മലയാള സിനിമയ്ക്കിതാ
വണ്ടർഫുൾ ലോക,
സൂപ്പർ ചന്ദ്ര

‘ചന്ദ്ര’ ഒരു പുതിയ ലോകത്തിലേക്കുള്ള കവാടമാണ്. മലയാള സിനിമാചരിത്രത്തെ വലിയ നേട്ടങ്ങളിലേക്ക് കൈപിടിച്ച് നടത്താൻ കെൽപ്പുള്ള സിനിമാറ്റിക് യൂണിവേഴ്സാണ് ‘ലോക:’യിൽ വേ ഫെറർ ഫിലിംസും സംവിധായകൻ ഡൊമിനിക് അരുണും കാത്തുവച്ചിരിക്കുന്നത്- വിനയ് പി. ദാസ് എഴുതുന്നു.

ലയാള സിനിമ അതിന്റെ ആദ്യ സൂപ്പർ വുമൺ പരിവേഷത്തെക്കണ്ട് അമ്പരന്നു നിൽക്കുകയാണ്. ‘ലോക: ചാപ്റ്റർ 1 - ചന്ദ്ര’ തിരശീലയിലെ ഒരു നവ്യാനുഭവമാണ്. വളരെക്കാലം മലയാള സിനിമയും കേരളീയ ഐതിഹ്യങ്ങളും ചരിത്രപശ്ചാത്തലങ്ങളും അഭ്രപാളികളിലൂടെ വലിയ ഒരു ജനവിഭാഗത്തിലേക്ക് എത്തപ്പെടാതെയിരുന്നത് ഒരുപക്ഷേ ഇത്തരമൊരു ചിത്രത്തിലൂടെ വെളിച്ചം കാണാനായിരുന്നു എന്ന് തോന്നിത്തക്കവിധത്തിൽ വിസ്മയിപ്പിക്കുന്ന അനുഭവലോകമാണ് ചന്ദ്രയുടെ ‘ലോക’.

പുരാവൃത്തങ്ങളുടെ ലോക

‘മിത്ത്, ഐതിഹ്യം എന്നൊക്കെ നിങ്ങൾ വിചാരിക്കുന്ന എത്രയോ കാര്യങ്ങൾ ശരിക്കും ഉള്ളതാന്നറിയോ?’, ട്രെയിലറിൽ ചന്ദ്ര നടത്തുന്ന ഈ ഒരു പ്രസ്താവനയാണ് ആദ്യദിനം പലരെയും തിയേറ്ററിലേക്ക് ആകർഷിച്ചിട്ടുണ്ടാവുക. മിത്തുകളുടെയും പുരാവൃരാത്തങ്ങളുടെയും ഉള്ളടക്കങ്ങളിലേക്ക് ഉറ്റുനോക്കുന്ന, അവയെ കഥകളുടെ പഴമയ്ക്കൊപ്പം തമസ്കരിച്ചുകളയാതെ പുതുശരീരത്തിലേക്ക് – പുതിയ കഥാപശ്ചാത്തലങ്ങളിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്ന ഡൊമിനിക് അരുൺ എന്ന സംവിധായകനാണ് ആദ്യം കയ്യടിയർഹിക്കുന്നത്.

തലമുറകളുടെ വ്യത്യാസമില്ലാതെ മലയാളിയുടെ ദ്രാവിഡ അസ്തിത്വത്തിൽ, നമ്മുടെയെല്ലാം സ്മൃതികളുടെ ഏതോ ഒരു കോണിൽ ഇന്നും മായാതെ കിടക്കുന്ന ചില ചോദനകളെ, ചില പ്രമേയങ്ങളെയൊക്കെ പൊടിതട്ടിയെടുക്കുകയാണ് സംവിധായകൻ. കയ്യടക്കത്തോടെ കൈകാര്യം ചെയ്തില്ലായിരുന്നുവെങ്കിൽ ഏറെ അബദ്ധമായേക്കാവുന്ന ഒരു മേഖലയാണ് ഒരു ജനതയുടെ ഫോക് ലോറുകൾ. അത്രമേൽ ആത്മാവിനോട് അവർ ചേർത്തുവയ്ക്കുന്ന, പവിത്രമായി സൂക്ഷിയ്ക്കുന്ന പുരാവൃത്തങ്ങളും അനുബന്ധ ചരിത്രവും.

ബ്രഹ്മാണ്ഡസിനിമകളിലെ പുരുഷതാരങ്ങളുടെ പൊലിമകളോട് കിടപ്പിടിക്കുന്ന അഴകോടെ, അത്യുഗ്രൻ ആക്ഷൻ രംഗങ്ങളോടെ ഒരുങ്ങിയ മലയാള സിനിമയുടെ നിലാവെളിച്ചമാണ് ലോക: ചാപ്റ്റർ 1 ചന്ദ്ര.
ബ്രഹ്മാണ്ഡസിനിമകളിലെ പുരുഷതാരങ്ങളുടെ പൊലിമകളോട് കിടപ്പിടിക്കുന്ന അഴകോടെ, അത്യുഗ്രൻ ആക്ഷൻ രംഗങ്ങളോടെ ഒരുങ്ങിയ മലയാള സിനിമയുടെ നിലാവെളിച്ചമാണ് ലോക: ചാപ്റ്റർ 1 ചന്ദ്ര.

കേരള സംസ്കാരപഠനത്തിലും ചരിത്രനിർമ്മിതിയിലും പഠിതാക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നത് ചരിത്രവും പുരാവൃത്തങ്ങളും കെട്ടുപിണഞ്ഞുകിടക്കുന്ന അവസ്ഥയാണ്. കഥയിൽ എത്രത്തോളം പൊരുളുണ്ട്, നിലനിൽക്കുന്ന ചരിത്രം എത്രത്തോളം കഥയാണ്, ചരിത്രത്തെ കാലങ്ങളോളം കൈമാറ്റം ചെയ്യാനായി ഒരു ജനത അവയെ എത്രമാത്രം അമാനുഷമാക്കിയിട്ടുണ്ട് എന്നതൊന്നും കൃത്യമായി മനസ്സിലാക്കാൻ നമുക്കായിട്ടില്ല. ഈ ദശാസന്ധിയെ – ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള ഇടവേളകളെ കാലാനുസൃതമായ ചില ‘ഭാവനായുക്തി’കളാൽ മുഴുമിപ്പിക്കാൻ ശ്രമിക്കുകയാണ് ദുൽഖർ സൽമാൻ തന്റെ വേഫെറർ ഫിലിംസ് എന്ന നിർമ്മാണക്കമ്പനിയിലൂടെ പുറത്തിറക്കിയ ‘ലോക ചാപ്റ്റർ 1- ചന്ദ്ര’.

ഈ മണ്ണിന്റെ യാഥാർത്ഥ അവകാശികളുടെ വിശ്വാസങ്ങളെ, അവർ മാടനെന്നും ചാത്തനെന്നും നീലിയെന്നും ഒടിയനെന്നും വിളിച്ച് ആരാധിച്ചിരുന്ന ഗ്രാമ്യസ്വരൂപങ്ങളെ ചരിത്രത്തിൽ നിന്നു മായ്ച്ചുകളയാൻ ശ്രമിക്കുന്ന സവർണ അധികാര വർഗത്തോടുള്ള ശക്തമായ കലഹമാണ് ഈ ചിത്രം.

അഗ്നിയെയും ഇടിമിന്നലിനെയും ജലത്തെയും സൂര്യനേയും എന്നിങ്ങനെ മനുഷ്യരുടെ അറിവിനുമുകളിൽ നിൽക്കുന്നവയെയും ഭയന്നവയെയുമെല്ലാം പ്രാചീന ഗോത്രജനത ദൈവികമാക്കി മാറ്റി. കാടിന്റെ മനുഷ്യരുടെ അഥവാ ഈ മണ്ണിന്റെ യാഥാർത്ഥ അവകാശികളുടെ വിശ്വാസങ്ങളെ, അവർ മാടനെന്നും ചാത്തനെന്നും നീലിയെന്നും ഒടിയനെന്നും വിളിച്ച് ആരാധിച്ചിരുന്ന ഗ്രാമ്യസ്വരൂപങ്ങൾ സൃഷ്ടിക്കാൻ കാരണമായ ഒരു സംഭവമാണ് ചിത്രത്തിന്റെ ആത്മാവ്. ഇവയെ ചരിത്രത്തിൽ നിന്നു മായ്ച്ചുകളയാൻ ശ്രമിക്കുന്ന സവർണ അധികാര വർഗത്തോടുള്ള ശക്തമായ കലഹമാണ് ഈ ചിത്രം എന്ന് മനസിലാക്കുന്നിടത്താണ് ലോക:യുടെ ആഴം പ്രേക്ഷകർക്ക് ബോധ്യമാവുന്നത്. അതിന് സംവിധായകൻ മുന്നോട്ട് വയ്ക്കുന്നത് ഐതിഹ്യമാലയിലെ അതിശക്തയായ ഒരു സ്ത്രീയെയാണ്. ആ സ്ത്രീയെകുറിച്ചുള്ള കഥകൾ തിയേറ്ററിൽ നിന്നുതന്നെ അറിയാൻ ശ്രദ്ധിക്കുക.

മിത്തുകളുടെയും പുവൃരാത്തങ്ങളുടെയും ഉള്ളടക്കങ്ങളിലേക്ക് ഉറ്റുനോക്കുന്ന, അവയെ കഥകളുടെ പഴമയ്ക്കൊപ്പം തമസ്കരിച്ചുകളയാതെ പുതുശരീരത്തിലേക്ക് – പുതിയ കഥാപശ്ചാത്തലങ്ങളിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്ന ഡൊമിനിക് അരുൺ എന്ന സംവിധായകനാണ് ആദ്യം കയ്യടിയർഹിക്കുന്നത്.
മിത്തുകളുടെയും പുവൃരാത്തങ്ങളുടെയും ഉള്ളടക്കങ്ങളിലേക്ക് ഉറ്റുനോക്കുന്ന, അവയെ കഥകളുടെ പഴമയ്ക്കൊപ്പം തമസ്കരിച്ചുകളയാതെ പുതുശരീരത്തിലേക്ക് – പുതിയ കഥാപശ്ചാത്തലങ്ങളിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്ന ഡൊമിനിക് അരുൺ എന്ന സംവിധായകനാണ് ആദ്യം കയ്യടിയർഹിക്കുന്നത്.

കല്യാണിയുടെ ചന്ദ്ര

‘Men deal with men no women needed’; ട്രെയിലറിലെ ഈ ഒരൊറ്റ സംഭാഷണത്തിലൂടെ സാൻഡി മാസ്റ്റർ അവതരിപ്പിക്കുന്ന നാച്ചിയപ്പ ഗൌഡയെന്ന കർണാടക പോലീസ് ഉദ്യോഗ്യസ്ഥന്റെ കഥാപാത്രം എങ്ങ​​നെയുള്ള ആളാണെന്നും മനോഭാവം എന്താണെന്നും പ്രേക്ഷകർക്ക് തിയേറ്ററിൽ കയറുന്നതിന് മുൻപേ അറിയാൻ സാധിക്കുന്നുണ്ട്.

സാങ്കേതികതയുടെ വിശാലമായ സാധ്യതകളെ അതിന്റെ തികവിൽത്തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ട് അമാനുഷമായ ശക്തിയായി തിരശീലയിൽ തീപിടിപ്പിക്കുന്ന കാഴ്ച മലയാള സിനിമയ്ക്ക് അത്ര പരിചയമുള്ളതല്ല.

‘ഉലകത്തിലെ രണ്ട് തരമാന പൊമ്പുളയിങ്കെ ഇറുപ്പാങ്കെ ഒന്ന് നല്ലവങ്ക എങ്ക അമ്മാമാതിരി പിന്നെ ഒന്ന് ഡകാരങ്കെ’ എന്ന് തുടങ്ങി ഈ കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലെല്ലാം സ്ത്രീകളോട് അയാൾക്കുള്ള അടങ്ങാത്ത വിവേചനവും മുൻവിധികളും കാണാം. ഈ ഭൂമികയിലേക്കാണ് കല്യാണി പ്രിയദർശൻ അവതരിപ്പിക്കുന്ന ചന്ദ്രയെന്ന കേന്ദ്രകഥാപാത്രത്തിന്റെ വരവ്. ഒറ്റവാക്കിൽ സംസാരിക്കുന്ന, സംസാരത്തേക്കാൾ പ്രവർത്തികളുള്ള, പ്രവർത്തികൾക്കുമപ്പുറം ലക്ഷ്യങ്ങളുള്ള ചന്ദ്ര ബാംഗ്ലൂർ നഗരത്തിലേക്ക് വിമാനമിറങ്ങുന്നു. രാത്രിയാത്രകൾ, നിഗൂഢനോട്ടങ്ങൾ, ഏകാന്തമായ ജീവിതം! രാത്രികളിൽ ലോക:യുടെ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ചന്ദ്രികയായി ചന്ദ്ര മാറുകയാണ്. മൗനം തളംകെട്ടിക്കിടക്കുന്ന ഇടനാഴികളിലൂടെ എയർപോഡിൽ നിന്നുള്ള സംഗീതവുമായി നിഗൂഢത നിഴലിക്കുന്ന കണ്ണുകളും വശ്യമായ ചലനങ്ങളുമായി യാമങ്ങൾ തോറും കൊതിതീരുവോളം നീലരാവിലൂടെ അവൾ സഞ്ചരിക്കുകയാണ്.

കൗതുകത്തോടെയും ദേഷ്യത്തോടെയും കാമത്തോടെയും പരിഹാസത്തോടെയും പുച്ഛത്തോടെയുമൊക്കെ പുരുഷലോകം നൂറ്റാണ്ടുകളായി സ്ത്രീയെ നോക്കിക്കാണുന്നുണ്ട്. അബലയെന്ന് മുദ്രകുത്തി മാറ്റിനിർത്തിയ, നോട്ടങ്ങളുടെ ചൂഴ്ന്നെടുക്കലിൽപ്പെട്ടുഴലുന്ന സ്ത്രീജീവിതങ്ങളെ തിരുത്തിയെഴുതാൻ കാലം ഒരു അവതാരത്തെ സൃഷ്ടിക്കും. ലോക: മുന്നോട്ട് വയ്ക്കുന്ന ആ അവതാരമാണ് ചന്ദ്ര! അവൾ അതുവരെയുള്ള പുരുഷനോട്ടങ്ങളുടെ (male gaze) പട്ടികയിലേക്ക് മറ്റൊരു നോട്ടത്തെക്കൂടി ചേർത്തുവയ്ക്കുകയാണ്, ഭയത്തോടെയുള്ള നോട്ടം! ജീവനുവേണ്ടി പിടയുന്ന പുരുഷന്മാരുടെ ഭീതിയും ദയനീയതയും കലർന്ന ഒരു പ്രത്യേകതരം നോട്ടം. ഇതെന്തുകൊണ്ട് സംഭവിക്കുന്നു, പിന്നിലെന്താണ്, ചന്ദ്ര ആരാണ്, അവളുടെ ഉത്ഭവം എവിടെയാണ്?

അബലയെന്ന് മുദ്രകുത്തി മാറ്റിനിർത്തിയ, നോട്ടങ്ങളുടെ ചൂഴ്ന്നെടുക്കലിൽപ്പെട്ടുഴലുന്ന സ്ത്രീജീവിതങ്ങളെ തിരുത്തിയെഴുതാൻ കാലം ഒരു അവതാരത്തെ സൃഷ്ടിക്കും. ലോക: മുന്നോട്ട് വയ്ക്കുന്ന ആ അവതാരമാണ് ചന്ദ്ര!
അബലയെന്ന് മുദ്രകുത്തി മാറ്റിനിർത്തിയ, നോട്ടങ്ങളുടെ ചൂഴ്ന്നെടുക്കലിൽപ്പെട്ടുഴലുന്ന സ്ത്രീജീവിതങ്ങളെ തിരുത്തിയെഴുതാൻ കാലം ഒരു അവതാരത്തെ സൃഷ്ടിക്കും. ലോക: മുന്നോട്ട് വയ്ക്കുന്ന ആ അവതാരമാണ് ചന്ദ്ര!

സാങ്കേതികതയുടെ വിശാലമായ സാധ്യതകളെ അതിന്റെ തികവിൽത്തന്നെ പ്രയോജനപ്പെടുത്തിക്കൊണ്ട് അമാനുഷമായ ശക്തിയായി തിരശീലയിൽ തീപിടിപ്പിക്കുന്ന കാഴ്ച മലയാള സിനിമയ്ക്ക് അത്ര പരിചയമുള്ളതല്ല. ബ്രഹ്മാണ്ഡ സിനിമകളിലെ പുരുഷതാരങ്ങളുടെ പൊലിമകളോട് കിടപ്പിടിക്കുന്ന അഴകോടെ, അത്യുഗ്രൻ ആക്ഷൻ രംഗങ്ങളോടെ ഒരുങ്ങിയ മലയാള സിനിമയുടെ നിലാവെളിച്ചമാണ് ലോക: ചാപ്റ്റർ 1 ചന്ദ്ര.

ചടുലമായ പ്രകടനങ്ങളുടെ ലോക:

ബാംഗ്ലൂർ നഗരത്തിന്റെ കാലുഷ്യങ്ങൾക്ക് നടുവിലേക്ക്, അതിന്റെ മിശ്രസംസ്കാരത്തിന്റെ സംഘർഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ചന്ദ്രയുടെ നിഗൂഢജീവിതം കൂടുതൽ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് മാറുന്നത് മറ്റു ചിലരുടെ വരവോടെയാണ്. ചന്ദ്രയുടെ ഫ്ലാറ്റിന് എതിർവശത്ത് താമസിക്കുന്ന യുവാക്കളാണ് സണ്ണിയും അവന്റെ കൂട്ടുകാരായ വേണുവും നൈജിലും. അവിചാരിതമായി സണ്ണിയുടെയും ചന്ദ്രയുടെയും കണ്ണുകൾ തമ്മിലുടക്കുന്നു. അലസജീവിതത്തെ ആഘോഷമാക്കി നിരന്തരമായ പാർട്ടികളും ലഹരിയുടെ ഉന്മാദവുമായി ജീവിക്കുന്ന നഗരത്തിലെ ഒരു വിഭാഗം യുവാക്കളെ പ്രതിനിധീകരിക്കുന്ന സണ്ണിയും കൂട്ടുകാരും ചന്ദ്രയെ കൗതുകത്തോടെ നോക്കിത്തുടങ്ങുന്നു. എന്നാൽ കൗതുകം പതിയെ സംശങ്ങൾക്ക് വഴിമാറുന്ന രസകരമായ സന്ദർഭങ്ങളാണ് ചലച്ചിത്രത്തിന്റെ ആസ്വാദനത്തിന് മിഴിവേകുന്നത്.

മലയാള സിനിമ കടന്നുചെല്ലാൻ മടിക്കുന്ന അതിസമ്പന്നമായ മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും ‘ഉൾവനങ്ങളിലേക്ക്’ കടന്നുചെന്ന് അവയെ കാലികമാക്കി, സാങ്കേതികത്തികവോടെ അവതരിപ്പിക്കുകയാണ് ‘ലോക:’.

ചന്ദ്രയുടെ ലോക:ത്തെ ഗംഭീരമായ ചില ഏലവേഷനുകളെ കോമിക് – ആക്ഷൻ ബ്ലെൻഡിലൂടെ മനോഹരമാക്കാൻ നസ്ലിൻ അവതരിപ്പിച്ച സണ്ണി എന്ന കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. സണ്ണിയുടെയും ചന്ദ്രയുടെയും വൈകാരികതകൾക്ക് മനോഹരമായ ഒരു സാധൂകരണം കൊണ്ടുവരാനും സംവിധായകന് സാധിച്ചിട്ടുണ്ട്.

എടുത്തുപറയേണ്ട മറ്റൊരു സാന്നിധ്യം ചന്തു സലിംകുമാറിന്റെതാണ്. നോട്ടങ്ങളിലൂടെയും സംഭാഷണങ്ങളുടെ ഒരു പ്രത്യേക താളത്തിലൂടെയും വേണുവിനെ പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കാനും സണ്ണിയുടെ possessive bestfriend ആയി ചിരി പടർത്താനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. നൈജിൽ ആയി അരുൺ കുര്യനും, സുപ്രധാനമായ ഒരു വേഷത്തിൽ നിഷാന്ത് സാഗറും, വിജയരാഘവനും ചിത്രത്തിലുണ്ട്. രസച്ചരട് (spoiler) പൊട്ടിക്കാതെ അവരുടെ കഥാപാത്രങ്ങളെക്കുറിച്ചും മറ്റ് താരസാന്നിദ്ധ്യങ്ങളെക്കുറിച്ചും പറയാനാവില്ല. വലിയ ഒരു കഥാപശ്ചാത്തലത്തിലേക്കുള്ള ഒരു പ്രവേശന കവാടം മാത്രമാണ് ‘ചാപ്റ്റർ 1 ചന്ദ്ര’ . ലോക:യുടെ ആഴവും പരപ്പും ബോധ്യമാക്കുന്ന ഒരു sequence ചലച്ചിത്രത്തിലുണ്ട്.
‘ചന്ദ്ര ഈ കളിയിൽ ഒറ്റക്കല്ല’ എന്ന് ഈ രംഗത്തിലൂടെ സംവിധായകൻ പറയാതെ പറയുന്നു. ഇത് മലയാളത്തിന്റെ ചലച്ചിത്രലോക:മാണ്

അണിയറയിലെ ലോക:

വമ്പൻ മുതൽ മുടക്കിൽ സംവിധായകനും സൂപ്പർ താരങ്ങളും വൻതുക പ്രതിഫലം കൈപ്പറ്റി നിർമ്മിക്കുന്ന ബഹുഭാഷാചിത്രങ്ങൾ തട്ടിയും മുട്ടിയും തീയേറ്ററുകളെ സമീപിക്കുന്ന ഒരു ദശയിലാണ് ഡൊമിനിക് അരുൺ എന്ന സംവിധായകന്റെ കാഴ്ചപ്പാടുകളിൽ വിശ്വാസമർപ്പിച്ച് ദുൽഖർ സൽമാൻ തന്റെ നിർമ്മാണക്കമ്പനിയുടെ എല്ലാ സ്രോതസ്സുകളും പിന്തുണയും ഒരു പരീക്ഷണ ചിത്രത്തിന് വാഗ്ദാനം ചെയ്യുന്നത്. മലയാള സിനിമ കടന്നുചെല്ലാൻ മടിക്കുന്ന, കേരളത്തിന്റെ അതിസമ്പന്നമായ മിത്തുകളുടെയും ഐതിഹ്യങ്ങളുടെയും ‘ഉൾവനങ്ങളിലേക്ക്’ കടന്നുചെന്ന് അവയെ എത്രത്തോളം കാലികമാക്കി, സാങ്കേതികത്തികവോടെ അവതരിപ്പിക്കാൻ സാധിക്കുമോ അത്രത്തോളം പരമാവധി മികച്ചതാക്കി, ആഗോള പ്രേക്ഷകരുടെ പ്രതിനിധാനമായി കണക്കാക്കേണ്ടുന്ന സിനിമാസാക്ഷരരായ മലയാളം ആസ്വാദകരിലേക്ക് എത്തിച്ച് വിജയിപ്പിക്കാൻ വേ ഫെറർ ഫിലിംസിന് സാധിച്ചുവെന്നത് വലിയ വിജയമാണ്.

എല്ലാ പ്രേക്ഷകർക്കും വൈകാരികമായി പിന്തുടരാനാവും വിധം കുറ്റമറ്റ ഒരു തിരക്കഥ സൃഷ്ടിക്കാൻ സംവിധായകനോടൊപ്പം സഹതിരക്കഥാകൃത്തായ ശാന്തി ബാലചന്ദ്രനും സാധിക്കുന്നുണ്ട്.
എല്ലാ പ്രേക്ഷകർക്കും വൈകാരികമായി പിന്തുടരാനാവും വിധം കുറ്റമറ്റ ഒരു തിരക്കഥ സൃഷ്ടിക്കാൻ സംവിധായകനോടൊപ്പം സഹതിരക്കഥാകൃത്തായ ശാന്തി ബാലചന്ദ്രനും സാധിക്കുന്നുണ്ട്.

ഗംഭീരമായ കഥ മാത്രം ഒരു ചിത്രത്തെ ആസ്വാദ്യമാക്കണമെന്ന് നിർബന്ധമില്ല, അതിന് മനോഹരമായ ദൃശ്യങ്ങളും ശബ്ദവും സംഘട്ടന രംഗങ്ങളും ആവശ്യമാണ്. സമകാലിക സാങ്കേതിക സാധ്യതകളെ വളരെ ക്രിയാത്മകമായി ഉപയോഗിക്കാൻ ലോക:യുടെ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.

തമിഴ്, കന്നട, തെലുങ്ക്, മലയാളം- എല്ലാം ഒത്തിണങ്ങുന്ന സമ്മിശ്രഭാഷയായതിനാൽത്തന്നെ അത്രത്തോളം വിപുലമായ കാണികളിലേക്കും ചിത്രം എത്തേണ്ടതുണ്ട്. എല്ലാ പ്രേക്ഷകർക്കും വൈകാരികമായി പിന്തുടരാനാവും വിധം കുറ്റമറ്റ ഒരു തിരക്കഥ സൃഷ്ടിക്കാൻ സംവിധായകനോടൊപ്പം സഹതിരക്കഥാകൃത്തായ നടി ശാന്തി ബാലചന്ദ്രനും സാധിക്കുന്നുണ്ട്.

ഭാവനയും യാഥാർത്ഥ്യവും നിഴലും വെളിച്ചവും പോലെ സന്ധിക്കുന്ന ചലച്ചിത്രത്തിന്റെ ദൃശ്യഭംഗിയെ ഒപ്പിയെടുത്ത നിമിഷ് രവിയുടെ ക്യാമറക്കണ്ണൂകൾ തുറന്നിടുന്നത് മലയാള സിനിമയുടെ പൂതിയ ഒരു അദ്ധ്യായം തന്നെയാണ്. ഓരോ സീനിലും മിന്നിമറയുന്ന നിറങ്ങളും അത്ഭുതകരമായ ട്രാൻസിഷനുകളും ചിത്രത്തിന് കൊടുക്കുന്നത് അന്യമായ വ്യക്തിത്വം തന്നെയാണ്. നിമിഷ് സൃഷ്ടിക്കുന്ന മന്ത്രികതയെ അതിന്റെ കലാവൈഭവത്തോടെ ഇഴചേർത്ത് ബന്ധിപ്പിക്കുന്നത് ചമൻ ചാക്കോയുടെ വിരൽ സ്പർശമാണ്.

സംഗീതത്തെക്കുറിച്ച് എടുത്തുപറയേണ്ടത് ഒരാവശ്യകതയാണോ എന്ന് സംശയിക്കത്തക്ക വിധത്തിൽ നിരവധി ബഹുഭാഷാചിത്രങ്ങളിൽ ജേക്സ് ബിജോയുടെ പശ്ത്തലസംഗീതം ഒരു സുപ്രധാന ചേരുവയാണ്. ചന്ദ്രയുടെ ‘ലോക: സഞ്ചാര’ങ്ങളും ആക്ഷൻ രംഗങ്ങളും വെള്ളിത്തിരയിൽ ആളിക്കത്തുന്നതിനുപിന്നിലെ പ്രധാനകാരണം ജേക്സിന്റെ സംഗീതമാണ് എന്നത് നിസ്തരക്കമാണ്. ചലച്ചിത്രം ചന്ദ്രയുടെയും ദ്രാവിഡജനതയുടെയും ഭൂതകാലത്തിലേക്ക് എത്തിനോക്കുമ്പോൾ ജേക്സ് പ്രൌഡമായ ഗോത്രതാളങ്ങളിലേക്ക് സിനിമയെ കൈപിടിച്ചു കൊണ്ടുപോകുന്ന കാഴ്ച ഗംഭീരമായ ഒരു സിനിമാറ്റിക് അനുഭവമാണ്.

ചലച്ചിത്രസഹജമായ എല്ലാ ചേരുവകളും നിഴലും വെളിച്ചവും പോലെ ഇടകലർന്ന് നിൽക്കുന്ന ചന്ദ്രമാസങ്ങളിൽ മലയാള ചലച്ചിത്രത്തിന്റെ വിശാലവീഥികളിൽ അപൂർവ്വമായി സംഭവിക്കുന്ന അത്ഭുതമാണ് ലോക: ചാപ്റ്റർ 1 - ചന്ദ്ര.
ചലച്ചിത്രസഹജമായ എല്ലാ ചേരുവകളും നിഴലും വെളിച്ചവും പോലെ ഇടകലർന്ന് നിൽക്കുന്ന ചന്ദ്രമാസങ്ങളിൽ മലയാള ചലച്ചിത്രത്തിന്റെ വിശാലവീഥികളിൽ അപൂർവ്വമായി സംഭവിക്കുന്ന അത്ഭുതമാണ് ലോക: ചാപ്റ്റർ 1 - ചന്ദ്ര.

സിനിമാറ്റിക് യൂണിവേഴ്സ്

ചന്ദ്ര ഒരു പുതിയ ലോകത്തിലേക്കുള്ള കവാടമാണ്. മലയാള സിനിമചരിത്രത്തെ വലിയ നേട്ടങ്ങളിലേക്ക് കൈപിടിച്ച് നടത്താൻ കെൽപ്പുള്ള സിനിമാറ്റിക് യൂണിവേഴ്സാണ് ‘ലോക:’യിൽ വേ ഫെറർ ഫിലിംസും സംവിധായകൻ ഡൊമിനിക് അരുണും കാത്തുവച്ചിരിക്കുന്നത്.

Marvel, DC തുടങ്ങിയ നിർമ്മാണക്കമ്പനികൾ തങ്ങളുടെ ദേശത്തിന്റെ ചരിത്രവും പുരവൃത്തങ്ങളും കെട്ടുകഥകളും ഭവനാത്മകമായി ഇണക്കിച്ചേർത്ത് തങ്ങളുടെ സിനിമകൾക്ക് കാണികളായി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ സൃഷ്ടിച്ചെടുക്കുമ്പോൾ, കേരളീയ മിത്തുകളെയും ഐതിഹ്യമാലയെയും വിശറിയാക്കി വീശിയിരിക്കാതെ അത് തുറന്ന് വായിക്കാനും, പ്രതിഫലിപ്പിക്കാനും ഗവേഷണ മനസോടെ യുവസംവിധായകരും ധൈര്യമുള്ള നിർമ്മാതാക്കളും മുന്നിലേക്ക് വരുന്നത് ഏറെ പ്രതീക്ഷ നല്കുന്ന കാഴ്ചയാണ്. ചലച്ചിത്രസഹജമായ എല്ലാ ചേരുവകളും നിഴലും വെളിച്ചവും പോലെ ഇടകലർന്ന് നിൽക്കുന്ന ചന്ദ്രമാസങ്ങളിൽ മലയാള ചലച്ചിത്രത്തിന്റെ വിശാലവീഥികളിൽ അപൂർവ്വമായി സംഭവിക്കുന്ന അത്ഭുതമാണ് ലോക: ചാപ്റ്റർ 1 - ചന്ദ്ര.

Comments