ഗൊദാർദ്​ ഒരു ജീവിതമല്ല, സിനിമയാണ്​

എഡിറ്റിങ്ങ് അറിയാത്ത ഒരാളാണ് ചിത്ര സംയോജനം നടത്തിയതെന്ന് ഹോളിവുഡ് സിനിമകളുടെ ശൈലി കണ്ട് ശീലിച്ചവർക്ക് ഗൊദാർദ് സിനിമ ആദ്യം കാണുമ്പോൾ തോന്നാനിടയുണ്ട്. എല്ലാം സുഗമമായി, മുൻകൂട്ടി ക്രമീകരിച്ച പോലെ, അസ്വാരസ്യമേതുമില്ലാതെ മുന്നോട്ട് നീങ്ങുന്ന സുഘടിതമായ ഹോളിവുഡ് സിനിമയല്ല ജീവിതമെന്നും അത് തട്ടിയും മുട്ടിയും ഇടറിയും വീണും ഒക്കെ നീങ്ങുന്ന ഒന്നാണ് എന്നും ബോദ്ധ്യപ്പെടുത്താനാണ് ഇത്തരം ടെക്ക്‌നിക്കുകളിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.

സിനിമാചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള സംവിധായകരിലൊരാളാണ് 92ാം വയസ്സിൽ അന്തരിച്ച പ്രതിഭാശാലിയായ സംവിധായകൻ ഴാങ്ങ് ലുക് ഗൊദാർദ്. 1950കളിലും 60 കളിലും സിനിമയെ വിപ്ലവകരമായി പുതുക്കിപ്പണിയുകയും ഫ്രഞ്ച്​ നവതരംഗ സിനിമാപ്രസ്ഥാനത്തിന്റെ പതാകാവാഹകനാവുകയും സിനിമയിലെ നാട്ടുനടപ്പുകളെ ഓരോന്നായി ലംഘിക്കുകയും ചെയ്ത ഈ പ്രതിഭാശാലി തന്റെ ദീർഘമായ സർഗ്ഗാത്മകജീവിതത്തിലുടനീളം പരീക്ഷണകുതുകിയും വിഗ്രഹഭഞ്ജകനുമായിരുന്നു. 88 വയസ്സിലും സിനിമയെടുത്ത് (ഇമേജ് ബുക്ക്, 2018) അതിന് കാൻ ഫെസ്റ്റിവലിൽ സ്‌പെഷൽ പാംദോർ അവാർഡു നേടാൻ കഴിഞ്ഞ അപൂർവതയും അദ്ദേഹത്തിനുമാത്രം അവകാശപ്പെട്ടതാണ്.

സിനിമ വെറും വിനോദോപാധിയാണെന്ന മട്ടിൽ അതിനെ കേവലം കച്ചവടച്ചരക്കാക്കുകയും മൂലധന താല്പര്യങ്ങൾക്കൊത്ത് അതിനെ പോഷിപ്പിക്കുകയും ചെയ്യുന്ന ഹോളിവുഡ് പാരമ്പര്യം ലോകമെമ്പാടും സിനിമയിൽ അനുകരണീയ മാതൃകയായി സ്വീകരിക്കപ്പെട്ടു. അപ്പോഴാണ് ഇറ്റാലിയൻ നിയോറിയലിസം, ഫ്രഞ്ചു നവതരംഗം പോലുള്ള പ്രസ്ഥാനങ്ങൾ സിനിമ ഒരു കലാരൂപമാണെന്നും അതിന്ന് സമൂഹത്തിൽ സാഹിത്യം, മറ്റു കലാരൂപങ്ങൾ എന്നിവ പോലെ ചില ധർമങ്ങൾ നിറവേറ്റാനുണ്ടെന്നും അതിനാൽ സിനിമയുടെ രൂപവും ഉള്ളടക്കവും മാറേണ്ടതുണ്ടെന്നും പ്രഖ്യാപിച്ചത്. പ്രേക്ഷകരെ ചുമ്മാ രസിപ്പിക്കുന്നതിനുപകരം ചിന്തിപ്പിക്കുക കൂടി ചെയ്യുന്ന ചിത്രങ്ങളാണ് ഗൊദാർദ് രചിച്ചത്. പ്രേക്ഷകർ കുറച്ച് ശ്രദ്ധ ചെലുത്തിയാൽ മാത്രമേ അവ ആസ്വാദ്യമാവുകയുള്ളൂ. ധൈഷണികത അഥവാ ബുദ്ധിപരത മിക്ക ഗൊദാർദ് ചിത്രങ്ങളുടെയും മുഖമുദ്രയാണ്. അത് ചിത്രങ്ങളെ പലപ്പോഴും ദുർഗ്രഹമാക്കുന്നുണ്ട്. പിക്കാസോ ചിത്രകലയിൽ ചെയ്തതു പോലെ, ടി.എസ് എലിയട്ട് കവിതയിൽ ചെയ്തു പോലെ ‘ഭഗ്‌ന ബിംബങ്ങളുടെ കൂമ്പാര'മായി സമകാലിക ജീവിതത്തിലെ സങ്കീർണതകളെ ഗൊദാർദ് സിനിമയിൽ ആവിഷ്‌കരിക്കുമ്പോൾ ഈ ദുർഗ്രഹത സ്വാഭാവികമാണ്. വീക്കെൻഡ്, ഫിലിം സോഷ്യലിസ്‌മെ, അഡ്യൂ ലാംഗ്വേജ്, ഇമേജ് ബുക്ക് തുടങ്ങിയ ചിത്രങ്ങൾ ഉദാഹരിക്കാം.

‘സെക്കണ്ടിൽ 24 ഫ്രെയ്​മുകളിലുള്ള സത്യമാണ് സിനിമ’ എന്ന് ലാ പെറ്റി സോൾ ദാ എന്ന ചിത്രത്തിൽ ഗോദാർദ് പ്രസ്താവിക്കുന്നുണ്ട്. സിനിമയിൽ സത്യം എന്നത് യഥാതഥമായി ആവിഷ്‌കരിക്കപ്പെടുന്ന വസ്തുതകൾ മാത്രമല്ല; ആശയങ്ങൾ, ഭാവനകൾ, സ്വപ്നങ്ങൾ, പ്രതീക്ഷകൾ തുടങ്ങിയവയും സത്യത്തിന്റെ വിവക്ഷയിൽ ഉൾപ്പെടും.

കലയുടെ ധർമ്മങ്ങളിലൊന്ന് സാമൂഹ്യവിമർശനമാണ്. സാമൂഹികവിമർശനത്തിലൂടെയാണ് അത് രാഷ്ട്രീയമാവുന്നത്; സ്വേഛാധികാരത്തിനെതിരെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന നിലപാടായിത്തീരുന്നത്. ഉള്ളടക്കത്തോടൊപ്പം തന്നെ രൂപത്തെയും വിമർശനാത്മകമായ പരിപ്രേക്ഷ്യത്തിൽ പ്രതിഷ്ഠിച്ചു കൊണ്ടുള്ള ഒരു പരിചരണ ശൈലിയാണ് ഗൊദാർദിനെ മറ്റു പല ചലച്ചിത്ര രചയിതാക്കളിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

ബ്രഹ്റ്റ് എപ്പിക്ക് നാടകവേദിയിൽ പരീക്ഷിച്ചതിനോട് താരതമ്യപ്പെടുത്താവുന്ന അന്യവത്കരണ സങ്കേതങ്ങൾ ഗോദാർദ് ചിത്രങ്ങളിൽ കാണാം. പ്രേക്ഷകർ ‘കഥ'യുമായി, ആഖ്യാനവുമായി, പൂർണമായും താദാത്മ്യം പ്രാപിക്കുന്നത് തടയുന്നതിനും ‘ഇത് ജീവിതമല്ല, സിനിമയാണ്' എന്ന് ഇടക്ക് ഓർമിപ്പിക്കുന്നതിനും ബോധപൂർവമായി അദ്ദേഹം ചില പൊടിക്കൈകൾ പ്രയോഗിക്കാറുണ്ട്. കലയുടെ മാദ്ധ്യമപരമായ സവിശേഷതയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും വൈകാരിക നിമിഷങ്ങളിൽ അലോസരപ്പെടുത്തുകയും ചെയ്യുന്ന ജമ്പ് കട്ടുകൾ, ഇടയ്ക്കു കടന്നുവരുന്ന ഗ്രാഫിക്കുകൾ, കമന്ററികൾ, അഭിനേതാക്കളെക്കൊണ്ട് ക്യാമറയുടെ നേരെ നോക്കി (അതായത്, പ്രേക്ഷകരുടെ നേരെ നോക്കി) സംസാരിപ്പിക്കൽ തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടും. എഡിറ്റിങ്ങ് അറിയാത്ത ഒരാളാണ് ചിത്ര സംയോജനം നടത്തിയതെന്ന് ഹോളിവുഡ് സിനിമകളുടെ ശൈലി കണ്ട് ശീലിച്ചവർക്ക് ഗൊദാർദ് സിനിമ ആദ്യം കാണുമ്പോൾ തോന്നാനിടയുണ്ട്. എല്ലാം സുഗമമായി, മുൻകൂട്ടി ക്രമീകരിച്ച പോലെ, അസ്വാരസ്യമേതുമില്ലാതെ മുന്നോട്ട് നീങ്ങുന്ന സുഘടിതമായ ഹോളിവുഡ് സിനിമയല്ല ജീവിതമെന്നും അത് തട്ടിയും മുട്ടിയും ഇടറിയും വീണും ഒക്കെ നീങ്ങുന്ന ഒന്നാണ് എന്നും ബോദ്ധ്യപ്പെടുത്താനാണ് ഇത്തരം ടെക്ക്‌നിക്കുകളിലൂടെ അദ്ദേഹം ശ്രമിക്കുന്നത്.

ക്ലോഡ് ഷാബ്രോളും ഴാങ് ലുക്ക് ഗോദാർദും പാരിസിലെ 'കഹിയേ ദു സിനിമ' മാസികയുടെ ഓഫീസിൽ

ചലച്ചിത്രമാദ്ധ്യമത്തിലൂടെ ഒട്ടേറെ ഉപന്യാസങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 2010 ലെ ഫിലിം സോഷ്യലിസ്‌മെ, 2014 ലെ ഗുഡ് ബൈ ടു ലാങ്ങ്‌ഗ്വേജ് തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഭാഷ മനുഷ്യരെ അന്യവത്കരിക്കുന്നു എന്ന ആശയം ബിംബസമുച്ചയങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ പലപ്പോഴും അത് അതാര്യമായിത്തീരുന്നുണ്ട്. അസംബന്ധനാടകവേദി ഭാഷയെക്കുറിച്ച് പ്രകടിപ്പിക്കുന്ന അവിശ്വാസം പലപ്പോഴും അദ്ദേഹം പങ്കിടുന്നുണ്ട്.

ബ്രത് ലസ്സ്, പിയറോ ദി മാഡ്, കൺടെംപ്റ്റ്, ഹിസ്റ്ററി ദു സിനിമ എന്നിവയെ സൈറ്റ് & സൗണ്ട് മാസിക എക്കാലത്തെയും മികച്ച 50 ചിത്രങ്ങളിലുൾപ്പെടുത്തിയിട്ടുണ്ട്. മൈ ലൈഫ് ടുലിവ്, ആൽഫാവിൽ, എ വുമൺ ഈസ് എ വുമൺ, ബാൻഡ് ഒഫ് ഔട്‌സൈഫേഴ്‌സ്, ദി വീക്കെൻഡ് ,പാഷൻ. ഗുഡ് ബൈ ടു ലാംഗ്വേജ്, ഇമേജ് ബുക്ക് തുടങ്ങിയവയും മികച്ച രചനകളാണ്. 42 ഫീച്ചർ സിനിമകളും ഡോക്യുമെന്ററികൾ, ഷോർട്ട് ഫിലിമുകൾ, വീഡിയോകൾ എന്നിങ്ങിനെ അറുപതോളം രചനകളും ഏതാനും സിനിമാ സംബന്ധിയായ കൃതികളും അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്.

പുതുമ നിറഞ്ഞതും പ്രവചനക്ഷമമല്ലാത്തതും പൂർവാപരബന്ധമില്ലാത്തതും പ്രകോപനപരവുമായ ആഖ്യാനശൈലി, അസ്തിത്വ ദുഃഖവും അസംതൃപ്തിയും അനുഭവിക്കുന്ന കഥാപാത്രങ്ങൾ, നഗരാന്തരീക്ഷം, ബൗദ്ധിക ചർച്ചകൾ, സിനിമയിൽനിന്നും സാഹിത്യത്തിൽനിന്നും മറ്റുമുള്ള ഉദ്ധരണികൾ ഇതൊക്കെ അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ ചിത്രങ്ങളിലും ആവർത്തിക്കുന്നതു കാണാം. വ്യഭിചാരം എന്നത് ഗോദാർദിന് ശക്തമായ ഒരു രൂപകമാണ്. മൈ ലൈഫ് ടു ലിവ് എന്ന ചിത്രത്തിലെ കേന്ദ്രപ്രമേയം തന്നെ അതാണ്. മൂലധനം അധികാരം എന്നീ ശക്തികളാൽ നമ്മൾ വ്യഭിചരിക്കപ്പെടുന്നു എന്ന് ഹിസ്റ്ററി ദുസിനിമയിലുൾപ്പെടെ വ്യക്തമാക്കപ്പെടുന്നു. മനുഷ്യരെ ചരക്കുവത്കരിക്കുകയും ഉപഭോഗാസക്തികളിൽ കുടുക്കിയിടുകയും ചെയ്യുന്നതിനെതിരെ ശക്തമായ പ്രതികരണം മിക്ക ചിത്രങ്ങളിലും കാണാം. ഉപഭോഗ സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നായിരുന്ന മോട്ടോർ കാർ കത്തിച്ചു കളയുന്ന ദൃശ്യം പല ചിത്രങ്ങളിലും ആവർത്തിക്കുന്നത് കാണാം. ശാസ്ത്രത്തിന്റെ പിന്തുണയോടെ സ്വേച്ഛാധിപത്യം മനുഷ്യനെ നിർവീര്യരാക്കുന്നതിനെക്കുറിച്ചുള്ള സയൻസ് ഫിക്ഷൻ ചിത്രമാണ് ആൽഫാവിൽ.

My Life to Live എന്ന സിനിമയിൽ നിന്ന്

സിനിമ, സംസ്‌കാരം, അധികാര രാഷ്ട്രീയം ഇവയുമായുള്ള നമ്മുടെ ബന്ധത്തെ പ്രശ്‌നവത്കരിക്കുന്ന ചിത്രമാണ് ഏറ്റവും ഒടുവിലത്തെ ഇമേജ് ബുക്ക്. പ്രതിച്ഛായകളുടെ ചലനാത്മകത, അവയിലെ വിച്ഛേദവും തുടർച്ചകളും ആർക്കും അപ് ലോഡ് ചെയ്യാവുന്നതും തോന്നിയതുപോലെ വളച്ചൊടിച്ച് ദുരുപയോഗപ്പെടുത്താവുന്നതുമായ വഴക്കം, ഇതെല്ലാം അതിൽ പ്രമേയമാവുന്നുണ്ട്. അത് ഒരു കൊളാഷ് ചലച്ചിത്രമാണ്. പഴയ ചിത്രങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ പെയ്ന്റിങ്ങുകൾ, ഫോട്ടോകൾ ശാസ്ത്രീയ സംഗീത ശകലങ്ങൾ, ഗോദാർദിന്റെ പതിഞ്ഞ സ്വരത്തിലുള്ള കമന്ററി ഇതെല്ലാം അതിൽ കൂടിക്കലരുന്നു. നമ്മൾ കാണുന്നതും കാണേണ്ടതും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ക്യാമറയിലൂടെ വെളിപ്പെടുത്തുമ്പോൾ അർത്ഥങ്ങളും, ആന്തരാർത്ഥങ്ങളും അമൂർത്തവത്കരണങ്ങളും എല്ലാം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്. പൗരസ്ത്യവാദത്തിന്റെ കണ്ണടയിലൂടെ നോക്കി അറബ് ലോകത്തെ യൂറോപ്യൻമാർ തെറ്റായാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് ഗോദാർദ് സമർത്ഥിക്കുന്നു.

സാമ്പ്രദായികതയോടു നിരന്തരം കലഹിക്കുകയും അധീശത്വത്തിന്റെ എല്ലാ രൂപങ്ങളെയും വിമർശിക്കുകയും ചെയ്ത ഗോദാർദ്​ ആഗോളതലത്തിൽ നിരവധി പ്രഗദ്ഭ സംവിധായകരെ സ്വാധീനിച്ചിട്ടുണ്ട്: ബെർതൊലൂച്ചി, കിയരോസ്താമി, ലാർസ് വോൺ ട്രയർ തുടങ്ങി നിരവധി പേരെ. അദ്ദേഹത്തിന്റെ സിനിമ പോലെ തന്നെ അദ്ദേഹത്തിന്റെ മരണവും വ്യത്യസ്തമായിരുന്നു: അദ്ദേഹം മെഡിക്കൽ സഹായത്തോടെ സ്വച്ഛന്ദമൃത്യു വരിക്കുകയായിരുന്നു എന്ന് ഭാര്യയും 1970 തൊട്ട് ചലച്ചിത്ര കൂട്ടാളിയുമായ ആൺ മേരി മിയവിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്. ചലച്ചിത്ര ചരിത്രത്തിലെ ആ ഇതിഹാസത്തിന് വിട.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments