നെടുമ്പള്ളി എന്ന മലയോര ഗ്രാമത്തിലെ ഒരു മണ്ഡലത്തിൽ കേവലം എം.എൽ.എയായിരുന്ന സ്റ്റീഫൻ നെടുമ്പള്ളി ഖുറേഷി എബ്രഹാമായതിന്റെ കഥ?
പി.കെ.ആറിന്റെ മകൾ പ്രിയദർശിനി പാൻ ഇന്ത്യൻ പൊളിറ്റീഷ്യനായതിന്റെ കഥ.
തിയേറ്ററിൽ ആവേശം കൊള്ളുന്ന ആൾക്കൂട്ടത്തെയുണ്ടാക്കിയ പി.ആർ വർക്കിന്റെ കഥ.
പിന്നെ പൃഥ്വിരാജും കൂട്ടരും ഹെലികോപ്റ്ററും തോക്കുംകൊണ്ടും വേൾഡ് ട്രിപ്പ് നടത്തിയതിന്റെ കഥ.
അത് ശരിക്കും വല്ലാത്തൊരു കഥ തന്നെയാണ്.
ഒരു കാര്യം പറയട്ടെ സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ചയാളല്ല. പിന്നെ എമ്പുരാനിലെ സസ്‌പെൻസ് കഥാപാത്രം, അത് ഇപ്പോഴും സസ്‌പെൻസ് തന്നെയാണ്.

ഇന്ത്യൻ മതേതരത്വത്തിന് മുറിവേൽപ്പിച്ച, ഗുജറാത്തിനെ ഹിന്ദുത്വ വർഗീയതയുടെ പരീക്ഷണശാലയാക്കി മാറ്റിയ 2002 ഫെബ്രുവരി 27-ൽ നിന്നുമാണ് മുരളി ഗോപി എമ്പുരാൻ തുടങ്ങുന്നത്. ബിൽക്കിസ് ബാനുവും ഗോധ്രയിൽ കത്തിയെരിഞ്ഞ സബർമതി എക്‌സ്പ്രസും എമ്പുരാൻ നിങ്ങളെ ഓർമ്മപ്പെടുത്തും, ഹൈലി പൊളിറ്റിക്കലായി തന്നെ. ഹിന്ദുത്വ വർഗീയ ശക്തികൾ രാജ്യം ഭരിക്കുന്ന കാലത്ത് മേൽപറഞ്ഞ രാഷ്ട്രീയ സംഭവവികാസത്തിന് മുൻനിരയിലുണ്ടായിരുന്നവരുടെ കയ്യിൽ അധികാരമുള്ള ഇക്കാലത്ത്, ഇങ്ങനെയൊരു സിനിമ ചെയ്യാൻ പൃഥ്വീരാജ് എന്ന സംവിധായകനും മോഹന്‍ലാല്‍ എന്ന നടനുമെടുത്ത എഫർട്ട് അഭിനന്ദനാർഹമാണ്, പക്ഷേ…
മോഹൻലാൽ എന്ന നടൻ മലയാളി സിനിമാപ്രേക്ഷകർക്ക് അല്ലെങ്കിൽ മലയാളിക്ക് എന്നുമൊരു ആഘോഷമാണ്. ആരാധകരുടെ മുന്നിൽ ചിലപ്പോൾ ബുക്ക് മൈ ഷോക്ക് പോലും പിടിച്ചുനിൽക്കാൻ പറ്റിയെന്ന് വരില്ല. മുണ്ടു മടക്കിക്കുത്തി, മീശ പിരിച്ച്, നെഞ്ചും വിരിച്ച് തല്ലിനൊരുങ്ങി വരുന്ന മോഹൻലാലിന് പിന്നാലെ സ്വാഭാവികമായും കയ്യടികളുണ്ടാവും. എന്നാൽ എമ്പുരാന് ആ കയ്യടികൾ കിട്ടുന്നുണ്ടോ? കേരളത്തിന്റെ പശ്ചാത്തലത്തിൽ ഖദറിട്ട് ‘നെർക്കോട്ടിസം ഇസ് എ ഡേർട്ടി ബിസിനെസ്’ എന്നുപറഞ്ഞ്, വർമ്മ സാറിനെയും വിമൽ നായരേയും നന്നാക്കുന്ന കേവലം സ്റ്റീഫനല്ല ഖുറേഷി. ഇത് കളി വേറെയാണ്. ലോകത്ത് ഡ്രഗ് ബിസിനസ് ചെയ്യുന്ന എല്ലാവരുടെയും അന്തകനായ, അവരുടെയൊക്കെ മുഖ്യ ശത്രുവായ, സകല രഹസ്യാന്വേഷണ ഏജൻസികളും പിന്തുടരുന്ന എബ്രഹാം ഖുറേഷി. ലോകത്തിന്റെ പല ഭാഗത്തായി നടക്കുന്ന കഥ. ലണ്ടനിൽ തുടങ്ങി ചൈനയിൽ അവസാനിക്കുന്ന കഥാഗതി.

അഞ്ചുവർഷമെന്ന നീണ്ട കാത്തിരിപ്പിനുശേഷമാണ് ലൂസിഫറിനുശേഷം പൃഥ്വിരാജും മുരളി ഗോപിയും മോഹൻലാലെന്ന താരത്തെ കൂട്ടുപിടിച്ച് തിയേറ്ററിലെത്തുന്നത്. മുമ്പ് പറഞ്ഞതുപോലെ കേരളത്തിന്റെ പശ്ചാത്തലത്തിലല്ല എമ്പുരാൻ കഥ പറയുന്നത്. ഇടക്കൊക്കെയൊന്ന് കേരളത്തിലേക്ക് എത്തിനോക്കുന്നുണ്ടെങ്കിലും എന്തിനാണ് ഈ സാഹസമെന്ന് കാണുന്ന പ്രേക്ഷകരെക്കൊണ്ട് തോന്നിപ്പിക്കാനുള്ള ശ്രമവും മുരളി ഗോപിയെന്ന തിരക്കഥാകൃത്ത് നടത്തുന്നുണ്ട്. സിനിമ വിഷ്വൽ ട്രീറ്റാണെന്ന് പറയുമ്പോഴും, തിരക്കഥക്ക് വലിയ പ്രാധാന്യമുണ്ടെന്ന് പരാജയപ്പെട്ട പല സിനിമകളും തെളിയിച്ചിട്ടുണ്ട്.
ലൂസിഫർ സിനിമയില്‍ വന്നുപോയ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം ഐഡന്റിറ്റിയുണ്ടായിരുന്നു, അവരുടേതായ നിലനിൽപ്പുണ്ടായിരുന്നു. എന്നാൽ ഇവിടേക്ക് വരുമ്പോൾ കഥാപാത്രനിർമിതിയുണ്ടായിരുന്ന ആ മികവ് നഷ്ടപ്പെടുന്നുണ്ട്. ജെതിൻ, പ്രിയദർശിനി, ഗോവർധൻ തുടങ്ങി എല്ലാ കഥാപാത്രങ്ങളിലും പൂർണതയില്ലായ്മ വ്യക്തമാണ്. ഖുറേഷിയെന്ന കഥാപാത്രത്തെ എസ്റ്റാബ്ലിഷ് ചെയ്യാനാണ് സിനിമ ശ്രമിക്കുന്നത്. എന്നാൽ 3 മണിക്കൂർ ശ്രമിച്ചിട്ടും ഖുറേഷിക്ക് സ്റ്റീഫനോളം എത്താൻ സാധിക്കുന്നില്ല. മോഹൻലാൽ എന്ന നടന് സിനിമയിൽ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്റ്റൈലിഷ് രംഗംങ്ങളാകട്ടെ ആവർത്തനവിരസവുമായിരുന്നു.

സംഭാഷണങ്ങളും അതിന്റെ അവതരണവുമാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം. ചോദ്യത്തിനല്ല ഇതിലെ കഥാപാത്രങ്ങൾ പലപ്പോഴും ഉത്തരം പറയുന്നത്. ചക്കയെന്ന് ചോദിക്കുമ്പോൾ മാങ്ങയെന്ന് പറയും. മാസ് ഡയലോഗുകൾ, മാസ് രംഗങ്ങൾ എന്നിവയില്‍ ലൂസിഫറിന്റെ ടെപ്ലേറ്റ് തന്നെ പിന്തുടർന്നത്, അലോസരമായി അനുഭവപ്പെട്ടു. ലൂസിഫറിൽ ആഘോഷിച്ച പല ഡയലോഗുകളും രംഗങ്ങളും ഇവിടെ ആവർത്തിക്കുന്നുണ്ട്. അത് തിയേറ്ററിൽ വർക്കായില്ലായെന്നതാണ് വസ്തുത.
അത്തരത്തിൽ എമ്പുരാനെന്ന വലിയ ക്യാൻവാസിലെ സിനിമക്ക് പലപ്പോഴും പ്രതികൂലമാകുന്നത് അതിന്റെ തിരക്കഥ തന്നെയാണ്. എമ്പുരാനെന്ന വലിയ ക്യാൻവാസിനൊപ്പം വളരാൻ തിരക്കഥക്ക് സാധിക്കുന്നില്ലായെന്നതാണ് വാസ്തവം. പല രാജ്യത്ത് പല സമയത്ത് നടക്കുന്ന കഥ ഒരു അടുക്കും ചിട്ടയുമില്ലാതെ അവതരിപ്പിച്ചതുപോലെ പല സന്ദർഭങ്ങളിലും അനുഭവപ്പെടുന്നുണ്ട്.

ഇത്തരത്തിലുള്ള സിനിമകൾ മുമ്പും ഇന്ത്യൻ സിനിമയിൽ സംഭവിച്ചിട്ടുണ്ട്. അതായത് പല കാലഘട്ടം, പല സാഹചര്യങ്ങൾ, പല കാലത്തായി നടന്ന കഥകൾ എന്നിവയൊക്കെ ഒരുമിച്ചൊരു സിനിമയിൽ വരുന്ന രീതി. ഉദാഹരണമായി, കെ.ജി.എഫ് പോലെയുള്ള സിനിമകൾ. ഈ സങ്കീർണതകളെ കൺവീൻസിങ്ങായി അവതരിപ്പിക്കാൻ പ്രശാന്ത് നീലിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ എമ്പുരാനിലേക്ക് വരുമ്പോൾ ഏകദേശം കെ.ജി.എഫിനോട് ചേർന്ന് നിൽക്കുന്ന ടെംപ്ലേറ്റാണെങ്കിലും തിരക്കഥയും സംവിധാനവും പല ഘട്ടങ്ങളിലും നിലയില്ലാ കയത്തിലാണെന്ന് തോന്നിപ്പോകും. മുരളി ഗോപിയുടെ മറ്റ് സിനിമകളിലേതുപോലെ രാഷ്ട്രീയ വിഷയങ്ങളും സിനിമയിൽ പ്രാധാന്യത്തോടെ തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്.
ഹിന്ദുത്വ രാഷ്ട്രീയത്തെ സകല തീവ്രതകളോടും കൂടി അവതരിപ്പിക്കുന്നുണ്ട്. ദേശീയ രാഷ്ട്രീയം മാത്രമല്ല, കേരള രാഷ്ട്രീയത്തെയും പ്രത്യേകമായി സിനിമ കൈകാര്യം ചെയ്യുന്നു. കേരളത്തിൽ പലപ്പോഴായി നടന്ന രാഷ്ട്രീയ സംഭവങ്ങളെയും ഹാസ്യരൂപേണ അവതരിപ്പിക്കുന്ന സിനിമ, ഒരുകൈകടന്ന് ഇടതുപക്ഷത്തെ പരിഹസിക്കുന്നതായി തോന്നാം. വർഗീയതക്ക് ഉത്തരമില്ലാത്തവരാണ് മുഖ്യധാരാ ഇടത് എന്നുപോലും മുരളി ഗോപി പറഞ്ഞുവെക്കുന്നു. തിരക്കഥ ഡ്രഗ്‌സ് എന്ന വിപത്തിനെയും കാവിവൽക്കരണത്തെയും അഡ്രസ് ചെയ്യുന്നുണ്ട്. രണ്ട് വിഷയങ്ങളും കേരളത്തിന്റെ പൊതുമണ്ഡലത്തിൽ ചർച്ചയായിരിക്കുന്ന ഘട്ടത്തിൽ തന്നെയാണ് സിനിമ സംഭവിച്ചത് എന്നത് ഒരു യാദൃച്ഛികതയായി പരിഗണിക്കാം.
എമ്പുരാൻ ഒരു പരിധിവരെ പിടിച്ചുനിൽക്കുന്നത് ടെക്‌നിക്കൽ പെർഫെക്ഷൻ എന്ന ഒറ്റക്കാരണത്താലാണ്. പല രാജ്യങ്ങളിൽ പല ഭൂപ്രകൃതിയിൽ നടക്കുന്ന കഥയിലെ ലൊക്കേഷനുകളുടെ തെരഞ്ഞെടുപ്പ് എടുത്തു പറയേണ്ട കാര്യമാണ്. പൃഥ്വിരാജ് എന്ന സംവിധായകൻ അതിനായി നല്ലോണം പണിപ്പെട്ടിട്ടുണ്ട്. സുജിത് വാസുദേവന്റെ ക്യാമറ ഇത്തരം ലൊക്കേഷൻ ഭംഗിയെ കൃത്യമായി ഒപ്പിയെടുക്കുന്നുണ്ട്. സിനിമയുടെ ഗതിയിൽ ഭൂപ്രകൃതി എൻഗേജിങ്ങായി വരുന്നില്ലെങ്കിലും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ഒരു വേൾഡ് ട്രിപ്പ് നടത്തിയ സുഖം അനുഭവപ്പെടും. കെ.ജി.എഫ് പോലെയുള്ള സിനിമകളുടെ പ്രധാന മികവ് അതിന്റെ എഡിറ്റിങ്ങായിരുന്നു, എന്നാൽ എമ്പുരാനിൽ അഖിലേഷ് മോഹന്റെ എഡിറ്റിങ്ങാവട്ടെ കുറേ സാധ്യതകൾ മുന്നിലുണ്ടായിട്ടും അതിനെ ഉപയോഗിക്കാത്തതുപോലെ തോന്നി. ദീപക് ദേവിന്റെ സംഗീതം വേറെ എന്ത് പറയാൻ. എമ്പുരാനെ എന്നു തുടങ്ങുന്ന പാട്ടിന്റെ അളവ് പൊടിക്ക് കുറച്ചിരുന്നെങ്കിലെന്ന് തോന്നാതിരുന്നില്ല.

തമിഴിൽ ലോകേഷ് കനകരാജൊക്കെ ചെയ്യുന്നതുപോലെ ഇതൊരു പൃഥ്വിരാജ് യൂണിവേഴ്‌സാക്കാനാണ് എമ്പുരാൻ ടീമിന്റെ ലക്ഷ്യം. മൂന്നാം ഭാഗത്തിനുള്ള തുടക്കവുമായാണ് സിനിമ അവസാനിക്കുന്നത്. വിജയ്-യുടെ രാഷ്ട്രീയ പ്രവേശനത്തെ തുടർന്ന് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ നിന്ന് ലിയോ പുറത്തായ സാഹചര്യത്തിൽ, അവിടേക്ക് അബ്രാം ഖുറേഷിയെ ക്ഷണിക്കാനുള്ള സാധ്യതകൾ മുന്നിൽ കാണുന്നുണ്ട്. അങ്ങനെയെങ്കിൽ ഏജന്റ് വിക്രവും ഖുറേഷിയും ഒരുമിക്കട്ടെ. ലഹരി വിമുക്തമായ കിനാശേരിയുണ്ടാകട്ടെ.