വീണ്ടും വീണ്ടും കേരളം വിട്ട് പൊലീസുകാർ; മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ്

എന്നാൽ രണ്ടാം പകുതിയോടെ ചിത്രം വീണ്ടും എൻഗേജിംഗ് ആയി മാറുന്നു. കേസന്വേഷം വിശദമായ രീതിയിൽ ചിത്രീകരിക്കുന്നുണ്ടെങ്കിലും വിരസമായിപ്പോവാതെ കഥയിലേക്ക് ചേർത്തു വെക്കുന്നുണ്ട്. അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് പോവുന്നതോടെ സിനിമ കൂടുതൽ ദൃശ്യാത്മകവും സംഭവബഹുലവുമാവുന്നു.

ലയാളത്തിൽ ‘പൊലീസ് റോഡ് മൂവീസ്’ എന്നൊരു സബ് ജോണർ തുടങ്ങാവുന്നതാണ്. വളരെ പുതുമയുള്ള, നീറ്റ് ആയ സിനിമകൾ ഈ ജോണറിൽ തുടരെ വരുന്നുണ്ട്. ഉണ്ട, കുറ്റവും ശിക്ഷയും, തങ്കം - ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ചിത്രം കണ്ണൂർ സ്ക്വാഡും ഈ ഒരു ഗണത്തിൽ വരുന്നതാണ്. കേരളത്തിലെ വളരെ പരിചിതമായ സ്ഥലങ്ങളിൽ നിന്ന് കഥാപരിസരം മാറുമ്പോൾ തന്നെ കഥയ്ക്കും കാഴ്ചയ്ക്കും പുതിയ സാധ്യതകൾ തുറക്കുന്നുണ്ട്. ആ സാധ്യതകൾ രസകരമായി ഉപയോഗിക്കുന്നതിനോടൊപ്പം ത്രില്ലിംഗ് ആയി സിനിമയെ പായ്ക്ക് ചെയ്യുകയും കൂടെ ചെയ്യുന്നുണ്ട് റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ്.

കണ്ണൂർ എസ്.പിയുടെ കീഴിലുള്ള പ്രത്യേക ക്രൈം സ്ക്വാഡാണ് കണ്ണൂർ സ്ക്വാഡ്. അഞ്ചു പേരടങ്ങുന്ന രണ്ട് ടീമാണ് കണ്ണൂർ സ്ക്വാഡിലുള്ളത്. അതിലെ എ-ടീമിൻറെ കമാൻഡിംഗ് ഓഫിസറാണ് എസ്.എസ്.ഐ ജോർജ്. കുറ്റവാളികളെ പിറകേ ചെന്ന് തേടിപ്പിടിക്കാനുള്ള പ്രാഗത്ഭ്യമാണ് കണ്ണൂർ സ്ക്വാഡിൻറെ പ്രത്യേകത. കാസർഗോട്ടെ ഒരു രാഷ്ട്രീയക്കാരൻറെ കൊലപാതകം അന്വേഷിക്കാൻ കണ്ണൂർ സ്ക്വാഡ് നിയുക്തരാവുന്നതാണ് സിനിമ.

തകർന്ന പൊലീസുകാരൻ മലയാളത്തിൽ പുതുമയുള്ളതല്ല. വ്യക്തിജീവിതത്തിൽ തകർന്നെങ്കിലും ഡിപ്പാർട്ടമെൻറിൽ അധികാരവും ബഹുമാനവുമുള്ള പൊലീസുകാർ, അല്ലെങ്കിൽ പ്രൊഫഷനലി തകർന്നെങ്കിലും സമ്പത്തും കൈക്കരുത്തും കൊണ്ട് ഹീറോയിസം കാണിക്കുന്ന പൊലീസ് എന്നിങ്ങനെയാണ് കണ്ടുവരാറ്. കണ്ണൂർ സ്ക്വാഡ് പക്ഷേ അതിസാധാരണമായൊരു പൊലീസ് സംഘമാണ്. എ.എസ്.ഐ. റാങ്കിലുള്ള പൊലീസുകാരനാണ് സംഘത്തെ നയിക്കുന്നത്. മറ്റു പൊലീസുകാരിൽ നിന്നുള്ള പുച്ഛവും സാമ്പത്തിക പ്രശ്നങ്ങളുമൊക്കെയായി വ്യക്തിഗത പ്രശ്നങ്ങൾ വേറെയും.

ഈ ഒരു ടീമിനെ വച്ചാണ് റോബി വർഗീസ് രാജ് എൻഗേജിംഗ് ആയ, ഫ്രഷ്നെസ് തോന്നിക്കുന്ന ഒരു ഇൻവെസ്റ്റിഗേഷൻ സിനിമ സ്ക്രീനിലെത്തിച്ചിരിക്കുന്നത്.

റോണി ഡേവിഡ്, ശബരീഷ് വര്‍മ, മമ്മൂട്ടി, അസീസ് നെടുമങ്ങാട്

കണ്ണൂർ സ്ക്വാഡിൻറെ പ്രവർത്തനം, പൊലീസിൻറെ ഹൈറാർക്കി, ഡിപ്പാർട്ടുമെൻറിനകത്ത് പരസ്പരമുള്ള രാഷ്ട്രീയം തുടങ്ങി വിരസമായ പൊലീസ് ജീവിതത്തിലെ റിസ്കും വിരസതയും ആദ്യമിനിറ്റുകളിൽ തന്നെ പരിചയപ്പെടുത്തുന്നുണ്ട് സിനിമ. എന്നാൽ ആദ്യ പകുതി വീണ്ടും വീണ്ടും ഒരേ സ്ഥലത്ത് തന്നെ ചുറ്റിപ്പറ്റി നിന്നത് വിരസമായൊരനുഭവമായിരുന്നു.

എന്നാൽ രണ്ടാം പകുതിയോടെ ചിത്രം വീണ്ടും എൻഗേജിംഗ് ആയി മാറുന്നു. കേസന്വേഷം വിശദമായ രീതിയിൽ ചിത്രീകരിക്കുന്നുണ്ടെങ്കിലും വിരസമായിപ്പോവാതെ കഥയിലേക്ക് ചേർത്തു വെക്കുന്നുണ്ട്. അന്വേഷണ സംഘം കേരളത്തിന് പുറത്തേക്ക് പോവുന്നതോടെ സിനിമ കൂടുതൽ ദൃശ്യാത്മകവും സംഭവബഹുലവുമാവുന്നു. എങ്കിലും കുറേക്കൂടെ ഗ്രിപ്പിംഗ് ആയ സിനിമാറ്റിക് അനുഭവത്തിനുള്ള അവസരം സിനിമ പൂർണമായും ഉപയോഗിച്ചിട്ടില്ല.

ശബരീഷ് വര്‍മ, മമ്മൂട്ടി

രസമുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ ജോർജ്. താരപരിവേശങ്ങളില്ലാത്ത ഒരു സാധാരണ പൊലീസുകാരൻ. ഉണ്ടയിലെ എസ്.ഐ. മണികണ്ഠനെ പോലെ. എന്നാൽ കഥയിൽ സ്വാഭാവികമായി വരുന്ന ഹീറോയിസം എടുത്ത് ഉപയോഗിക്കാനും മടിക്കുന്നില്ല. നിസ്സഹായതയുടെ അങ്ങേയറ്റം കാരണം ക്രൈം ചെയ്യുന്ന സ്ത്രീയെ പിടികൂടി ജയിലിലടയ്ക്കുമ്പോഴും, കേരളത്തിൽ നിന്ന് 3000 കിലോമീറ്റർ അകലെ ഒരു കൊടുംകുറ്റവാളിയെ തേടിയെത്തുമ്പോഴും ഒരേ പ്രൊഫഷനൽ സ്വഭാവം നിലനിർത്തുന്ന അടിമുടി വർക്ക് ഹോളിക് ആയ പൊലീസുകാരനാണ് ജോർജ്.

കണ്ണൂർ സ്ക്വാസിലെ മറ്റംഗങ്ങളെ അവതരിപ്പിച്ച റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ എന്നിവരും നന്നായിട്ടുണ്ട്.

വില്ലന്മാരായെത്തിയ രണ്ട് പേരും ഒരു ഇംപാക്ട് ഉണ്ടാക്കാത്തത് പോലെ തോന്നി. എന്നാൽ സിനിമയുടെ പ്രധാന ഫോക്കസ് വില്ലന്മാരുടെ കഥാപാത്രമല്ല, അവരിലേക്കുള്ള വഴിയാണ് എന്നതിനാൽ ഇത് അസ്വാദനത്തെ വലിയ രീതിയിൽ ബാധിക്കുന്നില്ല.

മമ്മൂട്ടിയുടെ തന്നെ ദി ഗ്രേറ്റ് ഫാദർ, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. അതിഗംഭീരമായ ദൃശ്യങ്ങളാണ് ഛായാഗ്രാഹകൻ മുഹമ്മദ് റാഹിൽ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും കാലാവസ്ഥയും ടെറൈനുമടക്കം റാഹിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

സുഷിൻ ശ്യാമിൻറെ മിനിമലിസ്റ്റിക് പശ്ചാത്തല സംഗീതം കണ്ണൂർ സ്ക്വാഡിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. വ്യതിരിക്തമായി എടുത്തു നിൽക്കാതെ സിനിമയുടെ പേസിനൊപ്പം ഇഴുകിച്ചേരുന്നതാണ് മ്യൂസിക്.

Comments