'സ്റ്റേറ്റ് ഫ്യൂണറൽ' ഡോക്യുമെന്ററിയിൽ നിന്ന്

വെളിച്ചം കാണാത്ത ഫൂ​ട്ടേജുകളിൽനിന്നൊരു
സ്​റ്റാലിൻ ഡോക്യുമെന്ററി

പുടിനെ പോലെയുള്ള അധികാര കേന്ദ്രങ്ങൾ വർത്തമാനലോകത്ത് രൂപപ്പെട്ടു വരുന്നതിന്റെ നേർചിത്രങ്ങളും ചരിത്രവിശകലനവുമാണ് സ്റ്റേറ്റ് ഫ്യൂണറൽ എന്ന ഡോക്യുമെന്ററി

സ്റ്റാലിന്റെ ഔദ്യോഗിക മരണാനന്തര ചടങ്ങുകളുടെ ഇതുവരെ വെളിച്ചം കാണാത്ത 40 മണിക്കൂർ ഫൂട്ടേജുകളിൽ നിന്നുണ്ടാക്കിയ 135 മിനിറ്റ്​ ഡോക്യുമെന്ററിയാണ് സ്റ്റേറ്റ് ഫ്യൂണറൽ (State Funeral). ഉക്രേനിയൻ സംവിധായകനായ സെർജി ലോസ്നിറ്റ്സ

'സ്റ്റേറ്റ് ഫ്യൂണറൽ' ഡോക്യുമെന്ററി സംവിധായകൻ സെർജി​ ​​ലോസ്​നിറ്റ്​സ

(Sergei Loznitsa) യുടേതാണ് ഈ ഡോക്യുമെന്ററി. ജോസഫ് സ്റ്റാലിൻ 1953 മാർച്ച് അഞ്ചിന് 74ാം വയസ്സിൽ അപ്രതീക്ഷിതമായിട്ടാണ് പക്ഷാഘാതത്തെ തുടർന്ന് മരിച്ചത്. ലോകം മുഴുവൻ സ്വാധീനീക്കപ്പെട്ട ഒരു പ്രത്യയ ശാസ്ത്രം, അതിന്റെ മായ്ക്കാനാവാത്ത പ്രതീകമായി സോവിയറ്റ് യൂണിയൻ, ലെനിന്റെ പിൻഗാമിയായി പാർട്ടിയെയും രാജ്യത്തെയും നയിച്ച കരുത്തനായ നേതാവിന് അനുയായികൾ കൊടുക്കുന്ന അതിവിപുലമായ വിട പറയൽ. സ്റ്റാലിനോടുള്ള ആരാധന, വിശ്വാസം, സ്‌നേഹം, ബഹുമാനം ഇതെല്ലാം മോസ്‌കോ നഗരത്തിലേക്ക് ഒഴുകിയെത്തിയ ജനലക്ഷങ്ങളിൽ നമുക്ക് കാണാം.

ഏറ്റവും പ്രമുഖ നേതാവ് നഷ്ടപ്പെടുമ്പോഴുള്ള അനുയായികളുടെ ഷോക്ക്, വേദന, നിസ്സഹായത ഒക്കെയാണ് ഔദ്യോഗിക ദുഃഖാചരണത്തിന്റെയും ചടങ്ങുകളുടെയും അസംബന്ധ നാടക കാഴ്ചകൾക്ക് മുകളിൽ ഈ ഡോക്യുമെന്ററിയെ നമ്മളിലേക്ക് ആകർഷിക്കുന്നത്.

30 വർഷം സോവിയറ്റ് യൂണിയൻ സ്റ്റാലിൻ ഭരണത്തിലായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിലെ വിജയവും അതിനുശേഷം സാമ്പത്തികമായും രാഷ്ട്രീയമായും ആധുനിക റഷ്യ രൂപപ്പെട്ടതും സ്റ്റാലിനുകീഴിലായിരുന്നു. ഒപ്പം അനേകായിരം നാട്ടുകാരെയും സഹകോമ്രേഡുകളെയും ഇല്ലാതാക്കി. ശേഷം വന്ന ക്രൂഷ്‌ചേവ് സ്റ്റാലിൻ മരിച്ച് മൂന്നുവർഷം കഴിഞ്ഞ് 1956 ലെ ഇരുപതാം പാർട്ടി കോൺഗ്രസിലെ രഹസ്യ പ്രസംഗത്തിൽ സ്റ്റാലിനിസത്തെയും personality cult നെയും തള്ളി പ്രസംഗിച്ചു. അതോടെ സ്റ്റാലിൻ ബുദ്ധിമാനും സമാധാനപ്രിയനും ദൈവതുല്യനുമാണെന്ന രീതിയിലുള്ള സോവിയറ്റ് സർക്കാർ പൊതു പ്രചാരണം അവസാനിക്കുന്നു. 1953 ൽ സ്റ്റേറ്റിന്റെ ബഹുമതികളോടെ റെഡ് സ്‌ക്വയറിൽ ലെനിനോടൊപ്പം അതേ സ്മാരക മണ്ഡപത്തിൽ എംബാം ചെയ്തു സൂക്ഷിച്ച സ്റ്റാലിന്റെ ഭൗതികശരീരം എട്ട് വർഷങ്ങൾക്കുശേഷം 1961 ൽ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് തീരുമാനപ്രകാരം ക്രെംലിൻ മതിലിനോടുചേർന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നു.

