ജൂഡിന്റെ നൂറ് കോടി അരാഷ്ട്രീയത

കേരളത്തിലെ തിയ്യറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന 2018, നൂറു കോടി ക്ലബിൽ ഏറ്റവും വേഗം കയറിയ മലയാള സിനിമ എന്ന് പരസ്യം നൽകപ്പെട്ട 2018, ഒരു നല്ല സിനിമയല്ലാതാവുന്നത് അത് കാലത്തോട് സത്യസന്ധമായി പ്രതികരിക്കുകയോ കാലത്തെ സത്യസന്ധമായി രേഖപ്പെടുത്തുകയോ ചെയ്യാത്തതുകൊണ്ടാണ്. എന്ന് മാത്രം പറഞ്ഞാൽ മതിയാവില്ല. അത് കാലത്തെ തെറ്റായി കലയിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നു… ഫിക്ഷനാണ് എന്ന ജാമ്യമെടുക്കൽ നടത്തിയാൽ തീരുന്നതല്ല ജൂഡ് ആന്റണി കേരളത്തോടും സിനിമയോടും ചെയ്ത പാതകം. മോശം സിനിമയെ അതിന്റെ പാട്ടിൽ വിട്ടാൽ മതിയാവും, പക്ഷേ കേരള സ്റ്റോറിയെന്ന വർഗ്ഗീയ സിനിമയ്ക്കുള്ള മറുപടിയായി ശിക്കാരി ശംഭൂവിയൻ രീതിൽ അവതരിപ്പിക്കപ്പെട്ടു 2018 എന്നിടത്ത്, അതിന്റെ അരാഷ്ട്രീയവും വർഗ്ഗീയവുമായ ഉള്ളടക്കം വിമർശിക്കപ്പെടുക തന്നെ ചെയ്യണം.

കേരളത്തിനു മുഴുവൻ അറിയാവുന്ന ഒരു വസ്തുതയെ ആന്റി മുസ്ലീം നരേറ്റീവായി, തെറ്റായി അവതരിപ്പിക്കുകയായിരുന്നു കേരള സ്റ്റോറിയെന്ന സിനിമയെങ്കിൽ, അതേ ജനുസ്സിൽപ്പെട്ട മറ്റൊരു അരാഷ്ട്രീയ വർഗ്ഗീയ നരേറ്റീവ് ആണ് 2018.

2018 ലെ പ്രളയം കേരളത്തിലെ ഓരോ മനുഷ്യനെയും നേരിട്ട് ബാധിച്ച ഒന്നാണ്. പ്രളയദിനങ്ങളെ പല രൂപത്തിൽ അനുഭവിച്ചിട്ടില്ലാത്ത മനുഷ്യർ ഉണ്ടാവില്ല. പ്രളയകാലത്തെ യഥാർത്ഥ ഫുട്ടേജുകളും, ഫോട്ടോഗ്രാഫുകളും, ഇന്റർനെറ്റ് തിരഞ്ഞാൽ ധാരാളം കിട്ടും. ആ വിഷ്വൽസ് കണ്ടു പഴകിയവരാണ് മലയാളികൾ. നേരിട്ടും അല്ലാതെയും.

ആ മനുഷ്യർക്കു മുന്നിലേക്ക് ഒരു സിനിമ ഉണ്ടാക്കി വെക്കുമ്പോൾ ഒരു കൗതുകമെന്ന നിലയ്ക്കെങ്കിലും ഒരു പഠനം നടത്തിക്കൂടായിരുന്നോ സംവിധായകൻ ജൂഡ് ആന്റണി?

നാട്ടിൽ ഒരു പ്രകൃതി ദുരന്തമുണ്ടായപ്പോൾ സർക്കാർ സംവിധാനങ്ങൾ നിസ്സഹായരായി നോക്കി നിന്നു എന്ന് നിങ്ങൾ ആരോടാണ് സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത്? ഡാം തുറന്നു വിട്ടാണ് പ്രളയമുണ്ടായത് എന്ന് ആരോടാണ് പറയുന്നത്? പള്ളീലച്ചൻ പറഞ്ഞിട്ടാണ് മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയത് എന്ന കള്ളം സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്തിനാണ്? 2018 ൽ കേരളം ഭരിച്ചിരുന്നത് LDF സർക്കാരായിരുന്നതുകൊണ്ടാണോ അത് നിങ്ങൾക്ക് സിനിമയിൽ കാണിക്കാൻ ഇത്ര ബുദ്ധിമുട്ടായത്? പെരിയാർ സംരക്ഷണ സമിതിക്കാർ, പരിസ്ഥിതി പ്രവർത്തകർ, നാട്ടിൽ പൊട്ടിക്കാൻ തമിഴ്നാട്ടിൽ നിന്ന് ബോംബു കൊണ്ടുവരുന്നുത് എന്തുതരം ബോധമാണ്? പൊവെള്ളപ്പൊക്കമുണ്ടാവുന്ന, ഉരുളു പൊട്ടുന്ന, ക്യാമ്പുകൾ നടക്കുന്ന, വീടുകൾ തകരുന്ന, മത്സ്യത്തൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തുന്ന ഒരു ഏരിയയാണല്ലോ നിങ്ങളുടെ കഥാ പരിസരം. അതിൽ എവിടേയും ഒരു പൊലീസോ ഫയർഫോഴ്സോ സർക്കാർ പ്രതിനിധികളോ ഇല്ലാതെ പോയത് എന്തുകൊണ്ടായിരിക്കും? നിങ്ങളതിൽ കുറച്ച് റിയൽ ഫൂട്ടേജ് ഉപയോഗിച്ചിട്ടുണ്ടല്ലോ അതിലുണ്ടല്ലോ സർക്കാരിന്റെ റസ്ക്യൂ ടീം അംഗങ്ങൾ? ഉണ്ടായിരിക്കും. കാരണം അതായിരുന്നു യാഥാർത്യം. ഒരു പ്രകൃതി ദുരന്തമുണ്ടാവുമ്പോൾ സർക്കാർ സംവിധാനങ്ങളില്ലാതെ ലോകത്തൊരിടത്തും രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും പുനരധിവാസ പ്രവർത്തനവും നടത്താനാവില്ല. നിങ്ങൾക്കതിന്റെ പോരായ്മകളാട് വിമർശനമുന്നയിക്കാം. പക്ഷേ അങ്ങനൊരു സംവിധാനത്തെ പാടേ മറച്ചു വെയ്ക്കുന്നത് രാഷ്ട്രീയ കൗശലമാണ്.

അതിലെ ജേണലിസ്റ്റ് കഥാപാത്രം പറയുന്ന ഒരു മണ്ടത്തരത്തെ മൊത്തം സിനിമയുടെ സ്വഭാവമായി വ്യാഖ്യാനിക്കാം. ഡാം തുറക്കാൻ പോകുന്നു, എല്ലാ ചാനലുകാരും എത്തിയിട്ടുണ്ട്, എക്സ്ക്ലൂസീവ് ആയതു കൊണ്ട് ചാനൽ ചീഫ് ആയ ഞാൻ തന്നെ പോകണം എന്ന്. എല്ലാവരും റിപ്പോർട്ട് ചെയ്യുന്ന ഒരു ഇൻസിഡന്റ് എക്സ്ക്ലൂസീവായി പകർത്തുന്ന ആ വട്ടപ്പൂജ്യം വകതിരിവാണ് ടോട്ടൽ സിനിമ.

സ്റ്റേറ്റിന്റെയും ജാതിമത ഭേദമെന്യേ ജനങ്ങളുടേയും ഫുൾ സംവിധാനം രാപ്പകലില്ലാതെ പ്രവർത്തിക്കുകയും പ്രയത്നിക്കുകയും ചെയ്ത ഒരു ദുരന്തത്തെ പള്ളിമണിയും പള്ളീലച്ചന്റെ എക്സ്ക്ലൂസീവ് റിപ്പോർട്ടിങ്ങുമാക്കി മാറ്റിയ വർഗ്ഗീയ കൗശലം.

യഥാർത്ഥ സംഭവങ്ങളെ, ചരിത്രത്തെ അടിസ്ഥാനമാക്കി ഒരു സിനിമയുണ്ടാക്കുമ്പോൾ അത് ഡോക്യുമെന്ററിയാവണമെന്നൊന്നുമില്ല. പക്ഷേ നിങ്ങൾ ബോധപൂർവ്വം വിട്ടു കളഞ്ഞ പ്രതിനിധാനങ്ങളിൽ മുസ്ലീം സമുദായമുണ്ട്. മേരി മാതാ വള്ളത്തിന് മാത്രം സ്മാരകം പണിയുമ്പോൾ, ക്രിസ്ത്യൻ ഇമേജറികൾ മാത്രം ഉപയോഗിച്ച് ഒരു ചരിത്ര സംഭവത്തിന്റെ സിനിമാറ്റിക് ആഖ്യാനം നടത്തുമ്പോൾ അത് ശരിയല്ലല്ലോ ജൂഡ് ആന്റണീ. നിങ്ങളുടെ സിനിമ ഒരു സങ്കല്പകാലത്ത് നടന്നതല്ലല്ലോ. 2018 എന്ന് തന്നെയല്ലേ അതിന് പേരിട്ടിരിക്കുന്നത്?

ചരിത്ര സംഭവങ്ങളെ അടിസ്ഥാനമാക്കി എത്രയോ സിനിമകൾ ലോകത്തുണ്ടായിട്ടുണ്ട്. ഫിക്ഷൻ എലമെന്റ് കൂടി ഉൾപ്പെടുത്തിയത്. അത് പക്ഷേ 2018 പോലെ ചരിത്ര വസ്തുതകളെ തലകീഴായി മറിച്ചിടുന്ന മെലോഡ്രാമയായിരുന്നില്ല. ചരിത്രത്തോട് സത്യസന്ധമായിരിക്കുക എന്നത് ഏതൊരു ആർട്ടിസ്റ്റിന്റേയും കലയോടുള്ള നീതിയാണ്.

കേരളത്തിലെ പ്രളയകാലത്തെ അധികരിച്ചിറങ്ങിയ ഒരു സിനിമ എന്ന രീതിയിൽ ചരിത്രത്തിൽ ഈ സിനിമ അടയാളപ്പെടുത്തപ്പെട്ടാൽ, ഒരു റഫറൻസ് പോയന്റായി മാറിയാൽ അത് പ്രളയത്തേക്കാൾ വലിയ ദുരന്തമായിരിക്കും.

ജൂഡ് ആന്റണി മുൻപും തന്റെ അരാഷ്ട്രീയത പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിടുവായത്തവും പ്രതിലോമകരമായ വലതുചിന്തകളും ആവോളം പ്രസരിപ്പിച്ചിട്ടുണ്ട്. സഹപ്രവർത്തകരോട് മനുഷ്യത്വമില്ലാതെ പെരുമാറിയിട്ടുമുണ്ട്. അത് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമയും. അയാൾ സ്ക്രിപ്റ്റ് ചെയ്യാതെ ഒഴിവാക്കിയതൊക്കെയും ചേർത്താൽ 2018 ന്റെ യഥാർത്ഥ ചിത്രം കിട്ടും എന്നതാണ് അവസ്ഥ. ജൂഡിന്റെ കണ്ണിൽ സ്റ്റേറ്റ് മെഷീനറി പരാജയപ്പെടുന്നിടത്ത് ധീര ജവാൻമാർ ഹെലികോപ്റ്ററുമായി എത്തുകയും സല്യൂട്ട് ചെയ്യുകയും ചെയ്യുന്നതിന്റെ കുത്തിത്തിരിപ്പ് രാഷ്ട്രീയം കേരള സ്റ്റോറിയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല.

സിനിമ എന്ന നിലയിൽ ക്ലീഷേകൾ നിറഞ്ഞ, പ്രഡിക്റ്റബിൾ അല്ലാതെ ഒന്നുമില്ലാത്ത, ഒരു സിനിമ, ഒരു കലാവിഷ്കാരം ഒരു പരിധിയിൽ കൂടുതൽ പോപ്പുലറായാൽ നമുക്കുറപ്പിക്കാം, അതിന് എന്തോ കുഴപ്പമുണ്ട്. നൂറു കോടി ക്ലബ്ബിൽ 2018 എന്ന ജൂഡ് ആന്റണിയുടെ നല്ലതല്ലാത്ത സിനിമ ഏറ്റവും വേഗത്തിൽ ഇടം പിടിച്ചിച്ചതിനർത്ഥം അത് അരാഷ്ട്രീയമായ കണ്ടന്റാണ് എന്ന് മാത്രമണ്.

Comments