മമ്മൂട്ടിയുടെ ജിയോയുടെ ജ്യോതികയുടെ കാതല്‍ രാഷ്ട്രീയം

ഒരു മലയാളി സൂപ്പർസ്റ്റാർ അയാളുടെ സകല സ്റ്റാർഡത്തോടുകൂടി, ഗേ കഥാപാത്രമായി ബിഗ് സ്‌ക്രീനിൽ വരികയെന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയാകുന്നുണ്ട്. ആ സിനിമ നിർമിക്കുന്നതും അദ്ദേഹം തന്നെയാകുമ്പോൾ കാതൽ എന്ന സിനിമ കഥ പറച്ചിലിൽ മാത്രമല്ല, അടിമുടി രാഷ്ട്രീയമാകുന്നുണ്ട്.

റണാകുളം മഹാരാജാസ് കോളേജിനെതിരെ സംഘടിതമായി നടക്കുന്ന ക്വീർ വിരുദ്ധ, ഹോമോഫോബിക് പ്രചാരണങ്ങളുടെ കാലത്താണ് ജിയോ ബേബിയും മമ്മൂട്ടി കമ്പനിയും ചേർന്ന് 'കാതൽ' എന്ന രാഷ്ട്രീയത്തെ കേരളത്തിന്റെ പൊതുവിടത്തിലേക്ക് ചർച്ചക്കുവെക്കുന്നത്. സിനിമ പറയുന്ന രാഷ്ട്രീയം, താരങ്ങളുടെ അഭിനയമികവ്, കഥ പറയുന്ന സാമൂഹ്യപശ്ചാത്തലം, ജിയോ ബേബി എന്ന സംവിധായകന്റെ രാഷ്ട്രീയ ബ്രില്ല്യൻസ് അങ്ങനെ നിരവധി ഘടകങ്ങളുടെ കൂടിച്ചേരലാണ് കാതൽ.

കുടുംബത്തിന്റെയും അതിന്റെ അഭിമാന- ദുരഭിമാന ബോധത്തിന്റെയും ചട്ടക്കൂടിനുനടുവിൽ ശ്വാസം മുട്ടുന്ന മനുഷ്യരെ അതിന്റെ രാഷ്ട്രീയ കൃത്യതയോടെ അവതരിപ്പിക്കുന്നതിൽ മികവ് തെളിയിച്ച സംവിധായകനാണ് ജിയോ ബേബി. ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ മുതൽ കാതൽ വരെ സാന്ധിയില്ലാതെ രാഷ്ട്രീയം പറയാൻ സാധിക്കുന്നു എന്നതു തന്നെയാണ് സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ മികവ്.

കാതൽ എന്ന സിനിമയിൽ നിന്നും

Spoiler Alert

കേരള പൊതുവിടത്തിൽ, പ്രത്യേകിച്ച് സോകോൾഡ് കടുംബ പ്രേക്ഷകർക്കിടയിൽ അത്രകണ്ട് സ്വീകാര്യമല്ലാത്ത സ്വവർഗാനുരാഗം എന്ന വിഷയത്തെ മമ്മൂട്ടി എന്ന താരത്തിലൂടെ പറയുമ്പോൾ ആ രാഷ്ട്രീയത്തിന് കിട്ടുന്ന സ്വീകാര്യത അത്ര ചെറുതല്ല. ഒരുപക്ഷെ സ്വവർഗാനുരാഗം തെറ്റല്ല എന്ന ബോധത്തിലേക്ക്, അല്ലെങ്കിൽ പുരോഗമന സർക്കിളിനുപുറത്ത് കേരള പൊതുമണ്ഡലത്തിലേക്ക് ഹോമോസെക്ഷ്വൽ രാഷ്ട്രീയം ചർച്ചയ്ക്കുവരാൻ ഈ സിനിമ വഴിയൊരുക്കും എന്നത് തീർച്ചയാണ്.

മമ്മൂട്ടി എന്ന നടനു മാത്രമല്ല അയാളിലെ താരത്തിനും വെല്ലുവിളിയാകുന്ന കഥാപാത്രമാണ് പാലാക്കാരൻ മാത്യു ദേവസി. ഒരു മലയാളി സൂപ്പർ സ്റ്റാർ അയാളുടെ സകല സ്റ്റാർഡത്തോടുകൂടി, ഗേ കഥാപാത്രമായി ബിഗ് സ്‌ക്രീനിൽ വരികയെന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനം കൂടിയാകുന്നുണ്ട്. ആ സിനിമ നിർമിക്കുന്നതും അദ്ദേഹം തന്നെയാകുമ്പോൾ കാതൽ എന്ന സിനിമ കഥ പറച്ചിലിൽ മാത്രമല്ല, അടിമുടി രാഷ്ട്രീയമാകുന്നുണ്ട്.

ചിത്രത്തില്‍ ജ്യോതിക അവതരിപ്പിക്കുന്ന ഓമന എന്ന കഥാപാത്രവും അവരുടെ നിലപാടുകളുമാണ് സിനിമയുടെ നെടുംതൂണ്‍. അവരുടെ തിരിച്ചറിവുകളും ബോധ്യങ്ങളുമാണ് മാത്യു എന്ന മനുഷ്യന്റെ ജീവിതത്തെ മാറ്റിമറിക്കുന്നതും. തന്റെ സ്വത്വത്തെ തുറന്നുകാട്ടാനുള്ള ധൈര്യം അയാള്‍ക്ക് പകരുന്നതും ഓമന തന്നെയാണ്. മാത്യു ഒരു ഹോമോസെക്ഷ്വലായിരിക്കെ തന്നെ ഓമനക്കും അയാൾക്കുമിടയിൽ അത്ര ഊഷ്മളമായ ഒരു ബന്ധമുണ്ട്. അതിന്റെ ആഴം അളക്കാൻ പോലും സാധ്യത നൽകാത്ത അത്ര വിശാലമാണ്.

പാലായിലെ ഒരു സോ കോൾഡ് കത്തോലിക്ക കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ കഥപറയുന്നത്. ഗേ ആയ മാത്യുവിന് ഒരു ഹെട്രോസെക്ഷ്വൽ ബന്ധത്തിൽ തുടരേണ്ടിവരുന്നു. പിതാവിന്റെ സമ്മർദ്ദവും, സമൂഹത്തിൽ നിന്നുണ്ടായേക്കവുന്ന തുറിച്ചുനോട്ടങ്ങളും ചോദ്യങ്ങളും അയാളിലെ മനുഷ്യനിൽ വരുത്തിത്തീർത്ത ഭയമാണ് അത്തരമൊരു ബന്ധത്തിൽ അയാളെ കുരുക്കിയിട്ടത്. തന്റെ സ്വത്വം തിരിച്ചറിഞ്ഞിട്ടും അത് തുറന്നുപറയാൻ യാഥാസ്ഥിതിക പൊതുബോധം അയാളെ അനുവദിച്ചില്ല. അയാളിലെ സംഘർഷവും ഇന്നും തുടരുന്ന ഗേ പങ്കാളിയുമായുള്ള പ്രണയവും അത്രയേറെ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ സിനിമക്ക് കഴിയുന്നുണ്ട്.

കാതൽ എന്ന സിനിമയിൽ നിന്നും

സ്വവർഗാനുരാഗിയായ പങ്കാളിയോടൊപ്പം ഒരുമിച്ച് ജീവിക്കേണ്ടി വരുന്ന ഓമന എന്ന സ്ത്രീയുടെ ജീവിതസംഘർഷങ്ങൾ അത്ര തന്നെ പ്രേക്ഷകരുടെയും കൂടിയാകുന്നുണ്ട്. കഥാപാത്രത്തെ അത്ര പെർഫെക്ടായി എഴുതാൻ തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരനും പോൾ സ്ക്കറിയക്കും സാധിക്കുന്നുണ്ട്. ഓമന എന്ന കഥാപാത്രത്തിന്റെ കാഴ്ച്ചപ്പാടിനും നിലപാടിനും അത്രകണ്ട് തെളിച്ചമുണ്ട്. മാത്യു എന്ന കഥാപാത്രത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. അയാളെ കാണിക്കുന്ന ആദ്യ ഷോട്ട് മുതൽ പ്രണയത്തെ സംബന്ധിച്ച അയാളുടെ കാഴ്ച്ചപ്പാട് എന്താണെന്ന് വ്യക്തമാണ്.

തന്റെ പങ്കാളിയുടെ സെക്ഷ്വാലിറ്റി വിവാഹത്തിനിപ്പുറം മാത്രം തിരിച്ചറിയുന്ന ഓമന നിരവധി മനുഷ്യരുടെ പ്രതീകമാണ്. അവർക്ക് നഷ്ടപ്പെട്ട ഇരുപത് വർഷങ്ങൾ, അക്കാലയളവിൽ അവർക്ക് നഷ്ടമായ ശാരീരിക ആവശ്യങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ചിത്രം മുന്നോട്ട് വെക്കുന്നുണ്ട്. ഈ ബന്ധത്തിൽ നിന്നിറങ്ങി നടന്നാൽ മാത്രമെ തനിക്ക് നീതി കിട്ടൂവെന്ന് ഓമന തിരിച്ചറിയുകയും, അത് തന്റെ മാത്രം ആവശ്യമല്ല മാത്യുവിന്റെതു കൂടിയാണെന്ന ബോധ്യവും അവർക്കുണ്ട്. ഓമനയായുള്ള ജ്യോതികയുടെ പ്രകടനവും മികച്ചതായിരുന്നു.

പൊട്ടിത്തെറികളോ ഡ്രാമയോ ഒന്നുമില്ലാതെയാണ് സിനിമയിൽ കോടതി രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അവിടെ നക്കുന്ന സംവാദങ്ങൾ അത്രകണ്ട് രാഷ്ട്രീയവുമാണ്.

സിനിമയുടെ അവസാന ഭാഗത്തേക്ക് വരുമ്പോഴുള്ള ഇമോഷണൽ സീനുകൾ പ്രേക്ഷകർക്ക് ഉൾവിറയൽ സമ്മാനിക്കും. സിനിമാനിരൂപകനായ ഡെറക് മാൽക്കം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്, 'അഭിനയത്തിന്റെ അടക്കിപ്പിടിച്ച ഊഷ്മളത' എന്നാണ്. അത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് ഒരിക്കൽ കൂടി അദ്ദേഹം തെളിയിക്കുകയാണ്. ശരീര ഭാഷയിൽ പോലും കഥാപാത്രത്തെ ആവാഹിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. അവസാന ഭാഗത്തെ തുറന്നുപറച്ചിലും പൊട്ടിക്കരച്ചിലുമൊക്കെ അത്രയേറെ ആഴമുള്ളതാണ്.

കോടതി രംഗങ്ങളാണ് സിനിമയുടെ മറ്റൊരു മികവ്. പൊട്ടിത്തെറികളോ ഡ്രാമയോ ഒന്നുമില്ലാതെയാണ് സിനിമയിൽ കോടതി രംഗങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. അവിടെ നടക്കുന്ന സംവാദങ്ങൾ അത്രകണ്ട് രാഷ്ട്രീയവുമാണ്. നമ്മുടെ നിയമവ്യവ്യവസ്ഥയെ വരെ അവിടെ ചോദ്യം ചെയ്യുന്നുണ്ട്. സ്വവർഗാനുരാഗം ഇന്ത്യയിൽ നിയമപരമാക്കിയത് 2018-ൽ മാത്രമാണെന്നും ക്വീർ മനുഷ്യരോടുള്ള അങ്ങേയറ്റത്തെ അനീതിയാണതെന്നും സിനിമ പറഞ്ഞുവെക്കുന്നു. ക്വീർ ബന്ധങ്ങൾ മാത്രമല്ല, വിവാഹമോചനവും അതിന്റെ സാമൂഹ്യമായ പ്രതിസന്ധികളുമടക്കം സിനിമ ചർച്ചചെയ്യുന്നുണ്ട്.

ശ്രീധന്യ കേറ്ററിങ്‌സ് എന്ന ജിയോയുടെ ചിത്രം നേരിട്ട പ്രധാന വിമർശനം, അതിന്റെ ഛായാഗ്രഹണത്തിലെ പാളിച്ചയായിരുന്നു. എന്നാൽ കാതലിലേക്ക് വരുമ്പോൾ സാലു കെ. തോമസിന്റെ ഫ്രെയിമുകൾ സിനിമയിലേക്ക് പ്രേക്ഷകരെ കൂടുതൽ ആകർഷിക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും കാതലിന്റെ ഒഴുക്കിനൊപ്പം ചേരുന്നുണ്ട്.

കാതൽ എന്ന സിനിമയിൽ ജ്യോതികയും മമ്മൂട്ടിയും

ക്വീർ മനുഷ്യരെയും ഹോമോസെക്ഷ്വാലിറ്റിയേയും ഹാസ്യവൽക്കരിച്ച മലയാള സിനിമയിൽ കാതൽ പോലൊരു സിനിമ സംഭവിക്കുന്നു എന്നത് പുതിയ കാലത്തിന്റെ നീതിയാണ്. നിമിഷ സജയൻ ഒറ്റക്ക് മുന്നോട്ട് നടക്കുന്ന ഒരു ഫ്രെയിമിലാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ അവസാനിക്കുന്നത്. അത്തരത്തിലൊരു രാഷ്ട്രീയ ഫ്രെയിമിലാണ് കാതലും അവസാനിക്കുന്നത്. ആ ഫ്രെയിമിൽ മമ്മൂട്ടി ഇങ്ങനെ നിറഞ്ഞുനിൽക്കുമ്പോൾ അതിന്റെ ചന്തം കൂടുകയും ചെയ്യും. ഒടുവിൽ എല്ലാം കലങ്ങി തെളിയുന്ന, അയാൾക്കൊപ്പം കുടുംബവും നാടും നിൽക്കുന്ന സിനിമാറ്റിക് അവതരണം Larger than life ആണെന്ന വാസ്തവമാണ് പിന്നെയും ബാക്കി നിൽക്കുന്നത്.

Comments