‘നായാട്ടി’നെ അനുകൂലിച്ചാൽ ദളിത് വിരുദ്ധനാകുമോ?

സജിൻ ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബിരിയാണി’ക്ക് ഇസ്​ലാമോഫോബിയ എന്ന ചാപ്പ നൽകിയ ശേഷം സോ കോൾഡ് പുരോഗമനവാദികൾ ഉന്നംവെച്ചിരിക്കുന്നത് ഷാഹി കബീറിന്റെ രചനയിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവ്വഹിച്ച ‘നായാട്ടി’നെയാണ്. ‘നായാട്ട്’ ദളിത് വിരുദ്ധ സിനിമയാണ് എന്ന തരത്തിൽ പുറത്തുവന്ന റിവ്യൂകളിലൊക്കെയും ചില മുൻവിധികൾ മുഴച്ചു നിൽക്കുന്നതായി അനുഭവപ്പെടും

ലയാള സിനിമ അതിന്റെ സുപ്രധാന കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നത്. ഇതുവരെയുണ്ടായിട്ടില്ലാത്ത തരത്തിൽ മികച്ച സിനിമകൾ ഉണ്ടാവുകയും അവ ജനകീയമാവുകയും ചെയ്യുന്നു. കലയും കച്ചവടത്തിന് പറ്റും എന്നതിനുദാഹരണമായ ഇത്തരം ചലച്ചിത്ര ശ്രമങ്ങൾ വിപുല സാധ്യതകളാണ് മലയാള സിനിമാലോകത്തിന് സമ്മാനിക്കുന്നത്. മികച്ച കലാകാരന്മാരും മികച്ച പ്രേക്ഷകരും ചേർന്ന് കൂടുതൽ മികവുകൾ കരസ്ഥമാക്കട്ടെ എന്നാഗ്രഹിക്കാം.

എന്നാൽ, ഈയിടെയായി ഇത്തരം വ്യത്യസ്ത ചലച്ചിത്രരൂപങ്ങളെ വലിയ തോതിൽ പിന്നോട്ടടിക്കുന്ന ചില സിനിമാവായനകൾക്ക് പ്രാമുഖ്യമേറിവരികയാണ്. സജിൻ ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബിരിയാണിക്ക് ഇസ്​ലാമോഫോബിയ എന്ന ചാപ്പ നൽകിയ ശേഷം സോ കോൾഡ് പുരോഗമനവാദികൾ ഉന്നംവെച്ചിരിക്കുന്നത് ഷാഹി കബീറിന്റെ രചനയിൽ മാർട്ടിൻ പ്രക്കാട്ട് സംവിധാനം നിർവ്വഹിച്ച നായാട്ടിനെയാണ്. നായാട്ട് ദളിത് വിരുദ്ധ സിനിമയാണ് എന്ന തരത്തിൽ പുറത്തുവന്ന റിവ്യൂകളിലൊക്കെയും ചില മുൻവിധികൾ മുഴച്ചു നിൽക്കുന്നതായി അനുഭവപ്പെടും. യഥാർത്ഥത്തിൽ നായാട്ട് ഒരു ദളിത് വിരുദ്ധ സിനിമയാണോ? അല്ല, എന്നാണ് എന്റെ ഉത്തരം.

അതിന്റെ വിശദീകരണത്തിലേക്കു കടക്കും മുൻപ് സംസ്ഥാന അവാർഡ് ജേതാവും കവിയുമായ എം. ആർ. രേണുകുമാർ നായാട്ടിനെ കുറിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലെ, "പൊതുസമൂഹത്തിൽ ജാതീയ വിവേചനം അനുഭവിക്കുമ്പോഴും ദളിത് പുരുഷന്മാർ ദളിത് സമൂഹത്തിലും കുടുംബത്തിലും പൊതുസമൂഹത്തിലെ പുരുഷന്മാരുടേതിന് തുല്യമായ സ്ത്രീവിരുദ്ധത കൈയാളുന്നവരാണ്' എന്ന വാചകം ആമുഖമായി ചേർക്കുന്നു. ദളിത്​ സ്ത്രീവാദം എന്നൊരു സൈദ്ധാന്തിക കല്പന തന്നെ നിലവിലുണ്ട് എന്ന കാര്യം കൂടി ഓർമിപ്പിക്കുന്നു. കൂട്ടത്തിൽ ഒന്ന് കൂടി, ദളിത് വിഭാഗത്തിലെ ആകമാനം മനുഷ്യരും മുഖ്യധാര കൽപ്പിച്ചു കൊടുക്കുന്ന ദളിത് വാദ രാഷ്ട്രീയത്തിനുള്ളിൽ മാത്രമായി ഒതുങ്ങി നിന്നുകൊള്ളണമെന്നില്ല. രാഷ്ട്രീയവും സാമൂഹികവുമായ വ്യത്യസ്ത ആശയങ്ങളെ സ്വീകരിക്കാനുള്ള അവകാശം ഇന്നാട്ടിൽ ദളിതർക്കുമുണ്ട്.

നായാട്ടിലെ ദളിത് വിരുദ്ധതാ ആരോപണങ്ങളിലേക്കു വരാം. ബിജു എന്ന ദളിതനോടുള്ള (ദിനീഷ് അവതരിപ്പിച്ച കഥാപാത്രം) പൊലീസുകാരുടെ പെരുമാറ്റമാണ് സിനിമ ദളിത് വിരുദ്ധമാണ് എന്ന വിമർശനത്തിന്റെ നട്ടെല്ലായി നിലക്കൊള്ളുന്നത്. യഥാർത്ഥത്തിൽ എന്താണ് ഇവിടെ സിനിമ മുന്നോട്ട് വയ്ക്കുന്ന കാഴ്ച എന്ന് നോക്കാം. മണിയപ്പൻ, സുനിത, പ്രവീൺ മൈക്കിൾ (യഥാക്രമം ജോജു ജോർജ്, നിമിഷ സജയൻ, കുഞ്ചാക്കോ ബോബൻ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ) എന്നിങ്ങനെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സിനിമ ആദ്യം തന്നെ വ്യക്തമായി സ്ഥാപിക്കുന്നുണ്ട്. മൂന്ന് പേരും സാധാരണ ജീവിത പശ്ചാത്തലങ്ങളിൽ നിന്ന്​ വരുന്നവർ. ഇതിൽ തന്നെയും കൂടുതൽ മിഴിവോടെ ചിത്രീകരിച്ചിരിക്കുന്നത് മണിയപ്പൻ എന്ന കഥാപാത്രത്തെയാണ്. മണിയപ്പൻ തന്റെ തൊഴിലുമായി ബന്ധപ്പെട്ട് നിരവധി ത്യാഗങ്ങൾ സഹിച്ച വ്യക്തിയാണ്. പൊലീസുകാർ അനുഭവിക്കേണ്ടി വരുന്ന രാഷ്ട്രീയ മുതലെടുപ്പുകളിൽ അയാൾക്ക് രോഷമുണ്ട്; പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കാനാവുന്നില്ലെങ്കിലും. പിറവത്തെ ഓർത്തഡോക്‌സ്- യാക്കോബായ പുരോഹിതന്മാരോടും നിർത്തിയിട്ട കാറിൽ ഒരുമിച്ചിരുന്നു എന്ന കുറ്റത്തിന് പിടിക്കപ്പെടുന്ന ചെറുപ്പക്കാരോടും മകളുടെ വാത്സല്യത്തോടെ നോക്കിക്കാണുന്ന സുനിതയെ ശല്യം ചെയ്യുന്ന ദളിത് യുവാവായ ബിജുവിനോടും അയാൾ പെരുമാറുന്നത് ഒരേ തരത്തിലാണ്. അയാളുടെ മൂന്ന് പ്രതികരണങ്ങളിലും നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥാ ക്രമത്തിന്റേതായ ചില തെറ്റുകളും ശരികളും സ്വാഭാവികമായി കടന്നുകൂടാം.

മണിയപ്പനടക്കം നായാട്ടിലെ ഒരു കഥാപാത്രവും പൊളിറ്റിക്കലി കറക്റ്റ് അല്ല എന്നതാണ് യഥാർത്ഥ്യം. അങ്ങനെയാവാൻ കഴിയില്ല എന്നതാണതിന്റെ കാരണം. ധാർമ്മികതയും നൈതികതയും പ്രസംഗിക്കുന്ന നമ്മുടെ ബുദ്ധിജീവി സമൂഹം തന്നെ "കാര്യത്തോടടുക്കുമ്പോൾ' എത്രത്തോളം പൊളിറ്റിക്കലി കറക്റ്റല്ല എന്നത് പരസ്യമായ രഹസ്യമാണല്ലോ?! അതിനാൽ തന്നെ, ബിജുവിനോടുള്ള മണിയന്റെ പെരുമാറ്റങ്ങളാൽ നായാട്ട് ദളിത് വിരുദ്ധമാകുന്നില്ല.

ഇലക്ഷന്റേതായ മാനസിക സംഘർഷങ്ങൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിനിൽക്കുമ്പോൾ, സ്റ്റേഷനിലെ തന്നെ ഒരു ഉദ്യോഗസ്ഥയുടെ പരാതിയാൽ വിളിക്കപ്പെട്ട, മദ്യപിച്ച് വന്ന് ധാർഷ്ട്യം കാണിക്കുന്ന ഒരു സാധാരണ മനുഷ്യനോട് കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷൻ ഏത് തരത്തിൽ പെരുമാറാനാണോ സാധ്യത അതുതന്നെയാണ് നാം നായാട്ടിലും കാണുന്നത്. ബിജുവെന്ന ദളിതനേയും പൊലീസുകാരേയും അത്തരത്തിൽ ആക്കിത്തീർത്തത് നാം കൂടി ഭാഗമായ ഈ സമൂഹമാണ്. അതുകൊണ്ടൊക്കെത്തന്നെ മേൽപറഞ്ഞ പൊലീസ് സ്റ്റേഷൻ രംഗങ്ങളിൽ ചിലർക്കെങ്കിലും തോന്നുന്ന ദളിത് വിരുദ്ധത നായാട്ട് എന്ന സിനിമയുടെ പ്രത്യയശാസ്ത്രമല്ല. മറിച്ച്, നമ്മുടെ ചുറ്റുപാടുകളുടെ യഥാർത്ഥ്യമാണ് എന്നതിൽ സംശയമില്ല.

ദളിത് ജനവിഭാഗത്തിന് വലിയ സ്വാധീനമുള്ള നിയോജക മണ്ഡലം തന്നെയാണ് പിറവം. സിനിമയിലെ അത്തരം ചില സാങ്കേതികതകളിലെ "തെറ്റ്' ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങളിലും കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ഇലക്ഷൻ പ്രചാരണ കാലത്തുണ്ടാകുന്ന ഒരു ദളിത് കൊലപാതകത്തിനു പ്രബുദ്ധമായ കേരള രാഷ്ട്രീയത്തെ സ്വാധീനിക്കാൻ കഴിയുമെന്നതിലും കാര്യമുണ്ട്. നിലവിലെ കേരള സാഹചര്യത്തിൽ ഭരണ- പ്രതിപക്ഷ പാർട്ടികളുടെ വാക്‌പോരാട്ടങ്ങളും കച്ചവട മാധ്യമങ്ങളുടെ അധാർമ്മിക മാധ്യമപ്രവർത്തനവുമാണ് പൊതുജനതയെ "സത്യ'മറിയിക്കുന്നതെന്ന വസ്തുതയും മറന്നുകൂടാ. ജയന്റെ (വികാസ് നാരായണൻ അവതരിപ്പിച്ച കഥാപാത്രം) മരണത്തെ രാഷ്ട്രീയമായി ഹർത്താൽ അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് നയിക്കുന്നത് പ്രതിപക്ഷ പാർട്ടിയാണെന്നും മറക്കരുത്. ഇതിനുമപ്പുറം, ജയനെ ഇടിച്ചിട്ട ജീപ്പ് ദളിതനെകൊണ്ട് ഡ്രൈവ് ചെയ്യിപ്പിച്ചതിനാൽ നായാട്ട്ദളിത് വിരുദ്ധമാണെന്ന് വാദിക്കുന്നവരോടൊക്കെ എന്ത് പറയാനാണ്!

മൂന്നാറിലെത്തിക്കഴിഞ്ഞ് അവർ മൂന്നുപേരുണ്ടായിട്ടും കഞ്ഞി വിളമ്പാൻ നിയോഗിക്കപ്പെടുന്നത് സുനിതയായിത്തീരുന്നത് നായാട്ട് സ്ത്രീവിരുദ്ധമായതു കൊണ്ടല്ല എന്ന് മനസ്സിലാക്കാനുള്ള ആസ്വാദന നിലവാരമെങ്കിലും വിമർശകർ പുലർത്തേണ്ടതുണ്ട്. സർഗ്ഗാത്മകമായ കലാരൂപങ്ങൾക്ക്, പ്രതേകിച്ചു റിയലിസ്റ്റിക് ടോപിക് കൈകാര്യം ചെയ്യുന്ന അവസരങ്ങളിൽ മുദ്രാവാക്യ സമാനമായ പൊളിറ്റിക്കൽ കറക്റ്റ്‌നെസ് പാലിക്കാൻ കഴിയില്ല എന്ന് തിരിച്ചറിയുക. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങൾ എത്രത്തോളം രാഷ്ട്രീയ ശരികളെ ഉൾക്കൊള്ളുന്നുണ്ട് എന്നുള്ളത് മറ്റൊരു പ്രധാന ചോദ്യമാണ്. പക്ഷേ, അവയൊന്നും നായാട്ട് നേരിട്ടപോലെ വിചാരണ ചെയ്യപ്പെടാറില്ല എന്ന് മാത്രം.

മൂർത്തിയുടെ (വിനോദ് സാഗർ അവതരിപ്പിച്ച കഥാപാത്രം) സുനിതയോടുള്ള പെരുമാറ്റം ചിത്രീകരിച്ചതൊക്കെ മനോഹരമായി തോന്നി. എങ്കിലും, അവയൊന്നും ആരും റിവ്യൂകളിൽ എഴുതി കണ്ടില്ല എന്നതിൽ നിരാശ തോന്നി.

അധികാര ദുർവിനിയോഗങ്ങളെയും ഭരണകൂട ഭീകരതയെയും രാഷ്ട്രീയ ഉപജാപങ്ങളുടെ വൃത്തികേടുകളെയും സംബന്ധിച്ചാണ് നായാട്ട് സംസാരിക്കുന്നത്. അധികാര രാഷ്ട്രീയത്തിനു മുന്നിൽ കീഴാളവത്കരിക്കപ്പെടുന്ന പൊലീസ് സേനയെ സിനിമ തികഞ്ഞ കൈയടക്കത്തോടെ അടയാളപ്പെടുത്തുന്നു. മലയാള സിനിമയുടെ മുഖ്യധാരാലോകത്ത് പലരും കൈവെക്കാൻ മടിക്കുന്ന ഒരു സബ്‌ജെക്ട് ആണ് നായാട്ട് തീർത്തും കലാപരമായി ആവിഷ്‌കരിച്ചത്. നായാട്ടിന്റെ രാഷ്ട്രീയം ഭരണകൂട ഭീകരതയ്ക്കെതിരെയാണ് നിലക്കൊള്ളുന്നത്. നായാട്ടിന്റെ ക്യാമറ ഏതെങ്കിലുമൊരു കഥാപാത്രത്തെ നായകനായോ വില്ലനായോ തെറ്റിദ്ധരിക്കുന്നതായും തോന്നിയില്ല. തീർച്ചയായും, നായാട്ട് പ്രസക്തമായ ഒരു രാഷ്ട്രീയ സാമൂഹിക പ്രശ്‌നത്തെ തുറന്നുകാട്ടിയ മികച്ച സിനിമയാണ്. ജാഫർ ഇടുക്കിയുടെ മുഖ്യമന്ത്രി കഥാപാത്രത്തിന് കേരള മുഖ്യമന്ത്രിമാരായിരുന്നവരുടെ മാനറിസങ്ങൾ ഉണ്ട് എന്ന് നാം അംഗീകരിച്ചേ പറ്റൂ. വിമർശക സുഹൃത്തുക്കളേ, കണ്ണടച്ചാൽ ഇരുട്ടാകുക അവരവർക്കു മാത്രമാണ്!

നായാട്ടിനുവേണ്ടി വേടൻ എഴുതിയ വരികളിലേത് പോലെ, വ്യവസ്ഥകൾ പെരുമ്പാമ്പുപോൽ വരിഞ്ഞതിനാൽ നമ്മിൽ പലരുടേയും ആത്മാവുടഞ്ഞിരിക്കുന്നു!

ഇടതിനെ വിമർശച്ചാൽ വലത്, വലതിനെ വിമർശിച്ചാൽ ഇടത്, ഇടതിനേം വലതിനേം വിമർശിച്ചാൽ സംഘി, സംഘിയെ വിമർശിച്ചാൽ സുടാപ്പി എന്ന് തുടങ്ങി നായാട്ടിനെ അനുകൂലിച്ചാൽ ദളിത് വിരുദ്ധൻ എന്ന് വരെ എത്തി നിൽക്കുന്ന മലയാളിയുടെ ബാലിശമായ രാഷ്ട്രീയ ധാരണകളെ നാം അതിജീവിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

മരിച്ചു കിടക്കുന്ന മണിയപ്പനിൽ നിന്ന്​ നമ്മളോരോരുത്തരിലേക്കും വലിയ ദൂരമൊന്നുമില്ല എന്ന് തന്നെയാണ് നായാട്ട് പറയുന്നത്. അതേ കുറിച്ചാണ് നാം പ്രഥമമായി ചർച്ച ചെയ്യേണ്ടതും രാഷ്ട്രീയ ജാഗ്രത കൈവരിക്കേണ്ടതും. ദളിത് ആവിഷ്‌കരണത്തിൽ എന്തെങ്കിലും പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, നായാട്ടിനെ സംബന്ധിച്ച്​ അത് രണ്ടാമതായി മാത്രമാണ് പ്രാധാന്യമർഹിക്കുന്നത്. ജനാധിപത്യത്തിൽ ഒന്നാമനും രണ്ടാമനും തുടർന്ന് വരുന്ന അനേകകോടിയാളുകൾക്കും തുല്യപ്രാധാന്യമാണെന്ന വലിയ മൂല്യം കൈവിടാതിരിക്കുക.

അതെ, നായാട്ട് നാം നിർബന്ധമായും കണ്ടിരിക്കേണ്ട ചലച്ചിത്രങ്ങളിൽ ഒന്നാണ്. അഭിനയം, ഛായാഗ്രഹണം, ചിത്രസംയോജനം, സംഗീതം തുടങ്ങി നിരവധി കാര്യങ്ങളിൽ നായാട്ട് മികവുകാട്ടുന്നു. ഷാഹി കബീറും മാർട്ടിൻ പ്രക്കാട്ടും കയ്യടികൾ അർഹിക്കുന്നു. കൂടുതൽ സൂക്ഷമവും വിശദവുമായ കാഴ്ചകൾക്ക് യോഗ്യമാണ് നായാട്ട്. നായാട്ടിനെ ദളിത് വിരുദ്ധമെന്ന ചാപ്പകുത്തി തള്ളരുത്!

Comments