കാശ്മീർ ഫയൽസ്: ദേശീയോദ്ഗ്രഥനത്തിന്റെ വ്യാജ നറേഷൻ

സംഘപരിവാർ രാഷ്ട്രീയം പ്രചരിപ്പിക്കാനും, രാജ്യത്തെ മുസ്‌ലിംകൾക്കു മേൽ സമ്പൂർണ അധികാരം സ്ഥാപിച്ചെടുക്കാനുമുള്ള ബി.ജെ.പി. സർക്കാറിന്റെ പ്രവർത്തനങ്ങളെ സാധൂകരിക്കാനും, കാശ്മീർ ജനതയുടെ പ്രശ്‌നങ്ങൾ കേവലം പ്രഹസനമാണെന്നു വരുത്തിത്തീർക്കാനുമാണ് കാശ്മീർ ഫയൽസ് ആത്യന്തികമായി പ്രയോജനപ്പെടുക. ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഓരോ മുസ്‌ലിമിനേയും ഹിംസ്ര പരിവേഷത്തോടെയാണ് അവതരിപ്പിക്കുന്നത്.

കാശ്മീരിന്റെ കലുഷിതമായ ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണ് 1990 ലെ കാശ്മീർ പണ്ഡിറ്റുകളുടെ കൂട്ട പലായനവും കൊലപാതകങ്ങളും. പോപുലർ കൾച്ചർ മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട ഈ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരത്തെ രണ്ടു തരത്തിൽ സാധ്യമാക്കാം. ഒന്നാമത്തേത്, കാശ്മീർ ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും സൂക്ഷ്മഭേദങ്ങൾ ഉൾക്കൊള്ളുന്ന ആത്മാർത്ഥമായ ചലച്ചിത്ര ശ്രമം. രണ്ടാമത്തേത്, ‘നമ്മളും അവരും’ എന്ന ദ്വന്ദ നിർമാണത്തിലൂന്നി ബൈനറിയിലൂടെ വിഷയത്തെ സമീപിക്കുന്ന പക്ഷപാതപരമായ സമീപനം. അത് എളുപ്പവുമാണ്. കാശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരിതത്തെ സംഘപരിവാറിന്റെ സ്ഥാപിത താൽപര്യങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധിയാക്കി സമീപിക്കുമ്പോൾ കാശ്മീർ ഫയൽസിന്റെ അണിയറ പ്രവർത്തകർ സ്വാഭാവികമായും രണ്ടാമത്തെ മാർഗം സ്വീകരിക്കുന്നു.

മുത്തച്ഛന്റെ (അനുപം ഖേർ) മരണശേഷം കാശ്മീരിലേക്ക് ആദ്യമായി തിരികെ ചെല്ലുന്ന കൃഷ്ണ പണ്ഡിറ്റിനു (ദർശൻ കുമാർ) മുന്നിൽ സ്വന്തം കുടുംബാംഗങ്ങളുടെ കൊലപാതകത്തെക്കുറിച്ചുള്ള സത്യങ്ങൾ അനാവരണം ചെയ്യപ്പെടുന്നതിലൂടെയാണ് കാശ്മീർ ഫയൽസ് പുരോഗമിക്കുന്നത്. എ.എൻ.യുവിൽ (ജെ.എൻ.യു. എന്ന് വായിക്കുക) ഇടതുവിദ്യാർത്ഥി പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിക്കുന്ന, "ദേശദ്രോഹ മുദ്രാവാക്യങ്ങൾ' മുഴക്കിയതിന് യു.എ.പി.എ. ചുമത്തപ്പെട്ട കൃഷ്ണ കാമ്പസിലെ സ്റ്റുഡൻറ്​ ബോഡിയിൽ മത്സരിക്കാനിരിക്കെയാണ് മുത്തച്ഛൻ മരിക്കുന്നത്.

മുത്തച്ഛന്റെ അന്ത്യാഭിലാഷമെന്നോണം ചിതാഭസ്മവുമായി കാശ്മീരിലേക്കു തിരിക്കുന്ന കൃഷ്ണയോട് സർവകലാശാലയിലെ അധ്യാപികയും, കൃഷ്ണയുടെ മെന്ററുമായ രാധിക മേനോൻ (പല്ലവി ജോഷി) കാശ്മീർ സന്ദർശനത്തിനിടെ കാമ്പസ് ഇലക്ഷന് ഉപയോഗിക്കാൻ സ്റ്റേറ്റിനെതിരായ ഒരു നറേറ്റീവ് സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുന്നു. നന്നേ ചെറുപ്പത്തിൽ കാശ്മീരിൽ നിന്ന് പലായനം ചെയ്ത കൃഷ്ണയുടെ സ്വത്വപരമായ പ്രതിസന്ധികളും ആശയക്കുഴപ്പങ്ങളും ആവിഷ്‌കരിച്ച്, കാശ്മീർ പണ്ഡിറ്റുകളുടെ ദുരിതത്തെ ആത്മാർഥമായി സമീപിക്കും എന്ന നേരിയ പ്രതീക്ഷ ചില സംഭാഷണങ്ങളിലൂടെ തരുന്ന ചിത്രം പക്ഷെ പലതരം ഫാലസികളിലൂടെ ഇടതുരാഷ്ട്രീയത്തെയും, മുസ്‌ലിംകളെയും പ്രതിപക്ഷത്തു നിർത്തി യുദ്ധപ്രഖ്യാപനം നടത്തുകയാണ്. വരേണ്യ ഹിന്ദുവായ കൃഷ്ണയ്‌ക്കെതിരെ ഭരണകൂടം യു.എ.പി.എ. ചുമത്തി എന്ന് സിനിമ ആവർത്തിച്ച് അടയാളപ്പെടുത്താൻ ശ്രമിക്കുന്നത് ഇതിനുദാഹരണമാണ്.

ചിതാഭസ്മവുമായി കാശ്മീരിലെ മുത്തച്ഛന്റെ നാലു സുഹൃത്തുക്കളെ സന്ദർശിക്കുന്ന കൃഷ്ണ അവിടെ വെച്ച് തന്റെ കുടുംബം കടന്നു പോയ ഭീകരാനുഭവങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നു. കൃഷ്ണയുടെ മാനസിക സംഘർഷങ്ങളും, പരിവർത്തനവും അതിന്റെ തീവ്രതയിൽ ആവിഷ്‌കരിക്കുന്നതിൽ ചിത്രം പലപ്പോഴും പരാജയപ്പെടുന്നു. തന്റെ കുടുംബത്തെ ഉന്മൂലനം ചെയ്ത ഫാറൂഖ് അഹമദ് ബിറുമായുള്ള കൃഷ്ണയുടെ കൂടിക്കാഴ്ചയിൽ ഉൾക്കൊള്ളിക്കാമായിരുന്ന ടെൻഷനെക്കാൾ, തീവ്രവാദികളുടെ നമ്പർ വൺ എതിരാളിയായി നരേന്ദ്രമോദിയെ അവതരിപ്പിക്കാനുള്ള സംവിധായകന്റെ ത്വരയായിരുന്നു മുഴച്ചു നിന്നത്. കാശ്മീർ ഫയൽസിനെ കലാപരമായി തന്നെ മോശം സിനിമയാക്കുന്നതും അണിയറപ്രവർത്തകരുടെ ഇത്തരം മുൻഗണനകളാണ്.

കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതത്തെ നാസി ജർമനിയിലെ ജൂതർ നേരിട്ട വംശഹത്യയുമായി നിരന്തരം താരതമ്യം ചെയ്യുന്ന ചിത്രം, ഗീബൽസിന്റെ പ്രൊപഗണ്ടാ ചിത്രങ്ങളിലെ "good vs evil', "രക്ഷകാവതാരം' എന്നിങ്ങനെയുള്ള അടിസ്ഥാന സ്വഭാവങ്ങൾ തന്നെ സ്വീകരിക്കുന്നത് രസകരമായ വൈരുദ്ധ്യമാണ്. 1990-ൽ കാശ്മീരി പണ്ഡിറ്റുകൾ മാത്രമല്ല "മോഡറേറ്റ് മുസ്‌ലിംകളും', സിക്കുകളും, ബുദ്ധരും കൊലചെയ്യപ്പെട്ടെന്ന് യൂണിവേഴ്‌സിറ്റിയിൽ തിരിച്ചെത്തിയതിനുശേഷം കൃഷ്ണയുടെ സുദീർഘമായ മോണോലോഗിൽ പരാമർശിക്കുമ്പോഴും, ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന ഓരോ മുസ്‌ലിമിനേയും ഹിംസ്ര പരിവേഷത്തോടെയാണ് അവതരിപ്പിക്കുന്നത്.

കൃഷ്ണയുടെ പിതാവിനെ കൊല്ലാൻ വരുന്ന തീവ്രവാദികൾക്ക് അവർ ഒളിച്ചിരിക്കുന്ന സ്ഥലം കാണിച്ചു കൊടുക്കുന്ന മുസ്‌ലിം അയൽക്കാരൻ മുതൽ കാശ്മീരിലെ സാധാരണ കച്ചവടക്കാർ വരെ പണ്ഡിറ്റുകളെ കൊല്ലാനോ, പണ്ഡിറ്റ് സ്ത്രീകളെ ബലാത്സംഗം ചെയ്യാനോ ശ്രമിക്കുന്നവരാണ്. ഇത്തരം വൈരുദ്ധ്യങ്ങൾ പേറുന്നതിനൊപ്പം തന്നെ സംഘർഷകാലത്ത് കേന്ദ്രസർക്കാറിലെ സംഖ്യകക്ഷിയായിരുന്ന ബി.ജെ.പി.യുടെ സാന്നിധ്യത്തെ കുറിച്ചും, ജുഡീഷ്യറിയുടെ ഇടപെടലുകളെക്കുറിച്ചും ചിത്രം ഒന്നും പരാമർശിക്കുന്നില്ല. 2014-ൽ ആരംഭിച്ച രാഷ്ട്രീയപാർട്ടിയാണ് ബി.ജെ.പി. എന്ന തോന്നലുളവാക്കാനാണ് ചിത്രം ശ്രമിക്കുന്നത്. ബി.ജെ.പി.യുടെ പിന്തുണയോടെ അധികാരത്തിലുണ്ടായിരുന്ന നാഷനൽ ഫ്രണ്ടിലെ കാശ്മീരി രാഷ്ട്രീയ നേതാക്കളെ മാത്രമാണ് ചിത്രത്തിൽ കാണിക്കുന്നത്. സംഘർഷസമയത്ത് ഗവർണർ പദവിയിലിരുന്ന ജഗ്മോഹൻ മൽഹോത്രയെക്കുറിച്ചും ചിത്രത്തിൽ കാര്യമായ പരാമർശങ്ങളില്ല.

കാശ്മീരി പണ്ഡിറ്റുകൾക്കായി ബി.ജെ.പി. നടത്തിയ ധീരമായ ഇടപെടലായാണ് ആർട്ടിക്കിൾ 370 പ്രകാരമുള്ള കാശ്മീരിന്റെ പ്രത്യേക പദവി റദ്ദു ചെയ്തതിനെ ചിത്രം അവതരിപ്പിക്കുന്നത്. കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള യഥാർത്ഥ പദ്ധതികൾ ബി.ജെ.പിക്ക് സിനിമയ്ക്കകത്തും പുറത്തും ഇല്ലെന്നതാണ് വസ്തുത. 2021 ഏപ്രിലിൽ കാശ്മീരി പണ്ഡിറ്റ് നേതാവും ബി.ജെ.പി. ജമ്മു ആൻറ്​ കാശ്മീർ പൊളിറ്റിക്കൽ അഫയേസ് ഇൻചാർജുമായ അശ്വനി കുമാർ ച്രുൻഗു, കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം എന്ന സ്വപ്നത്തെ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്ന് ആർ.എസ്.എസിനോട് ആവശ്യപ്പെടുന്നത് ഇതിനുദാഹരണമാണ്.

ബി.ജെ.പി. കാശ്മീരി പണ്ഡിറ്റുകൾക്കു വേണ്ടി പ്രവർത്തിക്കുന്നു എന്നു സ്ഥാപിക്കാൻ സിനിമ ശ്രമിക്കുന്നത് വാചാടോപങ്ങളിലൂടെയാണ്. "നിങ്ങൾ വരേണ്യ വർഗക്കാർക്ക്​ ഇപ്പോഴത്തെ ബി.ജെ.പി. സർക്കാറുണ്ട്, സാധാരണക്കാരായ കാശ്മീരി മുസ്‌ലിംകൾക്ക് ആരുമില്ല’ എന്ന്​സിനിമയിൽ പറയിക്കുന്നത് എ.എൻ.യു. സർവകലാശാലയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുഖമായ രാധിക മേനോനെക്കൊണ്ടാണ്. സർവകലാശാലയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തീവ്രവാദികളുമായി കൈകോർത്താണ് പ്രവർത്തിക്കുന്നതെന്ന അപകടകരമായ ആഖ്യാനവും ചിത്രം മുന്നോട്ടു വെക്കുന്നു.

കാശ്മീരി പണ്ഡിറ്റുകൾ നേരിട്ട ദുരിതങ്ങളെ വികലമായ ആഖ്യാനങ്ങളിലൂടെയും, അർദ്ധസത്യങ്ങളിലൂടെയും ആവിഷ്‌കരിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് സ്വീകാര്യത നേടിയെടുക്കാൻ സംവിധായകൻ വിവേക് അഗ്നിഹോത്രി ശ്രമിക്കുന്നത് ഇത്തരത്തിലാണ്.

സംഘപരിവാർ രാഷ്ട്രീയം പ്രചരിപ്പിക്കാനും, രാജ്യത്തെ മുസ്‌ലിംകൾക്കു മേൽ സമ്പൂർണ അധികാരം സ്ഥാപിച്ചെടുക്കാനുമുള്ള ബി.ജെ.പി. സർക്കാറിന്റെ പ്രവർത്തനങ്ങളെ സാധൂകരിക്കാനും, കാശ്മീർ ജനതയുടെ പ്രശ്‌നങ്ങൾ കേവലം പ്രഹസനമാണെന്നു വരുത്തിത്തീർക്കാനുമാണ് കാശ്മീർ ഫയൽസ് ആത്യന്തികമായി പ്രയോജനപ്പെടുക. കാശ്മീരുമായി ബന്ധപ്പെട്ട് വിദേശമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സ്റ്റേജ്ഡ് ആണെന്ന് ചിത്രം പറയുന്നു.

ബോളിവുഡ് ഇൻഡസ്ട്രിയെ തനിക്കാക്കി വെടക്കാക്കുന്ന ബി.ജെ.പി.

ഏകത്വത്തിൽ സർവത്വം കണ്ടെത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ബോളിവുഡ് ഇൻസ്ട്രിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്തണ്ടേതിനെ കുറിച്ച് കൃത്യമായ പദ്ധതിയുണ്ട്. മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം ഹിന്ദി ഭാഷയിൽ ഏറ്റവും സുഗമമായി പ്രാസത്തിലും താളത്തിലും അവതരിപ്പിക്കുന്ന ബി.ജെ.പിക്ക് തങ്ങളുടെ ടാർഗറ്റ് ഓഡിയൻസിലേക്ക് കാര്യക്ഷമമായി എത്താനുള്ള മാർഗം ബോളിവുഡാണെന്ന തിരിച്ചറിവുണ്ട്.

2014ൽ അധികാരത്തിൽ വന്നതു മുതൽ കേന്ദ്രസർക്കാറിന്റെ സാന്നിധ്യം ബോളിവുഡിൽ പ്രതിഫലിച്ചു കാണാം. താൽപര്യമുള്ള വ്യക്തികളെ ഉയർത്താനും, വിമർശകരെ ഐ.ടി. റെയ്ഡ് പോലുള്ള ഭീഷണികളിലൂടെ താഴ്ത്താനും ബി.ജെ.പി. സർക്കാർ പ്രത്യക്ഷമായി തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കാലത്ത് ബോളിവുഡ് താരങ്ങൾക്കൊപ്പം പദ്ധതിപ്രകാരമുള്ള പി.ആർ. ഷോകളിൽ പോലും പ്രധാനമന്ത്രി പങ്കെടുക്കുകയുണ്ടായി.

ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ, ഉറി, മണികർണിക, പാട്മാൻ, ഗോൾഡ്, ടോയ്‌ലറ്റ് ഏക് പ്രേം കഥ, സത്യമേ വ ജയതേ, പി.എം. നരേന്ദ്രമോദി എന്നിങ്ങനെ ഈ കാലയളവിൽ പുറത്തിറങ്ങിയ പല ചലച്ചിത്രങ്ങളും ബി.ജെ.പി. സർക്കാറിന്റെ ചെയ്തികളെ സാധൂകരിക്കുന്നതിനോ, പ്രതിപക്ഷ ആഖ്യാനങ്ങളെ റദ്ദു ചെയ്യുന്നതിനോ വേണ്ടിയുള്ളതായിരുന്നു.

എന്നാൽ പ്രേക്ഷകരെയും, വിമർശകരെയും തൃപ്തിപ്പെടുത്താത്ത മധ്യമമായ ചലച്ചിത്ര ശ്രമങ്ങളായിരുന്നു ഇവയൊക്കെയും. ബോളിവുഡ് ചലച്ചിത്രങ്ങൾക്കുണ്ടായ മൂല്യച്യുതിയെ ഈയൊരു ഭരണകൂട ഇടപെടലുകളുമായി കൂട്ടിവായിക്കേണ്ടതുണ്ട്. കോവിഡ് കാലത്ത് പോലും വമ്പൻ സാമ്പത്തിക മൂലധനം ഇല്ലാത്ത ഇതര ചലച്ചിത്ര മേഖലകൾ ആഖ്യാനപരമായും, കലാപരമായും സ്വയം നവീകരണത്തിലൂടെ മുന്നോട്ടു സഞ്ചരിക്കുമ്പോഴും ബോളിവുഡ് സിനിമാ ഇൻഡസ്ട്രി റീമെയ്ക്കുകളിലൂടെയും മറ്റും ആവർത്തിക്കുകയായിരുന്നു. പ്രൊപഗണ്ടാ ചിത്രങ്ങൾ നിർമിക്കുന്നതിൽ മാത്രമായിരുന്നില്ല കേന്ദ്രസർക്കാർ ഇടപെടൽ, മറിച്ച് സൃഷ്ടിപരതയെ നിരുത്സാഹപ്പെടുത്തും വിധം ക്രിട്ടിക്കലായ സിനിമാ ശ്രമങ്ങൾക്കെതിരെയുള്ള അന്തരീക്ഷം അവർ സൃഷ്ടിക്കുകയും ചെയ്തു. തപ്‌സീ പന്നു, അനുരാഗ് കശ്യപ് എന്നിവർക്കെതിരെ നടന്ന ഐ.ടി. റെയ്ഡ്, നസറുദ്ദീൻ ഷാ, ഷാറൂഖ് ഖാൻ, അമീർ ഖാൻ എന്നിവർ നേരിട്ട സംഘപരിവാർ വിദ്വേഷ പ്രചാരണങ്ങളും ഇതിന്റെ ഭാഗമായിരുന്നു. എന്നിരുന്നാലും നാഷനൽ മിത്തിനെ നിർവചിക്കാൻ പ്രാപ്തിയുള്ള ചലച്ചിത്ര മേഖലയാണ് ഇന്നും ബോളിവുഡ്.

കശ്മീർ ഫയൽസ് ഈ ചലച്ചിത്ര നിരയിലേക്കുള്ള അവസാനത്തെ എൻട്രി ആയി മാറുന്നത് മുസ്‌ലിംകളെയും ഇടതുവിദ്യാർത്ഥി പ്രസ്ഥാനങ്ങളെയും ശത്രുപക്ഷത്ത് നിർത്തുന്നു എന്ന കാരണം കൊണ്ടു മാത്രമല്ല, മറിച്ച് ബി.ജെ.പി. സർക്കാറുകളെ സൗകര്യപൂർവം മാത്രം അവതരിപ്പിക്കുന്ന ആത്മാർത്ഥമല്ലാത്ത ചലച്ചിത്ര ശ്രമം ആയതിനാലാണ്.

Comments