നായാട്ട്, കള, ജോജി, ആർക്കറിയാം: നായയുടെ ആത്മാവും നായകന്റെ ശരീരവും

മലയാളി രണ്ടാം ലോക്ക്ഡൗൺ കാലത്തു വീട്ടിലിരുന്ന് കണ്ട നായാട്ട്, കള, ജോജി, ആർക്കറിയാം തുടങ്ങിയ ചലച്ചിത്രങ്ങൾ പരമ്പരാഗത കുടുംബ സംവിധാനങ്ങളോടും പിതൃരൂപങ്ങളോടും ദലിതരോടും പുലർത്തുന്ന സമീപനം എങ്ങനെയുള്ളതാണ്?

ലയാളി രണ്ടാം ലോക്ക്ഡൗൺ കാലത്തു വീട്ടിലിരുന്ന് കണ്ട നായാട്ട്, കള, ജോജി, ആർക്കറിയാം തുടങ്ങിയ ചലച്ചിത്രങ്ങൾ പരമ്പരാഗത കുടുംബ സംവിധാനങ്ങളോടും പിതൃരൂപങ്ങളോടും ദലിതരോടും പുലർത്തുന്ന സമീപനം എങ്ങനെയുള്ളതാണ്? ഡോ.രാകേഷ് ചെറുകോടിന്റെ വേറിട്ട പഠനം ട്രൂ കോപ്പി വെബ്‌സീനിൽ.

നായാട്ട് എന്ന ചലച്ചിത്രത്തിൽ ആര് ആരെ നായാടുന്നു/വേട്ടയാടുന്നു എന്നതാണ് പ്രശ്നം. പ്രവീൺ, മണിയൻ, സുനിത എന്നീ മൂന്ന് പൊലീസുകാരെ പൊലീസ് ഭരണം തന്നെ വേട്ടയാടുന്ന നിലയിലാണ് കഥയുടെ പോക്ക്. ഇതിൽ തന്നെ മണിയൻ സ്വയം ഒരു ദലിതനാണെന്ന് പറയുന്നുണ്ട്. അവസാനം അയാൾ രക്ഷ തേടിയുള്ള പാച്ചിലിനൊടുവിൽ ആത്മഹത്യ ചെയ്യുന്നു. ഈ ആത്മത്യയുടെ നേരിട്ടുള്ള കാരണം പൊലീസ് വേട്ട തന്നെയാണ്. എന്നാൽ അത് നടത്തുന്ന പൊലീസ് സ്വന്തം ഇഷ്ടത്തോടെയാണോ ഇതെല്ലാം നടത്തുന്നത്?

ഇവരെയെല്ലാം ചെസിലെ കരുക്കളെ പോലെ നിയന്ത്രിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിലേക്ക് നമ്മുടെ കാഴ്ചകൾ ചെന്നുചേരുന്നു. ഈ കാഴ്ചകൾ അവിടെ നിൽക്കുന്നില്ല. വോട്ടിനുവേണ്ടി പൊലീസിനെ നിയന്ത്രിച്ച് ഇരകളെ വേട്ടയാടാൻ ശ്രമിക്കുന്ന ഈ രാഷ്ട്രീയത്തിനുപിന്നിൽ മറ്റൊരു മൂവ്മെന്റ് ഉണ്ടെന്നാണ് ചലച്ചിത്രം കാണിക്കുന്നത്. ‘‘കുനിഞ്ഞുനിന്ന കാലമൊക്കെ പോയി സാറേ'' എന്ന് പറയുന്ന ദലിത് രാഷ്ട്രീയ സൂചനകൾക്ക് കഞ്ചാവിന്റെ പരിവേഷമാണ് ചലച്ചിത്രം നൽകുന്നത്. അവരുടെ നേതാവ് തന്നെ ‘‘നീ കണ്ട കള്ളും കഞ്ചാവും അടിച്ച് നടന്നാൽ കൂട്ട് നിൽക്കാൻ സംഘടനയെ കിട്ടില്ല'' എന്ന് അവനോട് പറയുന്നുണ്ട്. ദലിത് സമൂഹത്തിൽപ്പെട്ടവർ തന്നെ ഇയാളെക്കുറിച്ച് ‘ഭ്രാന്തനാണവൻ' എന്നാണ് പറയുന്നത്. ശരിക്കും ‘‘കുനിഞ്ഞുനിന്ന കാലമൊക്കെ പോയി സാറേ'' എന്ന താക്കോൽവാക്യത്തെയാണ് ഭ്രാന്തനാക്കി ഇവിടെ അവതരിപ്പിക്കുന്നത്.

അപ്പോൾ എല്ലാത്തിനും കാരണം ഇയാളും കൂട്ടുകാരുമായി മാറുന്നു. ഇതൊരു അസാധാരണ സമവാക്യത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ദലിത് യുവാക്കളുടെ സാമൂഹിക ഇടപെടൽ/ദലിത് രാഷ്ട്രീയ ഇടപെടൽ - വോട്ട് രാഷ്ട്രീയം - വോട്ടിനു വേണ്ടി നിലവിലെ ഭരണകൂടം - ഈ നവമുന്നേറ്റങ്ങളോട് നടത്തുന്ന ഒത്തുതീർപ്പ് - ഇതിന്റെ ഫലമായി നിരപരാധികളായ പോലീസുകാരെ അറസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഭരണകൂടം - ഇതിനുവേണ്ടി അന്വേഷണത്തെ വഴിതിരിച്ച് നിർബന്ധിതരാകുന്ന പൊലീസ് നേതൃത്വം - അത് അനുസരിക്കേണ്ടി വരുന്ന അന്വേഷണോദ്യോഗസ്ഥർ - നിസ്സഹായനായ പൊലീസുകാരന്റെ ആത്മഹത്യ. ഈ സമവാക്യമനുസരിച്ച് ദലിത് രാഷ്ട്രീയമാണ് ആത്മഹത്യക്ക് കാരണം. ദലിത് രാഷ്ട്രീയം സാമൂഹിക വിഷയങ്ങളിലിടപെടുമ്പോൾ മുഖ്യാധാരാ കേന്ദ്രങ്ങൾക്കുണ്ടാകുന്ന ഭീതിയാണ് ഈ സമവാക്യ നിർമിതിക്ക് ആധാരം. ഇലക്ഷൻ ദിവസം പോലും മദോന്മത്തരായി രാഷ്ട്രീയത്തിലിടപെടാൻ ശ്രമിക്കുന്ന ജാതികേന്ദ്രങ്ങൾ നിലനിൽക്കുന്ന അവസ്ഥയെ മറച്ചുപിടിച്ചുകൊണ്ടാണ് ഇത്തരമൊരു ഭീതിയെ ചലച്ചിത്രം ഉത്പാദിപ്പിക്കുന്നത്.

ദലിത് സമരങ്ങളുടെ ഫലമായി അന്വേഷണം പ്രതികളിലേക്കെത്തുമ്പോൾ അതിനെ കലോത്സവമോഹം പൊലിഞ്ഞതായി അവതരിപ്പിക്കുന്ന വാർത്ത ചലച്ചിത്രത്തിന്റെ അബോധം തന്നെയാണ്. ദലിത്‌സമരങ്ങൾ പ്രതിസന്ധികൾക്കെതിരെയുള്ള സംഘർഷാനുഭവമാകുന്ന ഘട്ടത്തിൽ അത് കലോത്സവമോഹം പൊലിഞ്ഞ വാർത്തുമായി ചേർത്തുകെട്ടുമ്പോൾ അതൊരു സത്യാനന്തരകാല ദൃശ്യമായി മാറുന്നു.

കുന്നിൻമുകളിൽ ചെന്ന് അവിടെ നിന്ന നായയെയും അതിജീവിച്ച് അന്വേഷണോദ്യോഗസ്ഥർ ഇരകളാക്കി മാറ്റപ്പെട്ട പ്രതികളുമായി തിരിച്ചിറങ്ങുന്നതാണ് നായാട്ടിലെ അന്ത്യം. എന്നാൽ കളയിലാകട്ടെ വലിയൊരു പോരാട്ടത്തിനൊടുവിൽ ബ്ലാക്കി എന്ന നായയുമായി കീഴ്​ക്കാംതൂക്കായ മലമുകളിലെ പ്രകാശത്തിലേക്ക് നടന്നടുക്കുന്ന ദലിത് യുവാവിലാണ് അവസാനിക്കുന്നത്. ആ നിലയിൽ നായാട്ട് മലയിറക്കവും കള മലകയറ്റവുമാണ്.

പഴയൊരു കോടതിയിൽ ആത്മഹത്യ ചെയ്ത മണിയന്റെ ശവശരീരവുമായി പൊലീസ് മലയിറങ്ങുന്ന ദൃശ്യത്തിനെതിരെയാണ് കളയിലെ ദൃശ്യപരമ്പരകൾ പോരാടുന്നത്. പ്രകൃതിയുടെ രൂപമാക്കി വരയ്ക്കപ്പെട്ട ഒരു ദലിത് യുവാവ് ഫ്യൂഡൽ കൊളോണിയൽ കൊഴുപ്പ് പേറുന്ന സാമ്പ്രദായിക പുരുഷ രൂപങ്ങൾക്കെതിരെ നടത്തുന്ന രൂക്ഷസംഘർഷമാണ് ഈ ചലച്ചിത്രം. മലയാള ചലച്ചിത്രചരിത്രം ഇന്നുവരെ കണ്ടിട്ടില്ലാത്ത തലത്തിലേക്ക് ഈ കലഹം ഉയരാനുള്ള ഒരു കാരണം താരപദവിയുടെ തലകീഴായ നിർത്തലാണ്.

കള എന്ന സിനിമയിൽ ഷാജിയുടെ കാൽപ്പാദമേറ്റ് കിടന്നിരുന്ന വിധേയരൂപത്തിലുള്ള അധികാരരൂപമാണ് ബ്ലാക്കി എന്ന അയാളുടെ നായ. അധികാരരൂപങ്ങളെ തന്റെ പറമ്പിൽ തന്നെ നിർത്താനുള്ള കൊതിയാണ് ഷാജിയെ അതാക്കിമാറ്റുന്നത്. തന്റെ നായയെ യുവാവ് കൊല്ലുമെന്ന് കരുതുന്ന അയാൾക്ക് തെറ്റുന്നു. കൊന്നാൽ അവസാനിക്കാത്ത ഒന്നാണ് അധികാരമെന്നും അതിനെ അഴിച്ചെടുത്ത് പുറംലോകം കാണിക്കേണ്ടതാണെന്നും ഈ യുവാവിന് അറിയാം. അതുകൊണ്ടുതന്നെയാണ് ജന്മികുടുംബത്തിൽ നിന്ന് വിമുക്തനായ ഈ നായയുമായി ഈ യുവാവ് വെളിച്ചത്തിലേക്ക് മലയകയറുന്നത്.

കാനെ കോർസോ എന്ന വിലകൂടിയ ഇറ്റാലിയൻ നായയുടെ സാന്നിധ്യം കളയെ കൂടുകൽ അർത്ഥപൂർണമാക്കുന്നു. കരിമ്പുലിയുടെ ആകാരവടിവും കാട്ടുമൃഗങ്ങളെപ്പോലെ പതിഞ്ഞ് നടക്കുന്നവനുമായ ഈ നായ റോമൻ സാമ്രാജ്യകാലത്ത് യുദ്ധവീരനായും പിന്നീട് കർഷകസംരക്ഷകനായി കാട്ടുപന്നികളെ വേട്ടയാടിയും കഴിഞ്ഞുവന്നു. ഒരു സാമ്രാജ്യത്വത്തിന്റെ കാവൽക്കാരനാണ് 'കള'യിലെ നായ. ഈ സാമ്രാജ്യത്തിലേക്ക് അതിക്രമിച്ച കയറാൻ ശ്രമിച്ച ദലിത് യുവാവിനെ കാണുമ്പോൾ ഭാര്യ ; ‘‘ഷാജി, ബ്ലാക്കീനെ തുറന്ന് വിട്... അവൻ നോക്കിക്കോളും'' എന്നാണ്പറയുന്നത്. എന്നാൽ രക്തത്തിൽ കുളിച്ച് നിൽക്കുമ്പോഴും ചിരിക്കുന്ന ‘കൊന്നിട്ടും ചാകാത്ത' ദലിത് യുവാവ് വാതിൽ തകർത്ത് വീട്ടിലേക്ക് കയറുമ്പോൾ ഷാജിക്ക് അടിയേറ്റ് വാങ്ങാനല്ലാതെ മറ്റൊന്നിനും പറ്റിയിരുന്നില്ല.

നിർണായക സന്ദർഭത്തിൽ താൻ അനുസരണയുള്ള അടിമയല്ല എന്ന് പ്രഖ്യാപിച്ച് ഈ നായ യുവാവിനോടൊപ്പം പോകുകയാണ്. ആധുനീകരിക്കപ്പെട്ടുവെന്ന് കരുതുന്ന സമൂഹഘടനയിലും ഒരു വംശീയ ഭൂപ്രദേശം നെടുനായകത്വത്തോടെ വാഴുന്നുവെന്നും അതിന്റെ അധികാരമതിലുകൾ വിധേയത്വം കൊണ്ട് കെട്ടിയുയർത്തിയിരിക്കുന്നുവെന്നും ഈ ചലച്ചിത്രം ഭാവന ചെയ്യുന്നു. നായയെ കൊന്നാൽ ഈ പ്രതിസന്ധി അവസാനിക്കുന്നില്ല. വിധേയത്വത്തെ കൊല്ലാനും സാധിക്കില്ല. അതിനെ അഴിച്ച് പ്രകാശത്തിലേക്ക് തുറന്ന് വിടുകയാണ് ചെയ്യേണ്ടത്.

ആർക്കറിയാം ഒരു വ്യക്തിയുടെ കൊലപാതകത്തെ മറച്ച് പിടിക്കാൻ ശ്രമിക്കുന്നുവെന്നേ പേരിൽ ഏറെ വിമർശനങ്ങൾ കേട്ട ചലച്ചിത്രമാണ്. ഒരു തറവാടും അത് മാത്രമായി കൈമാറ്റം ചെയ്യാനാകില്ല. ഓരോ തറവാടിനുള്ളിലും കണ്ണീരിന്റെ ഓർമകളും ഭീതിയുടെ കഥകളും വേദനകലർന്ന നിലവിളികളും ഉന്മാദത്തിന്റെ ആഘോഷങ്ങളും കുഴിച്ചെടുക്കാൻ സാധിക്കും. ഈ കുഴിച്ചെടുത്ത ഓർമകളിൽ പലരുടെയും രഹസ്യജീവിതങ്ങൾ മറഞ്ഞിരിക്കുന്നുണ്ടാകും. ഇത്തരമൊരു രഹസ്യജീവിതത്തിലേക്ക് വഴിതുറക്കുന്നുവെന്നതാണ് ആർക്കറിയാം എന്ന ചലച്ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. തറവാടുകളിൽ മറഞ്ഞിരിക്കുന്ന രഹസ്യമായ വേദനകളുടെയും ഭ്രാന്തമായ കാമനകളുടെയും ഉള്ള് പുറത്ത് വരുന്ന നിർണായകമായ താക്കോൽ ദൃശ്യങ്ങൾ നായയിലൂടെയാണ് വരച്ചിരിക്കുന്നത്.

പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമോ?, അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതില്ല, നല്ലത് നായ്ക്കറിയില്ല, നടുകടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ എന്നിങ്ങനെയുള്ള നായനിഷേധങ്ങളെല്ലാം ഒരു മനുഷ്യൻ നായയോട് പറയുന്നതല്ല. ഇതെല്ലാം അധികാരിയായ മനുഷ്യൻ അതില്ലാത്തവരോട് പറയുന്ന വാക്കുകളാണ്. നായ ഇവിടെയൊരു വിധേയത്വരൂപകമാണ്. പുലിമുരുകന്റെ മുന്നിൽ മുട്ടുകുത്തുന്ന നായകൾ അതിൽ വില്ലനാക്കി വരയ്ക്കപ്പെട്ട കഥാപാത്രത്തിന്റെ പ്രതീകം തന്നെയാണ്. പുലിമുരുകനെ പോലൊരു നായകനില്ലാത്ത സമകാലീന സിനിമയിൽ നായകൾക്ക് വിധേയത്വത്തിന്റെ ആത്മാംശം പേറാനുള്ള പ്രേരണയില്ല. അവർ സ്വന്തം വഴിക്ക് നടക്കുകയും തറവാടിത്തത്തിന്റെ മതിലുകൾ ചാടിക്കടക്കുകയും പ്രമാണിയോട് വിട പറയുകയും കാട് കയറുകയും ചെയ്യുന്നു.

ഡോ.രാകേഷ് ചെറുകോട് എഴുതിയ
നായയുടെ ആത്മാവും നായകന്റെ ശരീരവും:
നവമലയാള സിനിമയിലെ പിതൃരൂപങ്ങളും ദലിത് ശരീരങ്ങളും എന്ന ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 38ഡോ. രാകേഷ്​ ചെറുകോട്​

മൈസൂരിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിൽ അസിസ്റ്റൻറ്​ പ്രൊഫസർ. വാക്കുകൾ വരയ്ക്കുന്ന ദേശഭൂപടങ്ങൾ (നോവലും അധിനിവേശവും), കാലത്തെ മുറിയ്ക്കുന്ന കണ്ണുകൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കാര പഠനം, സിനിമ നിരൂപണം, സാഹിത്യ വിമർശനം, ചലച്ചിത്ര നിരൂപണം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments