ നിലനിൽക്കുന്ന അതിതീവ്രമായ ബന്ധത്തെയും ഇത് സൂചിപ്പിക്കുന്നു.

'ജോക്കർ' എന്ന കോമിക്കൽ കഥാപാത്രത്തെ രാഷ്ട്രീയ- സാമൂഹിക വിശകലനത്തിന് വിധേയമാക്കിയ ആദ്യ ഭാഗത്തിൽ, ആർതർ ഒരു സാധാരണക്കാരനാണ്. ചെറുപ്പത്തിൽ നേരിട്ട ഭീകര പീഡനങ്ങളുടെ മുറിവുകൾ അയാളെ 'സ്യുഡോബൾബാർ അഫക്ട്' (Pseudobulbar affect) എന്ന രോഗത്തിലേക്കാണ് നയിച്ചത്. ഏത് വൈകാരികമായ നിമിഷത്തിലും അനിയന്ത്രിതമാം വിധത്തിൽ ചിരിപ്പിക്കുന്ന രോഗം, ഒരു വൈരുദ്ധ്യമാണ്. സ്വന്തം ജീവിതത്തിൽ സന്തോഷവാനല്ലാത്ത ആർതർ ഫ്ലേക്ക് നിയന്ത്രിക്കനാവാത്ത ചിരിയിൽ പെട്ടുപോകുന്നു. അമ്മ അയാളെ വിശേഷിപ്പിച്ചിരുന്നത് 'ഹാപ്പി' എന്നാണ്. മറ്റുള്ളവരെ ചിരിപ്പിക്കുക എന്ന പ്രവർത്തി ജോലിയായി മാറ്റിയ ആർതർ കമ്പനികൾക്കുവേണ്ടി പരസ്യബോർഡായി മാറുന്ന കോമാളിയായി. ഏത് വികാരവും ചിരിയായി, മാറ്റുന്ന ജീവിതരീതിയെക്കുറിച്ച് സ്ളാവോയ് സിസേക്ക് കണ്ടെത്തുന്നത് ലേറ്റ് ക്യാപിറ്റലിസത്തിന്റെ സ്വാധീനമായാണ്.

സിനിമയിൽ ജോക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാക്വീൻ ഫീനിക്‌സ് എന്ന നടൻ
സിനിമയിൽ ജോക്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വാക്വീൻ ഫീനിക്‌സ് എന്ന നടൻ

ചിരിയും, സന്തോഷവും, ആഘോഷവുമെല്ലാം ഇന്ന് കച്ചവടത്തിന്റെ നിയന്ത്രണത്തിലാണ്. ഓരോ നിമിഷവും ആഘോഷിച്ച് തീർക്കേണ്ട ജീവിതത്തെക്കുറിച്ച് പരസ്യങ്ങളിലൂടെ നാം ദിനംതോറും ഓർമിക്കാറുണ്ട്. സിനിമ എന്ന കച്ചവടച്ചരക്കിനെ പൂർണമായും വിനോദോപാധിയായി കാണുന്ന ലോകത്തിൽ ഇതാ ചിരി രോഗമായി അനുഭവിക്കേണ്ടി വരുന്ന ഭ്രാന്തൻ നായക കഥാപാത്രം. ക്യാപിറ്റലിസത്തിന്റെ ചൂഷണം കോമാളിവേഷം കെട്ടിച്ച ആർതർ സ്വന്തം വേദനകൾ ചിരിയായി മാറ്റി, ജീവിതം തുടരുന്ന സാധാരണ മനുഷ്യനാണ്. മാർക്സിസ്റ്റ് രീതിയിൽ നോക്കിയാൽ സർവ ചൂഷണങ്ങളും ഏറ്റുവാങ്ങി ഒന്നും തന്നെ നഷ്ടപ്പെടുവാനില്ലാതെ ജീവിക്കുന്ന 'തൊഴിലാളി'. വിപ്ലവത്തിനുമുന്നിൽ നിൽക്കുവാൻ, വിപ്ലവം ജയിപ്പിക്കുവാൻ സർവസാധ്യതകളും കഴിവുമുള്ള 'വർക്കിംഗ് ക്ലാസ് ഹീറോ'യായി ജോക്കർ ആദ്യഭാഗത്ത് നിറഞ്ഞുനിൽക്കുന്നു. ഭരണകൂടം തനിക്കും തന്റെ അമ്മയ്ക്കും നൽകി വന്നിരുന്ന മെഡിക്കൽ പരിരക്ഷ ക്യാൻസൽ ചെയ്യുന്നതും, ധനികനായ പിതാവിന്റെ നിരാസങ്ങളും ധനികരായ ചെറുപ്പക്കാരിൽ നിന്ന് നേരിട്ട പരസ്യമായ ഉപദ്രവുമെല്ലാം ആർതറിനുള്ളിലെ ജോക്കറിനെ ഉണർത്തുന്നു. സ്വന്തം ജീവന് സംരക്ഷണം നൽകുവാനായി വാങ്ങിയ തോക്ക് ഉപയോഗിച്ച് അയാൾ തന്നെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഉപദ്രവിച്ചിരുന്ന മനുഷ്യരെ വകവരുത്തുന്നു. കൊലകളിലൂടെ ആർതർ എന്ന അസ്തിത്വത്തിൽ നിന്നും ജോക്കർ എന്ന പ്രതിനായകനിലേക്കുള്ള വളർച്ച പ്രേക്ഷകരെ വിനോദിപ്പിക്കുന്നുണ്ട്.

കൊലകൾക്കുശേഷം അതുവരെ ആകുലതകളാൽ താളം തെറ്റി നിന്നിരുന്ന ആർതറിന്റെ ശരീരം നിയന്ത്രണത്തിൽ വരുന്നതായി കാണാം. കാൾ യുങ്ങിന്റെ ഭാഷയിൽ പറഞ്ഞാൽ അയാൾ സ്വന്തം നിഴലിനെ (ജോക്കർ) ആർതർ എന്ന സ്വത്വത്തോട് ഉൾച്ചേർക്കുന്നു. ഒന്നാം ഭാഗത്തിൽ ആർതർ വകവരുത്തുന്നത് തന്റെ സ്വകാര്യജീവിതത്തിൽ മോശം സ്വാധീനങ്ങളായി നിന്നിരുന്ന മനുഷ്യരെ മാത്രമല്ല, തൊഴിലാളി വർഗത്തിന്റെ വർഗശത്രുക്കളായി നിലനിന്നിരുന്ന മനുഷ്യരെ കൂടിയാണ്. സ്വന്തം സഹപ്രവർത്തകനെ കൊല്ലുന്നതാകട്ടെ മുതലാളിത്തത്തോട് ചേർന്നുനിന്ന് തന്നെ ചൂഷണം ചെയ്യുന്നതിന് കൂട്ടു നിന്നതിനും. അഞ്ച് കൊലകൾ ചെയ്യുന്നതായി കണ്ടെത്താമെങ്കിലും അവയിൽ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയുവാൻ സാധികാത്ത വിധം, എല്ലാ കൊലകളും ഭ്രമാത്മകമാണ്. താൻ ആരാധിച്ചിരുന്ന കോമഡി ഷോ അവതാരകനെ (മുറെ ഫ്രാങ്ക്‌ളിൻ) ലൈവ് ടെലികാസ്റ്റിൽ വെടിവെച്ച് കൊല്ലുന്നതിനും ജോക്കർ കണ്ടെത്തുന്ന ന്യായീകരണം 'കോമഡി' ഉപയോഗിച്ച് സാധാരണ മനുഷ്യർ നേരിടുന്ന ദൈനംദിന പ്രശ്‍നങ്ങളെ മറച്ചുവെക്കുന്നതിൻമേലാണ്.

