ചിത്രലേഖാ ഫിലിം സൊസൈറ്റിയിലെ ഒരു അംഗമായിരുന്നുകൊണ്ട് അതിന്റെ അഭിമാനത്തോടെയാണ് സ്വയംവരം ആദ്യം കണ്ടത്. അരനൂറ്റാണ്ട് പിന്നിട്ട സ്വയംവരം ഇപ്പോൾ കാണുമ്പോഴും അതിന്റെ പുതുമ നിലനില്ക്കുന്നു എന്നത് ശ്രദ്ധേയമായി തോന്നി. മലയാള സിനിമയിലെ എന്നല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഒരു ക്ലാസിക്കായി അത് അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. നിരവധി ദേശീയ-അന്തർദേശീയ അവാർഡുകൾ, ലോകത്തെ പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലും റെട്രോസ്‌പെക്റ്റീവുകളിലും ഫിലിം സൊസൈറ്റി മേളകളിലുമുള്ള പ്രദർശനങ്ങൾ, നിരൂപകരുടെയും ആസ്വാദകരുടെയും നിർലോഭമായ പ്രശംസകൾ ഇവയൊക്കെ കടന്നെത്തിയ സ്വയംവരം നമ്മുടെ സിനിമാചരിത്രത്തിലെ ഒരു വഴിത്തിരിവും ‘ഓട്ടിയർ സിനിമ' എന്നറിയപ്പെടുന്ന വ്യക്തിഗത ചലച്ചിത്രരചനകളിലെ ഒരു ഈടുവയ്പും ആണെന്ന് ഒന്നുകൂടി ഓർക്കാൻ ചിത്രത്തിന്റെ അമ്പതാം വാർഷികം സന്ദർഭമൊരുക്കുന്നു. ഇറ്റാലിയൻ നിയോറിയലിസം, ഫ്രഞ്ച് നവതരംഗം, സത്യജിത് റായുടെ കാവ്യാത്മക റിയലിസം ഇവയുടെയെല്ലാം സ്വാധീനം വേണ്ടതുപോലെ സ്വാംശീകരിച്ച അടൂർ ഗോപാലകൃഷ്ണൻ, അദ്ദേഹം എപ്പോഴും ആവർത്തിക്കാറുള്ള ‘സിനിമ സംവിധായകന്റെ കലയാണ്' എന്ന ആശയം മൂർത്തമായി അനുഭവിപ്പിക്കുന്ന ചിത്രമാണ് സ്വയംവരം.
സ്വയംവരം എന്ന വാക്ക് സൂചിപ്പിക്കുന്നത് അവരവർ തെരഞ്ഞെടുക്കുന്ന പ്രക്രിയയെ ആണ്. ലക്ഷ്യവും മാർഗവുമെല്ലാം നിശ്ചയിക്കുന്നതും മുന്നോട്ടുപോകാൻ തീരുമാനിക്കുന്നതുമെല്ലാം അതിലുൾപ്പെട്ട വ്യക്തികളാണ്. സീത, വിശ്വനാഥൻ എന്നിവരുടെ ജീവിതയാത്രയുടെയും ദാമ്പത്യത്തിന്റെയും തെരഞ്ഞെടുപ്പ് മാത്രമല്ല സ്വയംവരത്തിലുള്ളത്, അടൂർ ഗോപാലകൃഷ്ണൻ എന്ന ചലച്ചിത്രകാരന്റെ തെരഞ്ഞെടുപ്പുകൂടിയാണ്. നടന്നുതേഞ്ഞ പാതകളിൽ നിന്നും കഥാകേന്ദ്രിത അവതരണങ്ങളിൽ നിന്നും വഴിപിരിഞ്ഞ്, യഥാതഥമായ ശൈലിയിൽ ജീവിതാനുഭവങ്ങൾ ചലച്ചിത്രത്തിൽ ആവിഷ്‌കരിക്കാനുള്ള വേറിട്ട ഒരു വഴി മലയാള സിനിമയിൽ വെട്ടിത്തുറന്നുകൊണ്ടുള്ള ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. കൈകാര്യം ചെയ്യുന്ന ഉള്ളടക്കത്തെക്കുറിച്ചുമാത്രമല്ല സിനിമ എന്ന ദൃശ്യ പ്രധാനമായ ആധുനിക കലയുടെ മൗലികമായ സാധ്യതകളെക്കുറിച്ച് കൂടിയാണ് ഈ ചിത്രം ഉൾക്കാഴ്ച നൽകുന്നത്. അസ്തിത്വത്തിന്റെ എലുകകൾ വ്യക്തികളായ മനുഷ്യർ നിശ്ചയിക്കുമ്പോഴും സമൂഹം എന്ന ബൃഹദ് സാന്നിധ്യം ഏതൊക്കെയോ വിധത്തിൽ വ്യക്തികളുടെ സ്വാതന്ത്ര്യവും സ്വാച്ഛന്ദ്യവും തടസ്സപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന വസ്തുത നിലനില്ക്കുന്നു. സ്വന്തമായ ഒരു പാത തെരഞ്ഞെടുക്കാൻ ധൈര്യവും ആത്മവിശ്വാസവും ശുഭപ്രതീക്ഷയും ആവശ്യമാണ്.
