ടൂറിനിലെ കുതിര. അതിന്റെ ഉടമയായ കൃഷിക്കാരൻ. കൃഷിക്കാരന്റെ മകൾ. ഇവരുടെ ദൈനംദിന പ്രവൃത്തികളിൽ ആവർത്തിക്കപ്പെടുന്ന മടുപ്പാണ് സിനിമ. കരിങ്കല്ലു കൊണ്ടുള്ള പഴയ വീട്. മരപ്പാളികൾ അപരിഷ്‌കൃതമായി ചേർത്തുണ്ടാക്കിയ വാതിലുകൾ, ഫർണിച്ചർ. വീടിനോട് ചേർന്ന കുതിരാലയം. അൽപം വിട്ടുമാറി ഒരു കിണർ. പുറത്ത് എപ്പോഴും ശക്തമായ കാറ്റും ശൈത്യവും. വിജനമായ ചുറ്റുപാട്. അടുത്തൊന്നും വീടുകളില്ല. ഉയർന്നും താഴ്ന്നും വളരെ ദൂരം കാണാവുന്ന ലാൻഡ് സ്‌കേപ്. ഇവരുടെ ആറു ദിവസങ്ങളാണ് സിനിമ പറയുന്നത്. ദൈവം വാഗ്ദാനം ചെയ്ത ഏഴാം ദിവസ വിശ്രമം അവർക്ക് കിട്ടുന്നില്ല. ഒന്നാം ദിവസം കർഷകൻ നഗരത്തിൽ നിന്ന് കുതിരവണ്ടിയിൽ തിരിച്ചുവരുന്നു. ഇരുവരും ചേർന്ന് കുതിരയെയും വണ്ടിയെയും കെട്ടഴിച്ച് മുറിയിലെ അതത് സ്ഥാനങ്ങളിലാക്കുന്നു. കുതിരക്ക് തീറ്റ കൊടുക്കുന്നു. കൃഷിക്കാരന്റെ വലതുകൈക്ക് ചലനശേഷി ഒട്ടുമില്ല. മകളാണ് അയാളെ ശൈത്യവസ്ത്രങ്ങളും ഗംബൂട്ടും ഊരിവെക്കാൻ സഹായിക്കുന്നത്. അവർ വെറും ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ചൂടോടെ കഴിക്കുന്നു. തോന്നിയെങ്കിൽ അൽപം ഉപ്പു പുരട്ടുന്നു. വിറകടുപ്പിനോട് ചേർന്നിട്ട സ്റ്റൂളിലിരുന്ന് ജനലിനപ്പുറം കാണുന്ന പ്രകൃതി, കനത്ത കാറ്റിൽ പൊങ്ങിപ്പറക്കുന്ന കരിയിലകൾ, മഞ്ഞു പൊതിഞ്ഞ കുറ്റിച്ചെടികൾ, ഇല കൊഴിഞ്ഞ് ശാഖോപശാഖകൾ മാത്രം ശേഷിച്ച ഒറ്റ മരങ്ങൾ. രണ്ടാം ദിവസം യാത്രക്ക് കുതിര വിസമ്മതിക്കുന്നു. ഭക്ഷണം കഴിക്കുന്നില്ല. അതിന് എല്ലാം മതിയായ പോലെ. മറ്റൊരു ദിവസം ഒരു കൂട്ടം ജിപ്‌സികൾ വരുന്നു. കിണറിലെ വെള്ളത്തിന് വേണ്ടി കൃഷിക്കാരനും ജിപ്‌സികളും തമ്മിൽ വഴക്കുണ്ടാവുന്നു. ഇത് ഞങ്ങളുടെ ഭൂമി, വെള്ളം എന്ന് പറഞ്ഞ് ജിപ്‌സികൾ തിരിച്ച് പോവുന്നു. ജിപ്‌സികളിലൊരാൾ മകൾക്ക് ഒരു പുസ്തകം സമ്മാനമായി കൊടുക്കുന്നു. ബൈബിൾ പോലെ തോന്നിക്കുന്നത്. അല്ലെങ്കിൽ ദൈവനിഷേധ വിമോചനശാസ്ത്രമോ? തത്വചിന്താപരമായി, മനുഷ്യൻ അവന്റെ ചുറ്റുപാടിൽ മോചനമില്ലാതെ തടയപ്പെട്ടിരിക്കുന്നു. ഈ പ്രതികൂല പരിസ്ഥിതിയിൽ മുഖം, ശരീരം രക്ഷിക്കാനുള്ള അതിജീവന സാഹസങ്ങളിലാണ് എല്ലാവരും. പക്ഷെ സാഹചര്യങ്ങൾ കൂടുതൽ സങ്കീർണവും പ്രതീക്ഷയറ്റതുമായാണ് നീങ്ങുന്നത്. കിണറിലെ വെള്ളം വറ്റുന്നു. വീടൊഴിഞ്ഞ് മറ്റൊരിടത്തേക്ക് അഭയം. ഒരു കൈ വണ്ടി നിറയേണ്ട സാധനങ്ങളേ അവർക്ക് കൂടെകൊണ്ടുപോകാനുള്ളൂ. ശൈത്യവസ്ത്രങ്ങൾ. ഉരുളക്കിഴങ്ങ് ചാക്ക്. ബ്രാണ്ടി ജാറുകൾ. കുതിരയെ വണ്ടിക്ക് പിറകിൽ കെട്ടുന്നു. സിനിമയുടെ തുടക്കം ഇങ്ങനെയാണ്. ഫിലോസഫർ നീത്‌ചെ ടൂറിനിൽ ഒരു കുതിരവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ കുതിരക്കാരൻ കുതിരയെ ക്രൂരമായി മർദിക്കുന്നതുകണ്ട് മനംനൊന്തു. അതോടെ കിടപ്പിലായി.
പത്ത് വർഷത്തോളം അങ്ങനെ കിടന്നാണ് നീത്‌ചെ മരിക്കുന്നത്. എങ്കിലും, കുതിരക്കഥ ഒരു കെട്ടുകഥയാവാം. നീത്‌ചെയുടെ ആ കുതിരയാണ് സിനിമയിലെ കുതിര എന്നാണ് സിനിമയുടെ തുടക്കത്തിലെ പരാമർശം. നീത്‌ചെയുടെ ചിന്താഭാരം കർഷകന്റെ മുഖത്തും ദർശിക്കാം. അത് പക്ഷെ പ്രതികൂല ജീവിത സമരങ്ങളുണ്ടാക്കിയ ഭാവമാണ്. സാങ്കേതികമായി പതിയെ നീങ്ങുന്ന മൂവിയുടെ, കറുപ്പും വെളുപ്പും നിഴൽ വെളിച്ചമായി കലരുന്ന ദീർഘമായ അവിസ്മരണീയ ഷോട്ടുകൾ.146 മിനുട്ടുള്ള Turin horse ൽ ഏകദേശം 30 തിനടുത്ത് ഷോട്ടുകൾ മാത്രം. ശരാശരി ഒരു രംഗം മുറിയാതെ 5 മിനുട്ട്. അതിനാൽ മുമ്പു പറഞ്ഞ കിണറും തീൻമേശയും ഉരുളക്കിഴങ്ങ് വേവിക്കുന്നതും മറ്റു പല കാഴ്ചകളും മനസ്സിൽ ആഴത്തിൽ കോറിയിടപ്പെടും. ബേലാ ടാറിന്റെ ഒമ്പതാമത്തെ ഫീച്ചർ സിനിമയാണിത്. ഇത് അവസാന സിനിമയാണെന്നും ഇനിയുമെടുത്താൽ സിനിമകൾ പഴയവയുടെ ആവർത്തനമാകുമെന്നും ബേലാ ടാർ പറഞ്ഞു. സംവിധായകൻ തീരുമാനം മാറ്റുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതിസാധാരണമായി തീരേണ്ടതല്ലല്ലോ നമ്മുടെ കാഴ്ചകൾ.
Movie:The Turin Horse
Director: Bela Tarr
Genre: Slow-
Burn 146 minutes/Hungary/2011