'ദി സോഷ്യൽ ഡിലെമ' എന്ന ഡോക്യുമെൻററിയിൽ നിന്ന്

ജാഗ്രത! എല്ലാം അവർ കാണുന്നുണ്ട്!

ദി സോഷ്യൽ ഡിലെമ എന്ന ഡോക്യുമെന്ററി

സാമൂഹിക മാധ്യമങ്ങൾ ഗൂഢനിരീക്ഷണത്തിലൂടെ നമ്മെയും നമ്മുടെ തീരുമാനങ്ങളെയും എങ്ങനെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു എന്ന് ആഴത്തിൽ പരിശോധിക്കുന്ന ഗംഭീര ഡോക്യുമെന്ററിയാണ് ദി സോഷ്യൽ ഡിലെമ. കമ്പ്യൂട്ടറുകളുടെയും നിർമിതബുദ്ധിയുടെയുമൊക്കെ അത്ഭുതലോകത്തെ വിദഗ്ദ്ധരും ശാസ്ത്രജ്ഞരും ഉയർന്ന എക്‌സിക്യൂട്ടീവുകളുമെല്ലാം ഈ ചിത്രത്തിൽ മനസ്സുതുറക്കുന്നു

ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറും ഇന്നത്തെ പ്രശസ്ത ചിന്തകരിലൊരാളും സാമൂഹ്യ മനഃശ്ശാസ്ത്രജ്ഞയുമായ ശോസാന സ്യുബോഫ് ‘ഗൂഢനിരീക്ഷണ മുതലാളിത്തത്തിന്റെ യുഗം' എന്ന് വിശേഷിപ്പിച്ച ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. അതേപേരുള്ള പുസ്തകത്തിൽ, ഉദാരവത്കരണ സമ്പദ്​വ്യവസ്​ഥയുടെ തുടർച്ചയായാണ് ഗൂഢനിരീക്ഷണ മുതലാളിത്തം എന്ന് അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. വ്യവസായവത്കരണ മുതലാളിത്തം പ്രകൃതിയെയാണ് ചൂഷണം ചെയ്തതെങ്കിൽ ഗൂഢനിരീക്ഷണ മുതലാളിത്തം ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത് മനുഷ്യസ്വഭാവത്തെ തന്നെയാണ്.

കമ്പ്യൂട്ടറുകളുടെയും നിർമിതബുദ്ധിയുടെയുമൊക്കെ അത്ഭുതലോകത്തെ വിദഗ്ദ്ധരും ശാസ്ത്രജ്ഞരും ഉയർന്ന എക്‌സിക്യൂട്ടീവുകളുമെല്ലാം മനസ്സു തുറക്കുമ്പോൾ ഈ മായാലോകത്തിന്റെ ഭീകരത എന്തെന്ന് ഞെട്ടലോടെ നമുക്ക് ബോദ്ധ്യപ്പെടും.

സാമൂഹിക മാധ്യമങ്ങൾ എന്നറിയപ്പെടുന്ന ഫേസ്​ബുക്ക്, ട്വിറ്റർ. യൂ ട്യൂബ്, പിൻററസ്റ്റ്, ലിങ്ക്ഡ് ഇൻ, ഗൂഗ്ൾ തുടങ്ങിയ ഭീമൻ കോർപറേഷനുകൾ ഈ ഇന്റർനെറ്റ് യുഗത്തിൽ നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത സേവനസാന്നിദ്ധ്യങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഇവയുടെ സ്വാധീനം നമ്മുടെ അബോധമനസു​കളെപ്പോലും ആഴത്തിൽ സ്പർശിക്കുന്ന വിധത്തിൽ സങ്കീർണവും നിഗൂഢവുമാണ്. സോഷ്യൽമീഡിയ അതിന്റെ ഉപയോക്താക്കൾക്ക്, പ്രത്യേകിച്ചും കുട്ടികൾക്കും കൗമാരപ്രായത്തിലുള്ളവർക്കും, ഗുരുതരമായ മനോരോഗങ്ങൾക്ക് മാത്രമല്ല മരണത്തിനുപോലും കാരണമാവുന്ന വിധത്തിൽ വലിയൊരു ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. എങ്ങനെയാണ് സാമൂഹിക മാധ്യമങ്ങൾ ഗൂഢനിരീക്ഷണത്തിലൂടെ നാമറിയാതെ നമ്മെയും നമ്മുടെ തീരുമാനങ്ങളെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് എന്ന് ആഴത്തിൽ പരിശോധിക്കുന്ന ഒരു ഗംഭീര ഡോക്യുമെന്ററി ചിത്രമാണ് 2020 സപ്​തംബറിൽ പുറത്തുവന്ന ദി സോഷ്യൽ ഡിലെമ. സോഷ്യൽ മീഡിയയുടെ ഇരുണ്ട ഉള്ളറകളെ ആ ചിത്രം അനാവരണം ചെയ്യുന്നു. കമ്പ്യൂട്ടറുകളുടെയും നിർമിതബുദ്ധിയുടെയുമൊക്കെ അത്ഭുതലോകത്തെ വിദഗ്ദ്ധരും ശാസ്ത്രജ്ഞരും ഉയർന്ന എക്‌സിക്യൂട്ടീവുകളുമെല്ലാം അഭിമുഖസംഭാഷണത്തിൽ അവരുടെ മനസ്സു തുറക്കുമ്പോൾ ഈ മായാലോകത്തിന്റെ ഭീകരത എന്തെന്ന് ഞെട്ടലോടെ നമുക്ക് ബോദ്ധ്യപ്പെടും. സോഷ്യൽ മീഡിയയുടെ നന്മകളെ തുടർന്നും ഉപയോഗപ്പെടുത്തുമ്പോഴും തിന്മകളെ എങ്ങിനെ സുരക്ഷിതമായി ഒഴിവാക്കാമെന്ന ചില ദിശാസൂചനകളും ചിത്രത്തിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്.

സോഷ്യൽമീഡിയ അതിന്റെ ഉപയോക്താക്കൾക്ക്, പ്രത്യേകിച്ചും കുട്ടികൾക്കും കൗമാരപ്രായത്തിലുള്ളവർക്കും, ഗുരുതരമായ മനോരോഗങ്ങൾക്ക് മാത്രമല്ല മരണത്തിനുപോലും കാരണമാവുന്ന വിധത്തിൽ വലിയൊരു ഭീഷണിയായി മാറിക്കഴിഞ്ഞിരിക്കുന്നു. 'ദി സോഷ്യൽ ഡിലെമ' യിൽ നിന്ന്

‘ആളുകൾക്ക് നല്ലപോലെ എഴുതാൻ കഴിയുന്നില്ലെങ്കിൽ അവർക്ക് നല്ലപോലെ ചിന്തിക്കാനും കഴിയില്ല. നല്ലപോലെ ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ അവർക്ക് വേണ്ടി ചിന്തിച്ചുകൊടുക്കുന്നത് മറ്റാരോ ആയിരിക്കും ' എന്ന് ജോർജ് ഓർവെലിന്റെ പ്രസിദ്ധമായ ഒരു വാക്യമുണ്ട്. സ്വേഛാധിപത്യനിയന്ത്രണ സംവിധാനങ്ങൾക്കുകീഴിൽ വ്യക്തി എങ്ങിനെയാണ് അടിച്ചമർത്തപ്പെടുന്നത് എന്ന് അദ്ദേഹത്തിന്റെ നോവലുകൾ വിശകലനം ചെയ്യുന്നു. ‘വല്യേട്ടൻ നിങ്ങളെ എപ്പോഴും നിരീക്ഷിക്കുകയാണ് ' എന്ന് രഹസ്യനിരീക്ഷണത്തെക്കുറിച്ചുള്ള അശരീരികളായ താക്കീതുകൾ 1984 ൽ സർവത്ര ഭീഷണിമുഴക്കുന്നു. ഓർവെല്ലിന്റെ നോവലിലെ ഈ ഭീകരാന്തരീക്ഷം വെറും ഭാവനാസൃഷ്ടി മാത്രമാണ്.

ജോർജ് ഓർവെൽ. / Photo : Wikimedia Commons

എന്നാൽ നാം ഇന്ന് ജീവിക്കുന്ന ലോകം സൈബർകേന്ദ്രങ്ങൾ അക്ഷരാർത്ഥത്തിൽ നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, സ്വകാര്യത അസാദ്ധ്യമായ, ഒരു വിചിത്രലോകമാണ്. മനുഷ്യരുടെ മനസ്സും വികാരങ്ങളും പെരുമാറ്റ രീതികളുമെല്ലാം, മറഞ്ഞിരിക്കുന്ന മാധ്യമശക്തികൾ സൃഷ്ടിച്ച അൽഗോരിതങ്ങളുടെ മായാവലയത്തിലൂടെ അന്യാധീനപ്പെടുകയാണ്. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ഇതിനിരയാവുന്നവർക്ക് മനസ്സിലാവാനും പ്രയാസമുണ്ട്.

ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്തുവാനും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ വിതയ്​ക്കാനും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ധ്രുവീകരണങ്ങൾ സൃഷ്ടിക്കുവാനും വ്യാജവാർത്തകളുടെ പ്രളയത്തിൽ മനുഷ്യരെ മുക്കിക്കൊല്ലുവാനും എല്ലാം സോഷ്യൽ മീഡിയയുടെ കടിഞ്ഞാൺ കയ്യിലുള്ളവർക്ക് സാധിക്കുന്നു. വ്യക്തികളുടെ സ്വഭാവവ്യത്യസ്തതകൾ കൃത്യമായി നിരീക്ഷിച്ച് മനസ്സിലാക്കി, അവരുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞ്, ഡേറ്റാ ചോരണം നടത്തി അനുയോജ്യരായ തൽപ്പരകക്ഷികൾക്ക് വിറ്റു കാശാക്കാൻ സോഷ്യൽ മീഡിയക്കാർ മത്സരിക്കുകയാണ്. പ്രത്യേക കക്ഷിക്കോ വ്യക്തിക്കോ വോട്ടുചെയ്യുന്ന വിധത്തിൽ ആളുകളെ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി സജ്ജരാക്കാനുള്ള സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് ഫേയ്‌സ്ബുക്കിൽ നിന്ന് ഡേറ്റ മോഷ്ടിച്ച ‘കേംബ്രിഡ്ജ് അനാലിറ്റിക്ക ' എന്ന കമ്പനി എങ്ങനെ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് കാമ്പയിൻ അടക്കം മാറ്റി മറിച്ചു എന്ന് ഇന്ന് പരക്കെ അറിയാം. ഫേസ്​ബുക്കിൽ നിന്നും മറ്റും മാന്തിയെടുത്ത ഡാറ്റകളുടെ സഹായത്തോടെ വിവിധ രാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകളിൽ നടത്തിയ അട്ടിമറികൾ 2019 ൽ വന്ന ദി ഗ്രേറ്റ് ഹാക്ക് എന്ന ഡോക്യുമെന്ററിയിൽ കാണാം.