സ്വന്തം കുടുംബങ്ങളിൽ നിന്ന് പുറപ്പെട്ടുപോരുമ്പോൾ സീതയ്ക്കും വിശ്വത്തിനും കൈമുതലായി ഉണ്ടായിരുന്നത് ഇതൊക്കെത്തന്നെ ആയിരിക്കണം. എന്നാൽ സ്വാതന്ത്ര്യത്തെക്കുറിച്ചും സന്തോഷകരമായ ഒരു ജീവിതത്തെക്കുറിച്ചുമുള്ള അവരുടെ പ്രതീക്ഷകളും സ്വപ്നങ്ങളും സമകാലിക സമൂഹത്തിന്റെ സന്ദിഗ്ദ്ധതകളിൽ തട്ടിത്തകർന്ന് മെല്ലെമെല്ലെ വൈയക്തികദുരന്തത്തിന് വഴിയൊരുക്കുന്നതെങ്ങനെ എന്ന് സ്വയംവരം വരച്ചുകാട്ടുന്നു. ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് വർത്തമാനത്തിൽ തങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കാൻ ഇറങ്ങിത്തിരിക്കുന്ന യുവദമ്പതികൾ ആദ്യമൊക്കെ പരസ്പരപ്രണയമുൾച്ചേർന്ന ആഹ്ലാദകരമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും, പിന്നീട് അവരുടെ നിയന്ത്രണത്തിലല്ലാത്ത, ബാഹ്യമായ കാരണങ്ങളാൽ തങ്ങളുടെ തെരഞ്ഞെടുപ്പിൽ പശ്ചാത്തപിക്കേണ്ടിവരുന്ന വിധത്തിൽ (അവർ പശ്ചാത്തപിക്കുന്നതായി ചിത്രത്തിൽ സൂചനകളൊന്നുമില്ല) ദുഃഖകരമായ ഒരന്ത്യത്തിലേക്ക് നടന്നടുക്കുന്നതിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് സ്വയംവരം. ജീവിതത്തിന്റെ സാക്ഷാത്കാരം ഒരുവേള മരണത്തിലൂടെ ആയിരിക്കാമെന്ന, മരണാഭിമുഖ്യം കലർന്ന, ഒരു ബോധവും വിശ്വമെന്ന കഥാപാത്രത്തിന്റെ ചിന്തയുടെ അടിയൊഴുക്കായി ചിത്രത്തിലുണ്ട്.
ജിവിതത്തിന്റെ വൈവിധ്യമാർന്ന ഭാവങ്ങളുടെ ഒരു രൂപകം തന്നെയായ ഒരു യാത്രയോടെ ചിത്രം ആരംഭിക്കുന്നു. പ്രേക്ഷകരും ബസിനകത്തുള്ള യാത്രികരോടൊപ്പം അനുഭവങ്ങൾ പങ്കിടുന്ന വിധത്തിലാണ് ക്യാമറ പെരുമാറുന്നത്. ഇരുന്നുറങ്ങി സഹയാത്രികരുടെ ചുമലിലേക്ക് ചായുന്നവർ. പുറം കാഴ്ചകൾ നോക്കിയിരിക്കുന്നവർ, കുട്ടികളോടൊപ്പം യാത്രയുടെ സന്തോഷം പങ്കിടുന്നവർ, നിസംഗവും ഉദാസീനവുമായിരിക്കുന്നവർ, ഇടയ്ക്ക് ഇറങ്ങിപ്പോവുന്നവർ എന്നിങ്ങനെയുള്ള വ്യത്യസ്ത യാത്രികർ സമൂഹത്തിന്റെ ഒരു പരിച്ഛേദമാവുന്നുണ്ട്. അതിനിടയിലാണ് മധു, ശാരദ എന്നിവർ വേഷമിട്ട വിശ്വം, സീത എന്നീ കഥാപാത്രങ്ങളുടെ ക്ലോസപ്പ്. താത്പര്യപൂർവം അവർ പരസ്പരം പലതും പറയുന്നുണ്ടെങ്കിലും സൗണ്ട് ട്രാക്കിൽ ബസിന്റെ ശബ്ദം മാത്രമാണുള്ളത്. അഞ്ചര മിനുട്ട് നേരം ഈ ബസ് യാത്ര തുടരുന്നതിനിടയിലാണ് ടൈറ്റിലുകൾ വിന്യസിച്ചിട്ടുള്ളത്. ‘സ്റ്റോപ്പ്' എന്ന ഒരു ബോർഡ് കാണുമ്പോൾ യാത്രയ്ക്ക് വിരാമമിട്ട് തൊട്ടടുത്ത ഒരു നല്ല ഹോട്ടലിൽ ചെന്ന് ലിഫ്റ്റിൽ കയറി മുറിയിലെത്തുന്ന യുവമിഥുനങ്ങളോടൊത്ത് ക്യാമറ സഞ്ചരിക്കുന്നു.
