അമേരിക്കയുടെ വംശഹത്യാ ചരിത്രത്തിലേക്ക്
സ്‍ക്രീനിൽ നിന്നൊരു ചൂണ്ടുവിരൽ

അമേരിക്കൻ- ഇറ്റാലിയൻ സംവിധായകൻ മാർട്ടിൻ സ്കോർസസെയുടെ സിനിമ കില്ലേർസ് ഓഫ് ദ ഫ്ലവർമൂൺ വേറെ ലെവൽ  സിനിമയാണ്. 9.20 നു തുടങ്ങിയ സിനിമ കണ്ടു കഴിഞ്ഞപ്പോൾ സമയം രാത്രി ഒരുമണി കഴിഞ്ഞുകാണും. ഹൃദയം വീർത്തുപൊട്ടുമെന്നും മണ്ട കത്തി പൊട്ടിത്തെറിക്കുമെന്നും തോന്നി. പകുതിയോളം നിറഞ്ഞ തിയറ്ററിൽ കാണികൾ അനക്കമില്ലാതെ സിനിമ കണ്ടു.

ത്മാവിനും തലച്ചോറിനും കിക്കു കിട്ടണമെങ്കിൽ അമേരിക്കൻ സാധനം (സിനിമ) തന്നെ വേണമെന്ന് സർക്കാസമായി പറയാറുണ്ട്.
കഴിഞ്ഞ മാസം കോഴിക്കോട് ​ക്രൗണിൽ റിലീസ് ചെയ്ത അമേരിക്കൻ- ഇറ്റാലിയൻ സംവിധായകൻ മാർട്ടിൻ സ്കോർസസെയുടെ സിനിമ കില്ലേർസ് ഓഫ് ദ ഫ്ലവർമൂൺ വേറെ ലെവൽ  സിനിമയാണ്.  9.20 നു തുടങ്ങിയ സിനിമ കണ്ടു കഴിഞ്ഞപ്പോൾ സമയം രാത്രി ഒരുമണി കഴിഞ്ഞുകാണും. കൃത്യമായി ഓർക്കുന്നില്ല. ഹൃദയം വീർത്തുപൊട്ടുമെന്നും മണ്ട കത്തി പൊട്ടിത്തെറിക്കുമെന്നും തോന്നി. ഫുൾ എ.സിയായതുകൊണ്ട് രക്ഷപ്പെട്ടു.
പകുതിയോളം നിറഞ്ഞ തിയറ്ററിൽ കാണികൾ അനക്കമില്ലാതെ സിനിമ കണ്ടു.
കണ്ടിറങ്ങിയപ്പോൾ സംസാരിക്കാൻ ഒരു സുഹൃത്ത് കൂടെയുണ്ടായിരുന്നെങ്കിൽ, കഴിക്കാനൊരു ബിയറോ സിഗരറ്റോ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോയി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന സംഭവം. ഒരു നൂറ്റാണ്ടിനിപ്പുറംനിന്ന് സിനിമ ഒരു കെണിയാണെന്ന ജാഗ്രതയോടെ കണ്ടിട്ടും ഹൃദയപെരുക്കവും, മാനവികതയുടെ മുറുക്കവും കനത്തുവിങ്ങി.

1920-ൽ അമേരിക്കയിലെ ഒക്‍ലഹോമയിൽ താമസിച്ചിരുന്ന ഓസേജ് അബോറിജിൻസ്  വംശജർ അവരുടെ പ്രദേശത്ത് എണ്ണ കണ്ടെത്തുന്നതോടെ ലോകത്തെ എണ്ണം പറഞ്ഞ പണക്കാരുടെ പട്ടികയിലേക്ക് ഉയർന്ന യഥാർത്ഥ കഥ. അക്കാലത്ത് അപൂർവമായിരുന്ന ടാക്സി കാബുകൾ അവരുടെ റോഡുകളിൽ ഇറങ്ങി. അവർ വലിയ വീടുകൾ കെട്ടി, കുട്ടികളെ യൂറോപ്പിലയച്ചു പഠിപ്പിച്ചു. അവരുടെ ഹെറിറ്റേജ് ഫോട്ടോകളെടുക്കാൻ ഫോട്ടോഗ്രാഫർമാർ റോഡരികിൽ തിക്കിത്തിരക്കി. ആർജ്ജിത സൗഭാഗ്യത്തിന്റെ ആനന്ദത്തിന്  വിലക്ഷണമെന്നോണം അവരിൽ പലരും ദുരൂഹമായി വംശഹത്യക്കിരയായി കൊല്ലപ്പെടുന്നു. വിചിത്ര സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ പ്രൈവറ്റ് കുറ്റാന്വേഷകരും നിഗൂഢമായി കൊല്ലപ്പെടുന്നു.