ഫേയ്‌സ്ബുക്കിൽ നിന്ന് ഡേറ്റ മോഷ്ടിച്ച ‘കേംബ്രിഡ്ജ് അനാലിറ്റിക്ക ' എന്ന കമ്പനി എങ്ങനെ ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് കാമ്പയിൻ അടക്കം മാറ്റി മറിച്ചു എന്ന് ഇന്ന് പരക്കെ അറിയാം. / Photo : Wikimedia Commons

സോഷ്യൽ മീഡിയയിൽ നമ്മൾ സദാ നിരീക്ഷണത്തിലാണ്. ലൈക്കടിക്കൽ പോലുള്ള നമ്മുടെ നിസ്സാരപ്രതികരണം പോലും ഒന്നും വിട്ടുപോകാതെ ഏത് സമയത്തും ഞൊടിയിടയിൽ ലഭ്യമാവുന്ന വിധത്തിൽ ഒരിടത്ത് രേഖപ്പെടുത്തുന്നുണ്ട്. പക്ഷെ ഇക്കാര്യം നമ്മൾ കണക്കിലെടുക്കുകയോ ഗൗനിക്കുകയോ പതിവില്ല. ‘ഞാൻ രഹസ്യമായി ഒന്നും ചെയ്യുന്നില്ല; ആരെന്ത് രേഖപ്പെടുത്തിയാലും എനിക്കൊന്നും വരാനില്ല' എന്ന് സ്വന്തം നിഷ്‌കളങ്കതയെക്കുറിച്ച് ആശ്വാസം കൊള്ളുന്ന പ്രതികരണമാണ് പലരിൽ നിന്നും ഉണ്ടാവുന്നത്. സോഷ്യൽ മീഡിയ, സ്മാർട്ട്​ ഫോൺ, സ്മാർട്ട് ടി.വി തുടങ്ങിയ ഉപകരണങ്ങളെല്ലാം നമ്മുടെമേൽ നടത്തുന്ന അദൃശ്യവും സൂക്ഷ്മവുമായ നിയന്ത്രണങ്ങൾക്ക് ഉദാസീനമായി നമ്മൾ തല വച്ച് കൊടുക്കുകയാണ്.

സോഷ്യൽ മീഡിയ നമുക്ക് നൽകുന്ന സേവനങ്ങൾ നാം നേരിട്ട് വില കൊടുക്കുന്നില്ല എന്ന അർത്ഥത്തിൽ ‘സൗജന്യ'മാണെന്ന് പറയാം. എന്നാൽ ഈ സൗകര്യങ്ങൾ അവർ നമുക്ക് ഒരുക്കിത്തരുന്നത് നമ്മോടുള്ള സ്‌നേഹമോ കാരുണ്യമോ ഔദാര്യമോ കൊണ്ടല്ല.

മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുക, ബന്ധപ്പെടുക, ആശയവിനിമയം നടത്തുക, നമ്മുടെ വാക്കുകളും പ്രവൃത്തികളും മറ്റുള്ളവർ അംഗീകരിക്കുമ്പോൾ സന്തോഷിക്കുക, വികാരവിചാരങ്ങൾ പങ്കിടുക തുടങ്ങി മനുഷ്യന്റെ അടിസ്ഥാനപരമായ ആഗ്രഹങ്ങളാണ് നമ്മെ ‘സോഷ്യൽ ' മീഡിയയിലെത്തിക്കുന്നത്. മനുഷ്യരുടെ ഈ ദൗർബല്യമാണ് സോഷ്യൽ ​നെറ്റ്​വർക്കുകൾ ചൂഷണം ചെയ്യുന്നത്. ഇതിന്റെ ഫലമായി കോടിക്കണക്കിനാളുകൾ മദ്യത്തിനും മയക്കുമരുന്നിനുമെന്ന പോലെ സാമൂഹ്യ മാധ്യമങ്ങളുടെ ലഹരിക്ക് അടിമപ്പെടുകയാണ്. ഈ ആസക്തിയും അടിമപ്പെടലും പരിധി കടക്കുമ്പോൾ, കടുത്ത മനഃശ്ശാസ്ത്രപരമായ പ്രശ്‌നങ്ങൾ ഉടലെടുക്കുകയും രക്ഷപ്പെടൽ ദുഷ്‌കരമാവുകയും ചെയ്തു എന്നും വരാം. യാഥാർത്ഥ്യത്തെക്കുറിച്ച് ഈ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന തെറ്റായ ബോധങ്ങളുടെ മോഹവലയത്തിൽപ്പെട്ട്​എത്രയോ ചെറുപ്പക്കാർ ഈ ചതുപ്പുകളിലൊടുങ്ങുന്നു എന്നത് ഏറെ ദുഃഖകരമാണ്.

2019 ൽ പുറത്ത് വന്ന 'ദി ഗ്രേറ്റ് ഹാക്ക്' എന്ന ഡോക്യുമെന്ററിയിലെ രംഗം

ദൃശ്യ-ശ്രാവ്യ ബിംബങ്ങളിലൂടെയും രസകരമായ ഉള്ളടക്കത്തിലൂടെയും നമ്മുടെ ശ്രദ്ധ പരമാവധി പിടിച്ചുപറ്റുകയും തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ തന്നെ തുടരുവാൻ പ്രേരിപ്പിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ തന്ത്രങ്ങൾ അവലംബിക്കുകയും ചെയ്യുക എന്നതാണ് സോഷ്യൽ മീഡിയ അനുവർത്തിക്കുന്ന സമീപനരീതി. നമ്മൾ ഏതൊക്കെ ലൈക്ക് ചെയ്യുന്നു, എന്തൊക്കെ കമന്റിടുന്നു ഏതൊക്കെ സെർച്ചു ചെയ്യുന്നു, സമീപകാലത്ത് വാങ്ങിയ ഉല്പന്നങ്ങളെന്തെല്ലാം, എവിടെയൊക്കെ യാത്ര ചെയ്യുന്നു, ആരോടൊക്കെ എന്തൊക്കെ സംസാരിക്കുന്നു ഏതൊക്കെ ഫോട്ടോകളും വീഡിയോകളും കൈമാറുന്നു ഇതെല്ലാം ബ്രൗസ് ഹിസ്റ്ററ്റി, സേർച്ച് ഹിസ്റ്ററി, ക്യാമറ, മൈക്ക്, ലൊക്കേഷൻ തുടങ്ങിയവ സ്മാർട്ട് ഫോൺ/കമ്പ്യൂട്ടർ ഉപയോഗിച്ച് രേഖപ്പെടുത്തി, ആ ഡാറ്റകൾ വിശകലനം ചെയ്ത് ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്ടങ്ങളെയും സ്വഭാവത്തെയും കുറിച്ച് അവർ ഒരു ചിത്രം സ്വരൂപിച്ചെടുക്കുന്നു. മനഃശ്ശാസ്ത്രപരം കൂടി ആയ ഈ സ്വഭാവനിർണയത്തിലൂടെ തുറന്നുകിട്ടുന്ന സാദ്ധ്യതകളെയാണ് അവർ വില്പനച്ചരക്കാക്കി മാറ്റുന്നത്; പരമാവധി വില നൽകുന്ന പരസ്യക്കമ്പനികൾക്ക് അവർ കൈമാറുന്നത്.

രണ്ടു കൂട്ടർ മാത്രമേ പതിവായി എന്തെങ്കിലും വാങ്ങുന്നവരെ ‘ഉപയോഗിക്കുന്നവർ' എന്ന് വിളിക്കാറുള്ളൂ: മയക്കുമരുന്നു വ്യാപാരികളും സോഫ്റ്റ് വെയർ കമ്പനികളും.

സോഷ്യൽ മീഡിയ നമുക്ക് നൽകുന്ന സേവനങ്ങൾ നാം നേരിട്ട് വില കൊടുക്കുന്നില്ല എന്ന അർത്ഥത്തിൽ ‘സൗജന്യ'മാണെന്ന് പറയാം. എന്നാൽ ഈ സൗകര്യങ്ങൾ അവർ നമുക്ക് ഒരുക്കിത്തരുന്നത് നമ്മോടുള്ള സ്‌നേഹമോ കാരുണ്യമോ ഔദാര്യമോ കൊണ്ടല്ല. ‘ഉല്പന്നം സൗജന്യമാണെങ്കിൽ, ഉല്പന്നം നിങ്ങൾ തന്നെയാണ് ' എന്ന് ചിത്രത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇവിടെ ഉപഭോക്താവ് തന്നെ വില്പനയ്ക്കുള്ള ഒരുത്പന്നമായി, ചരക്കായി മാറ്റപ്പെടുകയാണ്. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഉല്പന്നമായി മാറുമ്പോൾ പരസ്യക്കമ്പനികളാണ് അതിന്റെ ഉപഭോക്താക്കൾ. അവർ നമ്മെ പ്രയോജനപ്പെടുത്തുന്നു. ചിത്രത്തിൽ നിന്ന് പരക്കെ ഉദ്ധരിക്കപ്പെടാറുള്ള ഒട്ടേറെ വാക്യങ്ങളിൽ ഒന്ന് ഇങ്ങനെയാണ്: ‘രണ്ടു കൂട്ടർ മാത്രമേ പതിവായി എന്തെങ്കിലും വാങ്ങുന്നവരെ (customers) ‘ഉപയോഗിക്കുന്നവർ' (users) എന്ന് വിളിക്കാറുള്ളൂ: മയക്കുമരുന്നു വ്യാപാരികളും സോഫ്റ്റ് വെയർ കമ്പനികളും. സോഷ്യൽ മീഡിയയിൽ മുഴുകുന്നവരെ ‘ഉപയോഗിക്കുന്നവർ' എന്ന് കമ്പനികൾ വിവരിക്കുന്നത് അന്വർത്ഥമാണ്.

മനഃശ്ശാസ്ത്രപരമായ സ്വഭാവനിർണയത്തിലൂടെ തുറന്നുകിട്ടുന്ന സാദ്ധ്യതകളെയാണ് സോഷ്യൽ മീഡിയ വില്പനച്ചരക്കാക്കി മാറ്റുന്നത്; പരമാവധി വില നൽകുന്ന പരസ്യക്കമ്പനികൾക്ക് അവ കൈമാറുന്നു.

നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റി മസ്തിഷ്‌കത്തെ നിയന്ത്രിക്കുകയും അൽഗോരിതങ്ങൾ കൊണ്ട് പുനഃക്രമീകരിക്കുകയും ചെയ്ത് നമ്മെക്കൊണ്ട് വാങ്ങിപ്പിക്കുന്നത് ഉപഭോഗവസ്തുക്കൾ മാത്രമല്ല. മനുഷ്യരെക്കുറിച്ചും നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും നമ്മളെക്കുറിച്ച് തന്നെയുമുള്ള വികലവും വളച്ചൊടിക്കപ്പെട്ടതുമായ അനേകം ധാരണകൾ വാങ്ങിയെടുക്കാൻ സോഷ്യൽ മീഡിയ നമ്മെ സജ്ജരാക്കുന്നു. വ്യാജവാർത്തകൾ ട്വിറ്ററിൽ പ്രചരിക്കുന്നത് ആറു മടങ്ങ് വേഗത്തിലാണ് എന്ന് എം.ഐ.ടിയുടെ പഠനമുണ്ട്. ഓൺലൈനിൽ വായിക്കുന്നതെന്തും ചോദ്യം ചെയ്യണമെന്നാണ് ഇത് നൽകുന്ന പാഠം. പ്രശസ്ത ചലച്ചിത്രനിരൂപക നെൽ മിനോ ചൂണ്ടിക്കാട്ടിയതുപോലെ, ‘സ്വന്തം ജീവിതത്തെപ്പറ്റി പ്രധാന തീരുമാനങ്ങളെടുക്കുവാനുള്ള നമ്മുടെ ശേഷി തന്നെ ഇല്ലാതാക്കുന്ന മൗലികവും അസ്തിത്വപരവുമായ ഒരു പ്രശ്‌നമാണിവിടെ പ്രമേയമാവുന്നത്. സ്‌ക്രീൻഡ് ഔട്ട്, ദി ഗ്രേറ്റ് ഹാക്ക് പോലുള്ള ചിത്രങ്ങളിൽ എങ്ങനെ സോഷ്യൽ മീഡിയ നമ്മുടെ സ്വകാര്യത നശിപ്പിക്കുന്നു എന്നത് വിദഗ്ദ്ധർ വന്നു വിശദീകരിക്കുകയാണ്. എന്നാൽ ഈ ചിത്രത്തിലാകട്ടെ, വന്നു സംസാരിക്കുന്ന വിദഗ്ദ്ധർ പലരും ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫെയ്‌സ് ബുക്ക് തുടങ്ങിയ കമ്പനികളിലെ ഉന്നത പദവിയിലുള്ള ആളുകളും നമ്മെ ഈയൊരവസ്ഥയിലെത്തിച്ചതിൽ നിർണായക പങ്ക് വഹിച്ചവരുമാണെന്ന പ്രത്യേകതയുണ്ട്. കുമ്പസാരത്തിന്റെയോ ഏറ്റുപറയലിന്റെയോ സ്വരം അവരിൽ പലരുടെയും പ്രതികരണങ്ങളിലുണ്ട്.

‘ലൈക്ക്' കിട്ടിയില്ലെങ്കിൽ പലർക്കും വികാരം വ്രണപ്പെടും. അത് തടയാൻ കൂടുതൽ ലൈക്ക് കിട്ടുന്ന വിധത്തിൽ അവർ ഫേസ്​ബുക്കിലെ പെരുമാറ്റം സ്വയം ക്രമീകരിക്കും. ഈ ലൈക്ക് ഭ്രമക്കാരിലേറെയും കൗമാരപ്രായക്കാരാണ്.

സോഷ്യൽ മീഡിയ തന്നെ ഡിലീറ്റ് ചെയ്ത് കളയാനാണ് മൈക്രോസോഫ്റ്റ് ഗവേഷണ വിഭാഗത്തിലെ ഇന്റർ ഡിസിപ്ലിനറി ശാസ്ത്രജ്ഞനായ ജാറോൺ ലാനിയർ ചിത്രത്തിൽ നമ്മോട് നിർദ്ദേശിക്കുന്നത്. അതിന് അദ്ദേഹം നിരത്തുന്ന കാരണങ്ങൾ ഇവയാണ്: നമ്മുടെ വ്യക്തിത്വത്തിലെ ഏറ്റവും നികൃഷ്ടമായ അംശങ്ങൾ പുറത്തു കൊണ്ടുവരാൻ സോഷ്യൽ മീഡിയക്ക് കഴിയും (മാന്യരാണെന്നു പൊതുവേ കരുതപ്പെടുന്നവർ ഫേസ്​ബുക്കിൽ വന്ന് അനാവശ്യമായി ആരെയെങ്കിലും തെറിയഭിഷേകം നടത്തുന്നത് ഇതിനുദാഹരണമാണ്); അത് രാഷ്ട്രീയത്തെ ഭീകരമാക്കുന്നു; ജീവിതവിജയത്തെക്കുറിച്ചും പ്രശസ്തിയെക്കുറിച്ചും മിഥ്യാധാരണകൾ പടച്ചു വിടുന്നു; യാഥാർത്ഥ്യവുമായി അഥവാ സത്യവുമായി നമുക്കുള്ള ബന്ധത്തെ വളച്ചൊടിക്കുന്നു; മറ്റുള്ളവരുമായി നമ്മൾ കൂടുതൽ ഇടപഴകുന്നത് ഇപ്പോഴാണെന്ന പ്രതീതി സൃഷ്ടിച്ച്​ യഥാർത്ഥ ബന്ധങ്ങൾ വിച്ഛേദിക്കുന്നു. ഇവയിലോരോന്നും ഗുരുതരമായ പ്രശ്‌നം തന്നെയാണ്. ഇവ മൊത്തത്തിലുണ്ടാക്കുന്ന കെടുതികളിൽ നിന്ന്​ വിടുതൽ നേടാനാണ് സോഷ്യൽ മീഡിയ അപ്പാടെ ഡിലീറ്റ് ചെയ്യൂ എന്നദ്ദേഹം ആഹ്വാനം ചെയ്യുന്നത്.