ജനാലയ്ക്കരികിൽ നിന്ന് താഴെയുള്ള റോഡിലേക്ക് നോക്കുന്ന സീതയോട് വിശ്വം ചോദിക്കുന്നു: ‘വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ? എന്തും നേരിടാനുള്ള ധൈര്യത്തോടെയല്ലേ നമ്മൾ വന്നത്?' ചിത്രത്തിലെ ആദ്യ സംഭാഷണം ഇതാണ്. പശ്ചാത്തല സംഗീതം ആരംഭിക്കുന്നതും ഇവിടെത്തന്നെ. ‘വിശ്വസിക്കാൻ കഴിയുന്നില്ല; ഒരു സ്വപ്നം പോലെ തോന്നുന്നു' എന്ന സംഭാഷണശകലം ഇരുവരുടെയും അപ്പോഴത്തെ അവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. തുടർന്നുവരുന്നത്, ‘കൃഷ്ണാ മുകുന്ദാ ജനാർദനാ കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ' എന്ന് പാടി തെരുവിലൂടെ നീങ്ങുന്ന ഭജനസംഘത്തെ സീത ജനാലയ്ക്കരികിൽ നിന്ന് താത്പര്യപൂർവം നിരീക്ഷിക്കുന്ന ഹൈ ആംഗിൾ ലോങ് ഷോട്ടാണ്. പാട്ടിന്റെ ശബ്ദം സൗണ്ട് ട്രാക്കിൽ ഉച്ചസ്ഥായിയിലെത്തുന്നു. തുടർന്ന് യുവമിഥുനങ്ങൾ പ്രണയത്തിന്റെ ആഹ്ലാദം പങ്കിടുന്ന അനേകം മുഹൂർത്തങ്ങളുടെ ഒരു പരമ്പര തന്നെ സ്‌ക്രീനിൽ കടന്നുവരുന്നു. വേഗത്തിൽ മാറിമാറി വരുന്ന വാതിൽപ്പുറ ദൃശ്യങ്ങൾ പ്രണയികളുടെ ആഹ്ലാദത്തിന്റെ പ്രക്ഷേപണങ്ങളാവുന്നു. ഇതുവരെ മന്ദഗതിയിലായിരുന്ന ക്യാമറാചലനം ഇപ്പോൾ ചടുലമായിത്തീരുന്നു. കടൽക്കരയിൽ നിന്ന് മുന്നോട്ടോടി വരുന്ന സീതയുടെ ദൃശ്യവും അതിന് പശ്ചാത്തല സംഗീതമായുള്ള ഹമ്മിങ്ങും, കോവളത്തെ കടലിനകത്തേക്ക് തള്ളിനില്ക്കുന്ന പാറക്കെട്ടുകളിൽ തിരയടിച്ച് നുര ചിതറുന്ന ദൃശ്യം, ഈ പശ്ചാത്തലത്തിൽ സീതയും വിശ്വവും തമ്മിലുള്ള പ്രണയത്തിന്റെ കാവ്യാത്മകവും കാല്പനികവുമായ ആവിഷ്‌കാരം ഇവയെല്ലാം സിനിമയിലെ ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങളാണ്.
വനത്തിലൂടെ, പുൽപ്പരപ്പിലൂടെ, മുളങ്കാടുകൾക്കരികിലൂടെ നീങ്ങുന്ന ട്രാക്കിങ്, പാൻ ഷോട്ടുകൾ പ്രണയജോടികളുടെ മാനസികോല്ലാസം പ്രതിഫലിപ്പിക്കുന്നു. എന്നാൽ, ഉന്മേഷദായകമായ ഈ ദൃശ്യങ്ങൾക്കൊപ്പം തന്നെ മരണത്തെ ഓർമിപ്പിക്കുന്ന ഭ്രമാത്മക ദൃശ്യങ്ങളുമുണ്ട്. സീതയെ ഒന്ന് പരിഭ്രമിപ്പിക്കുന്ന വിധത്തിൽ റെയിലിൽ തലവെച്ചു കിടക്കുന്ന വിശ്വത്തിന്റെ ദൃശ്യം, കറുത്തമ്മയും പരീക്കുട്ടിയും കടപ്പുറത്ത് മരിച്ചുകിടക്കുന്ന ചെമ്മീനിലെ ദുരന്തക്കാഴ്ചയെ ഓർമിപ്പിക്കുന്ന വിധത്തിൽ സീതയും വിശ്വവും അതേ മട്ടിൽ കടപ്പുറത്ത് കിടക്കുന്ന ദൃശ്യം ഇവ ഉദാഹരണമാണ്.
തിരിച്ച് ഹോട്ടൽ മുറിയിലെത്തുന്ന വിശ്വവും സീതയും ഇടുങ്ങിയ പഴഞ്ചൻ കെട്ടിടങ്ങൾക്കിടയിലുള്ള ഒട്ടും സുഖകരമല്ലാത്ത ഒരു മുറിയിലേക്ക് താമസം മാറ്റുന്നു. കട്ടിലിന്നടിയിലെ കാലിയായ മദ്യക്കുപ്പികൾ, പുരപ്പുറത്തെ കാക്ക, താഴെ ആട്ടുകല്ലിലെ അരിയരവ്, പോക്കറ്റടിക്കാരുടെ ബഹളം എന്നിങ്ങനെ ഏതാനും ഷോട്ടുകളിലൂടെ ആ ലോഡ്ജിന്റെ അസഹ്യമായ അന്തരീക്ഷം സംവിധായകൻ കോറിയിടുന്നുണ്ട്.
എഴുത്തുകാരനായി ജീവിക്കുവാനാഗ്രഹമുള്ള വിശ്വം തന്റെ ‘നിർവൃതി' എന്ന നോവലിന്റെ കൈയെഴുത്ത് പ്രതിയുമായി വൈക്കം ചന്ദ്രശേഖരൻ നായർ അവതരിപ്പിക്കുന്ന പത്രാധിപരെ സമീപിക്കുന്നുണ്ടെങ്കിലും പ്രസിദ്ധീകരിക്കുമെന്ന പ്രതീക്ഷ നിറവേറ്റപ്പെടുന്നില്ല. ഇത് വിശ്വത്തെ നിരാശനാക്കുന്നുണ്ട്. ഓട്ടിൻപുറത്തെ പൂച്ചയെ നോക്കിനില്ക്കുന്ന സീതയെ വാതിലിലുള്ള തുടർച്ചയായ മുട്ട് അസ്വസ്ഥയാക്കുന്നു. അരക്ഷിതമെന്ന് തോന്നിയ ആ ലോഡ്ജിൽ നിന്ന്പിന്നീടവർ മാറുന്നത് നഗരപ്രാന്തത്തിലെ ഒരു ചേരിപ്രദേശത്തേക്കാണ്. നഗരത്തിന്റെ സാധ്യതകൾ കണക്കിലെടുത്ത് നാട്ടിൻപുറം വിട്ടുവന്ന അവർക്ക് ദുരിതങ്ങളുടെ കൂത്തരങ്ങായ ഒരിടത്താണ് ചെന്നടിയേണ്ടിവരുന്നത്. പുതിയ വാസസ്ഥലത്തിന്റെ സ്വഭാവം വീട്ടുചുമരുകളുടെ പാൻ ഷോട്ടും, അറപ്പുണ്ടാക്കുന്ന ഒരു തേരട്ടയെ സീത പുറത്തുകളയുന്ന ഒറ്റ ദൃശ്യവും കൊണ്ട് തന്നെ വ്യക്തമാക്കപ്പെടുന്നു.
സുനിശ്ചിതമായ ഒരന്ത്യം കഥയ്ക്ക് നൽകാതെ അത് പ്രേക്ഷകരുടെ ഭാവനയ്ക്ക് വിട്ടുകൊടുത്ത് ഒരു സിനിമ ഇങ്ങനെ അവസാനിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ്.
