പേപ്പട്ടിയെ പിടിക്കുന്ന സേനയുടെ വെടിയേറ്റുവീഴുന്ന മനുഷ്യർ

ഫാഷിസത്തിന് എല്ലാ കാലത്തും ഏതു ലോകത്തും ഒരേ ഓപ്പറേറ്റിംഗ് രീതിയാണെന്ന ജനറലൈസേഷൻ അവതരിപ്പിക്കുകയാണ്​ തെയ്ഫണ്‍ പേഴ്‌സിമോഗ്ലൂവിന്റെ 'കെര്‍' എന്ന തുര്‍ക്കിഷ് സിനിമ

History repeats itself, first as tragedy, second as farce.
- Karl Marx

തുര്‍ക്കി ഭാഷയില്‍ 'കെര്‍' എന്നാല്‍ 'ആവര്‍ത്തനം' എന്നാണര്‍ത്ഥം. സ്വേച്ഛാധിപത്യം വാഴുന്ന ഏതൊരു രാഷ്ട്രത്തിലും ചരിത്രം ആവര്‍ത്തിച്ചു നല്‍കുന്ന മുന്നറിയിപ്പുകളായി, രാഷ്ട്രീയ-സാമൂഹ്യ വിപത്തുകള്‍ പിണഞ്ഞുകൊണ്ടേയിരിക്കും. അവയ്​ക്കു നടുവിലായി കാനിനെ പോലെ ഒരു നായകന്‍ ഉണ്ടായിരിക്കും. തീര്‍ച്ച.

തുർക്കി സംവിധായകൻ തെയ്​ഫൺ പേഴ്​സിമോഗ്ലൂവിന്റെ ‘കെർ‘ എന്ന സിനിമയിലെ കാലം രേഖീയമായതല്ല, സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും ഒരേ ദൃശ്യത്തിലാണ്. ഈ ചാക്രികത തന്നെയാണ് ചരിത്രത്തിനും അവകാശപ്പെടാനുള്ളത്. കാലത്തിന് ബാഹ്യമായികൊണ്ട് അത് ആവര്‍ത്തന സ്വഭാവം കാണിക്കും, അഥവാ ചരിത്രത്തില്‍ കാലവും കാലത്തില്‍ ചരിത്രവും ആവര്‍ത്തിച്ചുവരുന്നുണ്ട്.

തെയ്​ഫൺ പേഴ്​സിമോഗ്ലൂവ്

തയ്യല്‍ക്കാരനായ പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് നഗരത്തിലെത്തുന്ന കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു കൊലപാതകത്തിനു സാക്ഷിയാവുന്നതു തല്‍ കാലം അയാള്‍ക്കുമേല്‍ അതിന്റെ ചാക്രികതയെ കറക്കിത്തുടങ്ങുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ എത്തുന്ന കാനിനെ സംശയദൃഷ്ടിയോടെ കാണുന്ന പോലീസ് മേധാവി മുതല്‍ കഥയിലൂടനീളം കാണുന്ന മനുഷ്യരെല്ലാം ഒരു ദുസ്വപ്നത്തിലെന്ന പോലെയാണ് അയാള്‍ക്കുചുറ്റും ആവര്‍ത്തിക്കുന്നത്.

കൊലപാതകത്തിന്റെ ദൃക്‌സാക്ഷിയെന്ന നിലയില്‍ പരിസരം വിട്ടുപോകരുതെന്ന് അയാളെ പോലീസ് വിലക്കുന്നു. എന്നാല്‍ തൊട്ടടുത്ത സീനില്‍ തന്നെ പേപട്ടി ആക്രമണം കാരണം രാജ്യത്ത് ക്വാറന്റൈന്‍ പ്രഖ്യാപിക്കുന്നു. ചരിത്രം ആദ്യം വിപത്തായാണ് ഭവിക്കുന്നതെങ്കിലും ആവര്‍ത്തനത്തില്‍ അതിന് പ്രഹസനത്തിന്റെ ഛായയാണ്. പേപ്പട്ടിയെ പേടിച്ച് നഗരം ശൂന്യമാകുന്നു, ആയുധധാരികളായ പ്രത്യേക സേനാ സംഘങ്ങള്‍ തെരുവുകളില്‍ കാവലാകുന്നു, ഹെലികോപ്റ്റര്‍ നിരീക്ഷണത്തില്‍ നഗരം ഭീതിയുടെയും വെടിയൊച്ചകളുടെയും കേന്ദ്രമാകുന്നു. പൗരരുടെ സുരക്ഷയില്‍ തുടങ്ങിക്കൊണ്ടാണ് അധികാരം എന്നും അതിന്റെ ഭീഷണമായ രൂപം പുറത്തെടുത്തിട്ടുള്ളത്. കാലമോ ദേശമോ രേഖപ്പെടുത്താതെയുള്ള തെയ്ഫണിന്റെ സിനിമ ഫാഷിസത്തിന് എല്ലാ കാലത്തും ഏതു ലോകത്തും ഒരേ ഓപ്പറേറ്റിംഗ് രീതിയാണെന്ന ജനറലൈസേഷനിലേക്കാണ് എത്തിക്കുന്നത്.

വിഖ്യാത എഴുത്തുകാരന്‍ കാഫ്കയുടെ സൃഷ്ടികളിലേതുപോലെ, സിനിമയിലുടനീളം കാന്‍ കാണുകയും എത്തിച്ചേരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ യഥാര്‍ത്ഥ്യമെന്നോ അയഥാര്‍ത്ഥ്യമെന്നോ വേര്‍തിരിച്ചറിയാനാവാത്തതാണ്. ഒരു സ്വപ്നത്തിലെന്ന പോലെ കൊലപാതകി, പോലീസുകാര്‍, മരിയ, അവയവ വില്പനക്കാരന്‍, ബാര്‍ബര്‍, ഹോട്ടല്‍ ജീവനക്കാരന്‍ എന്നിവര്‍ കാനിനുചുറ്റും ആവര്‍ത്തിച്ചു നിരക്കുന്നുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് മോര്‍ച്ചറിയിലെത്തുമ്പോഴാണ് കാന്‍ മരിയയെ ആദ്യമായി കാണുന്നത്. പിന്നീട്, മരിയ തന്റെ പിതാവിനെ ശുശ്രൂഷിച്ചിരുന്ന ഹോം നേഴ്‌സ് ആണെന്നും റെയില്‍വേ സ്റ്റേഷനില്‍ കൊല്ലപ്പെട്ടയാള്‍ വര്‍ഷങ്ങള്‍ക്കുശേഷം മടങ്ങിയെത്തിയ അവരുടെ ഭര്‍ത്താവാണെന്നും കാന്‍ അറിയുന്നു. യഥാര്‍ത്ഥ്യമെന്ന് തോന്നിപ്പിക്കുന്ന മരിയ അവിടുന്നങ്ങോട്ട് കനപ്പെട്ട നിഗൂഢതയാണ് കാനിനും പ്രേക്ഷകനും. ഭര്‍ത്താവിന്റെ കൊലപാതകിയോടൊപ്പം അവരെ പലയിടങ്ങളിലായി കാന്‍ ശ്രദ്ധിക്കുന്നു. ഒടുവില്‍ ബാറിലെ ചുവരില്‍ 'ഷെഹ്​റസാദ്' എന്ന പേരിലാണ് മരിയയെ കാണുന്നത്. ആയിരത്തൊന്ന് രാവുകളില്‍ പറഞ്ഞതത്രയും കഥകളായിരുന്നുവല്ലോ. സത്യത്തിനും 'കഥകള്‍ക്കു’മിടയില്‍ ചിതറിപ്പോകുന്ന നേരങ്ങളാണ് കാനിനു ചുറ്റും കനപ്പെടുന്നത്. 'ഞാന്‍ പറഞ്ഞത് വെറുമൊരു കഥയായിരുന്നു'വെന്ന് അവയവ വില്പനക്കാരന്‍ കാനിന് മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്. ഇങ്ങനെ കൃത്യമായ അലിഗറികളിലൂടെയാണ് ചലച്ചിത്രകാരന്‍ പോസ്റ്റ് ട്രൂത്തിനെ അവതരിപ്പിക്കുന്നത്.

തയ്യല്‍ക്കടയിലെത്തുന്ന കൊലപാതകി കാനിന്റെ അച്ഛന്‍ അയാള്‍ക്കായി തയ്ച്ചുവെച്ച വസ്ത്രം ചോദിക്കുകയാണ്. അയാളാവട്ടെ യാതൊരു മുന്‍പരിചയവും കാണിക്കുന്നുമില്ല. ഭയപ്പെട്ടു നില്‍ക്കുന്ന കാനിന്റെ കണ്മുന്നിലാണ് കുറ്റവാളി വസ്ത്രം മാറുന്നത്. അതയാളുടെ അച്ഛന്‍ തയ്ച്ച വസ്ത്രവുമാണ്. കൊലപാതകികളും കുറ്റവാളികളും നിഷ്​പ്രയാസം വേഷം മാറുന്നതുകണ്ട് ഭയപ്പെട്ടുനില്‍ക്കുന്ന ഒരു ജനത തന്നെ പല രാജ്യങ്ങളിലായി കാനിന്റെ കൂടെയുണ്ട്. വിച്ഛേദിക്കപ്പെട്ട ടെലിഫോണ്‍ ലൈനുകള്‍, പൊതുജനാഭിപ്രായം ആരായുന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്നിവയും ഫാഷിസം അതിന്റെ എല്ലാ രൂപങ്ങളിലൂടെയും വികാസം പ്രാപിക്കുന്നതായി കാണിക്കുന്നുണ്ട്.

എങ്ങനെയാണ് കാനിന്റെ പിതാവ് മരിച്ചതെന്ന്​ നമുക്കറിയില്ല, എങ്ങനെയാണ് മരിയയുടെ ഭര്‍ത്താവിനെ കാണാതായത് എന്ന് നമുക്കറിയില്ല, പേപ്പട്ടിയുടെ ആക്രമണത്തില്‍ ബാര്‍ബര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത മാത്രമാണ് നമുക്ക് കിട്ടുന്നത്. കൃത്യമായ കാരണങ്ങളില്ലാതെ മരിക്കുകയോ കാണാതാവുകയോ ചെയ്യുക എന്നത് ഭീകരമായ അന്തരീക്ഷത്തെയാണ് സൂചിപ്പിക്കുന്നത്. ഇത്രയേറെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയിലും പേപ്പട്ടിയെ പിടിക്കാനാണ്​ അധികാരവൃന്ദം സേനയെ വിനിയോഗിച്ചിട്ടുള്ളത്. എന്നാല്‍ അവര്‍ വെടിയുതിര്‍ക്കുന്നത് മനുഷ്യര്‍ക്ക് നേരെയാണെന്നും നമുക്ക് കാണാം.

നടന്നുനീങ്ങുന്ന വഴികളിലെല്ലാം മരണം പതിയിരിക്കുന്നുവെന്ന രീതിയില്‍ പ്രതീകാത്മകമായി ഈ സിനിമയെ വായിക്കാം. പേപ്പട്ടിയെ വീഴ്​ത്താൻ റോഡിലൊരുക്കിയ കുഴികളെ മരണമായി വായിക്കാം. എന്നാല്‍ കാന്‍ അയാളുടെ വീട്ടിലും തയ്യല്‍ക്കടയിലും ഇത്തരത്തിലുള്ള അഗാധഗര്‍ത്തങ്ങളെ കണ്ടെത്തുമ്പോഴാണ് മരണത്തിന് അതിന്റെ ജൈവികത നഷ്ടപ്പെടുന്നത്. സാക്ഷികളെയും വിമര്‍ശനമൊഴികളെയും നിശ്ശബ്ദതയുടെയും ഇരുട്ടിന്റെയും ആഴങ്ങളിലേക്ക് തള്ളിയിട്ട് ഇല്ലാതെയാക്കുന്നത് മരണമല്ല, മനഃപൂര്‍വമായുണ്ടാക്കുന്ന പാതകങ്ങളാണ്.

നീഷേയുടെ 78 സിദ്ധാന്തങ്ങളിലെ ആഖ്യാതാവിന്റെ മരണത്തെ തന്നെയാണ് തെയ്ഫണ്‍ പേഴ്‌സിമോഗ്ലൂ പിന്തുടരുന്നത്. പ്രേക്ഷകരെ പരിഗണിച്ചുകൊണ്ടുള്ള ആഖ്യാന രീതി പബ്ലിക് നറേറ്റീവുകള്‍ നേരിടുന്ന തകര്‍ച്ചയെ പിന്തുണക്കുന്നുണ്ട്.

അനുവാചകർക്ക്​ നേരിട്ട് ഇടപെടാനും ഉള്ളടക്കത്തെ നിയന്ത്രിക്കാനുമുള്ള ഈ സ്വാതന്ത്ര്യമാണ് സിനിമ കണ്ടു കഴിഞ്ഞ ഓരോ പ്രേക്ഷകരിലും ചില അടിസ്ഥാന ചോദ്യങ്ങള്‍ക്കുള്ള ത്വരയുണ്ടാക്കുന്നത്.

കാനിനൊപ്പം നിസ്സഹായരാവുന്ന പ്രേക്ഷകർക്ക്​ ഏര്‍ദം സെനോചെകിന്റെ നിഷ്‌കളങ്ക ഭാവത്തെ വായിക്കാനും ഫാഷിസ്റ്റുകാലത്തെ മഞ്ഞുവീഴ്ചയും മരവിപ്പുമറിയുന്ന പ്രേക്ഷകർക്ക്​ ആന്‍ഡ്രിയാസ് സിനോനോസിന്റെ സിനിമാറ്റോഗ്രാഫിയെ ഉള്‍ക്കൊള്ളാനും കഴിയുന്നതാണ് കെര്‍ എന്ന തുര്‍ക്കിഷ് സിനിമ നല്‍കുന്ന പ്രതീക്ഷ.

Comments