മലയാളസിനിമയുടെ "മുഖ്യധാര" അതിൻറെ വലിയ വാണിജ്യവിജയങ്ങളുടെ പാതയിലാണ് എന്ന് പറയാം. മറുഭാഗത്ത് ചെറിയ സിനിമകൾ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ഒക്കെ ചെയ്യുന്ന ഒരു കാലവുമാണ്. രണ്ടിടങ്ങളിലും സിനിമ അതിൻറെ പരീക്ഷണസ്വഭാവം പ്രദർശിപ്പിക്കുന്നുണ്ട് എന്ന് സാമാന്യമായി പറയാം. എന്നാൽ ചെറു സിനിമകൾ നടത്തുന്ന പരീക്ഷണങ്ങളെ കലയുടെ ഭാഷയിലും മാധ്യമഭാഷയിലും സവിശേഷമായി ശ്രദ്ധിക്കുകയും പരിഗണിക്കുകയും വേണം എന്നാണ് തോന്നുന്നത്. ചെറിയ ബഡ്ജറ്റിലും ചെറിയ സന്നാഹങ്ങളിലും എന്നാൽ ചെറുകഥയോളം ശക്തമായ ഏകാഗ്രതയിലും സൂക്ഷ്മതയിലുമാണ് ചെുപ്പക്കാരായ പുതിയ സംവിധായകരെല്ലാം തങ്ങളുടെ സിനിമകൾ നിർമ്മിച്ചെടുക്കുന്നത്. ഈ പരീക്ഷണ ശ്രമങ്ങൾ മലയാളസിനിമയെ സംബന്ധിച്ച് അതിൻറെ മാധ്യമപരമായ പുതുക്കലുകൾക്ക് നിർണായകമായ സംഭാവനകൾ നൽകുന്നുണ്ട്. അക്കൂട്ടത്തിലേക്ക്, ഒരുപക്ഷെ വ്യത്യസ്തവും മൗലികവുമായ ഒരു വഴിയിലൂടെ ഏറ്റവും ഒടുവിൽ എത്തുന്ന സിനിമയാണ് അർജുൻ സംവിധാനം ചെയ്തിട്ടുള്ള കെ-പോപ്പ്.
K-Pop പലനിലയിൽ പരീക്ഷണോന്മുഖമാണ്. അതിലേക്ക് വരുംമുമ്പ് സിനിമയെക്കുറിച്ച് സാമാന്യമായ ചിലത് പറയാം. ലളിതമായി പറഞ്ഞാൽ വർത്തമാനകാല രാഷ്ട്രഭാവങ്ങളെ, ഭാവികളെ പ്രത്യേകിച്ച് ബുദ്ധിജീവിനാട്യങ്ങളൊന്നുമില്ലാതെ തന്റെ ചെറിയ ഒരു കഥയിലൂടെ ധ്വനിപ്പിക്കുകയാണ് അർജുൻ ചെയ്യുന്നത്. അതിനാൽ K-Pop ഒരു രാഷ്ട്രീയസിനിമയുമാണ് എന്ന് കാണാം. പേരിൽതന്നെ K ഉള്ളതുകൊണ്ട് അത് കള്ളൻ എന്നപോലെ കേരളത്തെയും (K-രാജ്യം) സൂചിപ്പിക്കുന്നത് കൗതുകത്തോടെ ഓർക്കാം. സിനിമയുടെ പ്രമേയത്തിലേക്ക് വരാം.

വർഗ്ഗശത്രുക്കൾ ഒരു വീട്ടിനുള്ളിൽ ഏകോദരസഹോദരങ്ങളായി പുലരുന്നതും വിധിവശാൽ പരസ്പരം പരകായപ്പെടുന്നതുമാണ് ഒറ്റനോട്ടത്തിൽ ഈ സിനിമ. വർഗ്ഗശത്രുക്കളായി ഇവിടെയുള്ളത് എലിയും പൂച്ചയുമല്ല, പകരം കള്ളനും പോലീസുമാണ്. എന്നാൽ കളി പഴയ കളി തന്നെയാണ്. കള്ളനായാൽ, പിടിക്കപ്പെടാതിരുന്നാൽ കൂടുതൽ പോയിൻ്റ് കിട്ടുന്ന ഒരു കളി നമ്മളൊക്കെ കളിച്ചിട്ടുള്ളത് ഓർക്കുമല്ലോ. അതാണ് കള്ളന് ഈ നാട്ടിലുള്ള സ്ഥാനം. ഒരുപക്ഷെ, ഏത് നാട്ടിലും അങ്ങനെയാവാം. കള്ളന്മാരെല്ലാം പനപോലെ എന്നല്ല ഏതൊരു രാഷ്ട്രത്തലവനെയുംപോലെ വളരുന്നത് നാം നിത്യവും കാണുന്നുമുണ്ടല്ലൊ. മലയാളത്തിലെ ചെറുകഥയുടെ തുടക്കം ഒരു കള്ളന്റെ കഥയിലായതും യാദൃച്ഛികം മാത്രമാവില്ല. മനസ്സ് കക്കുന്നവരുടെ കഥകളാണല്ലോ എല്ലാ ഭാഷയിലും ഏറെയും തവണ എഴുതിയുള്ളത്? നമ്മളതിനെ പ്രണയം എന്ന് വിളിച്ചേക്കുമെങ്കിലും. കള്ളൻ കേന്ദ്രത്തിലെത്തുന്ന ആഖ്യാനങ്ങൾ സാഹിത്യത്തിലും സിനിമയിലുമൊക്കെ ഏറെ വന്നിട്ടുള്ളതും കൂടുതലും സ്വീകരിക്കപ്പെട്ടിട്ടുള്ളതും ഓർക്കാം. വി.ജെ. ജെയിംസിന്റെ ‘ചോരശാസ്ത്രം’ ഈ ഗണത്തിൽവരുന്ന, രാഷ്ട്രീയമായി വായിക്കാവുന്ന ഈ നൂറ്റാണ്ടിലെ നോവലാണ്. സമാനമായ സാധ്യതയാണ് K-Pop തരുന്നത്.
കള്ളനോട്, കള്ളന്മാരോട് നമുക്കുള്ള സ്നേഹാദരങ്ങളും ഭയങ്ങളും പല തലങ്ങളിലുള്ളതും വർഗ്ഗപരവുമാണ് എന്നത് വസ്തുതയാണ്. ‘വെറുമൊരു മോഷ്ടാവായൊരെന്ന കള്ളനെന്ന് വിളിച്ചില്ലേ’ എന്ന കവിവാക്യം മലയാളിയുടെ എക്കാലത്തെയും പ്രശ്നമാണ്. ഒരു നേരത്തെ വിശപ്പിന് ബദലന്വേഷിച്ച് മോഷ്ടിക്കുന്നവരെ നമ്മൾ കയ്യിൽ കിട്ടിയാൽ കെട്ടിയിട്ട് തല്ലും, സെൽഫിയെടുക്കും, പറ്റിയാൽ (ജാതിയും വർഗ്ഗവും മറ്റും നോക്കിയിട്ട്) കൊല്ലും. കാര്യമായി ഒന്നും ഇല്ലാത്തവർപോലും വീട്ടിൽ കള്ളൻ കേറുമെന്ന ഭയത്തിലാണ് ജീവിക്കുന്നത് എന്നും കാണാം. ഇതേ ഭയജീവികൾ തനിക്കള്ളന്മാരും പരാദജീവികളുമായ രാഷ്ട്രീയക്കാരെ വീട്ടിൽ വിളിച്ച്, സ്വീകരിച്ചിരുത്തി സൽക്കരിക്കുകയും സെൽഫിയെടുത്ത് പ്രദർശിപ്പിക്കുകയും ചെയ്യും. മറ്റൊരർഥത്തിൽ പറഞ്ഞാൽ കള്ളനാണെന്ന് എല്ലാവർക്കും അറിയുന്നവരെ നമുക്ക് ഭയമില്ല എന്ന് സാരം. അയാൾ മീശമാധവനെപ്പോലെ ഹീറോ ആണ്. വെളിപ്പെടാത്ത കള്ളനെയാണ് നമുക്ക് ഭയം.

കള്ളൻ പോപ്പ് എന്ന സിനിമയിലെ കള്ളൻ കൃഷ്ണൻ വാസനാവികൃതിയിലെപ്പോലെ പാരമ്പര്യവശാൽ കള്ളനായ ആളല്ല, സാഹചര്യവശാൽ കള്ളനായ ആളാണ്. മറ്റൊരുവിധത്തിൽ പോലീസ് ഉണ്ടാക്കിയ കള്ളനാണ് അയാൾ. ദേഹോപദ്രവം സഹിക്കാനാവാതെ സകല കുറ്റങ്ങളും ഏറ്റ് ജയിലിലായ സമയത്താണ് ചമ്പൽ കള്ളനായ ഗുരുവിനെ അയാൾക്ക് കിട്ടുന്നത്. അങ്ങനെയാണ് അയാൾ ഒരു കള്ളനാവുന്നത്. (ഇത് സിനിമയിൽ കൃഷ്ണൻ തന്നെ നടത്തുന്ന ആഖ്യാനമാണ്. അയാളുടെ ആത്മകഥയുടെ ഭാഗം. അതിനാൽ പൂർണ്ണവാസ്തവം എന്ന് കരുതാനാവില്ല. മഞ്ഞുമലയിൽ തപസ്സിരിക്കുന്ന, ഒറ്റയ്ക്കൊരു കോളേജിൽ ഡിഗ്രി എടുക്കുന്ന ധാരാളം Pop-കളെ (Popular figure) നമുക്ക് അറിയാമല്ലോ. കഥ വിശ്വസിക്കാമെങ്കിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണകൂടങ്ങളാണ് ഈ കള്ളനെ നിർമ്മിച്ചത് എന്ന വായനയും സാധ്യമാണ്.)
സിനിമയിൽ നമ്മളയാളെ കാണുന്നത് വിരമിച്ച ഹെഡ് കോൺസ്റ്റബിൾ വട്ടോളിച്ചൻ ഒറ്റയ്ക്കു പാർക്കുന്ന വീട്ടിൽ ചാരുകസാലയിൽ ഇരുന്നുറങ്ങുന്ന നിലയിലാണ്. വട്ടോളി അയാളോട് ആർദ്രമായി സംസാരിക്കുന്നു. കിടക്കാൻ ഇടം കൊടുക്കുന്നു. കഞ്ഞിയും പപ്പടവും കൊടുക്കുന്നു. സിനിമയിൽ പറയുന്നതുപോലെ കള്ളന് കഞ്ഞി വെച്ച പോലീസായി സത്യസന്ധനായ വട്ടോളി ആക്ഷരികമാത്രമായെങ്കിലും മാറുന്നു.
വട്ടോളി താൻ ചെയ്തുകൂട്ടിയ സത്യങ്ങളുടെ ഭാരംകൊണ്ട് കുടുംബം നഷ്ടപ്പെട്ടവനാണ്. ഉറക്കം നഷ്ടപ്പെട്ടവനാണ്. സമാധാനം നഷ്ടപ്പെട്ടവനാണ്. സർവോപരി ഒറ്റയ്ക്കായവനാണ്. ഒരു കള്ളന്റെയെങ്കിലും കൂട്ട് ഏത് പോലീസും കൊതിക്കുന്ന കാലം. മാത്രമല്ല കൃഷ്ണന്റെ പാചകത്തിൽ, ഭാര്യ പോയതിൽപിന്നെ രുചി കെട്ട നാവ് വട്ടോളിയിൽ പ്രവർത്തിച്ച് തുടങ്ങുന്നു. സത്യങ്ങളുടെ ഭാരമഴിച്ച് മനുഷ്യനാവാൻ കൊതിക്കുന്ന വട്ടോളിയാണ് കൃഷ്ണന് ശിഷ്യപ്പെടാൻ ഒരുങ്ങുന്നത്. എല്ലാ ഗുരുവും ചെയ്യുന്നതുപോലെ വായിക്കാൻ പുസ്തകം കൊടുത്തുകൊണ്ട് കൃഷ്ണൻ അധ്യയനം തുടങ്ങുന്നു. പുസ്തകം കൃഷ്ണന്റെ ആത്മകഥതന്നെ. മോഷണം തുടങ്ങിയ വട്ടോളിയ്ക്ക് പുതിയൊരു ജീവിതം തുടങ്ങിയതുപോലെ ഉന്മേഷം. അയാൾ പുതിയ ജന്മത്തിൽ നടക്കാനും ഓടാനും പഠിക്കുന്നു; അല്ല കൃഷ്ണൻ പഠിപ്പിക്കുന്നു. കള്ളനായിട്ടും, സത്യങ്ങളുടെ ഭാരം അഴിച്ചുവച്ചിട്ടും, ഭാര്യയേയും മകനെയും തിരിച്ചറിയാൻമാത്രം മനസ്സ് പാകപ്പെട്ടിട്ടും ഒരു ദിവസം അയാൾക്ക് ആ നാട്ടിൽനിന്ന് അപ്രത്യക്ഷനാവാൻ തോന്നി. അയാളുടെ അവശേഷിച്ച യൂണിഫോമുമായി കൃഷ്ണന് അയാളെ അന്വേഷിച്ച് ഇറങ്ങേണ്ടിയും വന്നു. നോക്കൂ, ഇവിടെ കള്ളനും പോലീസും തമ്മാമിൽ സ്വത്വങ്ങൾ വച്ചുമാറുന്നു. മറ്റൊരു കളി തുടങ്ങുന്നു എന്നും പറയാം.

അർജുൻ ഈ കഥ പറയാനല്ല സിനിമ ചെയ്യുന്നത്. അയാൾക്ക് പള്ളി പൊളിച്ച മണ്ണിൽ ഇപ്പോഴുയർന്ന അമ്പലത്തെപ്പറ്റി പറയാനുണ്ട്. പൊടുന്നന്നെ അപ്രത്യക്ഷരാവുന്ന മനുഷ്യരെപ്പറ്റി, പരത്വഭേദഗതിയെപ്പറ്റി, ജാതി നോക്കി ശംബുകനെ കൊന്ന രാമനെപ്പറ്റി, അതിന്റെ തുടർച്ചകളായ വംശഹത്യകളെപ്പറ്റി, ആ രാമന്റെ പേരിൽ സ്ഥാപിക്കപ്പെടുന്ന ഫാഷിസത്തെപ്പറ്റിയൊക്കെ അർജുന് പറയാനുണ്ട്. അതിനയാൾ സ്റ്റോക്ക് വീഡിയോകളും ഫോട്ടോഗ്രാഫ്സും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്, ഡോക്യുമെൻററിയുടെ സ്വഭാവം സ്വീകരിക്കുന്നുണ്ട്. ഇതിലൂടെ ഫാഷിസം കെട്ടുകഥയല്ല എന്നയാൾ ഒറിജിനൽ ദൃശ്യങ്ങളിൽ കാണിച്ചുതരുന്നു. കരുതിയിരിക്കാൻ നിശ്ശബ്ദമായി ആഹ്വാനം ചെയ്യുന്നു.
വിഗ്രഹം മോഷ്ടിച്ചതിന്റെ പാപം ഒരു മാസം മണ്ണിൽ കുഴിച്ചിട്ട് തീർക്കാൻ കള്ളനായ കൃഷ്ണനറിയാം. ഗാന്ധിയെക്കൊന്ന പാപം അമ്പലം പണിഞ്ഞ് തീർക്കാൻ ശ്രമിക്കുന്നതുപോലെ. പക്ഷെ കള്ളനാൽ ക്രൂരത നേരിട്ട പെണ്ണിന്റെ ശാപം കൃഷ്ണനെ മുച്ചൂടും നശിപ്പിക്കുന്നതാണ് സിനിമയിലെ ഫിക്ഷനും പ്രതീക്ഷയും. മഹാഭാരതകഥയിലെ കൃഷ്ണനും അങ്ങനെയാണല്ലോ തീരുന്നത്!
കക്കാൻ കയറുമ്പോൾ ഉറങ്ങിക്കിടന്ന (പാട്ടുകേട്ട്, ശാന്തതയോടെ) പെണ്ണിന്റെ ചന്തം കണ്ട് അവളെ റേപ്പ് ചെയ്യുന്ന കള്ളൻ കൃഷ്ണന്റെ കഥ ശാന്തമായിരുന്ന ഒരു ദേശത്തെ കശാപ്പ് ചെയ്യുന്ന വർത്തമാനകാല രാഷ്ട്രീയക്കള്ളന്മാരുടെ ഗംഭീരമായ അന്യാപദേശമായി മാറുന്നു. പണം കൊണ്ടും ആംസ്റ്റർഡാം കൊണ്ടും പാപം മറികടക്കാമെന്ന് കൃഷ്ണൻ വ്യാമോഹിക്കുന്നു. ഡിജിറ്റൽ ഭാരതം കൊണ്ട് ജനായത്ത ഇന്ത്യയെ എന്നപോലെ. എന്നാൽ പെണ്ണിന്റെ ശാപം പ്രലോഭനങ്ങളെ മറികടക്കുന്നതാണ്. ദേശത്തിന്റെ ശാപം ഭാവിയിൽ വോട്ടായോ ആട്ടായോ കള്ളൻമാരെ മുച്ചൂടും നശിപ്പിക്കുമെന്ന് അർജുൻ സ്വപ്നം കാണുന്നുണ്ടാവാം. ആ പ്രതീക്ഷ അയാൾ ഫിക്ഷനിൽ കൊരുത്തുവെക്കുന്നു. കള്ളൻ പിന്നീട് പോലീസായും അല്ലാതെയും കാലുപിടിക്കാൻ തയ്യറായും മുന്നിൽ വരുമെന്ന്, ക്ഷമിക്കരുതെന്ന് അർജുൻ പറയാതെ പറയുന്നു. നമുക്കത് സ്വീകരിക്കാം. കാവൽക്കാരൻ കള്ളനാണ് എന്ന അല്പം മുമ്പുകേട്ട രാഷ്ട്രീയമുദ്രാവാക്യം അർജുന് വഴികാട്ടിയോ എന്ന് സംശയം.

കള്ളൻ കൃഷ്ണന്റെ പരിചരണം സിനിമയിൽ പ്രത്യേകം ശ്രദ്ധയർഹിക്കുന്നുണ്ട്. അയാൾ സ്വാഭാവികതകളോടെ രംഗത്തുവരുന്നു. സഹതാപാർഹമായി പെരുമാറുന്നു. കഥ പറയുന്നു. എഴുതുന്നു. പാചകം ചെയ്യുന്നു. വട്ടോളിയെ പാട്ടിലാക്കുന്നു. കക്കാൻ പഠിപ്പിക്കുന്നു. ഇഷ്ടപ്പെട്ട പെണ്ണിനൊപ്പം ഭാവികാലം കള്ളന്മാരില്ലാത്ത ഒരു ദേശത്ത് കഴിയണമെന്ന് കൊതി പറയുന്നു. ഇത്രയും പ്രേക്ഷകൻ കള്ളനോട് ചേർന്നുനില്ക്കുമ്പോഴാണ് അർജുൻ ചെറിയൊരു ഷോക്ക് തരുന്നത്. കണ്ടുവച്ച പെണ്ണിനെ അയാൾ പ്രേമിക്കുകയല്ല, റേപ്പ് ചെയ്യുകയും ഉപദ്രവിക്കുകയുമാണ് ചെയ്തിട്ടുള്ളത്! കള്ളന്റെ തനിനിറം സാവധാനം സംവിധായകൻ വെളിപ്പെടുത്തുകയാണ്. മോഷ്ടിച്ച വിഗ്രഹം വെളിപ്പെടുത്തിയതുപോലെ. അവളുടെ ശാപത്തിലാണ് വിഗ്രഹം കല്ലായി മാറുന്നത്. കള്ളന് അടി തെറ്റുന്നത്.
രൂപപരമായും ആഖ്യാനപരമായും അർജുൻ സിനിമയിൽ നിർവഹിക്കുന്ന പരീക്ഷണോന്മുഖതയും പ്രധാനമാണ്. ഒരു കഥ പറച്ചിലിന്റെ മുന്നോടിയായി വർത്തമാനകാല യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ചില ചരിത്രങ്ങൾ അർജുൻ തുറന്നിടുന്നു. ശ്രദ്ധയോടെ സിനിമ കാണുന്ന, ചിന്തിക്കുന്ന പ്രേക്ഷകനെയാണ് അർജുൻ ഈ സിനിമയ്ക്ക് ഡിമാൻഡ് ചെയ്യുന്നത് എന്നർഥം. കഥയറിയാനും കഥകണ്ട് കരയാനും വരുന്ന പ്രേക്ഷകനെ അർജുൻ സിനിമയുടെ തുടക്കത്തിൽതന്നെ റദ്ദ് ചെയ്യുകയോ അലോസരപ്പെടുത്തുകയോ ചെയ്യുന്നു. ഇത് കഥയോ കളിയോ അല്ല. നമുക്ക് ചുറ്റുമുള്ള ജീവിതയാഥാർത്ഥ്യങ്ങളുടെ കൃത്യമായ രാഷ്ട്രീയത്തെ തന്റെ അന്യാപദേശസിദ്ധികൊണ്ട് ആവിഷ്കരിക്കുക മാത്രമാണ്, ഓർമ്മപ്പെടുത്തുക മാത്രമാണ് എന്ന് അർജുൻ പറയാതെ പറയുന്നു.

ഒരുപക്ഷേ അത് ഒരു കലാകാരന്റെ വേറിട്ട പ്രതിരോധമാർഗമാണ്. സിനിമയിലെ കാലത്തെ സത്യാനന്തരകാലമെന്ന് സാമാന്യമായി വ്യവഹരിക്കുന്നുണ്ട് അർജുൻ. ഇന്ത്യയെ സംബന്ധിച്ച് അത് ഗാന്ധിയനന്തരകാലം എന്നും നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഈ സിനിമയിലെ സത്യാനന്തരകാല സൂചന കള്ളന്റെ ആഖ്യാനങ്ങളിലെ പൊള്ളത്തരങ്ങൾ അഴിച്ചെടുക്കാനുള്ളതാണ്. ഏത് കള്ളവും PR വർക്കിൽ സത്യമാവുന്നതുപോലെ, ഏത് കള്ളനും പരസ്യങ്ങളിൽ ഹീറോ ആകുന്നതുപോലെ, ഏത് കള്ളത്തിനും തെളിവുകൾ ഉള്ളതുപോലെ. കള്ളം സമർഥമായി സത്യമായി തോന്നിപ്പിക്കുന്ന ഒരു കാലം എന്നാണ് സത്യാനന്തരകാലത്തിന് നമുക്ക് മുന്നിൽ തെളിയുന്ന മികച്ച നിർവചനമെന്ന് തോന്നുന്നു. അർജുൻ അത് കയ്യടക്കത്തോടെ ആവിഷ്കരിക്കുന്നു. ആദ്യ സിനിമതന്നെ ഗംഭീരമാക്കിയ ഈ സംവിധായകനിൽ പ്രതീക്ഷ വെയ്ക്കുന്നതിൽ തെറ്റില്ല. K-Pop എന്ന സിനിമയെ, സിനിമയിലെ പോപ്പുലർ കള്ളനെ തൊലിയടർത്തിയെടുത്ത് നിങ്ങളും കാണുക!