സ്റ്റേറ്റ് ഫ്യൂണറലിലെ രംഗങ്ങൾ

സ്റ്റാലിന്റെ മരണമറിഞ്ഞ് മോസ്‌കോ നഗരത്തിലെത്തുന്ന ജനലക്ഷങ്ങൾ റെഡ് സ്‌ക്വയറും നഗരപാതകളും നിറഞ്ഞ് നീങ്ങുന്നു. തിക്കിലും തിരക്കിലും 107 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗികമായി ആയിരത്തിന് മുകളിൽ. അങ്ങനെ വന്ന ജനലക്ഷങ്ങളുടെ മുഖങ്ങൾ, വിശ്വാസവും പ്രതീക്ഷയും നിലനിൽപും എല്ലാമായ പാർട്ടിയുടെ ഏറ്റവും പ്രമുഖ നേതാവ് നഷ്ടപ്പെടുമ്പോഴുള്ള പാർട്ടി അനുയായികളുടെ ഷോക്ക്, വേദന, നിസ്സഹായത ഒക്കെയാണ് നേതാവിന്റെ ഔദ്യോഗിക ദുഃഖാചരണത്തിന്റെയും ചടങ്ങുകളുടെയും അസംബന്ധ നാടക കാഴ്ചകൾക്ക് മുകളിൽ ഈ ഡോക്യുമെന്ററിയെ നമ്മളിലേക്ക് ആകർഷിക്കുന്നത്.

സോവിയറ്റ് യൂണിയൻ എന്ന ലോകത്തിനു തന്നെ പ്രചോദനമായ മാതൃകയുടെ സുവർണ കാലഘട്ടത്തെ സ്റ്റേറ്റ് ഫ്യൂണറൽ ഓർമിപ്പിക്കുന്നു. ഇടതുപ്രത്യയ ശാസ്ത്രത്തിന് സ്വന്തം പാർട്ടി തന്നെ സ്റ്റേറ്റ് ഫ്യൂണറൽ ഒരുക്കുന്നതും.

ഒന്നിനുപുറകെ ഒന്നായി ഒരാൾപ്പൊക്കത്തിൽ പൂക്കളും ഇലകളും ചുവപ്പ് നിറവും കലർന്ന റീത്തുകൾ, കട്ടിമീശയും പിറകോട്ട് ചീകിയ മുടിയുമായുള്ള ഛായാപടവുമായി നടന്നു നീങ്ങുന്നവർ, കൂടുതൽ വാർത്തകളറിയാൻ പത്രത്തിന് ക്യൂ നിൽക്കുന്നവർ, ചടങ്ങുകൾ പകർത്തുന്ന നൂറു കണക്കിന് ക്യാമറാക്കണ്ണുകൾ, ലൈവായി പകർത്തുന്ന ചിത്രകാരന്മാർ, കളിമൺ ശിൽപികൾ, പാർട്ടി സെൻട്രൽ കമ്മറ്റി അംഗങ്ങളുടെയും മന്ത്രിമാരുടെയും അനുശോചന പ്രസംഗങ്ങൾ, മോസ്‌കോ സ്‌കൂൾ കുട്ടികളുടെ അന്ത്യാഭിവാദനങ്ങൾ... അധികവും കറുപ്പിലും വെളുപ്പിലും ബാക്കി വികാരമായി പടരുന്ന ചുവപ്പ് നിറഞ്ഞ കളറിലുമാണ് ഈ ഡോക്യുമെന്ററിയിൽ ചേർത്തു വെക്കപ്പെടുന്ന ഫൂട്ടേജ് ക്ലിപ്പുകൾ.
വിമാനത്താവളത്തിൽ പല നാടുകളിൽ നിന്നെത്തുന്ന വിശിഷ്ടാതിഥികൾക്ക് നൽകുന്ന സ്വീകരണങ്ങൾ, ഉച്ചഭാഷിണിയിലൂടെയെത്തുന്ന ആലങ്കാരിക വിവരണങ്ങൾ, അനുശോചനങ്ങൾ. ഇടയ്ക്ക് ഉച്ചഭാഷിണിയിലൂടെ സ്റ്റാലിൻ അസുഖബാധിതനായശേഷം ദിവസവും ആരോഗ്യനില എങ്ങനെ മോശമായി എന്ന് വിവരിക്കുന്നുണ്ട്. വരാനിരിക്കുന്ന അധികാര വടംവലിയിൽ ഈ മരണവും കൊലപാതകമോ അട്ടിമറിതന്ത്രമോ ആയി എതിർപക്ഷം വ്യാഖാനി​ച്ചേക്കാമെന്ന നേതാക്കൾക്കിടയിലെ ഭീതിയാവാം ഇത്തരം വിശദീകരണങ്ങൾക്കുപുറകിൽ.

സ്റ്റേറ്റ് ഫ്യൂണറൽ എന്ന ഡോക്യുമെന്ററി, ചരിത്രത്തിൽ അതിനുശേഷം നടന്ന സംഭവങ്ങളും വെളിപ്പെടുത്തലുകളുമായി ചേർത്തുവെച്ചേ കാണാനാകൂ. സ്റ്റാലിനെ ഇപ്പോഴും ചെറിയ ആരാധനയോടെ കാണുന്നവർക്ക് അതിമഹത്തായ കഴിഞ്ഞ കാലത്തിലേക്കുള്ള ഗൃഹാതുരത്വം തരുന്ന തിരിച്ചുപോക്കും ഭാവിയിലേക്കുള്ള പ്രതീക്ഷയുമാവാം. ചിലർക്ക്, ശക്തരായ നേതാക്കൾ ചരിത്രഗതി മാറ്റുന്നതിനൊപ്പം എങ്ങനെ ജനക്കൂട്ടത്തെ മാനിപ്പുലേറ്റ് ചെയ്ത് അപകടകരമായ അവസ്ഥകളിലേക്ക് സമാന്തരമായി സമൂഹത്തെ തള്ളിവിടുന്നു എന്നതിന്റെ പഠനമാവാം. അതിലുമുപരി നേതാക്കളല്ല, ഒരു ആശയത്തിനുവേണ്ടി സംഘം ചേരുന്ന അനേകരാണ് ചരിത്രഗതി നിർണയിക്കുന്നതെന്ന തിരിച്ചറിവ് ഈ ഡോക്യുമെന്ററിയിൽ കാണുന്ന അനേകായിരം അജ്ഞാത മുഖങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ചിത്രത്തിൽ കാണിക്കുന്ന സ്റ്റാലിന്റെ ഫ്യൂണറൽ ഫൂട്ടേജുകൾ വർഷങ്ങളോളം പെട്ടിയിലായിരുന്നു. സോവിയറ്റ്​ യൂണിയന്റെ തകർച്ചക്കുശേഷം ഇത് ലഭ്യമായപ്പോൾ ആർക്കും ഈ ഫൂട്ടേജുകളിൽ താത്പര്യമില്ലാതായി.

സ്റ്റാലിന്റെ സംസ്​കാര ചടങ്ങുകളിൽ നിറയുന്നത് അതിൽ പങ്കെടുത്ത ജനങ്ങളാണ്. സോവിയറ്റ് യൂണിയൻ എന്ന ലോകത്തിനു തന്നെ പ്രചോദനമായ മാതൃകയുടെ സുവർണ കാലഘട്ടത്തെ സ്റ്റേറ്റ് ഫ്യൂണറൽ ഓർമിപ്പിക്കുന്നു. ഇടതുപ്രത്യയ ശാസ്ത്രത്തിന് സ്വന്തം പാർട്ടി തന്നെ സ്റ്റേറ്റ് ഫ്യൂണറൽ ഒരുക്കുന്നതും. സംവിധായകൻ പറയുന്നത് ഔദ്യോഗിക ബഹുമതികളോടെയുള്ള ശവസംസ്‌ക്കാരമെന്നത് ഒരു രാഷ്ട്രീയ ഉപകരണമാണെന്നാണ്. സ്റ്റാലിനാൽ കൊല്ലപ്പെട്ട പല കോമ്രേഡുകൾക്കും സ്റ്റാലിൻ തന്നെ ആർഭാടമായ ഔദ്യോഗിക മരണാനന്തചടങ്ങുകൾ നടത്തിയിരുന്നു.

