1. മികച്ച ചലച്ചിത്രഗ്രന്ഥം - "ചമയം'
ഗ്രന്ഥകർത്താവ് - പട്ടണം റഷീദ്
അഭിനേതാവിനെ കഥാപാത്രമാക്കി രൂപാന്തരപ്പെടുത്തുന്നതിൽ ചമയത്തിന്റെ പ്രാധാന്യം സവിസ്തരം പ്രതിപാദിക്കുന്ന റഫറൻസ് ഗ്രന്ഥം. ചമയത്തിന്റെ ചരിത്രം, ചമയത്തിന്റെ സാങ്കേതികത, ചമയത്തിന്റെ ലാവണ്യശാസ്ത്രം എന്നിവയെ ഗവേഷണാത്മകമായും അനുഭവാത്മകമായും വിവരിക്കാനും വ്യാഖ്യാനിക്കാനുമുള്ള സാർത്ഥക പരിശ്രമം. ചലച്ചിത്രശരീരത്തിന്റെ അവിഭാജ്യഘടകമായ ചമയത്തെപ്പറ്റി ചമയക്കാരൻതന്നെ എഴുതിയിരിക്കുന്നുവെന്ന അനന്യതയുള്ള ഈ കൃതിയെ മികച്ച ചലച്ചിത്രഗ്രന്ഥമായി തെരഞ്ഞെടുത്തിരിക്കുന്നു.
2. മികച്ച ചലച്ചിത്ര ലേഖനം - "മലയാള സിനിമയിലെ ആണൊരുത്തന്മാർ: ജാതി, ശരീരം, താരം'
ലേഖകൻ - ജിതിൻ കെ.സി.
മലയാള സിനിമയിലെ താരശരീരത്തെ അപനിർമ്മിക്കുന്നു ഈ ലേഖനം. വെള്ളിത്തിരയിലെ പുരുഷ താരങ്ങളുടെ ശരീരനിർമ്മിതിയിൽ ജാതിയടക്കമുള്ള സംവർഗ്ഗങ്ങൾ എങ്ങനെ ഇടപെടുന്നുവെന്ന് 'ആണൊരുത്തൻ' എന്ന രൂപകത്തെ മുൻനിർത്തി വിശദീകരിക്കുന്നു. മലയാള സിനിമാവ്യവഹാരത്തിലെ ആൺബോധ/പൊതുബോധ നിർമ്മിതികളെ രാഷ്ട്രീയമായി വായിക്കുന്നു. ഇവയെല്ലാം പരിഗണിച്ച്, ഈ രചനയെ മികച്ച ചലച്ചിത്രലേഖനമായി തെരഞ്ഞെടുത്തിരിക്കുന്നു.
പ്രത്യേക ജൂറി പരാമർശങ്ങൾ
1. ചലച്ചിത്രഗ്രന്ഥം - "നഷ്ട സ്വപ്നങ്ങൾ'
ഗ്രന്ഥകർത്താവ് - ആർ. ഗോപാലകൃഷ്ണൻ
ജെ.സി.ഡാനിയേൽ, ജാനറ്റ്, ആർ. സുന്ദർരാജ്, ദേവകീഭായ്, രാമറെഡ്ഡി എന്നീ ആദ്യകാല ചലച്ചിത്രപ്രവർത്തകരുടെ അറിയപ്പെടാത്ത ജീവിതത്തെ വർത്തമാനകാലത്തിന്റെ ചരിത്രബോധത്തിലേയ്ക്ക് ആനയിക്കുന്ന പഠനഗ്രന്ഥം. ജീവചരിത്രത്തെ സാമൂഹ്യചരിത്രവും കലാചരിത്രവുമായി വികസിപ്പിച്ചെടുക്കുന്ന ഈ ചലച്ചിത്ര ഗ്രന്ഥത്തിന് പ്രത്യേക ജൂറി പരാമർശം നൽകുന്നു.
2. ചലച്ചിത്രഗ്രന്ഥം - "ഫോക്കസ്: സിനിമാപഠനങ്ങൾ'
ഗ്രന്ഥകർത്താവ് - ഡോ.ഷീബ എം. കുര്യൻ
ലിംഗപദവി, സാമൂഹ്യപദവി, കർത്തൃനോട്ടം എന്നിവയുടെ അടിസ്ഥാനത്തിൽ സിനിമയെ വിലയിരുത്തുന്ന ഗ്രന്ഥം. ചലച്ചിത്ര നിരൂപണത്തിൽ സംസ്‌കാരവിമർശനപഠനത്തിന്റെ സാധ്യതകൾ തുറന്നു തരുന്ന ഈ കൃതിക്ക് പ്രത്യേക ജൂറി പരാമർശം നൽകുന്നു.
3. ചലച്ചിത്ര ലേഖനം - "ജോർജ്ജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും'
ഗ്രന്ഥകർത്താവ് - ഡോ.രാകേഷ് ചെറുകോട്
"ദൃശ്യം' സിനിമകളിലെ കേന്ദ്രകഥാപാത്ര നിർമ്മിതിയുടെ പിന്നിൽ പ്രവർത്തിക്കുന്ന മനശ്ശാസ്ത്രപരവും സാമൂഹ്യവും പ്രത്യയശാസ്ത്രപരവുമായ ഘടകങ്ങൾ, ജനപ്രീതിയുടെ രാഷ്ട്രീയം എന്നിവയെ സൈദ്ധാന്തികമായി വിലയിരുത്തുന്ന ഈ ലേഖനത്തിന് പ്രത്യേക ജൂറി പരാമർശം നൽകുന്നു.