ദൈനംദിനജീവിതം തള്ളിനീക്കുവാൻ പെടാപാടുപെടുന്ന മനുഷ്യരുടെ ജീവിതത്തെ കളിയാക്കിയും, വൃത്തികെട്ടതായി ചിത്രീകരിച്ചും നടത്തുന്ന കോമഡി ഷോയുടെ കാഴ്ചക്കാർ എന്നും സമൂഹത്തിലെ ഭരണവർഗ്ഗമാണ്. സഹജീവിയെ കളിയാക്കികൊണ്ടുള്ള ഹാസ്യമല്ലാതെ എന്തെങ്കിലും മുതലാളിത്തസമൂഹത്തിന് കണ്ട് ചിരിക്കുവാൻ കഴിയുമോ എന്ന് ജോക്കർ ചോദിക്കുന്നു. അയാളുടെ മോശം തമാശകൾ ഭ്രമാത്മകയിൽ മുങ്ങിത്താഴുന്ന വിപ്ലവ ആഹ്വാനങ്ങളാണ്. മാർക്സിസവും കടന്ന് അത് പതിയെ അരാജകവാദത്തിലേക്ക് കടക്കുന്നു.

ജോക്കർ എന്ന കഥാപത്രം ആർതർ ഫ്ലേക്കിന്റെ മറ്റൊരു മുഖമായി (നിഴലായി) അവതരിക്കുമ്പോൾ, ലീ ക്വീൻ ജോക്കറിന്റെ സ്ത്രീരൂപമായ ഹാർലി ക്വീനായി മാറുന്നുണ്ട്.
ജോക്കർ എന്ന കഥാപത്രം ആർതർ ഫ്ലേക്കിന്റെ മറ്റൊരു മുഖമായി (നിഴലായി) അവതരിക്കുമ്പോൾ, ലീ ക്വീൻ ജോക്കറിന്റെ സ്ത്രീരൂപമായ ഹാർലി ക്വീനായി മാറുന്നുണ്ട്.

ഒന്നാം ഭാഗത്തിൽ ആർതർ പൂർണമായും ജോക്കറായി മാറുമ്പോൾ പ്രേക്ഷകർക്ക് മുൻപിൽ ജനിക്കുന്നത് സാമൂഹികവും രാഷ്ട്രീയവുമായി സൃഷ്ടിക്കുന്ന ഭ്രാന്തിന്റെ ഏറ്റവും സൗന്ദര്യാത്മകമായ പ്രദർശനമായിരുന്നു. ജോക്കറിന്റെ ഓരോ കൊലയും ആർതർ ആത്മാർത്ഥതയോടെ വെക്കുന്ന നൃത്തചുവടുകളാണ്. ഹിംസയും കലയും ഭ്രാന്തും ഇടകലരുന്ന ഇടത്ത് 'ജോക്കർ' സിനിമയിൽ തന്റെ അനുയായികൾക്ക് മുൻപിൽ സ്വന്തം രക്തത്തിൽ വിരൽമുക്കി മുഖത്തായി ഏറ്റവും ഭംഗിയുള്ള ചിരി വരക്കുന്നു. ഫ്രാൻസ് ഫാനോൻ കണ്ടെത്തുന്നത് പോലെ അടിച്ചമർത്തപ്പെട്ടവർ അവരുടെ ഏറ്റവും ആത്മാർത്ഥമായ സന്തോഷം അനുഭവിക്കുക ഹിംസാത്മകമായ വിമോചനത്തിലൂടെയാകും, ജോക്കർ ഫ്രാൻസ് ഫാനോന്റെ ചിന്തകളെ അതേപടി പാലിക്കുന്ന അടിച്ചമർത്തപ്പെട്ടവനായി വളരുന്നുണ്ട്. ജോക്കർ ഇവിടെ മാനുഷിക മൂല്യങ്ങളുടെ തലത്തിൽ തകർന്നടിയുകയാണ്. എന്നാൽ വർഗ്ഗപരമായ പോരാട്ടലക്ഷ്യങ്ങളുടെ കാര്യത്തിൽ ഉയർച്ചയിലും.

'ജോക്കർ ഈസ് എത്തിക്കൽ ബട്ട് ഇമ്മോറൽ' എന്ന് സിസേക്ക് (Slavoj Žižek) കണ്ടെത്തുന്നുണ്ട്. വളരെ ഹീറോയിക്കായ രൂപാന്തരീകരണം ജോക്കറിന് ഒന്നാം ഭാഗത്തിൽ സാധ്യമായി. കാഫ്കയുടെ 'മെറ്റമോർഫോസിസി'ലെ പോലുള്ള നിഷ്ക്രിയമായ രൂപാന്തരീകരണമല്ല മറിച്ച്, സകർമ്മകമായ രൂപാന്തരീകരണമാണിവിടെ സംഭവിക്കുന്നത്. അസംബദ്ധവും നിരാശാജനകവുമായ ജീവിതത്തിൽ നിന്ന് ക്രീയാത്മകമായി വളരുന്ന ജോക്കർ ധാരാളം മനുഷ്യർക്ക് പ്രിയപ്പെട്ട കഥാപാത്രമായി. പക്ഷെ ഈ രൂപാന്തരീകരണത്തിൽ അനുയായികളും പ്രേക്ഷകരും ഇഷ്ടപ്പെടുന്നത് ഹിംസാത്മകമായ ഭ്രാന്തിന്റെ പ്രദർശനം മാത്രമാണ്, ആർതർ എന്ന അടിച്ചമർത്തൽ നേരിടുന്ന മനുഷ്യനെയല്ല. ചൂഷണങ്ങൾക്കതിരെ നിയന്ത്രണമില്ലാത്ത രീതിയിൽ അഴിച്ചുവിടുന്ന ഭ്രാന്തിന്റെ പ്രദർശനം ഒരു അത്ഭുതദൃശ്യമായി മാറിയപ്പോൾ ആർതർ എന്ന സാധാരണ മനുഷ്യനെ അനുയായികളും, പ്രേക്ഷകരും മറക്കുന്നു. മധ്യകാല യൂറോപ്പിൽ ഭ്രാന്ത് പിടിച്ച മനുഷ്യരെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചിരുന്ന ചരിത്രം ഓർമിപ്പിക്കും വിധം ജോക്കറിന് പിന്നാലെ അനുയായികളും ആരാധകരും കൂടി. ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയനാകണം എന്ന ആഗ്രഹം മാറ്റിവെച്ച് അനുയായികൾ കൂടുന്ന, ആരാധകർ കൂടുന്ന അരാജകത്വത്തിന്റെ കോമാളിവേഷം കെട്ടുന്ന നായകനിലേക്ക് ജോക്കർ വളരുന്നു, അവിടെ ആർതർ പൂർണമായും ഇല്ലാതെയാകുന്നു.

ഒന്നാം ഭാഗം ഇങ്ങനെ അവസാനിക്കുമ്പോൾ പ്രേക്ഷകർ അനുഭവിക്കുന്നത് ജോക്കർ പ്രദർശിപ്പിച്ച ഹിംസാത്മകമായ വിമോചനത്തിന്റെ സിനിമാറ്റിക് സംതൃപ്തിയാണ്. കഥയിൽ പ്രേക്ഷകർ തിരയുന്ന ദൈവം 'ജോക്കർ' എന്ന ഒറ്റ കഥാപാത്രവും അവിടെ ആർതർ എന്ന സാധാരണക്കാരനായ മനുഷ്യനും ഇല്ല. 'ജോക്കർ' എന്ന ദൈവം മാത്രമാണുള്ളത്. രണ്ടാം ഭാഗത്തിൽ ഇതേ സിനിമാറ്റിക്ക് അനുഭൂതി പ്രതീക്ഷിച്ചു വരുന്ന പ്രേക്ഷകരെ സംവിധായകൻ വിമർശനവിധേയമാക്കാനും ഒപ്പം ജോക്കർ എന്ന കഥാപാത്രത്തെ തന്നെ അപനിർമിക്കുവാനുമാണ് ശ്രമിക്കുന്നത്. ഓസ്കാർ അവാർഡ് നേടിയ അഭിനയത്തേയും, ആർ റേറ്റഡ് (R category) കാറ്റഗറിയിൽ ഏറ്റവുമധികം പണം വാരിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെയും, ജോക്കറിനെ പിൻപറ്റി വളർന്നു വന്ന ഫാൻസിനെയും സംവിധായകൻ അപനിർമിക്കുന്നു. സിനിമയെ, സംഗീതത്തെ, കലയെ അപനിർമിക്കുന്ന രീതി സംവിധായകൻ തെരഞ്ഞെടുക്കുന്നത് മനുഷ്യൻ പൊതുവായും തുടർന്ന് പോരുന്ന സിനിമ കാണൽ എന്ന ദൈവാരാധനയെ വിമർശനവിധേയമാക്കാനാണ്.

മറ്റുള്ളവരെ ചിരിപ്പിക്കുക എന്ന പ്രവർത്തി ജോലിയായി മാറ്റിയ ആർതർ കമ്പനികൾക്കുവേണ്ടി പരസ്യബോർഡായി മാറുന്ന കോമാളിയായി. ഏത് വികാരവും ചിരിയായി, മാറ്റുന്ന ജീവിതരീതിയെക്കുറിച്ച് സ്ളാവോയ് സിസേക്ക് കണ്ടെത്തുന്നത് ലേറ്റ് ക്യാപിറ്റലിസത്തിന്റെ സ്വാധീനമായാണ്.
മറ്റുള്ളവരെ ചിരിപ്പിക്കുക എന്ന പ്രവർത്തി ജോലിയായി മാറ്റിയ ആർതർ കമ്പനികൾക്കുവേണ്ടി പരസ്യബോർഡായി മാറുന്ന കോമാളിയായി. ഏത് വികാരവും ചിരിയായി, മാറ്റുന്ന ജീവിതരീതിയെക്കുറിച്ച് സ്ളാവോയ് സിസേക്ക് കണ്ടെത്തുന്നത് ലേറ്റ് ക്യാപിറ്റലിസത്തിന്റെ സ്വാധീനമായാണ്.

ജോക്കർ രണ്ടാം ഭാഗം ആരംഭിക്കുന്നത് ഒരു കാർട്ടൂൺ ഭാഗത്തിലൂടെയാണ് - ആർതർ ഫ്ലക്കിന്റെ നിഴൽ (shadow) സ്വതന്ത്രമായി പെരുമാറുന്നു. നിരന്തരം ആർതർ ഫ്ലെക്കിനെ ശല്യപ്പെടുത്തുന്നു. ആ ശല്യപ്പെടുത്തലിൽ നിന്ന് രക്ഷ നേടുവാൻ ശ്രമിക്കുന്ന ആർതർ ഫ്ലെക്കിനെ നിഴൽ നിയന്ത്രിക്കുന്നു. ആർതറിനെ ഡ്രസിങ് റൂമിലെ അലമാരയിൽ പൂട്ടിയിട്ട ശേഷം ജോക്കറിന്റെ മേക്കപ്പ് എടുത്തണിയുന്നു. സ്റ്റേജിലേക്ക് പോകുന്ന വഴിയിൽ കണ്ട സ്ത്രീയെ നിഴൽ ബലമായി ചുംബിക്കുന്നു. സ്റ്റേജിൽ കടന്നുകൂടിയ നിഴൽ ആർതറിന്റെ പേരിൽ പെർഫോം ചെയുന്നു, മുറെ ഫ്രാങ്ക്‌ളിൻ എന്ന അവതാരകനെ കൊലപ്പെടുത്തുന്നു. കൊലയാളിയെ പിടിക്കാനായി പോലീസ് എത്തുമ്പോൾ നിഴൽ രക്ഷപ്പെടുന്നു. ആർതറിനെ കൊലയാളിയായി കണ്ട് പോലീസ് മർദിക്കുന്നു. അതിഭീകരമായ മർദ്ദനം കോമിക്കൽ ആകുമ്പോൾ ആർതർ വേദന അനുഭവിക്കുന്നില്ല. അയാൾ അപ്പോഴും ചിരി തുടരുന്നു. താൻ പറഞ്ഞു തുടങ്ങിയ തമാശ മുഴുമിപ്പിക്കാൻ ആകാതെ അയാൾ ബോധം കെടുന്നു.

സിനിമയുടെ തുടക്കത്തിൽ തന്നെ ജോക്കർ എന്ന കഥാപാത്രത്തെ ആർതറിൽ നിന്ന് വേർപ്പെടുത്തിയാണ് സംവിധായകൻ അവതരിപ്പിക്കുന്നത്. വർക്കിംഗ് ക്ലാസ് ഹീറോ ആയ ആർതർ, ജോക്കർ എന്ന ഹിംസാത്മകമായ വിമോചന ആശയത്തിൽ നിന്ന് വേർപെട്ടു നിൽക്കുന്നു. കാർട്ടൂണിൽ നിന്ന് മാറുമ്പോൾ അർഖം മാനസികാരോഗ്യ കേന്ദ്രത്തിൽ തടവിലാക്കപ്പെട്ട ആർതറിനെയാണ് നമുക്ക് കാണുവാൻ കഴിയുക. ആർതർ ഫ്ലേക്ക് അല്ല, മറിച്ച്, ജോക്കറാണ് ആർതർ ചെയ്തു കൂട്ടിയ സർവ്വ കുറ്റകൃത്യങ്ങൾക്കും ഉത്തരവാദി എന്ന വാദമാണ് ആർതറിനുവേണ്ടി കോടതിയിൽ അയാളുടെ അഭിഭാഷക മുന്നോട്ട് വെക്കുന്നത്. ആർതർ നിരപരാധിയായി പെരുമാറുമ്പോഴും അയാളെ പ്രിസൺ ഗാർഡുകൾ 'ഇന്നത്തെ തമാശ പറയുവാൻ ആരായുന്നുണ്ട്.