തന്റെ സിനിമകൾ കഴിഞ്ഞകാല സംഭവങ്ങളുടെ വിവരണമല്ല എന്നാണ്​ സംവിധായകൻ പറയുന്നത്​, മറിച്ച്​ ആ സംഭവങ്ങൾ എങ്ങനെ വർത്തമാന കാലവുമായി സംവദിക്കുന്നു എന്നാണ്​ കാണിക്കുന്നത്​. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഡോക്യുമെന്ററി എന്നത് വസ്തുനിഷ്ഠമല്ല, അത് ഫിക്ഷനേക്കാൾ മാനിപ്പുലേറ്റിവ് ആവാം. അത് സംവിധായകന്റെ വിഷയാധിഷ്ഠിത കാഴ്ചപ്പാടിനനുസരിച്ച് രൂപപ്പെടുന്നതാണ്. ചിത്രത്തിൽ കാണിക്കുന്ന സ്റ്റാലിന്റെ ഫ്യൂണറൽ ഫൂട്ടേജുകൾ ക്ലാസിഫൈഡ് ആയിരുന്നതിനാൽ വർഷങ്ങളോളം പെട്ടിയിലായിരുന്നു. സോവിയറ്റ്​ യൂണിയന്റെ തകർച്ചക്കുശേഷം ഇത് ലഭ്യമായപ്പോൾ ആർക്കും ഈ ഫൂട്ടേജുകളിൽ താത്പര്യമില്ലാതായി. അപ്പോഴാണ് സംവിധായകൻ ഈ ഫ്യൂണറൽ അതിക്കാഴ്ചക്ക്, നായക പരിവേഷനിർമിതിക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്ന് മനസ്സിലാക്കി എഡിറ്റ് ചെയ്യുന്നത്. ഈ കാഴ്ചാനുഭവം സ്റ്റാലിനിസത്തിലേക്ക് ഉൾക്കാഴ്ച നൽകുകയും ഇപ്പോഴും ലോകത്തിൽ കാണുന്ന അതോറിറ്റേറിയൻ പിതൃ- നായക മോഡലുകളിലെ അപകടം തിരിച്ചറിയുന്നതിന് സഹായകമാവുകയും ചെയ്യാം.

ലാവ്‌റെന്റി ബെറിയ

അധികാരവും അതിനോടനുബന്ധമായുള്ള രക്തച്ചൊരിച്ചലുകളും തുടർക്കഥകളാണ്. ലെനിന്റെ മരണശേഷം ട്രോട്‌സ്‌കി നാടു വിടുന്നു. ഡോക്യുമെന്ററിയിൽ കാണിക്കുന്ന സ്റ്റാലിന്റെ അനുശോചന യോഗത്തിൽ പാർട്ടിയെ പ്രതിനിധീകരിച്ച് സംസാരിക്കുന്ന മൂന്നുപേർ മലെങ്കൊവ്, മൊളൊടൊവ്, ബെറിയ എന്നിവരാണ്. ഇതിൽ ബെറിയയെ സ്റ്റാലിൻ മരിച്ച വർഷം തന്നെ വിചാരണ നടത്തി വധിക്കുന്നു. പുടിൻ സർക്കാർ ചാനൽ റഷ്യൻ വിപ്ലവത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് എട്ട് എപ്പിസോഡുള്ള ട്രോട്‌സ്‌കി എന്ന മിനി സീരീസ് നിർമിച്ചിരുന്നു. പുടിന്റെ രാഷ്ട്രീയത്തിനനുസരിച്ചുള്ള വളച്ചൊടിക്കലുകൾ ചരിത്ര സംഭവങ്ങളിൽ നടത്തിയ സീരീസാണിത്​. പക്ഷെ ഈ സിരീസിലെ ഫിക്ഷനൽ സ്വാതന്ത്ര്യമെടുത്തു കൊണ്ടുള്ള ലെനിൻ, സ്റ്റാലിൻ, ട്രോട്‌സ്‌കി കഥാപാത്രസൃഷ്ടി താൽപര്യമുണ്ടാക്കുന്നതാണ്. വ്യക്തിപരമായ ബലഹീനതകളും അധികാരതാത്പര്യങ്ങളും ഒരു പ്രസ്ഥാനത്തിനകത്ത് എങ്ങനെ പ്രതിപ്രവർത്തിക്കുമെന്ന അപഗ്രഥനം ഇതിൽ നടത്തുന്നുണ്ട്.സ്റ്റേറ്റ് ഫ്യൂണറൽ എന്ന ഡോക്യുമെന്ററിയും പുടിനെ പോലെയുള്ള അധികാര കേന്ദ്രങ്ങൾ വർത്തമാനലോകത്ത് രൂപപ്പെട്ടു വരുന്നതിന്റെ നേർചിത്രങ്ങളും ചരിത്രവിശകലനവുമാണ്.▮


കെ. സജീഷ്​

എഴുത്തുകാരൻ, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു

Comments