അടൂർ ഗോപാലകൃഷ്ണന്റെ 'മുഖാമുഖം' എന്ന സിനിമയിൽ പി. ഗംഗാധരൻ നായരും കവിയൂർ പൊന്നമ്മയും

അടൂരിന്റെ രാഷ്​ട്രീയ
മുഖാമുഖങ്ങൾ

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയസിനിമകളിൽ ഒന്നാണ് മുഖാമുഖം. വ്യക്തിപരമെന്നത് രാഷ്ട്രീയവുമാണ് എന്ന നിലപാടിന്റെ കാഴ്ചയാണ് ഈ സിനിമ തരുന്നത്.

മുഖാമുഖം എന്ന സിനിമയെപ്പറ്റി അടൂർ ഗോപാലകൃഷ്​ണൻ തന്നെ പറഞ്ഞ രണ്ട് സംഭവങ്ങളുണ്ട്. കൊൽക്കത്തയിലെ പ്രദർശനത്തിനുശേഷം ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അടൂരിനോട് പറയുന്നു, സിനിമയിലെന്താണ് തെറ്റായി ചിലർ കാണുന്നത്, ഞങ്ങളിതിനെ സ്വാഗതം ചെയ്യുന്നു.
രണ്ടാമത്തേത് തോപ്പിൽ ഭാസി തന്റെ ഒളിവിലെ ഓർമകൾ നാടകമാക്കിയ ശേഷം തിരുവനന്തപുരത്ത് നടത്തിയ ആദ്യ അവതരണത്തിന്റെ ഉദ്ഘാടനത്തിന് അടൂരിനെയാണ് വിളിച്ചത്. പ്രമുഖ രാഷ്ട്രീയനേതാക്കളെല്ലാം നാടകം കാണാനുണ്ട്. സ്വാഗതപ്രസംഗത്തിൽ തോപ്പിൽ ഭാസി മുഖാമുഖത്തെ പരാമർശിക്കുന്നു. പാർട്ടിക്കകത്തുള്ള ഒരാൾക്ക് പാർട്ടി അച്ചടക്കം മറികടന്ന് ഇങ്ങനെയൊരു ആത്മപരിശോധന നടത്താനാവില്ല. പാർട്ടിയെ എതിർക്കുകയും സ്‌നേഹിക്കാതിരിക്കുകയും ചെയ്യുന്ന ഒരാൾക്കും ഇതുപോലെ സിനിമയെടുക്കാനാവില്ല.

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയസിനിമകളിൽ ഒന്നാണ് മുഖാമുഖം. ഇതൊരു രാഷ്ട്രീയസിനിമയല്ലെന്നും ആ കാലഘട്ടത്തെപ്പറ്റിയുള്ള ഒരു ഹ്യൂമനിസ്റ്റ് പുറംകാഴ്ച മാത്രമാണെന്നും അടൂർ പറയുന്നുണ്ടെങ്കിലും പൊതുധാര ഇടതുരാഷ്ട്രീയം അതിന്റെ ഏറ്റവും ശക്തമായ ചരിത്രമുഹൂർത്തങ്ങളിലൂടെ കടന്നുപോയ കാലം പ്രമേയമായ സിനിമയാണ് മുഖാമുഖം. 1984-ൽ ഇറങ്ങിയ സമയത്തുതന്നെ ഏറെ വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങി. താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിനും പടുത്തുയർത്തുന്ന പ്രസ്ഥാനത്തിനും വേണ്ടി മാത്രമായി ജീവിച്ച മുഖാമുഖത്തിലെ ആദ്യപകുതിയിലെ സഖാവ് ശ്രീധരൻ ആ ചെറിയ കോങ്കണ്ണുമായി ഇപ്പോഴും കേരളത്തെ തന്നെ രാഷ്ട്രീയമായി അടയാളപ്പെടുത്തുന്ന, ജനാധിപത്യരീതിയിൽ അധികാരത്തിലെത്തിയ ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാർ എന്ന കാലഘട്ടത്തിന്റെ സിനിമാറ്റിക് മോട്ടീഫായി നിലനിൽക്കുന്നു.

മുഖാമുഖത്തിൽ പ്രസ്ഥാനത്തിന്റെ തകർച്ച കാണിക്കുന്നു എന്നുപറഞ്ഞവർക്ക് റഷ്യയും കിഴക്കൻ യൂറോപ്പും തകരുന്നത് കാണേണ്ടിവരുന്നു. ഇതൊന്നും ഇടത് പ്രത്യയശാസ്ത്രത്തിന് ഇനിയുമുള്ള പ്രസക്തി തള്ളുന്നുമില്ല.

രണ്ട് പകുതികളായാണ് മുഖാമുഖത്തിന്റെ രൂപഘടന. ആദ്യ പകുതി 1957-ൽ ഇ.എം.എസ്.​ മന്ത്രിസഭ അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പുള്ള 10 വർഷങ്ങൾ. അടിസ്ഥാനവർഗത്തിന് പ്രതീക്ഷയും വിശ്വാസവും കൊടുത്ത് വളരുന്ന പ്രസ്ഥാനം. രണ്ടാം പകുതി 1965-ൽ പാർട്ടി രണ്ടായി പിളർന്നതിനുശേഷമുള്ള 10 വർഷം. അണികളിൽ അതൊരു മുറിവും അനിശ്ചിതത്വവും സൃഷ്ടിക്കുന്നു. ഇടയ്ക്കുള്ള പത്തുവർഷം ഫാക്ടറി മുതലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഖാവ് ശ്രീധരൻ ഒളിവിലാണെന്നുമാത്രമേ സിനിമയിൽ പറയുന്നുള്ളൂ.

'മുഖാമുഖ’ത്തിൽ പി. ഗംഗാധരൻ നായരും കൃഷ്​ണൻകുട്ടി നായരും / Photo: IMDb
'മുഖാമുഖ’ത്തിൽ പി. ഗംഗാധരൻ നായരും കൃഷ്​ണൻകുട്ടി നായരും / Photo: IMDb

സമരത്തിന്റെ തീച്ചൂള എന്ന ഭാഷാപ്രയോഗത്തിന്റെ വിഷ്വൽ ട്രീറ്റായാണ് സിനിമ തുടങ്ങുന്നത്. ഒപ്പം, അന്ന് നടക്കുന്ന വ്യവസായിക വിപ്ലവത്തെയും സാമൂഹ്യ വിപ്ലവത്തെയും പ്രതിഫലിപ്പിക്കുന്ന ഷോട്ട് കൂടിയാണ്. ഇഷ്ടിക നിർമാണത്തിനുള്ള കളിമണ്ണ് തോണിയിൽ കോരിനിറയ്ക്കുന്നു. തോണി തുഴഞ്ഞ് മറുകരയിലെ ഓട്ടുകമ്പനിയിലേക്ക്. ഓളപ്പരപ്പിലെ ശാന്തത ഒരു വലിയ സാമൂഹ്യവിപ്ലവത്തിന്റെ മുന്നോടിയാണ്. പിന്നിട് യന്ത്രങ്ങളും മനുഷ്യാധ്വാനവും ചേരുന്ന വിവിധ നിർമാണഘട്ടങ്ങൾ. അവസാനം കളിമൺ ബ്ലോക്കുകൾ ഇഷ്ടികച്ചൂളയിലേക്ക്. അവിടെ നിന്ന് ജംപ് കട്ട് ചെയ്യുന്നത് കമ്പനിയുടെ പുറത്ത് നടക്കുന്ന സമരമുഖത്തേക്കാണ്; ഇങ്ക്വിലാബ് സിന്താബാദ്, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, സഖാവ് ശ്രീധരൻ സിന്താബാദ്.

പ്രസ്ഥാനത്തിനുവേണ്ടിയുള്ള ജീവിതത്തിൽ വ്യക്തിജീവിതം സഖാവ് ശ്രീധരന് രണ്ടാമതാണ്. യൂണിയൻ പ്രവർത്തനത്തിനിടയിൽ വിലാസിനി ശ്രീധരനോടുള്ള താത്പര്യം പല തവണ പ്രകടിപ്പിക്കുന്നുണ്ട്. ശ്രീധരനും വിലാസിനിയെ ഇഷ്ടമാണ്.

തൊഴിലാളികളുടെ ഹൃദയം തൊടുന്ന നേതാവാണ് സഖാവ് ശ്രീധരൻ.
ആരാണ് സഖാവ് ശ്രീധരൻ എന്ന ചോദ്യത്തിലൂടെയാണ് തുടങ്ങുന്നത്. നാട്ടുകാരും പരിചയക്കാരുമായ പലരുടെയും വീക്ഷണകോണുകളിൽക്കൂടി സഖാവ് ശ്രീധരൻ എന്ന ഇമേജ് രൂപപ്പെട്ടുവരുന്നു. ആദ്യം പറയുന്നത് നാട്ടിലെ ചായക്കടക്കാരനാണ്. ശ്രീധരൻ ആ നാട്ടിലെത്തുമ്പോൾ ആദ്യമായി പരിചയപ്പെടുന്നതും ചായക്കടക്കാരനെയാണ്. അയാൾ വിവരിക്കുന്നു: ‘അങ്ങനൊരുത്തൻ ഈ നാട്ടിലില്ല. എങ്ങനെ പോയാലും ഒരു നാലഞ്ച് കെട്ട് ബീഡി വലിക്കും ദിവസവും. പിന്നെ ചായ മാത്രം കിട്ടിയാൽ മതി. ഞാനുണ്ടാക്കിയ ചായയെന്ന് പറഞ്ഞാൽ രണ്ടാമത് ചോദ്യമില്ല.’

മറ്റൊരു രംഗം പാർട്ടി ആപ്പീസിൽ ലെനിന്റെ പടം തൂക്കുന്നതാണ്. പടം തൂക്കിയ ശേഷം ഒരു നിമിഷം ആരാധനയോടെ നോക്കുന്നു. അടുത്തുനിൽക്കുന്ന, ജോലിക്കുവേണ്ടി പഠിത്തം നിർത്തേണ്ടിവന്ന സുധാകരനോട് അതാരാണെന്ന് അറിയാമോ എന്ന് വാത്സല്യത്തോടെ ചോദിക്കുന്നു. എന്നിട്ട് ഒരോ വാക്കിലും ആത്മാർഥതയും സ്‌നേഹവും നിറച്ച് ലളിതമായ വാക്കുകളിൽ പരിചയപ്പെടുത്തുന്നു. അതാണ് മഹാനായ ലെനിൻ. തൊഴിലാളിവർഗത്തിന്റെ വിമോചകനായ ലെനിൻ. സുധാകരനെ സുധാകരനാക്കിയത് ശ്രീധരൻ മാഷായിരുന്നു എന്ന് അഭിമാനത്തോടെ അവൻ ഓർമിക്കുന്നു.

പ്രസ്ഥാനത്തിനുവേണ്ടിയുള്ള ജീവിതത്തിൽ വ്യക്തിജീവിതം സഖാവ് ശ്രീധരന് രണ്ടാമതാണ്. യൂണിയൻ പ്രവർത്തനത്തിനിടയിൽ വിലാസിനി ശ്രീധരനോടുള്ള താത്പര്യം പല തവണ പ്രകടിപ്പിക്കുന്നുണ്ട്. ശ്രീധരനും വിലാസിനിയെ ഇഷ്ടമാണ്. എന്നാൽ പ്രണയം, തന്റെ പ്രവർത്തനത്തെയും പ്രതിഛായയെയും ബാധിക്കുമോ എന്നോർത്ത് പ്രകടിപ്പിക്കുന്നില്ല. അവസാനം വിലാസിനി വിവാഹ ക്ഷണക്കത്തുമായി വരുമ്പോൾ പ്രണയലേഖനമെന്ന് നമുക്ക് തോന്നാവുന്ന ഒരു കടലാസ് ശ്രീധരൻ കത്തിച്ചുകളയുകയാണ്.

'മുഖാമുഖം' സിനിമയിൽ കവിയൂർ പൊന്നമ്മ / Photo: adoorgopalakrishnan.com
'മുഖാമുഖം' സിനിമയിൽ കവിയൂർ പൊന്നമ്മ / Photo: adoorgopalakrishnan.com

ഇങ്ങനെ പലരുടെ ജീവിതങ്ങളെയും തളിർപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന സഖാവ് ശ്രീധരൻ കൂടെ നിൽക്കുന്നവർക്ക് ആവേശവും പ്രചോദനവുമാവുന്നു. ഒരു ദിവസം ഓട്ടുകമ്പനിക്കുമുമ്പിൽ തൊഴിലാളി സഖാക്കളോട് പ്രസംഗിച്ചുനിൽക്കെ പൊലീസ് വണ്ടി വന്ന് എല്ലാവരെയും തല്ലിച്ചതക്കുന്നു. മുതലാളിയുടെ ഗുണ്ടകൾ രാത്രി ശ്രീധരനെ അതിക്രൂരമായി മർദിക്കുന്നു. പ്രതികൂല സാഹചര്യങ്ങളിൽ നിന്നെല്ലാം ഉയർത്തെഴുനേൽക്കുന്ന ശക്തനായ തൊഴിലാളി നേതാവും സംഘാടകനുമായാണ് സഖാവ് ശ്രീധരനെ നമ്മൾ കാണുന്നത്. ഓട്ടുകമ്പനി പൂർണമായും സ്തംഭിപ്പിക്കാൻ കരിങ്കാലികളായ ഒരു വിഭാഗം തൊഴിലാളികൾ തടസ്സമാണ് എന്ന് ഒരു സഖാവ് പറയുമ്പോൾ കരിങ്കാലികൾ എന്ന് പറയുന്നത് ശരിയല്ല, അവരെക്കൂടി യൂണിയനിലേക്ക് എത്തിക്കാനാണ് ശ്രമിക്കേണ്ടത് എന്ന് ശ്രീധരൻ തിരുത്തുന്നു.

സിനിമയുടെ ഒന്നാം പകുതി മുഴുവൻ ശ്രീധരനുമായി ഇടപെട്ട പലരുടെ കാഴ്ചപ്പാടുകളിലൂടെ സഖാവിന്റെ അസാമാന്യ വ്യക്തിത്വത്തെ ഒരു കൊളാഷ് ചിത്രമായി കാഴ്ചക്കാർക്കുമുമ്പിൽ വരച്ചിടുന്നു. ചുമരിൽ തൂക്കിയ ലെനിന്റെ ചിത്രവും പിന്നീടൊരിക്കൽ കാണിക്കുന്ന സഖാവ് കൃഷ്ണപ്പിള്ളയുടെ ചിത്രവും, ആ പാതയിലൂടെ ജീവിതത്തിലിറങ്ങി വന്ന സഖാവാണ് ശ്രീധരൻ എന്നൊരു വിഷ്വൽതുടർച്ചയുണ്ടാക്കുന്നു.

ഒന്നാം പകുതി അവസാനിക്കുമ്പോൾ ഓട്ടുകമ്പനി മുതലാളി കൊല്ലപ്പെടുകയും സഖാവ് ശ്രീധരൻ ഒളിവിൽ പോകാൻ നിർബന്ധിതനാവുകയും ചെയ്യുന്നു. നീണ്ട പത്ത് വർഷങ്ങളുടെ ഒളിവുജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തുന്നതാണ് സിനിമയുടെ രണ്ടാം ഭാഗം.

‘എലിപ്പത്തായം’ ഫ്യൂഡൽ തകർച്ചയും ആ സമൂഹ്യപാഠം മനസ്സിലാക്കാനാവാതെ പിന്തള്ളപ്പെട്ടു പോകുന്ന ഉണ്ണിയെന്ന കഥാപാത്രവുമാണ്. സിനിമയുടെ രാഷ്ട്രീയനിലപാടിൽ അവ്യക്തതയൊന്നുമില്ല. എന്നാലും, ആ കാലം പകർത്തുമ്പോൾ അല്പം ഫ്യൂഡൽ നൊസ്റ്റാൽജിയ കൂടി വരുന്നുണ്ടോ എന്ന സംശയം ചില കാഴ്ചക്കാർക്ക് വരാം.

സഖാവ് ശ്രീധരൻ, ഭാര്യ ഗർഭിണിയായിരിക്കെയാണ് ഒളിവിൽ പോവുന്നത്. അച്ഛനെ ഇതുവരെ കാണാത്ത മകൻ ആദ്യമായി അച്ഛനെ കാണുന്ന അമിതാഹ്ലാദത്തിലാണ്. അവൻ കാണേണ്ടിവരുന്നത് എപ്പോഴും ഉറങ്ങുന്ന അച്ഛനെയാണ്. ഉറങ്ങാത്തപ്പോൾ കുടിച്ച് ബോധമില്ലാത്ത അവസ്ഥയിലും. ചായക്കടയിൽ വെച്ച് പഴയ സഹ കോമ്രേഡുകൾ സഖാവ് ശ്രീധരനെ വിചാരണ ചെയ്യുന്നു. സഖാവ് നാട്ടുകാരെ മുഴുവൻ നിരാശപ്പെടുത്തി. ആളുകൾക്കെന്തൊരു പ്രതീക്ഷയായിരുന്നു. ചായ കുടിച്ചാട്ടെ , ഏറെ ചോദിക്കാനുണ്ട് എന്നൊക്കെ പറഞ്ഞു തുടങ്ങുന്ന നാട്ടുകാർ, ചായയും കുടിക്കാതെ തല കുനിച്ചിരിക്കുന്ന സഖാവ് ശ്രീധരനെ നോക്കി ചാരായമേ കുടിക്കത്തുള്ളായിരിക്കും എന്ന് പരിഹസിച്ച് പിരിഞ്ഞുപോവുന്നു. രാഷ്ട്രീയത്തിലോ കുടുംബ ജീവിതത്തിലോ സ്വന്തം ജീവിതത്തിലോ ഒരു താത്പര്യവുമില്ലാത്ത സഖാവ് ശ്രീധരനെയാണ് രണ്ടാം ഭാഗത്തിൽ കാണുന്നത്. എന്തുകൊണ്ട് ശ്രീധരന്റെ ജൈവികത നഷ്ടമായി എന്ന് വ്യക്തമായി സിനിമ പറയുന്നില്ല. ആ ചോദ്യം, ആരാണ് ശ്രീധരൻ എന്ന തുടക്കത്തിലെ ചോദ്യം പോലെ ഒറ്റ ഉത്തരം തരുന്നതല്ല. ഒന്നുകിൽ കെട്ടിപ്പടുത്ത പ്രസ്ഥാനത്തിലുണ്ടായ പിളർപ്പ് ശ്രീധരനെന്ന വ്യക്തിയെ കടുത്ത നിരാശയിലേക്ക് തള്ളിവിട്ടു. അല്ലെങ്കിൽ നമ്മളറിയാത്ത വ്യക്തിപരമായ അസ്തിത്വ പ്രശ്‌നങ്ങളാൽ
തന്റെ മുൻകാല ഊർജവും പ്രസരിപ്പും നഷ്ടപ്പെട്ടതാവും.

'മുഖാമുഖം' സിനിമയിലെ ഒരു രംഗം/ Photo: IMDb
'മുഖാമുഖം' സിനിമയിലെ ഒരു രംഗം/ Photo: IMDb

തങ്ങളുടെ പ്രവർത്തികൾക്ക് ഉത്തരവാദിത്തമില്ലാത്ത ജനക്കൂട്ടം
പരാജയങ്ങൾക്ക് ശ്രീധരനെ തന്നെ ബലിയാടായി കണ്ടെത്തി രക്ഷപ്പെടുന്നതുമാവാം. അമ്മ അറിയാനിൽ ഹരി ആത്മഹത്യ ചെയ്തതെന്തിന് എന്നുള്ളത് പരമ്പരാഗതരീതികൾ പൊളിച്ചുള്ള അന്വേഷണമാണ്. സിനിമാ നിർമാണവും അതേ രീതിയിലാണ്. മുഖാമുഖത്തിലെ ആരാണ് ശ്രീധരൻ എന്നുള്ള ചോദ്യം വ്യവസ്ഥിതികത്തുള്ള മാറ്റത്തിനുവേണ്ടിയുള്ള സംഘർഷങ്ങളിൽ നിന്നുയരുന്നതാണ്. അടൂരിന്റെ സിനിമാനിർമാണത്തിലെ സൂക്ഷ്മതയും അച്ചടക്കവും ഇവിടെ ഓർക്കാവുന്നതാണ്. ഇത് രണ്ടിലേത് മെച്ചമെന്നല്ല, സിനിമയ്ക്കകത്തും പുറത്തുമുള്ള രണ്ട് സിനിമകളുടെ പാറ്റേൺ പരാമർശിച്ചു എന്നുമാത്രം.

സഖാവ് ശ്രീധരനെ പലരുടെയും വീക്ഷണകോണിലൂടെ പരിചയപ്പെടുത്തുമ്പോൾ പകുതി റിയലും പകുതി ഫിക്ഷനുമായി രൂപപ്പെടുന്ന സഖാവ് ശ്രീധരൻ കഥാപാത്രത്തിന് മിഴിവ് കൂടുന്നു. അയാളെപ്പറ്റിയുള്ള അറിയാത്ത കാര്യങ്ങളെ പറ്റി അറിയാനുള്ള ആകാംക്ഷയുണ്ടാവുന്നു.

യൂറോപ്പിൽ ലോക മഹായുദ്ധങ്ങൾ തന്ന ദുരന്താനുഭവങ്ങൾ മഹത്തായ സിനിമകളെ ട്രിഗർ ചെയ്തു. സിനിമയെന്ന ക്രാഫ്റ്റിലും സിനിമാസ്വാദനത്തിലും ആ സിനിമകൾ പുതിയ തരംഗങ്ങൾ സൃഷ്ടിച്ചു. സമാനമായ ഒരു മാറ്റം ഇന്ത്യൻ സിനിമയിൽ സംഭവിച്ചത് ഫ്യൂഡൽ തകർച്ച വിഷയമാക്കിയ സിനിമകളിലൂടെയാണ്. എലിപ്പത്തായം ഫ്യൂഡൽ തകർച്ചയും ആ സമൂഹ്യപാഠം മനസ്സിലാക്കാനാവാതെ പിന്തള്ളപ്പെട്ടു പോകുന്ന ഉണ്ണിയെന്ന കഥാപാത്രവുമാണ്. സിനിമയുടെ രാഷ്ട്രീയനിലപാടിൽ അവ്യക്തതയൊന്നുമില്ല. എന്നാലും, ആ കാലം പകർത്തുമ്പോൾ അല്പം ഫ്യൂഡൽ നൊസ്റ്റാൽജിയ കൂടി വരുന്നുണ്ടോ എന്ന സംശയം ചില കാഴ്ചക്കാർക്ക് വരാം. പക്ഷെ പുറത്തെ മാറ്റത്തെ അംഗീകരിക്കാത്ത ഉണ്ണി എന്ന പ്രധാന കഥാപാത്രത്തെ ഒരുതരത്തിലുള്ള അനുകമ്പയും കൊടുക്കാതെയാണ് അവതരിപ്പിക്കുന്നത്. കൊടിയേറ്റത്തിൽ ജാഥയ്ക്ക് ആൾക്കാരെ വാടകയ്‌ക്കെടുക്കുന്ന രാഷ്ട്രീയക്കാരെയും രാഷ്ട്രീയം പറയുമ്പോൾ വാലാട്ടുന്ന പട്ടിയിലേക്ക് കട്ട് ചെയ്ത് അതുപോലെയാണ് അണികളെന്നും സൂചിപ്പിച്ച് ഒരു അരാഷ്ട്രീയ ഇമേജ് അടൂരിൽ ആരോപിക്കാറുണ്ട്. മുഖാമുഖത്തെപ്പറ്റി ഒരു തെറ്റായ മുൻധാരണ വരാൻ ഇതൊക്കെ കാരണമായിട്ടുണ്ടാവും. നേരിട്ട് രാഷ്ടീയം വിഷയമാകുന്ന മുഖാമുഖം പോലൊരു സിനിമ അടൂർ എന്തിനെടുത്തു എന്ന ചോദ്യത്തിൽ അതിനുള്ള മറുപടിയുമുണ്ട്. അധികാരത്തെപ്പറ്റിയുള്ള ഉപന്യാസമായ വിധേയൻ എടുത്ത് തനിക്ക് പറയാനുള്ള എല്ലാ കഥകളിലും രാഷ്ട്രീയവും ഉപേക്ഷിക്കാനാവാത്ത ചേരുവയാണെന്ന് വീണ്ടും പ്രസ്താവിക്കുന്നു. നാട്ടുകാരാരും ഒരു മുതിർന്ന വ്യക്തിയായി അംഗീകരിക്കാത്ത കഥാപാത്രമാണ് കൊടിയേറ്റത്തിലെ ശങ്കരൻകുട്ടി. കുട്ടികളുമായി ഇടപെടുന്നയിടത്താണ് അയാൾക്ക് സ്വത്വബോധമുള്ളത്. എന്തെങ്കിലും സഹായത്തിന് എല്ലാവരും ശങ്കരൻ കുട്ടിയെ വിളിക്കുകയും അത് കഴിഞ്ഞാൽ മറക്കുകയും ചെയ്യുന്നു. അയാൾക്കും തന്നെ അവഗണിക്കുന്ന, നിസ്സാരനാക്കുന്ന സമൂഹത്തോട് ചിലതൊക്കെ പറയാനുണ്ട് എന്ന രാഷ്ട്രീയമാണ് കൊടിയേറ്റത്തിലുളളത്.

സിനിമകളിലൂടെ കഥ പറച്ചിൽ എന്ന പ്രവൃത്തിയാണ് ചെയ്യുന്നത് എന്ന് അടൂർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അനന്തരത്തെപ്പറ്റി അദ്ദേഹം പറഞ്ഞത്, ആ സിനിമ ഒരു തലത്തിൽ സിനിമയെന്ന കലാസാക്ഷാത്കാരത്തേക്കാൾ കഥ പറച്ചിലിനെപ്പറ്റിയുള്ള സിനിമയാണ് എന്നാണ്​. സ്വയംവരം എന്ന ആദ്യ സിനിമ പറയുന്ന കഥ സ്വയംവരിച്ച ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളാണ്. അനന്തരത്തിന്റെ ഇംഗ്ലീഷ് ടൈറ്റിൽ മോണോലോഗ് എന്നാണ് പരിഭാഷ ചെയ്തത്. അജയൻ തന്നത്താൻ പറയുന്ന കഥ പകുതി ഫിക്ഷനും പകുതി യഥാർഥ്യവുമാണ്. ഈ സ്വപ്നവും യാഥാർഥ്യവും ചേർന്ന കഥ അവിടെയും ഇവിടെയും ചേരാതെ നിൽക്കുന്നു എന്നും തന്നെപ്പറ്റി താൻതന്നെ പറയുന്ന കഥയിൽ പലതും വിട്ടുപോയെന്നും ഈ കഥ പൂർണമായില്ലെന്നും പറഞ്ഞാണ് അനന്തരം അവസാനിക്കുന്നത്.

'മുഖാമുഖം' ചിത്രീകരണത്തിനിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഛായാഗ്രാഹകൻ മങ്കട രവി വർമയും
'മുഖാമുഖം' ചിത്രീകരണത്തിനിടെ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഛായാഗ്രാഹകൻ മങ്കട രവി വർമയും

ആത്മഗതം, സ്വയംവരം, മറ്റുള്ളവരുടെ കാഴ്ചയിൽ രൂപം കൊള്ളുന്ന വ്യക്തിയും അവനവനിലെ ധാരണകളും തമ്മിലുള്ള മുഖാമുഖം ഇതൊക്കെ അടൂരിന്റെ കഥ പറച്ചിലിനുള്ള സങ്കേതങ്ങളാണ്. സഖാവ് ശ്രീധരനെ പലരുടെയും വീക്ഷണകോണിലൂടെ പരിചയപ്പെടുത്തുമ്പോൾ പകുതി റിയലും പകുതി ഫിക്ഷനുമായി രൂപപ്പെടുന്ന സഖാവ് ശ്രീധരൻ കഥാപാത്രത്തിന് മിഴിവ് കൂടുന്നു. അയാളെപ്പറ്റിയുള്ള അറിയാത്ത കാര്യങ്ങളെ പറ്റി അറിയാനുള്ള ആകാംക്ഷയുണ്ടാവുന്നു. പലതും പറയാതെ നിർത്തുന്നിടത്ത് കാഴ്ചക്കാരുടെ ഭാവന അതെല്ലാം അവരുടേതായ രീതിയിൽ പൂരിപ്പിക്കുന്നു. അടൂരിന്റെ പല കഥാപാത്രങ്ങളും സാമൂഹികമായി മിസ് ഫിറ്റാണ്. എലിപ്പത്തായത്തിലെ ഉണ്ണി കാലത്തിനെതിരെ മുഖം തിരിച്ച് സമൂഹത്തിൽനിന്ന് പുറന്തള്ളപ്പെടുന്നു. കൊടിയേറ്റത്തിലെ ശങ്കരൻ കുട്ടി അവനവൻ ജീവിതത്തിൽ സന്തുഷ്ടനാണെങ്കിലും സമൂഹം അയാളെ അംഗീകരിക്കുന്നില്ല. അനന്തരത്തിലെ അജയൻ തന്നിലെ തന്നെ മിഥ്യയും യാഥാർത്ഥ്യവും ഇടകലരുന്ന ഇരട്ട ജീവിതത്തിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനാവാതെ ഉഴലുന്നു. മുഖാമുഖത്തിലെ സഖാവ് ശ്രീധരൻ മറ്റുള്ളവർക്ക് ഉഴിഞ്ഞുവെച്ച റോൾ മോഡൽ ജീവിതത്തിൽ ഒന്നാം ഭാഗം അഭിനയിക്കുന്നു. രണ്ടാം ഭാഗത്ത് മദ്യത്തിലും മയക്കത്തിലും മാത്രം ആശ്രയം കണ്ടെത്തുന്ന അരാജകത്വത്തിൽ തീരുന്നു.

അടൂരിന് തന്റെ കലാസൃഷ്ടിക്ക് കാണികളുമായി സംവദിക്കുന്നതിന് ഫലിതത്തിനുള്ള പ്രാധാന്യം ശരിക്കറിയാം. അതൊരിക്കലും ദുരൂഹമായ കറുത്ത ഹാസ്യമല്ല. ആർക്കും മനസ്സിലാവുന്ന, കാഴ്ചയ്ക്കുശേഷവും തങ്ങിനിൽക്കുന്ന ഹാസ്യങ്ങൾ.

നിഷ്‌ക്രിയത സ്‌ക്രീനിൽ പ്രതിഫലിപ്പിക്കാൻ അടൂരിന് പ്രത്യേക മിടുക്കാണ്. എലിപ്പത്തായത്തിൽ, സാമൂഹ്യമാറ്റത്തിന് ചെവി കൊടുക്കാതെ ഭൂതകാലത്തിൽ ട്രാപ് ചെയ്യപ്പെട്ട ഉണ്ണിയും പഴയ തറവാടും നിഷ്‌ക്രിയതയുടെ മുഴുനീള ഉദാഹരണമാണ്. മുഖാമുഖത്തിലെ രണ്ടാം പകുതിയും നിഷ്‌ക്രിയത തീവ്രമായി കാണിക്കുന്ന രംഗങ്ങളാണ്. ഒരു കാലത്ത് അടൂർ ഉൾപ്പെടെയുള്ളവർ എടുക്കുന്ന സ്ലോ മൂവീസ് ഉറങ്ങാൻ പറ്റിയ സിനിമകളാണെന്ന് ഫലിതം പറയാറുണ്ട്. മുഖാമുഖത്തിലെ രണ്ടാം പകുതിയിൽ സഖാവ് ശ്രീധരൻ സ്‌ക്രീനിൽ ഉറങ്ങിത്തീർക്കുകയും കാണികൾ ആസ്വദിച്ച് കാണുകയും ചെയ്യുന്നു.

അടൂരിന് തന്റെ കലാസൃഷ്ടിക്ക് കാണികളുമായി സംവദിക്കുന്നതിന് ഫലിതത്തിനുള്ള പ്രാധാന്യം ശരിക്കറിയാം. അതൊരിക്കലും ദുരൂഹമായ കറുത്ത ഹാസ്യമല്ല. ആർക്കും മനസ്സിലാവുന്ന, കാഴ്ചയ്ക്കുശേഷവും തങ്ങിനിൽക്കുന്ന ഹാസ്യങ്ങൾ. കൊടിയേറ്റത്തിൽ ശങ്കരൻ കുട്ടി ആനപ്പാപ്പാനുമായി തല്ലുകൂടി നാടുവിട്ടു. ഒരു ഡ്രൈവറുടെ കൂടെ ലോറിയിൽ കയറി. വഴിയിൽ കള്ളുകുടിച്ച് വന്ന ഡ്രൈവർ ശങ്കരൻകുട്ടിയെ ഡ്രൈവിങ്ങ് പഠിപ്പിക്കാമെന്ന് ഏൽക്കുന്നു. രണ്ട് നിബന്ധനകൾ വെയ്ക്കുന്നു. ഒന്ന്, കള്ള് കൈകൊണ്ട് തൊടരുത്. വണ്ടിയിൽ ഒരാളെങ്കിലും കുടിക്കാതെ വേണം. രണ്ടാമത്, അയാളുടെ സ്വഭാവം വെച്ച് സ്ത്രീ വിഷയം അരുതെന്നായിരിക്കും പറയുക എന്ന പ്രതീക്ഷ തെറ്റിച്ച്, എന്നെ ചോദ്യം ചെയ്യാൻ പാടില്ല എന്ന നിബന്ധന വെക്കുന്നു. അത് പിന്നെ ഏത് ജനാധിപത്യവാദിയും മുന്നോട്ടുവെക്കുന്നതാണല്ലോ!

എലിപ്പത്തായത്തിൽ കഥാനായകൻ ഉണ്ണി വിവാഹത്തിന് പോവാനുള്ള തയ്യാറെടുപ്പിൽ നരച്ച മീശ രോമങ്ങൾ ശ്രദ്ധയോടെയെടുത്തത് കയ്യിൽ കിട്ടുമ്പോൾ കറുത്തതാണ്. കുതറി വന്ന പശു തെങ്ങിൻ തൈ തിന്നുമ്പോൾ ചാരുകസേരയിൽ നിന്ന് എഴുനേൽക്കാതെ ശൂ ശൂ പറഞ്ഞ് ഓടിക്കാനുള്ള ശ്രമം, രാത്രി കള്ളൻ തേങ്ങ മോഷ്ടിക്കുന്ന ശബ്ദം കേട്ടപ്പോൾ പേടി കാരണം വല്ല പെരുച്ചാഴിയുമായിരിക്കും എന്നുപറഞ്ഞ് വീണ്ടും കിടന്നുറങ്ങതെല്ലാം ഉദാഹരണങ്ങളായി പറയാം. ഗൗരവമുള്ള വിഷയങ്ങളിലും സന്ദർഭങ്ങളിലും ഹ്യൂമർ കടത്തിവിടുന്നതിന് അടൂരിന് സങ്കോചകമൊന്നുമില്ല.

'മുഖാമുഖം' സിനിമയിൽ കരമന ജനാർദനൻ നായരും പി. ഗംഗാധരൻ നായരും / Photo: IMDb
'മുഖാമുഖം' സിനിമയിൽ കരമന ജനാർദനൻ നായരും പി. ഗംഗാധരൻ നായരും / Photo: IMDb

ഗിരീഷ് കസറവള്ളി അടൂരിനെപ്പറ്റിയെടുത്ത Images / Reflections എന്ന ഡോക്യുമെന്ററിയിൽ (https://youtu.be/Dde6ihyN7Ig) മുഖാമുഖത്തിലെ ലൊക്കേഷനായ ഇഷ്ടിക നിർമാണ ഫാക്ടറി ഏറെ വർഷങ്ങൾക്കുശേഷം വീണ്ടും സന്ദർശിക്കുന്നുണ്ട്. ഒരു ബസ് സ്റ്റോപ്പിനടുത്ത് കാർ നിർത്തി പൂട്ടിപ്പോയ കമ്പനിയിലേക്കുള്ള വഴി നാട്ടുകാരോട് ചോദിക്കുന്നു. മുന്നിലൊന്നുണ്ട്, പിറകിലൊന്നുണ്ട്. കായലിനോട് ചേർന്നുള്ള പിറകിലുള്ള കമ്പനിസ്ഥലം റിസോട്ടിന് അനുയോജ്യമാണ്. യാത്രയുടെ ഉദ്ദേശ്യം റിയൽ എസ്റ്റേറ്റല്ല, മുഖാമുഖം ഷൂട്ട് ചെയ്ത സ്ഥലമാണെന്ന് വ്യക്തമാക്കിയപ്പോൾ മുന്നിൽ കമ്പനിയിലേക്കുള്ള വഴി കാണിക്കുന്നു. മുഖാമുഖത്തിൽ പ്രസ്ഥാനത്തിന്റെ തകർച്ച കാണിക്കുന്നു എന്നുപറഞ്ഞവർക്ക് റഷ്യയും കിഴക്കൻ യൂറോപ്പും തകരുന്നത് കാണേണ്ടിവരുന്നു. ഇതൊന്നും ഇടത് പ്രത്യയശാസ്ത്രത്തിന് ഇനിയുമുള്ള പ്രസക്തി തള്ളുന്നുമില്ല.

മുഖാമുഖത്തിൽ വ്യക്തി, പ്രസ്ഥാനം, സമൂഹം അടരുകളായുള്ള സക്രിയമായ ഇടപെടലുകൾ, സംഘർഷങ്ങൾ, നിഷ്‌ക്രിയമായ ഇടവേളകൾ എന്നിങ്ങനെ നടന്ന സംഭവങ്ങൾ തിരിഞ്ഞുനോക്കുന്ന നിമിഷങ്ങളാണ്. വ്യക്തിപരമെന്നത് രാഷ്ട്രീയവുമാണ് എന്ന നിലപാടിന്റെ കാഴ്ചയാണ് സിനിമ തരുന്നത്. പ്രസ്ഥാനങ്ങളെ ഹ്യൂമനിസ്റ്റ് കാഴ്ചപ്പാടിൽ നോക്കുന്നതും വിലയിരുത്തുന്നതും രാഷ്ട്രീയം തന്നെയാണ്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. സജീഷ്​

എഴുത്തുകാരൻ, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു

Comments