ആദിവാസി സമരങ്ങളെക്കുറിച്ചാണ് പട സംസാരിക്കുന്നതെന്ന് എവിടെയും ക്ലെയിം ചെയ്തിട്ടില്ല; കമൽ കെ.എം.

ആദിവാസി അവകാശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയർത്തിയ നിരവധി രാഷ്ട്രീയ സംഘടനകളും വ്യക്തികളും ഇവിടെയുണ്ട്. അവരിൽ പലരും ഇന്ന് അവരുടെ ഭൂതകാല രാഷ്ട്രീയത്തെ കൈയൊഴിഞ്ഞതും മറന്നുപോയതും ഓർമിപ്പിക്കാനാണ് ഈ സിനിമ ശ്രമിച്ചിട്ടുള്ളത്. അതിലപ്പുറം ഏതെങ്കിലും തരത്തിലുള്ള രക്ഷാകർതൃത്വമോ അവകാശവാദമോ ഈ സിനിമ മുന്നോട്ടുവെക്കുന്നില്ല.

Truecopy Webzine

ഷഫീഖ് താമരശ്ശേരി: ആദിവാസി- ദലിത് സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏതാനും പേരും സിനിമയോട് വിയോജിപ്പുകളുമായി വന്നിരുന്നു. അയ്യങ്കാളിപ്പടയുടെ സമരം ആദിവാസി മേഖലകളിലേക്കുള്ള പൊലീസിന്റെ കടന്നുവരവിനാണ് കാരണമായതെന്നും അയ്യങ്കാളിപ്പട ആദിവാസികളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കുകയായിരുന്നു എന്നുമൊക്കെയാണ് ഉയർന്നുവന്ന വിമർശനങ്ങൾ. അയ്യങ്കാളിപ്പടയെ വലിയ രീതിയിൽ മഹത്വവത്കരിക്കുക മാത്രമാണ് സിനിമ ചെയ്തതെന്നും ചിലർ ആരോപിച്ചിട്ടുണ്ട്. ഇത്തരം വിമർശനങ്ങളെ എങ്ങിനെയാണ് കാണുന്നത്?

കമൽ കെ. എം: ഈ ആരോപണങ്ങളിൽ വസ്തുതാപരമായി തന്നെ നിരവധി പിശകുകളുണ്ട്. ആദിവാസി സമരങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത് എന്ന ഒരു ക്ലെയിം ആരും എവിടെയും ഉന്നയിച്ചിട്ടില്ല. ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി ഏതാനും ചെറുപ്പക്കാർ ചോദ്യമുയർത്തിയ ഒരു സംഭവത്തെക്കുറിച്ച് മാത്രമാണ് സിനിമ. ആദിവാസി അവകാശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയർത്തിയ നിരവധി രാഷ്ട്രീയ സംഘടനകളും വ്യക്തികളും ഇവിടെയുണ്ട്. അവരിൽ പലരും ഇന്ന് അവരുടെ ഭൂതകാല രാഷ്ട്രീയത്തെ കൈയൊഴിഞ്ഞതും മറന്നുപോയതും ഓർമിപ്പിക്കാനാണ് ഈ സിനിമ ശ്രമിച്ചിട്ടുള്ളത്. അതിലപ്പുറം ഏതെങ്കിലും തരത്തിലുള്ള രക്ഷാകർതൃത്വമോ അവകാശവാദമോ ഈ സിനിമ മുന്നോട്ടുവെക്കുന്നില്ല. സിനിമയിലെ കഥാപാത്രങ്ങളായാലും ആ കഥാപാത്രങ്ങൾക്ക് കാരണക്കാരായ ജീവിച്ചിരിക്കുന്ന വ്യക്തികളായാലും ആരും എവിടെയും അത്തരമൊരു സമീപനം സ്വീകരിച്ചിട്ടില്ല.

സിനിമ കണ്ടിറങ്ങിയശേഷം അയ്യങ്കാളിപ്പട പ്രവർത്തകരായിരുന്ന നാലുപേർ മാധ്യമങ്ങളോട് പ്രതികരിച്ചതും അത്തരത്തിൽ മാത്രമാണ്. അന്നത്തെ ഒരു ചരിത്രസന്ധിയിൽ ഒരു നിയമനിർമാണത്തിനെതിരായി അവർ നടത്തിയ ഒരു പ്രതിഷേധ പ്രകടനം എന്നതല്ലാതെ അതുകൊണ്ട് ചരിത്രം മാറ്റിമറിച്ചു എന്നോ, അവർ രക്ഷകർത്താക്കളായി നിലകൊണ്ടു എന്നോ ഉള്ള ഒരു അവകാശവാദവും അന്നത്തെ അയ്യങ്കാളിപ്പട പ്രവർത്തകർക്കുള്ളതായി എനിക്കറിവില്ല. അത്തരമൊരു ശ്രമത്തിന് സിനിമയും മുതിർന്നിട്ടില്ല.

കേരളത്തിലെ ദലിത്- ആദിവാസി രാഷ്ട്രീയത്തിന്റെ നാൾവഴി പരിശോധിച്ചാൽ അതിൽ നിരവധി പ്രസ്ഥാനങ്ങൾക്ക് പങ്കുള്ളതായി കാണാം. ഇവിടുത്തെ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യപോരാട്ടങ്ങളുടെയുമൊക്കെ ഭാഗമായാണ് ദലിത്- ആദിവാസി വിമോചന രാഷ്ട്രീയം വികസിച്ചുവന്നിട്ടുള്ളത്. ഇടത് പാർട്ടികളുടെ ചരിത്രം നോക്കിയാലും, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പും പിന്നീട് സി.പി.എമ്മിൽ നിന്നും പിളർന്ന് സി.പി.ഐ -എം.എൽ പോലുള്ള നക്‌സലൈറ്റ് പ്രസ്ഥാനങ്ങൾ ഉണ്ടായതുമെല്ലാം പരിശോധിച്ചാൽ അവയെല്ലാം കൂടുതൽ കൂടുതൽ പ്രാന്തവത്കരിക്കപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടാനും വർഗ രാഷ്ട്രീയത്തിന്റെ തീക്ഷ്ണതയിൽ കൂടുതൽ അടിയുറച്ച് നിൽക്കാനുമുള്ള കമ്യൂണിസ്റ്റ് ശ്രമങ്ങളായിരുന്നു എന്നുകാണാം.

എൺപതുകളുടെ നക്‌സലൈറ്റ് രാഷ്ട്രീയത്തിൽ അംബേദ്കറൈറ്റ് ദർശനങ്ങളുടെ സ്വാധീനം കാണാൻ കഴിയും. പലപ്പോഴും വിമർശനം ഉന്നയിക്കുന്നവർ കാണാതെ പോകുന്ന കാര്യം, ആധുനിക കേരളത്തിലെ ഏറ്റവും മികച്ച ദലിത് ബുദ്ധിജീവികളിൽ പലരും കടന്നുവന്നത് ആ ഒരു രാഷ്ട്രീയധാരയിൽ നിന്നാണ് എന്നതാണ്.

അഭിമുഖത്തിന്റെ പൂർണരൂപം ട്രൂകോപ്പി വെബ്സീൻ ആപ്പ് ഡൗൺലോഡ് ചെയ്ത്‌ സൗജന്യമായി വായിക്കാം

സിനിമ എന്ന പൊളിറ്റിക്കൽ ആക്ഷൻ | കമൽ കെ. എം. / ഷഫീഖ് താമരശ്ശേരി


Summary: ആദിവാസി അവകാശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയർത്തിയ നിരവധി രാഷ്ട്രീയ സംഘടനകളും വ്യക്തികളും ഇവിടെയുണ്ട്. അവരിൽ പലരും ഇന്ന് അവരുടെ ഭൂതകാല രാഷ്ട്രീയത്തെ കൈയൊഴിഞ്ഞതും മറന്നുപോയതും ഓർമിപ്പിക്കാനാണ് ഈ സിനിമ ശ്രമിച്ചിട്ടുള്ളത്. അതിലപ്പുറം ഏതെങ്കിലും തരത്തിലുള്ള രക്ഷാകർതൃത്വമോ അവകാശവാദമോ ഈ സിനിമ മുന്നോട്ടുവെക്കുന്നില്ല.


Comments