'ഇരുപതാം നൂറ്റാണ്ടിന്റെ തമാശ കമ്യൂണിസം, അത് പറയുന്നവൻ കമ്മ്യൂണിസ്റ്റ്, ജോക്ക് പറയുന്നവൻ ജോക്കർ'- ജോക്കർ ഒന്നാം ഭാഗത്തെ അപഗ്രഥിക്കുമ്പോൾ സ്ലാവോയ് സിസേക്ക് പറഞ്ഞിരുന്നത് ഓർക്കണം. രാഷ്ട്രീയ തടവുകാർ പ്രിസൺ ഗാർഡുകളിൽ നിന്നും സ്ഥിരം നേരിടാറുള്ള ഒരു കളിയാക്കലാണത്. താൻ ചെയ്തു കൂട്ടിയ കൊലകൾക്ക് കാരണം തന്നെ പിടികൂടിയ 'ഭീകരമായ ആശയമാണെന്നും' പൂർണമായ ബോധ്യത്തോടെ അല്ല താൻ കൊലകൾ നടത്തിയതെന്നും ആർതറിനോട് കോടതിയിൽ ഏറ്റു പറയുവാനായി അഭിഭാഷക ഉപദേശിക്കുന്നുണ്ട്. ഒരു രാഷ്ട്രീയ തടവുകാരനാണ് മാനസികാരോഗ്യകേന്ദ്രത്തിലെ ആർതർ. അയാളോട് പറയുവാൻ ആരായുന്ന തമാശ അയാൾ വിശ്വസിക്കുന്ന വിമോചനശാസ്ത്രത്തെക്കുറിച്ചുള്ള ചിന്തകളും. ആർതർ കണ്ടെത്തുന്ന സുഹൃത്തുക്കൾ അയാൾ പാടുമ്പോൾ ഭ്രമാത്മകതയിൽ പാടുന്നു, ആടുന്നു, മാനസികാരോഗ്യ തടവറയിലെ നിയന്ത്രിക്കപ്പെട്ട ജീവിതത്തിൽനിന്നുള്ള സ്വാതന്ത്ര്യം അവർ ഭാവനയിൽ ആസ്വദിക്കുന്നു. അയാൾ പ്രിസൺ ഗാർഡുകളാൽ പീഡനങ്ങൾ അനുഭവിക്കുമ്പോഴും സംഗീതത്തിൽ അഭിരമിക്കുന്നത് കണ്ടെത്താം. വിപ്ലവം, ഒരേ സ്വരത്തിൽ എല്ലാ മർദിതരും ആലപിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഗാനമായി ഇവിടെ പ്രയോഗിക്കപ്പെടുന്നുണ്ട്. അതിരുകളില്ലാത്ത സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യരുടെ സ്വാതന്ത്ര്യത്തെ അടച്ചുപൂട്ടുന്ന തടവറകളായി മാനസികാരോഗ്യ കേന്ദ്രങ്ങൾ മാറുന്നതിനെ മിഷേൽ ഫൂക്കോ "മാഡ്‌നെസ്സ് ആൻഡ് സിവിലൈസഷനിൽ' പഠനവിധേയമാക്കിയത് ഓർമിപ്പിക്കുന്നുണ്ട്, മാനസികാരോഗ്യ കേന്ദ്രത്തിലെ ഓരോ സീനും.
ജോക്കർ എന്ന തന്റെ നിഴൽ / ആശയം നൽകിയ സെലിബ്രിറ്റി സ്റ്റാറ്റസ് ആർതർ ആസ്വദിക്കുന്നതും ശ്രദ്ധേയമാണ്. തന്നെ പറ്റി എടുത്ത ഡോക്യുമെന്ററി ഫിലിം എങ്ങനെ വന്നിട്ടുണ്ട് എന്നതിൽ അയാൾ ആശങ്കാകുലനാണ്. ജോക്കറിനെക്കാൾ കൂടുതൽ ആർതറിൽ ഒരു സാധാരണ മനുഷ്യനാണ് അപ്പോൾ നിറഞ്ഞുനിൽക്കുക. ആരാലും ശ്രദ്ധിക്കപ്പെടാതെയിരുന്ന ആർതർ ഇന്ന് എല്ലാരാലും ശ്രദ്ധിക്കപ്പെടുന്നു. ജോക്കറാകുമ്പോൾ മാത്രമാണ് ആർതറിന് അംഗീകാരം ലഭിക്കുക, ആർതർ ആയി മാത്രം പെരുമാറുമ്പോൾ ജോക്കറിന്റെ അനുയായികളും പ്രേക്ഷകരും നിരാശരാണ്.

മിഷേൽ ഫൂക്കോ
മിഷേൽ ഫൂക്കോ

ആർതറിന്റെ അഭിഭാഷകൻ ആർതറും ജോക്കറും വ്യത്യസ്തരാണ് എന്ന് വിശ്വസിക്കുമ്പോൾ, ആർതറും ജോക്കറും വ്യത്യസ്തരല്ല എന്ന് വിശ്വസിപ്പിക്കുന്ന രീതിയിൽ ആർതറിനെ പ്രണയിക്കുന്നത് ലീ ക്വീനാണ്. അവൾ അയാളെ മ്യൂസിക്കൽ തെറാപ്പി ക്‌ളാസിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ലീ ക്വീനിൽ ഒരു വിപ്ലവകാരിയോട് തോന്നുന്ന ആരാധന നിറഞ്ഞുനിൽക്കുന്നതായി കാണാം. അവൾ അയാളുടെ വിമോചനശാസ്ത്രത്തിൽ / നിഴലിൽ അയാൾക്കുള്ളതിനേക്കാൾ കൂടുതൽ വിശ്വാസം അർപ്പിക്കുന്നു. മാതാപിതാക്കളുടെ വീടിന് തീയിട്ടതായി പറയുന്ന ലീ ക്വീൻ യഥാർത്ഥത്തിൽ ഒരു സൈക്കോളജി വിദ്യാർത്ഥിയാണെന്ന് പിന്നീട് കണ്ടെത്തുവാൻ സാധിക്കും. അവൾ അവന്റെ നിഴലിനെ പ്രണയിക്കുമ്പോൾ, വിശ്വസിക്കുമ്പോൾ ആർതർ സ്വന്തം അസ്തിത്വത്തിൽ ജോക്കറിനെ വീണ്ടും കണ്ടെത്തുവാൻ ശ്രമിക്കുന്നു. ഭ്രമാത്മകമായ നൃത്തചുവടുകളും, സംഗീതവും അകമ്പടിയാകുന്ന പ്രണയത്തിൽ ആർതർ ശരീരം മാത്രമാണ്, മനസ്സിൽ ജോക്കറും. ആർതർ ഇനി മുതൽ തനിച്ചല്ല എന്ന ബോധ്യം ഗാനങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. സിനിമയിലെ മാനസികാരോഗ്യ ആശുപത്രിയിൽ ഒരു സിനിമാപ്രദർശനം നടക്കുന്നതായി കണ്ടെത്താം. 1953-ൽ പുറത്തിറങ്ങിയ 'ബാൻഡ് വാഗൺ' എന്ന ചിത്രത്തിലെ 'ദാറ്റ്സ് എന്റർടൈൻമെന്റ്' എന്ന ഭാഗമാണ് ആർതറും ലീ ക്വീനും ഒരുമിച്ചിരുന്ന് കാണുന്നത്.

‘‘ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നാടകത്തിലും സംഭവിക്കാം. നിങ്ങൾക്ക് പ്രേക്ഷകരെ ചിരിപ്പിക്കാം, കരയിപ്പിക്കാം, ദേഷ്യം പിടിപ്പിക്കാം. ഓർക്കുക കോമാളിയുടെ പാന്റ് അറിയാതെ അഴിഞ്ഞു വീഴുമ്പോൾ അവർ ചിരിക്കുന്നു, റൊമാൻസ് നടക്കുമ്പോൾ അവർ പ്രണയിക്കുന്നു, വില്ലൻ ക്രൂരനാകുമ്പോൾ അവർ ഭയക്കുന്നു, എല്ലാം വിനോദത്തിനുവേണ്ടിയാണ്, സുന്ദരിയായ സ്ത്രീ ഒരുങ്ങി നാടകത്തിൽ എത്തുന്നു, അവളുടെ കൈകളിൽ അതാ മറ്റൊരുവൻ കയറിപിടിക്കുന്നു, എല്ലാം വിനോദത്തിന് വേണ്ടിയാണ്. ഒരു പാർട്ടി, അവിടെ അതാ ഒരു സുന്ദരി, ഇഷ്ട്ടമുള്ള ഒരുവന്റെ കൂടെ അവൾ നൃത്തം ചെയ്യുന്നു, എല്ലാം വിനോദത്തിന് വേണ്ടി.......ലോകം തന്നെ ഒരു നാടക തട്ടാണ്, അവിടെ എല്ലാം വിനോദം മാത്രം ..."

സിനിമയ്ക്കുള്ളിലെ സിനിമ 'വിനോദത്തെ' അസംബന്ധമായി കാണുമ്പോൾ, ജോക്കർ എന്ന സിനിമയുടെ വിനോദസാധ്യതയെ കൂടിയാണ് സംവിധായകൻ വിമർശനവിധേയമാക്കുന്നത്. താൻ കാണുന്ന സിനിമയിലെ സംഗീതത്തിനും, നൃത്തത്തിനും വേണ്ടി ആർതർ കാത്തിരിക്കുമ്പോൾ ലീ ക്വീൻ സിനിമ കാണാനിരിക്കുന്നവരുടെ പിന്നിലെ പിയാനോ കത്തിക്കുന്നു. സംഗീതവും നൃത്തവും ഭ്രമാത്മകതയും സ്‌ക്രീനിലല്ല, ജീവിതത്തിലാണ് നമുക്ക് വേണ്ടത്, വിപ്ലവമാണ് നമുക്ക് വേണ്ടത് എന്ന് ഓർമിപ്പിക്കും പോലെ. തുടർന്നുണ്ടാകുന്ന ബഹളത്തിനിടയിൽ അവർ രണ്ടുപേരും ചേർന്ന് ആശുപത്രിയിൽ നിന്ന് ഓടുന്നുണ്ട്. രക്ഷ തേടിയുള്ള ഓട്ടത്തിനിടയിൽ അവർ ഗാനം ആലപിക്കുന്നു, നൃത്തം ചെയ്യുന്നു, വിവാഹം കഴിക്കുന്നതായി സ്വപ്നം കാണുന്നു.

രക്ഷ തേടിയുള്ള ഓട്ടത്തിനിടയിൽ അവർ ഗാനം ആലപിക്കുന്നു, നൃത്തം ചെയ്യുന്നു, വിവാഹം കഴിക്കുന്നതായി സ്വപ്നം കാണുന്നു.
രക്ഷ തേടിയുള്ള ഓട്ടത്തിനിടയിൽ അവർ ഗാനം ആലപിക്കുന്നു, നൃത്തം ചെയ്യുന്നു, വിവാഹം കഴിക്കുന്നതായി സ്വപ്നം കാണുന്നു.

1962 -ൽ പുറത്തിറങ്ങിയ സിംഗിംഗ് ഇൻ ദി റെയ്ൻ എന്ന ചിത്രത്തിലെ നൃത്തചുവടുകൾ കോമിക്കലായി അവതരിപ്പിക്കുമ്പോൾ ആർതർ ജോക്കറായും, ലീ ക്വീൻ ഹാർലി ക്വീനായും മാറുന്നത് കാണാം. പ്രണയവും, സംഗീതവും, നൃത്തവും ചേരുമ്പോൾ കഥാപാത്രങ്ങളുടെ മുഖത്ത് പടരുന്ന കോമാളിഛായം അവരുടെ യഥാർത്ഥ മുഖത്തെ മറയ്ക്കുകയും, പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായികാ നായകന്മാരായി അവർ പരിണമിക്കുകയും ചെയ്യുന്നു. ജൈവികമായി സംഭവിക്കുന്ന ഒരു രൂപാന്തരീകരണമല്ല അത്, മറിച്ച് വിനോദത്തിനുവേണ്ടി മാത്രം എല്ലാ സിനിമകളിലും ഉൾപ്പെടുത്തേണ്ടിവരുന്ന ഒരു അസംബന്ധമാണ്. ആ അസംബന്ധത്തെ അനുഭവിപ്പിക്കുവാൻ ജോക്കർ എന്ന സിനിമയ്ക്ക് സാധ്യമാകുന്നുണ്ട്.