സംവിധായകൻ മാർട്ടിൻ സ്കോർസസെ

കില്ലേർസ് ഓഫ് ഫ്ലവർ മൂൺ ആന്റ് ബർത്ത് ഓഫ് ദ എഫ് ബി ഐ- ഡേവിഡ് ഗ്രാനിന്റെ ഇതേ പേരിൽ ഇറങ്ങിയ മോണ്യുമെന്റൽ നോൺ ഫിക്ഷന് ഓസേജ് ജനത നേരിട്ട വംശഹത്യയുടെ സ്വതന്ത്രവും, സത്യസന്ധവുമായ രൂപരേഖ സ്കോർസെസെയും എറിക്ക് റോത്തും ചേർന്ന് തിരക്കഥയിലാക്കുകയായിരുന്നു.

അമേരിക്കൻ വൈറ്റ്സ് 1918 മുതൽ 1931 വരെ ഓസേജുകളെ കൊലപ്പെടുത്തി തിമിർത്ത ഭയാനക സംഭവം. ലോക രക്ഷകറോളിൽ ഞെളിയുന്ന അമേരിക്കയുടെ കുറ്റകൃത്യങ്ങളിലെ പങ്ക് ചൂണ്ടിക്കാണിച്ച് സ്ക്രീനിൽ നിന്നൊരു ചൂണ്ടുവിരൽ അമേരിക്കയുടെ ചരിത്രഭൂപടത്തിലേക്ക് നീണ്ടുനിന്നു. രാജ്യം എല്ലാം കുഴിച്ചുമൂടുന്ന ശ്മശാനഭൂമിയായി മാറുന്നുവെന്ന ആക്ഷേപം കേൾക്കേണ്ടിവരുന്നു.

കില്ലേർസ് ഓഫ് ദ ഫ്ലവർമൂൺ ഓസേജ് വംശജരുടെ ഇൻസ്റ്റിറ്റ്യൂഷനൽ വംശീയതയും വയലൻസും മാത്രമല്ല ചിത്രീകരിക്കുന്നത്. അമേരിക്കയിലെ ലോ എൻഫോഴ്സ്മെന്റിന്റെ തുടക്കത്തിലേക്കുള്ള വായനയിലേക്കും ടോർച്ചടിക്കുന്നുണ്ട്.

1870- ലാണ് അമേരിക്ക ഓസേജ് കുടുംബങ്ങളെ അവരുടെ കാൻസാസിലെ ഭൂമിയിൽനിന്ന് അനഭിലഷണീയവും, വാസയോഗ്യമല്ലാത്തതുമായ നോർത്ത് ഈസ്റ്റ് ഒക്‍ലഹോമയിലെ ചതുപ്പു ഭൂമിയിലേക്ക് പുനധിവസിപ്പിക്കുന്നത്.
എണ്ണ കണ്ടെത്തുന്നതോടെ വിധി അവർക്ക് അനുകൂലമാകുകയും ഓസേജുകൾ വേഗത്തിൽ ലോകത്തിലെ സമ്പന്നപട്ടികയിലേക്ക് ഉയരുകയും ചെയ്തു. വിനാശകരമായ വംശീയത
അതേ വിധിയുടെ പ്രഖ്യാപിത ബാനറിൽ  അനാവരണം ചെയ്തുവളരുന്നത് അവരറിയുന്നുണ്ടായിരുന്നില്ല.
ആ നിഗൂഢത അമേരിക്കയുടെ ചരിത്രത്തിൽ
ഒഴിച്ചുകൂടാനാവാത്ത ദുരന്തമായി പരിണമിച്ചു.


കില്ലേർസ് ഓഫ് ദ ഫ്ലവർ മൂൺ എന്ന സിനിമയിൽ നിന്ന്

അമേരിക്കൻ വൈറ്റ്സിന്റെ കീഴിൽ അടിച്ചമർത്തപ്പെട്ട വിഭാഗമായി കഴിഞ്ഞിരുന്ന ഓസേജ് ജനതക്ക് മൗലിക പൗരത്വം ലഭിക്കുന്നതും സാമ്പത്തിക സമത്വം നേടി സമ്പന്നരാകുന്നതും ലോകത്തെവിടെയും എന്ന പോലെ അമേരിക്കയിലും വൈറ്റ്സിനെ വെറിപിടിപ്പിക്കുന്നതായിരുന്നു. അതിന് ഓസേജ് ജനത വലിയ വില കൊടുക്കേണ്ടിവന്നു.
അവർ കോടതി കയറി. മുന്നുപാധികളില്ലാതെ ദുർഘടസന്ധിയിലായി. ഗൂഢാലോചനകൾക്കിരയായി. അവരെ വാഴ്ത്തി സുഖിപ്പിച്ചവർ തന്നെ അവരെ വീഴ്ത്തി, നിയമപരമായി ചതിക്കപ്പെട്ടു. സൗഹൃദ, പ്രതാപ വാഗ്ദാനങ്ങളിൽ വീണ് ആത്മവഞ്ചിതരായി, വശപ്പെടുത്തി കുടുംബാംഗങ്ങളാക്കി വധിച്ചു, വിവാഹിതരായി കൊല ചെയ്യപ്പെട്ടു, അവരുടെ പണത്തിന്റെ നിയന്ത്രണം കൈക്കലാക്കി. കൊലപാതകങ്ങൾ പല രീതിയിൽ അവരെ വേട്ടയാടി. ഓസേജ് ജനതയുടെ ചരിത്രപരമായും സാംസ്കാരികമായുമുള്ള ഉന്മൂലനം എന്ന ലക്ഷ്യത്തോടെയുള്ള ആക്രമണകൊലയുടെ ആവിഷ്കാരമായിരുന്നു നടന്നത്.

