ആക്റ്റിവിസ്റ്റിന്റെ
ക്യാമറ

അര നൂറ്റാണ്ടായി നിരന്തരം ഡോക്യുമെന്ററികളെടുക്കുന്ന, അവയെ ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ കണ്ണാടികളാക്കി മാറ്റി, മനുഷ്യർക്കഭിമുഖം നിൽക്കുന്ന ആനന്ദ് പട്‌വർദ്ധന്റെ ആക്റ്റിവിസ്റ്റ് ജീവിതം അടയാളപ്പെടുത്തുകയാണ് കെ. ​​​​രാമചന്ദ്രൻ.

സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ അധികരിച്ചുള്ള സിനിമകൾ രചിക്കുന്നവർ കേവലം ചലച്ചിത്രരചയിതാക്കൾ മാത്രമല്ല, സാമൂഹിക ബോധമുള്ള ആക്റ്റിവിസ്റ്റുകൾ കൂടിയാണ്. ഇന്ത്യയിലെ ആക്റ്റിവിസ്റ്റുകളായ സിനിമക്കാരെക്കുറിച്ച് പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്ന പേര് ആനന്ദ് പട്‌വർദ്ധന്റേതാണ്. ഏതാണ്ട് അരനൂറ്റാണ്ടായി നിരന്തരം ഡോക്യുമെൻന്ററി സിനിമകളെടുക്കുന്ന അദ്ദേഹത്തെ ഇന്ത്യൻ ഡോക്യുമെന്ററിയുടെ പിതാവ് എന്ന് ചിലർ വിശേഷിപ്പിക്കാറുണ്ട്. ജീവിതം തന്നെ ഡോക്യുമെന്ററിക്കായി സമർപ്പിച്ച ഒരു മഹദ് വ്യക്തിയാണദ്ദേഹം.

വിദ്വേഷത്തിന്റെ ശക്തികളുയർത്തുന്ന കടുത്ത ഭീഷണികളെ നേരിട്ടാണ് പട്‌വർദ്ധൻ ചിത്രങ്ങൾ നിർമ്മിക്കുന്നത്‌.

ദീർഘകാലമായി ഇന്ത്യയിൽ അത്യന്തം പ്രസക്തവും ശക്തവുമായ ഡോക്യുമെന്ററികളിലൂടെ സമകാലിക യാഥാർത്ഥ്യത്തെ തുറന്നുകാട്ടിയ ചലച്ചിത്രകാരനാണ് ആനന്ദ് പട്‌വർദ്ധൻ. വേവ്സ് ഒഫ് റവല്യൂഷൻ, ടൈം ടു റൈസ്, പ്രിസണേഴ്സ് ഓഫ് കോൺഷ്യൻസ് എന്നിവയാണ് ആദ്യ കാല ചിത്രങ്ങൾ. ചേരിനിവാസികളെ കുടിയൊഴിക്കുന്നത് ഇതിവൃത്തമാക്കിയുള്ള ബോംബെ ഹമാരാ ശഹർ (1985) ഏറെ ശ്രദ്ധിക്കപ്പെട്ടു. എൽ.കെ. അദ്വാനിയുടെ രഥയാത്രയും രാമക്ഷേത്ര നിർമ്മാണത്തിനുള്ള ഇഷ്ടിക കൊണ്ടുപോകലും ഹിന്ദു രാഷ്ട്രത്തിനും ഫാഷിസ്റ്റ് വ്യവസ്ഥയ്ക്കും അസ്തിവാരമിടാനുള്ള പുറപ്പാടാണെന്ന് പ്രവചനാത്മകമായി വിലയിരുത്തിയ ഇൻ ദി നെയിം ഓഫ് ഗോഡ് (രാം കെ നാം -1992 ), ആണത്തത്തിന്റെ പേരിൽ സാമൂഹിക മേധാവിത്തം നേടി ഫാഷിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടുന്ന ഫാദർ സൺ ആൻഡ് ഹോളി വാർ (1995), നർമ്മദയിൽ നടക്കുന്ന സമരം പ്രമേയമായുള്ള എ നർമ്മദ ഡയറി (1996), ആണവ പരീക്ഷണത്തിന്റെ സാമൂഹികാഘാതങ്ങൾ വിലയിരുത്തുന്ന വാർ ആൻഡ് പീസ് (2002), ദലിത് ഉയിർത്തെഴുന്നേല്പിന്റെ പ്രാധാന്യം അടിവരയിടുന്ന ജയ് ഭീം കോമ്രേഡ് (2011); പ്രൊഫ. എം. എം. കൽബുർഗി, ധാബോൽക്കർ, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരെ വകവരുത്തിക്കൊണ്ട് സാംസ്കാരിക രംഗത്തെ എതിർശബ്ദങ്ങളെ അടിച്ചമർത്താനും ഇന്ത്യയുടെ മതേതരത്വത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും ആഘാതമേൽപ്പിക്കാനുമുള്ള സംഘപരിവാർ ഗൂഢാലോചനകളെ തുറന്നുകാട്ടുന്ന വിവേക് (റീസൺ - 2018), തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയിൽ ഇന്ന് ജനാധിപത്യം, മതേതരത്വം, മനുഷ്യത്വം തുടങ്ങിയ പരികല്പനകൾ നേരിടുന്ന വെല്ലുവിളികളെ അദ്ദേഹം സധൈര്യം തുറന്നുകാട്ടുന്നു. വിദ്വേഷത്തിന്റെ ശക്തികളുയർത്തുന്ന കടുത്ത ഭീഷണികളെ നേരിട്ടാണ് പട്‌വർദ്ധൻ ചിത്രങ്ങൾ നിർമ്മിക്കുന്നത്‌.

ഇന്ത്യയിലെ ആക്റ്റിവിസ്റ്റുകളായ സിനിമാക്കാരെക്കുറിച്ച് പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്ന പേര് ആനന്ദ് പട്‌വർദ്ധന്റേതാണ്.                                                                                  (ഫോട്ടോ: മുഹമ്മദ് അസ്‍ലം)
ഇന്ത്യയിലെ ആക്റ്റിവിസ്റ്റുകളായ സിനിമാക്കാരെക്കുറിച്ച് പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്ന പേര് ആനന്ദ് പട്‌വർദ്ധന്റേതാണ്. (ഫോട്ടോ: മുഹമ്മദ് അസ്‍ലം)

ജനാധിപത്യം എന്നവകാശപ്പെടുന്ന ഈ വ്യവസ്ഥയിൽ പ്രധാനമന്ത്രിയെയോ ഭരണാധികാരികളെയോ കോർപ്പറേറ്റു മേധാവികളെയോ ഇവരുടെയെല്ലാം പ്രവർത്തനങ്ങളെയോ വിമർശിക്കുന്നത് രാജ്യദ്രോഹമാണെന്ന രീതിയിൽ പ്രചണ്ഡമായ പ്രചാരണം നടക്കുന്നു. സ്വതന്ത്ര മാധ്യമങ്ങൾക്ക് മൂക്കുകയറിട്ടു; മറ്റുള്ളവ വെറും സ്തുതിപാഠകവൃന്ദമായി അധഃപതിച്ചു. അടിയന്തരാവസ്ഥയ്ക്കു സമാനമായ നിയന്ത്രണങ്ങളും മാധ്യമവിലക്കുകളും പരോക്ഷമായി നടപ്പിലാക്കപ്പെട്ടു. എത്രയോ ജേണലിസ്റ്റുകൾ വധിക്കപ്പെട്ടു. യുക്തിയുടെയും വിവേകത്തിന്റെയും ശബ്ദങ്ങൾ അടിച്ചമർത്തപ്പെട്ടു. ധാബോൽക്കർ, പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ ഘാതകരെ അറസ്റ്റു ചെയ്തിട്ടില്ല. ചോദ്യം ചെയ്യുന്ന വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങിയവരെയെല്ലാം ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുകയാണ്. സഞ്ജീവ് ഭട്ടിനെപ്പോലുള്ള ഉയർന്ന ഐ പി എസി ഉദ്യോഗസ്ഥൻ പോലും തടവിലാണ്.

 ഗൗരി ലങ്കേഷ്, പ്രൊഫ. എം. എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ.
ഗൗരി ലങ്കേഷ്, പ്രൊഫ. എം. എം. കൽബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ധാബോൽക്കർ.

ബീഫ് കൈവശം വച്ചു, പശുവിനെ കൊന്നു എന്നൊക്കെയുള്ള ആരോപണങ്ങളുയർത്തി ആൾക്കൂട്ട അക്രമങ്ങളും ദലിതുകളെ മർദിക്കലും കൊന്നുതൂക്കലും വ്യാപകമായിട്ടുണ്ട്. അന്യമത വിദ്വേഷവും അന്യരാജ്യ വിദ്വേഷവും ഹിന്ദുത്വത്തെ ഊട്ടിയുറപ്പിക്കാനുള്ള ഉപാധികളാക്കി മാറ്റിയിരിക്കുന്നു. ജനാധിപത്യത്തിന്റെ അടിത്തറതന്നെ ഇളക്കിക്കളയുന്ന വിധത്തിൽ വർഗീയ- ജാതീയ വിദ്വേഷങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ ഹിന്ദുത്വ തീവ്രവാദികൾ നടത്തുകയാണ്. ഹിറ്റ്ലറെയും മുസ്സോളിനിയെയും ഗോഡ്സെയെയും സവർക്കറെയും മറ്റും ധീരനായകന്മാരായി അവരോധിച്ച് സമൂഹമനസ്സിലും സാമാന്യ ബോധത്തിലും ഫാഷിസത്തോടുള്ള ആരാധന പ്രോത്സാഹിപ്പിക്കപ്പെടുന്നു. ഫാഷിസത്തെ അനുകൂലിക്കാത്തവർ ചുരുങ്ങിയ പക്ഷം നിഷ്ക്രിയരോ ഉദാസീനരോ നിശ്ശബ്ദരോ ആയിരിക്കുവാൻ വേണ്ടി അവരെ ഭയത്തിന്റെ നിഴലിൽ നിർത്താനുള്ള മാർഗങ്ങൾ അവലംബിക്കുന്നു. മറ്റെല്ലാ സാമൂഹിക- സാമ്പത്തിക-രാഷ്ട്രീയ പ്രശ്നങ്ങൾക്കുമുപരിയായി, രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയും ഭരണഘടനയും ഇതിനുമുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത വെല്ലുവിളികൾനേരിടുകയാണ്. ഭരണഘടനയുടെ ചട്ടക്കൂടുകൾ തന്നെ തകർക്കുമെന്നും ഇനി തെരഞ്ഞെടുപ്പുപോലും ഉണ്ടാവില്ല എന്നും ചില സംഘപരിവാർ എം പി മാരും മന്ത്രിമാരുമൊക്കെ വീമ്പുപറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നു.

ചോദ്യം ചെയ്യുന്ന വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങിയവരെയെല്ലാം ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുകയാണ്. സഞ്ജീവ് ഭട്ടിനെപ്പോലുള്ള ഉയർന്ന ഐ പി എസി ഉദ്യോഗസ്ഥൻ പോലും തടവിലാണ്.
ചോദ്യം ചെയ്യുന്ന വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, മനുഷ്യാവകാശപ്രവർത്തകർ തുടങ്ങിയവരെയെല്ലാം ദേശദ്രോഹക്കുറ്റം ചുമത്തി ജയിലിലടക്കുകയാണ്. സഞ്ജീവ് ഭട്ടിനെപ്പോലുള്ള ഉയർന്ന ഐ പി എസി ഉദ്യോഗസ്ഥൻ പോലും തടവിലാണ്.

സമകാലിക ഇന്ത്യയിലെ ഈ രാഷ്ട്രീയ -സാമൂഹിക ദുരവസ്ഥയുടെ ഉൽപത്തിയും വികാസപരിണാമങ്ങളും സാംസ്കാരികവിവക്ഷകളും ചരിത്രം, നരവംശശാസ്ത്രം, മനഃശ്ശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളുടെ സഹായത്തോടെ ചലച്ചിത്രമാധ്യമത്തിലൂടെ വിശകലനം ചെയ്യുകയും വെളിപ്പെടുത്തുകയുമാണ് ഇന്ത്യയിലെ പ്രമുഖ ഡോക്യമെന്ററി സംവിധായകൻ ആനന്ദ് പട്‌വർദ്ധൻ ചെയ്യുന്നത്.

ഡയറക്റ്റ് സിനിമ

സൂക്ഷ്മമായ നിരീക്ഷണത്തോടെ, ആയിരക്കണക്കിന് മണിക്കൂറുകൾ നിരന്തരം ക്യാമറയും മൈക്കുമായി ചെന്ന് നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ചലനങ്ങളുടെ നടുവിൽ ഇറങ്ങിനിൽക്കുകയും സംഭവങ്ങളെ യഥാതഥമായി രേഖപ്പെടുത്തുകയും, അതിൽ നിന്ന് എഡിറ്റു ചെയ്ത് ഏതാനും ഭാഗങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം അനുവർത്തിച്ചുവരുന്ന ലളിതമായ ശൈലി. ഇതിന് 'ഡയറക്റ്റ് സിനിമ'(യാഥാർഥ്യത്തെ നേരിട്ട് അതേപടി സിനിമയാക്കൽ) എന്നാണ് ചലച്ചിത്രപണ്ഡിതന്മാർ വിളിക്കുന്ന പേര്. എന്നാൽ, യാഥാർഥ്യങ്ങൾ ആവിഷ്കരിക്കുമ്പോൾ അത് തികച്ചും വസ്തുനിഷ്ഠമായി വേണം; വ്യക്തിപരമായ നിലപാടുകളോ വീക്ഷണങ്ങളോ അതിൽ കലരാൻ പാടില്ല എന്നൊക്കെയുള്ള മൗഢ്യമൊന്നും ആനന്ദിനില്ല. സ്വന്തമായ കാഴ്ചപ്പാടും നിലപാടുമുള്ള വ്യക്തിയാണ് അദ്ദേഹം.

ഡോക്യുമെന്ററിയിലൂടെ സത്യാന്വേഷണം നടത്തുന്ന ആനന്ദ് പട്‌വർദ്ധൻ ചുട്ടു പൊള്ളിക്കുന്നതും ഞെട്ടിക്കുന്നതുമായ സത്യങ്ങൾ നമുക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്, 'സത്യസന്ധമായ സിനിമ'യിലൂടെയാണ്.

പരസ്പരം പോരാടുന്ന വിരുദ്ധ ശക്തികളിൽ ഇരുവിഭാഗത്തിന്റെയും വീക്ഷണങ്ങൾ അവരുടെതന്നെ വാക്ക്, പ്രവൃത്തി, പ്രകടനം തുടങ്ങിയവയിലൂടെ സത്യസന്ധമായി അദ്ദേഹം ആവിഷ്കരിക്കുന്നു. എന്നാലും, കൂടിക്കാഴ്ചകളിലും മറ്റും എതിരാളികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കാനുള്ള തന്റേടവും ധീരതയും അദ്ദേഹം കാട്ടുന്നു. ക്യാമറയുടെ മുന്നിലാണ് എന്നതുകൊണ്ടുതന്നെ, ഉത്തരം പറയുന്നവർ ഒട്ടൊന്നു പരുങ്ങുമെങ്കിൽപ്പോലും, അവരുടെ വാക്കുകളും മുഖഭാവങ്ങളും ശരീരഭാഷയും വൈകാരിക വിക്ഷോഭങ്ങളും എല്ലാം കൃത്യമായി രേഖപ്പെടുത്തും. മുഖത്തു മിന്നിമറയുന്ന വിനയം, മര്യാദ, കോപം,അഹന്ത, ധിക്കാരം, കള്ളം പറയുമ്പോഴുള്ള ജാള്യത എന്നിങ്ങനെ എന്തും കാമറയിൽ പതിയും; അതിനാൽ, കേവല യാഥാർഥ്യത്തിനപ്പുറം, കുറേക്കൂടി സാർത്ഥകമായ മറ്റൊരു യാഥാർഥ്യത്തിലേക്ക്, വെളിപ്പെടുത്തുന്നതിൽ കൂടുതൽ ഒളിച്ചുവെക്കാനുള്ള ചിലരുടെ വ്യഗ്രതയിലേക്ക് ഒക്കെ അത് പ്രേക്ഷകരുടെ ശ്രദ്ധയെ എത്തിക്കും. നല്ല ഒരു ഡോക്യുമെന്ററി നിർവഹിക്കുന്നത് സത്യാന്വേഷണമെന്ന ഈ മഹത്തായ ദൗത്യമാണ്. ഡോക്യുമെന്ററിയിലൂടെ സത്യാന്വേഷണം നടത്തുന്ന ആനന്ദ് പട്‌വർദ്ധൻ ചുട്ടു പൊള്ളിക്കുന്നതും ഞെട്ടിക്കുന്നതുമായ സത്യങ്ങൾ നമുക്ക് മുന്നിൽ വെളിപ്പെടുത്തുന്നത്, 'സത്യസന്ധമായ സിനിമ'യിലൂടെയാണ്.

പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ  പത്താമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ ആനന്ദ് പട്‌വർദ്ധൻ, പി. പ്രേമചന്ദ്രൻ.                                       (ഫോട്ടോ. മുഹമ്മദ് അസ്‍ലം)
പയ്യന്നൂർ ഓപ്പൺ ഫ്രെയിമിന്റെ പത്താമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഓപ്പൺ ഫോറത്തിൽ ആനന്ദ് പട്‌വർദ്ധൻ, പി. പ്രേമചന്ദ്രൻ. (ഫോട്ടോ. മുഹമ്മദ് അസ്‍ലം)

സത്യം ഉച്ചത്തിൽ വിളിച്ചുപറയുന്നത് മിക്കപ്പോഴും വളരെ അസ്വാസ്ഥ്യജനകമാകുന്നു: പ്രത്യേകിച്ച്, സത്യങ്ങൾ വെളിപ്പെട്ടാൽ തങ്ങളുടെ പൂച്ചു പുറത്താകുമെന്ന് ഭയമുള്ള സ്ഥാപനങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും. അപ്രിയസത്യങ്ങൾ വിളിച്ചു പറയുന്നു എന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ മിക്ക സിനിമകൾക്കും സെൻസർഷിപ്പു കൊണ്ട് കൂച്ചുവിലങ്ങിടാൻ അധികൃതർ ശ്രമിച്ചത്. ദേശീയ- അന്തർദേശീയ മേളകളിൽ പുരസ്കാരങ്ങളും ബഹുമതികളും നേടിയ ചിത്രങ്ങൾ പോലും പഴഞ്ചൻ സെൻസർ നിയമങ്ങൾ കൊണ്ട് തടയിടാനുള്ള ശ്രമങ്ങളുണ്ടായി. പ്രിസണേഴ്‌സ് ഓഫ് കോൺഷ്യൻസ്, രാം കെ നാം, പിതൃ പുത്ര് ഔർ ധർമയുദ്ധ്, ജങ് ഔർ അമൻ- ഇവയൊക്കെ തടയാൻ ശ്രമം നടന്നു. എന്നാൽ നിയമയുദ്ധങ്ങളിലൂടെ അദ്ദേഹം അവയെ പരാജയപ്പെടുത്തി. റിലീസ് വൈകിക്കാൻ കഴിഞ്ഞു എന്നു മാത്രം. റീസൺ എന്ന പുതിയ ചിത്രവും ആ വഴിക്ക് തന്നെ. ആംസ്റ്റർഡാമിലെ മേളയിൽ ഏറ്റവും മികച്ച ഡോക്യുമെന്ററിക്ക് 2018 ഒക്ടോബറിൽ പുരസ്കാരം ലഭിച്ച ഈ ചിത്രത്തിന് ഇന്ത്യയിൽ ഇപ്പോഴും സെൻസർ കടമ്പകൾ നേരിടേണ്ടിവരുന്നു.

ആംസ്റ്റർഡാമിലെ മേളയിൽ ഏറ്റവും മികച്ച ഡോക്യുമെന്ററിക്ക് 2018 ഒക്ടോബറിൽ പുരസ്കാരം ലഭിച്ച  റീസൺ എന്ന ചിത്രത്തിന് ഇന്ത്യയിൽ ഇപ്പോഴും സെൻസർ കടമ്പകൾ നേരിടേണ്ടിവരുന്നു.
ആംസ്റ്റർഡാമിലെ മേളയിൽ ഏറ്റവും മികച്ച ഡോക്യുമെന്ററിക്ക് 2018 ഒക്ടോബറിൽ പുരസ്കാരം ലഭിച്ച റീസൺ എന്ന ചിത്രത്തിന് ഇന്ത്യയിൽ ഇപ്പോഴും സെൻസർ കടമ്പകൾ നേരിടേണ്ടിവരുന്നു.

എഴുപതുകൾ തൊട്ടുതുടങ്ങുന്ന അദ്ദേഹത്തിന്റെ ചലച്ചിത്രസപര്യ ഇന്നും സജീവവും ആവേശകരവുമായി തുടരുന്നത് അദ്ദേഹം ചലച്ചിത്രകാരൻ എന്നതിലുപരി ആക്ടിവിസ്റ്റ് കൂടിയാണ് എന്നതുകൊണ്ടാണ്. യാഥാർഥ്യത്തിന്റെ ചിത്രീകരണം മാത്രമല്ല; സാംസ്കാരികവിമർശം തന്നെയാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്ന ദൗത്യം. അടിയന്തരാവസ്ഥയിലെ മനുഷ്യാവകാശ നിഷേധങ്ങൾക്കും പീഡനങ്ങൾക്കുമെതിരെ നിർമിച്ച പ്രിസണേഴ്‌സ് ഓഫ് കോൺഷ്യൻസ് എന്ന ചിത്രം അടിയന്തരാവസ്ഥയ്ക്കു ശേഷമാണ് വെളിച്ചം കണ്ടത്. അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ സാക്ഷ്യമായി 1975-ൽ നിർമിച്ച വേവ്സ് ഓഫ് റെവലൂഷൻ എന്ന ചിത്രം ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. ഇതിന്റെ ഷൂട്ട് ചെയ്ത ഫുട്ടേജ്, ആനന്ദ് കാനഡയിൽ കൊണ്ടുപോയി കൂട്ടിച്ചേർത്താണ് പടം പൂർത്തിയാക്കി വിദേശത്തു പ്രദർശിപ്പിച്ചത്.

2019-ൽ യൂട്യൂബ് 'രാം കെ നാം' എന്ന ചിത്രം 18 തികഞ്ഞവർ മാത്രം കാണുന്ന രീതിയിൽ വിലക്കിയിരുന്നു എന്നതുകൂടി ചേർത്തുവായിക്കുമ്പോഴാണ് 1992-ൽ ഇറങ്ങിയ ഒരു ചിത്രത്തെ 25 വർഷങ്ങൾക്കിപ്പുറവും ചിലയാളുകൾ എന്തുമാത്രം ഭയപ്പെടുന്നു എന്നത് വെളിവാകുന്നത്.

പ്രവചനാത്മകമായ
‘രാം കേ നാം’

സമകാലിക ഇന്ത്യയുടെ സാമൂഹിക- രാഷ്ട്രീയ- സാംസ്‌കാരിക പരിച്ഛേദം അദ്ദേഹത്തിന്റെ സാമാന്യത്തിലധികം ദീർഘമായ എല്ലാ ചിത്രങ്ങളിൽ നിന്നും ലഭിക്കും എന്നുമാത്രമല്ല, അവയുടെ ചരിത്രപരമായ വേരുകളും ഭൂതകാലപശ്ചാത്തലങ്ങളും എല്ലാം ഒരന്വേഷകന്റെ ജിജ്ഞാസയോടെ അവയിൽ ആവിഷ്കരിക്കുന്നതും കാണാം.

1992-ൽ പ്രദർശനത്തിന് തയ്യാറായ 'രാം കെ നാം' (In the Name of God- ദൈവത്തിന്റെ പേരിൽ) രാമജന്മഭൂമിയുടെ പേരിൽ രാജ്യത്താകമാനം പകർച്ചവ്യാധിപോലെ പടർന്ന ആക്രാമക ഹിന്ദുത്വം ബാബ്‌രി മസ്ജിദ് തകർക്കലിലേക്കു എത്തിച്ചേർന്ന സംഭവ പരമ്പരകളുടെ നേർചിത്രമാണ്. ഈ സുപ്രസിദ്ധ ഡോക്യുമെന്ററി, ബാബറി മസ്ജിദ് തകരുന്നതിനുമുമ്പ് ആ പ്രശ്നത്തിന്റെ ഉള്ളറകളിലേക്ക് കടന്നുചെന്ന് ചെയ്ത ധീരമായ ഒരു സിനിമയായിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും സ്നേഹത്തോടെയും സഹോദര്യത്തോടെയും കഴിഞ്ഞിരുന്ന അയോദ്ധ്യയെ എങ്ങനെയാണ് വർഗീയതകൊണ്ട് നശിപ്പിച്ചത് എന്നും മനുഷ്യരുടെ സ്വൈരജീവിതം എങ്ങനെയാണ് തകർത്തതെന്നും ഒരു ചരമഗീതത്തിലെന്നപോലെ ആ ചിത്രം അനുഭവിപ്പിക്കുന്നു.

1992-ൽ പ്രദർശനത്തിന് തയ്യാറായ 'രാം കെ നാം' (In the Name of God- ദൈവത്തിന്റെ പേരിൽ) രാമജന്മഭൂമിയുടെ പേരിൽ രാജ്യത്താകമാനം പകർച്ചവ്യാധിപോലെ പടർന്ന ആക്രാമക ഹിന്ദുത്വം ബാബ്‌രി മസ്ജിദ് തകർക്കലിലേക്കു എത്തിച്ചേർന്ന സംഭവ പരമ്പരകളുടെ നേർചിത്രമാണ്.
1992-ൽ പ്രദർശനത്തിന് തയ്യാറായ 'രാം കെ നാം' (In the Name of God- ദൈവത്തിന്റെ പേരിൽ) രാമജന്മഭൂമിയുടെ പേരിൽ രാജ്യത്താകമാനം പകർച്ചവ്യാധിപോലെ പടർന്ന ആക്രാമക ഹിന്ദുത്വം ബാബ്‌രി മസ്ജിദ് തകർക്കലിലേക്കു എത്തിച്ചേർന്ന സംഭവ പരമ്പരകളുടെ നേർചിത്രമാണ്.

1991-ൽ പൂർത്തിയായ ഈ ചിത്രത്തിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും, ഇന്ത്യയുടെ ദേശീയ ടെലിവിഷൻ ചാനലായ ദൂരദർശനിൽ സംപ്രേഷണാനുമതി ലഭിച്ചിരുന്നില്ല. അദ്ദേഹം നടത്തിയ മാസങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, മുംബൈ ഹൈക്കോടതി വിധിയെത്തുടർന്ന്, 1997-ലാണ് ആ ചിത്രം ദൂരദർശനിൽ പ്രദർശിപ്പിച്ചത്. 1996 ഡിസംബർ 2ന് മുമ്പേ ആ ചിത്രം ദൂരദർശൻ പോലൊരു ദേശീയ ദൃശ്യമാധ്യമത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിൽ, ഒരു പക്ഷെ ഇന്നത്തെ ഇന്ത്യയുടെ ചരിത്രം തന്നെ മാറിമറിഞ്ഞേക്കുമായിരുന്നു.
ചിത്രത്തിന് പ്രദർശനാനുമതി നൽകി, ജസ്റ്റിസ് എ.പി. ഷാ ഇറക്കിയ വിധിന്യായത്തിലെ ചില പ്രസക്തഭാഗങ്ങൾ ഉദ്ധരിക്കുന്നത് ഇന്നും ഏറെ പ്രസക്തമാണ്:
“അധഃസ്ഥിതർക്കും താഴ്ന്ന ജാതിയിൽപെട്ടവർക്കും സാമൂഹ്യനീതി ലഭ്യമാക്കുക എന്ന പ്രത്യയശാസ്ത്രത്തിലാണ് ഈ ചിത്രത്തിന്റെ ഘടന പൂർണമായും ഊന്നിയിരിക്കുന്നത്. രാമജന്മഭൂമി- ബാബരി മസ്ജിദ് പ്രശ്നത്തെ ഒരു ഹിന്ദു- മുസ്ലിം പ്രശ്നം എന്ന നിലയിലല്ല ഈ ചിത്രം അവതരിപ്പിക്കുന്നത്; മറിച്ച് മതേതരമായ ഒരു ലോകവീക്ഷണവും മതേതരമല്ലാത്ത ഒരു ലോകവീക്ഷണവും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിലാണ്... സിനിമയിൽ പ്രത്യക്ഷപ്പെടുന്നവരൊന്നും ഹിന്ദുക്കളോ മുസ്ലിങ്ങളോ അല്ല, മറിച്ച് ഇന്ത്യക്കാരാണ്; പ്രത്യേകിച്ചും പാവപ്പെട്ടവരും തൊഴിലാളികളും... സാമുദായിക സൌഹാർദത്തിനും സഹവർത്തിത്വത്തിനുമുള്ള ഒരു ശക്തമായ യാചന ഈ ചിത്രത്തിന്റെ ഘടനയിൽതന്നെ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഈ ചിത്രത്തിലുടനീളം, ദൈവത്തിന്റെ പേരിൽ അസഹിഷ്ണുത പിൻപറ്റുന്നവരേയും വെറുപ്പ് പടർത്തുന്നവരെയും അപലപിക്കുകയാണ് ചെയ്യുന്നത്’’.

