ഇടത് ആണത്ത രാഷ്ട്രീയത്തിന്റെ
ചില സിനിമാക്കളികൾ

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ 'വനിതാ സംവിധായകരുടെ സിനിമ ' പദ്ധതി പ്രകാരം നിർമിച്ച നാല് സിനിമകളിൽ ഏതെങ്കിലും ഒരു ചിത്രം കുടുംബസമേതം കണ്ട് പ്രേക്ഷകർക്ക് സന്ദേശം കൊടുക്കാൻ ഏതെങ്കിലും ഭരണാധികാരിക്ക് കഴിഞ്ഞിരുന്നെങ്കിൽ അതുണ്ടാക്കുന്ന ഇഫക്ട് ആ നാല് സിനിമകളുടെ കാര്യത്തിൽ മാത്രമായി ഒതുങ്ങി നിൽക്കില്ലായിരുന്നു. പകരം, മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം ‘ജയിലർ’ കണ്ടതിന്റെ ആഘോഷങ്ങളാണ് നാം കണ്ടത്.

കേരള മുഖ്യമന്ത്രി കുടുംബസമേതമെത്തി ‘ജയിലർ’ എന്ന സിനിമ കണ്ട വാർത്ത 2023 ആഗസ്ത് 13,14 തിയതികളിൽ മിക്കവാറും എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ ശീർഷകങ്ങളിൽ പ്രസിദ്ധീകരിച്ച ഓൺലൈൻ / അച്ചടി മാധ്യമറിപ്പോർട്ടുകളിൽ ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുണ്ടായിരുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. തിരുവനന്തപുരം ലുലുമാളിലെ തിയേറ്ററിലെത്തിയ മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും ചിത്രത്തോടൊപ്പമായിരുന്നു പ്രസ്തുത വാർത്തകൾ.

ജയിലർ എന്ന സിനിമക്ക് നിരവധി മാനങ്ങൾ ഉണ്ടെന്നും കൊണ്ടാടപ്പെടേണ്ട ഒന്നാണിതെന്നും വിനായകന്റെ സിനിമയാണെന്നും തലേദിവസം, ആഗസ്ത് 12 ന്, മന്ത്രി വി. ശിവൻകുട്ടി ഫേസ്ബുക്കിലും എഴുതിയിരുന്നു. രജനീകാന്തും വിനായകനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ അഭിമുഖമായി പോരിനെന്നവണ്ണം നിൽക്കുന്ന സിനിമയിലെ ഒരു രംഗത്തിന്റെ ഫോട്ടോയും മന്ത്രി ഇതോടൊപ്പം പോസ്റ്റ് ചെയ്തിരുന്നു. വലിയ പ്രോൽസാഹനമാണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറിന് ഇതെല്ലാം വഴി ലഭിച്ചത്. വിനായകൻ എന്ന നടന്റെ പ്രസ്തുത സിനിമയിലെ പ്രകടനം ഏറെ പ്രകീർത്തിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു ഇവയെങ്കിലും, ചില സന്ദേശങ്ങൾ ഇവ പ്രസരിപ്പിക്കുന്നുണ്ട്. വിനായകന്റെ അഭിനയത്തിന്റെ മികവ് ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അദ്ദേഹം അവതരിപ്പിച്ച വർമൻ എന്ന കഥാപാത്രം പ്രതിരോധത്തിന്റെ വലിയ പ്രതീകം എന്ന നിലയിലും അവതരിപ്പിക്കപ്പെട്ടു.

