പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കേവലമൊരു കളിപ്പാട്ടമോ കൗതുകമോ മാത്രമായിരുന്ന സിനിമ ഇരുപതാം നൂറ്റാണ്ടിലെ ആദ്യ ദശകങ്ങൾ പിന്നിട്ടപ്പോഴേക്കും ഒരു സ്വതന്ത്ര കലാരൂപമായി മാറിക്കഴിഞ്ഞിരുന്നു. സർഗാത്മകതയുള്ള കലാകാരരും സാങ്കേതിക വിദഗ്ദ്ധരും ഒത്തുചേർന്ന് കൂട്ടായി നടത്തിയ പരിശ്രമങ്ങളുടെ പരിണതഫലമാണ് നമ്മളിന്നു കാണുന്ന സിനിമ.
ചിത്രമെഴുത്ത്, ശിൽപകല, സംഗീതം, വാസ്തുവിദ്യ, നൃത്തം, നാടകം തുടങ്ങിയ കലകളും സാഹിത്യവുമെല്ലാം ആയിരക്കണക്കിന് കൊല്ലങ്ങളുടെ പാരമ്പര്യം അവകാശപ്പെടാവുന്നവയാണ്. എന്നാൽ സിനിമയെന്ന കലാരൂപത്തിന് ഒന്നേകാൽ നൂറ്റാണ്ടു മാത്രമേ പ്രായമുള്ളൂ. എങ്കിലും ഏറ്റവും പുതിയ ഈ കലയാണ് മറ്റെല്ലാ കലകളെയുമപേക്ഷിച്ച് ഏറ്റവും ജനപ്രീതി നേടിയിട്ടുള്ളത്. സ്വതന്ത്രമായി ഒരു കലയായി നിലനിൽക്കെത്തന്നെ മറ്റെല്ലാ കലകളെയുമുൾക്കൊള്ളുവാനും സഹൃദയരെ അനുഭവിപ്പിക്കുവാനും കഴിവുണ്ട് എന്നതാണ് സിനിമയുടെ സവിശേഷതയും അനന്യതയും. ഇതുകൊണ്ടായിരിക്കാം സിനിമ ഒരു ജനകീയ കലയായി മാറിയത്. നൂറ്റാണ്ടുകണക്കിന് പഴക്കമുള്ള ഇതരകലകൾ, സാഹിത്യം എന്നിവയിലെ കാലാതിവർത്തിയായ ക്ലാസ്സിക്കുകളോടു താരതമ്യപ്പെടുത്താവുന്ന ഒട്ടേറെ കനപ്പെട്ട രചനകൾ ഈ ചുരുങ്ങിയ കാലയളവിൽതന്നെ ചലച്ചിത്രകലയിൽ ഉണ്ടായി എന്നത് നമ്മുടെ സാംസ്‌കാരികരംഗം ദർശിച്ച ഗംഭീരമായ ഒരു പ്രതിഭാസമാണ്.
1895 മുതൽ 1930 വരെയുള്ള കാലഘട്ടത്തെയാണ് ചലച്ചിത്ര ചരിത്രം എഴുതുന്നവർ സിനിമയുടെ നിശ്ശബ്ദ യുഗം എന്ന് വിശേഷിപ്പിക്കാറുള്ളത്. സിനിമ എന്ന കലാരൂപത്തിന് സ്വന്തമായ ഒരു ഭാഷയും വ്യാകരണവും രൂപപ്പെട്ടുവന്നതും സർഗധനരായ പ്രതിഭാശാലികൾ അതിൽ നടത്തിയ പരീക്ഷണങ്ങളും ആണ് നിശബ്ദസിനിമയുടെ കാലഘട്ടത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. 1927ൽ ആദ്യത്തെ സംഭാഷണചിത്രമായ ദ ജാസ് സിംഗർ നിർമ്മിക്കുന്നത് വരെയുള്ള എല്ലാ ചിത്രങ്ങളെയും മൊത്തത്തിൽ നമ്മൾ നിശ്ശബ്ദ സിനിമയുടെ പട്ടികയിലാണ് പെടുത്തുന്നത്. ഏതാനും മിനിട്ടുകൾ മാത്രം നീണ്ടുനിൽക്കുന്ന ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും തൊട്ട് ഒന്ന്- ഒന്നര മണിക്കൂർ ഓടുന്ന ഫീച്ചർ ഫിലിമുകൾ വരെ ഇക്കൂട്ടത്തിലുണ്ട്.
റിയലിസം, ജീവിതത്തെ അതേപടി ചിത്രീകരിക്കുന്ന ‘ജീവിതത്തിന്റെ തുണ്ട്' തന്നെയായ യഥാതഥമായ ആവിഷ്‌കാരം, സിനിമയിൽ സാധ്യമാവുന്നു എന്നതുകൊണ്ടാണ് ആന്ദ്രെ ബാസീനെ പോലെയുള്ള ചലച്ചിത്ര സൈദ്ധാന്തികർ സിനിമയെ മഹത്തായ കലയായി വിശേഷിപ്പിച്ചത്.
ജീവിതത്തിന്റെ അതേപടിയുള്ള ആവിഷ്‌കാരമാണ് കല; അല്ലെങ്കിൽ ജീവിതത്തിന്റെ അനുകരണമാണ് കല എന്നൊക്കെയുള്ള പഴയ നിർവചനങ്ങളുടെ സത്ത ഉൾക്കൊള്ളുവാൻ മാത്രമല്ല, യാഥാർത്ഥ്യത്തെ ഏറ്റവും സ്വാഭാവികമായി ആവിഷ്‌കരിക്കാനുമുള്ള സിദ്ധി സിനിമയ്ക്കുണ്ട്. റിയലിസം, ജീവിതത്തെ അതേപടി ചിത്രീകരിക്കുന്ന ‘ജീവിതത്തിന്റെ തുണ്ട്' തന്നെയായ യഥാതഥമായ ആവിഷ്‌കാരം, സിനിമയിൽ സാധ്യമാവുന്നു എന്നതുകൊണ്ടാണ് ആന്ദ്രെ ബാസീനെ പോലെയുള്ള ചലച്ചിത്ര സൈദ്ധാന്തികർ സിനിമയെ മഹത്തായ കലയായി വിശേഷിപ്പിച്ചത്. കല ആയിരിക്കുമ്പോഴും സിനിമ ഒരു വ്യവസായമായും കമ്പോള ചരക്കായും മാറുന്നതും കച്ചവടതാല്പര്യങ്ങൾ അതിനെ കേവലമൊരു വിനോദോപാധി മാത്രമാക്കി ചുരുക്കി ജനങ്ങളെ മയക്കിക്കിടത്തുന്നതും ഒരു പ്രത്യയശാസ്ത്ര ഉപകരണമായി അതിനെ മാറ്റുന്നതും എല്ലാം നിശ്ശബ്ദയുഗത്തിൽ തന്നെ ആരംഭിച്ച പ്രവണതകളാണ്.
ചലച്ചിത്രചരിത്രത്തിലെ ശ്രദ്ധേയമായ ഒട്ടേറെ പ്രസ്ഥാനങ്ങൾ ആരംഭിച്ചതും നിശ്ശബ്ദയുഗത്തിൽ തന്നെ. ക്ലാസിക്കൽ ഹോളിവുഡ് സിനിമ, ഫ്രഞ്ച് ഇംപ്രഷനിസം, ജർമൻ എക്സ്പ്രഷനിസം, സോവിയറ്റ് മൊണ്ടാഷ് തുടങ്ങിയവയുടെ തുടക്കം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ആണ്. കണ്ണിന്റെ കലയാണ് സിനിമ എന്ന സങ്കൽപ്പത്തിലൂന്നി നിർമിക്കപ്പെട്ട നിശ്ശബ്ദ ചിത്രങ്ങൾ,
വിശേഷിച്ചും 1920-കളിൽ നിർമിക്കപ്പെട്ട ചിത്രങ്ങൾ, മികച്ച ദൃശ്യഗുണനിലവാരം പുലർത്തുന്നവയായിരുന്നു. വികാരവിക്ഷോഭങ്ങളും കഥാപാത്രങ്ങളുടെ വിചാരങ്ങളും ഒക്കെ പ്രകടിപ്പിക്കാൻ അഭിനേതാക്കളുടെ മുഖഭാവങ്ങളും ശരീരഭാഷയും ആണ് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തിയിരുന്നത്. ഇന്ന് നാം ആ പഴയ ചിത്രങ്ങൾ കാണുമ്പോൾ പ്രകടമായും അമിതാഭിനയം കാണാവുന്നതാണ്. നാടകത്തിൽനിന്ന് സിനിമയിലേക്ക് കടന്നുവന്നവരാണ് അതിശയോക്തി കലർത്തിയ ഒരു അഭിനയശൈലി സിനിമയിൽ കൊണ്ടുവന്നത്.
സംഭാഷണമില്ലായ്മയെ മറികടക്കാനുള്ള ഒരു ഉപാധി എന്ന നിലയിലായിരുന്നു അന്ന് ഈ അമിതാഭിനയം. എന്നാൽ കോമഡികളിൽ അവ വളരെ ആസ്വാദ്യവും പ്രസക്തവും ആയി തോന്നുകയും ചെയ്തു. ബസ്റ്റർ കീറ്റന്റെയും ചാർലി ചാപ്ലിന്റെയും സിനിമയിലെ ചടുല ശാരീരിക ചലനങ്ങൾ, വക്രിച്ച മുഖഭാവങ്ങൾ ഇവയെല്ലാം ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തീകൊളുത്തിയ ഹാസ്യ പ്രകടനങ്ങൾ ആയിരുന്നു. ഇതുകൂടാതെ, ഫിലിം ഓടുന്ന വേഗത അക്കാലത്ത് സെക്കൻഡിൽ 24 ഫ്രെയിമുകൾ ആയിരുന്നില്ല എന്ന സാങ്കേതിക പ്രശ്‌നം ഉണ്ടായിരുന്നു. അതിലും കുറഞ്ഞ വേഗതയിൽ ഓടുന്ന ഫിലിമുകൾ ചലനത്തിന് വേഗത കൂടിയ പ്രതീതി സൃഷ്ടിച്ചതും നർമ്മത്തിന് കാരണമായിട്ടുണ്ട്.
നിശ്ശബ്ദയുഗത്തിലും ലോകത്താകമാനം കമ്പോളങ്ങൾ കണ്ടെത്താനും വിനോദവ്യവസായത്തെ പുഷ്ടിപ്പെടുത്താനും ഹോളിവുഡിന് കഴിഞ്ഞു. ബെൻഹർ, ടെൻ കമാൻഡ്‌മെൻറ്സ് പോലുള്ള ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയ നിശ്ശബ്ദ ചിത്രങ്ങളായിരുന്നു
മീഡിയം ഷോട്ടുകളുടെയും ക്ലോസപ്പുകളുടെയും വിനിയോഗം, സവിശേഷമായ ക്യാമറ ആംഗിളുകളുടെ പ്രയോഗം, ക്രോസ് കട്ടിങ്ങ്, പാരലൽ കട്ടിങ്ങ്‌പോലുള്ള എഡിറ്റിങ്ങ് സങ്കേതങ്ങൾ ഇവയൊക്കെ ചലച്ചിത്രത്തിലെ അമിതാഭിനയം അനാവശ്യമാക്കുകയും അഭിനയം കൂടുതൽ സ്വാഭാവികമാക്കാൻ സഹായിക്കുകയും ചെയ്തു. ഡി. ഡബ്ല്യു. ഗ്രിഫിത്ത് എന്ന അമേരിക്കൻ സംവിധായകൻ ഈ അർത്ഥത്തിൽ സിനിമയ്ക്ക് നൽകിയ സംഭാവനകൾ നിസ്തുലമാണ്. ക്യാമറ, എഡിറ്റിങ്ങ് ഇവയുടെ വിനിയോഗത്തിൽ കാര്യമായ വ്യതിയാനം വരുത്താനും അങ്ങനെ ചലച്ചിത്രഭാഷയ്ക്ക് ഈടുറ്റ മുതൽക്കൂട്ടുകൾ നൽകാനും പ്രതിഭാശാലിയായിരുന്ന ഗ്രിഫിത്തിന് കഴിഞ്ഞു. കഥാപാത്രങ്ങളുടെ ചിന്തകളും വികാരങ്ങളും ഗ്രിഫിത്ത് ബാഹ്യവൽക്കരിച്ചത് ഇത്തരം സങ്കേതങ്ങളിലൂടെ ആയിരുന്നു.
ഒരർത്ഥത്തിൽ ‘നിശ്ശബ്ദ സിനിമ' എന്ന പേര് അത്ര കൃത്യമല്ല എന്നും പറയാം. കാരണം, നിശ്ശബ്ദ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ഇടങ്ങളിൽ പിയാനോയോ മറ്റ് സംഗീതോപകരണങ്ങളോ ഉള്ള ഓർക്കസ്ട്രകൾ സംഗീതം വായിച്ചിരുന്നു; ഇന്നും നമ്മുടെ നാടകവേദികളിൽ ചെയ്യുന്നതുപോലെ. പല സ്ഥലത്തും കഥാഗതിവിഗതികൾ പ്രേക്ഷകർക്ക് വിവരിച്ചു കൊടുക്കാൻ ഒരു ആഖ്യാതാവ് അഥവാ കമന്റെറ്റർ ഉണ്ടായിരുന്നു. സംഭാഷണം ഇല്ലാത്ത കുറവ് പരിഹരിക്കാൻ ടൈറ്റിൽ കാർഡുകൾ, സിനിമയ്ക്ക് ഇടയ്ക്ക് പ്രത്യക്ഷപ്പെടുന്ന ഇന്റർടൈറ്റിലുകൾ തുടങ്ങിയവ ഉപയോഗിച്ചിരുന്നു. അനുശീലനം കൊണ്ടുതന്നെ, സംഭാഷണം ഇല്ലായ്മ ഒരു ന്യൂനതയായി അന്ന് മിക്ക പ്രേക്ഷകർക്കും അനുഭവപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത.
ഒന്നിനു പിറകെ ഒന്നായി ദൃശ്യബിംബങ്ങൾ വിന്യസിച്ച് അവയ്ക്ക് ഒരു തുടർച്ചയുണ്ട് എന്ന മിഥ്യാഭ്രമം സൃഷ്ടിച്ചു കൊണ്ടാണല്ലോ സിനിമ പ്രേക്ഷകമനസ്സിൽ എത്തുന്നത്. ഇത് പ്രേക്ഷകർക്ക് മാനസികമായോ ധൈഷണികമായോ യാതൊരു അലോസരവും ഉണ്ടാക്കാത്ത വിധത്തിൽ, സിനിമ സിനിമയാണെന്ന തോന്നൽ പോലും ഉണ്ടാവാത്ത വിധത്തിൽ, കണ്ടിന്യൂയിറ്റി എഡിറ്റിങ്ങ്,
ഋജുവായ കഥാഗതി, കൃത്യമായ കഥാപാത്രസൃഷ്ടി എന്നിവയിലൂടെ അവരെ രസിപ്പിച്ചിരുത്തുന്നതിൽ ഹോളിവുഡ് ക്ലാസിക്കുകൾ മുന്നിട്ടുനിന്നു. നിശ്ശബ്ദയുഗത്തിലും ലോകത്താകമാനം കമ്പോളങ്ങൾ കണ്ടെത്താനും വിനോദവ്യവസായത്തെ പുഷ്ടിപ്പെടുത്താനും ഹോളിവുഡിന് കഴിഞ്ഞു. ബെൻഹർ, ടെൻ കമാൻഡ്‌മെൻറ്സ് പോലുള്ള ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ വൻ വിജയം നേടിയ നിശ്ശബ്ദ ചിത്രങ്ങളായിരുന്നു. ബർത്ത് ഓഫ് എ നേഷൻ, ദി ബിഗ് പരേഡ് തുടങ്ങിയ ഗ്രിഫിത്ത് ചിത്രങ്ങളും ദി കിഡ്, സിറ്റിലൈറ്റ്‌സ്, ഗോൾഡ് റഷ്, സർക്കസ് തുടങ്ങിയ ചാപ്ലിൻ ചിത്രങ്ങളും കലാപരമായ ഔന്നത്യം മാത്രമല്ല ബോക്‌സോഫീസ് വിജയവും നേടിയ നിശ്ശബ്ദചിത്രങ്ങളായിരുന്നു.
നിശ്ശബ്ദ സിനിമയുടെ ചരിത്രത്തിൽ ആദ്യത്തെ ശ്രദ്ധേയമായ ചുവടുവെപ്പുകൾ ലൂമിയർ സഹോദരന്മാരുടെ എറൈവൽ ഓഫ് എ ട്രെയിൻ അറ്റ് ല സിയോത്ത സ്റ്റേഷൻ, വർക്കേഴ്‌സ് ലീവിങ് ദ ലൂമിയർ ഫാക്റ്ററി തുടങ്ങിയ ഡോക്യുമെന്ററി സ്വഭാവമുള്ള ചിത്രങ്ങളായിരുന്നു. ക്യാമറ ഒരിടത്ത് ഉറപ്പിച്ചുനിർത്തി ചിത്രീകരിക്കുന്ന ഒറ്റ ഷോട്ട് ചിത്രങ്ങൾ ആയിരുന്നു ഇവയൊക്കെ. എഡ്വിൻ .എസ്. പോർട്ടരുടെ ദി ഗ്രേറ്റ് ട്രെയിൻ റോബറി (1903) ഉൾപ്പെടെയുള്ള ചിത്രങ്ങൾ സിനിമയിലെ കഥാഖ്യാനത്തിനുള്ള ആദ്യമാതൃകകൾ സൃഷ്ടിച്ചു. യാഥാർത്ഥ്യത്തിനു പകരം ഭാവനയെ ചിറകു വിരിക്കാൻ അനുവദിക്കുന്ന പ്രമേയങ്ങളും പരിചരണശൈലികളും ആണ് ലൂമിയറുടെ സമകാലികനും ഇന്ദ്രജാലക്കാരനുമായ ജോർജ് മീലിയസ് തന്റെ ചിത്രങ്ങളിൽ പ്രയോഗിച്ചത്. റിയലിസം അല്ല, ഫാന്റസി ആണ് സിനിമയുടെ ശക്തി എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ‘സ്‌പെഷ്യൽ എഫക്ട്‌സ്' എന്ന ചെപ്പടിവിദ്യകൾക്ക് സിനിമയിൽ സ്ഥാനം നേടിക്കൊടുക്കുകയും ചെയ്തു എന്നതാണ് മീലിയെസിന്റെ സംഭാവന. മനുഷ്യൻ ചന്ദ്രയാത്ര നടത്തുന്നതിനും മുക്കാൽ നൂറ്റാണ്ട് മുമ്പ് അങ്ങിനെയൊന്ന് ഭാവനയിൽ കണ്ട് ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചതാണ് അദ്ദേഹത്തിന്റെ ട്രിപ്പ് ടു ദി മൂൺ എന്ന ചിത്രം.
നിശ്ശബ്ദ സിനിമയുടെ കാലത്തെ ക്ലാസിക്കുകളെക്കുറിച്ച് പറയുമ്പോൾ ബസ്റ്റർ കീറ്റന്റെ ദ ജനറൽ, ഫ്രിറ്റ്സ് ലാങ്ങിന്റെ ദി മെട്രോപൊലിസ്, ചാപ്ലിന്റെ ദി ഗോൾഡ് റഷ് , മൂർനോയുടെ നോസ് ഫെറാത്തു, ഗ്രിഫിത്തിന്റെ ബർത്ത് ഓഫ് എ നേഷൻ, ഇൻടോളറൻസ്, റോബർട്ട് വീനിന്റെ കാബിനറ്റ് ഓഫ് ഡോക്ടർ കാലിഗരി (ഇതാണ് ജർമൻ എക്സ്പ്രഷനിസത്തെ പ്രതിനിധാനം ചെയ്ത ആദ്യചിത്രം), സാൽവദോർ ദാലിയുടെ പ്രമേയം എടുത്ത് സർറിയലിസ്റ്റ് ശൈലിയിൽ ലൂയി ബുനുവൽ രചിച്ച ഹ്രസ്വചിത്രം അൺ ചിയൻ ആന്തലോ, ലക്ഷണമൊത്ത ആദ്യത്തെ ഡോക്യുമെന്ററി ആയ ഫ്‌ളാഹേർടിയുടെ നാനൂക് ഓഫ് ദി നോർത്ത്, കാൾ ഡ്റെയറുടെ പാഷൻ ഓഫ് ജോൺ ഓഫ് ആർക്ക് , സീഗാ വെർത്തോവിന്റെ എ മാൻ വിത്ത് എ മൂവി ക്യാമറ എന്നിവ അക്കൂട്ടത്തിൽ പെടും. നിശ്ശബ്ദയുഗത്തിൽ ‘ദേശീയസിനിമകൾ' എന്ന് വിളിക്കാവുന്നവ ഫ്രാൻസ്, ജർമനി, സോവിയറ്റ് യൂണിയൻ ഇവിടങ്ങളിലേ ഉണ്ടായിരുന്നുള്ളൂ. കോളനി രാജ്യങ്ങളിലെല്ലാം ഹോളിവുഡിന്റെ പ്രഭാവമായിരുന്നു പ്രകടമായത്. സോവിയറ്റ് സിനിമയിൽ ഐസൻസ്റ്റീനും
പുഡോവ്ക്കിനും ഡവ്‌ഷെൻകോവും മറ്റും ചേർന്ന് മൊണ്ടാഷിനെ സിനിമയുടെ ആത്മാവായി പ്രതിഷ്ഠിക്കുകയായിരുന്നു. എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ബാറ്റിൽഷിപ്പ് പൊടെംകിൻ, സ്‌ട്രൈക്ക് , ഒക്ടോബർ, ഐവാൻ ദി ടെറിബിൾ തുടങ്ങിയ വിപ്ലവാവേശം ജ്വലിപ്പിച്ച ഐസൻസ്റ്റീൻ ചിത്രങ്ങളും ഡോവഷെൻകോവിന്റെ ദി എർത്തും ഈടുറ്റ രചനകളാണ് . ഈ നിശബ്ദ ചിത്രങ്ങളിൽ പലതിലും അവയ്ക്കുവേണ്ടി തന്നെ രചിച്ച പശ്ചാത്തലസംഗീതം പിന്നീട് സന്നിവേശിപ്പിച്ചത് കാരണം ഇന്നവ നാം കാണുമ്പോൾ നിശബ്ദ ചിത്രമാണെന്ന കാര്യം മിക്കപ്പോഴും മറന്നുപോകും.
ശബ്ദത്തിന്റെ വരവ് സിനിമയെ കൂടുതൽ സ്വാഭാവികമാക്കി എന്നത് ശരിയാണെങ്കിലും സിനിമയിലേക്ക് ശബ്ദം കടന്നു വന്ന കാലത്ത് പല പ്രതിഭാശാലികളും അതിനെ സ്വാഗതം ചെയ്തില്ല
പാരീസിൽ സിനിമ കാണിച്ചതിന് തൊട്ടടുത്തവർഷം (1896) ഇന്ത്യയിലും ലൂമിയർ സഹോദരന്മാർ വന്ന് സിനിമ പ്രദർശിപ്പിക്കുകയുണ്ടായി. ദാദാസാഹേബ് ഫാൽക്കെയുടെ രാജാഹരിശ്ചന്ദ്രയാണ് ഇന്ത്യയിലെ ലക്ഷണമൊത്ത ആദ്യ ഫീച്ചർ സിനിമ. പിന്നീട് പുരാണകഥകൾ ഇതിവൃത്തമാക്കി രാമായണം, മഹാഭാരതം, ബാലികാവധു, മോഹിനി ഭസ്മാസുര തുടങ്ങിയ ചിത്രങ്ങൾ ഉണ്ടായി. മലയാളത്തിൽ ജെ. സി. ഡാനിയലിന്റെ വിഗതകുമാരൻ, ആർ. സുന്ദരരാജിന്റെ മാർത്താണ്ഡവർമ്മ എന്നിവ നിശബ്ദ കാലത്തെ രചനകളാണ്.
ഇവയിൽ മിക്ക ചിത്രങ്ങളും സൂക്ഷിച്ചുവെക്കാനോ സംരക്ഷിച്ചു നിർത്താനോ കഴിയാതെ നശിച്ചുപോയി എന്നതാണ് ദയനീയം. ലോകത്താകമാനം ആയിരക്കണക്കിന് നിശബ്ദ സിനിമകൾ ഇങ്ങനെ നശിച്ചു പോയിട്ടുണ്ട് . ചിത്രങ്ങൾ മാഞ്ഞു പോകുന്നതും പൊടിയുന്നതും എളുപ്പം തീ പിടിക്കുന്നതുമായ നൈട്രേറ്റ് ഫിലിമുകളിൽ ആയിരുന്നു അന്ന് സിനിമകൾ എടുത്തത് എന്ന സാങ്കേതിക പരിമിതിയാണ് ഈ നാശത്തിന് കാരണമായിത്തീർന്നത്.
ശബ്ദത്തിന്റെ വരവ് സിനിമയെ കൂടുതൽ സ്വാഭാവികമാക്കി എന്നത് ശരിയാണെങ്കിലും സിനിമയിലേക്ക് ശബ്ദം കടന്നു വന്ന കാലത്ത് പല പ്രതിഭാശാലികളും അതിനെ സ്വാഗതം ചെയ്തില്ല. സിനിമയിൽ സൗന്ദര്യശാസ്ത്രദൃഷ്ട്യാ നോക്കിയാൽ ശബ്ദം അസാധ്യമാണെന്ന് മാത്രമല്ല, അനാവശ്യമാണെന്ന് ഗ്രിഫിത്ത് വിശ്വസിച്ചിരുന്നു. സത്യജിത് റായ് പറയുന്നത്, ദൃശ്യബിംബങ്ങൾക്ക് ശബ്ദചിത്രങ്ങളിൽ അർത്ഥം നഷ്ടപ്പെടുന്നുണ്ട് എന്നാണ്. ഗോൾഡ് റഷിൽ ബൂട്ട് തിന്നുന്ന ചാപ്ലിന്റെ ദൃശ്യത്തിലെ നർമവും പ്രതീകാത്മകതയും ശബ്ദം ഉണ്ടായിരുന്നെങ്കിൽ നഷ്ടമായേനെ എന്നദ്ദേഹം പറയുന്നു.
റായ് തുടരുന്നു: ‘‘സിനിമയിലെ നിശ്ശബ്ദ നിമിഷങ്ങളാണ് ഓർമയിൽ തങ്ങുന്നവ.
അവ നാം നിശ്ശബ്ദ സിനിമയുടെ യുഗത്തിലേക്ക് സഞ്ചരിക്കുന്ന നിമിഷങ്ങളാണ്. നിശ്ശബ്ദ സിനിമ അനന്യവും സമ്പൂർണവുമായ ഒരു കലാരൂപമാണ്. ശബ്ദം വന്നതോടെ വ്യാപാരതാല്പര്യങ്ങളുടെ സമ്മർദ്ദങ്ങൾ ആ സിനിമയെ ഉന്മൂലനം ചെയ്തു. നിശ്ശബ്ദസിനിമയുടെ കാലത്തെ ആർട്ടിസ്റ്റുകളെ വിസ്മൃതിയിൽ ആവാതെ നിലനിർത്തുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്.'' (റായ്, ഔവർ ഫിലിംസ് ദേർ ഫിലിംസ് ). ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.