ജാറോൺ ലാനിയർ. / Photo : gq.com

ഫേസ്​ബുക്കിലെ ലൈക്ക് ബട്ടൺ കണ്ടുപിടിച്ച ജസ്റ്റിൻ റോസൻസ്റ്റീൻ ചിത്രത്തിൽ സംസാരിക്കുന്നുണ്ട്. നിങ്ങളിടുന്ന പോസ്റ്റിൽ നിങ്ങളുടെ സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയും ലൈക്ക് അടിക്കാൻ അനുവദിക്കുന്നതിൽ എന്താണ് തെറ്റ് എന്നയാൾ ചോദിക്കുന്നു. എന്നാൽ, ‘ലൈക്ക്' കിട്ടിയില്ലെങ്കിൽ പലർക്കും വികാരം വ്രണപ്പെടും. അത് തടയാൻ കൂടുതൽ ലൈക്ക് കിട്ടുന്ന വിധത്തിൽ അവർ ഫേസ്​ബുക്കിലെ പെരുമാറ്റം സ്വയം ക്രമീകരിക്കും. ഈ ലൈക്ക് ഭ്രമക്കാരിലേറെയും കൗമാരപ്രായക്കാരാണ്. കൗമാരപ്രായം തന്നെ സ്വതവേ പ്രശ്‌നസങ്കീർണമാണ്. സോഷ്യൽ മീഡിയ അതിനെ കൂടുതൽ ദുർഘടം പിടിച്ചതാക്കുന്നുണ്ട്. ഉത്കണ്ഠ, ഡിപ്രഷൻ, സ്വയം പീഡനത്വര, ആത്മഹത്യാപ്രവണത ഇവയൊക്കെ ചെറുപ്പക്കാരിൽ കൂടിവരുന്നുണ്ട്. ഓൺലൈനിൽ കാണുന്ന തരത്തിലുള്ള ശരീര സൗന്ദര്യത്തിനുവേണ്ടി പ്ലാസ്റ്റിക് സർജറി നടത്താൻ മുന്നോട്ടുവരുന്നവർ ധാരാളം. ഇക്കൂട്ടരുടെ ‘രോഗ'ത്തെ വിവരിക്കാൻ ‘സ്‌നാപ്ചാറ്റ് ഡിസ്‌മോർഫിയ' എന്ന പുതിയ ഒരു സാങ്കേതിക പദം തന്നെ വന്നുകഴിഞ്ഞു! ഇത്തരം അപകടകരമായ അവസ്ഥകളിലേക്ക് ചെറുപ്പക്കാരെ നയിക്കാൻ സോഷ്യൽ മീഡിയ കാരണമാവുന്നുണ്ട് എന്നത് ആശങ്കയുളവാക്കുന്ന ഒരു പ്രശ്‌നമാണ്. രൂപകല്പന ചെയ്തപ്പോൾ ‘ഉദ്ദേശ്യം നല്ലതായിരുന്നു' എന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. എന്നാൽ തങ്ങളുടെ വെബ്‌സൈറ്റ് ‘ഏറെ ആകർഷകമാക്കാൻ അൽഗോരിതത്തിന്റെ പൊടിക്കൈകൾ പ്രയോഗിക്കുന്നത് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല' എന്ന് ഒരാൾ കുമ്പസാരിക്കുന്നുണ്ട്. ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിൽ മുഴുകിയിരിക്കാൻ ആളുകൾക്ക് എന്തെങ്കിലും വേണം. ലൈക്ക് ബട്ടൺ അമർത്താതെ ഏറെ നേരം അവർക്ക് പിടിച്ചു നില്ക്കാൻ പറ്റാത്ത സ്ഥിതിയാണ്!

സങ്കീർണമായ സാമൂഹിക പ്രശ്‌നങ്ങൾക്ക് സോഷ്യൽ മീഡിയയെ ബലിയാടാക്കുന്നതിൽ അർത്ഥമില്ലെന്ന ഒരു വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, പ്രതിക്കൂട്ടിൽ നില്ക്കുന്നത് ലാഭമാത്രപ്രചോദിതമായ മുതലാളിത്തവിപണന തന്ത്രങ്ങളാണ്.

ജനങ്ങളുടെ മാനസികാരോഗ്യവും ജനാധിപത്യത്തിന്റെ അടിത്തറ തന്നെയും സോഷ്യൽ മീഡിയ തകർത്തു കളയുമോ എന്ന് ഈ ഏർപ്പാടുകൾ ഉണ്ടാക്കിയവർ തന്നെ ഭയപ്പെടുന്ന കാഴ്ചയാണ് ചിത്രത്തിലുള്ളത്. ഗൂഗ്ൾ ഡിസൈൻ എത്തിസിസ്റ്റായ ട്രിസ്റ്റൻ ഹാരിസ് ഇങ്ങനെ പറയുന്നു: ‘200 കോടി ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ വെറും 50 പേർ ചേർന്ന് ആസൂത്രണം ചെയ്യുന്ന സ്ഥിതിവിശേഷം ചരിത്രത്തിൽ ഇതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ല.' വിനാശകരമായ പെരുമാറ്റങ്ങളിലേക്ക് മനുഷ്യരെ വഴിതെറ്റിക്കുന്ന ഒരു ടെക്‌നോളജിയും അത്​ സൃഷ്ടിക്കുന്ന, നമുക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത, മുതലാളിത്ത സംസ്‌കാരവുമാണ് ഇവിടെ ഭീഷണിയാവുന്നത്. വ്യക്തിയുടെ യുക്തിബോധം ആൾക്കൂട്ടത്തിന്റെ യുക്തിരാഹിത്യത്തിന് വഴിമാറുകയാണ്. ഏകാന്തതാബോധം, നമുക്ക് എന്തോ നഷ്ടപ്പെടുമെന്ന ഭയം, അരക്ഷിതാവസ്ഥ, മറ്റുള്ളവരുടെ മെച്ചപ്പെട്ട ജീവിതവുമായി തട്ടിച്ചുനോക്കി അവരവരെക്കുറിച്ചുള്ള മതിപ്പ് കുറയുന്ന സ്ഥിതി... ഇതൊക്കെയാണ് സോഷ്യൽ മീഡിയ ഊട്ടി വളർത്തുന്ന ചില തിന്മകൾ.

ഓൺലൈനിൽ കാണുന്ന തരത്തിലുള്ള ശരീര സൗന്ദര്യത്തിനുവേണ്ടി പ്ലാസ്റ്റിക് സർജറി നടത്താൻ മുന്നോട്ടുവരുന്നവർ ധാരാളം. ഇക്കൂട്ടരുടെ ‘രോഗ'ത്തെ വിവരിക്കാൻ ‘സ്‌നാപ്ചാറ്റ് ഡിസ്‌മോർഫിയ' എന്ന പുതിയ ഒരു സാങ്കേതിക പദം തന്നെ വന്നുകഴിഞ്ഞു!. / Photo : harpersbazaar.com

ജെഫ് ഒർലോവ്‌സ്‌കി സംവിധാനം ചെയ്ത 94 മിനുട്ട് ദൈർഘ്യമുള്ള ഈ ചിത്രം റിലീസ് ചെയ്ത് ഒരു മാസത്തിനകം 38 ദശലക്ഷം ആളുകൾ നെറ്റ്ഫ്ലിക്‌സിൽ കണ്ടു. നിരവധി അവാർഡുകളും നോമിനേഷനുകളും ചിത്രത്തിനു ലഭിച്ചു. സമകാലിക ജീവിതത്തെ സാരമായി ബാധിക്കുന്ന ഒരു വലിയ പ്രശ്‌നം - സോഷ്യൽ മീഡിയ ഉണ്ടാക്കുന്ന ധർമസങ്കടം - സഗൗരവം കൈകാര്യം ചെയ്യുന്ന ഡോക്യുമെന്ററിയാണിത്. എങ്കിലും, ചില ദൃഷ്ടാന്തങ്ങൾ സമർത്ഥിക്കുന്നതിനു വേണ്ടി ഏതാനും സാങ്കല്പിക കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭക്ഷണമേശയിൽ കഴിച്ചുകൂട്ടുന്ന അല്പനേരമെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കാൻ പ്രതിജ്ഞയെടുത്ത് മക്കളുടെ ഫോൺ വാങ്ങി പൂട്ടി വെച്ചിട്ടും അത് പാലിക്കാൻ അവർക്ക് കഴിയുന്നില്ല! അമ്മയും ബെൻ കസാൻഡ്ര, ഇസ്ല എന്നീ മക്കളുമാണ് കുടുംബത്തിലുള്ളത്. യൂട്യൂബിന്റെ സ്വാധീനത്തിലകപ്പെടുന്ന മകൻ ബെൻ സോഷ്യൽ മീഡിയയിലെ കൃത്രിമബുദ്ധിയുപയോഗിച്ചുള്ള നിയന്ത്രണ പ്രത്യായനങ്ങളിൽപ്പെട്ട് സ്വഭാവവും പെരുമാറ്റവുമെല്ലാം മാറ്റേണ്ടി വരുന്നു. നല്ല ഒരു ഫുട്ബാൾ കളിക്കാരനായിരുന്ന അവൻ അതിലൊക്കെ താല്പര്യം നശിച്ച് യുട്യൂബിന്റെ അടിമയായി മറ്റു പലതിലേക്കും തിരിയുന്നു. സ്വന്തം പ്രതിഛായയെക്കുറിച്ചുള്ള ഉത്കണ്ഠകൾ സോഷ്യൽ മീഡിയക്കടിമപ്പെട്ട ഇളയ മകൾ ഇസ്ലയെ അലട്ടുകയാണ്.

സോഷ്യൽ മീഡിയയുടെ സ്വാധീനങ്ങളിൽ നിന്ന് മോചനം നേടുവാനും അതുമായുള്ള ബന്ധം പുനഃപരിശോധിക്കുവാനും ഒട്ടേറെ ആളുകൾക്ക് ഈ ചിത്രം പ്രചോദനമായിട്ടുണ്ട്.

ഏറെ ഉദ്ധരിക്കപ്പെടുന്ന ഒട്ടേറെ വാക്യങ്ങൾ ഈ സിനിമയിൽ അഭിമുഖങ്ങൾക്കിടയിലും മറ്റുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഉദാഹരണത്തിന് ‘ബോറടി പരിചയപ്പെട്ട് ശീലിക്കുക; ബോറടി ഒരു നല്ല കാര്യമാണ്. അതിലൂടെ നിങ്ങൾക്ക് പഠിക്കാം; വളരാം',
‘സാവധാനത്തിൽ, അൽപ്പാൽപ്പമായി, സൂചനകളില്ലാതെ നിങ്ങളുടെ പെരുമാറ്റത്തിലും ധാരണയിലും വരുന്ന മാറ്റമാണ് അവർക്ക് വേണ്ട ഉത്പന്നം’, ‘ബൃഹത്തായ ഒന്നുംതന്നെ ഒരു ശാപത്തോടൊപ്പമല്ലാതെ മനുഷ്യ ജീവിതത്തിൽ കടന്നു വരാറില്ല’,
‘നമ്മളാണ് ഉത്പന്നം. നമ്മുടെ ശ്രദ്ധയാണ് പരസ്യക്കാർക്ക് വിൽക്കപ്പെടുന്നത്’,
‘പ്രധാനകാര്യങ്ങളിൽനിന്ന്​ നേതാക്കളെ ഇത് അകറ്റിക്കൊണ്ടുപോകും, ജീവിതത്തിലെ പ്രധാനകാര്യങ്ങൾക്ക് നിങ്ങൾ കാവൽ വേണം',
‘തട്ടിപ്പുകൾ വേഗത്തിൽ പ്രചരിപ്പിക്കാൻ പ്ലാറ്റ്‌ഫോമുകളിലൂടെ എളുപ്പത്തിലും കുറഞ്ഞ ചെലവിലും സാധിക്കും’,
‘ഓൺലൈൻ കണക്ഷൻ പ്രാഥമികമായിത്തീർന്ന ഒരു ലോകമാണ് നാം സൃഷ്ടിച്ചിട്ടുള്ളത്.’

ജെഫ് ഒർലോവ്‌സ്‌കി. / Photo : jefforlowski.com

സോഷ്യൽ മീഡിയക്ക് പല നല്ല വശങ്ങളുമുണ്ട്. പ്രചാരണപരമായ ആവശ്യങ്ങൾക്കും ആളുകളുമായി എളുപ്പം ബന്ധപ്പെടുവാനും അവയവദാനം പോലുള്ള സന്നദ്ധ സേവനങ്ങൾക്ക് മുന്നിട്ടിറങ്ങുവാനും മറ്റും ഇത് സഹായകമാണ്. എങ്കിലും ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും നമ്മെ അകറ്റിമാറ്റുവാനാണ് മീഡിയ മിക്കപ്പൊഴും ഇടനൽകാറുള്ളത്. അത് നമ്മുടെ സമയം പിടിച്ചെടുക്കുന്നു. ഈ മാദ്ധ്യമങ്ങളുടെ ‘ശ്രദ്ധ പിടിച്ചുപറ്റൽ' തന്ത്രങ്ങളെ പ്രതിരോധിക്കാൻ നമുക്ക് കഴിയണം. സങ്കീർണമായ സാമൂഹിക പ്രശ്‌നങ്ങൾക്ക് സോഷ്യൽ മീഡിയയെ ബലിയാടാക്കുന്നതിൽ അർത്ഥമില്ലെന്ന ഒരു വിമർശനം ഇതിനെതിരായി ഉയർന്നിട്ടുണ്ട്. എന്നാൽ, പ്രതിക്കൂട്ടിൽ നില്ക്കുന്നത് ലാഭമാത്രപ്രചോദിതമായ മുതലാളിത്തവിപണന തന്ത്രങ്ങളാണ്.

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളുടെ അന്തഃപുരദൃശ്യങ്ങൾക്കുപുറമെ ഗൂഗിളിലെ ട്രിസ്റ്റൻ ഹാരിസ് അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ജാറോൺ ലാനിയർ, ഫേസ്​ബുക്കിന്റെ ടിം കെൻഡാൾ, ഗൂഗ്ൾ പ്രൊഡക്റ്റ് മാനേജർ ജസ്റ്റിൻ റോസൻസ്റ്റീൻ, പ്രശസ്ത ചിന്തക പ്രൊഫ. ശൊസാന സുബോഫ്, ട്വിറ്റർ മുൻ തലവൻ ജെഫ് സീബർട്ട്, മനഃശ്ശാസ്ത്ര വിദഗ്ദ്ധർ എന്നിങ്ങനെ നിരവധി പ്രമുഖ വ്യക്തികളുടെ അഭിമുഖ സംഭാഷണങ്ങളിലൂടെയാണ് വസ്തുതകൾ വിശദീകരിക്കപ്പെടുന്നത്. അധികംപേരും ശുഭപ്രതീക്ഷ വെച്ചുപുലർത്തുന്നു. സ്വയംനിയന്ത്രണം പ്രായോഗികമല്ലെങ്കിൽ പോലും നിയമത്തിലൂടെ ചിലതൊക്കെ മാറ്റാൻ കഴിയുമെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുത്താമെന്നും അവർ കരുതുന്നു.

ലാഭമാത്രപ്രചോദിതവും സാമൂഹിക സദാചാരമില്ലാത്തതുമായ ഒരു സമ്പദ് വ്യവസ്ഥയിൽ ഡാറ്റ വില്പന എന്ന ഏറ്റവും ലാഭകരമായ വ്യാപാരം തടയാൻ പ്രയാസമാണ്.

സോഷ്യൽ മീഡിയയുടെ സ്വാധീനങ്ങളിൽ നിന്ന് മോചനം നേടുവാനും അതുമായുള്ള ബന്ധം പുനഃപരിശോധിക്കുവാനും ഒട്ടേറെ ആളുകൾക്ക് ഈ ചിത്രം പ്രചോദനമായിട്ടുണ്ട്. മാധ്യമലഹരിയിൽ നിന്ന് മോചിതരായി യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുവരാനും മനുഷ്യരും ചുറ്റുപാടുകളുമായി വീണ്ടും സജീവബന്ധം സ്ഥാപിക്കുവാനും ശ്രമിച്ചവർ സിനിമയോടുള്ള പ്രതികരണങ്ങളിൽ അവരുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്വകാര്യത പൂർണമായി അടിയറ വെക്കാതെ ഈ മാധ്യമങ്ങളിലൂടെ എങ്ങനെ വ്യവഹരിക്കാം, മസ്തിഷ്‌ക പ്രക്ഷാളനതന്ത്രങ്ങളെ എങ്ങനെ അതിജീവിക്കാം, കമ്പനികളുടെമേൽ നിയമപരമായി എന്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം എന്നൊക്കെയുള്ള അന്വേഷണങ്ങൾക്കും ആലോചനകൾക്കും തുടക്കമായിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഊളിയിടാനും അതിന്റെ അപഗ്രഥനത്തിലൂടെ ഡേറ്റ വിൽക്കാനുമുള്ള ശ്രമങ്ങൾക്ക് തടയിടലാണ് ഒരു പരിഹാരം. പക്ഷെ ലാഭമാത്രപ്രചോദിതവും സാമൂഹിക സദാചാരമില്ലാത്തതുമായ ഒരു സമ്പദ് വ്യവസ്ഥയിൽ ഡാറ്റ വില്പന എന്ന ഏറ്റവും ലാഭകരമായ വ്യാപാരം തടയാൻ പ്രയാസമാണ്.
​ ‘‘സോഷ്യൽ മീഡിയയിൽ ‘കണക്റ്റഡ്' ആണെങ്കിൽ നമ്മൾ അതിനാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യും.’’ ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments