സാത്താൻ ടാംഗോ എന്ന സിനിമയിൽ നിന്ന് / Photo: MUBI

ശപിക്കപ്പെട്ട
​ശീതക്കാറ്റ്

തിയേറ്ററിനകത്ത് ബേലാ താർ സിനിമകളുടെ ശപിക്കപ്പെട്ട ശീതക്കാറ്റിനായി ഈ വർഷത്തെ ഐ.എഫ്​.എഫ്​.കെയിൽ സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്.

ലയാളിക്കുള്ള ലാറ്റിനമേരിക്കൻ, കിഴക്കൻ യൂറോപ്യൻ പക്ഷപാതിത്വം മുഴുവനും അവകാശപ്പെടാവുന്ന സിനിമാക്കാരനാണ് ഹംഗേറിയൻ സിനിമാ സംവിധായകനായ ബേലാ താർ. അതിനുകാരണം ഭൂമിശാസ്ത്രപരമായ ജിയോസ്‌പേഷ്യൽ ടാഗിങ്ങോ പ്രത്യയശാസ്ത്ര സാഹോദര്യമോ അല്ലെങ്കിൽ പുഷ്‌കാസിനോടോ മെസ്സിയോടോ തോന്നുന്ന ഒരു ടീനേജ് ആരാധനയോ ആവട്ടെ, പ്രേക്ഷകർക്കായി ബേലാ താർ സിനിമയുടെ ശീതക്കാറ്റിൽ പെട്ടുകഴിഞ്ഞാൽ ആ സിനിമാക്കാഴ്ച മാത്രമേ കാഴ്ചക്കാരിൽ അവശേഷിക്കുകയുള്ളൂ. ബേലാ താർ ഐ.എഫ്​.എഫ്​.കെയിൽ ലൈഫ് ടൈം അച്ചീവ്‌മെൻറ്​ അവാർഡിനാൽ ആദരിക്കപ്പെടുമ്പോൾ, അത് നേരിട്ട് സ്വീകരിക്കാൻ അദ്ദേഹം കേരളത്തിലെത്തുന്നത് അവിസ്മരണീയ അനുഭവമാണ്.

രാഷ്ട്രീയവും മതവുമെല്ലാമുൾപ്പെടുന്ന കോക്​ടെയിൽ മനുഷ്യാസ്തിത്വമാണ് ബേലാ താറിന്റെ വിഷയം. പക്ഷെ ആ സിനിമകൾ ആന്തരികമായി ആത്മീയതയെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയുമുള്ള ശക്തമായ നിരീക്ഷണങ്ങളും പ്രസ്താവനകളുമാണ്.

1970 കളിലാണ് ബേലാ താർ കലാപ്രവർത്തനം തുടങ്ങുന്നത്. 1977ൽ 22-ാംവയസ്സിൽ ആദ്യ ഫീച്ചർ സിനിമ Family Nest ഇറങ്ങുന്നു. മാനുഷികാവസ്ഥയെപ്പറ്റിയുള്ള പെസ്സിമിസ്​റ്റിക്​ കാഴ്ചപ്പാടായാണ് ബേലാ താർ സിനിമകൾ പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇത് അന്നത്തെ ഹംഗേറിയൻ ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്ര പ്രത്യാശാഭരിത കാഴ്ചപ്പാടിനോട് യോജിക്കുന്ന സമീപനമായിരുന്നില്ല. നേരിട്ടുള്ള രാഷ്ട്രീയചിന്തകളും വിമർശനങ്ങളും ബേലാ താർ സിനിമകളിലില്ല. രാഷ്ട്രീയവും മതവുമെല്ലാമുൾപ്പെടുന്ന കോക്​ടെയിൽ മനുഷ്യാസ്തിത്വമാണ് ബേലാ താറിന്റെ വിഷയം. പക്ഷെ ആ സിനിമകൾ ആന്തരികമായി ആത്മീയതയെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയുമുള്ള ശക്തമായ നിരീക്ഷണങ്ങളും പ്രസ്താവനകളുമാണ്.

Damnation എന്ന സിനിമയിൽ നിന്ന്
Damnation എന്ന സിനിമയിൽ നിന്ന്

തനിക്കിഷ്ടപ്പെട്ട സിനിമകളെടുക്കാനുള്ള ഹംഗറിയിലെ പ്രതികൂല സാഹചര്യങ്ങളാൽ 1987 ലെ Damnation എന്ന സിനിമക്കുശേഷം തട്ടകം പടിഞ്ഞാറൻ ബർലിനിലേക്ക് മാറ്റി. പിന്നീട് തിരിച്ച് ജന്മനാടായ ഹംഗറിയിലെത്തുന്നത് സോവിയറ്റ് യൂണിയന്റെയും കിഴക്കൻ യൂറോപ്പിന്റെയും പതനത്തിനുശേഷമാണ്. ഈ കാലഘട്ടത്തിലാണ് ബേലാ താറിന്റെ ‘മാഗ്​നം ഓപസ്​’ ആയ സാറ്റാൻടാംഗോ റിലീസാവുന്നത്. 7. 12 മണിക്കൂർ ദൈർഘ്യമുള്ള ‘സാറ്റാൻ ടാംഗോ’ (Satantango) എന്ന ചെകുത്താൻ നൃത്തത്തിലൂടെയാണ് ബേലാ താർ എന്ന വിശ്വോത്തര കലാകാരനെ പലരും അടയാളപ്പെടുത്തുന്നത്. ആ സിനിമ ആ കാലഘട്ടത്തെയാണ് പകർത്തുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയും കാപിറ്റലിസ്റ്റ് വ്യവസ്ഥ കൂടുതൽ ചൂഷണോന്മുഖവുമായി നിൽക്കുമ്പോൾ ദിശാബോധം നഷ്ടപ്പെട്ടുള്ള മനുഷ്യസമൂഹത്തിന്റെ പകച്ചുനിൽപ്പുമാണ് സാറ്റാൻടാംഗോ.

സാറ്റാൻടാംഗോ എന്ന സിനിമയിൽ നിന്ന്
സാറ്റാൻടാംഗോ എന്ന സിനിമയിൽ നിന്ന്

ഹംഗറിയിലെ ചെറിയ ഗ്രാമത്തിലെ കലക്​ടീവ്​ ഫാം പൂട്ടുന്നു. ഗ്രാമീണരുടെ ഏക വരുമാന മാർഗം അടയുന്നു. കിട്ടിയ നഷ്ടപരിഹാരത്തുകയുമായി അവർ അലയുകയാണ്. ഭാവിജീവിതത്തെപ്പറ്റി വലിയ പ്രതീക്ഷ അവർക്ക് നിലനിർത്താനാവുന്നില്ല. സാറ്റാൻടാംഗോയെ സൂസൻ സൊന്റാഗ് പ്രശംസിച്ചത് എല്ലാ വർഷവും ഓരോ പ്രാവശ്യം ആവർത്തിച്ചു കാണുന്ന സിനിമ എന്നാണ്. സാറ്റാൻടാംഗോയിലെ പ്രശസ്തമായ ആദ്യ രംഗം കളക്ടീവ് ഫാം പൂട്ടിയപ്പോൾ തുറസ്സിലേക്ക് തുറന്നു വിടപ്പെട്ട കാലിക്കൂട്ടത്തിന്റെ ദീർഘമായ ഷോട്ടാണ്. കാലിക്കൂട്ടത്തിന് സ്വാതന്ത്ര്യം കിട്ടിയെങ്കിലും എങ്ങോട്ട് തിരിയണമെന്നറിയില്ല. സൗന്ദര്യാത്മകമായി ഈ ഷോട്ടിന് സിനിമയുടെ കഥാഗതിയുടെ ഭാഗമാകാതെ അസ്തിത്വമുണ്ട്. സിനിമയുടെ ഭാഗമാവുമ്പോൾ കളക്ടീവ് ഫാമിന്റെ അടച്ചിടലിൽ പെരുവഴിയിലായ ഗ്രാമീണരുടെ അനിശ്ചിതഭാവിയുടെ മുഖഭാവമുണ്ട്. പുറംലോക കാലാവസ്ഥയുമായി സിനിമയെ ബന്ധിക്കുമ്പോൾ സോവിയറ്റ് തകർച്ചയെന്ന രാഷ്ട്രീയദുരന്തവും അതിൽ അനാഥമായിപ്പോയ സമൂഹത്തെയുമാണ് ആ ഷോട്ട് പ്രതിഫലിപ്പിക്കുന്നത് എന്നും ചിന്തിക്കാം.

സാറ്റാൻടാംഗോ എന്ന സിനിമയിൽ നിന്ന് / Photo: MUBI
സാറ്റാൻടാംഗോ എന്ന സിനിമയിൽ നിന്ന് / Photo: MUBI

ബേലാ താറിന്റെ ഫിലിമോഗ്രാഫിയിലെ അത്ര പ്രശസ്തമല്ലാത്ത ഒരു സിനിമയാണ് Cine marxism. ബേലാ താറിന്റെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനകാലത്തെ തിസീസ് ആയ അര മണിക്കൂർ സിനിമ പിന്നീട് കണ്ടെടുക്കുകയായിരുന്നു. പേരിലെ കൗതുകം സിനിമയിൽ അനുഭവപ്പെടുന്നില്ലെങ്കിലും പഠനകാല സിനിമ എന്ന നിലയിൽ അക്കാദമിക്കായി താത്പര്യമുണ്ടാക്കുന്നതാണ്. (https://vimeo.com/587898770) സിനിമ തുടങ്ങുന്നത് സ്ത്രീപുരുഷ ബന്ധത്തെപ്പറ്റിയുള്ള കാൾ മാർക്‌സിന്റെ ഒരു മഹദ് വചനത്തോടെയാണ്. മൂന്ന് കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ഭാര്യ ബാത് ടബിലും ഭർത്താവ് ഷവറിലുമായി കുളിച്ചുകൊണ്ടിരിക്കെ തങ്ങളുടെ ദാമ്പത്യ ജീവിതത്തെയും വ്യക്തിജീവിതത്തെയും കുറിച്ച് ഇടവിടാതെ സംസാരിക്കുന്നു. അവരുടെ സംസാരങ്ങളിൽ മുഴുവൻ ബന്ധങ്ങളിലെ സങ്കീർണതകളും ദൈനംദിന ജീവിത പ്രതിസന്ധികളും സന്തോഷങ്ങളുമാണ് വിഷയമാവുന്നത്. അവർ തമ്മിൽ ഒരുമിച്ചുള്ള സീനുകളില്ല. പരസ്പരമോ മോണോലോഗോ എന്ന് വ്യക്തമാക്കാത്ത രീതിയിലാണ് സംസാരം പുരോഗമിക്കുന്നത്. അതിനിടയിൽ ഷൂട്ടിങ്ങിനിടയിൽ ബാത് റൂം വൃത്തികേടാക്കിയതിൽ പരാതി പറഞ്ഞ്​ വേലക്കാരിയും വരുന്നു. സിനിമയിലെ കഥയുടെ ഒഴുക്ക് തടസ്സപ്പെടുത്തി വേലക്കാരി അവളുടെ ജീവിതകഥ പറയുന്നു. അവരുടെ സിനിമാ ഷൂട്ടിങ്ങും മുടങ്ങുന്നു. ഇടയിൽ സിനിമയേക്കാൾ പ്രയോജനം ടോയ്‌ലറ്റ് പേപ്പറാണെന്ന ഗോദാർദിയൻ വാചകവും എഴുതിക്കാണിക്കുന്നുണ്ട്. ഹംഗറിയിലെ എഴുപതുകളിലെ ജീവിത പ്രാരാബ്ധങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, ദാമ്പത്യ സംഘർഷങ്ങൾ ഇതെല്ലാമാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.

ബേലാ താർ
ബേലാ താർ

നീണ്ട ട്രാക്കിങ്ങ് ഷോട്ടുകളെ ഉപകരണമാക്കിയാണ് ബേലാ താർ നമ്മുടെ കാഴ്ചയെ അട്ടിമറിക്കുന്നത്. സിനിമകളിൽ നിറഞ്ഞുനിൽക്കുക പ്രതികൂല പ്രകൃതിയും കാലാവസ്ഥയുമാണ്. ഓരോ കഥാപാത്രവും ആദിയും അന്തവുമില്ലാത്ത ലോകത്ത് വിരക്തിയും ആസക്തിയും മറ്റുള്ളവരോട് പങ്കിട്ട് മുന്നോട്ട് നീങ്ങുകയാണ്. Slow burning pace ആണ് സിനിമയ്ക്കുമുള്ളത്. ഈയൊരു അന്തരീക്ഷത്തിൽ ഉറവ പൊട്ടുന്ന ഒരു കാവ്യാത്മക സൗന്ദര്യം ജീവിതത്തിനുണ്ട്. ആ സൗന്ദര്യവും സത്തയുമാണ് ബേലാ താർ സിനിമകളിൽ പ്രതിഫലിക്കുന്നത്. 1989- നുശേഷം ബ്ലാക് ആൻഡ് വൈറ്റ് സിനിമകൾ മാത്രമേ നിർമിച്ചുള്ളൂ. പ്രതീക്ഷയെയും വിരസതയെയും വെളുപ്പിലും കറുപ്പിലും പകർത്തുമ്പോൾ ഇരുളും വെളിച്ചവും ഇടകലർന്ന് പ്ലോട്ടിനോട് പൊരുത്തപ്പെടുന്ന പശ്ചാത്തലമൊരുക്കുന്നു. എല്ലാറ്റിനും പൂരകമായി മിഹാലി വിഗിന്റെ (Mihály Vig) പാശ്ചാത്തല സംഗീതവും. (മിഹാലി വിഗ്​ സാറ്റാൻ ടാംഗോയിൽ ഇറാനി മോസ് എന്ന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.) ബേലാ താറിനെ അറിയാനുള്ള മികച്ച രണ്ട് ചിത്രങ്ങൾ സാറ്റാൻടാംഗോയും ദ ടൂറിൻ ഹോഴ്​സും ആണ്​.

ദ ടൂറിൻ ഹോഴ്​സ് എന്ന സിനിമയിൽ നിന്ന് / Photo: MUBI
ദ ടൂറിൻ ഹോഴ്​സ് എന്ന സിനിമയിൽ നിന്ന് / Photo: MUBI

ഐ.എഫ്​.എഫ്​.കെയിൽ പ്രദർശിപ്പിക്കുന്ന ദ ടൂറിൻ ഹോഴ്​സ്​ (2011) ആണ് ബേലാ താറിന്റെ അവസാനത്തെ ഫീച്ചർ സിനിമ. അദ്ദേഹം അതിനുശേഷം സിനിമകൾ സംവിധാനം ചെയ്യേണ്ട എന്ന് തീരുമാനിച്ചു. ഇനിയും സിനിമകളെടുക്കുകയാണെങ്കിൽ അവ മുൻ സിനിമകളുടെ ആവർത്തനമാകും. സിനിമാ നിർമാണം ഒരു ബൂർഷ്വാ ജോലിയാണ്. പണ്ടെടുത്ത സിനിമകളുടെ കോപ്പികളായി ഇനിയും പത്തോ പതിനഞ്ചോ സിനിമകളെടുക്കാം, പക്ഷേ എനിക്ക് ഇനി സിനിമ ചെയ്യാൻ കാരണമില്ല എന്ന പ്രസ്താവനയിൽ ബേലാ താർ ഇതുവരെ ഉറച്ച് തന്നെ നിൽക്കുന്നു.

ഐ.എഫ്​.എഫ്​.കെയിലെ ടൂറിൻ ഹൗസ്​ പ്രദർശനം കഴിഞ്ഞുള്ള കാഴ്ചക്കാരുടെ പ്രതികരണങ്ങൾക്ക് നമുക്ക് കാത്തിരിക്കാം. അതിൽ ആദ്യമായി കാണുന്നവരും ആവർത്തിച്ച് കാണുന്നവരുമുണ്ടാകും. വരുംവർഷങ്ങളിലൊന്നിൽ സാറ്റാൻടാംഗോ ഏഴ് മണിക്കൂർ തിയ്യേറ്ററിലിരുന്ന് കാണാൻ ഫെസ്റ്റിവൽ പ്രേമികൾക്ക് അവസരമുണ്ടാകട്ടെ. ▮


കെ. സജീഷ്​

എഴുത്തുകാരൻ, പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു

Comments