ജയിലര്‍ എന്ന സിനിമയില്‍ വിനായകന്‍

ഒരാൾ ഏതു സിനിമ കാണണം എന്നത് വ്യക്തിപരമായ തിരഞ്ഞടുപ്പാണ് എന്നത് പൂർണമായും ശരിയാണ്. അതിനപ്പുറം ഭരണാധികാരികളുടെ ഇത്തരം തിരഞ്ഞെടുപ്പിന് മാധ്യമങ്ങൾ കൊടുക്കുന്ന പ്രാധാന്യത്തിൽ നിന്ന് സമൂഹത്തിലേക്ക് ചില സന്ദേശങ്ങളും എത്തുന്നുണ്ട്. അത് എന്താണ് എന്നത് വിശകലനം ചെയ്യേണ്ടതുണ്ട്. വലിയ തുക പരസ്യത്തിനും പ്രചാരണത്തിനും നിർമാതാക്കൾ മുടക്കുന്ന സാഹചര്യമാണ് സിനിമാവ്യവസായരംഗത്തുള്ളത്. ആഗോള ബോക്സ്‌ ഓഫീസിൽ നിന്ന് ജയിലർ സിനിമ 650 കോടിയോളം നേടിയതായാണ് വാർത്ത. കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം 58 കോടി രൂപയാണ് ചിത്രം നേടിയതത്രേ.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ 'വനിതാ സംവിധായകരുടെ സിനിമ ' പദ്ധതി പ്രകാരം നിർമിച്ച നാലാമത്തെ സിനിമയായ 'നിള'യുടെ സംവിധായിക ഇന്ദു ലക്ഷ്മി കോർപ്പറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഈ അവസരത്തിൽ ഓർക്കേണ്ട മറ്റൊരു കാര്യമുണ്ട്. കേരള സർക്കാരിന്റെ സഹായത്തോടെ കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ നാല് സിനിമകൾ നിർമിച്ചിട്ടുണ്ട്. അവയുടെ നിർമാണവുമായും തിയേറ്റർ പ്രദർശനവുമായും ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളും വസ്തുതകളുമാണത്.

നാല് സിനിമകളിൽ ഏതെങ്കിലും ഒരു ചിത്രം കുടുംബസമേതം കണ്ട് പ്രേക്ഷകർക്ക് ഒരു സന്ദേശം കൊടുക്കാൻ ഏതെങ്കിലും ഭരണാധികാരിക്ക് കഴിഞ്ഞിരുന്നെങ്കിൽ അതുണ്ടാക്കുന്ന ഇഫക്ട് ആ നാല് സിനിമകളുടെ കാര്യത്തിൽ മാത്രമായി ഒതുങ്ങി നിൽക്കില്ലായിരുന്നു (20 വർഷമായി സിനിമ കാണാത്ത സാംസ്കാരിക വകുപ്പുമന്ത്രിയെ നമുക്ക് ഇക്കാര്യത്തിൽ നിർബന്ധിക്കാനാവില്ല എന്നതിനാൽ ഒഴിവാക്കാം). അത് അത്തരം സംരംഭങ്ങൾക്കുതന്നെ ദീർഘകാലാടിസ്ഥാനത്തിൽ വലിയ പ്രോൽസാഹനമാകുമായിരുന്നു. നല്ല സിനിമക്കുവേണ്ടി പരിശ്രമിക്കുന്ന പുതു ചലച്ചിത്രപ്രവർത്തകർക്ക്, പ്രത്യേകിച്ച് അവർക്കിടയിലെ വനിതകൾക്ക്, മികച്ചൊരു പിന്തുണയാകുമായിരുന്നു. അതു ചെയ്തില്ലെന്നു മാത്രമല്ല, കെ എസ് എഫ് ഡി സിയും അതിന്റെ ചെയർമാനും ഉദ്യോഗസ്ഥരും തികച്ചും വിരോധബുദ്ധിയോടെ പെരുമാറുകയാണുണ്ടായതെന്ന് പ്രസ്തുത സിനിമകളുടെ പിന്നിൽ പ്രവർത്തിച്ചവർ ഏകകണ്ഠമായി പറയുന്നതിന് നാം സാക്ഷികളാകുകയും ചെയ്തു.

ജയിലർ എന്ന സിനിമയിൽ രജനീകാന്ത്, വിനായകൻ. മന്ത്രി വി.ശിവന്‍കുട്ടി ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ 'വനിതാ സംവിധായകരുടെ സിനിമ ' പദ്ധതി പ്രകാരം നിർമിച്ച നാലാമത്തെ സിനിമയായ 'നിള'യുടെ സംവിധായിക ഇന്ദു ലക്ഷ്മി കോർപ്പറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കോർപ്പറേഷൻ ചെയർമാൻ ഷാജി.എൻ. കരുണും ഫിലിം ഓഫീസർ ശംഭു പുരുഷോത്തമനും മുൻ ഡയറകടർ മായയും ഉൾപ്പെടെ കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥർ നിരന്തരം മര്യാദയില്ലാതെയും അവഹേളിക്കുന്ന തരത്തിലും നടത്തിയ പരാമർശങ്ങളും സിനിമാനിർമാണത്തെ തടസ്സപ്പെടുത്തുന്ന രീതിയിൽ നടത്തിയ ഇടപെടലുകളും എന്തൊക്കെയാണ് എന്ന് ഇന്ദു ലക്ഷ്മി വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ പദ്ധതിയുടെ ഭാഗമായി നിർമിച്ച 'ഡിവോഴ്സ്' സിനിമയുടെ സംവിധായിക മിനി ഐ.ജി.യും സമാന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സ്ത്രീകളും പാർശ്വവത്‍കൃതരുമൊക്കെ സിനിമ ചെയ്യുമ്പോൾ ഉണ്ടാവുന്ന ഇത്തരം സമീപനം സിനിമയെ സ്നേഹിക്കുന്നവരെ രോഷം കൊള്ളിക്കേണ്ടതാണ്.

