നിഗൂഢതയും വന്യതയും നിഴലിക്കുന്ന വനത്തിന്റെ ഇരുൾവഴികൾ പോലെ കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യമനസ്സിന്റെ ഉണ്മ തേടിയുള്ള മൂന്ന് മനുഷ്യരുടെ യാത്രയാണ് കിഷ്കിന്ധാകാണ്ഡം.
ബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾക്കപ്പുറം അവർ വൈയക്തികമായി നേരിടുന്ന അന്യതാബോധവും അതിനെ തരണം ചെയ്യാൻ നടത്തുന്ന നിരന്തര അന്വേഷണങ്ങളും അതിനടിത്തറയാകുന്ന ശരികളുടെയും കഥയാണ് ചിത്രം മുന്നോട്ടുവയ്ക്കുന്നത്. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിനുശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വാനരന്മാരുടെ അധിവാസമേഖലയെ പശ്ചാത്തലാമാക്കിയുള്ള കഥാഗതിക്കും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരാൻ കേന്ദ്രകഥാപാത്രങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കുമപ്പുറം രാമായണഭാഗവുമായി ഈ ചലച്ചിത്രത്തിനെ ചേർത്തുവയ്ക്കത്തക്ക യാതൊരു ബന്ധവും പ്രത്യക്ഷവായനയിൽ കണ്ടെത്താനാവില്ല. വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, നിഴൽഗൾ രവി, നിഷാൻ, രമേഷ് കോട്ടയം തുടങ്ങിയവരാണ് ചിത്രത്തിന്റെ ഗതിയെ നിയന്ത്രിക്കുന്നത്.
വളരെ ചുരുക്കം അഭിനേതാക്കളെ മാത്രം ആവശ്യപ്പെടുന്ന തിരക്കഥയായതിനാൽത്തന്നെ ഹൃസ്വമായ ഇടപെടലുകൾ നടത്തുന്ന കഥാപാത്രങ്ങളെപ്പോലും നിരവധി അടരുകളുള്ളവരായി അവതരിപ്പിക്കുവാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞു. വ്യക്തിജീവിതം ആവിഷ്കരിക്കുമ്പോൾ അല്ലെങ്കില്‍ ഒരു പ്രമേയം അവതരിപ്പിക്കുമ്പോൾ എത്രത്തോളം ലളിതവും മനോഹരവുമായി അത് നിർവ്വഹിക്കാമെന്ന് ചിത്രം പറയാതെ പറയുമ്പോൾ, മലയാള ചലച്ചിത്രത്തിൽ ശക്തമായ ഒരു ആഖ്യാനതലം കൂടി ഉടലെടുക്കുകയാണ്. ഒരുപക്ഷേ എം.ടി. വാസുദേവൻ നായരുടെ രചനയിൽ പവിത്രൻ സംവിധാനം ചെയ്ത ‘ഉത്തരം’ (1989), ഇത്തരത്തിൽ സംഭാഷണങ്ങളിലൂടെ കഥാപരിസരത്തിലേക്ക് പ്രവേശിക്കുന്ന ആഖ്യാനഭാഷ ഉപയോഗിച്ച ഒരു ചലച്ചിത്രമാണ്. എന്നാൽ കാലഘട്ടത്തിന്റേതായ ചില മാറ്റങ്ങളോടെ ഈ രീതി ചലച്ചിത്രത്തിലേക്ക് പുനരവതരിപ്പിക്കപ്പെട്ടപ്പോൾ ലഭിക്കുന്നത് അതുല്യമായ ദൃശ്യാനുഭവം തന്നെയാണ്.
നിരവധി ചോദ്യങ്ങൾ അനാവൃതമാകുന്നത് അപർണയുടെ സംശയപൂർണമായ എത്തിനോട്ടങ്ങളിലൂടെയാണ്. പൊതുവേ ചലച്ചിത്രപഠനത്തിന്റെ സ്ത്രീപക്ഷവായനകളിൽ നോട്ടങ്ങൾ പ്രധാന പഠനമേഖലയാണ്.
എത്തിനോട്ടങ്ങളുടെ
ചലച്ചിത്രഭാഷ്യം
കഥ പറച്ചിലിന്റെ വ്യത്യസ്തതയാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത. ഒരു രജിസ്റ്റർ വിവാഹത്തിൽ എത്തിനിൽക്കുന്ന അപർണയുടെ ജീവിതത്തെ മാത്രമല്ല കഥാപരിസരത്തെത്തന്നെ ഒരു ഫോൺ കോളിലൂടെ അജയന്റെയും അപ്പൂപ്പിള്ളയുടെയും ജീവിതത്തിലേക്കും വനത്തിന്റെ നിഗൂഢതകളിലേക്കും കൂട്ടിക്കൊണ്ടുപോകുന്നിടത്താണ് ചലച്ചിത്രം ആരംഭിക്കുന്നത്. അവിടം മുതൽ നിരന്തരമായ എത്തിനോട്ടങ്ങളിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നതെന്ന് കാണാം. പോലീസുദ്യോഗസ്ഥരുടെ എത്തിനോട്ടങ്ങളിലൂടെ ആ വീട്ടിലേക്കുള്ള യാത്രയും, വീടിന്റെ സാഹചര്യങ്ങളും അപർണയോടൊപ്പം പ്രേക്ഷകരും മനസ്സിലാക്കുന്നു. അജയൻ ആരാണ്, അയാളുടെ ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്, വിസ്മൃതിയുടെ ആഴങ്ങളിൽ വീണുപോയ ഇന്നലെകളുടെ പൊരുൾ തേടി അപ്പൂപ്പിള്ള നടത്തുന്ന യാത്രകൾ എത്തരത്തിലുള്ളതാണ് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അനാവൃതമാകുന്നത് അപർണയുടെ സംശയപൂർണമായ എത്തിനോട്ടങ്ങളിലൂടെയാണ്. പൊതുവേ ചലച്ചിത്രപഠനത്തിന്റെ സ്ത്രീപക്ഷവായനകളിൽ നോട്ടങ്ങൾ പ്രധാന പഠനമേഖലയാണ്. പുരുഷനോട്ടം (Male Gaze) എന്ന പഠനോപകരണം പ്രേക്ഷകമനോഭാവങ്ങളെയും ചലച്ചിത്രപരിസരങ്ങളെയും സ്ത്രീജീവിതങ്ങളെയും ചലച്ചിത്രനിർമ്മിതിയിൽ അന്തർലീനമായിരിക്കുന്ന പുരുഷമേധാവിത്വം എങ്ങനെ നോക്കിക്കാണുന്നുവെന്ന് കാട്ടിത്തരുന്നുണ്ട്. എന്നാൽ ഇവിടെ നോട്ടത്തിന്റെ കർത്തൃത്വം തികച്ചും വ്യത്യസ്തമാണ്.
വിവാഹശേഷം താൻ ആയിരിക്കുന്ന ഇടത്തെ പരിചയപ്പെടുവാൻ ശ്രമിക്കുന്ന, മാർഗ്ഗമധ്യേ താൻ നേരിടുന്ന പ്രശ്നങ്ങളെ പക്വതയോടെ മനസ്സിലാക്കാൻ ശ്രമിക്കുന്ന, നിലനിൽക്കുന്ന ഏതാനും വിവരങ്ങളെയും സഹചര്യങ്ങളെയും അടുത്തറിയാൻ താത്പര്യപ്പെടുന്ന അപർണയുടെ പെൺനോട്ടങ്ങളാണ് ചലച്ചിത്രത്തിന്റെ നോട്ടമായി മാറുന്നതെന്ന് കാണാം. പുതുതായി തന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന അപ്പൂപ്പിള്ള, അജയൻ തുടങ്ങിയ പുരുഷന്മാരുടെ ജീവിതത്തിലേക്കും അവരുടെ മനസ്സിന്റെ ഉള്ളറകളിലേക്കും അവർ നേരിടുന്ന മാനസിക സംഘർഷങ്ങളിലേക്കുമെല്ലാം അപർണ നടത്തുന്ന നോട്ടങ്ങളാണ് ചലച്ചിത്രത്തെ മുന്നിലേക്ക് നയിക്കുന്നത്. അജയന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമായ മകന്റെ തിരോധാനം വളരെ വ്യക്തിപരമായി അപർണ ഏറ്റെടുക്കുന്നത് പക്വമായ ഈ നോട്ടങ്ങളുടെ പിൻബലത്തോടെയാണെന്ന് കാണാം. ജനാലകളും ചുമരുകളും ചിലയിടങ്ങളിൽ വ്യക്തിഗതമായ ചില അതിരുകൾപോലും അപർണയുടെ നോട്ടങ്ങൾ ലംഘിക്കുന്നത് കാഴ്ച്ചകളിലൂടെ അവളറിഞ്ഞ സത്യങ്ങൾ മൂലമാണ്.
നിഗൂഢതയുടെ ഉൾവനം
കിഷ്കിന്ധാകാണ്ഡം എന്ന ചലച്ചിത്രത്തിലെ ഏറ്റവും വലിയ കഥാപാത്രം അതിന്റെ പശ്ചാത്തലം തന്നെയാണ്. ഒരുപക്ഷേ അപ്പുപ്പിള്ളയെന്ന കർക്കശക്കാരനായ റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനെയും അയാളുടെ നിഗൂഢവും പരുഷവുമായ അനുദിനജീവിത വ്യാപാരങ്ങളെയും വ്യത്യസ്തമായ മറ്റൊരു പാരിസ്ഥിതിക ചുറ്റുപാടിൽ സങ്കൽപ്പിക്കുക പ്രയാസമാണ്. അത്രയും മനോഹരമായി പ്രകൃതി ഈ ചിത്രത്തിൽ പ്രമേയപരമായും കലാപരമായും ഇടപെടുന്നുണ്ട്. അതിരുകൾ അറിയാൻതന്നെ പ്രയാസമുള്ളത്ര നിലവും അതിനുമധ്യത്തിൽ പഴമയുടെ പ്രൗഢിയോടെ നിൽക്കുന്ന വലിയ വീടുമാണ് ചലച്ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം. ആ ചുറ്റുപാടിനെക്കുറിച്ചും അതിന്റെ നഷ്ടപ്പെട്ടുപോയ ഇന്നലകളെക്കുറിച്ചും വളരെ ചെറിയ ചരിത്രം മാത്രമാണ് അനാവരണം ചെയ്യപ്പെടുന്നത്. സമാന സാഹചര്യം തന്നെയാണ് കഥാപാത്രങ്ങളുടെ ഭൂതകാലത്തിലും പ്രതിഫലിക്കുന്നത്.
ചുരുക്കമെങ്കിലും പരസപരം ആശ്രയിച്ച് കഴിയുന്ന കഥാപത്രങ്ങൾക്ക് പക്ഷേ അന്യോന്യം മനസ്സിലാക്കാൻ കഴിയാതെ പോകുന്നുണ്ട്. അതിനെ പ്രതിനിധീകരിക്കത്തക്കവിധം പകൽ പോലും മറയ്ക്കുന്ന നിഴൽവഴികളും സന്ധ്യകളെയും രാത്രികളെയും ചൂഴ്ന്നുനിൽക്കുന്ന കഠിനമായ അന്ധകാരവും ചലച്ചിത്രഭാഗങ്ങളിൽ കാണാം. സന്തോഷകരവും ഉന്മേഷദായകവുമായ സഹചര്യങ്ങളേക്കാൾ വളരെയധികം ഭീതി നിറയ്ക്കുന്ന, അസ്ഥിരമായ മനുഷ്യമനസിന്റെ ഉൾവനങ്ങളെ പ്രതിനിധീകരിക്കുന്ന, നിശ്ശബ്ദതകൾ വാചാലമാവുന്ന സന്ദർഭങ്ങൾ ചിത്രത്തിന്റെ അനന്യതയെ വെളിവാക്കുന്നുണ്ട്. ഈ സ്ഥിതിവിശേഷം തന്നെയാണ് കഥയുടെ മുന്നോട്ടുള്ള പോക്കിനെ നിയന്ത്രിക്കുന്നതും. അതിനെ വളരെയധികം പിന്തുണക്കുന്ന പശ്ചാത്തല സംഗീത സംയോജനം എടുത്തുപറയേണ്ട ഘടകമാണ്. വളരെ പതിഞ്ഞമട്ടിൽ സഞ്ചരിക്കുന്ന ചിത്രത്തിന്റെ സംഗീതം പ്രേക്ഷകരറിയാതെ അവരെ വരിഞ്ഞുമുറുക്കുന്ന സർപ്പമായി മാറുന്നുണ്ട്. കാടിന്റെ വ്യത്യസ്തഭാവങ്ങൾ ആവിഷ്കരിക്കുമ്പോഴും കുരങ്ങുകളുടെ ശക്തമായ നോട്ടങ്ങൾ ദൃശ്യമാകുമ്പോഴുമെല്ലാം പ്രേക്ഷകരുടെ അനുഭവമണ്ഡലത്തിലേക്ക് അവരറിയാതെ, മുജീബ് മജീദിന്റെ പശ്ചാത്തലസംഗീതം ‘വനനിയമങ്ങൾ ലംഘിക്കാതെ’ ഒഴുകിയെത്തുന്നുണ്ട്.
അതേസമയം മനുഷ്യരുടെ ആന്തരിക സംഘർഷങ്ങൾ ചിത്രീകരിക്കേണ്ടിവരുമ്പോൾ ഇതേ പശ്ചാത്തലസംഗീതം നാഗരികമായ ഊർജ്ജവും ചടുലതയും കൈവരിക്കുന്നുണ്ടെന്നത് എടത്തുപറയേണ്ടതാണ്. ശബ്ദമിശ്രണം പശ്ചാത്തല സംഗീതമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ടെന്നും അത് അതീവ ഗുരുതരമാണെന്നും മനസ്സിലാക്കേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുന്നു. കാരണം, പശ്ചാത്തല സംഗീതം പോലെതന്നെ ആസ്വാദ്യതയ്ക്ക് സഹായകമാകുന്ന ഘടകമാണ് ശബ്ദമിശ്രണം. ട്രെയിലറിൽ മരത്തിനു മുകളിലേക്ക് അത്ഭുതത്തോടെ നോക്കുന്ന അപർണയെന്ന കഥാപാത്രം അനുഭവിക്കുന്ന അതേ അനുഭൂതിയിലേക്ക് പ്രേക്ഷകരെ കൈപിടിച്ചെത്തിക്കുന്നതും കാടിന്റെ തണുപ്പിലേക്കും ഭയമുണർത്തുന്ന ഏകാന്തതയിലേക്ക് തള്ളിവിടുന്നതും രഞ്ചുരാജ് മാത്യുവിന്റെ ശബ്ദമിശ്രണത്തിന്റെ മേന്മ കൊണ്ടാണ്.
അജയന്റെ മകന്റെ തിരോധാനത്തെക്കുറിച്ച് മൂന്ന് കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെ സഞ്ചരിക്കുന്ന ചലച്ചിത്രം, ആ ആത്മാന്വേഷണ സാധ്യതകളെ മുൻനിർത്തിത്തന്നെയാണ് അവരുടെ ജീവിതത്തെ അനാവരണം ചെയ്യുന്നത്. ഒരു ഘട്ടം വരെ അപർണയ്ക്ക് അജയനും അജയന്, സ്വന്തം പിതാവ് അപ്പുപ്പിള്ളയും ഈ മൂന്ന് വ്യക്തികളെ പ്രേക്ഷകർക്കും മനസ്സിലാകാതെ നിലനിർത്തിക്കൊണ്ടുപോകുവാൻ കഴിഞ്ഞുവെന്നതാണ് ചലച്ചിത്രത്തിന്റെ മേന്മ.
നിഗൂഢതകൾ നിഴലിക്കുന്നന്നതും ധാരാളം Sub Layers ഉള്ളതുമായ കഥാപാത്രങ്ങളാണ് വിജയരാഘവൻ അവതരിപ്പിക്കുന്ന അപ്പുപ്പിള്ളയും ആസിഫ് അലി അവതരിപ്പിക്കുന്ന അജയനും.
അപർണ; പ്രേക്ഷകരുടെ പരിച്ഛേദം
തനിക്ക് അപരിചിതമായ ഇടങ്ങളെ പരിചയപ്പെടാൻ ശ്രമിക്കുന്ന അപർണയ്ക്കും അപരിചിതമായ കഥാപരിസരത്തെ അറിയാൻ ശ്രമിക്കുന്ന പ്രേക്ഷകർക്കും മുന്നിലേയ്ക്ക് പതിയെപ്പതിയെ വസ്തുതകളെയും സന്ദർഭപരമ്പരകളെയും അനാവരണം ചെയ്യുന്ന രീതിയാണ് സംവിധായകൻ പുലർത്തിയിരിക്കുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥനായ അജയന്റെയും റിട്ടയേർഡ് മിലിട്ടറി ഉദ്യോഗസ്ഥനായ പിതാവ് അപ്പൂപ്പിള്ളയുടെയും ജീവിതത്തിലേക്ക് അജയന്റെ രണ്ടാം ഭാര്യയായി കടന്നുവരുന്ന അപർണ നടത്തുന്ന തീവ്രമായ അന്വേഷണങ്ങളും അതിലൂടെ അവർ കണ്ടെത്തുന്ന ഉണ്മകളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മനുഷ്യരെ മനസ്സിലാക്കുന്നതിലും അവരുടെ രീതികളെ വ്യാഖ്യാനിക്കുന്നതിലും അപരർ പരാജയപ്പെടുന്ന സാഹചര്യത്തെയാണ് ചലച്ചിത്രം വ്യാഖ്യാനിക്കുന്നത്. ആദ്യ ഭാര്യയുടെ മരണത്തിനും മകന്റെ തിരോധാനത്തിനും ശേഷം ശിഥിലമായ കുടുംബത്തെ വീണ്ടെടുക്കുവാൻ അപർണ നടത്തുന്ന പരിശ്രമങ്ങൾക്കിടയിൽ മുന്നിലെത്തുന്ന എല്ലാ സന്ദർഭങ്ങളും സാഹചര്യങ്ങളും പ്രേക്ഷകരിൽ നിരന്തര സംശയങ്ങളും ചോദ്യങ്ങളും ഉയർത്തുന്നുണ്ട്. ആ സംശയങ്ങൾ ചലച്ചിത്രഭാഗത്ത് ഉന്നയിക്കുന്നത് അപർണയാണെന്ന് കാണാം.
അപർണയെ സംബന്ധിച്ച് വളരെ പുതിയ ഇടത്തിൽ പുതിയ ബന്ധങ്ങളിലെത്തിപ്പെട്ട് സങ്കീർണമായ ജീവിതസാഹചര്യങ്ങളാൽ വലയം ചെയ്യപ്പെടുമ്പോഴും പകച്ചുപോകാതെ അവയെ തന്റേതുകൂടിയാക്കാനും സാഹചര്യങ്ങളാൽ ഉടലെടുക്കുന്ന പ്രശ്നങ്ങളെ പക്വതയോടെ നേരിട്ട് അതിന് പരിഹാരം കണ്ടെത്താനും ശ്രമിക്കുന്നു. കർക്കശക്കാരനായ കാരണവരുടെ രീതികളും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ വൈചിത്ര്യങ്ങളും പ്രേക്ഷകരെപ്പോലെതന്നെ അപർണയെയും വരിഞ്ഞുമുറുക്കുന്നുണ്ടെങ്കിലും ജീവിതത്തിന്റെ വളരെ ഉചിതമായ സന്ദർഭങ്ങളിൽ വച്ച് അവളറിയുന്ന ചില അവശ്യസത്യങ്ങൾ (Essential Truth) പ്രേക്ഷകരെ ചലച്ചിത്രാനുഭവത്തിന്റെ കൊടുമുടിയിലെത്തിക്കുന്നു.
സൂക്ഷ്മാഭിനയത്തിന്റെ കാണ്ഡം
കിഷ്കിന്ധാകാണ്ഡം ഏറെ ഹൃദ്യമായ ചലച്ചിത്രാനുഭവമാകുന്നത്, അതിലെ പ്രകടനങ്ങളുടെ മേന്മ കൊണ്ടുതന്നെയാണ്. നിഗൂഢതകൾ നിഴലിക്കുന്നന്നതും ധാരാളം Sub Layers ഉള്ളതുമായ കഥാപാത്രങ്ങളാണ് വിജയരാഘവൻ അവതരിപ്പിക്കുന്ന അപ്പുപ്പിള്ളയും ആസിഫ് അലി അവതരിപ്പിക്കുന്ന അജയനും. അവരുടെ ജീവിതത്തിന്റെ വ്യത്യസ്ത മാനങ്ങളെ കണ്ടെത്താൻ നിരന്തരമായി പരിശ്രമിക്കുന്ന വ്യക്തിയാണ് അപർണ ബാലമുരളി അവതരിപ്പിക്കുന്ന അപർണയെന്ന കഥാപാത്രം. തുടർന്ന് സുമദത്തനായി ജഗദീഷ്, പോലീസ് ഉദ്യോഗസ്ഥനായി അശോകൻ തുടങ്ങി കഥാപരിസരത്തോട് കൃത്യമായി ചേർത്തുവയ്ക്കപ്പെട്ട അഭിനേതാക്കൾ മാത്രമാണ് ചലച്ചിത്രത്തിലുള്ളത്.
ഇതിൽ ആദ്യം പ്രതിപാദിക്കേണ്ടത് അപ്പുപ്പിള്ളയെത്തന്നെയാണ്. നിഗൂഢതകൾ അനവധിയുള്ള, ജീവിതത്തിന്റെ പൂർവ്വകാലസ്മരണകളിലേക്ക് ശക്തമായി പിൻനടക്കുന്ന കർക്കശക്കാരനായ കഥാപാത്രമാണ് അപ്പുപ്പിള്ള. നിരവധി കട്ടുകളില്ലാതെ നിശ്ചലമായ സന്ദർഭങ്ങളിൽപ്പോലും അപ്പൂപ്പിള്ളയെ അയാളുടെ പൂർണതയിൽ കാണാനാവുന്നത് വിജയരാഘവൻ എന്ന പ്രതിഭാശാലിയായ അഭിനേതാവിന്റെ കരുത്തുകൊണ്ടു മാത്രമാണ്. അദ്ദേഹത്തിന്റെ അഭിനയവൈഭവം കൊണ്ടുമാത്രം സാധ്യമാകുന്ന വൈകാരിക മുഹൂർത്തങ്ങളാണ് ചിത്രത്തിന്റെ ഗ്രാഫ് ഉയർത്തുന്നതെന്ന് കാണാം. നിഗൂഢതകളുടെയും സംശയങ്ങളുടെയും ചുരുളഴിയുമ്പോൾ അപ്പൂപ്പിള്ളയുടെ ശ്രമങ്ങളും സങ്കീർണമായ അദ്ദേഹത്തിന്റെ മാനസിക സാഹചര്യങ്ങളും മനോതലങ്ങളും പ്രേക്ഷകരിൽ ഉണർത്തുന്ന അനുഭൂതിമണ്ഡലമാണ് വിജയരാഘവൻ എന്ന അഭിനേതാവ് കിഷ്കിന്ധാകാണ്ഡം എന്ന ചലച്ചിത്രത്തിന് നല്കിയ സംഭാവനയെന്ന് മനസ്സിലാക്കാം.
ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രം നവ്യമായ ഒരു ചലച്ചിത്രാവിഷ്കാരമായി മാറുന്നതിൽ അതിന്റെ സ്ലോ പേസ് ആഖ്യാനരീതിക്കും സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന കഥാപാത്ര ചിത്രണങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. അത് ഒട്ടും മുഴച്ചുനിൽക്കാത്ത വിധം സംയോജിപ്പിക്കാൻ കഴിഞ്ഞു.
അടുത്തതായി എടുത്തുപറയേണ്ടത് ആസിഫ് അലിയെന്ന അഭിനേതാവിന്റെ വളർച്ചയെപ്പറ്റിയാണ് . വ്യത്യസ്തമായ ചലച്ചിത്രങ്ങളും സംവിധായകരും ആസിഫ് അലിയുടെ അഭിനയ സാധ്യതകളെ പലതരത്തിൽ പ്രയോഗിച്ചിട്ടുണ്ടെങ്കിലും ദിൻജിത്ത് അയ്യത്താൻ പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് വയ്ക്കുന്ന ആസിഫ് അലി, ഭാവപ്രയോഗസാധ്യതകളെ പക്വമായി നിയന്ത്രിക്കുന്ന അഭിനേതാവാണ്. അയാളുടെ നോട്ടവും നിശ്ശബ്ദതകളും നിശ്വാസങ്ങളും നിസഹായതകളും ആക്രോശങ്ങളുമെല്ലാം മുൻചിത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും മികവുറ്റതുമായി മാറുന്നത് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഒരു പരിവർത്തനകാലഘട്ടത്തെ അടയാളപ്പെടുത്തുന്നതിനാലാണ്. വൈകാരിക സന്ദർഭങ്ങളിൽ അവഹേളനം കൊണ്ടും ദേഷ്യം കൊണ്ടും വേദന കൊണ്ടും കരയുന്ന ആസിഫിന്റെ കണ്ണുകൾ നിരവധി തവണ മലയാള ചലച്ചിത്രങ്ങൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും, നഷ്ടബോധത്തിന്റെയും ഉള്ളിൽ നീറുന്ന ഓർമ്മകളുടെയും ചൂളയിൽ വെന്തുരുകുന്ന ഒരു മനുഷ്യന്റെ നീറ്റലുകൾ വിനിയമയം ചെയ്യാൻ അജയൻ എന്ന കഥാപാത്രത്തിന് കഴിയുന്നത് ആസിഫ് അലിയുടെ അഭിനയത്തിന്റെ തീവ്രത കൊണ്ടുമാത്രമാണ്. കഥാസന്ദർഭങ്ങളിലൂടെ രസച്ചരട് പൊട്ടാതെ ഈ കഥാപാത്രങ്ങളെക്കുറിച്ച് അധികം പറയാനാവില്ലെങ്കിലും അജയൻ, ഓർമ്മകളിലും യഥാർത്ഥ്യത്തിലും നീറുന്ന, ജീവിക്കുമ്പോഴും നിരന്തരം നുറുങ്ങുന്ന മനുഷ്യനാണ്. ഈ കഥാപാത്രത്തെ അതിന്റെ പൂർണതയിൽ തിരശ്ശീലയിലെത്തിക്കാൻ ആസിഫ് അലി എന്ന നടൻ തന്റെ അഭിനയജീവിതത്തിൽ നടത്തുന്ന പരിവർത്തനത്തിന്റെ ഘട്ടം കൂടിയാണ് കിഷ്കിന്ധാകാണ്ഡം.
താൻ എത്തിപ്പെട്ട അതിസങ്കീർണവും നിഗൂഢവുമായ ചുറ്റുപാടുകളിൽ കൃത്യമായ ഇടപെടലുകൾ നടത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് അപർണ ബാലമുരളി അവതരിപ്പിക്കുന്ന അപർണ. ചലച്ചിത്രത്തിന്റെ മുന്നോട്ടുളള പോക്കിനെ നിയന്ത്രിക്കുന്നതും അതിനെ ബലപ്പെടുത്തുന്നതും അപർണയാണ്. ചലച്ചിത്രത്തിന്റെ നോട്ടം അപർണയിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്. അവർ നേരിടുന്ന പ്രതിസന്ധികൾ, ജീവിത സാഹചര്യങ്ങൾ, അതിൽ നിന്ന് വേർതിരിച്ചെടുക്കുന്ന നേരുകൾ എന്നിവയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നതിനാൽ കയ്യടക്കത്തോടെ കൈകാര്യം ചെയ്യേണ്ട കഥാപത്രമാണ് അപർണയുടേത്, അത് വളരെ ഭംഗിയായി നിർവ്വഹിക്കാൻ അപർണ ബാലമുരളിയ്ക്ക് കഴിഞ്ഞു. ആസ്വാദത്തിന് തടസമുണ്ടാവുമെന്നതിനാൽ ജഗദീഷിന്റെ സുമദത്തൻ എന്ന കഥാപാത്രത്തെക്കുറിച്ച് അധികം പറയാനാവില്ലെങ്കിലും അപ്പുപ്പിള്ളയെയും അജയനെയും പോലെ തന്നെ അത്രയധികം ആഴമുള്ള കഥാപാത്രമാണ് സുമദത്തന്റേതും. രാഷ്ട്രീയപരമായും തദ്ദേശീയമായും നിരവധി വേരുകളുള്ള ഇരു കഥാപാത്രങ്ങളും ചലച്ചിത്രത്തിൽ സൃഷ്ടിക്കുന്ന സ്വാധീനവും അർത്ഥതലങ്ങളും ഒരു പുനർവായനയർഹിക്കുന്നുണ്ടെന്ന് തീർച്ച.
സങ്കീർണതകൾ സൃഷ്ടിക്കുന്ന ആശയക്കുഴപ്പവും, ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്ന ചോദ്യങ്ങളും, ചോദ്യങ്ങളാൽ മുറിവേൽക്കുന്ന മനുഷ്യരും, മുറിവേറ്റ മനുഷ്യർ പറയുന്ന സത്യങ്ങളും... ഇതാണ് കിഷ്കിന്ധാകാണ്ഡത്തിന്റെ ആത്മാവ്. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രം നവ്യമായ ഒരു ചലച്ചിത്രാവിഷ്കാരമായി മാറുന്നതിൽ അതിന്റെ സ്ലോ പേസ് ആഖ്യാനരീതിക്കും സംഭാഷണങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന കഥാപാത്ര ചിത്രണങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. അത് ഒട്ടും മുഴച്ചുനിൽക്കാത്ത വിധം സംയോജിപ്പിക്കാൻ കഴിഞ്ഞു. പതിവ് ത്രില്ലർ ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായി നോൺ ലീനിയർ ആഖ്യാനത്തിനുപകരം, സന്ദർഭപരമ്പരകളെ കൃത്യമായി അണിനിരത്തി അവതരിപ്പിക്കാനും പ്രസ്താവ്യമായ ഇടങ്ങളിൽ മാത്രം പൂർവ്വകാല സന്ദർഭങ്ങൾ അവതരിപ്പിക്കാനും ചിത്രത്തിന് സാധിക്കുന്നു.
അതിവൈകാരികമായി തോന്നിപ്പോകാമായിരുന്ന നിരവധി സന്ദർഭങ്ങൾ പക്വമായ അഭിനയസാധ്യതകളാൽ ചലച്ചിത്രത്തിലെ അതിശക്തമായ രംഗങ്ങളായി മാറുന്നത് വിജയരാഘവൻ, ആസിഫ് അലി, ജഗദീഷ്, അപർണ ബാലമുരളി എന്നിവരുടെ ശ്രമഫലമായാണ്. ചുരുക്കത്തിൽ സമകാലിക മലയാളചലച്ചിത്രത്തിലെ എണ്ണപ്പെട്ട ക്ലാസിക് ത്രില്ലർ ചിത്രങ്ങളുടെ പട്ടികയിൽ കാലങ്ങൾക്കുശേഷവും നിലനിൽക്കാൻ സാധിക്കുന്ന പേരായി കിഷ്കിന്ധാകാണ്ഡം മാറും എന്നതിൽ സംശയമില്ല.