കാന്താര ഹിന്ദുത്വചിത്രമല്ല, അതിനെ കീഴ്‌മേൽ മറിക്കുന്ന കീഴാള ചരിത്രം

ബ്രാഹ്‌മണ്യ ഹിന്ദു ധർമത്തെ അട്ടിമറിക്കുന്ന പ്രകൃതി - മൃഗാരാധനയും, തദ്ദേശീയ സംഗീതവും, പ്രതിരോധത്തിന്റെ ഭാഗമായി ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള ഹിംസയും ഉൾചേരുന്ന ഈ ദൈവശാസ്ത്ര പദ്ധതിയാണ് പലപ്പോഴും ചരിത്രത്തിൽ കീഴാളർ നയിക്കുന്ന വിപ്ലവങ്ങൾക്ക് മൂലധനം. പൂർണമായും കീഴാള മിത്തുകളുടെ ശക്തിയിൽ വളരുന്ന ആഖ്യാനവും, ഒരു ജനതയുടെ തലമുറകൾ കടന്നുള്ള പോരാട്ടങ്ങളുടെ ശുഭകരമായ പര്യവസാനവുമാണീ സിനിമ. നമ്മുടെ രാഷ്ട്രീയ അന്തരീഷം അടിമുടി ഹിന്ദുത്വ ശക്തികളുടെ സ്വാധീനത്തിലാകുന്ന സാഹചര്യത്തിലാണ് കീഴാള രാഷ്ട്രീയം പറയുന്ന സിനിമയുണ്ടാരിക്കുന്നത്.

ചെന്നൈയിൽ നിന്ന് മധുരയ്ക്ക് പോകുന്ന ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ സുഹൃത്തുക്കളുടെ അവശ്യപ്രകാരം ഹരി ഗാനങ്ങൾ മാറ്റി കൊണ്ടേയിരുന്നു. ഒരു പാട്ടിനും ഉദ്ദേശിക്കുന്ന വേഗവും താളവും കിട്ടുന്നില്ല. തമിഴ് ഡപ്പാംക്കൂത്ത് ഗാനങ്ങളിൽ തുടങ്ങി ഗാന, ഒപ്പാരി, പറയടി, കൊമ്പ് വിളി എല്ലാം കഴിഞ്ഞ് അവസാനം എത്തി നിന്നത് കറുപ്പ് സാമി ഭക്തി ഗാനങ്ങളിലാണ്. "പഴയ ഭക്തി ഗാനങ്ങൾ "റീമിക്‌സ്' അടിച്ച് കേട്ടാൽ കിട്ടുന്ന കിക്ക് ഒന്ന് വേറെ തന്നെയാണ്.' ഭക്തിയുമായി ഒരു ബന്ധവും വെച്ച് പുലർത്താത്ത അംബേദ്കറൈറ്റ് - പെരിയാറിസ്റ്റായ ഹരി പറയും. ട്രാൻസ് മ്യൂസിക്ക് കളക്ഷനെന്നാൽ കറുപ്പ് സാമിയുടെ ഉറഞ്ഞു തുള്ളൽ ഗാനങ്ങളാണ് ഹരിയ്ക്ക്.

പുതുതലമുറയുടെ സംഭാവനയെന്നോണം "മെറ്റൽ - റോക്ക്' സംഗീതം കൂടി ചേർന്നാൽ തളർന്നു കിടക്കുന്നവനും നിവർന്ന് നിന്ന് തുള്ളും. ഗാനം ഉച്ചത്തിൽ വെച്ച് ആട്ടം തുടങ്ങി. ബസിൽ മുൻപിലായി സെൽവനാഥൻ സാറ് ഇരിക്കുന്നതുകൊണ്ട് പിന്നിലാണ് ആട്ടം. ആടി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ കൂട്ടത്തിൽ ഒരുത്തൻ ഉറഞ്ഞു തുള്ളുന്നു. അലർച്ചയുടെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരും പിന്നിലേക്ക് തിരിഞ്ഞു. കക്ഷി ആൽവിനാണ്. തിരുനെൽവേലിക്കാരൻ. ചുടലമാടനും, മുത്താരമ്മനും, ചന്ദനമാരിയമ്മനും, സൂരപിടാരി അമ്മനുമെല്ലാം ചേർന്ന് സംരക്ഷിക്കുന്ന നാട്ടിൽ നിന്ന് ചെന്നൈയിൽ പഠിക്കാനെത്തിയ ആൽവിൻ, നാക്ക് വളച്ചങ്ങനെ നിന്ന് ഉറയുകയാണ്. കണ്ണിലെ കൃഷ്മണികൾ മറിയുന്നതും, കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നതും കാണാം. മുഷ്ടി ചുരുട്ടി നിന്ന് കൂകി വിളിക്കുന്ന ആൽവിന്റെ മുഖത്ത് ചൂട്ടിയില്ല എന്നത് മാത്രമാണ് ഒരു കുറവ്. തുള്ളൽ കൂടുന്ന വേഗത്തിൽ പിന്നിലുള്ള രണ്ടു പേർ ആൽവിനെ പിടിച്ചു.

"വായ തുറപ്പിക്കണം, ഇല്ലേൽ കറുപ്പൻ നേർച്ചയായി ഇവന്റെ നാവ് മുറിക്കും' കൂട്ടത്തിൽ ആരോ പറഞ്ഞു. നാവ് മുറിയാതെ നോക്കാൻ എല്ലാരും ചേർന്ന് പിടിക്കുമ്പോൾ ആൽവിന് ബോധമില്ല. പിന്നിൽ നടക്കുന്ന കാഴ്ചയെല്ലാം കണ്ട് സാറ് പാട്ട് നിർത്തിച്ചു. എല്ലാരോടും മാറി നിൽക്കുവാൻ പറഞ്ഞുകൊണ്ട് അദ്ദേഹം ആൽവിന്റെ പക്കൽ ഓടിയെത്തി നെറ്റിയിൽ കുരിശ് വരച്ചു. ഏതാണ്ട് രാത്രിയായ സമയത്തും അദ്ദേഹം ഡ്രൈവറോടായി അടുത്തുള്ള പള്ളിയിലേക്ക് വണ്ടി വിടണം എന്നാവശ്യപ്പെട്ടു.

"കറുപ്പനെ നേരിടാൻ ഈശപ്പനോ?'. ആരോ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു ചിരിച്ചു.

സീറ്റിൽ പിടിച്ചിരുത്തിയ ആൽവിൻ തളർന്നുറങ്ങുകയായി. പള്ളിയിൽ എത്തും മുൻപേ ഉണർന്നു വിശപ്പറിയിച്ച അവൻ, അന്നത്തെ രാത്രി തനിക്ക് മാത്രമല്ല കറുപ്പ് സാമിക്ക് കൂടി ചേർത്താണ് ഭക്ഷണം കഴിച്ചത്.

"ഭയങ്കരമാന പസി' അത്താഴം കഴിക്കുമ്പോൾ ആൽവിൻ പറഞ്ഞുകൊണ്ടേയിരുന്നു.

2013-2014 കാലഘട്ടത്തിൽ ജാതിയുടെ പേരിൽ അതിഭീകരമായ അടിച്ചമർത്തലുകൾ നേരിടുകയും കൂട്ടമായി മതം മാറുകയും ചെയ്ത സമുദായത്തിന്റെ ഭാഗമാണ് ആൽവിൻ. നാട്ടുദൈവങ്ങളെ ഹിന്ദുക്കളാക്കി മാറ്റിയപ്പോൾ ഹിന്ദു മതത്തിൽ തങ്ങളുടെ സ്ഥാനം എന്താവും എന്ന് ബോധ്യമുള്ളതു കൊണ്ട് ക്രിസ്തുമതത്തിലേക്ക് മാറിയവർ. കാലങ്ങൾക്കിപ്പുറവും ഭക്തിയും, പ്രതിഷേധവും ഉറഞ്ഞാടി തീർക്കുന്ന താളബോധം ഇന്നും ഉള്ളിന്റെ ഉള്ളിൽ കാത്ത് സൂക്ഷിക്കുന്നവർ. തരം കിട്ടുമ്പോൾ ആടുന്നത് കൈ കാലുകളെ സ്വതന്ത്രമാക്കുവാനാണ്, ഗ്രാമത്തിൽ ജീവിക്കുമ്പോൾ ഭയത്തോടെ ചുരുങ്ങിയിരുന്ന പേശികൾ അത്രയും ആടുമ്പോൾ സ്വതന്ത്രമാകുന്നു. താളത്തിൽ മുഴുകുമ്പോൾ തങ്ങളുടെ പിതൃക്കൾ നേരിട്ട ഭീകരമായ ഹിംസയെ അവർ ഓർക്കും, പ്രതികാരം എന്ന ബോധം മനസിൽ ഉണർന്നു വരുമ്പോൾ മനസ് ചാഞ്ചാടി ഒരു നാട്ടു ദൈവത്തെ ക്ഷണിച്ചു വരുത്തുന്നു. പിന്നെ ആ ആട്ടത്തിൽ മുഴുകുന്നു. മനസ്സിൽ കെട്ടി വെച്ചിരുന്ന മോഹഭംഗങ്ങൾ അത്രയും ആടി തീർക്കും. ചോരയ്ക്ക് ചോര എന്ന ദാഹത്തെ സ്വന്തം ശരീരത്തിന്റെ ഉറഞ്ഞു തുള്ളലിലൂടെ പുറത്തേയ്ക്ക് കളയുന്നു. ബാധ കേറുകയെന്നാൽ പോരാട്ടവും, സംഗീതവും, ദൈവശാസ്ത്രവും ഇഴുകിചേർന്ന് നിൽക്കുന്ന ആട്ടമാണ്. ചരിത്രത്തിൽ ഉടനീളം ബ്രാഹ്‌മണ്യ അധിനിവേശ സംസ്‌ക്കാരത്തിന്റെയും ഭരണകൂടത്തിന്റെയും പല വിധേനെയുള്ള ഹിംസകൾ നേരിടുന്ന ജനത കണ്ടെത്തുന്ന ശക്തിമത്തായ വിടുതൽ മാർഗം. പ്രാചീനം എന്ന് കരുതി മാറ്റി നിർത്തുന്ന രാഷ്ട്രീയത്തിന്റെ ഈ ദൈവശാസ്ത്രം വളരെ കാലങ്ങൾക്ക് ശേഷം ഇന്ത്യയിൽ ഒരു ജനകീയ സിനിമയുടെ കേന്ദ്ര പ്രമേയമായി മാറിയ സാഹചര്യത്തിലാണ് കുറച്ച് കാലങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവം ഞാൻ ഓർത്തെടുക്കുന്നത്.

കന്നടയിൽ നിന്നും മൊഴി മാറ്റി മലയാളത്തിലെത്തിയ "കാന്താര' യാണ് ആ ജനകീയ ചലച്ചിത്രം. ഭക്തി സിനിമകൾക്ക് ജനങ്ങളുടെ ഇടയിൽ തീരെ സ്വാധീനമില്ലാത്ത നേരത്ത് ഒരേ സമയം ഭക്തിയും, മിത്തും, ഹിംസയും, രാഷ്ട്രീയപ്രതിരോധവും, പ്രകൃതി സംരക്ഷണവുമെല്ലാം ചേർന്ന് വരുമ്പോൾ രണ്ടര മണിക്കൂർ ദൈർഘ്യം വരുന്ന സിനിമ ഒരു "ഹിസ്റ്റോറിക്കൽ ടെക്സ്റ്റായി' മാറുന്നുണ്ട്. വ്യക്തമായ കാലഗണനയിൽ തുടങ്ങി സംസ്‌ക്കാരവും, കഥ നടക്കുന്ന ഭൂമികയും വളരെ വ്യക്തമായി അടയാളപ്പെടുത്തുമ്പോൾ ഒരേ സമയം തദ്ദേശീയവും ആഗോളവുമായി സിനിമയുടെ പ്രമേയം മാറുന്നു. ദക്ഷിണ കർണാടകത്തിന്റെ തനത് സംസ്‌ക്കാരം ഭൂതക്കോലത്തിലൂടെ അവതരിപ്പിക്കുമ്പോൾ മനുഷ്യനും - മനുഷ്യനും തമ്മിൽ, മനുഷ്യനും-പ്രകൃതിയും തമ്മിൽ നടക്കുന്ന സംഘർഷങ്ങൾ കഥയുടെ ഭാഗമാകുന്നുണ്ട്.
മിത്തിക്കൽ സ്വഭാവത്തിൽ ആരംഭിക്കുന്ന കഥയുടെ ആഖ്യാനം മൂന്ന് കാലങ്ങളിലൂടെ കടന്നു പോകുന്നു . 1847, 1970, 1990 എന്നിവയാണ് അവ.
"കാന്താര' കുന്ദാപുരത്തിന്റെ ഐതിഹ്യം എന്ന തലക്കെട്ട് വരുമ്പോഴും ആഖ്യാനത്തിൽ വ്യക്തമായി കാലത്തെ അടയാളപ്പെടുത്തുന്നത് ആഖ്യാനത്തിന് കൂടുതൽ ആധികാരികത നൽകുന്നു. കഥാപാത്രങ്ങളുടെ പേരുകളിൽ മിത്തിക്കൽ അംശങ്ങൾ നിലനിർത്തുമ്പോഴും കാലം നിയന്ത്രിക്കുന്ന ചട്ടക്കൂടിൽ (കാലഗണനയിൽ) കഥയെ നിർത്തുമ്പോൾ ഒരേ സമയം സിനിമ സ്വയം ചരിത്രാഖ്യാനം നടത്തുകയും, മുഖ്യധാരാ ചരിത്രാഖ്യാനങ്ങളുടെ നിയമങ്ങളെ ലംഘിക്കുകയും ചെയ്യുന്നു. ഒരേ സമയം ചരിത്രം ലംഘിക്കുകയും, ചരിത്രമാകാൻ ശ്രമിക്കുകയും ചെയ്യുന്ന മിത്തുകളെ പോലെ "കാന്താര' കാഴ്ചക്കാരെ സ്വാധീനിക്കുന്നതിൽ അത്ഭുതമില്ല. ഉഡുപ്പി ജില്ലയിലെ കുന്ദാപുര താലൂക്കിലെ കേരാടി എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഗ്രാമം കേന്ദ്രമാകുമ്പോഴും കഥയുടെ സ്വഭാവം ദക്ഷിണ കർണാടകത്തെ മുഴുവനായും ഉൾകൊള്ളുന്ന രീതിയിലാണ്.

മനസിന്റെ ശാന്തിക്കായി കഥയുടെ തുടക്കത്തിൽ കാട്ടിലേക്ക് യാത്ര തിരിക്കുന്ന രാജാവ് കാലഘട്ടവുമായി ചേർത്ത് വെക്കുമ്പോൾ ദക്ഷിണ കർണാടകം ഭരിച്ചിരുന്ന ഭൂതല പാണ്ട്യൻ എന്ന മിത്തിക്കൽ രാജാവുമായി സാദൃശ്യങ്ങൾ പുലർത്തുന്നുണ്ട്. ഭൂത, അലുപ, പാണ്ട്യ എന്നിങ്ങനെ മൂന്ന് വാക്കുകളുടെ കൂട്ടിച്ചേർക്കലുകളാണ് "ഭൂതലപാണ്ട്യൻ' എന്ന് ചരിത്രകാരന്മാർ മനസിലാക്കുന്നുണ്ട്. ഭൂതദൈവത്തെ തുളുനാട്ടിൽ ആരാധിച്ചിരുന്ന മനുഷ്യരിൽ നിന്നും ഭൂതത്തെ സ്വന്തം ദൈവമാക്കി മാറ്റിയ പാണ്ട്യ, അലുപ വംശവുമായി ബന്ധമുള്ള രാജാവ് യഥാർത്ഥത്തിൽ അധിനിവേശത്തിന്റെ അധികാരരൂപമാണ്. രക്തച്ചൊരിച്ചിൽ ഏതും കൂടാതെ ആദിവാസി സംസ്‌ക്കാരത്തെ അധീശസംസ്‌ക്കാരത്തിന്റെ ഭാഗമാക്കുന്ന രാജാവ്, കാട്ടിലെ ദൈവത്തെ ഏറ്റെടുക്കുന്നതിലൂടെ കാടിലേക്കുള്ള വഴി കൂടി തെളിച്ചെടുക്കുന്നു.

ആര്യ- ദ്രാവിഡ വ്യത്യാസം വ്യക്തമാകുമ്പോഴും ദ്രാവിഡ ഭൂതത്തെ - ദൈവത്തെ പൂർണമായും ദൈവത്തിന്റെ അനുവാദത്തോടെയാണ് രാജാവ് സ്വന്തം ഭരണകേന്ദ്രത്തിലേക്ക് വരുത്തുന്നത്. കാട്ടിലെ ഒരു ആദിവാസി വിഭാഗത്തിൽ നിന്നും (സ്ഥലവും കാലവും ചേർത്ത് വെക്കുമ്പോൾ കൊറഗ ആദിവാസി വിഭാഗങ്ങളെ ഓർമിപ്പിക്കുന്നവർ) ഭൂമിയുടെമേലുമുള്ള അവരുടെ അവകാശത്തിന് പകരമായി അവരുടെ ദൈവത്തെ (കല്ലിന്റെ രൂപത്തിൽ ആരാധിച്ചു പോന്നിരുന്ന പഞ്ചുരുളിയും, ഗുളികനെയും) ഭൂതല പാണ്ട്യൻ എന്ന മിത്തിക്കൽ രാജാവ് സ്വന്തം കൊട്ടാരത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുമ്പോൾ മതപരമായും സാംസ്‌കാരികമായും ദക്ഷിണ കർണാടകം ശ്രേണീകരിക്കപ്പെടുകയാണ്. ആദിവാസികളിൽ വെളിപ്പെടുന്ന പഞ്ചുരുളി എന്ന പന്നിരൂപദൈവം തന്റെ കൂടെ ഗുളികനുമുണ്ടാകും എന്ന് രാജാവിനെ ഓർമിപ്പിക്കുന്നു. എത്ര തന്നെ സംസ്‌കൃതവൽക്കരിക്കപ്പെട്ടാലും തന്റെ കൂടെയുള്ള ഗുളികൻ സ്വന്തം സ്വഭാവത്തിൽ മാറ്റമേതും വരുത്തില്ല എന്ന മുന്നറിയിപ്പ് കൂടി അതിൽ ഉൾപ്പെടുന്നു. പഞ്ചുരുളി - ഗുളിക ബന്ധം ഏതാണ്ട് ദൈവവും- പാതി ദൈവവും തമ്മിലുള്ള വ്യത്യാസം നിലനിർത്തുന്നു. ദക്ഷിണ കർണാടകത്തിൽ ഒരുമിച്ച് ആരാധിക്കപെടുമ്പോഴും പഞ്ചുരുളി സാത്വീക രൂപത്തിലാണ് അവതരിപ്പിക്കപ്പെടുക. കാട്ടുപന്നി ദൈവമാകുന്ന പ്രാചീന പ്രകൃത്യ ആരാധനയിൽ നിന്ന് വിഷ്ണുവുമായി പിന്നീട് ബെന്ധപെടുത്തിയെടുക്കുന്ന പഞ്ചുരുളി ധാർമികതയെ നിലനിർത്തുന്ന ശക്തിയാണ്. ഭൂതരൂപങ്ങളിൽ സാത്വീകഗുണവും നിലനിർത്തുന്നതും എന്നാൽ ഏറ്റവും പഴക്കം ചെന്നതുമായ സങ്കൽപ്പമാണിത്. മനുഷ്യരെ പോലെ തന്നെ ചില പ്രത്യേക സ്വഭാവങ്ങൾ വെച്ച് പുലർത്താറുള്ള ഭൂതങ്ങളിൽ പഞ്ചുരുളിയും പെടുന്നു. (1) അമ്മയെ ബഹുമാനമില്ലാത്ത മക്കളെയും, (2) പ്രായമായ മാതാപിതാക്കളെ ശുശ്രൂഷിക്കാത്ത മക്കളെയും, സാധുജനങ്ങളെ സഹായിക്കാത്ത മനുഷ്യരെയും (3) അവിഹിതങ്ങളിൽ ഏർപ്പെടുന്ന ഭർത്താക്കന്മാരെയും (4) ജാതിയുടെയോ വംശത്തിന്റെയോ പേരിൽ വിവേചനം കാട്ടുന്നവരെയും പഞ്ചുരുളിയുടെ കോപത്തിന് കരണഭൂതരാകും എന്നാണ് വിശ്വാസം. 1970 കളിൽ ദക്ഷിണ കർണാടകത്തിൽ നടന്ന ഒരു സാംസ്‌കാരിക സെൻസസിൽ നിന്നും ലഭ്യമായ ഈ വിശ്വാസങ്ങളിൽ കീഴാള വിശ്വാസങ്ങളുടെ ഏടുകൾ കാണാം. അമ്മയുടെ - സ്ത്രീകളുടെ പ്രാധാന്യത്തിൽ തുടങ്ങി ജാതിപരമായ വേർതിരിവുകളിൽ രോഷം കൊള്ളുന്ന പഞ്ചുരുളി പക്ഷേ ശാന്തനാണ്. ആ ശാന്തരൂപത്തിന്റെ മറ്റൊരു വശമാണ് ഗുളികനായി വരുന്നത്. ഹിംസയുടെ രാഷ്ട്രീയം പ്രതിരോധമായി കണക്കാക്കുന്ന ലക്ഷണമൊത്ത കീഴാളദൈവ- ഭൂതമാണ് ഗുളികൻ."കാന്താര' എന്ന കാട്ടിൽ സംഭവിക്കുന്നതും ഈ രണ്ട് ദൈവങ്ങൾ തമ്മിലുള്ള വൈരുധ്യങ്ങളുടെ സമാപനമാണ്. ആ വൈരുധ്യം അച്ഛനിലും മകനിലും തുടർന്ന് കഥ കേൾക്കുന്ന പുതിയ തലമുറയിലേക്കും വളരുന്നു.

1847നും 1970നും ഇടയിലുള്ള മാറ്റത്തെ സംവിധായകൻ ചുരുക്കിക്കാട്ടുന്നത് പഞ്ചുരുളി ദൈവത്തിന്റെ ആരാധനയിലും മറ്റ് അനുബന്ധ ചടങ്ങുകളിലും കടന്നു വന്ന സങ്കീർണതകളെ ദൃശ്യവൽക്കരിക്കുന്നതിലൂടെയാണ്. കോലം കെട്ടാൻ തന്നെ ഒരു പ്രത്യേക ജാതിയിൽ പെട്ട കുടുംബവും, കോലം തുള്ളലുമായി ബന്ധപെട്ടു നടക്കുന്ന ആചാരങ്ങൾ നിർവഹിക്കുന്നത് പല ജാതിയിൽ പെട്ട, പല മതത്തിൽപ്പെട്ടവരുമാകുന്നു. കോലം തുള്ളുന്ന നേരം വെടിമരുന്ന് പ്രകടനം നടത്തുക എന്നത് മുസ്ലിം മതവിശ്വാസിയായ കഥപാത്രത്തിന്റെ കർമ്മവും - അവകാശവുമായി മാറുന്നത് ശ്രദ്ധിക്കുക. സമൂഹത്തിന്റെ പല തട്ടുകളിൽ ജീവിക്കുന്ന മനുഷ്യരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഭൂതക്കോലം 1970-ൽ നടക്കുമ്പോൾ മുൻപ് സംസ്‌കൃതവൽക്കരണത്തിന് സാധ്യതകൾ ഒരുക്കി തന്ന ഭരണകേന്ദ്രം മാറിയിരിക്കുന്നതായി കാണാം. ജനാധിപത്യ ഭരണകൂടം അധികാരം പ്രയോഗിക്കുന്ന സമയത്ത് ആദിവാസികൾ നേരിടുന്നത് പണ്ടത്തെ രാജാവിന്റെ സഹായികളായി വർത്തിച്ചിരുന്ന പുതിയ ഭൂവുടമകളെയാണ്. രാജാവ് മാറി പകരം ദക്ഷിണ കർണാടകയിൽ സമ്പത്ത് കൊണ്ട് പ്രബലമായ ജാതികൾ ആദിവാസികളിൽ നിന്നും സ്ഥലം ഏറ്റെടുക്കുന്ന കാലമാണിത്. അത്തരമൊരു സ്ഥലമേറ്റെടുക്കൽ നടപടിയുമായി കോടതിയെ സമീപിക്കുവാൻ പോകുന്ന ഭൂവുടമ പക്ഷേ രക്തം ഛർദിച്ചു മരിക്കുകയാണ്. ആ പ്രവചനം നടത്തിയ കോലം കാട്ടിലേക്ക് പോയി പഞ്ചുരുളിയുടെ ശക്തി നാട്ടാരുടെ മുൻപിൽ തെളിയിക്കാനെന്നോണം ഓടി മറയുകയാണ്, അഥവാ കാടിൽ അലിഞ്ഞുതീരുകയാണ്. സ്വയം ആത്മാഹൂതി നടത്തികൊണ്ട് സ്ഥലം കൈയ്യേറുവാൻ വന്ന ഭൂവുടമയെ ഇല്ലാതാക്കിയത് മിത്തിക്കൽ രീതിയിൽ അവതരിപ്പിക്കുമ്പോഴും പ്രതിരോധത്തിൽ ഹിംസയുടെ പ്രാധാന്യം കഥ തള്ളിക്കളയുന്നില്ല.

കോലം കെട്ടി നിന്ന് വെളിപാടുകൾ പറഞ്ഞിരുന്ന അച്ഛൻ കാട്ടിലേക്ക് ഓടി മറഞ്ഞ ഓർമ്മ, കഥയിലെ 1990 കാലഘട്ടത്തിൽ നായകനായ ശിവയെ കോലം കെട്ടുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. ഇപ്പോൾ ഭൂതക്കോലം കെട്ടുന്നത് ശിവന്റെ സഹോദരനായ ഗുരുവാനാണ്. ഗുരുവനിൽ നിന്നും ഭൂതക്കോലം ശിവനിലേക്ക് എത്തി ചേരുന്ന അവസ്ഥ കഥയുടെ പ്രധാന ഭാഗമാണ്. ജാതി വ്യക്തമായി പറയപെടുന്നില്ലെങ്കിലും കഥാപാത്രങ്ങളുടെ പേരുകളിലെ സ്ഥലനാമങ്ങൾ ജാതിയിലെ ഉച്ചനീചത്വങ്ങൾ വ്യക്തമാകുന്നതാണ്. കഥയിലെ നായകൻ ശിവ, കാദബെട്ടു ശിവയാണ്. കംബള എന്ന് കന്നഡത്തിൽ അറിയപ്പെടുന്ന പോത്തോട്ട മത്സരത്തിൽ വിജയിക്കുന്ന നായകൻ പ്രതിനിധാനം ചെയ്യുന്നത് ദക്ഷിണ കന്നഡയിലെ ബന്ധുവാൾ താലൂക്കിലെ കാദബെട്ടു എന്ന ഗ്രാമത്തെയും അവിടെ ജീവിച്ചുവരുന്ന ജനവിഭാഗങ്ങളെയുമാണ്. ദക്ഷിണ കന്നഡയിലെ ഭൂതസ്ഥാനങ്ങളിൽ ഏറ്റവും പഴക്കമേറിയ ഭൂതസ്ഥാനം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.

മംഗലത്താമാരു, ജുമാടി, ഗുളിക, കൊറഗ - കൊറത്തി എന്നിങ്ങനെ അനേകം നാട്ടു ദൈവസങ്കല്പങ്ങൾ നിലനിൽക്കുന്ന ഇടം. കൊറഗ - കൊറത്തി രൂപമാണ് ഏറ്റവും പഴക്കമേറിയ ഭൂതസങ്കൽപ്പം. പാരമ്പര്യമായി കൃഷി പണിയിൽ ഏർപ്പെടുന്ന മൂലേട ഹോയേലാസ് എന്ന ജാതിക്കാരാണ് ഇവിടെ ഭൂരിപക്ഷം വരുന്ന ജനങ്ങൾ. പാരമ്പര്യമായി കൃഷിപണി ചെയ്യുന്ന തൊഴിലാളികൾ. ഈ തൊഴിലാളികളിൽ പലരും പല നാട്ടുപ്രമാണി കുടുംബങ്ങളുമായി ബന്ധപെട്ടു നിൽക്കുന്നവരാണ്. ഇത്തരം ഇടങ്ങളിൽ സമ്പത്തിലും ഭൂവുടമസ്ഥതിയിലും പ്രബലരായ ജാതികളാകും നാട്ടുപ്രമാണികൾ. ശ്രേണികരിക്കപ്പെട്ട ജാതി വ്യവസ്ഥയിൽ ഉയരുവാൻ വേണ്ടി ഇവരും പല ദ്രാവിഡ ആചാരങ്ങളെയും അതിന്റെ സംസ്‌കൃതവൽക്കരിക്കപ്പെട്ട രൂപത്തിൽ ആരാധിക്കുന്നു.

ചലച്ചിത്രത്തിലെ വില്ലനായ കഥാപാത്രം ദേവേന്ദ്ര സുട്ടൂർ അത്തരമൊരു നാട്ടുപ്രമാണിയാണ്. സുട്ടൂർ ഗ്രാമത്തെ പ്രതിനിധാനം ചെയ്യുന്ന നാട്ടുപ്രമാണി. മൈസൂർ ജില്ലയിലെ നഞ്ഞങ്ങാട് താലൂക്കിലെ ഈ പ്രദേശം സുട്ടൂർ മഠത്തിന് പേര് കേട്ട ഇടമാണ്. ശിവൻ അഥവാ പശുപതി എന്ന ദൈവസങ്കല്പത്തെ പൂർണമായും ബ്രാഹ്‌മണവൽക്കരിച്ച് അവതരിപ്പിക്കുന്ന സുട്ടൂർ മഠം ദക്ഷിണ കർണാടകത്തിലെ ബ്രാഹ്‌മണ്യ സംസ്‌ക്കാരത്തിന്റെ പ്രഭവകേന്ദ്രമാണ്. ഹിന്ദുത്വ സ്വഭാവം പുലർത്തുന്ന പല രാഷ്ട്രീയ നേതാക്കൾക്കും പ്രീയപെട്ടതായ ഈ മഠവും, മഠം സ്ഥിതി ചെയ്യുന്ന ഇടത്തിന്റെ പേരും സിനിമയിൽ വില്ലനോടൊപ്പം ചേർത്തിരിക്കുന്നത് യാദൃശ്ചികമല്ല. ശിവന്റെ തന്നെ ബ്രാഹ്‌മണികവും ദ്രാവിഢവുമായ സങ്കൽപ്പങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങളെ ചൂണ്ടി കാണിക്കുമ്പോൾ അവർ തമ്മിൽ നേർക്ക് നേർ വരുന്നതാവും കഥാന്ത്യം എന്ന് ഊഹിക്കാവുന്നതേയുള്ളു. നായകനായ ശിവൻ കാണുന്ന സ്വപ്നങ്ങളും, ഞെട്ടലുകളുമെല്ലാം ഒരു ജനസമൂഹം നേരിട്ട , നേരിട്ട്‌കൊണ്ടിരിക്കുന്ന മാനസികപിരിമുറുക്കങ്ങളുടെ അവതരണമാണ്. പൂർണ മനുഷ്യനായി ജീവിക്കുന്ന ദ്രാവിഡ ശിവനെ സിനിമയുടെ ആദ്യഭാഗം വളരെ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഭൂതകോലം കെട്ടി ആടുമ്പോൾ ബാധ കേറുന്നത് ആടുന്നവന് മാത്രമല്ല കണ്ടു നിൽക്കുന്ന ഭക്തർക്കും കൂടിയാണ്. ഭൂതക്കോലത്തോടൊപ്പം പോത്തോട്ടവും, കോഴിയങ്കം എന്ന് തുളുവിൽ വിളിക്കുന്ന കോഴി പോരും അവതരിപ്പിക്കപ്പെടുന്നത് ഈ ദ്രാവിഡ ശിവന്റെ ഇഷ്ട്ടവിനോദങ്ങളായാണ്. വാറ്റിയ ചാരായവും, വേട്ടയാടിയ കാട്ടുപന്നിയുടെ ഇറച്ചിയും, കഞ്ചാവും ഉപയോഗിക്കുന്ന ശിവൻ തന്റെ പ്രദേശം ഭരണകൂടം അളന്നുമുറിക്കുമ്പോഴാണ് ഫോറസ്റ്റ് ഓഫീസറായ മുരളീധരനോടായി ഇടയുന്നത്. മതപരമായ ആചാരങ്ങളിൽ വിശ്വാസമില്ലാത്ത ഫോറസ്റ്റ് ഓഫീസർ ഭരണകൂടം നിർദേശിക്കുന്ന എല്ലാ നിയമങ്ങളും അക്ഷരംപ്രതി നടപ്പാക്കുവാൻ ശ്രമിക്കുന്നു. അത്തരം ശ്രമങ്ങൾ കലാശിക്കുന്നത് ഫോറസ്റ്റ് ഓഫീസറും ഗ്രാമവാസികളും തമ്മിൽ നടക്കുന്ന തുറന്ന സംഘട്ടനത്തിലാണ്.

തദ്ദേശീയരും ഭരണകൂടവും നേർക്ക് നേർ വരുമ്പോൾ ഭൂമിയുടെ ഉടമസ്ഥാവകാശം കൈവശം വെക്കുന്നതിൽ മിടുക്ക് കാണിക്കുന്നത് നാട്ടുപ്രമാണിയായി നിൽക്കുന്ന ദേവേന്ദ്ര സുട്ടൂരാണ്. സംഘട്ടനം മുറുകുമ്പോൾ ഭൂതക്കോലം കെട്ടാറുള്ള ഗുരുവനെ (നായകന്റെ സഹോദരനെ) സ്വാധീനിക്കുവാൻ നാട്ടുപ്രമാണി ശ്രമിക്കുന്നുണ്ട്. തദ്ദേശീയമായ മുതലാളിത്തം മത നേതാക്കളെ, മതം പ്രയോഗിക്കുന്നവരെ സ്വകാര്യ ലാഭത്തിനായി ഉപയോഗിക്കുന്ന സാഹചര്യം. വഴങ്ങാതെ വരുന്ന ഗുരുവനെ കൊലപ്പെടുത്തുന്ന നേരം മുതൽക്കേയാണ് കഥയുടെ ഗതി നാട്ടുപ്രമാണിക്കെതിരെ തിരിയുന്നത്. ഭരണകൂടം - നാട്ടുപ്രമാണി- തദ്ദേശീയർ എന്നിങ്ങനെ ഭൂമിയുടെ മേലുള്ള അവകാശത്തിൻ പേരിൽ സംഘർഷം മുറുകുമ്പോൾ കാടുമായി ബന്ധപെട്ടു നടക്കാറുള്ള ആചാരങ്ങളും, തദ്ദേശീയമായ മതാനുഷ്ഠാനങ്ങളും കാടിന്റെ സംരക്ഷണം കൂടി ലക്ഷ്യം വെച്ച് കൊണ്ടുള്ളവയാണ് എന്ന ബോധ്യം ഫോറസ്റ്റ് ഓഫീസർക്ക് ഗ്രാമീണരോടുള്ള മനോഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നുണ്ട്. ഗ്രാമവാസികളെ മുൻനിർത്തി ദേവേന്ദ്രൻ കാടിന്റെ പല ഭാഗങ്ങളും കൈയ്യെറി കഴിഞ്ഞു എന്ന വിവരം കൂടി ലഭിക്കുമ്പോൾ ഫോറസ്റ്റ് ഓഫീസറും ഗ്രാമവാസികളും ഒറ്റകെട്ടായി നാട്ടുപ്രമാണിക്കെതിരെ തിരിയുന്നു. ഭൂതക്കോലം വീണ്ടും നായകനായ ശിവനെ ആവേശിക്കുന്ന അവസരവും ഇത് തന്നെയാണ്.

ദ്രാവിഡ ശിവനും ഭരണകൂടവും നേരിടുന്നത് ബ്രാഹ്‌മണ്യത്തെയാണ്. ശിവനും മുരളീധരനെന്ന ഫോറസ്റ്റ് ഓഫീസറും ചേർന്ന് ദേവേന്ദ്രനെ എതിരിടുന്ന കാഴ്ചയാണ് പിന്നീട് സിനിമയിൽ ആവിഷ്‌ക്കരിക്കപ്പെടുന്നത്.. വൈദിക ബ്രാഹ്‌മണ്യത്തിൽ ദേവേന്ദ്രനുണ്ടായിരുന്ന സ്ഥാനം വളരെ പ്രധാനമാണ്. ഇന്ദ്രനെ പുരന്ധരൻ എന്ന പേരിട്ടത് സിന്ധു നദീതട സംസ്‌ക്കാരത്തിന്റെ നിർമ്മിതികളായ നഗരങ്ങളുടെയും സംസ്‌കാരത്തിന്റെയും അന്തകൻ എന്ന അർത്ഥത്തിലാണ്. ആ ദേവേന്ദ്രനെ ആക്രമിക്കുന്ന ശിവൻ കിഴാള ശിവനാണ്. പഞ്ചുരുളിയെ മാത്രം കോലത്തിന്റെ രൂപത്തിൽ കണ്ടവർക്ക് മുൻപിൽ ആദ്യമായി ഗുളികൻ വരുകയും ദേവേന്ദ്രൻ എന്ന ഭൂവുടമയെ വധിക്കുകയും ചെയ്യുന്നുണ്ട്. ഈ വധത്തിന് ശേഷം പഞ്ചുരുളിയായി കോലം കെട്ടുന്ന ശിവയെ നമുക്ക് കാണാം. ഭൂതക്കോലം കെട്ടുമ്പോൾ ഉണ്ടാകുന്ന വാദ്യോപകരണങ്ങളുടെ സംഗീതത്തെ നിശബ്ദമാക്കി തൽസ്ഥാനത്ത് സംസ്‌കൃത വാക്കുകൾ ഉപയോഗിക്കുന്നു എന്നതാണ്. തുളുവിലുള്ള പദാനങ്ങളിൽ ഒന്ന് മാത്രമാണ് സിനിമയിൽ ഉപയോഗിച്ചിട്ടുള്ളത്. തുളുവിലുള്ള വെളിപാടുകൾ, കന്നഡയിലുള്ള ഡയലോഗുകൾ, സംസ്‌കൃതത്തിലുള്ള വരികൾക്ക് ഇണം നൽകിയ വരാഹരൂപം എന്ന ഗാനം പഞ്ചുരുളി വെളിപ്പെടുന്നതിനുള്ള പശ്ചാത്തല സംഗീതമാകുമ്പോൾ ദൃശ്യമായി ഭൂതക്കോലത്തിന്റെ തനത് വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നത് കാണാം.

കാഴ്ചക്കാരനെ പഞ്ചുരുളിയിലൂടെ ഭക്തിയിലേക്ക് കടത്തുകയും തുടർന്ന് ഗുളികനിൽ എത്തി ബാധ കേറി തുള്ളുന്നു. തുള്ളലിന്റെ അവസാനം ദേവേന്ദ്രനെ ചാടി വെട്ടുന്ന കാഴ്ച മാത്രമാണ് കാഴ്ചക്കാരന് കാണുവാൻ സാധിക്കുക. തല മുറിഞ്ഞു എന്ന "ഇമ്പാക്ട്' ഉണ്ടാക്കിയ ശേഷം കട്ട് വീഴുകയും തിരിച്ചു പഞ്ചുരുളിയിലേക്ക് നായകനായ ശിവൻ എത്തി ചേരുകയും ചെയ്യുന്നു. ചുറ്റും നിൽക്കുന്ന ഫോറസ്റ്റ് ഓഫീസറെയും, ജനപ്രതിനിധികളെയും, തദ്ദേശീയരെയും നെഞ്ചോട് ചേർത്ത് നിറുത്തിയതിന് ശേഷം പഞ്ചുരുളി കാടിലേക്ക് ഓടി മറയുകയാണ്. ഓട്ടത്തിൽ പണ്ട് കാട്ടിലേക്ക് അലിഞ്ഞു ചേർന്ന പിതാവിനെയും ശിവൻ കാണുന്നുണ്ട്. പൂർണമായും കീഴാള മിത്തുകളുടെ ശക്തിയിൽ വളരുന്ന ആഖ്യാനവും, ഒരു ജനതയുടെ തലമുറകൾ കടന്നുള്ള പോരാട്ടങ്ങളുടെ ശുഭകരമായ പര്യവസാനവുമാണീ സിനിമ. ബാധ കേറി സ്വയം ഇല്ലാതാകുന്ന സ്ഥിതി കാട്ടിലേക്ക് തിരിച്ച് പോകുന്ന മനുഷ്യനെ കാട്ടി തരുന്നു. കഥാവസാനം സിനിമയുടെ തുടക്കം മുതൽ ശിവൻ പഞ്ചുരുളിയായി കാട്ടിലേക്ക് ഓടി മറയുന്നത് വരെയുള്ള ആഖ്യാനം പ്രേക്ഷകരെ പോലെ തന്നെ കേട്ടിരിക്കുന്ന ശിവന്റെ മകനെയും തുടക്കം മുതലേയുള്ള ആഖ്യാനത്തിന് വെളിയിൽ നിന്ന് കൊണ്ട് കാട്ടി തരുന്നുണ്ട് . മുൻതലമുറയുടെ പോരാട്ടത്തിന്റെ ചരിത്രം ഹിംസയും, സംഗീതവും, ബാധ കേറലുമടങ്ങിയ ഒരു ദൈവശാസ്ത്ര പദ്ധതിയാകുന്ന സഞ്ചയത്തെ സിനിമ വരച്ചിടുന്നുണ്ട്.

ബ്രാഹ്‌മണ്യ ഹിന്ദു ധർമത്തെ അട്ടിമറിക്കുന്ന പ്രകൃതി - മൃഗാരാധനയും, തദ്ദേശീയ സംഗീതവും, പ്രതിരോധത്തിന്റെ ഭാഗമായി ചൂഷണം ചെയ്യുന്നവർക്കെതിരെയുള്ള ഹിംസയും ഉൾചേരുന്ന ഈ ദൈവശാസ്ത്ര പദ്ധതിയാണ് പലപ്പോഴും ചരിത്രത്തിൽ കീഴാളർ നയിക്കുന്ന വിപ്ലവങ്ങൾക്ക് മൂലധനം. ഹിന്ദു മതത്തിലെ ദൈവങ്ങളെ കീഴ്‌മേൽ മറിക്കുന്ന ദൈവശാസ്ത്രം തദ്ദേശീയമായാണ് ലഭ്യമാവുകയെന്നും അതാവും ക്രൈസ്തവമോ, ഇസ്ലാമികമോ ആയ ദൈവശാസ്ത്രത്തേക്കാൾ വൈദിക ബ്രാഹ്‌മണ്യ ഹിന്ദുത്വം ഭയപ്പെടുന്നതെന്നും കാണേണ്ടതാണ്. അതുകൊണ്ട് തന്നെ ശ്രീ ശ്രീ രവിശങ്കർ മുതൽ ജഗ്ഗി വാസുദേവ് വരെ ഈ ചലച്ചിത്രത്തെ ഹിന്ദുമതത്തിന്റെ ഭാഗമാക്കുവാൻ കൊണ്ട് പിടിച്ച് ശ്രമിക്കുന്നതും. 2021-ൽ പുറത്തിറങ്ങിയ മാരി സെൽവരാജിന്റെ തമിഴ് ചലച്ചിത്രം "കർണനും' "കാന്താര'യെ പോലെ ബ്രാഹ്‌മണ്യ ഹിന്ദു പദ്ധിതികളെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നുണ്ട്. 1995-ൽ കൊടിയൻകുളം എന്ന ദളിത് ഗ്രാമം പൊലീസ് ആക്രമിച്ച സംഭവത്തിന്റെ സ്വാധീനത്താൽ നിർമിക്കപ്പെട്ട ചിത്രം കീഴാള ജനതയുടെ പോരാട്ടത്തിന്റെ ദൈവശാസ്ത്രമായി മുന്നോട്ട് വെക്കുന്നത് "ബൗദ്ധശാസ്ത്രമാകു'മ്പോഴും കഥയിൽ സിറു ദൈവങ്ങളുടെ പ്രാധാന്യം ശ്രദ്ധേയമാണ്. നായകന്റെ മരിച്ചു പോയ സഹോദരി ദൈവമായി വന്നു സ്വന്തം പിതാവിന് വെളിപാട് നൽകുന്ന കഥാസന്ദർഭം ജ്യോതിഷിയുടെയോ, പൂജാരിയുടെയോ സഹായത്തോടെ പിതൃക്കൾക്കുണ്ടായ അലോഹ്യം കണ്ടെത്തുന്ന ബ്രാഹ്‌മണ്യ രീതികളിൽ നിന്നും വ്യത്യസ്തമാണ്. തമിഴിൽ നാട്ടുദൈവമായി വരുന്നത് "കാട്ടുപേച്ചി'യായി വരുന്ന ദൈവം "കാന്താര'യിലെത്തുമ്പോൾ പഞ്ചുരുളിയും ഗുളികനുമാണ്. രണ്ടും ബാധ കേറൽ സിനിമകളാണ് കീഴാള രാഷ്ട്രീയം പറയുന്നതും.

നമ്മുടെ രാഷ്ട്രീയ അന്തരീഷം അടിമുടി ഹിന്ദുത്വ ശക്തികളുടെ സ്വാധീനത്തിൽ ആകുന്ന സാഹചര്യത്തിലാണ് രണ്ടു ഭൂമികകളിൽ നിന്നും കീഴാള രാഷ്ട്രീയം പറയുന്ന രണ്ടു സിനിമകൾ ഉണ്ടായിരിക്കുന്നത്. നാഗ്പൂർ കേന്ദ്രീകരിച്ച് ഹിന്ദുത്വ അജണ്ടകൾ നാൾക്കുനാൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സമയത്ത് ഈ രണ്ടു സിനിമകളും രാജ്യത്തിന്റെ കേന്ദ്രീകരണത്തെ എതിർക്കുന്നുണ്ട്. തദ്ദേശീയമായ സംസ്‌ക്കാരത്തെ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഈ രണ്ടു സിനിമകളും വിജയം നേടിയിരിക്കുന്നതും. രണ്ടും വിശുദ്ധ സിനിമകളാണ്, അവ രണ്ടും ഹിന്ദുത്വത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ വേണ്ടി വരുന്ന അസുര വേഗത്തെയും അസുര താളത്തെയും കുറിച്ച് നമ്മെ ഓർമപ്പെടുത്തുന്നു.

Reference : Special Study Report on Bhuta Cult in South Kanara District. Mysore Series 14 by P. Padmanabha (1971), Census of India.

Comments