ഇന്ദു ലക്ഷ്മിഎഴുതി: "ഒരു തരത്തിലും ആളുകൾ സിനിമ കാണരുത് എന്ന ഉറച്ച ഡിറ്റർമിനേഷനുണ്ട്, കെ.എസ്.എഫ്.ഡി.സിക്ക്. അതുകൊണ്ട് ഇതുവരെ ഏകദേശം 50- ലധികം പേർ പ്രതിദിനമുണ്ടായിരുന്ന കലാഭവനിൽ നിന്ന് വൈകീട്ട് 6:30-ലെ ഷോ അവർ എടുത്തു മാറ്റി.

"ഒരു നീണ്ട ഒറ്റയാൾ പോരാട്ടത്തിന്റെ ഒടുവിലാണ് നിള എന്ന എന്റെ സിനിമ ഓഗസ്റ്റ് 4 നു പ്രദർശനത്തിനൊരുങ്ങുന്നത്. ജനുവരി 2022 മുതൽ ഇന്നുവരെ ഞാൻ അനുഭവിച്ച മാനസിക സംഘർഷങ്ങളും അപമാനങ്ങളും വാക്കുകളിൽ ഒതുങ്ങുന്നില്ല. ഞാൻ ഇന്നും ജീവനോടെ സ്വബോധത്തോടെ ഇരിക്കുന്നു എന്നതുതന്നെ വലിയ ഭാഗ്യം. അത് അത്ര എളുപ്പമല്ല എന്ന് ഈ വഴി കടന്നുപോയവർക്കും ഇനി പുറകെ നടക്കുന്നവർക്കും അറിയാം. ഈ അനുഭവങ്ങളുടെ ചിതയിലൂടെ സ്വയം ദഹിക്കാതെ നടന്നുനീങ്ങുക പ്രയാസമാണ് ”- റിലീസിനുമുമ്പ് ഇന്ദു ലക്ഷ്മി എഴുതിയതാണിത്.
"സ്ത്രീ ശാക്തീകരണത്തിനുവേണ്ടിയുള്ള ശ്രേഷ്ഠമായ വിഷനുള്ള ഒരു പദ്ധതിയാണ് വനിതാ സിനിമ. അതിനിയും നിലനിൽക്കണം എന്നും നമ്മുടെ ഒക്കെ സ്വപ്നങ്ങളുടെ ചാരം ഇനിയും ഇവിടെ വീഴരുത് എന്നും ഞാൻ ആഗ്രഹിക്കുന്നു” എന്നും അവർ കൂട്ടിചേർക്കുന്നു (ഫേസ്ബുക്ക് പോസ്റ്റ്; ഇന്ദു ലക്ഷ്മി ,17 ജൂലായ് 2023).

തിയേറ്ററിൽ പ്രദർശനമാരംഭിച്ചശേഷം അതുമായി ബന്ധപ്പെട്ട് ഇന്ദു ലക്ഷ്മി ഇങ്ങനെ എഴുതി: "ഒരു തരത്തിലും ആളുകൾ സിനിമ കാണരുത് എന്ന ഉറച്ച ഡിറ്റർമിനേഷനുണ്ട്, കെ.എസ്.എഫ്.ഡി.സിക്ക്. അതുകൊണ്ട് ഇതുവരെ ഏകദേശം 50- ലധികം പേർ പ്രതിദിനമുണ്ടായിരുന്ന കലാഭവനിൽ നിന്ന് വൈകീട്ട് 6:30-ലെ ഷോ അവർ എടുത്തു മാറ്റി. പകരം ലെനിൻ സിനിമാസിൽ ഉച്ചതിരിഞ്ഞ് മൂന്നുമണിയിലെ ഷോ. ചുരുങ്ങിയ പക്ഷം കേരളത്തിലുടനീളമുള്ള സർക്കാർ തിയ്യേറ്ററുകളെങ്കിലും സിനിമ നിലനിർത്താൻ തയ്യാറായിരുന്നെങ്കിൽ എന്നാശിക്കുകയാണ്. സ്ത്രീകളെ മഖ്യധാരയിലേക്കു കൊണ്ടുവരേണ്ടതിന് ‘ഇൻ സോളിഡാരിറ്റി’ എന്ന് സോഷ്യൽ മീഡിയയിൽ എഴുതിയതുകൊണ്ടു മാത്രമായില്ല. അതിന് അവരുടെ ക്രിയാത്മകതയെ അംഗീകരിക്കുക കൂടിവേണം." (ഫേസ്ബുക്ക് പോസ്റ്റ്; ഇന്ദു ലക്ഷ്മി, 14 ആഗസ്ത്, 2023)

സംവിധായിക ഇന്ദു ലക്ഷ്മി നിള സിനിമയുടെ ലൊക്കേഷനില്‍

ഈ പദ്ധതിയിൽ തന്നെ നിർമിക്കപ്പെട്ട 'ഡിവോഴ്സ്' എന്ന സിനിമയുടെ സംവിധായിക മിനി ഐ.ജി. എഴുതിയത് ഇങ്ങനെ: "എന്തുകൊണ്ടെന്നറിയില്ല, ആദ്യം മുതൽ ഞാൻ സംവിധാനം ചെയ്ത ഡിവോഴ്സിനോട് ചിറ്റമ്മനയമാണ് കാട്ടിയിട്ടുള്ളത്. അവാർഡുകൾക്കോ ഫെസ്റ്റിവലുകൾക്കോ ഡിവോഴ്സ് സിനിമ അയക്കാറുപോലുമില്ല. തങ്ങൾ നിർമിച്ച സിനിമകളോട് ഇവർക്ക് രണ്ടുതരം നയമാണുള്ളത്”. (ഫേസ്ബുക്ക് പോസ്റ്റ്; മിനി ഐ. ജി, 25 ആഗസ്ത് 2023).

ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോഴാണ് ജയിലർ പോലൊരു സിനിമയെ തിയേറ്ററിൽ പോയി കണ്ടും സോഷ്യൽ മീഡിയയിൽ പ്രശംസിച്ചും ഭരണാധികാരികൾ നടത്തുന്ന പ്രവർത്തനങ്ങൾ ഒരു പക്ഷംചേരലായി വായിച്ചെടുക്കാൻ കഴിയുക. അത് സവർണവും ആണത്ത രാഷ്ട്രീയത്തിലധിഷ്ഠിതവുമായ പ്രയോഗങ്ങളായി വിലയിരുത്താൻ കഴിയുക. ജയിലറിൽ മികച്ച അഭിനയം കാഴ്ചവെച്ച വിനായകനെ അംഗികരിക്കുക എന്നതിനപ്പുറം നിറയെ വയലൻസും നിയമം കൈയിലെടുത്തുള്ള കൊലപാതകങ്ങളും നിറഞ്ഞ ഒരു മാസ്സ് മസാല ആണത്ത ആഘോഷസിനിമയെ പ്രോത്സാഹിപ്പിക്കലായി അതു മാറുന്നുണ്ട്. ബ്യൂറോക്രാറ്റുകൾക്ക് ചലച്ചിത്രപ്രവർത്തകരുടേ മേൽ അധികാരോന്മുഖമായ രീതിയിൽ പെരുമാറാൻ ധൈര്യം ലഭിക്കുന്നത് ഒരുപക്ഷേ ഇത്തരം നടപടികളിൽ ഉൾച്ചേർന്ന വരേണ്യാനുകൂല ആശയപരിസരങ്ങളിൽ നിന്നുമാണ്. സർക്കാർ തിരഞ്ഞുകണ്ടെത്തി നിയമിച്ച ചില അക്കാദമി ഭാരവാഹികളുടെ പെരുമാറ്റങ്ങളും ഇതോട് ചേർത്ത് വായിക്കാം. 2022- ലെ കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ സമാപനസമയത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ ഡേലിഗേറ്റുകളെ മോശം രീതിയിൽ ഉപമിച്ചത് പ്രേക്ഷകർ മറന്നിട്ടുണ്ടാവില്ല.

സംവിധായിക മിനി ഐ.ജി സംവിധാനം ചെയ്ത 'ഡിവോഴ്‌സ്’ സിനിമയില്‍ നിന്ന്

"സ്ത്രീശാക്തീകരണത്തിൽ ആത്മാഭിമാനം പണയം വയ്ക്കണം. ദേവദാസികൾ ആകണം. അടിയറവു പറയണം. അവർക്കു മുന്നിൽ അടിമകൾ ആകണം. പ്രതികരിക്കുവാനോ പരാതിപറയുവാനോ അഭിപ്രായങ്ങൾ പാറയുവാനോ അയോഗ്യരാണ് നമ്മൾ. കാരണം നമ്മൾ ‘silly women’ ആണ്. ബുദ്ധിയില്ലാത്ത, വിവേകമില്ലാത്ത ജന്മങ്ങളാണ്. പരിപൂർണമായ വിധേയത്വമാണ് അവർക്കാവശ്യം.” (ഫേസ്ബുക്ക് പോസ്റ്റ്; ഇന്ദു ലക്ഷ്മി, 17 ജൂലായ് 2023).

ഇത്രയൊക്കെ പറയാൻ സ്ത്രീസംവിധായകരെ നിർബന്ധിതമാക്കിയ സാഹചര്യം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെ ഒരു ഭരണാധികാരിക്കും തോന്നിയതായി അറിവില്ല. സർക്കാരിന്റെ സ്ത്രീശാക്തീകരണ പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ ഒരു പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇത്തരം പരാതികൾ ഉയർന്നുവരുന്നത് എന്നത് പ്രധാനമാണ്. ഇതിനെ അഭിസംബോധന ചെയ്യാനോ പ്രശ്നം പരിഹരിക്കാനോ തയ്യാറാകാതെ അവയെ അവഗണിക്കുകയാണ് സർക്കാരും ചലച്ചിത്രവികസന കോർപ്പറേഷനും ചെയ്തത്. സർക്കാരിന്റെ ഇതുപോലുള്ള സമീപനങ്ങൾ വിശകലനം ചെയ്യുമ്പോൾ മനസ്സിലാക്കാൻ കഴിയുന്ന ഒരു കാര്യം, ഒരു തരം ഇടതു ആണത്ത രാഷ്ട്രീയം ആന്തരികവൽക്കരിച്ചതിന്റെ ഫലമാണിത് എന്നതാണ്. അത്തരം നിലപാടുകൾ പുരോഗമനപരമാണെന്നുകൂടി അവർ ധരിച്ചുവശായിട്ടുണ്ട് എന്നു തോന്നുന്നു.

ജയിലറിൽ വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രം രജനീകാന്ത് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നതുപോലെ തന്നെ നിയമം കൈയിലെടുത്ത് ആരേയും ഭയക്കാതെ കൊലപാതകങ്ങൾ ചെയ്യുന്നുണ്ട്.

നിയമം കൈയിലെടുത്തുകൊണ്ടുള്ള ആണത്തപ്രകടനങ്ങളിൽ ഒന്നിനെ പുരോഗമന ആണത്തപ്രകടനമായി കാണുന്നു എന്നതാണ് ഇത്തരം ധാരണകളുടെ സ്വഭാവം. ജയിലർ തിയേറ്ററിൽ പോയി കണ്ട് ആസ്വദിക്കുകയും അതുവഴി അതിനൊത്ത സന്ദേശം സമൂഹത്തിൽ പ്രസരിപ്പിക്കാനും ശ്രമിക്കുന്നവർ ആണത്തരാഷ്ട്രീയത്തിന്റെ പ്രയോക്താക്കളായി മാറുകയാണ് ചെയ്യുന്നത്. അക്രമം നോർമലൈസ് ചെയ്യുന്ന ഒരു സിനിമയ്ക്ക് പിന്തുണ പ്രഖ്യാപിക്കൽ അബോധപൂർവ്വമാണ് എന്നു വ്യാഖാനിച്ചാൽ തന്നെയും അതിൽ സിനിമയെ സംബന്ധിച്ച വിമോചന രാഷ്ട്രീയത്തിന്റെ അഭാവമുണ്ട്.

ജയിലറിൽ വിനായകൻ അവതരിപ്പിക്കുന്ന കഥാപാത്രം രജനീകാന്ത് അവതരിപ്പിച്ച കഥാപാത്രം ചെയ്യുന്നതുപോലെ തന്നെ നിയമം കൈയിലെടുത്ത് ആരേയും ഭയക്കാതെ കൊലപാതകങ്ങൾ ചെയ്യുന്നുണ്ട്. കൊലയെ നോർമലൈസ് ചെയ്യുന്നത് ഇരു വിഭാഗങ്ങൾ ചേർന്നാണ്. വീരപരിവേഷമാണ് ഇരുവർക്കും. അതുൽപ്പാദിപ്പിക്കുന്നതാകട്ടെ വീരാരാധനയും. ക്ഷാത്രം നിറഞ്ഞ പോരാളികൾ ജനങ്ങളേയും ഭരണസംവിധാനങ്ങളേയും കാഴ്ചക്കാരും നിസ്സഹായരുമാക്കി നിർത്തിയാണ് താണ്ഡവം നടത്തുന്നത്. ഇതിന് കൈയടിക്കാൻ തിയേറ്ററിലേക്ക് ആളെ കൂട്ടാനേ മുഖ്യമന്ത്രിയുടെ സിനിമകാണലിനെ തുടർന്നുണ്ടായ പി ആർ വർക്കിലൂടെ സാധിക്കുകയുള്ളൂ.

മുഖ്യമന്ത്രി പിണറായി വിജയന്‍

കൂട്ടത്തിൽ പറയട്ടെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലക്നൗവിൽ രജനികാന്തിനൊപ്പമാണ് ചിത്രം കണ്ടത്. രജനികാന്ത് ആതിഥ്യനാഥിനുമുമ്പിൽ സാഷ്ടാംഗപ്രണാമം നടത്തുകയും ചെയ്തു. അതിന്റെ വാർത്ത പുറത്തുവന്ന ശേഷം രജനി /ജയിലർ (ഇടത്) ആരാധകർ നിശ്ശബ്ദത പാലിക്കാൻ ശ്രമിച്ചതായും തോന്നിയിരുന്നു.

സിനിമ സാക്ഷാത്കരിക്കാൻ സ്ത്രീസംവിധായകരെ സഹായിക്കാൻ കൊണ്ടുവന്ന പദ്ധതിയിൽ അവർക്ക് നൽകേണ്ടിയിരുന്ന പ്രോൽസാഹനം നൽകിയില്ല എന്നു മാത്രമല്ല, അവരെ പരിഹസിക്കാനും ഇകഴ്ത്താനുമുള്ള ശ്രമങ്ങളാണ് നടന്നതെന്ന് സംവിധായകരുടെ പ്രതികരണങ്ങളിൽ നിന്ന് നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് ഇതിനകം മനസ്സിലായിട്ടുണ്ട്. നല്ല സിനിമകൾക്ക് തിയേറ്റർ ലഭിക്കാനും പരിമിതമായ തോതിലെങ്കിലും പ്രദർശനത്തിന് പ്രേക്ഷകർ വരാനുമിടയാക്കുന്ന പ്രവർത്തനങ്ങൾ സർക്കാർഭാഗത്തുനിന്ന് ബോധപൂർവ്വം വേണ്ടിയിരുന്നു. പക്ഷേ, കച്ചവടലക്ഷ്യത്തോടെ നിർമിക്കപ്പെടുന്ന മസാലസിനിമകളുടെ പ്രദർശനങ്ങൾക്ക് ജനങ്ങളെ എത്തിക്കുന്ന പ്രവർത്തനമാണുണ്ടായത്. ജനപ്രിയതയിൽ അഭിരമിക്കുന്ന ഒരു രാഷ്ട്രീയവീക്ഷണത്തിന്റെ ഫലമാണിത്. സിനിമ നിർമിക്കാൻ മൂലധനമില്ലാതെ വിഷമിക്കുന്ന പ്രതിഭാശാലികളായ അനേകം സംവിധായകരും ചലച്ചിത്രപ്രവർത്തകരും കേരളത്തിലുണ്ട്. സ്ത്രീകളും പുരുഷന്മാരും ട്രാൻസ്ജെൻഡേർസും അക്കൂട്ടത്തിലുണ്ട്. പ്രിവിലേജുകളില്ലാത്ത അനേകം ആർട്ടിസ്റ്റുകളുണ്ട് ഇത്തരത്തിൽ, സർക്കാർ സഹായം ആവശ്യമുള്ളവരായി. അവരെയെല്ലാവരേയും ഇന്നത്തെ സാഹചര്യത്തിൽ സർക്കാരിന് സാമ്പത്തികമായി സഹായിക്കാൻ കഴിഞ്ഞില്ലെന്നുവരും. എന്നാൽ നല്ല സിനിമ കാണാൻ പ്രേക്ഷകർക്ക് പ്രചോദനം നൽകുന്ന വിധത്തിൽ പ്രവർത്തിച്ച് അവരോട് ഐക്യദാർഢ്യപ്പെടാൻ സർക്കാരിന് നിഷ്പ്രയാസം സാധിക്കും, അതിന് മനസ്സും രാഷ്ട്രീയവുമുണ്ടെങ്കിൽ.

ചലച്ചിത്ര വ്യവസായരംഗത്തെ വൻകിട വണിക്കുകളോട് മൽസരിക്കാനുള്ള സാമ്പത്തികശേഷിയും മറ്റു സൗകര്യങ്ങളുമില്ലാതെ സിനിമാസ്വപ്നങ്ങളുമായി ജീവിക്കുന്ന ആർട്ടിസ്റ്റുകളോട് ഐക്യപ്പെടുക എന്നത് ഒരു ജനകീയ സർക്കാരിന്റെ പ്രാഥമിക സാംസ്കാരിക ഉത്തരവാദിത്തമാണ്. അതു നിർവഹിക്കുന്നതിനായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി തന്നെ അതിനു വിരുദ്ധമായ ദിശയിലുള്ള സന്ദേശങ്ങൾ സർക്കാർ ഭാഗത്തുനിന്ന് നൽകുമ്പോൾ ഭീമൻ രഘുവിന്റെ നിൽപ്പുസമരം തുടരുന്ന സൈബർ ചാവേറുകൾക്ക് അത് പ്രചോദനമായിത്തീരുന്നതും അടുത്തകാലത്ത് നാം കണ്ടു.

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ എഴുന്നേറ്റുനിൽക്കുന്ന ഭീമൻ രഘു.

ജോയ് മാത്യു തിരക്കഥയെഴുതി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ എന്ന സിനിമയ്ക്കെതിരെ ബോധപൂ‍വ്വമായ തരംതാഴ്ത്തൽ പ്രചാരണം നടത്താൻ ഒരു വിഭാഗം സൈബർ പോരാളികൾ രംഗത്തുവന്നത് ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കാം. മഹത്തായ സിനിമയെ മാത്രം ശുപാർശ ചെയ്യുന്നവരല്ല സിനിമാസാക്ഷരത കമ്മിയായ ഈ വിഭാഗം. സിനിമയെ ഗൗരവമായി എടുക്കുന്ന രീതി തന്നെ ഇവരെ സംബന്ധിച്ച് പരിഹസിക്കാനുള്ള ഒന്നു മാത്രമാണ്. ചാവേർ മഹത്തായ സിനിമയാണോ അല്ലയോ എന്നതല്ല, മറിച്ച്, അത് വിമർശിക്കപ്പെടാനും വിശകലനം ചെയ്യപ്പെടാനും അർഹമാണ്. അതു നടക്കുകയും വേണം. അതിനുള്ള സാഹചര്യം ഇവിടെയുണ്ടെന്നിരിക്കേ തിരക്കഥാകൃത്ത് സിനിമക്കുപുറത്ത് കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടത്തുന്ന അഭിപ്രായപ്രകടനങ്ങളോടുള്ള വിരോധം തീർക്കാൻ സിനിമക്കെതിരെ സംഘടിത പ്രവർത്തനം നടത്തുക എന്നത് ആരോഗ്യകരമല്ല. അതാകട്ടെ മുൻചൊന്ന ആണത്തപ്രകടനത്തിന്റെ അൽപം വ്യത്യസ്തമായ മറ്റൊരു പ്രയോഗമല്ലാതെ മറ്റൊന്നുമല്ല.

Comments