സിനിമയും മിത്തുകളും തമ്മിൽ വളരെ കാലത്തെ അടുപ്പമുണ്ട്. ഗ്രീക്ക് പുരാണങ്ങളെ പുനർവായിക്കാനുള്ള ഹോളിവുഡിന്റെ അശാന്ത പരിശ്രമവും, രാമായണ, മഹാഭാരത പുരാണങ്ങളെ പരതീയുള്ള ഇന്ത്യൻ പരീക്ഷണങ്ങളും ഇതിനെ സാധൂകരിക്കുന്നുണ്ട്. കഥയുടെ ആദിമ മാതൃകയും, കഥാപാത്ര പരിവർത്തനവും, കഥാകഥനവും മിത്തോളജിയിൽനിന്നാണ് സിനിമ കടമെടുത്തിട്ടുള്ളത്.
സിനിമ മിത്തോളജിയെ സമീപിക്കുന്നതിൽ വലിയ മാറ്റമാണ് അടുത്ത കാലത്തായി സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേവലം അനുകരണത്തിൽ നിന്ന് മാറി, മിത്തുകളുടെ തുടർന്നുപോക്കിൽ കൈകടത്തിയുള്ള ആഖ്യാനങ്ങളാണ് നിലവിലുള്ളത്. ടാറന്റീനോയുടെ ആൾട്ടർനേറ്റീവ് ഹിസ്റ്ററി (Alternative history) ജോണറുമായി (genre) വളരെ സാമ്യതയുണ്ടിതിന്. ഒരർത്ഥത്തിൽ ആൾട്ടർനേറ്റീവ് മിത്തോളജി (alternative mythology) എന്ന് ഈ സിനിമാ രീതിയെ പരിചയപ്പെടുത്താം. അത്തരത്തിൽ, ആൾട്ടർനേറ്റീവ് മിത്തോളജിയിൽ വന്ന പ്രശംസയർഹിക്കുന്നൊരു പരീക്ഷണമാണ് ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’ എന്ന സിനിമ.
ആൾട്ടർനേറ്റീവ് മിത്തോളജിയുടെ പ്രഥമതാല്പര്യം സവർണ വർണ്ണനയിൽ നിറം മങ്ങിപ്പോയ അധീനവർഗത്തിന്റെ (subaltern) ശബ്ദങ്ങളെ പുനഃപരിശോധിക്കലാണ്. അങ്ങനെ വായിക്കുമ്പോൾ ഇപ്പറഞ്ഞ രീതിയോട് പൂർണ്ണമായും കൂറുപുലർത്തുന്നുണ്ട് ‘ലോക’യിലെ സമീപനം. പുരുഷാധികാരത്തിന്റെ ഇരയായ നീലിയെ, ഭയമുളവാക്കുന്ന യക്ഷിയുടെ രൂപത്തിലാണ് മിത്തുകൾ പറഞ്ഞുവെക്കുന്നത്. ഒരുതരത്തിലും സ്ത്രീപക്ഷമായ വ്യാഖ്യാനങ്ങൾ വന്നുകൂടെന്നതാവാം ഇതിനു കാരണം. സാധാരണ മനുഷ്യരെ ശല്യം ചെയ്യുന്ന നീലിയെ മഹാ മാന്ത്രികൻ കടമറ്റത്ത് കത്തനാർ കീഴ്പ്പെടുത്തുന്നതായാണ് മിത്തുകൾ പറയുന്നത്. ഇവിടെനിന്നാണ് ‘ലോക’യുടെ കഥയാരംഭിക്കുന്നത്. കത്തനാർ നീലിയെ രക്ഷിക്കുന്നതിനായി അവളെ കീഴ്പ്പെടുത്തിയതായി മറ്റുള്ളവരെ ധരിപ്പിച്ചതാണെന്ന് സംവിധയകൻ ഡൊമിനിക് അരുണും സഹഎഴുത്തുകാരി ശാന്തിയും സങ്കൽപ്പിക്കുന്നു. തുടർന്ന് കാലാകാലവും ദുഷ്ട ശക്തികൾക്കെതിരെ പോരാടിക്കൊണ്ട് നീലി ഭൂമിയിൽ പലയിടങ്ങളിലായി താമസിച്ചുപോന്നു. ഇതിനിടയിൽ നീലിയെ പോലെ യക്ഷിയായി മാറിയ അനേകം മനുഷ്യരുണ്ടെന്നും ഇവർ അനുമാനിക്കുന്നുണ്ട്. അത്തരത്തിലുള്ള അമാനുഷികരും ചാത്തന്മാരും അടങ്ങുന്നതാണ് ‘ലോകയുടെ ലോകം’.

പുരുഷന്മാരെ അടിച്ചുതോല്പിക്കുന്ന പുതിയ നീലി പുരുഷാധിപത്യത്തിന്റെ വാർപ്പുമാതൃകകളെ ചോദ്യം ചെയ്യുന്ന ഫെമിനിസത്തിലേക്കുള്ള (feminism) സൂചന കൂടിയാണ്. പുതിയ സ്വഭാവസവിശേഷതകളുടെ ഈ നീലി ലിലിത്തിനു (Lilith) തുല്യമാണെന്നും വായിക്കാം.
പുതിയ കാലത്തിന്റെ മോഡേൺ മൊറാലിറ്റിവാഹകരായ (modern morality) തലമുറയുടെ, മിത്തുകളിലെ സവർണതകളുമായി തരപ്പെട്ടുപോകാനുള്ള മനഃപ്രയാസമാണ് ആൾട്ടർനേറ്റീവ് മിത്തോളജിയുടെ ഉൽഭവകാരണം. അവർ തങ്ങൾക്കു പൊരുത്തപ്പെടുന്ന രീതിയിൽ അവയെ മാറ്റിവായിക്കുന്നു (നീലിയുടെ കഥയിൽ സംഭവിച്ചതുപോലെ).
ആൾട്ടർനേറ്റീവ് മിത്തോളജിയിലെ പ്രശംസയർഹിക്കുന്ന പരീക്ഷണമെന്ന് ‘ലോക’യെ സൂചിപ്പിക്കാൻ കാരണം, സിനിമയുടെ സ്ക്രിപ്റ്റിംഗിലും ഐഡിയ ഫോർമേഷനിലും പ്രൊഡക്ഷനിലുമുള്ള മേന്മയാണ്. നീലിയെയും ഡ്രാക്കുളയെയും തമ്മിൽ സാമ്യപ്പെടുത്തുന്ന അരുണിന്റെ കരകൗശലങ്ങളും മനോഹരമാണ്. ചുരുക്കിപ്പറഞ്ഞാൽ, മലയാളികൾക്ക് അധികം ശീലമില്ലാത്ത വ്യത്യസ്ത കാഴ്ചാനുഭവം ‘ലോക’ മുന്നോട്ടുവെക്കുന്നുണ്ട്. മലയാള സിനിമയെ അടുത്ത തലങ്ങളിലേക്കിത് കൈ പിടിച്ചുയർത്തുമെന്നുറപ്പുണ്ട്. മിത്തുകളുടെ കലവറയായ ഇന്ത്യൻ, കേരളം സംസ്കാരങ്ങളിൽനിന്നും ഇനിയും ലോകകൾ പിറക്കുമെന്നത് തീർച്ചയാണ്.
