സംസ്​ഥാന ചലച്ചിത്ര അവാർഡ്​: രേവതി മികച്ച നടി, ജോജു ജോർജ്​, ബിജു മേനോൻ നടന്മാർ, ദിലീഷ്​ പോത്തൻ സംവിധായകൻ

52ാമത്​ സംസ്​ഥാന ചലച്ചിത്ര അവാർഡുകൾ. കൃഷാന്ദ്​ ആർ.കെ സംവിധാനം ചെയ്​ത ആവാസവ്യൂഹം മികച്ച ചിത്രം. ‘ഭൂതകാല’ത്തിലെ അഭിനയത്തിന്​ രേവതി മികച്ച നടിയായി. ബിജു മേനോൻ, ജോജു ജോർജ്​ എന്നിവർ നടന്മാർ. ദിലീഷ്​ പോത്തൻ മികച്ച സംവിധായകൻ.

Think

മികച്ച ചിത്രം - ആവാസവ്യൂഹം
സംവിധായകൻ - കൃഷാന്ദ് ആർ.കെ
നിർമ്മാതാവ് - കൃഷാന്ദ് ആർ.കെ

ഭൂമുഖത്തെ ജീവജാലങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്ന ഗുരുതരമായ പാരിസ്ഥിതിക ദുരന്തത്തെ നവീനമായ ഒരു ചലച്ചിത്ര ഭാഷയിലൂടെ തീവ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം. നർമ്മരസമാർന്ന ആഖ്യാനരീതി അവലംബിക്കുമ്പോഴും ആവാസ വ്യവസ്ഥയുടെ ആസന്നമായ പതനത്തെക്കുറിച്ചുള്ള ആശങ്കകളെ ഒട്ടും ഗൗരവം ചോരാതെ അവതരിപ്പിച്ച വിസ്മയകരമായ ദൃശ്യാനുഭവം.

ആവാസവ്യൂഹം

മികച്ച രണ്ടാമത്തെ ചിത്രം

1. ചവിട്ട് 2. നിഷിദ്ധോ
സംവിധായകർ - 1. സജാസ് റഹ്‌മാൻ, ഷിനോസ് റഹ്‌മാൻ (റഹ്‌മാൻ ബ്രദേഴ്‌സ്) 2. താര രാമാനുജൻ | നിർമ്മാതാക്കൾ - 1. ഷറഫുദ്ദീൻ ഇ.കെ 2. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ.
ചവിട്ട്: ഒരു പൊതു ഇടത്തിൽ അവസരം നിഷേധിക്കപ്പെടുന്ന ഒരു സംഘം നാടക പ്രവർത്തകരുടെ അനുഭവങ്ങളിലൂടെ പാർശ്വവത്കരിക്കപ്പെട്ട ആഖ്യാനങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള നിലപാട് ഉയർത്തിപ്പിടിക്കുന്ന ചിത്രം.
നിഷിദ്ധോ: കുടിയേറ്റതൊഴിലാളികളുടെ ആന്തരികലോകങ്ങളെ തീക്ഷ്ണമായി ആവിഷ്‌കരിക്കുന്ന ചിത്രം. സമാനമായ അനുഭവങ്ങൾ പങ്കിടുന്നവർ ഭാഷ, സ്വത്വം, അതിജീവനം എന്നീ പ്രതിബന്ധങ്ങളെ മനുഷ്യബന്ധങ്ങളിലൂടെ മറികടക്കുന്നതിന്റെ ശക്തമായ ആവിഷ്‌കാരം.

നിഷിദ്ധോ, ചവിട്ട്

സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ് - നേഘ. എസ്
ചിത്രം - അന്തരം
തെരുവുജീവിതത്തിൽ നിന്ന് വീട്ടമ്മയിലേക്ക് മാറുന്ന ഒരു ട്രാൻസ്‌വുമൺ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിന്.

മികച്ച സംവിധായകൻ - ദിലീഷ് പോത്തൻ

ചിത്രം: ജോജി
ഹിംസാത്മകമായ ആണധികാര വ്യവസ്ഥ നിലവിലിരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിലെ മനുഷ്യജീവിതങ്ങളുടെ മാനസിക വ്യാപാരങ്ങളെ അതിസൂക്ഷ്മമായി ആവിഷ്‌കരിക്കുന്ന ചലച്ചിത്രഭാഷയുടെ ശിൽപ്പഭദ്രമായ പ്രയോഗത്തിന്.

ദിലീഷ് പോത്തൻ

മികച്ച നടൻ: ബിജു മേനോൻ, ജോജു ജോർജ്
ചിത്രങ്ങൾ: 1. ആർക്കറിയാം 2. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ്
ബിജുമേനോൻ : പ്രായമേറിയ ഒരു മനുഷ്യന്റെ ശരീരഭാഷയും സങ്കീർണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്‌നലളിതമായി ആവിഷ്‌കരിച്ച അഭിനയമികവിന്.
ജോജു ജോർജ്ജ് : വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദലിതനായ പോലീസ് ഉദ്യോഗസ്ഥന്റെ ധാർമ്മിക പ്രതിസന്ധികളും ഓർമ്മകൾ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗർബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിന്.

ജോജു ജോർജ്, ബിജു മേനോൻ

മികച്ച നടി: രേവതി
ചിത്രം: ഭൂതകാലം
വിഷാദരോഗവും കടുത്ത ഏകാന്തതയും വിടാതെ വേട്ടയാടുന്ന ഭൂതകാല സ്മരണകളും ചേർന്ന് പ്രക്ഷുബ്ധമാക്കിയ ഒരു പെൺമനസ്സിന്റെ വിഹ്വലതകളെ അതിസൂക്ഷ്മമായ ഭാവപ്പകർച്ചയിൽ പ്രതിഫലിപ്പിച്ച അഭിനയ മികവിന്.

രേവതി ഭൂതകാലത്തിൽ

മികച്ച സ്വഭാവനടൻ: സുമേഷ് മൂർ
ചിത്രം: കള
പാർശ്വവത്കരിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്ത മനുഷ്യന്റെ ആദിമവും പ്രാക്തനവുമായ രോഷാഗ്നിയെ ശരീരഭാഷയിൽ പടർത്തിയ ഉജ്വലമായ അഭിനയ മികവിന്.


മികച്ച സ്വഭാവനടി - ഉണ്ണിമായ പ്രസാദ്
ചിത്രം - ജോജി
തികഞ്ഞ പുരുഷാധിപത്യം പുലരുന്ന ഒരു കുടുംബാന്തരീക്ഷത്തിൽ അവഗണിക്കപ്പെടുകയും ഒറ്റപ്പെടുകയും കുറ്റകൃത്യങ്ങളിൽ നിശ്ശബ്ദമായി പങ്കാളിയാകാൻ നിർബന്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ ധാർമ്മിക പ്രതിസന്ധികളുടെ നിയന്ത്രിതമായ ഭാവാവിഷ്‌കാരത്തിന്.


മികച്ച ബാലതാരം (ആൺ) - മാസ്റ്റർ ആദിത്യൻ
ചിത്രം - നിറയെ തത്തകൾ ഉള്ള മരം
സ്വന്തം ജീവിതത്തിൽ സ്‌നേഹവും പരിചരണവുമെല്ലാം നിഷേധിക്കപ്പെട്ടിട്ടും തികച്ചും അപരിചിതനായ ഒരു അന്ധവൃദ്ധന് അവയെല്ലാം നൽകുന്ന ഒരു ബാലന്റെ നിസ്വാർത്ഥമായ ജീവിതം പകർത്തിയ അഭിനയ മികവിന്.


മികച്ച ബാലതാരം (പെൺ) - സ്‌നേഹ അനു
ചിത്രം - തല
ഒരു മഹാനഗരത്തിലെ ചേരിപ്രദേശത്ത് താമസിക്കുന്ന ഒരു പെൺകുട്ടിയുടെ അരക്ഷിതമായ ജീവിതവും അതിജീവനശ്രമങ്ങളും ഹൃദയഹാരിയായി അവതരിപ്പിച്ച അഭിനയ മികവിന്.


മികച്ച കഥാകൃത്ത് - ഷാഹി കബീർ
ചിത്രം - നായാട്ട്
വ്യവസ്ഥിതിയുടെ മനുഷ്യത്വവിരുദ്ധവും ദയാരഹിതവുമായ നടപടികൾ, നീതിനിഷേധം, നിയമപാലനത്തിന്റെ ഇരുണ്ട മറുപുറങ്ങൾ എന്നീ യാഥാർത്ഥ്യങ്ങളെ ഉദ്വേഗജനകമായ കഥയായി പരിവർത്തിപ്പിച്ച രചനാ മികവിന്.


മികച്ച ഛായാഗ്രാഹകൻ - മധു നീലകണ്ഠൻ
ചിത്രം - ചുരുളി
ദുഷ്‌കരവും വന്യവുമായ കഥാന്തരീക്ഷത്തിന് ഇണങ്ങുന്ന വിധത്തിലുള്ള വെളിച്ചവിന്യാസവും ക്യാമറചലനങ്ങളും കൊണ്ട് കാഴ്ചകൾ പകർത്തി, ആഖ്യാനത്തിന് അനിവാര്യമായ ദൃശ്യാനുഭവം പകർന്ന ഛായാഗ്രഹണ മികവിന്.


മികച്ച തിരക്കഥാകൃത്ത് - കൃഷാന്ദ്.ആർ.കെ
ചിത്രം - ആവാസവ്യൂഹം
പരിഷ്‌കൃത മനുഷ്യരുടെ മുഖ്യധാരാ സമൂഹം ചെയ്തു കൂട്ടുന്ന അംസബന്ധങ്ങളും ക്രൂരതകളും നർമ്മത്തിന്റെ മേമ്പൊടിയോടെ രസകരമായി അവതരിപ്പിച്ചുകൊണ്ട് ഒരു പരീക്ഷണാത്മക ചിത്രത്തിന്റെ അടിത്തറയൊരുക്കിയ രചനാമികവിന്.


മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) - ശ്യാം പുഷ്‌കരൻ
ചിത്രം - ജോജി
വില്യം ഷേക്‌സ്പിയറിന്റെ ക്ലാസിക് രചനയായ മാക്‌ബെത്തിന്റെ കഥാന്തരീക്ഷത്തെ ആണധികാരത്തിന്റെ ഉഗ്രശാസനകൾ നടപ്പാക്കുന്ന ഒരു കേരളീയ കുടുംബത്തിലേക്ക് പറിച്ചുനട്ടപ്പോഴും നാടകീയ സ്വഭാവത്തിന്റെ നിഴൽപോലുമില്ലാതെ അരങ്ങിൽ നിന്ന് തിരശ്ശീലയിലേക്ക് അനുവർത്തനം നടത്തിയ രചനാമികവിന്.
മികച്ച ഗാനരചയിതാവ് - ബി.കെ.ഹരിനാരായണൻ
ഗാനം - "കണ്ണീരു കടഞ്ഞു കടിഞ്ഞൂൽ പെറ്റുണ്ടായ...'
ചിത്രം - കാടകലം
മനുഷ്യനും കാടും തമ്മിലുള്ള ആദിമവും ജൈവികവുമായ ബന്ധത്തിന്റെയും സഹവർത്തിത്വത്തിന്റെയും ബിംബകൽപ്പനകളാൽ സമൃദ്ധമായ കാവ്യാത്മകവും അർത്ഥസമ്പുഷ്ടവുമായ വരികൾ. കാവ്യഗുണം ചോരാതെ തന്നെ കഥാസന്ദർഭത്തിനിണങ്ങുന്നവിധം ഈ നഷ്ടബന്ധം വീണ്ടെടുക്കാൻ ആഹ്വാനം ചെയ്യുന്ന രചനാ മികവിന്.


മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ) - ഹിഷാം അബ്ദുൽ വഹാബ്
ഗാനം - എല്ലാ ഗാനങ്ങളും
ചിത്രം - ഹൃദയം
ജാസ്, സൂഫി, കർണാട്ടിക് സംഗീതധാരകളെ അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട്, മലയാളം, തമിഴ് ഗാനങ്ങൾ ചിട്ടപ്പെടുത്തി, വൈവിധ്യമാർന്ന വികാരങ്ങളെ അയത്‌നലളിതമായി അവതരിപ്പിച്ച സംഗീതസംവിധാന പാടവത്തിന്.


മികച്ച സംഗീത സംവിധായകൻ (BGM) - ജസ്റ്റിൻ വർഗീസ്
ചിത്രം - ജോജി
കഥാപശ്ചാത്തലത്തിനും ആഖ്യാനത്തിനും തികച്ചും അനുഗുണമായ വിധത്തിൽ ദൃശ്യാനുഭവത്തെ തീക്ഷ്ണമാക്കുന്ന സംഗീതം സന്നിവേശിപ്പിച്ചതിന്.


മികച്ച പിന്നണി ഗായകൻ - പ്രദീപ് കുമാർ
ഗാനം - "രാവിൽ മയങ്ങുമീ പൂമടിയിൽ...'
ചിത്രം - മിന്നൽ മുരളി
പ്രേക്ഷകനിൽ പ്രതിനായകനോട് അനുതാപം ജനിപ്പിക്കുന്ന വിധം അയാളുടെ മാനസികവ്യഥകളെ പ്രതിഫലിപ്പിക്കുന്ന വികാരനിർഭരമായ ആലാപന ചാരുതയ്ക്ക്.


മികച്ച പിന്നണി ഗായിക - സിതാര കൃഷ്ണകുമാർ
ഗാനം - "പാൽനിലാവിൻ പൊയ്കയിൽ...'
ചിത്രം - കാണെക്കാണെ
കഥാപാത്രത്തിന്റെ വൈകാരികലോകത്തെ നിയന്ത്രിതമായ സ്വരധാരയിൽ അതിമധുരമായ ആലാപന ശൈലിയിലൂടെ ആവിഷ്‌കരിച്ചതിന്.


മികച്ച ചിത്രസംയോജകൻ - 1. മഹേഷ് നാരായണൻ, 2. രാജേഷ് രാജേന്ദ്രൻ
ചിത്രം - നായാട്ട്
പ്രമേയത്തിന്റെ ആഖ്യാനത്തിനും പരിചരണത്തിനും അനുയോജ്യമായ വിധത്തിൽ നിശ്ശബ്ദതയും പ്രക്ഷുബ്ധതയും അനുഭവിപ്പിച്ചുകൊണ്ട് ദൃശ്യഖണ്ഡങ്ങളെ ചടുലമായി കൂട്ടിയിണക്കിയ സംയോജനപാടവത്തിന്.


മികച്ച കലാസംവിധായകൻ - ഗോകുൽദാസ് എ.വി
ചിത്രം - തുറമുഖം
സ്വാതന്ത്ര്യലബ്ധിക്ക് മുൻപും പിൻപുമുള്ള കഥയുടെ കാലം, ദേശം, എന്നിവയ്ക്ക് തികച്ചും അനുഗുണമായവിധത്തിൽ യഥാതഥവും സ്വാഭാവികവുമായി പശ്ചാത്തല രൂപകൽപ്പന നിർവഹിച്ച കലാമികവിന്.


മികച്ച സിങ്ക് സൗണ്ട് - 1. അരുൺ അശോക് , 2. സോനു.കെ.പി
ചിത്രം - ചവിട്ട്
ചിത്രത്തിന്റെ ആഖ്യാനത്തിന്റെ അവിഭാജ്യഘടകമായി വർത്തിച്ചുകൊണ്ട് കഥാപാത്രങ്ങളുടെ അതിസൂക്ഷ്മമായ പ്രകടനങ്ങളെ കൃത്യമായി പകർത്തുന്ന തൽസമയ ശബ്ദലേഖന മികവിന്.


മികച്ച ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ്
ചിത്രം - മിന്നൽ മുരളി
ആഖ്യാനത്തിലെ ഓരോ ഘടകത്തോടും നീതി പുലർത്തിക്കൊണ്ട് പതിവുശബ്ദങ്ങളും അതിമാനുഷ ആക്ഷൻ രംഗങ്ങളിലെ പശ്ചാത്തല ശബ്ദങ്ങളും അതിവിദഗ്ധമായി കൂട്ടിയിണക്കിയ ശബ്ദമിശ്രണ മികവിന്.


മികച്ച ശബ്ദരൂപകൽപ്പന - രംഗനാഥ് രവി
ചിത്രം - ചുരുളി
മിഥ്യയും യാഥാർത്ഥ്യവും ഇടകലരുന്ന വിചിത്രമായ കഥാന്തരീക്ഷത്തിലെ ശബ്ദങ്ങളെ പ്രമേയത്തിന് അനുഗുണമായി രൂപകൽപ്പന ചെയ്ത മികവിന്.


മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - ലിജു പ്രഭാകർ, രംഗ്‌റേയ്‌സ് മീഡിയ വർക്‌സ്
ചിത്രം - ചുരുളി
ഛായാഗ്രഹണകലയെ പൂർണ്ണമായി പിന്തുണയ്ക്കുന്ന വിധത്തിൽ, സ്ഥിരതയാർന്ന വർണ സന്തുലനം പാലിച്ച് ദൃശ്യപരമായ മൂല്യവർധന പകർന്നുകൊണ്ട് ചിത്രത്തെ ലാവണ്യാത്മകമായ കാഴ്ചാനുഭവമായി ഉയർത്തിയ നിറപരിചരണ മികവിന്.


മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത് അമ്പാടി
ചിത്രം - ആർക്കറിയാം
വാർധക്യം പൂർണമായും പ്രതിഫലിക്കുന്ന വിധം തികച്ചും വിശ്വസനീയമായി
ബിജു മേനോന്റെ മുഖ്യകഥാപാത്രത്തെ അണിയിച്ചൊരുക്കിയ ചമയ വൈദഗ്ധ്യത്തിന്.


മികച്ച വസ്ത്രാലങ്കാരം - മെൽവി.ജെ
ചിത്രം - മിന്നൽ മുരളി
സൂപ്പർ ഹീറോ ജനുസ്സിൽപെടുന്ന ഒരു ഫാന്റസി ചിത്രത്തിന്റെ സവിശേഷ സ്വഭാവത്തിനും കഥ നടക്കുന്ന കാലപശ്ചാത്തലത്തിനും ഉതകുന്ന വിധം കഥാപാത്രങ്ങളുടെ വേഷപ്പകർച്ചകളെ തന്മയത്വത്തോടെ അണിയിച്ചൊരുക്കിയ വസ്ത്രാലങ്കാര വൈദഗ്ധ്യത്തിന്.


മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ)
ഈ വിഭാഗത്തിൽ അവാർഡിന് അർഹമായ പ്രകടനങ്ങളൊന്നുമില്ലായിരുന്നുവെന്ന് ജൂറി വിലയിരുത്തി.


മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - ദേവി.എസ്
ചിത്രം - ദൃശ്യം 2
കഥാപാത്രം - റാണി (മീന)
ഒരു മധ്യവർഗ കുടുംബത്തിലെ അമ്മയുടെ ആത്മസംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ നടി മീനയുടെ റാണി എന്ന കഥാപാത്രത്തിന്റെ ഭാവത്തിനും വികാരത്തിനും അനുസൃതമായി ശബ്ദം പകർന്ന മികവിന്.


മികച്ച നൃത്തസംവിധാനം - അരുൺലാൽ
ചിത്രം - ചവിട്ട്
നാടകകലാകാരന്മാരുടെ പരിശീലന പ്രകടനങ്ങൾ നിറഞ്ഞ ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലത്തിന് അനുയോജ്യമായ ചുവടുകൾ ഒരുക്കിയ നൃത്തസംവിധാന പാടവത്തിന്.


ജനപ്രീതിയും കലാമേന്മയുമുള്ള - ഹൃദയം
മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്
നിർമ്മാതാവ് - വിശാഖ് സുബ്രഹ്‌മണ്യം
സംവിധായകൻ - വിനീത് ശ്രീനിവാസൻ
പ്രണയവും പ്രണയനഷ്ടവും വിദ്യാർത്ഥി ജീവിതകാലത്തെ സംബന്ധിച്ച ഗൃഹാതുരതയും നിറഞ്ഞ ഇന്ത്യൻ ജനപ്രിയ ചലച്ചിത്രാഖ്യാനങ്ങളുടെ പതിവ് മാതൃകകളെ പിൻപറ്റുമ്പോഴും ശബ്ദം, ദൃശ്യം, സംഗീതം, വർണപരിചരണം, കലാസംവിധാനം എന്നീ ഘടകങ്ങളിൽ കലാപരമായ ഔന്നത്യം പുലർത്തുന്ന ചിത്രം.


മികച്ച നവാഗത സംവിധായകൻ - കൃഷ്‌ണേന്ദു കലേഷ്
ചിത്രം - പ്രാപ്പെട
നൂതനമായ ചലച്ചിത്രഭാഷയും മൗലികമായ പ്രമേയവും വ്യതിരിക്തമായ ശൈലിയും കൊണ്ട് സിനിമയെന്ന മാധ്യമത്തെ പരീക്ഷണാത്മകമായി സമീപിക്കുന്ന സംവിധാന മികവിന്.


മികച്ച കുട്ടികളുടെ ചിത്രം - കാടകലം
നിർമ്മാതാവ് - സുബിൻ ജോസഫ്
സംവിധായകൻ - സഖിൽ രവീന്ദ്രൻ
കാടിനെയും പ്രകൃതിയെയും മാതാപിതാക്കന്മാരായി കാണുകയും നഗരത്തിലെ സ്‌കൂളിൽ നിന്ന് തന്റെ വംശവൃക്ഷത്തിന്റെ ആദിമ വേരുകളിലേക്ക് മടങ്ങുകയും ചെയ്യുന്ന ഒരു കുട്ടിയുടെ ഹൃദയഹാരിയായ കഥ പറയുന്ന ചിത്രം.


മികച്ച വിഷ്വൽ എഫക്ട്‌സ് - ആൻഡ്രൂ ഡിക്രൂസ്
ചിത്രം - മിന്നൽ മുരളി
ഒരു തദ്ദേശീയ സൂപ്പർഹീറോവിന്റെ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലത്തിന് അനിവാര്യമായ ദൃശ്യസാങ്കേതികത്തികവ് പകർന്ന കലാപരമായ വൈദഗ്ധ്യത്തിന്.

പ്രത്യേക ജൂറി അവാർഡ് കഥ, തിരക്കഥ - ഷെറി ഗോവിന്ദൻ
ചിത്രം - അവനോവിലോന
മനുഷ്യരിലെ വൈവിധ്യങ്ങളെ ആഘോഷിക്കാനും എല്ലാവരെയും ഉൾക്കൊള്ളാനും സഹജീവികളോട് സഹാനുഭൂതിയോടെയുള്ള സഹവർത്തിത്വത്തിനായി നിലകൊള്ളാനും പ്രേരിപ്പിക്കുന്ന ഹൃദയസ്പർശിയായ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയതിന്.


പ്രത്യേക ജൂറി പരാമർശം

ജിയോ ബേബി (ഫ്രീഡം ഫൈറ്റ്)
അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരുടെ ശാക്തീകരണത്തിനുവേണ്ടി ശബ്ദിക്കുന്ന5 ചലചിത്രങ്ങളുടെ സമാഹാരത്തിന്റെ ഏകോപനം നിർവ്വഹിച്ചതിന്.

Comments