ജസ്റ്റിസ് എ.പി. ഷാ
ജസ്റ്റിസ് എ.പി. ഷാ

2019-ൽ യൂട്യൂബ് ഈ ചിത്രം 18 തികഞ്ഞവർ മാത്രം കാണുന്ന രീതിയിൽ വിലക്കിയിരുന്നു എന്നതുകൂടി ചേർത്തുവായിക്കുമ്പോഴാണ് 1992-ൽ ഇറങ്ങിയ ഒരു ചിത്രത്തെ 25 വർഷങ്ങൾക്കിപ്പുറവും ചിലയാളുകൾ എന്തുമാത്രം ഭയപ്പെടുന്നു എന്നത് വെളിവാകുന്നത്. ആനന്ദ് പട്‌വർദ്ധന്റെ ചിത്രങ്ങളുടെ കാലാതിവർത്തിയായ ശക്തിയെത്തന്നെയാണ് ഇത് സൂചിപ്പിക്കുന്നതും.

ഹിംസയിലും വെറുപ്പിലും അധിഷ്ഠിതമായ, അഹിംസയെ ഭീരുത്വമായി കണക്കാക്കുന്ന ആക്രാമകമായ ആണത്തത്തിന്റെ ആഘോഷമാണ് മതത്തിലും പുരാണങ്ങളിലുമെല്ലാം അന്തർഭവിച്ചിട്ടുള്ളത്. ആധുനിക വിനോദ മാധ്യമങ്ങളും പരസ്യങ്ങളുമെല്ലാം ഇതേ പുരുഷാധിപത്യത്തിലെ വീരനായകസങ്കല്പങ്ങൾ പങ്കിടുന്നു. സ്ത്രീത്വം എന്നത് ഇതിന്റെയെല്ലാം വിപരീതമാണ്. പാതിവ്രത്യം, വിധേയത്വം, അനുസരണ എന്നിവയാണ് സ്ത്രീഗുണങ്ങളായി വാഴ്ത്തപ്പെടുന്നത്. അക്രമത്തെയും നശീകരണത്തെയും ആരാധിക്കാൻ തുടങ്ങിയതാണ് മനുഷ്യന്റെ വിനാശത്തിന്റെ കാരണം എന്ന് ചരിത്ര- പുരാവസ്തു വിജ്ഞാനങ്ങളുടെ വെളിച്ചത്തിൽ അനാവരണം ചെയ്യുന്ന ധ്യാനാത്മകമായ ചിത്രമാണ് 1994-ലെ 'പിതൃ പുത്ര് ഔർ ധർമയുദ്ധ്'. പുരുഷാധിപത്യത്തിന്റെ വികാസപരിണാമങ്ങൾ എങ്ങനെ ഹിന്ദുത്വത്തിന്റെ പേശീബലം വർധിപ്പിച്ച് ഇന്ത്യയിലെ നാനാത്വത്തിന് ഭീഷണി ഉയർത്തുന്നു എന്ന് കൂടി ബാബറി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലം കുറഞ്ഞ അളവിൽ മാത്രം വരുന്ന ഈ ചിത്രത്തിൽ പരിശോധിക്കുന്നുണ്ട്.

ബോംബയിലെ ദലിതരെ ക്രൂരമായി ആക്രമിച്ചതിനുത്തരവാദികളായ അതേ ആളുകൾ അംബേദ്‌കർ അവരുടെ സ്വന്തമാണെന്ന് അവകാശപ്പെടുന്നതും 'ജയ് ഭീം കോമ്രേഡി’ൽ കാണാം.

ആണവയുദ്ധത്തിന്റെ
അധാർമികത

2004- ൽ ദേശീയ അവാർഡ് നേടിയ 'ജംഗ് ഔർ അമൻ' (യുദ്ധവും സമാധാനവും) അക്രമരാഹിത്യത്തിന്റെ പാതയിൽനിന്ന് വ്യതിചലിച്ച്, യുദ്ധത്തോടും അണുബോംബിനോടും ദേശപ്രേമത്തെ ബന്ധപ്പെടുത്തുന്ന ആക്രമണോത്സുകതയുടെ പാതയിലേക്ക് നാടിനെ നയിച്ച അഞ്ച് ആണവപരീക്ഷണങ്ങളുടെ ഹിംസാത്മകതയാണ് ചിത്രീകരിക്കുന്നത്. ഇന്ത്യയിലും പാക്കിസ്ഥാനിലും ജപ്പാനിലുമായി നാല് വർഷം കൊണ്ട് ചെയ്തുതീർത്ത ഈ ചിത്രം ആണവയുദ്ധത്തിന്റെ അധാർമിതയെക്കുറിച്ച് സംസാരിക്കുന്നു. തങ്ങളുടെ ദേശീയ താത്പര്യത്തിന് എതിരാണെന്ന് കരുതി ഇന്ത്യയും പാക്കിസ്താനും ഒരേ പോലെ ഈ ചിത്രത്തെ എതിർത്തു.

അംബേദ്കറുടെ പ്രസക്തി

2014-ൽ ഏറ്റവും മികച്ച നോൺ ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ച 'ജയ് ഭീം കോമ്രേഡ്' 14വർഷമെടുത്ത് നിർമിച്ച ചിത്രമാണ്. രമാബായിനഗറിൽ, സ്വന്തം വീട്ടിനടുത്ത് സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന ദലിതരെ വെടിവെച്ചതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത ദലിത് ഗായകകവി വിലാസ് ഖാഗ്രെയുടെ പാട്ടിൽ തുടങ്ങി അന്ധവിശ്വാസത്തിനും ജാതി- മത വിവേചനങ്ങൾക്കും എതിരെ യുക്തിയും വിവേകവും ബുദ്ധന്റെ കാലം തൊട്ടു നടത്തിയ പോരാട്ടങ്ങളുടെ കഥ ആലേഖനം ചെയ്യുന്ന ദീർഘ ചിത്രമാണിത്. ഇന്ത്യയിലെ ജാതീയതയുടെ ഭീകരതയെന്തെന്നും, ജാതിനശീകരണത്തിനായി അംബേദ്‌കർ നടത്തിയ വീറുറ്റ സമരങ്ങളുടെ പ്രസക്തി എന്തെന്നും അത് നമുക്ക് കാട്ടിത്തരുന്നു. ഹിന്ദുത്വ ദേശീയവാദികൾ ചരിത്രത്തെ എടുത്തുകാട്ടുന്നത് പുരുഷാധിപത്യമൂല്യങ്ങളെ സാധൂകരിക്കാനും ഇന്ത്യയിലെ മുസ്ലിങ്ങൾ അപരരാണ് എന്ന് സ്ഥാപിച്ചെടുക്കാനുമാണ്. ബോംബയിലെ ദലിതരെ ക്രൂരമായി അക്രമിച്ചതിനുത്തരവാദികളായ അതേ ആളുകൾ അംബേദ്‌കർ അവരുടെ സ്വന്തമാണെന്ന് അവകാശപ്പെടുന്നതും 'ജയ് ഭീം കോമ്രേഡി’ൽ കാണാം.

2014-ൽ ഏറ്റവും മികച്ച നോൺ ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ച 'ജയ് ഭീം കോമ്രേഡ്' 14വർഷമെടുത്ത് നിർമിച്ച ചിത്രമാണ്.
2014-ൽ ഏറ്റവും മികച്ച നോൺ ഫീച്ചർ ഫിലിമിനുള്ള ദേശീയ അവാർഡ് ലഭിച്ച 'ജയ് ഭീം കോമ്രേഡ്' 14വർഷമെടുത്ത് നിർമിച്ച ചിത്രമാണ്.

നിലപാടിന്റെ ‘വിവേക്’

പട്‌വർദ്ധന്റെ ചിത്രങ്ങൾ എന്നും കൈകാര്യം ചെയ്തത് രാഷ്ട്രീയ പ്രമേയങ്ങളാണ്. മുഖ്യധാരയെയും പരമ്പരാഗത ധാരണകളെയും വിമർശനവിധേയമാക്കി എന്തിനെയും ചോദ്യം ചെയ്യുക എന്ന യുക്തിയുടെ രീതിയാണ് അവയിൽ അവലംബിച്ചുപോന്നത്.

"ഞങ്ങളുടെ ശബ്ദങ്ങൾ എതിർപ്പിന്റേതാണ്. ഞങ്ങൾ സ്തുതിപാഠകരല്ല. അടിയന്തരാവസ്ഥ പ്രഖ്യാപിതവും തുറന്നതും ആയിരുന്നതിനാൽ അതിനെതിരായ പ്രതിരോധവും നാടകീയമായിരുന്നു; ജനങ്ങൾ അതിനെ എതിർത്തു. ഇന്ന് ഈ രാജ്യത്ത് നടക്കുന്നത് ഒളിഞ്ഞ ആക്രമണമാണ്. ജനങ്ങളുടെ സ്വഭാവം മാറ്റിമറിക്കപ്പെടുന്നു; അവരുടെ മനസിൽ വിഷം നിറയ്ക്കുന്നു. സ്റ്റോക് മാർക്കറ്റിലെ കുമിള പൊട്ടാത്തിടത്തോളം കാലം, കോർപ്പറേറ്റ് വർഗത്തിന് ഇതിലൊന്നും പരാതിയുമില്ല".

‘‘ഇക്കൂട്ടർ എന്റെ കാഴ്ചപ്പാടിൽ മഹാത്‌മാഗാന്ധിയുടെ ഘാതകരാണ്. അദ്ദേഹത്തിന്റെ കണ്ണടയും ചൂലും അവർ ഏറ്റേടുത്തിട്ടുണ്ട്; ആമനുഷ്യനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും അവർ വധിച്ചു കഴിഞ്ഞു’’- ‘വിവേക്’ എന്ന പുതിയ ചിത്രത്തിന്റെ രചനാ പശ്ചാത്തലത്തെപ്പറ്റി ചോദിച്ച സിനിമാ നിരൂപകരോട് പട്‌വർദ്ധൻ അഭിമുഖ സംഭാഷണത്തിൽ പറഞ്ഞതാണ് ഇതും ഇനി തുടർന്ന് വരുന്നതുമായ ഏതാനും ഉദ്ധരണികൾ.

‘‘എന്താണ് സംഭവിക്കുക എന്ന് മുൻകൂട്ടി വ്യക്തമായി നിശ്ചയിച്ചല്ല എന്റെ ചിത്രങ്ങളൊന്നും തന്നെ ആരംഭിക്കുന്നത്. സംഭവങ്ങൾ സ്വയമേവ ചുരുൾ നിവരുന്നു; ഞാൻ അവ രേഖപ്പെടുത്തുന്നു; എഡിറ്റ് ചെയ്യുമ്പോൾ ഇവ തമ്മിലുള്ള പരസ്പരബന്ധങ്ങൾ വ്യക്തമാവും; അത് നമുക്ക് മനസ്സിലായിത്തുടങ്ങും’’.

ഗോവിന്ദ് പൻസാരെയെന്ന യുക്തിവാദിയായ സി.പി.ഐ ആക്റ്റിവിസ്റ്റ് വധിക്കപ്പെട്ട ഉടനെയാണ് ‘വിവേക്ചി’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ഗോവിന്ദ് പൻസാരെയെന്ന യുക്തിവാദിയായ സി.പി.ഐ ആക്റ്റിവിസ്റ്റ് വധിക്കപ്പെട്ട ഉടനെയാണ് ‘വിവേക്ചി’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം ആരംഭിക്കുന്നത്.

പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്തതെന്നു തോന്നുന്ന സംഭവ പരമ്പരകൾ കോർത്തിണക്കുന്ന ഒരു ആഖ്യാനത്തിലൂടെ തീവ്ര ദേശീയതയും ആക്രാമക ഹിന്ദുത്വവും എങ്ങനെയാണ് സനാതൻ സൻസ്ഥ പോലുള്ള സംഘങ്ങളിലൂടെ രാഷ്ട്രശരീരത്തിലേക്ക് ഒരു വ്യാധിയായി പകരുന്നത് എന്ന് ആനന്ദ് പരിശോധിക്കുന്നു. സാമൂഹിക വിവേചനം, ദലിതർക്കെതിരെയുള്ള പീഡനം, ഗോരക്ഷ, ലൗ ജിഹാദ്, ശിവാജിയുടെ പുനരാവിഷ്കരണം, ബലിയാടുകളെത്തേടി കാമ്പസുകളിലെ നായാട്ട് –ഇങ്ങനെ എന്ത് പ്രശ്നമായാലും എല്ലാത്തിന്റെയും വേരുകൾ ചെന്നെത്തുന്നത് ഒരേ ഇടത്തിലാണ്.

‘‘ഗോവിന്ദ് പൻസാരെയെന്ന യുക്തിവാദിയായ സി.പി.ഐ ആക്റ്റിവിസ്റ്റ് വധിക്കപ്പെട്ട ഉടനെയാണ് വിവേക് ചിത്രീകരണം ആരംഭിക്കുന്നത്. നാല് വർഷക്കാലം ചിത്രീകരണവും എഡിറ്റിങ്ങും തുടർന്നു. ഇതിന് രണ്ടുവർഷം മുമ്പേ വധിക്കപ്പെട്ട നരേന്ദ്ര ധാബോൽക്കറിനെപ്പറ്റിയും ഞാൻ പഠനം നടത്തി. ചിത്രം നിർമിക്കുന്നതിന്റെ ഇടയിലാണ് പ്രൊഫ. എം. എം. കൽബുർഗി കൊല്ലപ്പെട്ടത്, ഗൗരി ലങ്കേഷ് എന്ന പത്രപ്രവർത്തക കൊല്ലപ്പെട്ടത്".

ഗാന്ധിയെ വധിച്ച അതേ പ്രത്യയശാസ്ത്രമാണ് ധാബോൽക്കറെയും മറ്റുള്ളവരെയും വധിച്ചത്. ഇരുണ്ട സ്ക്രീനിലൂടെ കാതടപ്പിച്ചെത്തുന്ന മോട്ടോർ സൈക്കിൾ ഈ ഘാതകരെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.

ഗാന്ധിയെ വധിച്ച അതേ പ്രത്യയശാസ്ത്രമാണ് ധാബോൽക്കറെയും മറ്റുള്ളവരെയും വധിച്ചത്. ഇരുണ്ട സ്ക്രീനിലൂടെ കാതടപ്പിച്ചെത്തുന്ന മോട്ടോർ സൈക്കിൾ ഈ ഘാതകരെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.

‘‘ഈ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വൈകൃതത്തിനും അക്രമത്തിനും ഒപ്പമെത്തുക ദുഷ്കരമാണ്. പലതും നടന്നുകൊണ്ടേ ഇരിക്കുന്നു. ഏതെങ്കിലും ഘട്ടത്തിൽ ഇതാ ഞാൻ ഇത്രയും ചിത്രീകരിച്ചിട്ടുണ്ട് എന്ന് പറഞ്ഞു അത് പ്രദർശിപ്പിക്കണമല്ലോ’’.

അങ്ങനെയാണ് 'റീസൺ' 2018-ൽ പ്രദർശനം ആരംഭിക്കുന്നത്. നിഷ്പക്ഷതാനാട്യമൊന്നും ആനന്ദിനില്ല. ടൊറന്റോ ചലച്ചിത്രമേളയിൽവച്ച് 2018 സപ്തംബറിൽ നമ്രതാ ജോഷിയെന്ന പത്രക്കാരിയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

"നിഷ്പക്ഷത വെറും അഭിനയമാണ്. നിങ്ങൾ ഒരു പത്രക്കാരി എന്ന നിലയിൽ എഴുതുമ്പോഴും നിങ്ങളുടെ ആശയങ്ങൾ അതിൽ വരും. അതേപോലെ ഒരു ചലച്ചിത്രകാരൻ ലോകത്തെ നോക്കുന്നതും സ്വന്തം കാഴ്ചപ്പാടിലൂടെയാണ്.......'വിവേക്' ഒരു നിലപാടോടുകൂടിയ സത്യസന്ധമായ ചിത്രമാണ്’’.

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് “ഈ ഇരുണ്ട കാലവും കടന്നുപോവും” എന്ന് ഈ ലേഖകന് 2020-ൽ  നടത്തിയ ഒരു അഭിമുഖത്തിൽ ആനന്ദ് പട്‌വർദ്ധൻ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.
ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് “ഈ ഇരുണ്ട കാലവും കടന്നുപോവും” എന്ന് ഈ ലേഖകന് 2020-ൽ നടത്തിയ ഒരു അഭിമുഖത്തിൽ ആനന്ദ് പട്‌വർദ്ധൻ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.

‘‘ഈ ചിത്രം ഇന്ത്യയുടെ ഭൂതത്തിലൂടെയും വർത്തമാനത്തിലൂടെയുമുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ് അത് നമ്മുടെ കണ്ണ് തുറപ്പിക്കും".

ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദുത്വം എങ്ങിനെ വിഭജിതവും വിദ്വേഷകലുഷിതവുമാക്കുന്നു എന്ന് ചിത്രം പരിശോധിക്കുന്നു. ജാതിയും മതവും ഭക്ഷണവും എന്ന് വേണ്ട എന്തും, ജീവിതത്തിന്റെ സമസ്ത മേഖലകളും ഹിന്ദുത്വ അജണ്ട അടിച്ചേല്പിക്കാനുള്ള ഉപാധികളായി മാറുന്നു. ചരിത്രത്തിൽ ഒരിക്കലും ഇല്ലാതിരുന്ന ഒരു ‘ഹിന്ദു സുവർണ കാല’ത്തിന്റെ മിഥ്യാഭ്രമം സൃഷ്ടിച്ച് ആൾക്കൂട്ടങ്ങളെ വശീകരിക്കുന്ന ഹിന്ദുത്വപരിപാടികൾ അരങ്ങേറുന്നു. ഇരുണ്ടതും അത്യന്തം അപകടകരവുമായ ഒരു പതനത്തിലേക്ക് ഈ നാട്ടിനെ കൊണ്ട് ചെന്നെത്തിക്കുന്നു.

‘വസുധൈവ കുടുംബകം’ എന്ന ആശയം തന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനപ്പുറം ലോകനന്മയെ ലാക്കാക്കിയുള്ള ഒരു പഴയ പരിൽപ്പനയാണ്. അത് ഇപ്പോഴും പ്രസക്തവുമാണ്.

റീസൺ എന്ന ചിത്രം ഒരേസമയം ഒരു താക്കീതും ഒരു വാഗ്ദാനവും ആണ്. അത് ആക്റ്റിവിസ്റ്റ് ചിത്രം മാത്രമല്ല; ചരിത്രപാഠവും ആണ്. "സർക്കാർ തെറ്റായിരിക്കുമ്പോൾ, ശരിയായിരിക്കുന്നത് അപകടകരമാണ്’’ എന്ന വോൾടെയറുടെ ഉദ്ധരണിയുള്ള, ചിത്രത്തിലെ ഒരു പ്ലക്കാർഡ് കാലഘട്ടത്തിന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നുണ്ട്.

"ചരിത്രം ഈ ചിത്രത്തിൽ ശക്തമാവുന്നു. അത് 'യഥാർത്ഥത്തിൽ' എന്തായിരുന്നു എന്നതിന്റെയോ വാസ്തവത്തിൽ എന്ത് നടന്നു എന്നതിന്റെയോ അടിസ്ഥാനത്തിലല്ല; മറിച്ച്, എങ്ങനെയാണ് ആപൽഘട്ടങ്ങളിൽ അത് ആളുകൾ പ്രയോജനപ്പെടുത്തിയത് എന്നതിന്റെ അടിസ്ഥാനത്തിലാണ്. ചരിത്രത്തെ വളച്ചൊടിച്ചത് തിരുത്താനല്ല; വർത്തമാനത്തിൽത്തന്നെയുള്ള ഭൂതകാലത്തിന്റെ സാന്നിധ്യം എങ്ങനെ പോരാട്ടങ്ങളിൽ ആയുധമാക്കാമെന്നും പുതിയ ബദലുകളുടെ ആവിഷ്കാരത്തിന് സഹായകമാക്കാമെന്നും സൂചിപ്പിക്കുവാനാണ്’’- ഇതിനാണ് പട്‌വർദ്ധന്റെ ശ്രമം.

രക്തസാക്ഷികളോടുള്ള ഐക്യദാർഢ്യം അവർ കാട്ടിത്തന്ന വിപ്ലവാത്മക സാധ്യതകളെ ഉൾക്കൊള്ളാനും തുടർന്നും പ്രതിനിധീകരിക്കാനും പ്രയോജനപ്പെടുന്നു.

"ഭഗത് സിംഗിന്റെ പോരാട്ടം തുടരുകയാണ്. അംബേദ്കറുടെ ആഹ്വാനം ഇപ്പോഴും മുഴങ്ങുകയാണ്. ഖോഗ്രെയുടെ പാട്ടുകൾ ഇപ്പോഴും ആളുകൾ പാടുന്നു’’.

ആനന്ദ് പട്‌വർദ്ധൻ അമ്മ നിർമല പട്‌വർദ്ധൻ, അച്ഛൻ വാസുദേവ് (ബാലു) പട്‌വർദ്ധൻ എന്നിവർക്കൊപ്പം. ‘വസുധൈവ കുടുംബകം’ എന്ന ഡോക്യുമെന്ററിയിൽനിന്ന്.
ആനന്ദ് പട്‌വർദ്ധൻ അമ്മ നിർമല പട്‌വർദ്ധൻ, അച്ഛൻ വാസുദേവ് (ബാലു) പട്‌വർദ്ധൻ എന്നിവർക്കൊപ്പം. ‘വസുധൈവ കുടുംബകം’ എന്ന ഡോക്യുമെന്ററിയിൽനിന്ന്.

“ഇന്ത്യയുടെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ പ്രശ്നങ്ങളുടെ വൈപുല്യം, രാജ്യത്തെ നശിപ്പിക്കുന്ന ഭീകരപ്രവണതകൾ ഇവയെക്കുറിച്ചു വിലപിക്കാനല്ല പട്‌വർദ്ധൻ ആവശ്യപ്പെടുന്നത്; പേടിപ്പെടുത്തുന്ന ഈ ദുഃസ്വപ്നത്തിൽ നമ്മൾ സ്വയം നഷ്ടപ്പെട്ടുപോവാതിരിക്കാനാണ്. മരിച്ചവരെ സ്മരിക്കുന്നത് കൊള്ളാം; പക്ഷെ നാം ജീവിക്കുന്നത് നമ്മുടെ കാലഘട്ടത്തിലാണെന്നു തിരിച്ചറിയണം. പോരാട്ടത്തിന്റേതായ ഹ്രസ്വമായ ഒരു ജീവിതമേ നമുക്കുള്ളൂ എങ്കിൽപ്പോലും അതിന് വലിയ വിലയുണ്ട്. കാരണം, നമ്മൾ സൃഷ്ടിക്കുന്ന മാതൃകകൾ, മറ്റൊരിടത്ത്, മറ്റൊരാൾ പിന്നീട് ഏറ്റെടുക്കും. കൂടുതൽ നീതിയുക്തമായ ഒരു ബദൽ സൃഷ്ടിക്കാൻ’’. (ക്രിസ്മോഫാറ്റ്).

ജനാധിപത്യം /ഫാഷിസം, മതേതരത്വം / മതബോധം, വിചാരം / വികാരം, ശാസ്ത്രം /വിശ്വാസം തുടങ്ങിയ വിരുദ്ധ ദ്വന്ദ്വങ്ങളിൽനിന്ന് ഏത് രെരഞ്ഞെടുക്കുമെന്നത് ഇന്ത്യയുടെ ഭാവിക്ക് വളരെയേറെ നിർണായകമാണ്.

"ദുഃഖം, രോഷം, ഞെട്ടൽ, ഭീതി, അമ്പരപ്പ്, അവിശ്വാസം എന്നിങ്ങനെ ഈ ചിത്രം ഉണർത്തിവിടാത്ത വികാരങ്ങളില്ല. എന്നാൽ വിവേകത്തിന്റെ ആവശ്യകതയെക്കുറിച്ചു വ്യക്തമായും കൃത്യമായും ആനന്ദ് ഉയർത്തിക്കൊണ്ടുവരുന്ന വാദങ്ങളാണ്, ഇന്ത്യയുടെ ഭാവിയിൽ താത്പര്യമുള്ള ഏതൊരാളും അവശ്യം കണ്ടിരിക്കേണ്ട ഒന്നായി ഈ ചിത്രത്തെ മാറ്റുന്നത്"എന്ന് സൈബർ ചാറ്റർജി നിരീക്ഷിക്കുന്നു.

യുക്തിയുടെയും വിവേകത്തിന്റെയും പ്രാധാന്യം തെരഞ്ഞെടുപ്പിന്റെ ഘട്ടത്തിൽ, മറ്റെന്നത്തേക്കാളും പ്രസക്തമാവുന്നു. ജനാധിപത്യം /ഫാഷിസം, മതേതരത്വം / മതബോധം, വിചാരം / വികാരം, ശാസ്ത്രം /വിശ്വാസം തുടങ്ങിയ വിരുദ്ധ ദ്വന്ദ്വങ്ങളിൽനിന്ന് ഏത് രെരഞ്ഞെടുക്കുമെന്നത് ഇന്ത്യയുടെ ഭാവിക്ക് വളരെയേറെ നിർണായകമാണ്. ഈ തിരഞ്ഞെടുക്കൽ വിവേകപൂർവമാക്കാൻ കൂടി സഹായകമായ മഹത്തായ ഒരു രചനയാണ് ‘റീസൺ’ എന്നുള്ളത് അതിന്റെ പെട്ടെന്നുള്ള പ്രാധാന്യം പതിന്മടങ്ങു വർധിപ്പിക്കുന്നു.

അച്ഛനമ്മമാർ, അമ്മാവന്മാർ, അവരുടെ സുഹൃത്തുക്കൾ- ഇങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ഇഴുകിച്ചേർന്ന കുടുംബത്തിൽനിന്ന് പൈതൃകമായി തനിക്കു ലഭിച്ച മൂല്യങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും ആഖ്യാനമാണ് വസുധൈവ കുടുംബകം എന്ന ചിത്രം.
അച്ഛനമ്മമാർ, അമ്മാവന്മാർ, അവരുടെ സുഹൃത്തുക്കൾ- ഇങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ഇഴുകിച്ചേർന്ന കുടുംബത്തിൽനിന്ന് പൈതൃകമായി തനിക്കു ലഭിച്ച മൂല്യങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും ആഖ്യാനമാണ് വസുധൈവ കുടുംബകം എന്ന ചിത്രം.

കുടുംബത്തിലേക്ക് തിരിച്ച ക്യാമറ

‘വസുധൈവ കുടുംബകം’ എന്ന ആശയം തന്റെയും കുടുംബത്തിന്റെയും ക്ഷേമത്തിനപ്പുറം ലോകനന്മയെ ലാക്കാക്കിയുള്ള ഒരു പഴയ പരിൽപ്പനയാണ്. അത് ഇപ്പോഴും പ്രസക്തവുമാണ്. അത് മനുഷ്യരെ മാത്രമല്ല സർവ ചരാചരങ്ങളെയും ഉൾക്കൊള്ളുന്നു. അവയുടെ പരസ്പരാശ്രിതത്വം ലോകത്തിന്റെ തുടർച്ചയ്ക്ക് നിർണായകമാണ്.

സ്വന്തം അച്ഛനമ്മമാർ, അമ്മാവന്മാർ അവരുടെ സുഹൃത്തുക്കൾ- ഇങ്ങനെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ഇഴുകിച്ചേർന്ന കുടുംബത്തിൽനിന്ന് പൈതൃകമായി തനിക്കു ലഭിച്ച മൂല്യങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും ആഖ്യാനമാണ് വസുധൈവ കുടുംബകം എന്ന ചിത്രം. അതിന്റെ തുടർച്ചയായി, വർത്തമാനകാല ഇന്ത്യയുടെ ഒരു ക്രോസ് സെക്ഷൻ അതിൽ കടന്നുവരുന്നു. വ്യക്തിപരമായിരിക്കുമ്പോഴും വര്ത്തമാന സാമൂഹ്യാവസ്ഥയുടെ സത്യസന്ധമായ ആവിഷ്കാരം അതിലുണ്ട് എന്നത് ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് “ഈ ഇരുണ്ട കാലവും കടന്നുപോവും” എന്ന് ഈ ലേഖകന് 2020-ൽ നടത്തിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. ആ ശുഭപ്രതീക്ഷയാണ് നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. അദ്ദേഹം നൽകുന്ന സന്ദേശം പ്രധാനമാവുന്നത് അതുകൊണ്ടു കൂടിയാണ്.


Summary: K. Ramachandran explores the activist journey of Anand Patwardhan, a documentary filmmaker for fifty years.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments