വിട വാങ്ങുന്നില്ല കെൻ ലോച്ച് ,
‘ദ ഓൾഡ് ഓക്ക്’ അവസാനിക്കാത്ത
ഒരു സിനിമയുമാണ്...

ലിബറൽ വീക്ഷണമുള്ളവരെന്ന് കരുതപ്പെടുന്ന ഇംഗ്ലീഷ് പൗരസമൂഹത്തിൽ വളർന്നുവരുന്ന കുടിയേറ്റസമൂഹത്തോടുള്ള മാനവികവിരുദ്ധമായ സമീപനത്തെ തുറന്നുകാട്ടുന്ന സിനിമയാണ് 'ദ ഓൾഡ് ഓക്ക്' .

പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്രസംവിധായകൻ കെൻ ലോച്ചിന്റെ അവസാനചിത്രം എന്നു കരുതപ്പെടുന്ന 'ദ ഓൾഡ് ഓക്ക്' (The Old Oak) 28-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ‘മാസ്റ്റർ മൈൻഡ്സ്’ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. നിരവധി ശ്രദ്ധേയ സിനിമകൾ സംഭാവന ചെയ്തിട്ടുള്ള, സോഷ്യലിസ്റ്റ് ആശയഗതിക്കാരനായി വിലയിരുത്തപ്പെടുന്ന കെൻ ലോച്ചിന്റെ രണ്ടു സിനിമകൾ കാൻ ഫിലിം ഫെസ്റ്റിവലിൽ ഇതിനകം പാം ഡിഓർ (Palme d'Or) പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. The Wind That Shakes the Barley (2006), I, Daniel Blake (2016) എന്നിവ. 15 ചലച്ചിത്രസൃഷ്ടികൾ ഇതുവരെ കാനിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഒരേയൊരു സംവിധായകനും കെൻ ലോച്ച് ആയിരിക്കും. ഇത്തവണത്തെ കാൻ ഫെസ്റ്റിവലിലെ ദ ഓൾഡ് ഓക്ക് പ്രീമിയറിനുമുമ്പ് ഈ വർഷം മെയ് മാസത്തിൽ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ ഒരഭിമുഖത്തിൽ, തന്റെ 26-ാമത്തെ ഈ ഫീച്ചർഫിലിം അവസാനത്തെ ചിത്രമായിരിക്കും എന്നു കെൻ ലോച്ച് പറഞ്ഞിരുന്നു. മുമ്പും വിടവാങ്ങലിനെക്കുറിച്ച് ഇതുപോലെ പറഞ്ഞിരുന്നതിനാൽ ലോകമെങ്ങുമുള്ള സിനിമാപ്രേമികൾ അതു വിശ്വസിച്ചിട്ടുണ്ടാവില്ല.

കെന്‍ ലോച്ചിന്റെ ചിത്രങ്ങളെ സമഗ്രമായി വിലയിരുത്താനുള്ള അവസരങ്ങൾ ഇതിനു മുന്‍പും ഐ എഫ് എഫ്‌ കെയിലുണ്ടായിട്ടുണ്ട് മലയാളി പ്രേക്ഷകർക്ക്. 2016- ൽ നടന്ന 21ാം പതിപ്പില്‍ കാന്‍അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പുരസ്കാരം നേടിയ I, Daniel Blake ഉള്‍പ്പെടെ കെന്‍ ലോച്ചിന്റെ ഒൻപത് ചിത്രങ്ങൾ സ്പെഷ്യൽ സെക്ഷനിൽ സ്ക്രീന്‍ ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ ദ ഓൾഡ് ഓക്ക് സ്ക്രീനിംഗിനു മുമ്പേ ചലച്ചിത്രപ്രേമികൾക്കിടയിൽ ചർച്ചയായിരുന്നു. മുൻകാലത്തെ പ്രശസ്തമായിത്തീർന്ന സിനിമകളോളം മികവ് അവകാശപ്പെടാനാവില്ലെങ്കിലും ജീവിതത്തിന്റെ സായാഹ്നത്തിലും ഈ അനുഗൃഹീത സംവിധായകന് സർഗാത്മകതയും ഊർജ്ജവും കൈമോശം വന്നിട്ടില്ലെന്ന് തെളിയിക്കുന്നുണ്ട് പുതിയ സൃഷ്ടിയായ ദ ഓൾഡ് ഓക്ക്.

കെൻ ലോച്ച്
കെൻ ലോച്ച്

വിഷയത്തിന്റെ സാമൂഹ്യമായ സങ്കീർണ്ണതകളെ മുഴുവൻ ആവിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന വിമർശനം സാധുവായി നിൽക്കുന്ന സാഹചര്യത്തിലും സിനിമ പ്രസക്തമായ ചില വീക്ഷണങ്ങൾ ഉൾവഹിക്കുന്നുണ്ട്. യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ ഫിലിം മേക്കേഴ്സിന് ഉത്തരവാദിത്തമുണ്ടെന്ന് ഇന്നും കെൻ ലോച്ച് കരുതുന്നു എന്ന് ഈ സിനിമ തെളിയിക്കുന്നു. ദാരിദ്ര്യത്തിന്റേയും സാമ്പത്തികാസമത്വങ്ങളുടേയും പ്രശ്നങ്ങൾ സിനിമകളിൽ ആവിഷ്കരിച്ചിട്ടുള്ള കെൻ ലോച്ച് ഈ സിനിമയിൽ ലിബറൽ വീക്ഷണമുള്ളവരെന്ന് കരുതപ്പെടുന്ന ഇംഗ്ലീഷ് പൗരസമൂഹത്തിൽ വളർന്നുവരുന്ന കുടിയേറ്റസമൂഹത്തോടുള്ള മാനവികവിരുദ്ധമായ സമീപനത്തെ തുറന്നുകാട്ടാനാണ് മുതിരുന്നത്. ഹോസ്റ്റലുകളിലും അപ്പാർട്ടുമെന്റുകളിലും താമസത്തിനെത്തുന്ന കുടിയേറ്റക്കാരുടെ പ്രശ്നങ്ങളുടെ നേർക്കുള്ള തദ്ദേശീയരായ ബ്രീട്ടീഷ് പൗരരുടെ പ്രതികരണത്തിന്റെ ചിത്രീകരണം ലോകത്തെങ്ങുമുള്ള മുതലാളിത്ത ലിബറൽ സമീപനത്തോടുള്ള പൊതുവിമർശനമായി മാറുന്നുണ്ട്. രാഷ്ട്രീയകാര്യങ്ങളിൽ തന്റെ അഭിപ്രായം എപ്പോഴും സിനിമയിലൂടേയും അല്ലാതെയും തുറന്നുപറയാറുണ്ട് എൺപത്തിയെട്ടിലെത്തി നിൽക്കുന്ന ഈ ചലച്ചിത്രകാരൻ.

സിറിയയിൽ നിന്നുമുള്ള കുടിയേറ്റ ജനതയോട് ബ്രിട്ടീഷ് പൗരർ പുലർത്തുന്ന അപരവിദ്വേഷാത്മകമായ പെരുമാറ്റം ഇന്ന് ഒറ്റപ്പെട്ട ഒന്നല്ല.

വിശാലമായ രാഷ്ട്രീയവിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ചെറിയ നാടകീയ മുഹൂർത്തങ്ങളെ ആഖ്യാനം ചെയ്യുമ്പോഴും വ്യക്തിതലത്തിലുള്ള അതിന്റെ പ്രതിഫലനങ്ങളിൽ ഫോക്കസ് ചെയ്യുക എന്നതിൽ സ്ഥിരത പുലർത്തുന്ന സംവിധായകനാണ് കെൻ ലോച്ച്. 2011- ൽ ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ രാഷ്ട്രീയം കഥാപാത്രസൃഷ്ടിയിലും ആഖ്യാനത്തിലും സൂക്ഷ്മമായി ഉൾച്ചേർക്കുന്നതിന്റെ സങ്കീർണമായ തന്റെ വഴികൾ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. അനാർഭാടമായ ശൈലിയിലാണ് പുതുമുഖങ്ങളേയും അമേച്വർ ആർട്ടിസ്റ്റുകളേയും വച്ച് കെൻ ലോച്ച് തന്റെ ഏറ്റവും പുതിയ ഈ സിനിമ സാക്ഷാത്കരിച്ചിരിക്കുന്നത്. കടുത്ത കുറ്റപ്പെടുത്തലിന്റെ സ്വരങ്ങൾ കേൾപ്പിക്കാത്ത ഒരു ഫിലിം മേക്കിംഗ് ഭാഷയാണ് ഇതിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അതേസമയം, അടിച്ചമർത്തപ്പെടുന്നവരാട് ഐക്യദാർഢ്യപ്പെട്ടും സഹഭാവം പുലർത്തിയും മുമ്പോട്ടുപോകുന്ന സുതാര്യവും സത്യസന്ധവുമായ ഒരു ശൈലിയിലുള്ളതുമാണ് അത്. അതുകൊണ്ടാണ് ഏറ്റവും മികച്ച സിനിമകളുടെ ഗണത്തിൽ പെടുത്താൻ കഴിയാത്തപ്പോഴും 1960-കളുടെ മധ്യം മുതലുള്ള സംവിധായകന്റെ പ്രതിബദ്ധമായ സിനിമാജീവിതത്തിലെ സത്യസന്ധമായ ഒരു സൃഷ്ടിയായി ദ ഓൾഡ് ഓക്കിനെ അടയാളപ്പെടുത്താൻ കഴിയുന്നത്. 2016- ലെ I, Daniel Blake ന്റേയും 2019- ലെ Sorry We Missed You വിന്റേയും ഒരു തരത്തിലുള്ള തുടർച്ചയായി, ഒരു സിനിമാത്രയത്തിലെ ഒടുവിലത്തെ കണ്ണിയായി ഈ സിനിമയെ നിരൂപകർ വിശേഷിപ്പിക്കുന്നു.

Sorry We Missed You
Sorry We Missed You

സിനിമയിൽ ചിത്രീകരിക്കപ്പെട്ടതുപോലുള്ള, സിറിയയിൽ നിന്നുമുള്ള കുടിയേറ്റ ജനതയോട് ബ്രിട്ടീഷ് പൗരർ പുലർത്തുന്ന അപരവിദ്വേഷാത്മകമായ പെരുമാറ്റം ഇന്ന് ഒറ്റപ്പെട്ട ഒന്നല്ല. വിപണിശക്തികളുടെ പ്രയോഗങ്ങളും ജിയോ പൊളിറ്റിക്കൽ അവസ്ഥയും ലോകത്തെങ്ങും തദ്ദേശീയ ജനവിഭാഗങ്ങളിൽ സമാനമായ രൂപത്തിലും ഭാവത്തിലും ശത്രുതാപരമായ സമീപനം സൃഷ്ടിക്കുന്നുണ്ട്. ഈ സിനിമയിലാകട്ടെ തൊഴിലെടുക്കുന്ന വെള്ളക്കാരായ മനുഷ്യരേയും ചിത്രം ഒരു വിധത്തിൽ ഇരകളായാണ് പരിഗണിക്കുന്നത്.

ദ ഓൾഡ് ഓക്ക് എന്നത് ടി.ജെ. ബലാന്റൈൻ (T J Ballantyne -Dave Turner) എന്നയാൾ ഇംഗ്ളണ്ടിന്റെ വടക്കുകിഴക്ക് ഭാഗത്തുള്ള ദർഹാമിൽ (Durham) നടത്തുന്ന പബ്ബിന്റെ പേരാണ്. പഴയ ഖനിമേഖലാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പബ്ബ് നാട്ടുകാരുടെ ഒരു കൂടിയിരുപ്പ് സ്ഥലം കൂടിയാണ്. തൊഴിൽപരമായ അഗ്നിപരീക്ഷകളും ഭാര്യയുമായുള്ള വേർപിരിയലും മകനുമായുള്ള അകൽച്ചയും എല്ലാം ചേർന്ന് ഖിന്നനും വിഷാദഭരിതനുമാണ് ടി.ജെ എന്നു വിളിക്കപ്പെടുന്ന ബലാന്റൈൻ. സാമൂഹ്യമാധ്യമങ്ങളിൽ കുടിയേറ്റ ജനതയെക്കുറിച്ച് വരുന്ന സ്വാർത്ഥപ്രേരിതമായ പ്രചാരണങ്ങളിൽ അഭിരമിക്കുന്ന പതിവുകാരാണ് പബ്ബിലെത്തുന്നവർ ഭൂരിപക്ഷവും. സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള തങ്ങളുടെ അവസരങ്ങൾ ഇല്ലാതാക്കുന്ന ഒന്നായാണ് സിറിയൻ കുടിയേറ്റക്കാരുടെ സാന്നിദ്ധ്യത്തെ അവർ കാണുന്നത്.

തൊഴിലാളി സമൂഹത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും വിഷയങ്ങൾ കൈകാര്യം ചെയ്ത ഇരുപത്തിയഞ്ചോളം സിനിമകൾ ചെയ്തിട്ടുണ്ട് കെൻ ലോച്ച്.

നീരസം നിറഞ്ഞ മുഖത്തോടെ നിലകൊള്ളുന്ന പ്രദേശവാസികൾക്കിടയിലേക്ക് ബസിൽ വന്നിറങ്ങുന്ന കുടുംബത്തിന്റെ ഫോട്ടോഗ്രാഫുകൾ എടുക്കുന്നതിന്റെ ദൃശ്യത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. തന്റെ കണ്ണുകളാൽ നിരീക്ഷിക്കപ്പെടുന്നതെല്ലാം ക്യാമറയിൽ പകർത്താൻ ഇഷ്ടപ്പെടുന്നവളാണ് സിറിയക്കാരി യാര (Ebla Mari) എന്ന യുവതിയായ ഫോട്ടോഗ്രാഫർ. ആദ്യ ഷോട്ടുകളിൽ തന്നെ പ്രദേശത്തെ ഒരുവിഭാഗം ആളുകളുടെ വംശീയത നിറഞ്ഞ മുൻവിധിയോടെയുള്ള മനോഭാവം സംവിധായകൻ ദൃശ്യവത്കരിക്കുന്നുണ്ട്. അവിടെ വ്യത്യസ്തരായി കാണപ്പെടുന്നത് പബ്ബുടമ ടി.ജെ. ബലാന്റൈനും സഹായി ലോറയുമാണ് (Claire Rogerson). കത്തീഡ്രൽ നഗരമായ ദർഹാമിലാണ് സംഭവങ്ങൾ നടക്കുന്നത്. ആൾപ്പാർപ്പ് നിലച്ച സമീപ കെട്ടിടങ്ങളെല്ലാം റിയൽ എസ്റ്റേറ്റ് കമ്പനികൾ ചെറിയ വിലയ്ക്ക് വാങ്ങിക്കൂട്ടുന്നതിനിടയിലാണ് പബ്ബിന്റെ നിൽപ്പ്. യാരയുടെ ഫോട്ടോയെുപ്പ് നാട്ടുകാരുമായുള്ള സംഘർഷത്തിലേക്ക് നയിക്കാതെ ഇടപെടുന്നതോടെയാണ് ടി.ജെയും യാരയും തമ്മിലുള്ള സൗഹൃദം ഉടലെടുക്കുന്നത്. കടന്നുവന്ന വഴികൾ രണ്ടും വ്യത്യസ്തമെങ്കിലും അവർ ഗാഢമായ പരസ്പരവിശ്വാസത്തോടെയുള്ള സൗഹൃദത്തിലേക്ക് എത്തിച്ചേരുന്നു. അത്യന്തം സ്വാഭാവികതയോടെയും മനോഹരവുമായാണ് ഈ കൂട്ടുകൂടൽ ആഖ്യാനം ചെയ്തിട്ടുള്ളത്.

പഴയ  ഖനിമേഖലാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പബ്ബ് നാട്ടുകാരുടെ ഒരു കൂടിയിരുപ്പ് സ്ഥലം കൂടിയാണ്
പഴയ ഖനിമേഖലാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പബ്ബ് നാട്ടുകാരുടെ ഒരു കൂടിയിരുപ്പ് സ്ഥലം കൂടിയാണ്

തദ്ദേശീയരായ വെള്ളക്കാരുടെ മധ്യവർഗ്ഗ അഭിലാഷങ്ങൾ ചർച്ച ചെയ്യാനൊരിടമെന്ന നിലക്ക് പബ്ബിന്റെ പിറകുവശത്തുള്ള മുറി ഉപയോഗപ്പെടുത്താനുള്ള അഭ്യർത്ഥന ബലാന്റൈൻ നിരസിക്കുന്നു. പകരം പ്രസ്തുത മുറി സിറിയൻ കുടിയേറ്റ സമുദായത്തിനും സാമ്പത്തികപ്രശ്നങ്ങളാൽ പ്രയാസപ്പെടുന്ന പ്രദേശവാസികൾക്കും ഒരു ഓപ്പൺ കിച്ചൻ തുടങ്ങാൻ അനുവദിക്കുന്നു അദ്ദേഹം. ഇതൊരു വഞ്ചനയായാണ് പതിവുകാർ കണ്ടത്. യാര എന്ന യുവതി ആത്മവിശ്വാസത്തോടെ കിച്ചൻ നിർമാണത്തിന്റെ നേതൃത്വം ഏറ്റെടുക്കുകയാണ്. അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കുന്ന യാരയുടെ പിതാവ് സിറിയൻ ഭരണകൂടത്തിന്റെ വേട്ടയാടലിനെത്തുടർന്ന് ജയിലിൽ കഴിയുകയാണ്. യാരയുമായി വാത്സല്യനിർവിശേഷമായ സ്നേഹസൗഹൃദത്തിലാവുന്ന ടി.ജെ സിറിയൻ കുടിയേറ്റ സമുദായത്തെ സഹായിക്കാനുള്ള സന്നദ്ധത പുലർത്തുന്നു. ബ്രിട്ടീഷ് ജനതയ്ക്ക് മനുഷ്യരെ സഹാനുഭൂതിയോടെ പരിചരിക്കാൻ കഴിയുമെന്ന് കെൻ ലോച്ചും തിരക്കഥാകൃത്ത് പോൾ ലാവർട്ടിയും (Paul Laverty ) സ്ഥാപിക്കാൻ ശ്രമിക്കുകയാവാം ഈ ചിത്രീകരണത്തിലൂടെ.

ബ്രിട്ടന്റെ തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥയും സാമൂഹ്യപ്രശ്നങ്ങളും ലോകത്തിനുമുമ്പിൽ അനാവൃതമാക്കാൻ അധികം ചലച്ചിത്രപ്രവർത്തകർ തയ്യാറായിട്ടില്ല.

വലിയ പ്രതീക്ഷകൾ വച്ചുപുലർത്താതെ ജീവിതം നയിക്കുന്ന ബലാന്റൈന്റേയും ആത്മവിശ്വാസത്തോടെ ഇടപെടുന്ന യാരയുടേയും സൗഹൃദത്തിലൂടെയാണ് ചിത്രത്തിന്റെ തുടർന്നുള്ള യാത്ര. പ്രദേശവാസികളുടെ കൈയേറ്റത്തിൽ ക്യാമറയ്ക്ക് സംഭവിച്ച കേടുപാടുകൾ അയാൾ മുൻകൈയെടുത്ത് പരിഹരിച്ചു കൊടുക്കുന്നു. നഗരവാസികളിൽ പകർച്ചവ്യാധിപോലെ പടരുന്ന കുടിയേറ്റവിരോധം കൊച്ചുകൊച്ചു ദൃശ്യങ്ങളിലൂടെ രേഖപ്പെടുത്താനുള്ള ലളിതവും ഋജുവുമായ ശ്രമം കെൻ ലോച്ച് നടത്തുന്നതായി കാണാം. തദ്ദേശീയരായ വെള്ളക്കാരുടെ സംഭാഷണ ശകലങ്ങളുടെ ശൈലിയിലും ഭാഷാപ്രയോഗത്തിലും അവരുടെ മുൻവിധികളും അപരരെ ചേർത്തുനിർത്താനുള്ള വിമുഖതയും വെളിപ്പെടുത്താൻ കെൻ ലോച്ച് ശ്രദ്ധിച്ചിട്ടുണ്ട്. കുടിയേറ്റക്കാരോടുള്ള സമീപനത്തിന്റെ ചിത്രീകരണത്തോടൊപ്പം മുൻ ഖനിനഗരങ്ങളിൽ സംഭവിച്ച ദാരിദ്ര്യവൽക്കരണവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ഈ രണ്ട് പ്രമേയപരിസരങ്ങളേയും കൂട്ടിയിണക്കിക്കൊണ്ടുള്ളതാണ് സിനിമയുടെ സഞ്ചാരം. എന്നാൽ നാട്ടുകാരിൽ വികസിച്ചുവരുന്ന പരദേശീസ്പർദ്ധയുടെ പരിണാമത്തിൽ തന്നെയാണ് ചിത്രത്തിന്റെ ഊന്നൽ. അതിനിടെ കടന്നുവരുന്ന ചില സെന്റിമെന്റൽ ത്രെഡുകളുണ്ട്. അത് വിഷയത്തിന്റെ രാഷ്ട്രീയാസ്പദങ്ങളിലുള്ള ഊന്നലുകളെ ദുർബലമാക്കുന്നു എന്ന വിമർശനത്തിന് ഇവിടെ സ്കോപ്പുണ്ട്.

നഗരത്തിലെ ഒരേയൊരു പബ്ബ് പഴകി ജീർണ്ണിച്ച അവസ്ഥയിലുള്ളതും അടിയന്തിര റിപ്പയർ അനിവാര്യമായതുമായ ഒന്നാണ്. അത് ജനങ്ങളുടെ അവസ്ഥയെ സൂചിപ്പിക്കുന്നുണ്ട്. പ്രവചനീയമായ പരിണാമഗുപ്തിയിലൂടെയാണ് സിനിമയുടെ സഞ്ചാരമെങ്കിലും നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ ഒരു സാമൂഹ്യപ്രശ്നത്തെയാണ് കെൻ ലോച്ച് ലളിതമായ ചലച്ചിത്രഭാഷയിൽ വെള്ളിത്തിരയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളത്. എന്നാൽ അതിനെ കാൽപ്പനികമായ ഒരന്ത്യത്തിലേക്ക് നയിച്ചു എന്ന വിമർശനം വരാം. വിഭജനത്തിന്റേയും സ്വീകരണത്തിന്റേയും വിപരീതധ്രുവങ്ങളെ യോജിപ്പിക്കാൻ ശ്രമിച്ചതുകൊണ്ടാവാം അത്.

ബ്രെക്സിറ്റ് അനന്തര ബ്രിട്ടന്റെ അവസ്ഥയെ കുറിച്ചുള്ള ഏറ്റവും ശക്തിമത്തായ ചലച്ചിത്ര വ്യാഖ്യാനമായി ദ ഓൾഡ് ഓക്ക് എന്ന സിനിമ മാറുന്നു.

വടക്കൻ ഇംഗ്ളണ്ടിലെ മുൻ ഖനിനഗരവാസികളെ സംബന്ധിച്ച് പുതിയതായി വന്നെത്തുന്ന ആളുകൾ തങ്ങളുടെ അവസരനഷ്ടങ്ങളെ തീവ്രമാക്കുന്നവരാണ്. നിലനിൽപ്പുമായി ബന്ധപ്പെട്ട് തിടം വെക്കുന്ന ഈ ഭയം അപരവിദ്വേഷത്തിന് കാരണമായി ഭവിക്കുന്നുണ്ട്. പബ്ബിന്റെ പിറകുവശത്തുള്ള ഉപയോഗിക്കാത്ത മുറിയുടെ ഭിത്തിയിലെ ഫോട്ടോകൾ നഗരത്തിന്റെ ഭൂതകാല മഹിമയും ഒപ്പം തൊഴിലാളികളുടെ പോരാട്ടവീറും സൂചിപ്പിക്കുന്നുണ്ട്. മുറിയുടെ ഭിത്തികൾ 1984- ലെ ഖനിതൊഴിലാളി സമരത്തിന്റെ ഫോട്ടോഗ്രാഫുകൾ നിറഞ്ഞതാണ്. യാരയേയും ടി.ജെയേയും പ്രചോദിപ്പിക്കുന്ന ഒരു കാര്യം കൂടിയാണത്. എല്ലാവർക്കും കൂടിയിരുന്ന് ആഹാരം കഴിക്കാനുള്ള ഒരു തുറന്ന അടുക്കള ഉണ്ടാക്കണം എന്ന ചിന്തയിലേക്ക് അവരെ നയിക്കുന്നതും അതു തന്നെ. സമകാലിക വിഷയങ്ങളുടെ മർമ്മത്തിൽ സ്പർശിക്കുമ്പോൾ തന്നെ ഏകാന്തതയും സംഘർഷവും അനുഭവിക്കുന്ന ഒരു മനുഷ്യന്റെ തരളിതഭാവങ്ങളേയും ചിത്രം ദൃശ്യവത്കരിക്കുന്നു. തനിക്കേറെ അടുപ്പമുള്ള പട്ടിക്കുട്ടിയായ മാരയുടെ മരണം ടി.ജെയെ ഏറെ സങ്കടപ്പെടുത്തുന്നു. യാരയുടെ കത്തീഡ്രൽ സന്ദർശനം അവളിൽ അലിവാർന്ന മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്.

തനിക്കേറെ അടുപ്പമുള്ള പട്ടിക്കുട്ടിയായ മാരയുടെ മരണം ടി.ജെയെ ഏറെ സങ്കടപ്പെടുത്തുന്നു
തനിക്കേറെ അടുപ്പമുള്ള പട്ടിക്കുട്ടിയായ മാരയുടെ മരണം ടി.ജെയെ ഏറെ സങ്കടപ്പെടുത്തുന്നു

തൊഴിലാളി സമൂഹത്തിന്റേയും മനുഷ്യാവകാശങ്ങളുടേയും വിഷയങ്ങൾ കൈകാര്യം ചെയ്ത ഇരുപത്തിയഞ്ചോളം സിനിമകൾ ചെയ്തിട്ടുണ്ട് കെൻ ലോച്ച്. തന്റെ രാഷ്ട്രീയ വിക്ഷണങ്ങളാൽ പ്രചോദിതമെങ്കിലും ഈ സിനിമകളൊക്കെ മനുഷ്യകഥാനുഗായികളായിരുന്നു. കേവല പ്രചാരണ സിനിമകളായിരുന്നില്ല അവ. വേദനയുളവാക്കുന്ന അനീതികൾ അവയുടെ വിഷയമായിരുന്നിട്ടുണ്ട്. ഒന്നിച്ചിരിക്കാനും ഒന്നിച്ചുകഴിക്കാനും (‘sit together and eat together’) ഒരിടമാണ് ടി.ജെയും യാരയും മുൻകൈയെടുത്ത് ഉണ്ടാക്കാനാഗ്രഹിച്ചത്. ഒരാൾക്ക് പ്രയാസം വരുമ്പോൾ വാക്കുകളേക്കാൾ ആഹാരം കൊടുക്കൽ ഗുണംചെയ്യുമെന്ന് യാരയുടെ അമ്മ പറയുന്നുണ്ട് സിനിമയിൽ ഒരു രംഗത്തിൽ. അത് ഐക്യദാർഢ്യമാണ് ദാനമല്ല ( ‘solidarity, not charity’). ‘When you eat together, you stick together,’ എന്ന മന്ത്രം ബലാന്റൈന്റെ മാതാവ് അയാൾക്ക് പകർന്നു നൽകിയിരുന്നതായി അയാളുമോർക്കുന്നുണ്ട്.

മുതലാളിത്ത ഭരണകൂടത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളുടെ ഇരകളായ രണ്ട് വ്യത്യസ്ത വിഭാഗങ്ങളുടെ ഒരുമയെ സ്വപ്നം കാണുന്നുണ്ട് സംവിധായകൻ കെൻ ലോച്ചും തിരക്കഥാകൃത്ത് പോൾ ലാവർട്ടിക്കും.

ബ്രിട്ടന്റെ തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥയും സാമൂഹ്യപ്രശ്നങ്ങളും ലോകത്തിനുമുമ്പിൽ അനാവൃതമാക്കാൻ അധികം ചലച്ചിത്രപ്രവർത്തകർ തയ്യാറായിട്ടില്ല. എന്നാൽ ബ്രെക്സിറ്റ് അനന്തര ബ്രിട്ടന്റെ അവസ്ഥയെ കുറിച്ചുള്ള ഏറ്റവും ശക്തിമത്തായ ചലച്ചിത്ര വ്യാഖ്യാനമായി ഈ സിനിമ മാറുന്നു. അതാകട്ടെ പ്രത്യക്ഷത്തിലുള്ള പരാമർശങ്ങൾ ഇല്ലാതെയാണ്. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‍വ്യവസ്ഥയാണ് ദർഹാം നഗരത്തിന്റേത്. ഖനി തൊഴിലാളി സമൂഹത്തിന് നല്ല ജീവിതം നയിക്കാൻ കഴിഞ്ഞിരുന്ന ഭൂതകാലം ഉണ്ടായിരുന്നു. പബ്ബ് വിശാലമായ സാമുദായിക ഇടത്തിന്റെ രൂപകമായിക്കൂടി ചിത്രത്തിൽ അടയാളപ്പെടുന്നു. നാനാതരം സാമ്പത്തിക പ്രയാസങ്ങളാൽ വലയുന്നവരാണ് പ്രദേശവാസികളെന്ന് അവിടെയെത്തുന്നവരുടെ സംഭാഷണങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. സിറിയൻ കുടിയേറ്റക്കാരുടെ വരവ് അവരിൽ ആധി പടർത്തുകയാണ്. സുരക്ഷിതമായ ഭാവിജീവിതത്തെക്കുറിച്ചുള്ള അനിശ്ചിതത്വം അപരവിദ്വേഷത്തിന്റെ വിത്തുകൾ വിതയ്ക്കുന്നതായി കാണാം. രാഷ്ട്രീയവും സാമൂഹ്യവുമായ ഹൈബർനേഷനിൽ നിന്നും ടി.ജെ പുറത്തുവരുന്നത് യാരയുമായുള്ള സൗഹൃദം വികസിക്കുന്നതോടെയാണ്.

ബ്രിട്ടനിലെ തൊഴിലാളികളുടേയും പാവപ്പെട്ടവരുടേയും ജീവിതാവസ്ഥകളെ വിശകലനം ചെയ്യുന്ന സിനിമ തന്നെയാണ് മുഖ്യമായും ദ ഓൾഡ് ഓക്ക്. എൺപതുകളിൽ ശക്തമായ ഖനിതൊഴിലാളി പണിമുടക്കുകൾ നടന്ന സ്ഥലാണ് വടക്കുകിഴക്കൻ പ്രദേശമായ ദർഹാം. തൊഴിൽരാഹിത്യവും ദാരിദ്ര്യവും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കഴിഞ്ഞ ദശകത്തിന്റെ പകുതിയോടെ അവിടെ സംജാതമായത്. പ്രതീക്ഷയോടെ അവസാനിക്കുന്ന സിനിമയിലെ അവസാന രംഗങ്ങൾ ഐക്യപ്പെടലിന്റേയും പങ്കുവെയ്ക്കലിന്റേയും മാനുഷിക ഗുണങ്ങളിൽ പ്രത്യാശാഭരിതനാവുന്ന ഒരു ചലച്ചിത്രകാരനെ കാട്ടിത്തരുന്നു. യൂറോപ്പിലെ കുടിയേറ്റവുമായി ബന്ധപ്പെട്ട സംഘർഷാത്മകമായ അവസ്ഥയെ വിശകലനം ചെയ്യുന്ന ഏറെ സിനിമകൾ ഇക്കാലത്ത് പുറത്തുവരുന്നുണ്ട്. അവയിൽ നിന്ന് ഈ സിനിമയെ വേറിട്ടതാക്കുന്നത് ഈ പ്രതീക്ഷയായിരിക്കും.

വീഴ്ചയുടെ നേരത്ത് സഹാനുഭൂതി നിറഞ്ഞ ചേർത്തുവയ്ക്കലുകൾ പ്രതീക്ഷ പകരുന്ന ഒന്നായി കണ്ടെടുക്കുകയാണ് ലജന്ററി ഫിലിംമേക്കർ എന്ന് വിശേഷിപ്പിക്കാവുന്ന കെൻ ലോച്ച്. അരക്ഷിതാവസ്ഥയുടെ നേരങ്ങൾ മനുഷ്യമനസ്സിൽ സൃഷ്ടിക്കുന്ന അപരവിദ്വേഷത്തിന്റെ രോഗാണുക്കൾ ലോകത്തെങ്ങും ഇപ്പോൾ അനുഭവവേദ്യമാകുന്നുണ്ട്. അതിജീവനത്തിന്റെ പാതകളന്വേഷിക്കുന്ന മനുഷ്യരാവും അത്തരം അവസ്ഥകളിൽ ഉണ്ടാവുക. മൈനിങ്ങിലൂടെ നേടിയ സമ്പന്നത ഇല്ലാതായി തീവ്രമായ ദാരിദ്ര്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ദർഹാമിലേക്ക് സിറിയയിലെ യുദ്ധഭൂമിയിൽനിന്നാണ് അഭയാർത്ഥികൾ എത്തുന്നത്. ഭാവി അനിശ്ചിതത്വത്തിലായ രണ്ട് ജനതകൾ അതോടെ അതിജീവനത്തിന്റെ വഴികളിൽ എതിരാളികളാക്കപ്പെടുകയാണ്. മുതലാളിത്ത വിപണിയുടെ ദയാരഹിതമായ കുതിപ്പിന്റെ ഇരകളാണ് ഇരുകൂട്ടരും.

പാർശ്വവത്കൃത വിഭാഗങ്ങളോടുള്ള അനുതാപത്തിന്റേയും രാഷ്ട്രീയ സംവാദങ്ങളുടേയും സിനിമകളായാണ് കെൻ ലോച്ച് സിനിമകൾ പരിഗണിക്കപ്പെടുന്നത്.

ദ ഓൾഡ് ഓക്ക് പബ്ബിന്റെ മുമ്പിലേയും പിറകിലേയും മുറികളിൽ നടക്കുന്ന വിനിമയങ്ങൾ പ്രശ്നങ്ങൾ നേരിടുന്ന രണ്ട് ജനവിഭാഗങ്ങളുടെ വ്യത്യസ്ത മനോഭാവങ്ങളേയും സമീപനങ്ങളേയും അനാവരണം ചെയ്യുന്നുണ്ട്. മുതലാളിത്ത ഭരണകൂടത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങളുടെ ഇരകളായ രണ്ട് വ്യത്യസ്ത വിഭാഗങ്ങളുടെ ഒരുമയെ സ്വപ്നം കാണുന്നുണ്ട് സംവിധായകൻ കെൻ ലോച്ചും തിരക്കഥാകൃത്ത് പോൾ ലാവർട്ടിക്കും എന്നുവേണം വിലയിരുത്താൻ. യാരയുടെയും ബലാന്റൈന്റേയും മാത്രം കഥയായി ഈ സൃഷ്ടിയെ ഒരിക്കലും കാണാനാവില്ല. അതിജീവിനത്തിന്റെ മാനസികസംഘർഷങ്ങളിലൂടെ യാത്ര തുടരുന്ന മുഴുവൻ മനുഷ്യരുടേയും കഥയാണിത്. ട്രേഡ് യൂണിയൻ സംസ്കാരമുള്ള ദർഹാം നഗരം ഭരണകൂടത്തിന്റെ അവഗണനയുടെ ഇരയായ പ്രദേശമാണ്. പാർശ്വവത്കൃത വിഭാഗങ്ങളോടുള്ള അനുതാപത്തിന്റേയും രാഷ്ട്രീയ സംവാദങ്ങളുടേയും സിനിമകളായാണ് കെൻ ലോച്ച് സിനിമകൾ പരിഗണിക്കപ്പെടുന്നത്. ഈ സിനിമയാകട്ടെ ആവിഷ്കാരത്തിൽ പുലർത്തുന്ന ആത്മാർത്ഥതയ്ക്ക് അൽപ്പവും ഇടിവ് വരുത്താതെ അസാധാരണമാം വിധം ജനതകളുടെ ഐക്യപ്പെടലിൽ പ്രതീക്ഷ വച്ചു പുലർത്തുന്നു.

 പോൾ ലാവർട്ടിയും കെൻ ലോച്ചും
പോൾ ലാവർട്ടിയും കെൻ ലോച്ചും

തൊണ്ണൂറുകളിലാണ് പോൾ ലാവർട്ടിയുമായി കെൻ ലോച്ച് സിനിമയിൽ കൂട്ടുചേരുന്നത്. തുടർന്ന് അവരിരുവരും ചേർന്ന് സിനിമകൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയതോടൊപ്പം തന്നെ വിമർശനങ്ങൾക്കും അവ പാത്രമായിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ബ്രിട്ടനിലെ തിയേറ്ററുകളിൽ റിലീസ് ചെയ്യപ്പെട്ട ദ ഓൾഡ് ഓക്ക് അവയിൽ ഒടുവിലത്തേതാണ്. സിനിമ ഇതിനകം അഞ്ച് മില്ല്യനിലധികം ഡോളർ തിയേറ്ററുകളിൽ നിന്ന് കലക്റ്റ് ചെയ്തതായാണ് കണക്ക്. അരക്ഷിതാവസ്ഥ നിറഞ്ഞ സന്ദർഭങ്ങളിലൂടെ കടന്നുപോയ മനുഷ്യർ സിനിമയെ ചേർത്തുപിടിച്ചതുകൊണ്ടു കൂടിയാവണം അത് സ്വീകര്യത നേടിയത്.

113 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ ഡി ഒ പി റോബി റ്യാൻ (Robbie Ryan) ആണ്. ജോർജ് ഫെൻറ്റൻ (George Fenton ) ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ടി.ജെ ബലാന്റൈനെ അവതരിപ്പിച്ച ഡേവ് ടർനർ I, Daniel Blake, Sorry We Missed You എന്നീ സിനിമകളിൽ ചെറിയ റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും വലിയ തോതിൽ അറിയപ്പെടുന്ന നടനല്ല. തങ്ങളുടെ ആദ്യത്തെ പ്രധാന അഭിനമുഹൂർത്തമാണെന്ന് വിശ്വസിക്കാൻ പറ്റാത്തവിധം ഉജ്ജ്വലമാണ് ബലാന്റൈനെ അവതരിപ്പിച്ച ടർനറുടേയും യാരയെ അവതരിപ്പിച്ച മാരിയുടേയും ഈ ചിത്രത്തിലെ പ്രകടനം.

Comments