കിം കി ഡുക്ക് / Photo: Wikimedia Commons

സിനിമയിലെ ‘തിയറ്റർ ഓഫ് ക്രുവൽറ്റി'

കിം കി ഡുക്കിന്റെ ചിത്രങ്ങളിൽ കാണുന്ന പൊതുസമീപനങ്ങളുടെ അടിസ്ഥാനത്തിൽ, അദ്ദേഹത്തെ ‘തിയറ്റർ ഒഫ് ക്രുവൽറ്റി'യുടെ സിനിമാരംഗത്തെ ഒരു ശക്തനായ പ്രയോക്താവായി കാണാം

1996 ലെ ആദ്യ ചിത്രമായ ക്രോക്കഡൈൽ തൊട്ട് 2019ലെ അവസാന ചിത്രമായ ഡിസോൾവ് വരെ 23 വർഷം നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിനിടക്ക് 24 ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 9 ചിത്രങ്ങൾക്ക് കഥയെഴുതുകയും പല ചിത്രങ്ങളിലും സ്വയം പ്രത്യക്ഷപ്പെടുകയും ചെയ്ത കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ മരണവും അദ്ദേഹത്തിന്റെ പല ചിത്രങ്ങളെയും പോലെ നമ്മെ നടുക്കിക്കളഞ്ഞു. അത്രമേൽ അപ്രതീക്ഷിതമായ ആ മരണം നടന്നത് ലാത്വിവ പോലെ അപ്രതീക്ഷിതമായ ഒരു സ്ഥലത്ത് - അതും കോവിഡ് ബാധിച്ച്.

കൊറിയയിൽ ഏറെ സ്വീകരിക്കപ്പെടാതെ പോയ കിം കി ഡുക്കിന്റെ ചിത്രങ്ങൾ പാശ്ചാത്യ ലോകത്തും കേരളത്തിലുൾപ്പെടെയുള്ള ഫിലിം ഫെസ്റ്റിവലുകളിലുമാണ് വലിയ ഓളം സൃഷ്ടിച്ചത്. ‘മി ടൂ വിവാദ'ത്തിന്റെ സന്ദർഭത്തിൽ ചലച്ചിത്ര രംഗത്തെ മൂന്നു നടികൾ ഡുക്കിനെതിരെ ഉയർത്തിയ പരാതികൾ അടിസ്ഥാനരഹിതമെന്ന് അദ്ദേഹം അവകാശപ്പെട്ടെങ്കിൽപ്പോലും, പിഴയൊടുക്കേണ്ടി വന്നതും സിനിമയിലെ സ്ത്രീവിരുദ്ധ സമീപനത്തിന് ഫെമിനിസ്റ്റുകളുടെ രൂക്ഷ വിമർശനം നേരിടേണ്ടി വന്നതും അദ്ദേഹത്തിന്റെ സിനിമകൾ ഇപ്പോഴും സ്വന്തം നാട്ടിൽ കണ്ടില്ലെന്ന് നടിച്ച് അവഗണിക്കുന്ന സമീപനം നേരിടുന്നതിന് കാരണമായിട്ടുണ്ട്. അതേസമയം, ലോകചലച്ചിത്ര രംഗത്ത് വിവാദാത്മകമെങ്കിലും തനതായ വ്യക്തിത്വം സ്ഥാപിച്ചെടുക്കാൻ കിം കി ഡുക്കിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല ചിത്രങ്ങളും വെനീസ്, ബെർലിൻ, കാൻ മേളകളിലുൾപ്പെടെ ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട്. ഗൗരവതരമായ ചലച്ചിത്രപഠനത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമായി കിം കി ഡുക്ക് ചിത്രങൾ ഇതിനകം മാറിക്കഴിഞ്ഞിട്ടുമുണ്ട്.

മോബിയസ്

മാനവികത കലർന്ന ദൃശ്യസമ്പന്നത, മൗനം നിറഞ്ഞ ഹിംസാത്മകത, വിഷാദം, കറുത്ത ഹാസ്യം, ഞെട്ടിക്കുന്ന അക്രമം, കടുത്ത ക്രൂരത, പ്രതികാരം -ഇങ്ങനെ വ്യത്യസ്ത പ്രമേയങ്ങളും പ്രതിപാദന ശൈലികളുമാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിലും കാണാൻ കഴിയുക. അതേസമയം സാമാന്യമായ ചില സവിശേഷതകളും സൂക്ഷ്മമായ വിശേകലനത്തിൽ കണ്ടെത്താൻ കഴിയും

ക്രൂരതയും ഹിംസാത്മകതയും

1932ൽ പ്രസിദ്ധ ഫ്രഞ്ച് നാടകകാരനായ അന്റോണിൻ അർത്തോദിന്റെ ‘മാനിഫെസ്റ്റോ ഓഫ് ദി തിയറ്റർ ഒഫ് ക്രുവൽറ്റി' ( ക്രൂരതയുടെ നാടകവേദിയുടെ ലക്ഷ്യവിജ്ഞാപനം) പ്രസിദ്ധീകരിച്ചു. ക്രൂരതയുടെ നാടകവേദി യൂറോപ്യൻ അരങ്ങിൽ വൻ ചലനമുണ്ടാക്കിയ ഒരു പ്രസ്ഥാനമാണ്. പിൽക്കാലത്ത് ധാരാളം നാടകകൃത്തുക്കളെ സ്വാധീനിക്കാൻ ഇതിന് കഴിഞ്ഞിട്ടുണ്ട്. കിം കി ഡുക്കിന്റെ ചലച്ചിത്ര സങ്കൽപത്തിന് അർത്തോദിന്റെ ഈ നാടക സങ്കൽപവുമായി ഏറെ സാമ്യമുണ്ട്.

അന്റോണിൻ അർത്തോദ്

നാഗരികത മനുഷ്യരെ രോഗാതുരരും വികാരങ്ങൾ അമർത്തി വയ്ക്കുന്നവരുമാക്കി മാറ്റിയിട്ടുണ്ടെന്നും ഇത്തരം അവസ്ഥയിൽ നിന്ന് മനുഷ്യരെ മോചിപ്പിക്കുകയും ജന്മസഹജമായ വൈയക്തിക ഊർജ്ജം തിരിച്ചുപിടിക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് നാടകവേദിയുടെ യഥാർത്ഥ ധർമമെന്നും അർത്തോദ് വിശ്വസിച്ചു. ചലനാത്മകമായ ഒരഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ സംവേദനക്ഷമതയ്ക്ക് ഷോക്ക് നൽകുക - ഇത് മിക്കപ്പോഴും വികാരത്തെ ഉണർത്തുന്ന ഹിംസാത്മകമായ രംഗങ്ങളെ അഭിമുഖീകരിക്കാൻ നിർബന്ധിച്ചു കൊണ്ടാവാം -എന്നതാണ് സംഭാഷണങ്ങൾ കുറച്ചു മാത്രം ഉപയോഗിക്കുന്ന ഇത്തരം നാടകങ്ങളുടെ സ്വഭാവം. പ്രേക്ഷകരുടെ ഭാവുകത്വത്തെ കലാകാരൻ ആക്രമിക്കുകയാണ് ചെയ്യുന്നത്. ‘പൊടുന്നനെയുള്ള ഹിംസാത്മകമായ ക്രിയാംശം. അത് ഞരമ്പിനെയും ഹൃദയത്തെയും കുടഞ്ഞുണർത്തുന്നു.

സമരിറ്റൻ ഗേൾ

മറക്കാനാവാത്ത വിധത്തിൽ സ്പർശിക്കുന്ന ക്രൂരമായ ഈ അനുഭവം ഒരുതരം ആത്മീയചികിത്സയായി മാറുന്നു.' -നഥാൻ ഗോർലിക്ക് എന്ന നിരൂപകൻ ക്രൂരനാടകവേദിയെക്കുറിച്ച് ഇങ്ങനെ നിരീക്ഷിച്ചിട്ടുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ദുരന്ത നാടകങ്ങളുടെ ധർമമായി അരിസ്റ്റോട്ടിൽ ചൂണ്ടിക്കാട്ടുന്ന ‘വികാര വിരേചനം' (catharsis) -അതായത് പ്രേക്ഷകരിൽ കൊടിയ ഭീതിയും അനുകമ്പയും ഉണർത്തി വിട്ടുകൊണ്ട് ക്ഷുദ്രവികാരങ്ങളെ ആട്ടിയകറ്റി മനസ്സ് ശുദ്ധീകരിക്കുന്ന പ്രക്രിയ - തന്നെയാണ് ക്രൂരനാടക വേദിയും ലക്ഷ്യമിടുന്നത്.
പരുപരുത്തതും തീക്ഷ്ണവും പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതുമായ ഒട്ടേറെ രംഗങ്ങൾ നമുക്ക് കിം കി ഡുക്ക് ചിത്രങ്ങളിൽ കാണാം.

ബലാത്സംഗം, ക്രൂരത, അവയവം മുറിച്ചുകളയൽ, ശാരീരിക പീഡനം, മൃഗങ്ങളെ കൊല്ലൽ, നരമാംസം തിന്നൽ എന്നിങ്ങനെ നമ്മെ വല്ലാതെ അസ്വസ്ഥമാക്കുന്ന പലതും പച്ചയായി സിനിമയിൽ കാണിക്കുകയാണ്. മോബിയസ് എന്ന ചിത്രത്തിൽ, സമനില തെറ്റിയ അമ്മ ചെറുപ്പക്കാരനായ മകന്റെ ലിംഗം മുറിച്ചെടുത്ത് വിഴുങ്ങുന്നുണ്ട്; ഭർത്താവിനോട് പ്രതികാരം വീട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. യൂറിപ്പിഡിസിന്റെ മെഡിയ എന്ന നാടകത്തിൽ നായിക ഭർത്താവിനോടുള്ള പക വീട്ടാൻ സ്വന്തം മക്കളെ രണ്ടാളെയും കൊന്നതിനോട് ഇതിന് സാമ്യമുണ്ട്. പിയത്തയിൽ, ‘നിങ്ങളെന്റെ അമ്മയാണെങ്കിൽ ഇത് കഴിക്കൂ ' എന്ന് പറഞ്ഞ് സ്വന്തം കാലിൽ നിന്നരിഞ്ഞ മാംസം അമ്മയെക്കൊണ്ട് തീറ്റുന്ന ചെറുപ്പക്കാരനുണ്ട്. ‘സമനില തെറ്റിയ ആളുകൾ വിചിത്രമായ പലതും ചെയ്യും...പക്ഷെ ആദ്യം തോന്നുന്ന അറപ്പ് മറികടന്ന് മുന്നോട്ട് പോയാൽ മാത്രമേ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് മനസ്സിലാക്കാൻ കഴിയൂ' എന്ന് ഫിലിം കമ്പാനിയന്റെ എഡിറ്റർ ഭരദ്വാജ് രങ്കൻ ഒരു ലേഖനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ആധുനിക കൊറിയൻ സമൂഹത്തിന്റെ ഇരുണ്ട മറുപുറം ക്രൂരമായി ചിത്രീകരിക്കുന്ന സിനിമകളാണ് ദ ഐൽ, അഡ്രസ്സ് അൺനോൺ തുടങ്ങിയവ. കൊറിയയിലെ സ്ത്രീവിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമാണ് വൈൽഡ് ആനിമൽസ് എന്ന ചിത്രത്തിലുള്ളത്. ജീവിതത്തിൽ ചെറുപ്പക്കാരും അന്യവത്കരിക്കപ്പെട്ടവരുമായ ആളുകൾ അനുഭവിക്കേണ്ടിവരുന്ന ക്രൂരതയാണ് ഈ ചിത്രത്തിന്റെ പ്രമേയം.

അഡ്രസ്സ് അൺനോൺ

പ്രാന്തവത്കൃത സാഹചര്യങളിൽ പരമ്പരാഗത സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് കഴിയുന്ന മനുഷ്യരുടെ കഥയാണ് ദ ഐൽ, ബാഡ് ഗൈ, ദി ബോ തുടങ്ങിയ ചിത്രങ്ങളിൽ. കടലിലോ കുടിലിലോ തടാകത്തിലോ, വേശ്യാലയത്തിലോ അങ്ങിനെ എവിടെയെങ്കിലുമാവാം ഈ ഒറ്റപ്പെടൽ. ആരോടും ഒന്നും മിണ്ടാതെയുള്ള കഥാപാത്രങ്ങളെ നമുക്ക് ഇവയിൽ കാണാം. വേശ്യാവൃത്തിയും ലൈംഗിക അക്രമവും സ്ത്രീവിരുദ്ധതയുടെ അടയാളങ്ങളാണ്. ഇവയും മനുഷ്യരുടെ ക്രൂരതയും അക്രമണോത്സുകതയും കിം ചിത്രങ്ങളിലെ ആവർത്തിച്ചു വരുന്ന പ്രമേയങ്ങളാണ്. ബഹിഷ്‌കൃതരോ അന്യരാക്കപ്പെട്ടവരോ ആയിരിക്കും ഇവയിലെ മുഖ്യ കഥാപാത്രങ്ങൾ. അവർക്ക് എന്നും വിജയിക്കാൻ കഴിയില്ല. ജീവിതത്തിലെ നിശ്ശബ്ദമായ ഇത്തരം ക്രൂരതകളുടെ സാന്നിധ്യം നമ്മൾ കിം ചിത്രങ്ങളിലൂടെ അനുഭവിച്ചറിയുമ്പോൾ അത് സൃഷ്ടിക്കുന്ന വിമ്മിഷ്ടം നമ്മെ അലോസരപ്പെടുത്തും.

സിനിമയിലെ ആത്മീയത

അഹിംസ, ശാന്തി തുടങ്ങിയ ബുദ്ധമത തത്വങ്ങളുടെ സ്വാധീനം അനുഭവപ്പെടുത്തുന്ന ചിത്രമാണ് സ്പ്രിങ്ങ് സമ്മർ, ഫാൾ, വിന്റർ, ആൻറ്​ സ്പ്രിങ്ങ് ( 2003). കിം തന്നെ അഭിനയിച്ചവതരിപ്പിക്കുന്ന പ്രായമായ ഒരു ബുദ്ധഭിക്ഷുവിന്റെയും അദ്ദേഹത്തിന്റെ യുവ ശിഷ്യന്റെയും ജീവിതത്തിലൂടെ വൈയക്തികമായ ഹിംസ, അതിന്നുള്ള പ്രായശ്ചിത്തം തുടങ്ങിയ ആത്മീയ പ്രശ്‌നങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. നമ്മുടെ കർമങ്ങളും, പിൽക്കാലത്ത് അവയുടെ പരിണിതഫലങ്ങളും എങ്ങിനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നും ജീവിതത്തിന്റെ നൈരന്തര്യത്തിൽ വ്യക്തിയുടെ ആത്മബോധം വഹിക്കുന്ന പങ്ക് എന്ത് എന്നും ഋതുഭേദങ്ങളുടെ ചേതോഹരങ്ങളായ ദൃശ്യങ്ങളിലൂടെ ഒരു ആത്മീയസഞ്ചാരത്തിന് ശാന്തമായി നമ്മെ കൂട്ടികൊണ്ട് പോകുന്ന ഈ ചിത്രം വിശകലനം ചെയ്യുന്നു. സിനിമയുടെ എക്കാലത്തെയും ഈടുവെപ്പുകളിലൊന്നാണ് ഈ മാസ്റ്റർ പീസ് എന്നത് കൊണ്ടുതന്നെ വീണ്ടുംവീണ്ടും കാണുമ്പോൾ സംതൃപ്തി നൽകുന്ന ഒരു ചിത്രവുമാണിത്.

സ്പ്രിങ്ങ് സമ്മർ, ഫാൾ, വിന്റർ, ആൻറ്​ സ്പ്രിങ്ങ്

ക്രിസ്തീയ ബിംബങ്ങൾ നിറഞ്ഞ പിയത്ത (2012) എന്ന ചിത്രം കടുത്ത അക്രമങ്ങളുള്ളപ്പോഴും ആത്മീയതയുടെ രൂപകങ്ങളാൽ സമ്പന്നമാണ്. കാരുണ്യത്തിലഭയം തേടുന്ന ഒരന്വേഷണമാണല്ലോ ആത്മീയതയുടെ യാർത്ഥ സ്വഭാവം. ഈ ചിത്രത്തിന് വെനീസിൽ ഗോൾഡൻ ലയൺ അവാർഡ് ലഭിച്ചിരുന്നു.
2016ൽ രചിക്കപ്പെട്ട ദി നെറ്റ് എന്ന ചിത്രം അതിന്റെ രാഷ്ട്രീയമായ ഉള്ളടക്കം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. ഇതിൽ, ദേശീയതയുടെ അർത്ഥശൂന്യമായ അതിരുകൾ എങ്ങിനെ ഒരു സാധാരണ മനുഷ്യന് കൊടിയ പീഡനമായിത്തീരുന്നു എന്ന് ദക്ഷിണ കൊറിയയിൽ അബദ്ധത്തിലെത്തിപ്പെടുന്ന ഒരു ഉത്തര കൊറിയൻ മീൻപിടുത്തക്കാരൻ നേരിടുന്ന കടുത്ത അനുഭവങ്ങളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നു. മുതലാളിത്തത്തിൽ, അത് പ്രതിനിധീകരിക്കുന്നു എന്ന് അവകാശപ്പെടുന്ന ജനാധിപത്യം സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ സമഗ്രാധിപത്യത്തിലെന്നത് പോലെ തന്നെ വെറും പ്രചാരണപരമാണെന്നും സർവശക്തനായ ഒരു ഏകാധിപതിയോടുള്ള വിധേയത്വം തന്നെയാണ് മുതലാളിത്ത രാജ്യങ്ങളിലും നിലനില്ക്കുന്നതെന്നും കൊറിയൻ അനുഭവം ഉദാഹരിച്ച് കിം സമർത്ഥിക്കുന്നു.

ബെർലിൻ ഫെസ്റ്റിവലിൽ സിൽവർ ബെയർ നേടിയ സമരിറ്റൻ ഗേൾ, വെനീസിൽ സിൽവർ ലയൺ നേടിയ 3- അയേൺ എന്നീ ചിത്രങ്ങളും ഏറെ പ്രശംസിക്കപ്പെട്ടവയാണ്. പാർക്ക് ചാൻ സൂക്ക്, തകാഷി, എന്നിവരോടൊപ്പം ഏഷ്യയിലെ ‘തീവ്ര സിനിമ'(Extreme Cinema) യുടെ പ്രതിനിധിയായും ചിലർ കിം കി ഡുക്കിനെ അടയാളപ്പെടുത്തുന്നുണ്ട്. വൈവിധ്യമാർന്ന ശൈലികളും പ്രമേയങ്ങളും ഉപയോഗിച്ച് നോക്കിയ കിം അങ്ങിനെ എളുപ്പത്തിലുള്ള പട്ടികപ്പെടുത്തലിന് വഴങ്ങുന്ന ഒരാളല്ല. എങ്കിൽപ്പോലും ആ ചിത്രങ്ങളിൽ കാണുന്ന പൊതുസമീപനങ്ങളുടെ അടിസ്ഥാനത്തിൽ, അദ്ദേഹത്തെ ‘തിയറ്റർ ഒഫ് ക്രുവൽറ്റി'യുടെ സിനിമാരംഗത്തെ ഒരു ശക്തനായ പ്രയോക്താവായി കാണാനാണ് ഒരു പ്രേക്ഷകനെന്ന നിലയ്ക്ക് ഈ ലേഖകന് ഇഷ്ടം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments