തട്ടാൻ ഭാസ്കരനുശേഷം ജീവിതത്തിൽ തോറ്റുപോകുന്ന മറ്റൊരു തട്ടാൻ, അജേഷ്…

പൊൻMAN എന്ന സിനിമയിൽ അജേഷ് വിജയിക്കുന്നുണ്ട്, പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത്. സ്വന്തം ജീവിതത്തിൽ തീരുമാനമെടുക്കാനാകാതെ, സ്വന്തം അധ്വാനക്ഷമതയെ കണ്ടെത്താൻ സാധിക്കാതെ, മറ്റുള്ളവരുടെ പൊന്നിലും അധ്വാനത്തിലും ആശ്രയിക്കുന്ന മനുഷ്യർക്കിടയിൽ, പലപ്പോഴും അയാളെപ്പോലുള്ള തട്ടാന്മാർ തോറ്റുപോകുന്നു- അജയ് ജോയ് മാത്യു എഴുതുന്ന സിനിമാ റിവ്യു.

പൊന്നിനെ മൂല്യമുള്ളതായി തീർക്കുന്നത് തട്ടാന്റെ അധ്വാനം കൂടിയാണ്.
ജി. ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും തിരക്കഥയെഴുതി, ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത പൊൻMan എന്ന സിനിമയും ഈ അധ്വാനത്തെയാണ് ഉയർത്തി കാണിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥാസന്ദർഭങ്ങളിൽ പലയിടത്തും ഈ മനുഷ്യാധ്വാനത്തെ കണ്ടെത്താൻ സാധിക്കും. സ്വന്തം അധ്വാനത്തിന്റെ ഫലമല്ലാതെയായി ലഭിക്കുന്ന സ്ത്രീധനത്തെയാണ് സിനിമയിൽ പ്രശ്നവൽക്കരിക്കുന്നത്.

സിനിമ തുടങ്ങുന്നത് ഒരു കല്യാണ നിശ്ചയത്തിലൂടെയാണ്. കല്യാണത്തിന്റെ യുക്തിയായി പെണ്ണിന്റെ അമ്മ കാണുന്നത് ചെറുക്കന്റെ അധ്വാനക്ഷമതയും അതിനുള്ള മനസ്സിനെയുമാണ്. എന്നാൽ ചെറുക്കന്റെ അമ്മ തനിക്കു വേണ്ട പൊന്നിന്റെ കണക്ക് വ്യക്തമാക്കുന്നുണ്ട്, അവർക്ക് മറ്റ് മാനദണ്ഡങ്ങൾ ഒന്നും ബാധകമല്ല. എന്നാൽ സ്ത്രീധനത്തുക കണ്ടെത്താൻ പെണ്ണിന്റെ അമ്മയുടെ മുന്നിൽ സ്വന്തം അധ്വാനത്തിന്റെ ഫലം ബാക്കിയില്ല. അവർ പ്രതീക്ഷയർപ്പിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും പിരിഞ്ഞു കിട്ടാൻ സാധ്യതയുള്ള പണത്തിലുമാണ്. കല്യാണനടത്തിപ്പിന് പെണ്ണിന്റെ സഹോദരൻ ബ്രൂണോ പ്രതീക്ഷയർപ്പിക്കുന്നത് താൻ ജീവനെപ്പോലെ സ്നേഹിച്ച പാർട്ടിയെയാണ്. പക്ഷേ ആ പിടിവള്ളി അയാൾക്ക് നഷ്ടമാവുന്നുണ്ട്. പാർട്ടി കൈവിട്ട നിസ്സഹായനായിട്ടാണ് അയാളെ കാണിക്കുന്നത്.

ഈയൊരു അവസ്ഥയിലാണ് അയാളുടെ മുന്നിലേക്ക് മാർക്കണ്ഡേയ ശർമ്മ എന്ന സുഹൃത്ത് അവതരിക്കുന്നത്. ബ്രൂണോയ്ക്ക് അയാൾ ദൈവതുല്യനായി തോന്നുന്നുണ്ട്. അതുവഴിയാണ് അജേഷ് എന്ന സ്വർണ ഇടനിലക്കാരൻ കഥയിലേക്ക് കടന്നുവരുന്നത്. അജേഷ് പച്ച മലയാളത്തിൽ പറഞ്ഞാൽ എല്ലു മുറുകെ പണിയെടുക്കുകയും വയറുനിറച്ച് മദ്യപിക്കുകയും ചെയ്യുന്ന അപാര വർക്ക് എത്തിക്സിന്റെ ഉടമയാണ്. അയാൾക്ക് വിശ്വാസം സ്വന്തം ഇച്ഛാശക്തിയിലും അധ്വാനത്തിലും മാത്രമാണ്. കൊല്ലത്തെ കല്യാണരീതിയുടെ ഭാഗമായി കെട്ട് കഴിഞ്ഞ് സ്വർണ്ണത്തുക പിരിച്ചുകൊടുക്കാം എന്ന കരാറിൽ പൊന്ന് കൈമാറുന്ന അജേഷിന്, പക്ഷേ കാര്യങ്ങൾ എളുപ്പമാവുന്നില്ല. കല്യാണപ്പിറ്റേന്ന് കല്യാണപ്പെണ്ണും സഹോദരനും അമ്മയും അജേഷിന്റെ അടുത്ത് കൈമലർത്തിക്കാണിക്കുമ്പോഴും അയാൾ പതറുന്നില്ല. കല്യാണപ്പെണ്ണിനോ സ്വർണ്ണം മേടിച്ച സഹോദരനോ അമ്മയ്ക്കോ കൂട്ടുനിന്ന സുഹൃത്തുക്കൾക്കോ അജേഷിന്റെ അധ്വാനവും അനർഹമായത് കൈവശം വയ്ക്കുന്നതിന്റെ നൈതികതയില്ലായ്മയും ഒരു പരിധിയിൽ കൂടുതൽ അലട്ടുന്നില്ല.

തനിക്ക് അർഹതപ്പെട്ടത് തിരിച്ചെടുക്കാൻ ഏതറ്റം വരെ പോകാനും ആ ചെറുപ്പക്കാരന് മടിയില്ല. അതിന്റെ തുടർച്ചയാണ് അയാൾ ആജാനബാഹുവായ, സ്റ്റെഫിയുടെ ഭാഷയിൽ പറഞ്ഞാൽ ‘കാട്ടാള തുല്യനായ’ മരിയാനോനെ നേരിട്ട് കണ്ട് തന്റെ ആവശ്യം പറയുന്ന രംഗം. ഈ കൂടിക്കാഴ്ചയിൽ അജേഷിന്റെ പ്രത്യാശ എന്നത് മറ്റുള്ളവരിൽ നിന്ന് വിഭിന്നമായി, സ്വന്തം അധ്വാനം കൊണ്ട് ജീവിക്കുന്ന വ്യക്തിയാണ് മരിയാനോ എന്നതാണ്. സ്ത്രീധന കച്ചവടത്തിൽ അയാൾ പങ്കാളിയാവുന്നത് നമ്മൾ ആദ്യം കാണുന്നില്ല. സ്വന്തം ജോലിയോട് അജേഷിനെ പോലെ മരിയാനോക്കും അത്ര കണ്ട് പ്രതിബദ്ധതയുണ്ട്. എന്നാൽ സ്വന്തം അധ്വാനത്തിന്റെ ഫലമല്ലാത്ത തന്റെ സ്ത്രീധനം വിട്ടുകൊടുക്കാൻ അജേഷ് ആവശ്യപ്പെടുമ്പോൾ അയാൾ തയ്യാറാവുന്നില്ല. ഈ അവസരത്തിൽ മരിയാനോയിലെ കാപട്യത്തെ അജേഷ് തുറന്നുകാണിക്കുന്നുണ്ട്. അത് താങ്ങാൻ സാധിക്കാതെയാണ് മരിയാനോ അജേഷിനെ കുത്തുന്നത്. ഈ സന്ദർഭത്തിൽ പോലും അജേഷ് മരിയാനോയിലെ, അതുപോലെ സമൂഹത്തിൽ അധ്വാനത്തിന്റെ മുഖംമൂടി ധരിക്കുന്ന ആണുങ്ങളെ കൂവി കളിയാക്കുകയാണ് ചെയ്യുന്നത്.

തനിക്ക് അർഹതപ്പെട്ടത് തിരിച്ചെടുക്കാൻ  ഏതറ്റം വരെ പോകാനും  ആ ചെറുപ്പക്കാരന് മടിയില്ല. അതിന്റെ തുടർച്ചയാണ് അയാൾ ആജാനബാഹുവായ, സ്റ്റെഫിയുടെ ഭാഷയിൽ പറഞ്ഞാൽ ‘കാട്ടാള തുല്യനായ’ മരിയാനോനെ നേരിട്ട് കണ്ട്  തന്റെ ആവശ്യം പറയുന്ന രംഗം.
തനിക്ക് അർഹതപ്പെട്ടത് തിരിച്ചെടുക്കാൻ ഏതറ്റം വരെ പോകാനും ആ ചെറുപ്പക്കാരന് മടിയില്ല. അതിന്റെ തുടർച്ചയാണ് അയാൾ ആജാനബാഹുവായ, സ്റ്റെഫിയുടെ ഭാഷയിൽ പറഞ്ഞാൽ ‘കാട്ടാള തുല്യനായ’ മരിയാനോനെ നേരിട്ട് കണ്ട് തന്റെ ആവശ്യം പറയുന്ന രംഗം.

സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്കുമുമ്പിൽ തോറ്റു പോകുന്നവരാണ് പൊൻMan-​​​​​ലെ കഥാപാത്രങ്ങൾ. എന്നാൽ അജേഷിന് ഏൽക്കുന്ന മുറിവ് മറ്റ് കഥാപാത്രങ്ങളുടെ നിസ്സംഗതാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുന്നുണ്ട്. സ്വന്തം ജീവനെടുക്കാനോ അജേഷിനെ കൊല്ലാനോ സാധിക്കാത്ത നിസ്സംഗനായ ബ്രൂണോയിലും തന്റെ ജീവിതത്തെക്കുറിച്ചുമാത്രം ചിന്തിക്കുകയും അജേഷിനോട് കാണിക്കുന്നത് നീതികേടാണെന്ന് തിരിച്ചറിയുമ്പോഴും അതിനോട് നിസ്സംഗത പാലിക്കുന്ന സ്റ്റെഫിയിലും ഇത് മാറ്റമുണ്ടാക്കുന്നുണ്ട്. സ്വന്തം അധ്വാനത്തെയും ഇച്ഛാശക്തിയെയും ഒരവസ്ഥയിലും കൈവിടാത്ത അജേഷിനോട് സ്റ്റെഫി ഒരു പോയിന്റിൽ സമരസപ്പെടുന്നുണ്ട്. തന്റെ ജീവിതത്തിലും ആ സാഹസികത സ്റ്റെഫി പകർത്തുന്നുണ്ട്.

സിനിമയുടെ അവസാനഭാഗത്തും അജേഷ് ഒറ്റയ്ക്കാണ് പോരാട്ടം നയിക്കുന്നത്. യേശുക്രിസ്തുവായി നാടകത്തിന് തയ്യാറെടുക്കുന്ന മാർക്കണ്ഡേയ ശർമ കുരിശിലേറുന്ന ക്രിസ്തുവിന്റെ ഇടത്തെയറ്റത്ത് നിൽക്കണമെന്നും, എന്നാലേ സഹായിക്കാൻ പറ്റൂയെന്നും പറയുമ്പോൾ, ഇത് താൻ ഒറ്റയ്ക്ക് നോക്കിക്കോളാം, നിങ്ങളാരും ഇതിൽ ഇടപെട്ട് ബുദ്ധിമുട്ടരുത് എന്നാണ് പറയുന്നത്.

പൊന്മുട്ട ഇടുന്ന താറാവിൽ  തട്ടാൻ ഭാസ്കരനായി ശ്രീനിവാസൻ
പൊന്മുട്ട ഇടുന്ന താറാവിൽ തട്ടാൻ ഭാസ്കരനായി ശ്രീനിവാസൻ

അജേഷ് എന്ന കഥാപാത്രത്തെ ഇതിലും നന്നായി വരച്ചു കാണിക്കാൻ സാധിക്കില്ല. അയാളുടെ വിശ്വാസം പാർട്ടിയിലോ ദൈവത്തിലോ അല്ല, മറിച്ച് അയാളിൽ മാത്രമാണ്. തനിക്ക് അവകാശപ്പെട്ടത് തിരിച്ചെടുക്കാൻ അജേഷ് തിരഞ്ഞെടുക്കുന്ന മാർഗ്ഗം എന്നത്, മരിയാനോയുടെ അത്രയും നാളത്തെ അധ്വാനത്തെ, അയാളുടെ ചെമ്മീൻ കെട്ടിനെ മുമ്പിൽ നിർത്തി വിലപേശുക എന്നതാണ്. സിനിമയിൽ അജേഷ് വിജയിക്കുന്നുണ്ട്, പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയല്ല സംഭവിക്കുന്നത്. സ്വന്തം ജീവിതത്തിൽ തീരുമാനമെടുക്കാനാകാതെ നിസ്സംഗരായി, സ്വന്തം അധ്വാനക്ഷമതയെ കണ്ടെത്താൻ സാധിക്കാതെ, മറ്റുള്ളവരുടെ പൊന്നിലും അധ്വാനത്തിലും ആശ്രയിക്കുന്ന മനുഷ്യർക്കിടയിൽ അജേഷ് ഒറ്റയ്ക്കാണ് നിൽക്കുന്നത്. അവർ പലപ്പോഴും ജീവിതത്തിൽ വിജയിക്കുന്നില്ല. അതുകൊണ്ടുതന്നെ സിനിമയിലെ വിജയം പ്രത്യാശ നൽകുന്നതാണ്. തട്ടാൻ ഭാസ്കരനുശേഷം മലയാള സിനിമയിൽ പൊന്നിന്റെ മൂല്യം മനസ്സിലാക്കിയ ‘തട്ടാനാ’ണ് അജേഷ്.

Comments