അസംബന്ധ ഗാന- നൃത്തങ്ങളിൽ നിന്നും, മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നുമുള്ള രക്ഷപ്പെടലിലെല്ലാം അവരെ വേർപെടുത്തുന്നത് പ്രിസൺ ഗാർഡുകളാണ്. ആർതറിനെ ഏകാന്ത തടവിലാക്കുമ്പോൾ ലീ ക്വീനിനെ തടവറയിൽ നിന്ന് പുറത്തേക്ക് പറഞ്ഞയക്കുന്നു. ആർതർ ലീയുടെ മേൽ ഒരു മോശം സ്വാധീനമാണ്, പ്രിസൺ ഗാർഡുകൾ പറഞ്ഞു. ശരിയാണ്, ആർതറിന് 'ജോക്കർ' എന്ന ആശയത്തിലേക്ക് വളരുന്നതിന് വേണ്ടിയുള്ള ഊർജ്ജവും വിശ്വാസവും പകരുന്നത് ലീ ക്വീനാണ്. അവർ ഇരുവരും ഒരു മിഥ്യാ ലോകം സ്വപ്നം കാണുന്നു, സ്വാതന്ത്ര്യത്തെ - വിപ്ലവത്തെ- അരാജകത്വത്തെ സ്വപ്‍നം കാണുന്നു. ഏകാന്ത തടവിൽ കഴിയുന്ന ആർതറിനെ കാണാനെത്തുന്ന ലീ ക്വീൻ ആർതറിന്റെ മുഖത്ത് ജോക്കറിന്റെ ചായം തേച്ചുപിടിപ്പിക്കുന്നുണ്ട്. ലീ ആർതറുമായി ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ പ്രണയത്തിൽ ലീയും, ആർതറും മാത്രമല്ലാത്ത ഒരു മൂന്നാമനെ പ്രേക്ഷകർക്ക് കാണാം. ജോക്കർ എന്ന ആശയമാണ്, ആ അരാജകത്വമാണ് ആ മൂന്നാമൻ. അരാജകത്വത്തെയാണ് ലീ ക്വീൻ പ്രണയിക്കുന്നതും കാമിക്കുന്നതും. ആർതർ വീണ്ടും അനാഥനാവുകയാണ്; ജീവിതത്തിലും പ്രണയത്തിലും. പിന്നീട് പെഡി മേയേഴ്സ് എന്ന ടെലിവിഷൻ അവതാരകന് നൽകുന്ന അഭിമുഖത്തിൽ ആർതർ തനിക്ക് ലീയോടുള്ള അടങ്ങാത്ത പ്രണയത്തെക്കുറിച്ച് ഗാനത്തിലൂടെ പറയുന്നുണ്ട്. വെളിയിൽ നിന്ന് ആ ഗാനം കേൾക്കുന്ന ലീ ആർതറും ജോക്കറും രണ്ട് പേരല്ല ഒന്നാണ്, എന്ന തീർച്ചയിലെത്തുന്നു, ഒരുപക്ഷെ ജോക്കറെ കൂടെ കൂട്ടിയാൽ എത്തിച്ചേരാൻ സാധിക്കുന്ന ഉയർച്ചകളെക്കുറിച്ച് അവൾ പ്രേക്ഷകരെ പോലെ തന്നെ ശുഭാപ്തി വിശ്വാസം പുലർത്തുന്നു.

വിചാരണയുടെ സമയത്ത് ആർതറിനെതിരെയുള്ള തെളിവുകൾ അയാളെ മനസികരോഗിയല്ല, മറിച്ച് കൊടും കുറ്റവാളിയായി മാറ്റുമ്പോൾ ആർതറിനു മുൻപിൽ, ജോക്കർ താൻ തന്നെയാണ് എന്ന തിരിച്ചറിവും, കുറ്റങ്ങൾക്ക് താൻ ശിക്ഷ നേരിടണം എന്ന കുറ്റബോധവും നിറയുന്നതായി കാണാം. ഭ്രമാത്മകമായ രീതിയിൽ ഇടയ്ക്ക് കോടതിലെ വാദിഭാഗം അഭിഭാഷകനെയും ജഡ്‌ജിയെയും ജോക്കർ കൊലപ്പെടുത്തുന്നതായും കാണാം. സത്യമേത്, മിഥ്യയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ആർതറിന്റെ കാഴ്ചപ്പാടിൽ അയാൾ പതിയെ പൂർണമായും ജോക്കറായി മാറുന്നു. ആർതറിന്റെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റങ്ങൾ തിരിച്ചറിയുന്ന അഭിഭാഷക അയാളെ ലീ ക്വീനിന്റെ ചുറ്റുപാടുകളെ കുറിച്ച് ബോധവാനാക്കുന്നുണ്ട്. സ്വന്തം കാമുകി ഒരു മാനസികരോഗിയല്ലെന്നും ഒരു സൈക്കോളജി വിദ്യാർത്ഥിയാണെന്നും മനസിലാക്കുന്ന ആർതർ ലീ ക്വീൻ തന്നെ പൂർണമായും മനസിലാക്കി എന്ന ബോധ്യത്തിൽ നിന്ന് പതിയെ പിന്നോട്ട് മാറുന്നുണ്ട്. ഒരേ വർഗ അടിത്തറയിൽ പെടുന്ന, തന്നെപ്പോലെ തന്നെ കുട്ടിക്കാലത്ത് പീഡനങ്ങൾ അനുഭവിച്ച ഒരു പെൺകുട്ടി എന്ന നിലക്കയ്ക്കുണ്ടായിരുന്ന പ്രണയബന്ധം പതിയെ ഉലയുവാൻ തുടങ്ങി.

പ്രണയവും, സംഗീതവും, നൃത്തവും ചേരുമ്പോൾ കഥാപാത്രങ്ങളുടെ മുഖത്ത് പടരുന്ന കോമാളിഛായം അവരുടെ യഥാർത്ഥ മുഖത്തെ മറയ്ക്കുകയും, പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായികാ നായകന്മാരായി അവർ പരിണമിക്കുകയും ചെയ്യുന്നു. ജൈവികമായി സംഭവിക്കുന്ന ഒരു രൂപാന്തരീകരണമല്ല അത്, മറിച്ച് വിനോദത്തിനുവേണ്ടി മാത്രം എല്ലാ സിനിമകളിലും ഉൾപ്പെടുത്തേണ്ടിവരുന്ന ഒരു അസംബന്ധമാണ്.
പ്രണയവും, സംഗീതവും, നൃത്തവും ചേരുമ്പോൾ കഥാപാത്രങ്ങളുടെ മുഖത്ത് പടരുന്ന കോമാളിഛായം അവരുടെ യഥാർത്ഥ മുഖത്തെ മറയ്ക്കുകയും, പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായികാ നായകന്മാരായി അവർ പരിണമിക്കുകയും ചെയ്യുന്നു. ജൈവികമായി സംഭവിക്കുന്ന ഒരു രൂപാന്തരീകരണമല്ല അത്, മറിച്ച് വിനോദത്തിനുവേണ്ടി മാത്രം എല്ലാ സിനിമകളിലും ഉൾപ്പെടുത്തേണ്ടിവരുന്ന ഒരു അസംബന്ധമാണ്.

'ജോക്കർ' എന്ന ആഘോഷിക്കപ്പെടുന്ന പേരിനെയാണ് ലീ ക്വീൻ പ്രണയിക്കുന്നത്, അല്ലാതെ സാധാരണക്കാരനായ ആർതറിനെ അല്ല എന്ന തിരിച്ചറിവ് ആർതറും പ്രേക്ഷകരും നേടുന്നുണ്ട്. ഇതേ പറ്റി ലീയോട് ചോദിക്കുന്ന ആർതറിന് ലഭിക്കുന്ന മറുപടി, അവൾ ഗർഭിണിയാണെന്നാണ്. ഒരു കുഞ്ഞെന്ന പ്രതീക്ഷ ആർതറിനെ വളരെ വേഗം ജോക്കറിൽ നിന്ന് വേർപെടുത്തുന്നുണ്ട്, ഭ്രമാത്മകമായ വിപ്ലവബോധ്യങ്ങളുടെ സ്ഥാനത്ത് ഒരു കുടുംബം എന്ന ഉത്തരവാദിത്വത്തെ, സ്വകാര്യതയെ അയാൾ പ്രതിഷ്ഠിക്കുന്നു. സ്വന്തം അഭിഭാഷകയെ മാറ്റി തന്റെ കേസ് സ്വയം വാദിക്കുവാൻ ആർതർ തീരുമാനിക്കുന്നതും ഇതേ സമയത്താണ്. തനിക്ക് ആരൊക്കയോ ഉണ്ടെന്ന തോന്നലിൽ നിന്നു വളരുന്ന സ്വത്വബോധം ആർതറിനെ മുന്നോട്ട് നയിക്കുന്നു, ആർതർ പൂർണമായും ജോക്കറായി മാറുന്നത് ഈ സാഹചര്യത്തിൽ കാണാം. തനിക്ക് ചുറ്റുമുള്ള മനുഷ്യർ ജോക്കറിനെ ആഗ്രഹിക്കുന്നു എന്ന തിരിച്ചറിവിൽ ആർതർ എത്തിച്ചേരുന്നുണ്ട്.

ആർതറിന്റെ കൂടെ ജോലി ചെയ്തിരുന്ന ഗാരി പഡിൽസിനെയും, അയൽക്കാരി സോഫി ഹാമോണ്ടിനെയും സാക്ഷിമൊഴികൾക്കായി വാദിഭാഗം വക്കീൽ വിസ്തരിക്കുമ്പോൾ ആർതറിന്റെ കുറ്റകൃത്യങ്ങൾ ഓരോന്നായി തെളിയുന്നു. അത്തരം വാദങ്ങളെ തള്ളിക്കളയുവാൻ ആർതറിനെ പ്രേരിപ്പിക്കാത്തത് തന്റെ സുഹൃത്തായ ഗാരി പഡിൽസിനുമുന്നിൽവെച്ച് നടത്തിയ കുറ്റകൃത്യം അയാളെ എത്രത്തോളം ബാധിച്ചു എന്ന തിരിച്ചറിവിൽ നിന്നാണ്. നന്നേ ഉയരം കുറവുള്ള ഗാരിയോട് മനുഷ്യത്വത്തോടെ പെരുമാറിയ ഏക മനുഷ്യൻ ആർതർ ആയിരുന്നു. അതേ ആർതർ 'ജോക്കർ' ആയി മാറുമ്പോൾ ഹിംസയിലൂടെ ന്യായം നടപ്പാക്കുവാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ട്രോമ ഗാരിയെ എത്രത്തോളം ബാധിച്ചു എന്ന് ആർതറിന് വ്യക്തമാകുന്നുണ്ട്. ഗാരിയും ആർതറിനെ പോലെ തന്നെ സമൂഹത്തിൽ നിന്ന് മോശം അനുഭവങ്ങൾ നേരിട്ട അടിസ്ഥാനവർഗ പ്രതിനിധിയാണ്. പക്ഷെ അയാളെ സംബന്ധിച്ച് ചൂഷണം ചെയ്യുന്ന മനുഷ്യരെ വകവരുത്തുന്ന രീതി സ്വയം നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളേക്കാൾ തീവ്രമാണ്. ഹിംസയും അതിൽ നിന്നുണ്ടാകുന്ന ഭയവും അയാളെ ആർതറിനെതിരെ മൊഴി പറയുവാൻ പ്രേരിപ്പിക്കുന്നു. സ്വാതന്ത്ര്യം, വിപ്ലവം, ചൂഷണങ്ങൾക്ക് അറുതി വരുത്തുക എന്നീ ലക്ഷ്യങ്ങൾ ജോക്കർ മുന്നോട്ട് വെക്കുമ്പോൾ ഗാരി സ്വയം ജോക്കറിൽ നിന്ന് മാറിനിൽക്കുവാൻ ശ്രമിക്കുകയാണ്. വിമോചനം ഹിംസാത്മകമായി മാറുമ്പോൾ വിമോചനപദ്ധതികളിൽ നിന്ന് അകലം പാലിക്കുന്ന അടിസ്ഥാനവർഗ്ഗത്തെ ഓർമിപ്പിക്കും ഗാരി പാഡിൽസിന്റെ കഥാപാത്രം.

കേസ് വിസ്താരം കഴിയുമ്പോൾ ആർതർ തിരിച്ച് അർഖം മാനസിക രോഗ കേന്ദ്രത്തിൽ ക്രൂരമായ പീഡനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ആർതറിനു വേണ്ടി വാദിക്കുന്ന സുഹൃത്തിനെ ഗാർഡുകൾ നിഷ്ടൂരമായി വധിക്കുന്നു. അടുത്ത ദിവസം ആർതർ തനിക്കെതിരായ ആരോപണങ്ങളെ ശരിവെക്കുന്നതായി കണ്ടെത്താം. ആർതറിന്റെ മുഖത്ത് കുറ്റബോധം മാത്രമാണ് ബാക്കി. തന്റെ അമ്മ ഉൾപ്പെടെ ആറ് പേരെ താൻ വധിച്ചിട്ടുണ്ട് എന്നയാൾ ഉറപ്പിക്കുന്നു. ജോക്കറും, ആർതറും രണ്ട് വ്യക്തികളല്ല, ഒരേ ആൾ തന്നെയാണെന്ന തീർപ്പിലേക്ക് കോടതി എത്തുമ്പോൾ കോടതിക്ക് വെളിയിലായി പാർക്ക് ചെയ്തിരുന്ന കാർ പൊട്ടിത്തെറിക്കുന്നു. ജോക്കറിന്റെ ആശയങ്ങൾ പിന്തുടരുന്ന അനുയായികളാണ് സ്‌ഫോടനത്തിനുപിന്നിൽ. പൂർണമായും നശിച്ച കോടതിയിൽ നിന്ന് പുറത്ത് കടന്ന ജോക്കറെ രക്ഷിക്കാൻ അനുയായികൾ എത്തുന്നു. അസംബദ്ധമാം വിധം കോടതി പരിസരത്ത് നടന്ന സ്ഫോടനം ആർതറെ ഒരു ഭ്രമാത്മക ലോകത്തേക്കാണ് കടത്തുന്നത്. അനുയായികൾ കൊണ്ടുവന്ന കാറിൽ കയറി രക്ഷപ്പെടുന്ന ആർതർ തേടുന്നത് തന്റെ കാമുകി ലീ ക്വീനിനെയാണ്. ജോക്കർ അല്ലാത്ത ആർതറെ സ്വീകരിക്കുവാൻ വിസമ്മതിക്കുന്ന ഹാർലി ക്വീൻ പ്രണയത്തിന്റെ അസംബന്ധത്തെ അടിവരയിടുന്നു.

ആർതർ തിരികെ അർഖം ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ അയാൾ ആർതർ മാത്രമാണ്, ജോക്കർ അല്ല. 'ജോക്കർ' അല്ലാത്ത ആർതറിനെ കാമുകിക്കോ, അനുയായികൾക്കോ പ്രേക്ഷകർക്കോ ആവശ്യമില്ല, വിനോദത്തിന് സാധ്യതയില്ലാത്ത ആർതറെ  ജോക്കറിന്റെ അനുയായി കൊലപ്പെടുത്തുന്നു.
ആർതർ തിരികെ അർഖം ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ അയാൾ ആർതർ മാത്രമാണ്, ജോക്കർ അല്ല. 'ജോക്കർ' അല്ലാത്ത ആർതറിനെ കാമുകിക്കോ, അനുയായികൾക്കോ പ്രേക്ഷകർക്കോ ആവശ്യമില്ല, വിനോദത്തിന് സാധ്യതയില്ലാത്ത ആർതറെ ജോക്കറിന്റെ അനുയായി കൊലപ്പെടുത്തുന്നു.

കുറ്റങ്ങൾ ഏറ്റുപറയുകയും, ജോക്കർ എന്ന ആശയത്തെ - സ്വന്തം നിഴലിനെ പുണരാത്ത ആർതറിനെ ലീ ക്വീൻ നിരസിക്കുമ്പോൾ, 'ജോക്കർ' ആരാധകരായ പ്രേക്ഷകരും ആർതറിനെ നിരസിക്കുന്നു. സ്വാതന്ത്ര്യത്തിലേക്കോ, വിമോചനത്തിലേക്കോ വഴിതുറന്നേക്കാവുന്ന ഒരു പദ്ധതിയെ (ലീ ക്വീൻ ജോക്കറുമൊത്ത് ഒരു 'മല' നിർമിച്ചെടുക്കും എന്ന് സിനിമയിലുടനീളം പറയുന്നത് ശ്രദ്ധിക്കുക) തഴഞ്ഞതിൽ നിരാശായായി ലീ ക്വീൻ ആർതറുമായുള്ള ബന്ധം പൂർണമായും അവസാനിപ്പിക്കുന്നുണ്ട്. ആർതർ തിരികെ അർഖം ആശുപത്രിയിൽ പ്രവേശിക്കുമ്പോൾ അയാൾ ആർതർ മാത്രമാണ്, ജോക്കർ അല്ല. 'ജോക്കർ' അല്ലാത്ത ആർതറിനെ കാമുകിക്കോ, അനുയായികൾക്കോ പ്രേക്ഷകർക്കോ ആവശ്യമില്ല, വിനോദത്തിന് സാധ്യതയില്ലാത്ത ആർതറെ ജോക്കറിന്റെ അനുയായി കൊലപ്പെടുത്തുന്നു. കത്തിയാൽ പല തവണ കുത്തുന്നതിന് മുൻപ് ആർതറിനോടായി അനുയായി പറയുന്ന തമാശ ശ്രദ്ധിക്കുക:

"ഒരു സൈക്കോപാത്ത് ജോക്കറിനെ ബാറിൽ വെച്ച് കണ്ടുമുട്ടി. സൈക്കോപ്പാത്ത് ജോക്കറിനോടായി പറഞ്ഞു, ‘നിനക്ക് ഇന്ന് എന്ത് വേണമെങ്കിലും ഓർഡർ ചെയ്യാം, എല്ലാം എന്റെ വക’.
ജോക്കർ ഞെട്ടിയിരിക്കെ സൈക്കോപാത്ത് തുടർന്നു; ‘നിനക്ക് അർഹതപ്പെട്ടത് നിനക്ക് ലഭിക്കും’’.
ആർതറിനെ കൊലപ്പെടുത്തുന്ന ജോക്കറിന്റെ അനുയായി അതേ കത്തിയാൽ സ്വന്തം വായ മുറിച്ച് കോമാളി രൂപം കെട്ടുന്നു. ജോക്കർ എന്ന ആശയം വീണ്ടും മറ്റൊരു മനുഷ്യനിലേക്ക് പ്രവേശിച്ചിരിക്കുന്നു.

 ജീവിതം പോലെ തന്നെ സിനിമയും അസംബദ്ധമാകുമ്പോൾ സംവിധായകൻ തേടുന്നത് ഇന്നത്തെ മനുഷ്യജീവിതത്തിന്റെ അർത്ഥമാണ്. സാരസൂത്ര ചോദിക്കും പോലെ സംവിധായകൻ പ്രേക്ഷകരോടായി ചോദിക്കുന്നു: ‘‘ദൈവം മരിച്ചുവല്ലോ, ഇനിയും തുടരണോ അസംബന്ധമായ ഈ ദൈവാരാധന?’’.
ജീവിതം പോലെ തന്നെ സിനിമയും അസംബദ്ധമാകുമ്പോൾ സംവിധായകൻ തേടുന്നത് ഇന്നത്തെ മനുഷ്യജീവിതത്തിന്റെ അർത്ഥമാണ്. സാരസൂത്ര ചോദിക്കും പോലെ സംവിധായകൻ പ്രേക്ഷകരോടായി ചോദിക്കുന്നു: ‘‘ദൈവം മരിച്ചുവല്ലോ, ഇനിയും തുടരണോ അസംബന്ധമായ ഈ ദൈവാരാധന?’’.

കേന്ദ്രകഥാപാത്രത്തെ കൊന്നുകളയുന്നതിലൂടെ ജോക്കർ എന്ന സിനിമയുടെ കഥാഘടനയിൽ പ്രവർത്തിച്ചിരുന്ന 'ദൈവം' ഇല്ലാതാകുന്നുണ്ട്. ഹിംസയും, അരാജകത്വവും, സ്ഫോടനവും നൽകാത്ത ഉപയോഗശൂന്യനായ നായകൻ വിനോദത്തിൽ ഒരു അസംബദ്ധ സാന്നിധ്യമാണ്. ഒന്നാം ഭാഗത്തിൽ സകർമ്മികനായി രൂപാന്തരീകരണം നേടിയ നായകൻ രണ്ടാം ഭാഗത്തിൽ നിഷ്ക്രിയനായി രൂപാന്തരീകരണം നടത്തുന്നു. അവിടെ അയാളെ സ്വീകരിക്കുവാൻ നായികയോ, അനുയായികളോ, പ്രേക്ഷകരോ ഇല്ല. ജീവിതം പോലെ തന്നെ സിനിമയും അസംബദ്ധമാകുമ്പോൾ സംവിധായകൻ തേടുന്നത് ഇന്നത്തെ മനുഷ്യജീവിതത്തിന്റെ അർത്ഥമാണ്. സാരസൂത്ര ചോദിക്കും പോലെ സംവിധായകൻ പ്രേക്ഷകരോടായി ചോദിക്കുന്നു: ‘‘ദൈവം മരിച്ചുവല്ലോ, ഇനിയും തുടരണോ അസംബന്ധമായ ഈ ദൈവാരാധന?’’.

Comments