ഭർത്താവിന് കള്ളുകുടിക്കാൻ കാശ് നൽകുകയും അയഞ്ഞ സദാചാരത്തിലൂടെ കാശുണ്ടാക്കുകയും ചെയ്യുന്ന കല്യാണി (കെ.പി.എ.സി. ലളിത, സ്മഗ്ലർ വാസു എന്ന വിടൻ (വേണുക്കുട്ടൻ നായർ), മദ്യപിച്ചു ബഹളമുണ്ടാക്കി പുതിയ താമസക്കാരുടെ മേക്കിട്ടുകേറാൻ ശ്രമിക്കുന്ന ഏതാനും പേർ, ഒക്കെയാണ് അയൽവാസികൾ. എന്നാൽ, അക്കൂട്ടത്തിൽ, പുതുതായെത്തിയ താമസക്കാർക്ക് അത്യാവശ്യ സഹായങ്ങൾ നൽകുന്ന, നാട്ടിൻപുറത്തിന്റെ നന്മയും കാരുണ്യവും ഉള്ളവളായ ജാനകി (അടൂർ ഭവാനി) അവർക്ക് വലിയ ആശ്വാസമാണ്. സീതയും വിശ്വവും പ്രതിനിധാനം ചെയ്യുന്ന മധ്യവർഗത്തിന്റെ ജീവിതചര്യകളോ പെരുമാറ്റരീതികളോ അല്ല അയൽക്കാരുടെ ജീവിതത്തിൽ കാണാൻ കഴിയുക. അതുകൊണ്ടുതന്നെ അവിടെ പൊരുത്തപ്പെടാൻ വിശ്വവും സീതയും ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇടക്കിടെ പലരും വലിഞ്ഞുകയറിവന്ന് ഉണ്ടാക്കുന്ന ശല്യങ്ങളും വാതിൽ തട്ടിയുണ്ടാക്കുന്ന ശബ്ദങ്ങളും സീതയെ സംബന്ധിച്ച്പുറത്തുനിന്നുള്ള ഭീഷണികളാണ്. അവ അരക്ഷിതത്വം സൃഷ്ടിക്കുന്നു.
വിശ്വം തെരുവിലൂടെ കടന്നുപോവുമ്പോൾ തൊഴിലാളികളുടെ യോഗം നടക്കുന്നുണ്ട്; ‘ഇൻക്വിലാബ് സിന്ദാബാദ്! പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി നീങ്ങുന്ന പ്രതിഷേധജാഥ നടക്കുന്നുണ്ട്. എന്നാൽ ഇതിൽനിന്നൊക്കെ ഒഴിഞ്ഞുമാറി നടക്കുകയോ ഇടുങ്ങിയ തെരുവിന്റെ അറ്റത്ത് ഇതിനൊക്കെ സാക്ഷിയായി മാറിനില്ക്കുകയോ ചെയ്യുന്ന വിശ്വത്തെയാണ് അടൂർ അവതരിപ്പിക്കുന്നത്. അക്കാലത്തെ കേരളത്തിൽ, കൃത്യമായി പറഞ്ഞാൽ തിരുവനന്തപുരത്ത്, സംഭവിക്കുന്ന സാമൂഹികചലനങ്ങളിലൊന്നും ഉൾപ്പെടാതെ, ഒതുങ്ങി, തന്റെ വ്യക്തിപരമായ ഇച്ഛകൾക്കൊത്ത് ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് വിശ്വം. ട്യൂട്ടോറിയലിൽ ജോലി കിട്ടിയപ്പോൾ അയാൾക്ക് പ്രതീക്ഷകൾ ഉണരുന്നുണ്ട്. എന്നാൽ, ശമ്പളം ചോദിച്ചപ്പോൾ, തള്ളിയാൽ മാത്രം നീങ്ങുന്ന ഒരു തല്ലിപ്പൊളി വണ്ടിയിൽ കയറ്റി ബാറിൽ കൊണ്ടുപോയി മദ്യം കുടിപ്പിച്ച് വിടുകയാണ് പ്രിൻസിപ്പൽ (തിക്കുറിശ്ശി ) ചെയ്യുന്നത്.
കടുത്ത ദാരിദ്ര്യത്തിന്റെ ദിനങ്ങളാണ് പിന്നീട് നേരിടേണ്ടിവരുന്നത്. എന്തെങ്കിലുമൊരു വരുമാനം കുടുംബത്തിന്റെ നിലനില്പിന് അത്യാവശ്യമായതുകൊണ്ടുമാത്രം കാതടപ്പിക്കുന്ന ഒച്ചകൊണ്ട് മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്ന തടിക്കമ്പനിയിൽ ക്ലാർക്കായി വിശ്വം ജോലിയെടുക്കുന്നു. പ്രാരബ്ധക്കാരനായ കണക്കപ്പിള്ളയാണ് സ്ഥിരം ഒപ്പമുള്ളത്. തടിമില്ലിൽനിന്ന് അകാരണമായി പിരിച്ചുവിടപ്പെട്ട തൊഴിലാളി (ഗോപി) ഗതികേടുകൊണ്ടുമാത്രം ആ സ്ഥാനത്ത് വന്ന വിശ്വത്തെ അമർഷത്തോടെ തുറിച്ചുനോക്കിക്കൊണ്ട് സദാ ഗേറ്റിനടുത്തുണ്ടാവും; സ്വസ്ഥത നശിപ്പിക്കുന്ന ഒരു സാന്നിധ്യമായി.
എഴുത്തുകാരനാവാനാഗ്രഹിച്ച് തടിമില്ലിലെ കണക്കപ്പിള്ളയാവേണ്ടിവന്നതിലെ നൈരാശ്യം വിശ്വത്തിൽ പ്രകടമാണ്. ഇതിനിടയിൽ സീത ഗർഭിണിയാവുന്നു; പ്രസവിക്കുന്നു. ഈർച്ചമില്ലിന്റെ കഠിനശബ്ദങ്ങൾക്കിടയ്ക്കാണ് വിശ്വം പ്രസവവാർത്ത അറിയുന്നത്. വിശ്വം കുട്ടിയെ കാണാനെത്തുമ്പോൾ പശ്ചാത്തല സംഗീതം സന്തോഷകരമായ ഒരു സ്ഥായിയിലെത്തുന്നു. പഥേർ പാഞ്ചലിയിലെ സന്തോഷകരമായ സന്ദർഭങ്ങളിലുയരുന്ന സംഗീതത്തെ അനുസ്മരിപ്പിക്കുന്നതാണ് എം.ബി. ശ്രീനിവാസൻ ഒരുക്കിയ പശ്ചാത്തല സംഗീതം.
പുറത്ത് കാറ്റും മഴയും തിമർക്കുന്നു. സാക്ഷയിട്ട വാതിലിലേക്ക് സീത നോക്കുകയാണ്. വാതിലിൽ മുട്ടുന്നത് കാറ്റാണോ, പുറത്ത് തന്നെ കാത്തിരിക്കുന്ന ഏതെങ്കിലും ഭീഷണിയാണോ? സീതയുടെ കണ്ണുകളിലുള്ളത് കടുത്ത ഉത്ക്കണ്ഠയാണോ തുടർന്നും മുന്നോട്ടുപോവാനുള്ള നിശ്ചയദാർഢ്യമാണോ?
കണക്കപ്പിള്ള കിടപ്പിലായപ്പോൾ എന്നും സഹായത്തിന് അടുത്തുള്ളത് വിശ്വമാണ്. പിന്നീട് വിശ്വം തന്നെ പനി ബാധിച്ച് കിടപ്പിലാവുന്നു. പനി ഏറ്റവും കൂടിയ നിസ്സഹായാവസ്ഥയിൽ സീതയെ അയാൾ ദയനീയമായി വിളിക്കുന്നുണ്ട്. ഒടുവിൽ സീതയെ തനിച്ചാക്കി വിശ്വം മരിക്കുകയാണ്. നായ്ക്കളുടെ കുരയും തടിമില്ലിന്റെ പരുഷമായ ശബ്ദങ്ങളും ഇതിന് പശ്ചാത്തലമൊരുക്കുന്നു. കട്ടുറുമ്പുകളുടെ കൂട്ടവും കുഞ്ഞിന്റെ നിർത്താത്ത കരച്ചിലും ചേർന്നാണ് പ്രേക്ഷകരെ ഈ ദുഃഖം അനുഭവിപ്പിക്കുന്ന സന്ദർഭം ചിത്രീകരിക്കപ്പെടുന്നത്. കണക്കപ്പിള്ള സീതയെ സംരക്ഷിക്കാൻ തയ്യാറാണ്; വീട്ടിലേക്ക് മടങ്ങാൻ ജാനകി ഉപദേശിക്കുന്നു. എന്നാൽ ഇതൊന്നും സീതയ്ക്ക് സ്വീകാര്യമല്ല. സങ്കടത്തിനിടയിലും കുട്ടിക്കുള്ള ഫീഡിങ് ബോട്ടിലിൽ അവൾ പാൽ നിറയ്ക്കുകയാണ്.
പുറത്ത് കാറ്റും മഴയും തിമർക്കുന്നു. സാക്ഷയിട്ട വാതിലിലേക്ക് സീത നോക്കുകയാണ്. വാതിലിൽ മുട്ടുന്നത് കാറ്റാണോ, പുറത്ത് തന്നെ കാത്തിരിക്കുന്ന ഏതെങ്കിലും ഭീഷണിയാണോ? സീതയുടെ കണ്ണുകളിലുള്ളത് കടുത്ത ഉത്ക്കണ്ഠയാണോ തുടർന്നും മുന്നോട്ടുപോവാനുള്ള നിശ്ചയദാർഢ്യമാണോ? തന്റെ തെരഞ്ഞെടുപ്പ് ആകെ ദുരന്തത്തിൽ കലാശിച്ചപ്പോഴും തോൽവി സമ്മതിക്കാതെ പിടിച്ചുനില്ക്കാൻ ശ്രമിക്കുന്ന തന്റേടമാണോ സീതയിൽ കാണാൻ കഴിയുന്നത്? ഇങ്ങനെ പല സന്ദിഗ്ദ്ധതകൾക്കുമായി തുറന്നുകിടക്കുന്ന ഒന്നാണ് ചിത്രത്തിലെ അവസാന ഷോട്ട്. സുനിശ്ചിതമായ ഒരന്ത്യം കഥയ്ക്ക് നൽകാതെ അത് പ്രേക്ഷകരുടെ ഭാവനയ്ക്ക് വിട്ടുകൊടുത്ത് ഒരു സിനിമ ഇങ്ങനെ അവസാനിക്കുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ്.
മധ്യവർഗത്തിന്റെ അനിശ്ചിതത്വങ്ങളും ആശങ്കകളും ഒരു തിരഞ്ഞെടുപ്പിന്റെ അസാധ്യതയുമാണ് ചിത്രത്തിലുള്ളതെന്ന് സി.എസ്. വെങ്കിടേശ്വരൻ നിരീക്ഷിച്ചിട്ടുണ്ട്. വ്യത്യസ്ത ക്യാമറാ ആംഗിളുകൾ, ക്യാമറാ നീക്കങ്ങൾ, മന്ദവും ദ്രുതവുമായ ചിത്രസന്നിവേശങ്ങൾ, മനസ്സിൽ തങ്ങുന്ന ഇമേജുകൾ, വെളിച്ചവും ഇരുട്ടും അനുഭവിപ്പിക്കുന്ന ഛായാഗ്രഹണ സവിശേഷതകൾ, ശബ്ദപഥത്തിൽ നിറഞ്ഞുനില്ക്കുന്ന സ്വാഭാവിക ശബ്ദങ്ങൾ, സന്ദർഭത്തിനനുസരിച്ചുമാത്രം സംഗീതം എന്നിങ്ങനെ ചലച്ചിത്രഭാഷയുടെ സാധ്യതകളെ താൻ ആവിഷ്‌കരിക്കാൻ ശ്രമിച്ച ജീവിതാനുഭവങ്ങളെ പ്രേക്ഷകർക്ക് ശക്തമായി സംവേദനം നടത്തുന്ന രീതിയിൽ വിനിയോഗിക്കാൻ അടൂരിന് കഴിഞ്ഞിട്ടുണ്ട്. മങ്കട രവിവർമയുടെ മികച്ച ഛായാഗ്രഹണം, എം.ബി. ശ്രീനിവാസന്റെ സംഗീതം, ദേവദാസിന്റെ ശബ്ദസന്നിവേശം, ദേവദത്തന്റെ കലാസംവിധാനം, മധു, ശാരദ, തിക്കുറിശ്ശി, ഭവാനി, ലളിത, ഗോപി തുടങ്ങിയ നടീനടന്മാരുടെ സഹകരണം ഇതെല്ലാം അദ്ദേഹത്തിന് പിന്തുണ നൽകി.
"സ്വയംവരം എന്ന സിനിമയുടെ കാല/ദേശാന്തര പ്രസക്തി' എന്ന ലേഖനത്തിൽ എ. ചന്ദ്രശേഖർ നടത്തിയ നിരീക്ഷണം പ്രസക്തമാണ്: ‘‘ഗാനങ്ങളില്ലാത്ത, യഥാർഥ ലൊക്കേഷനുകളിൽ ചിത്രീകരിച്ച, നീണ്ട ഷോട്ടുകളുള്ള, മന്ദതാളത്തിലുള്ള, വച്ചുകെട്ടലുകളോ അനാവശ്യ നാടകീയതയോ ഇല്ലാത്ത, കൃത്രിമത്വം ലേശവുമില്ലാത്ത, കഥാപാത്രങ്ങൾ അത്യാവശ്യത്തിനുമാത്രം സംസാരിക്കുന്ന, പശ്ചാത്തലശബ്ദങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയ ഇത്തരമൊരു സിനിമയെ കാണാനും ആസ്വദിക്കാനും സ്വീകരിക്കാനും പ്രേക്ഷകരെ മാനസികവും ബൗദ്ധികവുമായി തയ്യാറെടുപ്പിക്കാനും ശീലിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് കാലേകൂട്ടി അസ്തിവാരമിട്ടതിന്റെ പരിസമാപ്തിയെന്നുകൂടി വിശേഷിപ്പിച്ചാലേ ‘സ്വയംവരം' എന്ന അമ്പതുവർഷം മുമ്പുള്ള ആ ന്യൂജനറേഷൻ ചലച്ചിത്രപരീക്ഷണത്തിന്റെ ചരിത്രപ്രസക്തിയെ പൂർണാർഥത്തിൽ പ്രതിനിധീകരിക്കാൻ സാധ്യമാകൂ... വേറിട്ട ക്യാമറാക്കോണുകൾ, ചലനം, കാഴ്ചകളുടെ സൂക്ഷ്മാംശങ്ങൾ എന്നിവയിലൂടെയാണ് അടൂർ അതുവരെയുണ്ടായ മലയാള സിനിമയുടെ ചിത്രീകരണ നിർവഹണരീതികകളെ മാറ്റിമറിച്ചത്. സത്യജിത് റേക്ക് സുബ്രതോ മിത്ര എന്നപോലെ മരിക്കുവോളം അടൂർ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന മങ്കട രവിവർമയ്ക്കു കൂടി അവകാശപ്പെട്ടതാണ് ‘സ്വയംവര'ത്തിന്റെ ദൃശ്യലാവണ്യം.''
അനുയോജ്യമായ വസ്തുനിഷ്ഠ പരസ്പരബന്ധം (Objective correlative) കണ്ടെത്തുക എന്നതാണ് കവിതയിൽ വികാരം ആവിഷ്‌കരിക്കാനുള്ള മാർഗം എന്ന് ടി.എസ്. എലിയറ്റ് നിരീക്ഷിക്കുകയുണ്ടായി. ആ പ്രയോഗം കടമെടുത്താൽ, അനുയോജ്യമായ ദൃശ്യ- ശ്രാവ്യ ബിംബസമുച്ചയം കണ്ടെത്തി ഔചിത്യത്തോടെ വിന്യസിക്കുക എന്നതാണ് ചലച്ചിത്രത്തിൽ വികാരം ആവിഷ്‌കരിക്കാനുള്ള ഫലപ്രദമായ മാർഗം എന്നുപറയാം. തന്റെ ആദ്യ ഫീച്ചർ ചിത്രമായ സ്വയംവരത്തിൽ തന്നെ അടൂർ ഇതിൽ വിജയിച്ചു എന്നതാണ് തുടർന്നും അദ്ദേഹത്തിന് മഹത്തായ ചലച്ചിത്രരചനകൾ നടത്താൻ പ്രേരകമായത്.
വിശ്വം, സീത എന്നീ വ്യക്തികളുടെ ജീവിതം, അതിന് പശ്ചാത്തലമൊരുക്കുന്ന സാമൂഹികാവസ്ഥകൾ, വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘർഷങ്ങൾ, വ്യക്തികളുടെ തന്നെ ആന്തരികവും ബാഹ്യവുമായ സംഘർഷങ്ങൾ ഇവയെല്ലാം തികച്ചും സംവേദനക്ഷമമായ ചലച്ചിത്രഭാഷയിൽ ആവിഷ്‌കരിക്കാൻ കഴിഞ്ഞു എന്നതാണ് സ്വയംവരത്തെ കാലാതിവർത്തിയായ ഒരു ഫിലിം ക്ലാസിക് ആക്കിമാറ്റുന്നത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.