മലയാള സിനിമ സംവരണത്തോട് ചെയ്ത നീതികേടുകൾ

വിദ്യാസമ്പന്നർ മാത്രമല്ല മിക്കവാറും സവർണർ കൂടിയായ യുവാക്കൾ മാറിവരുന്ന രാഷ്ട്രീയ- സമൂഹ്യ- സാമ്പത്തിക പരിസ്ഥിതിയിൽ ജീവിക്കാനുഴറുന്നതിന്റെ കാഴ്ചകളായിരുന്നു ചലച്ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. ഈ കഷ്ടപ്പാടുകൾ മിക്കവാറും നവോത്ഥാനത്തിന്റെ ഭാഗമായി മാറിമറിഞ്ഞ സാമ്പത്തിക, സാമൂഹ്യ പദവികളുടെ ‘ഇര' എന്ന നിലയിലാണ് അവർ അനുഭവിക്കുന്നത്. സംവരണം മൂലം അർഹതപ്പെട്ട സർക്കാർ ജോലി ലഭിക്കാതെ പോകുന്ന സവർണയുവാക്കളുടെ ആത്മസംഘർഷങ്ങളായിരുന്നു ‘അടിവേരുകൾ', ‘ആര്യൻ', ‘മയൂഖം' തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയം

Truecopy Webzine

ദേശീയതയും ജാതിവരേണ്യതയുമായുള്ള തന്മയത്വം ശക്തമായി ആവിഷ്കരിക്കപ്പെട്ട ചരിത്രസന്ദർഭമായിരുന്നു എൺപതുകളിലെ മണ്ഡൽ വിരുദ്ധ കലാപം. ആരുടെ ദേശം എന്ന ചോദ്യമാണ് സംവരണവിരുദ്ധ കലാപത്തിന്റെ കാതൽ. ഇക്കാലത്ത് പുറത്തുവന്ന പ്രാദേശിക ഭാഷാചലച്ചിത്രങ്ങളിൽ സംവരണത്തെപ്രതിയുള്ള ആശങ്കകളോ പരോക്ഷവിമർശനങ്ങളോ ഉൾച്ചേർന്നിരുന്നു. കാർഷികവും പരമ്പരാഗതവുമായ സാമ്പത്തിക, തൊഴിൽ മേഖലകളിലുണ്ടായ തകർച്ചയോടൊപ്പം പെരുകിവന്ന തൊഴിലില്ലായ്മ സൃഷ്ടിച്ച സന്ദിഗ്ധതകളെ അഭിസംബോധന ചെയ്യുന്നതായി നടിച്ച്,​ വരേണ്യജാതിയുടെ ‘ആശങ്കകളാണ്' മലയാള സിനിമ പങ്കുവച്ചത്. വിദ്യാസമ്പന്നർ മാത്രമല്ല മിക്കവാറും സവർണർ കൂടിയായ യുവാക്കൾ മാറിവരുന്ന രാഷ്ട്രീയ- സമൂഹ്യ- സാമ്പത്തിക പരിസ്ഥിതിയിൽ ജീവിക്കാനുഴറുന്നതിന്റെ കാഴ്ചകളായിരുന്നു ചലച്ചിത്രങ്ങളുടെ കേന്ദ്ര പ്രമേയം. ഈ കഷ്ടപ്പാടുകൾ മിക്കവാറും നവോത്ഥാനത്തിന്റെ ഭാഗമായി മാറിമറിഞ്ഞ സാമ്പത്തിക, സാമൂഹ്യ പദവികളുടെ ‘ഇര' എന്ന നിലയിലാണ് അവർ അനുഭവിക്കുന്നത്. സംവരണം മൂലം അർഹതപ്പെട്ട സർക്കാർ ജോലി ലഭിക്കാതെ പോകുന്ന സവർണയുവാക്കളുടെ ആത്മസംഘർഷങ്ങളായിരുന്നു ‘അടിവേരുകൾ', ‘ആര്യൻ', ‘മയൂഖം'തുടങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ പ്രമേയം.

എൺപതുകളിൽ സത്യൻ അന്തിക്കാട്- ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ഗാന്ധിനഗർ സെക്കൻറ്​ സ്ട്രീറ്റ്, സൻമനസ്സുള്ളവർക്ക് സമാധാനം, ടി.പി. ബാലഗോപാലൻ എം എ, വരവേൽപ്പ്തുടങ്ങിയ ചിത്രങ്ങൾ മധ്യവർഗ്ഗത്തിന്റെ ജാതീയവും സാമ്പത്തികവുമായ ആകുലതകളെ ഉള്ളടക്കത്തിൽ ചർച്ച ചെയ്തു. വരേണ്യതയുടെ ആശങ്കകൾക്ക് മാത്രം കൈവരുന്ന ഈ അമിത ദൃശ്യത സമൂഹത്തിന്റെ പൊതുബോധത്തെ സ്വാധീനിക്കാൻ പോന്നതായിരുന്നു. മണ്ഡൽ വിരുദ്ധകലാപവും അതിന്റെ മാധ്യമാവിഷ്കാരങ്ങളും വരേണ്യ ഹിന്ദുത്വത്തിന്റെ ആദ്യ പൊതുപരീക്ഷണശാലയായിരുന്നു. ആ കലാപത്തിന്റെ വിജയമാണ് ഹിന്ദുദേശീയതയ്ക്ക് വളർന്നുപന്തലിക്കാൻ നിലമൊരുക്കിയത്.

പ്രാദേശിക വരേണ്യ ജാതിസമുദായങ്ങളെ ദേശീയ ജാതിസമവാക്യങ്ങളിലേയ്ക്ക് സമീകരിക്കുന്ന സന്ദർഭം കൂടിയായിരുന്നു മണ്ഡൽ വിരുദ്ധകലാപം. അതിന്റെ ചലച്ചിത്രാവിഷ്കാരങ്ങൾ പ്രാദേശിക സിനിമകളിലും കാണാം. മലയാളത്തിൽ 1988ൽ പുറത്തുവന്ന ആര്യൻ ഇന്ത്യൻ വരേണ്യമുഖ്യധാരയിലേയ്ക്കുള്ള പ്രാദേശിക സവർണരുടെ പ്രവേശനത്തിന്റെ ദൃശ്യരേഖയാണ്. നവോത്ഥാനവും ഭൂപരിഷ്കരണവും സംവരണവും സൃഷ്ടിച്ച അനിശ്ചിതത്വത്തിന്റെ ഫലമായി നാടുവിടേണ്ടിവന്ന സിനിമയിലെ നായകൻ മുംബൈ നഗരത്തിൽ എത്തിപ്പെടുന്നു. കേരളത്തിന്റെ സാമൂഹ്യ, ചരിത്ര, ഭൂപ്പരപ്പിൽനിന്നും അടർന്ന്, ഏറെക്കുറെ അപരിചിതമായൊരു നാഗരിക പശ്ചാത്തലത്തിലാണ് പിന്നീട് കഥ പുരോഗമിക്കുന്നത്. തൊഴിൽ തേടിയെത്തുന്ന എല്ലാവരുടെയും നഗരമായ മുംബൈയിൽ ഭാഷ അറിയാത്ത നായകൻ വിശന്നുവലഞ്ഞ് നിസ്സഹായനായി ക്ഷേത്രത്തിന്റെ കൽപ്പടവിലിരിക്കുന്നു. ആ വഴി കടന്നുപോകുന്ന വൈദിക ബ്രാഹ്മണനോട്​ നായകൻ സംസാരിക്കാൻ ശ്രമിച്ച് പരാജയപ്പെടുന്നു. കുപ്പായത്തിനുള്ളിൽനിന്ന്​ ‘പൂണൂൽ' പുറത്തെടുത്ത് ഉയർത്തിക്കാട്ടി ‘ഞാനും നിങ്ങളും ഒന്നാണ്' എന്ന് ആംഗ്യഭാഷയിൽ സംവദിക്കുന്നു. ‘പൂണൂൽ' ഭാഷയ്ക്കും ദേശത്തിനും അതീതമായ പൊതുചിഹ്നമായി, പൊതുഭാഷയായിത്തീരുന്നു. കേരള ബ്രാഹ്‌മണൻ സവർണദേശീയതയിലേയ്ക്ക് അനായാസം സ്വാംശീകരിക്കപ്പെടുക മാത്രമല്ല, ബ്രാഹ്‌മണ ദേശീയതയെന്ന പൊതുമണ്ഡലത്തിലേയ്ക്ക് പ്രാദേശിക നമ്പൂതിരിയെ ഉയർത്തിവിടുകയും ചെയ്യുന്നതായിരുന്നു ആ ദൃശ്യ- ചരിത്ര- സന്ദർഭം.

ഇന്ത്യയിൽ ദേശീയതയെക്കുറിച്ചുള്ള പരികൽപ്പനകൾ പിറവിയെടുക്കുന്നതും വളരുന്നതും 19-ാം ശതകം മുതലാണ്. അധിനിവേശ സാംസ്‌കാരിക വ്യവഹാരത്തിനുള്ളിൽ ബ്രാഹ്‌മണമേധാവിത്വം ചിട്ടപ്പെടുത്തിയെടുത്ത ‘ഹിന്ദു' സങ്കൽപ്പത്തിൽ അധിഷ്​ഠിതമായാണ് ദേശരാഷ്ട്ര സങ്കൽപം മേൽക്കൈ നേടുന്നത്. ഈ ദേശ- രാഷ്ട്ര നിർമിതി പരമമായ മൂല്യം കൽപ്പിച്ചുനൽകിയത് സവർണജാതികളെയും അതിൽനിന്നുയിർകൊണ്ട പുതിയ സാമ്പത്തിക ശക്തികളെയുമാണ്. ബ്രിട്ടീഷ് പിൻമാറ്റത്തോടെ രൂപം കൊണ്ട സാമ്പത്തിക- രാഷ്ട്രീയ സംവിധാനം, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പ്രകാശവലയത്തിൽ, ജാതിവ്യവസ്ഥയുടെ വ്രണിതവും ബീഭത്സവുമായ ഉള്ളടക്കങ്ങളെ മറച്ചുവെച്ചുകൊണ്ടാണ് അതിന്റെ തുടർച്ച സാധ്യമാക്കിയത്. എല്ലാത്തരം വൈരുദ്ധ്യങ്ങളും അസമത്വങ്ങളും ദമനം ചെയ്തുകൊണ്ട് ‘തുല്യത'യുടെ നിരവധി ധാരകളുടെ ഒന്നുചേരലാണ് പുതിയ ജനാധിപത്യ സംവിധാനമെന്ന ധാരണ പ്രചരിപ്പിച്ചുറപ്പിക്കപ്പെട്ടു. അതോടെ ജാതിശ്രേണിയിൽ താഴേക്കിടയിൽ വരുന്ന ദലിതരും ആദിവാസികളും മറ്റു ജനസമൂഹങ്ങളും സ്ത്രീകളും ട്രാൻസ്ജൻഡറുകളും ദേശ- രാഷ്ട്ര സങ്കൽപ്പത്തിന്റെ അധീശ മുഖ്യധാരയിൽ ലയിക്കേണ്ടവർ മാത്രമായി.

പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെയും പ്രാതിനിധ്യങ്ങളെ തമസ്‌കരിക്കുന്ന, ഭൂരിപക്ഷ സംസ്‌കാരത്തിന്റെ സാധൂകരണം ദേശീയതയുടെ പ്രാഥമിക രൂപമായികാണുന്ന സാംസ്‌കാരിക അധികാരത്തിന്റെ പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമായി പത്ര- ദൃശ്യ മാധ്യമങ്ങളും ടെലിവിഷൻ പരമ്പരകളും ചലച്ചിത്രങ്ങളും പ്രവർത്തിക്കുന്നു. അത് വികസനത്തിന്റെ മുൻഗണനകളെ നിശ്ചയിക്കുന്ന ഉപരിവർഗ്ഗകാമനകളുടെ വർഗീയ, ലിംഗാധിപത്യ സ്വരൂപവുമായി താദാത്മ്യം പ്രാപിക്കുന്ന കാഴ്ചക്കൂട്ടങ്ങളെ നിർമിക്കുന്നു. ഒപ്പം അനുദിനം മാറുന്ന സമൂഹത്തിന്റെ (സാമ്പത്തിക, സാമുദായിക, രാഷ്ട്രീയ) വെല്ലുവിളികളെ നേരിടാൻ പാരമ്പര്യ ജാതിശ്രേണികൾ അതേപടി നിലനിൽക്കണമെന്നുമുള്ള ആശയം നിരന്തരം പുനരുൽപാദിപ്പിക്കുകയും ചെയ്യുന്നു.

തീവ്രദേശീയതയുടെ ദൃശ്യപാഠങ്ങൾ
കെ.പി. ജയകുമാർ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം
വായിക്കാം, കേൾക്കാംട്രൂ കോപ്പി വെബ്​സീൻ പാക്കറ്റ്​ 105

Comments