ബിഗ്ബജറ്റ് സിനിമകളുടെ മലയാളത്തിലെ വക്താവാണ് പ്രിയദർശൻ. കാലാപാനിയും കുഞ്ഞാലി മരയ്ക്കാരും അവയിൽ ഏറെ പ്രിയപ്പെട്ടതാണ്. രണ്ടു പതിറ്റാണ്ടുമുമ്പ് പുറത്തുവരികയും കേരളത്തിൽ ബോക്സാഫീസ് തകർത്തോടുകയും ചെയ്ത ഒരു സിനിമയാണ് കാലാപാനി. മലബാർ കലാപ /സമര കാലത്തിന് സമീപസ്ഥമായി നിലകൊള്ളുന്ന ചരിത്രത്തിന്റെ നെരിപ്പോടാണെങ്കിലും ഇന്നത്തെപ്പോലെ സിനിമയിറങ്ങിയ കാലത്ത് ഈ വിഷയം ഇത്രമേൽ ചർച്ചചെയ്യപ്പെട്ട ഒന്നല്ല. മലബാർ കലാപത്തിന്റെ /സമരത്തിന്റെയും ശതാബ്ദിവർഷത്തിൽ, നവചരിത്ര വായനയുടെ പശ്ചാത്തലത്തിൽ കാലാപാനി കാണുന്ന ഒരാൾക്ക് ആ സമരചരിത്രത്തെക്കുറിച്ച് സിനിമയോട് പലതും കൂട്ടിച്ചേർക്കേണ്ടതായി വരും.
ഐ.വി ശശിയുടെ 1921 ആണ് മലബാർ കലാപവുമായി ബന്ധപ്പെട്ട മലയാളത്തിലെ മറ്റൊരു സിനിമ. കാലാപാനിക്ക് മുമ്പാണ് ആ സിനിമ വരുന്നത്. ഈ രണ്ടു സിനിമയുടെയും തിരക്കഥകൃത്ത് ടി. ദാമോദരൻ ആണ്. (കാലാപാനിയുടെ തിരക്കഥരചനയിൽ പ്രിയദർശനുമുണ്ട്.) അദ്ദേഹത്തിന്റെ പല തിരക്കഥകളും ചരിത്രവിഷയവുമായി ബന്ധപ്പെട്ടതാണ്. തിരക്കഥ രചനയിൽ എന്നും ചരിത്രത്തെ ജനപ്രിയ വ്യവഹാരങ്ങളുമായി കൂട്ടിക്കുഴക്കുന്ന ഒരവിയൽ രീതിയാണ്, ദാമോദരന്റെ കഥ/തിരക്കഥയുടെ പൊതുസ്വഭാവം. ഒരുപക്ഷേ, സിനിമ എന്ന കലാരൂപത്തിന്റെ തന്നെ അവിഭാജ്യഘടകമായി അംഗീകരിക്കപ്പെട്ട ഒന്നാണത്. മൂലധനകല എന്ന നിലയ്ക്ക്, ഒരുപക്ഷേ ചരിത്രത്തെയും മനുഷ്യാവസ്ഥയെയും ഏറ്റവുമധികം മസാലവൽക്കരിക്കാനും എന്നാൽ നേർചിത്രം കാണിച്ച് കൊതിപ്പിക്കാനുമുള്ള ഇരുതലമൂർച്ചയുറ്റ സാധ്യത സിനിമയുടെ പ്രത്യേകതയാണ്. മലയാളത്തിൽ അദ്ദേഹത്തിന്റെ തിരക്കഥ വേറിട്ടൊരു ജനുസ്സ് തന്നെയാണ്. നേരത്തെ പറഞ്ഞ രണ്ടു സിനിമകളുടെ തിരക്കഥയും ചരിത്രത്തെ മസാലവൽക്കരിക്കുന്നതിൽ ഏകീകൃതസ്വഭാവം വഹിക്കുന്നു.
1921-ലെ കലാപത്തിനു മുമ്പുള്ള 1915,16 കാലഘട്ടത്തിലാണ് ആന്തമാൻ നാടുകടത്തലിന്റെയും സെല്ലുലാർ ജയിലിൽ യാതനകളുടെയും ആദ്യഘട്ടം.
1857-ലെ ശിപായി ലഹളക്കുശേഷമുണ്ടായ കോളനിവിരുദ്ധ സമരങ്ങളുടെ തുടർച്ചയായാണ്, ഈ കലാപങ്ങളെയും നാടുകടത്തലുകളെയും തുടർന്നുള്ള ആന്തമാൻ സമരങ്ങളെയും അഖ്യാനങ്ങളെയും കാണേണ്ടത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ബ്രിട്ടീഷ് വിരുദ്ധ വികാരം വ്യാപിക്കുന്ന കാഴ്ചയാണ്, തുടർന്നു നാം കാണുന്നത്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ഇന്ത്യയിലുടനീളമുള്ള സ്ഥലങ്ങളിൽനിന്നും മനുഷ്യരെ ആന്തമാനിലേയ്ക്ക് നാടുകടത്തുന്നുണ്ട്. അതിൽ ഏറ്റവും ക്രൂരമായ മർദ്ദനമുറകളും യാതനകളും സഹിക്കാൻ കഴിയാതെ ഒന്നര ലക്ഷത്തോളം മനുഷ്യർ നരകതുല്യം അനുഭവിക്കുകയോ ഒടുങ്ങുകയോ ചെയ്ത വലിയൊരു "കോളനി സ്‌കീം ക്യാൻവാസ്' ആണ് ആന്തമാൻ നാടുകടത്തലിന്റെ സമരഭൂമിക.
1921 - ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് നാടുകടത്തിയ ആയിരക്കണക്കിന് പോരാളികളുടെയും വെറുതെ കുറ്റംചുമത്തി നാടുകടത്തുകയുംചെയ്ത നിഷ്‌കളങ്കരായ മനുഷ്യരുടെയും ഒരാന്തമാൻ ചരിത്രം കേരളത്തിന് /വീശിഷ്യ മലബാറിനുണ്ടെങ്കിൽ, ഈ സിനിമ അത് വേണ്ടത്ര പ്രതിഫലിപ്പിക്കുന്നതായി കാണുന്നില്ല. 21-നുമുമ്പ് കേരളത്തിൽ നിന്നും നാടുകടത്തിയവരുടെ വിശദാംശങ്ങൾ കുറേക്കൂടി അറിയേണ്ടതുണ്ട്.
ഇന്ത്യയുടെ നനാദേശങ്ങളിൽനിന്നുള്ള, നിരവധി ഭാഷകൾ സംസാരിക്കുന്ന തടവുകാരുടെ ഒരു മെഗാചിത്രം ( സെല്ലുലാർ ജയിലിൽ ) സിനിമ കാഴ്ച വെക്കുന്നുണ്ട്. അതിൽത്തന്നെ, സവർക്കറുടെ ജയിൽവാസത്തെ ഏറെ പതപ്പിച്ചുകൊണ്ടുള്ള ദൃശ്യാഖ്യാനത്തിൽ സിനിമ നന്നായി ശ്രദ്ധിക്കുന്നുമുണ്ട്.
ബംഗാളിൽനിന്നും, തമിഴ്ൽനിന്നും ഹിന്ദി ബെൽറ്റിൽനിന്നും ഉള്ള തടവുകാരുടെ നിസ്സഹായകഥ പല ഫോക്കസുകളികളിലായി സിനിമയിലുണ്ട്.
എന്നാൽ, മലബാറിൽനിന്നുള്ള വിരളമായ മനുഷ്യരേ അവിടെ കാണുന്നുള്ളൂ. അതിൽത്തന്നെ, കുഞ്ഞഹമദ് മുസ്ലിയാരെപ്പോലെ (ശങ്കരാടി ) ഒരുവിധം മുൻനിരയിലേയ്ക്ക് വരുന്ന ഏതാനും കഥാപത്രങ്ങളേ സിനിമയിലുള്ളൂ. എന്നാൽ, സ്വതന്ത്രമനുഷ്യരെന്ന നിലപാട് പുലർത്തുന്നതിൽ പരിമിതികൾ ഏറെ ഉള്ളതായിട്ടാണ്, അവരുടെ ചിത്രീകരണം.
മലയാളിയായ ഗോവർദ്ധന്റെ (മോഹൻലാൽ )ചരിത്രം തേടി 1960 - കളിൽ ആന്തമാനിലെത്തുന്ന പോലീസ് ഓഫീസറുടെ ( വിനീത്) അന്വേഷണമാണ് വിഷയത്തിലേക്ക് വാതിൽ തുറക്കുന്നത്. അതിലൂടെ ചുരുളഴിയുന്ന, തന്റെ അമ്മാവന്റെ സമരകഥാചരിത്രത്തിലാണ് മുഖ്യഫോക്കസ്. ദേശീയവാദിയും മലയാളി ഡോക്ടറുമായ ഗോവർദ്ധനെ, 55 പേരടങ്ങുന്ന ട്രെയിൻ യാത്രികരായ ബ്രിട്ടീഷ് ഓഫീസർമാർക്കുനേരെ ബോംബേറിൽ പങ്കാളിയാണ് എന്ന കുറ്റംചുമത്തി, മംഗല്യദിവസം ബ്രിട്ടീഷ് പോലീസ് പിടിക്കുന്നതും തുടർന്നു ആന്തമാനിലേയ്ക്ക് നാടുകടത്തുന്നതും കാലാപാനി സെല്ലുലാർ ജയിലിൽ തടവിൽ പാർപ്പിക്കുന്നതും തുടർസംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.1916- ലാണ് സംഭവം.
റോസ് ഐലണ്ട് കേന്ദ്രമാക്കിയാണ് കോളനി അധികാരവർഗത്തിന്റെ സുരക്ഷിതയിടം സിനിമ ചിത്രീകരിക്കുന്നത്. വൈദേശികമായ സർവസന്നാഹങ്ങളും ഇന്റലിജൻസും ഈ സിനിമയുടെ
പ്ലോട്ടിനകത്തു സർവസജ്ജമായി വർത്തിക്കുന്നതിന്റെ ചിത്രീകരണത്തിലൂടെയാണ്, ഒരു മെഗാസിനിമയുടെ പ്രതലം സ്ഥാപിച്ചെടുക്കുന്നത്. അതിൽത്തന്നെ, ഏറ്റവും ക്രൂരന്മാരായ ഓഫീസർമാർ ഡേവിഡ് ബാരി, ഡോ. ഹട്ടൻ, അഫ്ഘാനിയായ ഇസ്മായിൽ ഖാൻ(അമരീഷ്പുരി), ബാരിയുടെ മേലധികാരി, ഇസ്മായിൽ ഖാന്റെ വിശ്വസ്ഥനായ പൊലീസ് ഓഫീസർ (കൊച്ചിൻ ഹനീഫ) നായർ പ്രമാണിയായ നെടുമുടി, ശ്രീനിവാസന്റെ കണാരൻ /മൂസ എന്നിങ്ങനെ കഥാപാത്രങ്ങളുടെ ഒരു മുൻനിര ചിത്രീകരണത്തിലൂടെയാണ് സിനിമ മുന്നേറുന്നത്.
ബംഗാളിയായ വിപ്ലവകാരിയും കൂട്ടരും, തീവ്രവാദിയും തമിഴ് സ്വത്വവാദിയുമായ മുകുന്ദ് (പ്രഭു), സവർക്കർ (അന്നു മലിക്), ബ്രാഹ്‌മണനായ രാംലഖൻ (ടിന്നു ആനന്ദ്) എന്നിങ്ങനെ, നാടുകടത്തപ്പെട്ട വിപ്ലവകാരികളായ ഏതാനും വ്യക്തികളുടെ സമരവീര്യവും തന്ത്രങ്ങളും ലാക്കാക്കിയാണ്, ഇതിലെ ദേശീയ സമരസംഘർഷങ്ങൾ ചിത്രീകരിക്കുന്നത്. ഗോവർദ്ധൻ മുഖ്യറോളിൽ പ്രത്യക്ഷമാകുന്ന തരത്തിലാണ്, ചരിത്രകഥയെ അഴിച്ചുപണിതിരിക്കിന്നത്.
ഒരു ഘട്ടത്തിൽ ജയിലിലുള്ള 14 പോരാളികളെ മോചിപ്പിക്കാനുത്തരവാകുന്നു. പീഡകരായ ഡേവിഡ് ബാരി, അയാളുടെ വലംകൈയായ മിർസഖാൻ തുടങ്ങിയ ജയിൽ ഓഫീസർമാർ ജയിലിൽ വർഗീയതയഴിച്ചുവിട്ട് അവർക്കെതിരെ അണിനിരക്കുന്നതും ഗോവർദ്ധന്റെ സുഹൃത്തും തമിഴ് സ്വത്വവാദിയുമായ മുകുന്ദ് ഇക്കാര്യത്തിൽ ഇടഞ്ഞു നിക്കുന്നതും തുടർന്ന് വരുന്ന സംഭവവങ്ങളും ഒക്കെയായി സിനിമ മുന്നേറുന്നു.
ബ്രിട്ടീഷുകാരുടെ ആശ്രിതരായ മദാമ്മമാർ, സായ്പന്മാർ, ചാരന്മാർ എന്നിവരടങ്ങുന്ന വൻ കഥാപത്രലോകം സിനിമയുടെ സ്പെക്ടക്കിൾ എലമെൻറ് വർധിപ്പിക്കുന്നുണ്ട്. സന്തോഷ് ശിവന്റെ കാമറ വിസ്താരമേറിയതും ആഴവുമുള്ള ഷോട്ടുകളിൽ ഇവയെ നന്നായി പകർത്തിയിട്ടുമുണ്ട്. ഇത്തരം സിനിമകളിൽകാണാറുള്ള സ്ഥിരം ചരിത്രമസാലക്കൂട്ടുകളുടെ സാന്നിധ്യം കാണിയെ ഒരു ചരിത്രപ്രദർശനം കാണും മട്ടിൽ ആനന്ദിപ്പിക്കുകയും അഭിരമിപ്പിക്കുകയും ചെയ്യാൻ പര്യാപ്തമാണ്. ചരിത്രത്തിന്റെയും ഫിക്ഷന്റെയും സമവായതരംഗത്തിൽ ഊയലാടുകയും മൂന്ന് മണിക്കൂറോളം ഇരിക്കപ്പൊറുതിയോടെ രസിച്ചിരിക്കാൻ പാകത്തിൽ ഒരു ഹിസ്റ്റോറിക് ത്രില്ലെർ രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ജയിലിൽ ഹിന്ദു- മുസ്ലിം ധ്രുവീകരണം അഴിച്ചുവിടുന്ന ആഖ്യാനങ്ങൾ വിവേചനപരമാണ്. ജയിൽവാസികളുടെ നിരാഹാരവും അതിനെതിരെ ബംഗാളിൽ നിന്നെത്തുന്ന അന്വേഷണ കമീഷനും പോലുള്ള ചരിത്രസംഭവങ്ങളും ഇടക്ക് മുറിച്ചൊട്ടിച്ചു കാണിയെ, ഇടക്കിടക്ക് ഇതൊരു ചരിത്രകഥയാണെന്നു ഓർമിപ്പിക്കുന്നുണ്ട്.
സവർക്കാരെ കേന്ദ്രസ്ഥാനത്ത് നിർത്താനുള്ള പ്രവണത സിനിമയിലുണ്ട്. അയാളുടെ ഹിന്ദു പ്രൊജക്റ്റിലേക്ക് സൂചനകൾ അധികം അഴിച്ചുവിട്ടിട്ടില്ല. എങ്കിലും, അക്കാലത്തെ വലതുപക്ഷ ഹൈന്ദവതയുടെ ചരിത്രവീക്ഷണത്തിൽ സവർക്കറുടെ തീരുമാനങ്ങൾ അവഗണിക്കാവതല്ല, എന്ന തോന്നലുണ്ടാക്കാൻ പര്യാപ്തമാണ്. രണ്ടാംപകുതിയാവുമ്പോൾ സവർക്കർ അപ്രത്യക്ഷമാകുന്നുണ്ട്. പല സ്വാതന്ത്ര്യസമരചരിത്ര പുരുഷന്മാരെയും പോലെ ജയിലിൽ കൊടിയമർദ്ദനം അദ്ദേഹത്തിന് ഏൽക്കേണ്ടിവരുന്നതായും ചിത്രീകരിച്ചിട്ടുണ്ട് . സവർക്കരുടെ മോചനം ഏതുമട്ടിൽ സംഭവിക്കുന്നു എന്ന കാര്യത്തിൽ സിനിമ വാചാലമല്ല. ഏതായാലും സവർക്കറുടെ തിരോധനത്തിനുശേഷം ഗോവർധനിലേക്ക് കാമറ കൂടുതൽ അടുക്കുന്നത് കാണാം.
സിനിമയുടെ രണ്ടാം പകുതി, ചരിത്രം ചരിത്രത്തിന്റെയും സിനിമ മസാലത്തിരക്കഥയിലൂടെ സിനിമയുടെ വഴിക്കും പോകുന്നതയാണ് അനുഭവം. എങ്കിലും, റിബലുകളുടെ ബോംബ് വെപ്പും പിടികൂടലുമായിരിക്കാം, ഒരുപക്ഷെ സിനിമയിൽ ഒരു സമരമുഖത്തിന്റെ യാഥാർഥ്യം ഓർമിപ്പിക്കുന്ന ഒരേയൊരു സംഭവം. എന്നാൽ, ഗോവർദ്ധനും തമിഴനായ മുകുന്ദും (ലാലും പ്രഭുവും) കാലാപാനിയിലെ ദ്വീപു കാട്ടുവാസികൾക്കിടയിൽ അകപ്പെടുന്നതും തുടർച്ചയും നല്ല കോമഡിയായി ഏറെ നേരം കവരുന്നുണ്ട്. ചരിത്രത്തിൽനിന്നും കാണി പരിപൂർണമായും പുറത്തുപോകുന്ന സന്ദർഭം കൂടിയാണിത്. ഒരു തമിഴനും മലയാളിയും തമ്മിൽ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയനിലപാട് ഇത്രമാത്രം അസ്പഷ്ടമാണോ? ഇവർക്ക് ചരിത്രത്തിൽ എന്തുസ്ഥാനമാണുള്ളത് എന്നതൊക്കെ വേറെക്കാര്യം. കച്ചവടസിനിമയുടെ ബാനറിലേക്ക് ചരിത്രത്തെ പ്രസരിപ്പിക്കുന്നതിന്, ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ വേറെയുമുണ്ട്.
നാട്ടിൽ ജന്മിത്വത്തോടും കോളനിപ്രതിനിധാനങ്ങളോടും സമരത്തിൽ കഴിഞ്ഞ ഗോവർദ്ധന് സ്വകുടുംബത്തിൽനിന്നുള്ള വിവേചനപരമായ നിലപാട് കൊണ്ടുകൂടിയാണ് ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളിയാവേണ്ടി വന്നത്. അതാവട്ടെ ഏറ്റവും കല്പനികമായ മട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കാമുകിയുമായുള്ള (ടാബു) പ്രണയാഖ്യാനങ്ങൾ അതിനുപാകത്തിൽ സൃഷ്ടിച്ച ഒന്നായിട്ടേ തോന്നൂ. ഇവയുടെയൊക്കെ തുടർച്ച പോലെത്തന്നെയാണ്, സെല്ലുലാർ ജയിൽജീവിത്തിൽ അവിടുത്തെ നായകപാത്രത്തിന്റെയും വികാരവിചാരങ്ങളെ എക്‌സ്‌പോസ് ചെയ്തിരിക്കുന്നത്.
മിർസഖാനും ബാരിയും തമ്മിലുള്ള ഒത്തുതീർപ്പുകൾ , ഹിന്ദു- മുസ്ലിം ലഹള നിർമാണം, അന്വേഷണ കമിഷൻ ഡോക്ടർ ഹട്ടന് വിപരീതമാകുന്നത്, വൈസ്രോയിയുടെ കൽക്കത്ത സന്ദർശനം, ഡോക്ടർക്കെതിരെ മിർസയുടെയും ബാരിയുടെയും കരുനീക്കങ്ങൾ, പ്രഭുവിനെയടക്കം (മുകുന്ദ് ഐയ്ഗർ) വെടിവച്ചു കൊല്ലുന്നത്, ഗോവർദ്ധന്റെ കസർത്തുകൾ... ഇങ്ങനെ ചരിത്രം ഏറെ അലങ്കാരപ്പൊലിമയോടെ അവസാനിക്കുന്നു. ഇത്തരം സിനിമകളിൽ കാണാറുള്ള പോലെ, ഒരു ഭൂതകാല സമരചരിത്രത്തെ കൂട്ടുപിടിച്ച്ദേശീയവികാരത്തെ ഊതിപ്പെരുപ്പിക്കാൻ പോന്ന ഒരു പഴുതും സിനിമ പാഴാക്കുന്നില്ല.
തികച്ചും ഒരു മെഗാ ഹിസ്റ്റോറിക്കൽ ത്രില്ലറായി സിനിമ അവസാനിക്കുന്നു. 1919-മോണ്ടേഗ് -ചെംസ്ഫോർഡ് പരിഷ്‌കാര പരിപാടികളോടെയാണ് സിനിമക്ക് വിരാമമാവുന്നത്. കാലാപാനിയെ ഈയർത്ഥത്തിൽ, ഒരു മെഗാ ഹിസ്റ്റോറിക്കൽ ത്രില്ലർ എന്ന് വിശേഷിപ്പിക്കാം.
ഇക്കാലത്ത് കാലാപാനി കാണുമ്പോൾ, 70-80 കളിൽ, നമ്മുടെ സമാന്തരസിനിമ താലോലിച്ച ഒരു സവർണ - വ്യക്തി ചരിത്രബോധത്തെ ഓർമിക്കേണ്ടിവരുന്നു. ഒപ്പം, ദേശീയതയുടെ നിഗൂഢമായ മേൽപ്പാളികൊണ്ട് ചരിത്രത്തെ എങ്ങനെ പുതപ്പിക്കുന്നു എന്ന കാര്യവും പ്രസക്തമാണ്. അപരവൽക്കരിക്കപ്പെട്ട ജനതയുടെമേൽ ഹോളിവുഡ് പടച്ചുണ്ടാക്കിയ ത്രില്ലറുകളെ ഒരുപരിധി വരെ ഓർമിപ്പിക്കുമിത്.
ഉയർന്ന ജാതിക്കാരുടെ വിശ്വാസാചാരങ്ങൾക്ക് വിഘ്‌നം സംഭവിക്കുമ്പോൾ, വൈകാരികമായി വാചാലമാവുന്ന കാമറ മറ്റുള്ളവരുടെ കാര്യത്തിൽ മൗനം പാലിക്കുന്നു.അതേസമയം, മുസ്ലിം പ്രതിനിധാനത്തെ ഇത്തരം സിനിമകളിൽ ചെയ്യാറുള്ളതുപോലെത്തന്നെ, വംശീയമായ ദ്വന്ദ്വവിചാരങ്ങൾക്കൊപ്പം ചേർത്തുവായിക്കാനാണ് ശ്രമിക്കുന്നത്. നമ്മുടെ ചരിത്രരചനയിലെ കൊളോണിയൽ ലെഗസി തന്നെയാണ്, ഒരുപക്ഷേ തിരക്കഥയിലങ്ങോളം പ്രതിഫലിക്കുന്നത്.
മലബാർ കലാപവുമായി ബന്ധപ്പെട്ട ശക്തമായ ചരിത്രദത്തങ്ങളെ പുനർമൂല്യനത്തിന് വിധേയമാക്കാതെ ചരിത്രത്തിന്റെ പല അടരുകളെയും "ഒഴിവാക്കൽ രാഷ്ട്രീയ'ത്തിന്റെ (Exclusion of politics ) വരുതിയിലേക്ക് കെട്ടിയിറക്കുകയാണ്, കാലാപാനിയും.
സ്വാതന്ത്ര്യസമരഗാഥകളുടെ കൂട്ടത്തിൽ വിവേചനപരമായ ഒരു ഭാവനാത്മക സ്വഭാവമാണ് ഈ സിനിമക്കുമുള്ളത്. മലബാറിൽ ആന്തമാൻ നാടുകടത്തലുണ്ടാക്കിയ ദുരന്തപ്പെരുമ ചെറുതല്ല. പിൽക്കാലത്ത്, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്, അധികാരികളുടെ ആന്തമാൻ സ്‌കീമിനോട് വിയോജിക്കേണ്ടിവന്നതും അതിനെതിരെയുള്ള സമരങ്ങളും അവയ്‌ക്കെതിരെയുള്ള നിയമനിർമ്മാണങ്ങളും ഒന്നിക്കുന്ന ഒരു പൊള്ളുന്ന ചരിത്രമുണ്ട്. അത്തരം പ്രതിനിധാനങ്ങളോ അവയുണർത്തിയ ആശയമണ്ഡലമോ ഒന്നും കാലാപാനിയെ ബാധിക്കുന്നതായി, തോന്നുകയില്ല.