കിംഗ് ഓഫ് കൊത്തയിൽ ഒറ്റപ്പെട്ടുപോയ ജോൺ വിക്ക്; King of Kotha Review

‘ഒരു സിനിമയ്ക്ക് വേണ്ടതൊക്കെ കിംഗ് ഓഫ് കൊത്തയിലുണ്ട്, പക്ഷേ പുതുതായിട്ട് ഒന്നുമില്ല എന്ന് ഒറ്റവരിയിൽ പറയാം. ഉദാഹരണത്തിന് സിനിമയിൽ ആക്ഷൻ ആവശ്യത്തിനുണ്ട്, എന്നാൽരാജുവിന്റെ പവർ ഫീൽ ചെയ്യുന്ന മൊമന്റുകളോൾ അവയിൽ മിസിംഗ് ആണ്.’- കിംഗ് ഓഫ് കൊത്ത റിവ്യു.

റ്റക്കെടുത്ത് നോക്കിയാൽ മലയാളത്തിന്റെ ജോൺവിക്കാണ് കിംഗ് ഓഫ് കൊത്തയിലെ ദുൽഖറിന്റെ കഥാപാത്രം- രാജു. ആരാലും ജയിക്കാനാവാത്ത, എത്ര പേരോടും ഒറ്റക്കുനിന്ന് പൊരുതുന്ന, പേടിപ്പെടുത്തുന്ന ഭൂതകാലമുള്ളൊരാൾ. ഒരൊത്ത 'ബൂഗിമാൻ'. പക്ഷേ ഒരു പ്രശ്നമുള്ളത്, ഇയാളൊരു സിനിമയിൽ വരുമ്പോൾ അത് പ്രേക്ഷകരും അംഗീകരിച്ച് തരേണ്ടതുണ്ട്. താരത്തിന്റെ പ്രകടനം, കൂടെയുള്ള മറ്റു കഥാപാത്രങ്ങൾ, ബി.ജി.എം, എഡിറ്റിംഗ്, ഷോട്ട് സെലക്ഷൻ തുടങ്ങി പല ഘടകങ്ങൾ ഉപയോഗിച്ച് പ്രേക്ഷകരെക്കൊണ്ട് അത് അംഗീകരിപ്പിച്ചെടുക്കലാണ് സംവിധായകന്റെ ജോലി. ഒറ്റയാനായ ജോൺ വിക്ക് അതുകൊണ്ടുതന്നെ ഒറ്റയാനല്ല, ഒരു ക്രൂ തന്നെ അയാൾക്ക് പിന്നിലുണ്ട്. അത് പക്ഷേ കിംഗ് ഓഫ് കൊത്തയിൽ പലയിടത്തും മിസ്സിംഗ് ആണ്.

കേരളത്തിന് പുറത്തുള്ള ചേരി സമാനമായ പട്ടണമാണ് കൊത്ത. മലയാളി പോപ്പുലേഷൻ വളരെയധികമുള്ള സ്ഥലം. പൊലീസ് സ്റ്റേഷനിലെ സി.ഐയും എസ്.ഐയും കോൺസ്റ്റബിളുമടക്കം മലയാളികളാണ്. എന്നാൽ പൊലീസിനും മേലെ അവിടെ 'ലോ ആൻഡ് ഓർഡർ' നടപ്പാക്കുന്നത് അവിടുത്തെ ഗ്യാങ്സ്റ്റർ സംഘങ്ങളാണ്, അവരും മലയാളികൾ തന്നെ. കണ്ണൻ ഭായ് എന്ന ഗ്യാങ്സ്റ്ററും അയാളുടെ സംഘവുമാണ് കൊത്ത ഇപ്പോൾ ഭരിക്കുന്നത്. പുതുതായി കൊത്തയിലെത്തുന്ന പൊലീസ് ഓഫിസർ ഈ ഗ്യാങ്സ്റ്റർ ഭരണം അവസാനിപ്പിക്കാൻ ഒരു പദ്ധതിയിടുന്നു. ശേഷം കൊത്തയിൽ അരങ്ങേറുന്ന സംഭവങ്ങളാണ് 'കിംഗ് ഓഫ് കൊത്ത' എന്ന സിനിമ.

കൊത്തയിലേക്ക് പുതിയ സി.ഐ. ഷാഹുൽ ഹസൻചാർജ് എടുക്കുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ 'വലരെ ബുദിമുട്ടി മലിയാലം' പറയുന്നത് സ്വാഭാവികമാണ്. വാർത്താസമ്മേളനങ്ങളിൽ വരെ നമ്മൾ നേരിട്ട് കാണാറുണ്ട്. എന്നാൽ ഷാഹുൽ ഹസൻ മലയാളിയാണ്, കുറച്ചുസമയം അയാൾ തനി മലയാളം പറയും, ബാക്കി കുറേ സമയത്ത് ‘ഐ.പി.എസ്. മലയാളം’ പറയും. ഇതൊരു വലിയ പ്രശ്നമുള്ള കാര്യമല്ല, ഈ സിനിമയിൽ അത് ഒട്ടും പ്രശ്നമേ അല്ല.

ഇത് പറഞ്ഞത് ചിത്രം ഡയലോഗുകൾ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്ന് പറയാനാണ്. ഇത്ര റിച്ച് ആയ ഒരു സിനിമയിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഡയലോഗ് റൈറ്റിംഗും ഡയലോഗ് ഡെലിവറിയുമാണ് സിനിമയിൽ കുറേയിടത്ത്. വാക്കുകളുടെ മോശം തിരഞ്ഞെടുപ്പു കൊണ്ട് മാത്രം സിനിമയുടെ പഞ്ച് ലെവൽ ചിലയിടങ്ങളിൽ താഴേക്ക് പോയതായി അനുഭവപ്പെട്ടു.

അതിഗംഭീര പ്ലോട്ടിലാണ് കഥ നടക്കുന്നത്. കലാസംവിധാനവും ലൊക്കേഷനും ഗംഭീരം. എന്നാൽ ആ ലെവലിലേക്ക് കഥാഗതിയെ എൻഗേജ് ചെയ്ത് നിർത്താൻ സിനിമയ്ക്ക് സാധിക്കുന്നില്ല. ഒരു സിനിമയ്ക്ക് വേണ്ടതൊക്കെ കിംഗ് ഓഫ് കൊത്തയിലുണ്ട്, പക്ഷേ പുതുതായിട്ട് ഒന്നുമില്ല എന്ന് ഒറ്റവരിയിൽ പറയാം. ഉദാഹരണത്തിന് സിനിമയിൽ ആക്ഷൻ ആവശ്യത്തിനുണ്ട്, എന്നാൽ രാജുവിന്റെ പവർ ഫീൽ ചെയ്യുന്ന മൊമന്റുകളോൾ അവയിൽ മിസിംഗ് ആണ്.

കൺവിൻസിംഗ് ആയ പ്രകടനമാണ് ദുൽഖറി​ന്റേത്. ചെമ്പൻ വിനോദ് ജോസ്, ഷമ്മി തിലകൻ തുടങ്ങിയവരും നന്നായി ചെയ്തു. ഗംഭീരമെന്ന് എടുത്തുപറയാവുന്ന പ്രകടനം നൈല ഉഷയുടേതും ഷബീർ കല്ലറക്കലിന്റേതുമാണ്. നൈല ഉഷയുടേത് കുറേക്കൂടെ സാധ്യതകളുള്ള കഥാപാത്രമായിരുന്നിട്ടും പൂർണമായി ഉപയോഗിക്കാത്തതുപോലെ തോന്നി. ഗോകുൽ സുരേഷ് ഉൾപ്പടെയുള്ള ചില കഥാപാത്രങ്ങൾ സിനിമയിൽ അധിക ബാധ്യതയാകുന്നുണ്ട്.

ഇത്തരം സിനിമകളിൽ എൻഗേജ്മെന്റ് എലവേഷൻഉണ്ടാക്കുന്നതിൽ പ്രധാന റോൾ മ്യൂസിക്കിനാണ്. കിംഗ് ഓഫ് കൊത്തയുടെ പ്രധാന പോരായ്മ വരുന്നത് ഇവിടെയാണ്. രസകരമായ പല മൊമന്റുകളും സംഗീതത്തിന്റെ സപ്പോട്ട് ഇല്ലാത്തതുകൊണ്ടുമാത്രം ഇംപാക്ട് ഉണ്ടാക്കാതെ പോയതായി അനുഭവപ്പെട്ടു. എന്നാൽ കലാപക്കാര എന്ന പാട്ടിന്റെ സംഗീതവും വിഷ്വലും അതിഗംഭീര തീയേറ്റർ എക്സ്പീരിയൻസ് നൽകുകയും ചെയ്യുന്നുണ്ട്.

ചുരുക്കത്തിൽ സംവിധായകൻ ഉൾപ്പടെ സാങ്കേതി വിഭാഗത്തിൽ നിന്നോ കൂടെ അഭിനയിച്ച സഹ താരങ്ങളിൽ നിന്നോ പിന്തുണ ലഭിക്കാതെ കൊത്ത എന്ന വലിയ പ്രദേശത്ത് ഒറ്റപ്പെട്ടു പോയ ജോൺ വിക്കാണ് കിംഗ് ഓഫ് കൊത്തയിലെ രാജു.

Comments