നമ്മളിൽ പടരുന്നൊരോക്കുമരം

മാനുഷികമായ വൈകാരികാവസ്ഥകളെ എങ്ങനെ രാഷ്ട്രീയമായി അവതരിപ്പിക്കാം എന്നതിന്റെ പാഠപുസ്തകമായി മാറുന്നുണ്ട് കെൻ ലോച്ച് തന്റെ അവസാന ചിത്രമായ ‘ദി ഓൾഡ് ഓക്കി’ന്റെ ആവിഷ്കാരത്തിലൂടെ.

2016- ലാണ് കെൻ ലോച്ച് തന്റെ ‘ഐ ഡാനിയൽ ബ്ലേക്ക്’ എന്ന ചിത്രം പുറത്തിറക്കുന്നത്. 2016- ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ‘പാം ദി ഓർ’ പുരസ്കാരം ഡാനിയൽ ബ്ലേക്കിനു ലഭിക്കുമ്പോൾ കെൻ ലോച്ചിന്റെ പ്രായം 80 വയസാണ്.

നിയന്ത്രിതമായ, മുൻകൂട്ടി തയ്യാർ ചെയ്യപ്പെട്ട ഒരു നിയമാവലിക്കുമുന്നിൽ തന്റെ വാർദ്ധക്യകാല പെൻഷൻ നഷ്ടപ്പെടുന്ന ഒരു മനുഷ്യനിലേക്ക്, ഡാനിയൽ ബ്ലേക്കിലേക്കാണ് ആ ചിത്രം അതിന്റെ വാതിൽ തുറക്കുന്നത്.
മുൻകൂട്ടി തയ്യാർ ചെയ്യപ്പെട്ട അപേക്ഷയുടെ ഒരു പരിമിതി അതിന്, ‘അതേ’ അല്ലെങ്കിൽ ‘അല്ല’ എന്ന രണ്ടുത്തരങ്ങൾ മാത്രമേ നൽകാനാവൂ എന്നതാണ്. വിധവാ പെൻഷന് അപേക്ഷിച്ചപ്പോൾ മക്കൾ ആരെങ്കിലും വിദേശത്താണോ എന്ന ചോദ്യത്തിന് ‘അതെ’ എന്ന സത്യമായ ഉത്തരം നൽകിയാൽ പെൻഷൻ നിഷേധിക്കപ്പെടാം. പക്ഷെ മകൻ വിദേശത്താണ്, അവിടെ തടവുശിക്ഷ അനുഭവിക്കുകയാണെങ്കിലോ? ഇത്തരത്തിൽ അപേക്ഷകൾ ബൈനറികളിലേക്ക് ചുരുക്കുമ്പോൾ നഷ്ടപ്പെട്ടുപോകുന്ന മാനവികതയുടെ, ഡിജിറ്റൽ ലോകത്തിലെ അദൃശ്യമായ ബാരിക്കേഡുകളെ തുറന്നു കാട്ടിയ ചലച്ചിത്രമായിരുന്നു ഐ ഡാനിയൽ ബ്ലേക്ക്.

യു.കെ പോലൊരു വികസിത രാജ്യത്ത് അടിസ്ഥാന വർഗ ജനവിഭാഗം നിലനിൽപ്പിന് നടത്തുന്ന ജീവിത സമരങ്ങളാണ് ഈ ചിത്രം. വലിയ രാജ്യങ്ങളുടെ മധ്യവർഗ- അപ്പർ മിഡിൽക്ലാസ് ജീവിത രീതികൾക്കും നിലവാരങ്ങൾക്കുമിടയിൽ ആ രേഖകൾക്കു താഴെയാക്കപ്പെടുന്ന മനുഷ്യർക്ക് എത്തിപ്പിടിക്കാനാവാത്ത സാമൂഹികാവസ്ഥയും അതിൽ പുറത്താക്കപ്പെടുകയും ആ പുറത്താക്കലുകളുടെ പിടിയിൽ നിന്നും കുതറിമാറാൻ ശ്രമിക്കുകയും ചെയ്യുന്ന ഡാനിയേൽ ബ്ലേക്കിന്റെയും കാറ്റിയുടെയും അതിജീവനവുമാണ് സിനിമ.

ഗ്ലോബൽ സ്റ്റാൻഡേർഡ് എന്ന ആശയത്തിലേക്ക് കുതിക്കുമ്പോൾ ഏറ്റവും താഴെ തട്ടിലുള്ള ജനം വിസ്മരിക്കപ്പെടുന്നു എന്നോർമപ്പെടുത്തുന്നിടത്താണ് ഡാനിയേൽ ബ്ലേക് ‘ഞാനുമൊരു മനുഷ്യനാണ്’ എന്നെഴുതി വെക്കുന്നത്‌.

മുതലാളിത്തം ഒരു രാഷ്ട്രത്തിന്റെ പൗരരെ രേഖീയമായി രണ്ടായി വിഭജിക്കുന്നത് ഈ ചിത്രത്തിൽ കാണാം. ഫുഡ് ബാങ്ക്, തൊഴിൽ രഹിത പെൻഷനുകൾ തുടങ്ങിയ ക്ഷേമപദ്ധതികൾ ഈ വ്യവസ്ഥിതി എത്രമാത്രം ദുഷ്കരമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്ന വിമർശനമാണ് സിനിമ മുന്നോട്ടുവെക്കുന്നത്. ഗ്ലോബൽ സ്റ്റാൻഡേർഡ് എന്ന ആശയത്തിലേക്ക് കുതിക്കുമ്പോൾ ഏറ്റവും താഴെ തട്ടിലുള്ള ജനം വിസ്മരിക്കപ്പെടുന്നു എന്നോർമപ്പെടുത്തുന്നിടത്താണ് ഡാനിയേൽ ബ്ലേക് ‘ഞാനുമൊരു മനുഷ്യനാണ്’ എന്നെഴുതി വെക്കുന്നത്‌. ആ ചുമരെഴുത്ത് ലോകത്തോടുള്ള നിരവധി മനുഷ്യരുടെ ചോദ്യമാണ്. ഡിജിറ്റൽ വ്യവസ്ഥ അടിച്ചേൽപ്പിക്കുമ്പോൾ, നോട്ടു നിരോധിച്ച ഭരണകൂട താല്പര്യങ്ങളിൽ ഒരു ക്യൂ പോലും സ്വയം സമരമാവാതിരുന്ന കാലത്ത് ആവർത്തിച്ചു ചോദിക്കേണ്ട ചോദ്യം.

ഡാനിയൽ ബ്ലേക്കിനു പങ്കുവെക്കാൻ അതിവിശാലമായ, മാനവികമായ ഒരു രാഷ്ട്രീയം ഉണ്ടായിരുന്നു. എല്ലാ വൈകാരികതകളും കണ്ണിചേർക്കുമ്പോഴും ഡിജിറ്റൽ കാലത്ത്, പുറത്താക്കപ്പെടുന്ന മനുഷ്യരുടെ സംഘർഷത്തെ, ആ രാഷ്രീയമാനത്തെ കെൻ ലോച്ച് ചേർത്തുപിടിച്ചു. ഇന്ത്യയിൽ നോട്ടുനിരോധിക്കുന്ന, നോട്ടുനിരോധനത്തിന്റെ പരാജയത്തെ ഡിജിറ്റൽ ഇന്ത്യ എന്ന കൺകെട്ടുകൊണ്ടു മറച്ചുപിടിക്കാൻ ശ്രമിക്കുന്ന 2016- ലാണ് ഐ ഡാനിയൽ ബ്ലേക്ക് പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്.

കെൻ ലോച്ച്, തന്റെ സിനിമാജീവിതത്തിലുടനീളം തൊഴിലാളികളെക്കുറിച്ചും അവർ നടത്തിയ വർഗസമരങ്ങളെക്കുറിച്ചും ചലച്ചിത്രമെടുത്ത പ്രതിഭയാണ്. സ്പെയിനിൽ ഫ്രാങ്കോ വിരുദ്ധ സമരം നടക്കുമ്പോൾ ഇന്ത്യ ആ ഫാഷിസ്റ്റ് വിരുദ്ധ സമരത്തോട് ഐക്യപ്പെടുന്ന ചരിത്രമുണ്ട്. ഇന്ത്യയിലെ ഫാഷിസ്റ്റ് വിരുദ്ധ ബ്രിഗേഡിന്റെ തലവനായിരുന്നത് നമ്മുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവായിരുന്നു. സ്പെയിനിൽ നടക്കുന്ന അങ്ങനെയൊരു ചരിത്രസമരത്തിന് നമ്മുടെ ഏറ്റവും വലിയ നേതാക്കളിലൊരാൾ പങ്കെടുക്കുകയും നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത ചരിത്രമുള്ള രാജ്യത്താണ് ഇപ്പോൾ പുറത്താക്കലുകൾ നടക്കുന്നതെന്നതാണ് വൈരുദ്ധ്യം.

ജവഹർലാൽ നെഹ്റു

സ്പെയിനിൽ, ഫ്രാങ്കോയുടെ ഫാഷിസ്റ്റ് പോരാട്ടങ്ങളെ ചെറുത്തുതോൽപ്പിക്കാനായി ലണ്ടനിൽ നിന്നും ബാഴ്സയിലേക്ക് വണ്ടി കയറുന്ന ഡേവിഡ്കാർ എന്നയാൾ സ്പെയിനിലെ മാർക്സിസ്റ്റ് ഐക്യസംഘടനയായ ദ വർക്കേഴ്സ് പാർട്ടി ഓഫ് മാർക്സിസ്റ്റ് യൂണിഫിക്കേഷനിൽ (POUM) അണിചേരുന്നു. ഇതായിരുന്നു ലാൻഡ് ആൻഡ് ഫ്രീഡം എന്ന കെൻ ലോച്ച് ചിത്രത്തിന്റെ പശ്ചാത്തലം. യുദ്ധം വിജയിക്കുന്നവരുടെ വീരനായക പരിവേഷമല്ല ഡേവിഡ് കാറിന്റെ നായകത്വം. ജീവിതാന്ത്യം നിസാരനായി മരണത്തിനു കീഴടങ്ങുമ്പോഴും, താനടക്കമുള്ള സഖാക്കൾ സ്വപ്നം കണ്ടവരുടെ രാജ്യത്തിലേക്ക് (His deeds shall prevail) തന്റെ ജനത ഉയർത്തുന്ന പോരാട്ടങ്ങൾ നിലക്കാതിരിക്കണമെന്ന നിശ്ചയം മാത്രം. ഈ ചിത്രത്തിലെ കഥാപാത്രം പുറപ്പെട്ടു പോരുന്നത് ലണ്ടനിൽ നിന്നാണ്. ദേശത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ അണിനിരന്നത് ദേശത്തുനിന്നുള്ളവർ മാത്രമല്ല എന്നത് ദേശീയതാ വാദികൾ ഓർക്കേണ്ട കാര്യമാണ്. നെഹ്റുവിനെ പോലെ, വർക്കേഴ്സ് പാർട്ടിയിലെ അനേകം സഖാക്കളെ പോലുള്ളവർ ലോകമെമ്പാടും രൂപപ്പെടുത്തിയെടുത്തതാണ് ദേശരാഷ്ട്രമെന്ന സങ്കൽപം.

വിമത പോരാട്ടങ്ങളെ ഇല്ലാതാക്കുന്നത് അതിനുള്ളിൽ തന്നെ സംഭവിക്കുന്ന അധികാര കൊതിയാണെന്ന വിമർശനം ഉൾപ്പെടുത്തിയാണ് കെൻ ലോച്ച് ദി വിൻഡ് ദാറ്റ് ഷേക്‌സ് ദി ബാർലി എന്ന ചിത്രം ആവിഷ്കരിക്കുന്നത്.

കെൻ ലോച്ച് പറയുന്ന ഒരു കാര്യം, സ്പെയിൻ സമരത്തിന് ഊർജമായത് ഒക്ടോബർ വിപ്ലവമാണ് എന്നതാണ്. ആ ചിത്രത്തിലും യുദ്ധം നിർമിക്കുന്ന ഒരു വൈരുദ്ധ്യമുണ്ട്. ഒരു അധികാരകേന്ദ്രത്തെ പുറത്താക്കാൻ ശ്രമിക്കുകയും അതേ അധികാര കേന്ദ്രത്തിന്റെ മറ്റൊരുതരം വക്താക്കളാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം പല വിപ്ലവത്തിന്റെയും ചാരനിഴലുകളിൽ ഒന്നാണ്. കെൻ ലോച്ച് തന്നെ തന്റെ 'വിൻഡ് ദാറ്റ് ഷേക്സ് ദി ബാർലി' യിലും
'ലാൻഡ് ആൻഡ് ഫ്രീഡ'ത്തിലും ഈ അധികാരം വിപ്ലവത്തിലൂടെ പിടിച്ചടക്കിയതിനുശേഷമുള്ള വൈരുദ്ധ്യം സൂചിപ്പിക്കുന്നുണ്ട്. ഫാഷിസത്തിനെതിരായ സായുധ വിപ്ലവങ്ങളെ പല ചലച്ചിത്രകാരന്മാരും സിനിമയാക്കിയിട്ടുണ്ട്. എന്നാൽ വിമത പോരാട്ടങ്ങളെ ഇല്ലാതാക്കുന്നത് അതിനുള്ളിൽ തന്നെ സംഭവിക്കുന്ന അധികാര കൊതിയാണെന്ന വിമർശനം ഉൾപ്പെടുത്തിയാണ് കെൻ ലോച്ച് ദി വിൻഡ് ദാറ്റ് ഷേക്‌സ് ദി ബാർലി എന്ന ചിത്രം ആവിഷ്കരിക്കുന്നത്. പാം ഡി ഓർ അടക്കം നിരവധി വലിയ ബഹുമതികളിലേക്കാണ് ഈ ചിത്രം കയറിയത്.

ദി വിൻഡ് ദാറ്റ് ഷേക്‌സ് ദി ബാർലി

അയർലണ്ടിലെ ഗ്രാമപ്രദേശങ്ങളിൽ ബ്രിട്ടീഷ് ആർമിയും ഗ്രാമവാസികളായ വിമതരും തമ്മിൽ രൂക്ഷ യുദ്ധം. വൈദ്യശാസ്ത്ര ബിരുദധാരിയായ ഡാമിയൻ തന്റെ സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന ആളാണ്. ലണ്ടനിലെ വലിയ ജോലി ഉപേക്ഷിച്ച അദ്ദേഹം ഐ ആർ എ ബ്രിഗേഡിൽ ചേരുന്നു. എന്നാൽ തന്റെ സഹോദരനായ ടെഡി ഒത്തുതീർപ്പുകളിലൂടെ യുദ്ധം അവസാനിപ്പിക്കുകയും അധികാരത്തിലെത്തുകയും ചെയ്യുന്നു. എന്നാൽ വിമതർ അവശേഷിക്കുന്നു. അധികാരം പോരാട്ടങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന ധൈര്യപൂർവ്വമായ വിമർശനമാണ് സിനിമയുടേത്.

എന്നാൽ 2016 നുശേഷം അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങളിലും (ഐ ഡാനിയൽ ബ്ലേക്ക്, സോറി വീ മിസ്ഡ് യു) തൊഴിലാളികളുടെ സമരം എന്നതിൽ നിന്ന് തൊഴിലാളി എന്ന ഒറ്റ ബിംബത്തിലേക്ക് ചുവടുമാറുന്നതുകാണാം. ആഗോള മുതലാളിത്തം തൊഴിൽ സമരങ്ങളിലും തൊഴിലാളി- ട്രേഡ് യൂണിയൻ ബന്ധങ്ങളിലും വീഴ്ത്തിയ വിള്ളലുകളുടെ പ്രതിഫലനമാണത്. തൊഴിലാളിയെ തൊഴിലാളികളിൽ നിന്ന് വേർപെടുത്തുകയും അവരുടെ അവകാശപോരാട്ടങ്ങളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന കാലത്തെ തൊഴിലാളി എന്ന സൂക്ഷ്മരാഷ്ട്രീയത്തെ തന്റെ 84-ാം വയസിലും കെൻ ലോച്ച് ചേർത്തുനിർത്തുന്നു.

ദി ഓൾഡ് ഓക്

88-ാം വയസിലക്കു കടക്കുന്ന കെൻ ലോച്ച് 2023- ലും ഒരു ചിത്രവുമായി വരുന്നു, ‘ദി ഓൾഡ് ഓക്’. കെൻ ലോച്ചിന്റെ കരിയറിലെ അവസാന ചിത്രമായാണ് ദി ഓൾഡ് ഓക് കരുതപ്പെടുന്നത്. കഴിഞ്ഞ 25 വർഷങ്ങളോളമായി കെന്നിനു കൂടെ സഹകരിക്കുന്ന പോൾ ലവർട്ടിയാണ് ഓൾഡ് ഓക്കിന്റെ തിരക്കഥയെഴുതുന്നത്. ഈ ചിത്രം 2023 ലെ കാൻ ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. ഡർഹം എന്ന ഇംഗ്ലണ്ടിലെ ഒരു കൗണ്ടിയിലെ വളരെ ചെറിയ ഒരു സഹവർത്തിസമൂഹത്തിലെ ചെറിയ / പഴയ ഒരു പബ് ആണ് ദി ഓൾഡ് ഓക്. പബ്ബിലെ സ്ഥിരം ഉപയോക്താക്കൾ ടി ജെ എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന ടി ജെ ബാലന്റൈൻ എന്ന പൂർവ്വ ഖനി തൊഴിലാളിയാണ് ആ പബ്ബിന്റെ ഉടമ. 

The old oak എന്ന് ബോർഡ് തൂക്കിയ ആ പബ്ബിൽ K എന്ന അക്ഷരം ചെരിഞ്ഞു വീണിരിക്കുന്നു. ഭരണകൂടത്തിന്റെ നിരന്തരമായ നിയോലിബറൽ നയങ്ങളിൽ പിടിച്ചുനിൽക്കാനാവാത്ത തൊഴിലാളിയെ പോലെയാണ് ഓൾഡ് ഓക്കിലെ K. K എന്ന വാക്കിന് OK എന്ന് ധ്വനിപ്പിക്കുന്ന അർത്ഥ തലമുണ്ട്. ആ ശരിയാണ് വാസ്തവത്തിൽ ചെരിഞ്ഞുവീഴാൻ പാകത്തിലിരിക്കുന്നത്. ടി.ജെ. അത് ഒരു കോലുകൊണ്ട് ശരിയാക്കാൻ ശ്രമിക്കുന്നു. കുറച്ചുനേരത്ത് മാത്രം പൂർവ്വ സ്ഥാനത്തിരിക്കുന്ന K, അല്പസമയത്തിനകം തന്നെ ചെരിഞ്ഞുവീഴുന്നത് കാണാം. പ്രതീക്ഷയറ്റ ഒരു ജീവിതത്തിന്റെ തുടർക്കഥയാണ് താൻ പറയാൻ പോകുന്നതെന്ന് കെൻ ലോച്ച് ആദ്യ രംഗങ്ങളിൽ തന്നെ പറയുന്നുണ്ട്. 

ഐ ഡാനിയൽ ബ്ലേക്കിന്റെ തുടക്കം ബ്ലാക്ക് സ്ക്രീനിൽ തെളിയുന്ന ഒരു ഫോൺ സംഭാഷണമാണ്. അദൃശ്യമായ പുതിയ വ്യവസ്ഥ, ഒരു തൊഴിലാളിയുടെ ക്ഷേമപെൻഷൻ നിഷേധിക്കുന്ന രംഗത്തിന് കറുത്ത പശ്ചാത്തലമാണ് കെൻ കൊടുക്കുന്നത്. സിറിയയിൽനിന്ന് ഇംഗ്ലണ്ടിലേക്ക് അഭയാർത്ഥികളായി എത്തിയ ഒരു പറ്റം അറബ് വംശജരെ അവിടുത്തെ പ്രാദേശികർ അപമാനിക്കുന്ന രംഗമാണ് ഓൾഡ് ഓക്കിന്റെ തുടക്കം. ഇവിടെയും പശ്ചാത്തലം കറുപ്പു തന്നെ. ആ കറുപ്പിലേക്ക് യാറ എന്ന അഭയാർത്ഥി പെൺകുട്ടി, തന്റെ ക്യാമറയിൽ എടുത്തു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ തെളിയുന്നു. യാറയെയും മറ്റ് അഭയാർത്ഥികളെയും അപഹസിക്കുന്നത് തദ്ദേശീയർ തുടരുന്നു. യാറയുടെ ക്യാമറ അതിൽ ഒരാൾ നിലത്തിട്ട് പൊട്ടിക്കുന്നു. ഇത് കണ്ടുകൊണ്ട് അവരെ സഹായിക്കാനായി ടി ജെ എത്തുന്നതാണ് സിനിമയുടെ തുടക്കം.

The old oak എന്ന് ബോർഡ് തൂക്കിയ ആ പബ്ബിൽ K എന്ന അക്ഷരം ചെരിഞ്ഞു വീണിരിക്കുന്നു. ഭരണകൂടത്തിന്റെ നിരന്തരമായ നിയോലിബറൽ നയങ്ങളിൽ പിടിച്ചുനിൽക്കാനാവാത്ത തൊഴിലാളിയെ പോലെയാണ് ഓൾഡ് ഓക്കിലെ K.

അഭയാർത്ഥികൾ തങ്ങളുടെ നാടുമുടിപ്പിക്കാനായി എത്തുന്ന തീവ്രവാദ സംഘങ്ങളാണെന്ന് കരുതുന്ന ജനാധിപത്യവിരുദ്ധരെ ഇംഗ്ലണ്ടിലെ വികസിതമെന്ന് നാം കരുതുന്ന രാഷ്ട്രപരിസരങ്ങളിലും കാണാനാവുന്നു. അഭയാർത്ഥികളെ സഹായിക്കുന്ന ടി.ജെയെ അവർ അപഹസിക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ടി.ജെ അടിമുടി ഒരു തൊഴിലാളിയാണ്. അയാളുടെ പബ്ബിനു പുറകിലുള്ള ഒരു ഹാളിൽ പഴകിയ സാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനോടൊപ്പം പഴയ ചില ചിത്രങ്ങളും കാണാം. ഖനിത്തൊഴിലാളികളുടെ സമരകാലത്തെ ഊർജ്ജം മുഴുവൻ ആവാഹിക്കുന്ന ചിത്രങ്ങളാണത്. ആ ചിത്രങ്ങൾ നോക്കി യാറയോട് ടി.ജെ ഇങ്ങനെ പറയുന്നുണ്ട്: എന്റെ അച്ഛൻ എപ്പോഴും പറയുമായിരുന്നു, തൊഴിലാളികൾ തങ്ങളുടെ മുഴുവൻ സമരശക്തിയും പുറത്തെടുത്താൽ ഈ ലോകത്തിൽ മാറ്റിമറിക്കാൻ കഴിയാത്തതായി ഒന്നും ഉണ്ടാവില്ല, നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല. തൊഴിലാളിവർഗ്ഗ സമരങ്ങളോട് ഐക്യപ്പെട്ട്, വിമോചന പോരാട്ടങ്ങൾ ചലച്ചിത്ര ഭാഷ്യങ്ങളാക്കി ഇത്രയും കാലം ചലച്ചിത്രങ്ങൾ ഒരുക്കിയ കെൻ ലോച്ചിന്റെ ആത്മഗതം പോലെയുള്ള ഒരു വാചകം. മാറിയ തൊഴിലാളി തൊഴിൽ സാഹചര്യങ്ങളോട്, മുതലാളിത്തത്തിന്റെ പുതിയ ചൂഷണ രീതികളോട് കൃത്യമായി സംവദിക്കുകയാണ് കെൻ ലോച്ച്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലും ഈ നൂറ്റാണ്ടിന്റെ രണ്ടു പതിറ്റാണ്ടുകളിലും അഭയാർത്ഥിത്വം ലോക ചലച്ചിത്രങ്ങളുടെ മുഖ്യ വിഷയമായിരുന്നു.

അഭയാർത്ഥികളായി എത്തിയ സിറിയൻ വംശജർ തങ്ങളോടുകൂടി ജീവിക്കേണ്ടവരാണെന്ന് അവരെയും തദ്ദേശീയരെയും ബോധ്യപ്പെടുത്താൻ ചലച്ചിത്രം സ്വീകരിക്കുന്ന ഒരു വഴി, മിശ്രഭോജനമാണ്. പന്തിഭോജനത്തിന്റെ ചരിത്രം പേറിയ കേരളത്തിലിരുന്നുകൊണ്ട് ഈ രംഗം കാണുന്ന നാം എളുപ്പം ആ രീതിയോട് താദാത്മ്യപ്പെടുന്നു. ലോകത്തെവിടെയുമുള്ളതുപോലെ ജനാധിപത്യവിരുദ്ധരായ അഭയാർത്ഥികളെ എതിർക്കുന്ന ഒരു കൂട്ടം തദ്ദേശീയർ അവരുടെ ഈ പദ്ധതി പൊളിക്കാൻ ശ്രമിക്കുന്നു. 

യാറയും ടി.ജെയും തമ്മിൽ ഉടലെടുക്കുന്ന അനിർവചനീയമായ സ്നേഹബന്ധം, ആ കമ്യൂണിറ്റിയിലേക്ക് അഭയാർത്ഥികളെ ചേർത്തു നിർത്തുന്നതിനുള്ള ഊർജ്ജസ്രോതസ്സാവുന്നു. തന്റെ കുടുംബത്തിന്റെ മൊത്തം മരണശേഷം ആത്മഹത്യ ചെയ്യാനൊരുങ്ങിയ ആളാണ് ടി.ജെ. അതിൽ നിന്ന് അയാളെ പിന്തിരിപ്പിക്കുന്നത് മാര എന്ന നായക്കുട്ടിയാണ്. മാര എന്ന വാക്കിനർത്ഥം സഖാവ്, സുഹൃത്ത് എന്നൊക്കെയാണ്. യാറയും ടി. ജെ യും ആ കമ്യൂണിറ്റിക്കകത്ത് പരമാവധി സമാധാനം കൊണ്ടുവരാനും സഹവർത്തിത്വത്തിന്റെ പുതിയ രീതികൾ ആവിഷ്കരിക്കാനും ശ്രമിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിലും ഈ നൂറ്റാണ്ടിന്റെ രണ്ടു പതിറ്റാണ്ടുകളിലും അഭയാർത്ഥിത്വം ലോക ചലച്ചിത്രങ്ങളുടെ മുഖ്യ വിഷയമായിരുന്നു. ജാക്വസ് ഓദിയാർഡ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങി പാം ദി ഓർ ലഭിച്ച 'ദീപൻ' എന്ന ചിത്രം ശ്രീലങ്കൻ അഭയാർത്ഥികളുടെ ഫ്രഞ്ച് കുടിയേറ്റത്തെക്കുറിച്ചും അവരുടെ അതിജീവനത്തെക്കുറിച്ചുമാണ്. അതിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ഷോഭാ ശക്തി സ്വയം ഒരു അഭയാർത്ഥിയാണ്. 

യാറയുടെ പിതാവ് സിറിയയിൽ വച്ച് കൊല്ലപ്പെടുന്ന വിവരം അവരറിയുന്നത് ഇംഗ്ലണ്ടിൽ അഭയാർത്ഥിയായി കഴിയുന്ന കാലത്താണ്. യാറയുടെ വീട്ടിലേക്ക് ആ കമ്യൂണിറ്റിയിലെ മുഴുവൻ ആളുകളും പൂക്കളുമായി പ്രവഹിച്ചെത്തുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. മാനുഷികമായ വൈകാരികാവസ്ഥകളെ എങ്ങനെ രാഷ്ട്രീയമായി അവതരിപ്പിക്കാം എന്നതിന്റെ പാഠപുസ്തകമായി മാറുന്നുണ്ട് കെൻ ലോച്ച് തന്റെ അവസാന ചിത്രത്തിലെ ഈ ആവിഷ്കാരത്തിലൂടെ.

ജാക്വസ് ഓദിയാർഡ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങി പാം ദി ഓർ ലഭിച്ച 'ദീപൻ' എന്ന ചിത്രം ശ്രീലങ്കൻ അഭയാർത്ഥികളുടെ ഫ്രഞ്ച് കുടിയേറ്റത്തെക്കുറിച്ചും അവരുടെ അതിജീവനത്തെക്കുറിച്ചുമാണ്.

Strength, Solidarity, Resistance എന്നെഴുതിയ ഒരു മുദ്രാവാക്യപതാക ഈ സഹവർത്തിത്വം രൂപപ്പെടുത്തുന്നു. ആ പതാകയുമേന്തി പതിനായിരങ്ങൾ തെരുവിൽ അഭയാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തുന്ന ഒരു ജാഥയാണ് ദി ഓൾഡ് ഓക്കിന്റെ അവസാന ദൃശ്യം. ഒരു 88- കാരൻ എങ്ങനെ ഈ കാലത്തും ഇത്രയും പൊളിറ്റിക്കലായി, യു.കെ പോലെ ഒരു രാജ്യത്ത് ഒരു കലാവിഷ്കാരം നടത്തുന്നു എന്ന്, നമ്മെ കോരിത്തരിപ്പിച്ചു കൊണ്ടൊരു ചോദ്യം മനസിലപ്പോൾ പാഞ്ഞുകേറുന്നു. ആ ചോദ്യത്തിന്റെ ഒരേയൊരുത്തരമാണ് അതികായനായ കെൻ ലോച്ച്.


ജിതിൻ കെ.സി.

ഫിലിം സൊസൈറ്റി പ്രവർത്തകൻ, ചലച്ചിത്ര നിരൂപകൻ. ഡെക്കലോഗ് ഫിലിം സൊസൈറ്റി, ഡയലോഗ് ഫിലിം സൊസൈറ്റി എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഫെസ്റ്റിവൽ ബുക്ക് പത്രാധിപ സമിതി അംഗമായിരുന്നു. ഫിലിം സൊസൈറ്റി ഫെഡറേഷൻ കേരള ഘടകം പ്രസിദ്ധീകരിക്കുന്ന ദൃശ്യതാളം മാസികയുടെ പത്രാധിപ സമിതി അംഗം.

Comments