അമേരിക്കൻ വൈറ്റ്സിന് പങ്കാളിത്തമുള്ള അനവധി കുറ്റകൃത്യങ്ങളും കൊലപാതകളും അന്വേഷിക്കാതെ വിട്ടുപോയത്, അതൊരു സാധാരണ ആഗോള പ്രതിസന്ധിയായി മാറിയിരിക്കുന്നു എന്നതുകൊണ്ടാകാം.

വാഷിംഗ്ടൺ ഏജൻസി ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (ബി ഒ ഐ- ഇന്നത്തെ എഫ് ബി ഐ) അന്വേഷിച്ച വംശഹത്യകളുടെ കേന്ദ്ര സ്ട്രാറ്റജിസ്റ്റ് കാലികളെ വളർത്തിയും കൃഷിനോക്കിയും സമ്പന്നനായ, ഓസേജ് വിഭാഗത്തിന്റെ ആത്മസുഹൃത്തെന്ന് പ്രതീതിയുണ്ടാക്കിയ വില്യം കെ. ഹെയ്ൽ ആയിരുന്നു. ഓസേജുകൾ അയാളെ വിശ്വസിക്കുകയും  അയാളതിൽ വിജയിക്കുകയും ചെയ്തു. വിവാഹബന്ധങ്ങൾ നടത്തിക്കൊടുക്കുകയും ആരോഗ്യപരമായ പ്രശ്നങ്ങൾ  പരിഹരിക്കുകയും ചെയ്തുകൊണ്ടാണ് അയാളത് സാധിച്ചെടുത്തത്.
അയാളുടെ ഗൂഢാലോചനകളെ കേന്ദ്ര പോയിന്റിൽ നിർത്തിയല്ല സിനിമ കറങ്ങുന്നത്.

വളരെ സൂക്ഷ്മമായ വഴക്കവും ശക്തമായ വെപ്പണുമായി ക്യാമറ പ്രണയത്തെ കെട്ടഴിച്ചു വിട്ടും നിഗൂഢതകളെ അനാവരണം ചെയ്തും ദുരന്തങ്ങളെ കണ്ടെടുക്കുകയും ചെയ്ത് കാഴ്ചയെ സംഘർഷമാക്കുന്നുണ്ട്- സ്കോർസെസെ ലവ്സ് ടു പ്ലെ വിത് ക്യാമറ.
സ്കോർസസെയുടെ താത്പര്യം കഥയുടെ നിഗൂഢതയിലാണ്, മറിച്ച് പോലീസ് നടപടികൾ പുനരാവിഷ്ക്കരിക്കുന്നതിലല്ല എന്ന് അയാൾ വ്യക്തമാക്കിയിട്ടുണ്ട്.


കില്ലേർസ് ഓഫ് ദ ഫ്ലവർമൂൺ ഓസേജ് വംശജരുടെ ഇൻസ്റ്റിറ്റ്യൂഷനൽ വംശീയതയും വയലൻസും മാത്രമല്ല ചിത്രീകരിക്കുന്നത്. അമേരിക്കയിലെ ലോ എൻഫോഴ്സ്മെന്റിന്റെ തുടക്കത്തിലേക്കുള്ള വായനയിലേക്കും ടോർച്ചടിക്കുന്നുണ്ട്.
ഗ്രാനിന്റ പുസ്തകത്തിന്റെ ടൈറ്റിൽ ഓയിൽ, മണി, മർഡർ ആന്റ് ബർത്ത് ഓഫ് ദി എഫ് ബി ഐ അതിനുമുമ്പേ തെളിഞ്ഞ ലൈറ്റ്ഹൗസുമാണ്.
സിനിമക്കിടയിൽ കയറിവരുന്ന ടുൾസ മെ സാക്കർ റീലുകൾ ഓസേജ് കൊലപാതകങ്ങളെ താരതമ്യം ചെയ്തു കാണിക്കുന്നതിനായി സ്കോർസെസെ ഉപയോഗിക്കുന്നുണ്ട്. ഹേയ്ലിന്റെയും എണസ്റ്റിന്റേയും റേഡിയോ ക്ലിപ്പുകളും ഉപയോഗിക്കുന്നുണ്ട്. അമേരിക്കൻ സംവിധായകൻ ആരി ആസ്റ്ററിന്റെ സിനിമകളിലും ഇത്തരം സങ്കേതങ്ങൾ ഉപയോഗിക്കുന്നുണ്ട്.

റോബി റോബേട്ട്സണിന്റെ (ഇദ്ദേഹം കഴിഞ്ഞ ആഗസ്റ്റ് ഒമ്പതിന് പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായി മരിച്ചു. ) സംഗീതത്തിൽ  ഒക് ലഹോമയിലെ ഭൂമിയിൽനിന്ന് എണ്ണ തെറിച്ച് ചീറ്റി അതിൽ നൃത്തം ചെയ്യുന്ന ഒസേജുകളുടെയും ഒക് ലഹോമയിലെ സുന്ദരക്കാഴ്ചകളിൽനിന്ന് പെട്ടെന്ന് നരേഷൻ എണസ്റ്റ് ബുക്കാർട്ടിലേക്കും
(ലിയണാഡോ ഡികാപ്രിയോ) അയാളുടെ നോട്ടങ്ങളിലേക്കും കാണികളെ എത്തിക്കുന്നു. ഒന്നാം ലോകമഹായുദ്ധശേഷമുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തികാവസ്ഥകളുടെ നേർക്കാഴ്ചകളിലൂടെ ആ നോട്ടം അലയുന്നു. ഏണസ്റ്റ് ബുക്കാർട്ട് യൂറോപ്പിൽ മിലിറ്ററി കുക്കായി സേവനം ചെയ്തശേഷം തന്റെ രാജ്യത്ത് തിരിച്ചെത്തിയതാണെന്ന് അമ്മാവൻ വില്യം കെ. ഹെയ്ലിനോട് (റോബർട്ട് ഡി നിറോ) സംസാരമദ്ധ്യേ പറയുന്നുണ്ട്.

സ്കോർസസെയുടെ സിനിമകളധികവും അമേരിക്കയുടെ ധാർമ്മികാധപതനത്തിലേക്ക് വിരൽചൂണ്ടുന്ന ആവർത്തിക്കുന്ന രാഷ്ട്രീയ പടക്കോപ്പുകളാണെന്ന പരാതിയുണ്ട്.

‘സ്ത്രീകളിൽ താത്പര്യമില്ലേ’- നാല്പതിയാറുകാരന്റെ സിങ്കിൾ ട്രിപ്പിലേക്ക് അമ്മാവനെറിഞ്ഞ ഒളിയമ്പിൽ നെഫ്യൂ കുരുങ്ങി.
ഏണസ്റ്റ് മഞ്ഞക്കറ വീണ പല്ലിളിച്ച് താത്പര്യത്തോടെ പറഞ്ഞു, ‘സ്ത്രീകളോടേ താത്പര്യമുള്ളൂ’.
അങ്കിൾ ഹെയ്ലിന്റെ സമ്പന്ന അധികാര വിഭവശേഷിയോട് പറ്റിനിന്ന് അയാളൊരു കാബ് ഡ്രൈവറായി ജോലി തുടങ്ങി. ഹെയ്ലിന്റെ നിർദ്ദേശാനുസണം പൂർണമായും ഓസേജ് ബ്രീഡിൽ (വംശാവലിയിൽ) ജനിച്ചവളും സ്വത്തുക്കൾക്ക് അവകാശമുള്ളവളുമായ മോളി കെയ്ലിനെ (ലില്ലി ഗ്ലാഡ്സ്റ്റൺ) അവൻ പിന്തുടരുന്നു. വിഷാദസുന്ദരിയും വളരെ പ്രാക്ടിക്കലുമായ മോളി അയാളുടെ പ്രണയത്തിൽ വീഴുമ്പോഴും അയാളുടെ ചെന്നായുടെ പല്ലുകൾ തന്റെ സ്വത്തിലാണെന്നും, കണ്ണുകളിൽ തിളങ്ങുന്നത് അവളോടുള്ള പ്രണയമാണെന്നും പരീക്ഷിച്ച് അളന്നിടുന്നു. അവരുടെ പ്രണയവും വിവാഹവും നടക്കുമ്പോൾ നിരവധി ഓസേജ് വംശജർ അജ്ഞാത ശാരീരികാരോഗ്യ  അവശതയിലും വെടിയേറ്റും മരണപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആ റിപ്പോർട്ടുകൾ മോളിയെ കൂടുതൽ വിഷാദവതിയാക്കി. വിഷാദം പേറുന്ന മോളിയെ ആവാഹിച്ച ലില്ലി ഗ്ലാഡ്സ്‌റ്റണ്ണാണ് ചിത്രത്തിലെ താരം.
മോളിയുടെ രണ്ടു സിസ്റ്ററും- മിന്നിയും
(ജീലിയൻ ഡയോൺ) അന്നയും (കാറ ജെയ്ഡ് മിയേർസ്) കൊല്ലപ്പെടുന്നു. മിന്നി ഷുഗർ രോഗം മൂർച്ഛിച്ച് നിത്യരോഗിയായി മരിച്ചു. ഓസേജുകളുടെ ഇടയിൽ പലർക്കും ഇതേ അനുഭവം സർവ്വസാധാരണമാണ്. ഇവിടെയെല്ലാം കുറ്റബോധമില്ലാതെ സന്ദർശിച്ച് ഹെയ്ൽ അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
മോളിയുടെ അമ്മക്ക് ഏറ്റവും പ്രിയപ്പെട്ട അന്ന ഒരു ഉച്ചനേരത്ത് പ്രത്യക്ഷലക്ഷണങ്ങളൊന്നുമില്ലാതെ അപ്രത്യക്ഷയായി. അധികം വൈകാതെ ഒരു മലയിടുക്കിൽ തലക്കുപിറകിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടുകിട്ടി.
കൂടാതെ ഹെയ്ലിന്റെ അടുത്ത സുഹൃത്തും മോളിയുടെ ആദ്യ ഭർത്താവും ബാല്യകാല സുഹൃത്തും കസിനുമായ ഹെന്റി റോൺ ( വില്യം ബെല്യൂ) വെടിയേറ്റു മരിക്കുന്നു. അയാൾക്ക് മോളിയുടെ സ്വത്തിൽ അവകാശമുണ്ടായിരുന്നതാണ് ഗൂഢാലോചനക്കിരയാക്കിയത്. അനുക്രമത്തിൽ നിരവധി കൊലപാതകങ്ങൾ ഓസേജുകളുടെ ജീവനെടുത്തു.
ആ കാലയളവിൽ സംഭവിച്ച കൊലപാതക പരമ്പരകളെ ‘ഭീകരതയുടെ വാഴ്ച’ ( Reign of Terror) എന്നാണ് വിളിച്ചത്. അന്വേഷിക്കപ്പെട്ട കൊലപാതകങ്ങൾ 24 എണ്ണം മാത്രം. അമേരിക്കൻ വൈറ്റ്സിന് പങ്കാളിത്തമുള്ള അനവധി കുറ്റകൃത്യങ്ങളും കൊലപാതകളും അന്വേഷിക്കാതെ വിട്ടുപോയത്, അതൊരു സാധാരണ ആഗോള പ്രതിസന്ധിയായി മാറിയിരിക്കുന്നു എന്നതുകൊണ്ടാകാം.

കില്ലേർസ് ഓഫ് ദ ഫ്ലവർ മൂൺ എന്ന സിനിമയിൽ റോബർട്ട് ഡി നിറോയും ലിയണാഡോ ഡി കാപ്രിയോയും

മോളിയുടെ അമ്മ ലിസ്സി ക്യു (ടാന്റു കാർഡിനൽ) വിന്റെ മരണം ഒരു മാജിക് റിയലിസത്തിന്റെ  വിഷ്വലുകളിലൂടെയാണ് സംവിധായകൻ സംഭവിപ്പിക്കുന്നത്. അവരുടെ മുറിക്കുള്ളിലേക്ക് പറന്നുവരുന്ന മൂങ്ങയിലൂടെയും ആസന്നകിടക്കക്കരികിൽ വന്ന് മരണാനന്തര ജീവിതത്തിലേക്ക് വിളിക്കുന്ന പൂർവ്വിക മനുഷ്യരിലൂടെയും ഓസേജുകളുടെ മിത്തിക്കൽ ഭാവനകളെയും വിശ്വാസങ്ങളെയും കലർത്തിയ സീക്വൻസുകൾ പാളിയില്ല.
ഓരോ മരണവാർത്തയിലും കാണികളുടെ ഹൃദയത്തിലേക്ക് ഇടിച്ചുകയറുന്ന മോളിയുടെ നിർമ്മമ മുഖം മറക്കാൻ ഓർമകൾ പാടുപെടും. ജീവിതത്തിന്റെ നിറക്കൂട്ടുകളുടെ ഭംഗിയും മരണത്തിന്റെ ക്രൂരമായ നിർമ്മമതയും കലർന്ന ഇമോഷണൽ ബ്ലൻഡ്
അനായാസമായ അഭിനയത്തിലൂടെ  ലില്ലി ഗ്ലാഡ്സ്റ്റണിന്റെ മുഖത്ത് തെളിഞ്ഞു മാഞ്ഞുകൊണ്ടിരുന്നു. മോളിക്കറിയാം, അവളാണ് കൊലയാളികളുടെ അടുത്ത ലക്ഷ്യമെന്ന്. ഹെയ്ലും ഏണസ്റ്റും വിഷം നല്കാൻ പദ്ധതിയിടുന്നത് അവളറിയുന്നില്ല.

ഏണസ്റ്റ് ബുക്കാർട്ടിനെ പ്രതാപിയായ വെള്ളക്കാരനായല്ല, മറിച്ച് എപ്പോഴും വൈരുദ്ധ്യങ്ങളിലും വികാരങ്ങളിലുംപെട്ട് നെറ്റിചുളിച്ചും മുഖം കോട്ടിയും ഇഴഞ്ഞ് സംസാരിച്ചും ഫ്ലഷ് ഔട്ട് ചെയ്യുകയാണ് സ്കോർസസെ. തന്റെ സ്വാർത്ഥനേട്ടങ്ങൾക്കുവേണ്ടി സ്നേഹിക്കുന്ന ഭാര്യയെയും അവളുടെ ആത്മ രക്തബന്ധങ്ങളെയും കൊല്ലുന്നതിന് നീതികരണം തേടുന്നുണ്ടയാൾ. അയാളുടെ സ്വത്വം വംശീയതയിലും സ്ത്രീവിരുദ്ധതയിലും മുങ്ങിക്കിടന്നു. വില്യം ഹെയ്ലിനെ അവതരിപ്പിച്ച റോബർട്ട് ഡി നീറോക്ക് പകരം മറ്റാരെങ്കിലും അത് ചെയ്തിരുന്നെങ്കിലെന്ന് റീപ്ലേസ് വാല്യൂ ചെയ്തു നോക്കാതിരുന്നില്ല. ഡികാപ്രിയേക്കു പകരവും മറ്റാരെങ്കിലുമായിന്നെങ്കിൽ.
(ദാമ്പത്യ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത കളി - ഹ ഹ ഹ).

സ്കോർസസെ മലയാളി ബുദ്ധിജീവികൾക്ക് സ്വീകാര്യനായ ഫിലിംമേക്കറല്ല.


മോളിക്ക് ഒരു കാര്യം വ്യക്തമായി ബോധ്യപ്പെട്ടു. അവളെയും കുട്ടികളെയും വധിക്കാൻ  അയൽക്കാർ മാത്രമല്ല കുടുംബത്തിലുള്ളവരും പിറകിലുണ്ട്. അവളും കുട്ടികളും വംശീയഹത്യക്കിരയാകുമെന്ന് ബോധ്യപ്പെട്ടപ്പോൾ ഷുഗർ രോഗം കൂടി ക്ഷീണിതയായിരുന്നിട്ടും മോളി പ്രസിഡണ്ട്  കാൽവിൻ കൂളിഡ്ജിനെ കാണാൻ ഇറങ്ങിത്തിരിച്ചു. ഏണസ്റ്റ് ഭയവും അമർഷവും ഉള്ളിലൊതുക്കി സ്നേഹത്തോടെ അവളെ വാഷിംഗ്ടണിലേക്ക് യാത്രയാക്കി.
ഏണസ്റ്റും ഹെയ്ലും അവളുടെ ഇൻസുലിൻ ഡോസിൽ വിഷം കലർത്തി അവളെ തളർത്തിയിടാൻ തീരുമാനിച്ചു, അത് നടപ്പിലാക്കി. മോളിയുടെ അവശേഷിച്ച സഹോദരി റേത്തയെയും  ക്രിമിനൽ പശ്ചാത്തലമുള്ള ഭർത്താവ് എസീ കിർബിയെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കാൻ ഹെയ്ൽ ഏണസ്റ്റിനെ ഏർപ്പാടുചെയ്തു. അതുവഴി മോളി മുഴുവൻ സ്വത്തിനും അവകാശിയാകുമെന്നവർ കണക്കുകൂട്ടി.
വാഷിംഗ്ടണിൽനിന്ന് തിരിച്ചെത്തിയ മോളിയുടെ നില അനുദിനം വഷളായിക്കൊണ്ടിരുന്നു. എണസ്റ്റിന് താൻ ചെയ്യുന്ന കുറ്റപ്രവൃത്തികളിൽ അഥവാ ഡ്യുവാലിറ്റിയിൽ ലജ്ജ തോന്നി മോളിക്കു കൊടുക്കുന്ന വിഷം ചിലപ്പോഴൊല്ലാം അയാളും വിഴുങ്ങുന്നുണ്ട്.

കില്ലേർസ് ഓഫ് ദ ഫ്ലവർ മൂൺ എന്ന സിനിമയിൽ ടാന്റു കാർഡിനൽ

വാഷിംഗ്ടണിൽനിന്ന് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (BOI) ഏജൻസിയെ തോമസ് ബ്രൂസ് വൈറ്റ് സീനിയർ (ജെസ്സി പ്ലിമോൺസ്) എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണത്തിനായി നിയോഗിച്ചു.
ഡേവിഡ് ഗ്രാനിന്റെ പുസ്തകം ബി ഒ ഐയുടെ അന്വേഷണത്തിലാണ് തുടങ്ങുന്നത്.
സ്കോർസസേ ഈ ഭാഗം അത്ര പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നില്ല. അതുകൊണ്ട്
തോമസ് ബ്രൂസിന്റെ റോൾ സിനിമയിൽ അവസാന സീനുകളിലേക്ക് ചുരുങ്ങി.

മോളി മരണാസന്ന കിടക്കയിൽ കിടന്ന് അമ്മ കണ്ടതുപോലെ മൂങ്ങയെ ഹാലൂസിനേറ്റ് ചെയ്ത് കാണുന്നു. അവൾ തളർന്ന് കിടപ്പു രോഗിയായിക്കഴിഞ്ഞു. അവളന്നേരം മരണത്തോടടുക്കുകയാണെന്ന് ഉറപ്പിച്ചു.

ജനങ്ങളുടെ സഹകരണമില്ലാതെ ആദ്യം അന്വേഷണം കുഴപ്പത്തിലായെങ്കിലും ബി ഒ ഐ ഏജൻസി ഉദ്യോഗസ്ഥർ അവരുടെ പണി വേഗത്തിലാക്കി. ഹെയ്ലിനെയും ഏണസ്റ്റിനേയും അവർ അറസ്റ്റുചെയ്തു. മോളിയെ വീണ്ടെടുത്തു ഹോസ്പിറ്റലൈസ് ചെയ്തു. മോളി, ഏണസ്റ്റ് ദമ്പതികൾക്ക് മൂന്നു മക്കൾ ജനിച്ചിരുന്നു. അവരിലൊരാൾ അസുഖബാധിതയായി മരിച്ച വിവരം ഏണസ്റ്റ് ജയിലിൽവച്ചാണ് അറിയുന്നത്.
മോളി വിചാരണക്കിടയിൽ ഏണസ്റ്റിനെ ചേംബർ മീറ്റിംഗിൽ കാണാനെത്തുന്നുണ്ട്. തന്നെ സ്നേഹിച്ചിരുന്നോ എന്ന അവളുടെ ചോദ്യത്തിന് അയാൾ ' ഉണ്ട് ' എന്ന് മറുപടി നല്കി.
ഇൻസുലിനൊപ്പം അവൾക്ക് നല്കിയത് വിഷമായിരുന്നില്ലേ എന്ന ചോദ്യം ഏണസ്റ്റ് നിഷേധിച്ചു. അയാൾ നുണയാണ് പറയുന്നതെന്ന് അവൾക്കുറപ്പായിരുന്നു. ആ നിമിഷം അവളയാളെ ഉപേക്ഷിച്ചു കോടതി വിട്ടു.
ഈ സന്ദർഭങ്ങളിൽ ലില്ലി ഗ്ലാഡ്സ്റ്റൺ കഥാപാത്രമായി തകർക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മോളി എന്ന കഥാപാത്രം സിനിമയിൽ അഭാവത്തിലെ ഭാവമായി നാം തിയറ്ററിൽ അനുഭവിക്കുന്നു.
ഏണസ്റ്റ് അങ്കിൾ ഹെയ്‌ലിനെതിരെ മൊഴി നല്കി. അവർ ശിക്ഷിതരായി. വർഷങ്ങൾക്കുശേഷം ജാമ്യത്തിലിറങ്ങി. മോളി ബുക്കാർട്ട് വീണ്ടും വിവാഹിതയായി അമ്പതാമത്തെ വയസിൽ മരിച്ചു.

സ്കോർസസെയുടെ സിനിമകളധികവും അമേരിക്കയുടെ ധാർമ്മികാധപതനത്തിലേക്ക് വിരൽചൂണ്ടുന്ന ആവർത്തിക്കുന്ന രാഷ്ട്രീയ പടക്കോപ്പുകളാണെന്ന പരാതിയുണ്ട്.
സിനിമയെക്കുറിച്ച് അപ്രൂവ്ഡ് ബൈ എഫ്.ബി.ഐ ആന്റ് ബ്രോട്ട് ടു യു ബൈ ലക്കി സ്ട്രൈക്കേഴ്സ് (1932- ൽ കഥയുടെ ചെറിയ ഭാഗം ലക്കിസ്ട്രൈക്ക് അവറിൽ ബ്രോഡ്കാസ്റ്റ് ചെയ്തിരുന്നു) എന്ന് സർക്കാസിക്കുന്നവരുണ്ട്.
‘ആഗോള സിനിമയുടെ മക്ക’ എന്നറിയപ്പെടുന്ന ഹോളിവുഡിൽനിന്ന് കച്ചവട സിനിമകൾ മാത്രമാണ് ഉണ്ടാകുന്നതെന്ന ആക്ഷേപം നമുക്കുമുണ്ട്. അതിനുള്ള ഹോളിവുഡിന്റെ മറുപടി, "കാണികൾക്ക് ആനന്ദം പാപമല്ല, ശാരീരികവും മാനസികവുമായ അവകാശം കൂടിയാണ്, അതു നിഷേധിക്കരുതെന്ന് ഹോളിവുഡിന് നിർബ്ബന്ധമുണ്ട്’’ എന്നായിരുന്നു.

ടാക്സി ഡ്രൈവർ എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റിൽ

സ്കോർസസെ മലയാളി ബുദ്ധിജീവികൾക്ക് സ്വീകാര്യനായ ഫിലിംമേക്കറല്ല. അവാർഡുകൾ നിരവധി വാരിക്കൂട്ടിയ അദ്ദേഹത്തിന്റെ ടാക്സി ഡ്രൈവർ സാമൂഹ്യ വിമർശനത്തിന് വലിയ സാദ്ധ്യതകളുള്ള തീം ആണെങ്കിലും അതിനു മുതിരാതെ അധോലോകത്തിന്റെ പ്രവർത്തനങ്ങളെ തിളക്കത്തോടും ആസക്തിയോടും അവതരിപ്പിക്കുന്നതിനാണ് മുൻഗണന കൊടുത്തതെന്ന വിമർശനമുണ്ട്. ന്യൂയോർക്ക് ന്യൂയോർക്ക്, കസാൻദി സാക്കിസിന്റെ നോവൽ അഡാപ്റ്റേഷൻ സിനിമയായ ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് തുടങ്ങിയവ അദ്ദേഹത്തിന്റെ ക്ലാസിക്കുകളാണ്. ഫ്ലവേർസ് ഓഫ് ദ കില്ലർ മൂൺ എൺപതാമത്തെ വയസിൽ അദ്ദേഹത്തിന്റെ മൂന്നര മണിക്കൂർ (200 മിനിറ്റ് ) ദൈർഘ്യമേറിയ എപിക് ക്ലാസിക്കായി പരിഗണിക്കാം.

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി മെക്സിക്കൻ വംശജനായ റൊഡറിഗോ പ്രിയറ്റോയും സിനിമയുടെ എഡിറ്റർ അൾജീരിയ അമേരിക്കൻ വംശജ തെൽമ സ്കൂൺമെക്കറും കണ്ടം വഴി ഓടിക്കാണുമായിരിക്കും. അക്കാദമി അവാഡുകൾക്ക് കാണാമെന്ന് പ്രത്യാശിക്കുന്നു.
ഡികാപ്രിയോ, ഡി നീറോ, ഫ്രേസർ എന്നിവരെ കൂടാതെ ജെസ്സി പ്ലെമൺസ്, ലില്ലി ഗ്ലാഡ്‌സ്റ്റോൺ, ഗാരി ബസരാബ, ടാന്റൂ കർദിനാൾ, കാര ജേഡ് മിയേഴ്‌സ്, ജാനെ കോളിൻസ്, ജിലിയൻ ഡിയോൺ, വില്യം ബെല്ല്യൂ, ലൂയിസ് കാൻസെൽമി, ടാറ്റങ്ക മീൻസ്, ജെ. മൈക്കൽ ആബോട്ട് എന്നിവരും ചിത്രത്തിൽ നന്നായി പെർഫോം ചെയ്തിരിക്കുന്നു. ഹീലി, സ്കോട്ട് ഷെപ്പേർഡ്, ഗ്രാമി അവാർഡ് നേടിയ ഗായകൻ-ഗാനരചയിതാക്കളായ ജേസൺ ഇസ്ബെൽ, സ്റ്റർഗിൽ സിംപ്സൺ എന്നിവരും സിനിമക്ക് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്

ഇംപറേറ്റീവ് എന്റർടൈൻമെന്റ്, സികെലിയ പ്രൊഡക്ഷൻസ്, അപ്പിയൻ വേ എന്നിവരാണ് നിർമാതാക്കൾ. നിർഡാൻ ഫ്രീഡ്കിൻ, ബ്രാഡ്‌ലി തോമസ്, ഡാനിയൽ ലൂപ്പി എന്നിവർക്കൊപ്പം സ്കോർസസെയും നിർമാണ പങ്കാളികളാണ്. ഡികാപ്രിയോ, റിക്ക് യോൺ, ആദം സോമർ, മരിയാൻ ബോവർ, ലിസ ഫ്രെച്ചെറ്റ്, ജോൺ അറ്റ്‌വുഡ്, ഷിയ കാമർ, നീൽസ് ജൂൾ എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിച്ചിട്ടുണ്ട്.


പ്രേംകുമാര്‍ ആര്‍.

ബ്ലസിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഭ്രമരം സിനിമയിൽ പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾ ഷോട്ട് ഫിലിമുകൾ ഡോക്യൂമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിൽ ചെയ്തുവരുന്നു. കുറച്ചുകാലം ടി.വി പോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു.

Comments