കെ.പി. എ. സി ലളിത. / Photo : Punaloor Rajan.

അത്ര ലളിതമല്ലാത്തൊരു ജീവിതചരിതം

ലളിതച്ചേച്ചിയുമായി സംസാരിച്ചിരിക്കാൻ ഏറെ രസമാണ്. വ്യക്തിപരമായ അനുഭവങ്ങളുടെയും അതിജീവനത്തിന്റെ കഥകൾ മാത്രമല്ല അത്തരം വർത്തമാനങ്ങളിലുണ്ടാകുക. പത്തറുപത് വർഷക്കാലത്തെ കേരളത്തിന്റെ കലാചരിത്രവും രാഷ്ട്രീയ പുരാവൃത്തങ്ങളും കൂടിയായിരിക്കും നമ്മുടെ മുന്നിലപ്പോൽ ചുരുളഴിയുക

റ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായി ഞാൻ കണക്കാക്കുന്ന കെ.പി.എ.സി. ലളിത, ഞങ്ങൾ വടക്കാഞ്ചേരിക്കാർക്ക് ‘സ്വന്തം മരുമകളാ'ണ്. ഭരതനുമായുള്ള വിവാഹശേഷം അവിടത്തെ പ്രധാന ചടങ്ങുകളിലെല്ലാം അവരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. അന്നാട്ടിലെ പൂരത്തിനും, ഭഗവതിപ്പാനയ്ക്കും, ദേശവിളക്കിനും, പള്ളിപ്പെരുന്നാളിനുമെല്ലാം മുന്നിലുണ്ടായിരുന്ന ഭരതൻ മണ്മറഞ്ഞശേഷമാകണം ലളിത അത്തരം പരിപാടികളിൽ കൂടുതൽ പങ്കെടുത്തു തുടങ്ങിയത്. ഉത്രാളിക്കാവ് പൂരത്തിന്റെ സുവനീർ കവർചിത്രമൊരുക്കുന്നതും പന്തലിന്റെ മാതൃകയൊരുക്കുന്നതുമൊക്കെ ഭരതന്റെ പതിവായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ മരണശേഷം ലളിതചേച്ചിയാണ് തന്റെ ഓർമകളുമായി ആ ചടങ്ങുകളുടെ ഭാഗമായത്. ഏറെ തിരക്കുകൾക്കിടയിലും അന്നാട്ടുകാരുടെ ക്ഷണങ്ങളെ സ്‌നേഹസൗമന്യത്തോടെ സ്വീകരിച്ച്​ ഒരു മടിയും കൂടാതെ, പരിപാടികളുടെ വലിപ്പച്ചെറുപ്പം നോക്കാതെ അവർ പങ്കെടുത്തുപോന്നു. അതുകൊണ്ടുതന്നെ നടിയെന്നതിലുപരി അവർ ഞങ്ങൾക്ക് നാട്ടുകാരിയായിരുന്നു. വരവും താമസവുമെല്ലാം വല്ലപ്പോഴുമാണെങ്കിലും, ഒരു പാടത്തിന്റെ അപ്പുറമിപ്പുറം താമസിക്കുന്ന അയൽക്കാരിയായിരുന്നു.

കെ. പി. എ. സി ലളിത ഭരതനോടൊപ്പം. / Photo : Fb Page, KPAC Lalitha.
കെ. പി. എ. സി ലളിത ഭരതനോടൊപ്പം. / Photo : Fb Page, KPAC Lalitha.

ലളിതച്ചേച്ചിയുമായി സംസാരിച്ചിരിക്കാൻ ഏറെ രസമാണ്. വ്യക്തിപരമായ അനുഭവങ്ങളുടെയും അതിജീവനത്തിന്റെ കഥകൾ മാത്രമല്ല അത്തരം വർത്തമാനങ്ങളിലുണ്ടാകുക. പത്തറുപത് വർഷക്കാലത്തെ കേരളത്തിന്റെ കലാചരിത്രവും രാഷ്ട്രീയ പുരാവൃത്തങ്ങളും കൂടിയായിരിക്കും നമ്മുടെ മുന്നിലപ്പോൽ ചുരുളഴിയുക. കഥയുടെ കേൾവിക്കാരൻ പൊടുന്നനെ ചരിത്രവിദ്യാർഥിയായി മാറുന്ന നിമിഷങ്ങളാണത്. സിനിമാകൊട്ടകകളിലൂടെ ഏവർക്കും സുപരിചിതമായ ആ ശബ്ദനിയന്ത്രണം നേരിലനുഭവിക്കുന്നതിന്റെ കൗതുകം ഒന്നുവേറെയാണ് താനും. ‘മണിച്ചിത്രത്താഴി'ൽ നാഗവല്ലിയുടെ മരണവും ‘ഉറുമി'യിൽ വാസ്‌കോഡഗാമയുടെ വരവുമൊക്കെ വർണിക്കുന്ന ശബ്ദചാതുര്യത്തോടെ, ‘മതിലു'കളിൽ കാണാപ്പുറത്ത് മുഴങ്ങിയ ചിരിമുഴക്കത്തോടെ അവർ തന്റെ ജീവിതകഥ നമ്മുടെ മുന്നിൽ തുറന്നുവെയ്ക്കും.

കെ.പി.എ.സി ലളിതയുടെ വടക്കാഞ്ചേരിയിലെ വീട്ടുവരാന്തയിൽ ദേവദാസ് വി.എമ്മും കൂട്ടുകാരും
കെ.പി.എ.സി ലളിതയുടെ വടക്കാഞ്ചേരിയിലെ വീട്ടുവരാന്തയിൽ ദേവദാസ് വി.എമ്മും കൂട്ടുകാരും

ഓണാട്ടുകരക്കാരി മഹേശ്വരിയിൽ നിന്ന് നാലാളറിയുന്ന കെ.പി.എ.സി. ലളിതയായതിന്റെ അനുഭവങ്ങൾ, നാടകക്കളരികളിലെ പ്രയാസങ്ങൾ, സിനിമാജീവിതത്തിലെ പ്രതിസന്ധികൾ, സാമ്പത്തികമായ ഉയർച്ചതാഴ്ചകൾ നേരിട്ടതിന്റെ ആകുലതകൾ, കുടുംബജീവിതത്തിലെ ഇടർച്ചകൾ, സ്ത്രീയെന്ന നിലയിൽ അഭിമുഖീകരിക്കേണ്ടിവന്ന വെല്ലുവിളികൾ, അമ്മയും അമ്മൂമ്മയുമൊക്കെയായി മാറിയതിന്റെ സന്തോഷങ്ങൾ, ആടിയും പാടിയും അഭിനയിച്ചും ഒരു ജീവിതമങ്ങനെ സമ്പൂർണമാക്കിയതിന്റെ ഉത്സാഹങ്ങൾ, ശാരീരികമായ അവശതകൾ... അങ്ങനെയങ്ങനെ...

സി.പി.ഐയുടെ ഒമ്പതാം പാർട്ടി കോൺഗ്രസ്സിൽ സ്വാഗതഗാനം ആലപിക്കുന്ന കെ. പി. എ. സി ലളിതയും സംഘവും. / Photo : Punaloor Rajan.
സി.പി.ഐയുടെ ഒമ്പതാം പാർട്ടി കോൺഗ്രസ്സിൽ സ്വാഗതഗാനം ആലപിക്കുന്ന കെ. പി. എ. സി ലളിതയും സംഘവും. / Photo : Punaloor Rajan.

കമ്യൂണിസ്റ്റ് പാർട്ടിയുടെ കലാപ്രചാരകയും കേരള മഹിളാസംഘത്തിന്റെ ഭാരവാഹിയുമായാണ് ലളിതയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് ഏറെക്കാലം സി.പി.ഐ. സഹയാത്രികയായിരുന്ന അവർ തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സി.പി.എമ്മിന്റെ എം.എൽ.എ. സ്ഥാനാർഥിയായി വരെ പരിഗണിക്കപ്പെട്ടു. ആ സ്ഥാനാർഥിത്വം ഒരല്പം വിവാദമാകുകയും ചെയ്തു. അവർക്ക് കാൽമുട്ട് വേദനയും മറ്റ് ശാരീരികാസ്ഥ്യങ്ങളുമൊക്കെയുള്ള ഒരവസ്ഥയിലാണ് ലളിതയെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ സ്ഥാനാർഥിയായി പരിഗണിക്കപ്പെടുന്നു എന്ന വാർത്ത വരുന്നത്. കക്ഷിരാഷ്ട്രീയഭേദമന്യേ അവരെ സ്‌നേഹിക്കുന്നവരാണ് അന്നാട്ടുകാരെങ്കിലും, പൊതുചടങ്ങുകളിൽ പോലും ക്ഷീണിതയായി പങ്കെടുക്കുന്ന ഒരാൾ തങ്ങളുടെ ജനപ്രതിനിധിയായി വരുന്നത് നാട്ടുകാർക്കിടയിൽ പോലും പ്രകടമായ ചില അസ്വാരസ്യങ്ങളുണ്ടാക്കി. ഒരുപക്ഷെ അതു തിരിച്ചറിഞ്ഞുകൊണ്ടാകണം അവരതിൽ നിന്ന് പിന്മാറിയത്. പക്ഷെ ലളിതയുടെ ഇടതുപക്ഷാഭിമുഖ്യവും ആ സ്ഥാനാർഥിത്വ പരിഗണനയുമെല്ലാം തുടർന്നുള്ള ജീവിതത്തിലും വിവാദത്തിന്റെ അനുരണനങ്ങളുണ്ടാക്കി. സംഗീത നാടക അക്കാദമിയുടെ അധ്യക്ഷപദവിയിലെത്തുന്ന ആദ്യത്തെ സ്ത്രീയാകുമ്പോഴും അതുപോലെ കരൾ ശസ്ത്രക്രിയക്കുള്ള സാമ്പത്തികസഹായ വാഗ്ദാനമുണ്ടായപ്പോഴുമെല്ലാം അർഹിക്കാത്തതെന്തോ ആണ് അവർ നേടുന്നതെന്ന മട്ടിൽ മുഖ്യധാരാ മാധ്യമങ്ങൾ പോലും ആക്ഷേപസൂചനകളോടെ പടച്ചുവിട്ട വാർത്തകൾ അത്രയെളുപ്പം വിസ്മരിക്കാവുന്നതല്ല.

കെ.പി.എ.സി ലളിതയും ദേവദാസ്​ വി.എമ്മും പങ്കെടുത്ത ഒരു പുരസ്കാരദാന ചടങ്ങ്.
കെ.പി.എ.സി ലളിതയും ദേവദാസ്​ വി.എമ്മും പങ്കെടുത്ത ഒരു പുരസ്കാരദാന ചടങ്ങ്.

പൂർണ ആരോഗ്യത്തോടെ ലളിതേച്ചിയെ നേരിൽ കാണുന്നതും സംസാരിക്കുന്നതും മൂന്നുവർഷങ്ങൾക്കുമുമ്പ്​ ഒരു പുരസ്‌കാര ചടങ്ങിൽ വെച്ചാണ്. ഏറ്റവുമൊടുവിൽ, നാട്ടിലെ തിയേറ്ററിൽ വെച്ച് ‘ഇട്ടിമാണി’ എന്ന സിനിമ കാണുമ്പോൾ തൊട്ടുപുറകിലെ വരിയിലെ സീറ്റിൽ മകൻ സിദ്ധാർത്ഥിനും കുടുംബത്തോടുമൊപ്പം ലളിതേച്ചിയുമുണ്ടായിരുന്നു. സോഡിയത്തിന്റെ തോത് വല്ലാതെ കുറഞ്ഞ് ഓർമയൊക്കെ നഷ്ടപ്പെട്ട് കുറച്ചുനാൾ ആശുപത്രിയിലായശേഷം എങ്കക്കാടുള്ള ‘ഓർമ്മ'യെന്ന തന്റെ വീട്ടിൽ തിരികെയെത്തിയ ക്ഷീണിതയായ ലളിതേച്ചിയെ കണ്ടത് ഏതാണ്ട് പത്തുമാസങ്ങൾക്ക് മുമ്പായിരുന്നു. ആ വീടിന്റെ വരാന്തയിലിരുന്ന്​ സന്ദർശകരായ ഞങ്ങളോടവർ വിശേഷങ്ങളും വർത്തമാനവുമൊക്കെ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പുസമയമായതിനാൽ കുറച്ചുനേരം രാഷ്ട്രീയം സംസാരിച്ചിരുന്നു. ഓർമനഷ്ടത്തിന്റെ വക്കിൽ നിന്ന് തിരികെ വന്നതിനാലാകണം, പഴയകാലത്തെ ചില ഓർമകളും സ്വാഭാവികമായ നർമഭാവനകളോടെ പങ്കുവെയ്ക്കുകയുണ്ടായി. അതവസാന കൂടിക്കാഴ്ചയാണെന്ന് അന്ന് കരുതിയതേയില്ല.

‘കൊടിയേറ്റ’ത്തിൽ ഭരത് ഗോപിയും കെ. പി. എ. സി ലളിതയും.
‘കൊടിയേറ്റ’ത്തിൽ ഭരത് ഗോപിയും കെ. പി. എ. സി ലളിതയും.

സിനിമയേതുതരവുമാകട്ടെ, സമാന്തരമോ കച്ചവടമോ കലാത്മകമോ എന്ന വേർത്തിരിവില്ലാതെ താന്താങ്ങളുടെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന ചുരുക്കം അഭിനേതാക്കളേ നമുക്കുള്ളൂ. അതിലെന്നും മുൻപന്തിയിൽ തന്നെയായിരിക്കും കെ.പി.എ.സി. ലളിതയുടെ സ്ഥാനം. സ്വയംവരത്തിലെ കല്യാണിയാകട്ടെ, കൊടിയേറ്റത്തിലെ ശാന്തമ്മയാകട്ടെ, പെരുവഴിയമ്പലത്തിലെ ദേവയാനിയാകട്ടെ, വാഴ്​വേമായത്തിലെ ഗൗരിയാകട്ടെ, കഥാപുരുഷനിലെ ജാനമ്മയാകട്ടെ, നാലു പെണ്ണുങ്ങളിലെ കാമാക്ഷിയുടെ അമ്മയാകട്ടെ, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മയാകട്ടെ, ദശരഥത്തിലെ മറിയാമ്മയാകട്ടെ, മണിച്ചിത്രത്താഴിലെ ഭാസുരയാകട്ടെ, വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയാകട്ടെ, കനൽക്കാറ്റിലെ ഓമനയാകട്ടെ, സദയത്തിലെ ദേവകിയാകട്ടെ, ഗോഡ്ഫാദറിലെ കൊച്ചമ്മിണിയാകട്ടെ, ശാന്തത്തിലെ നാരായണിയാകട്ടെ, വെങ്കലത്തിലെ കുഞ്ഞിപ്പെണ്ണാകട്ടെ, വാൽക്കണ്ണാടിയിലെ കുട്ടിയമ്മയാകട്ടെ, ആദ്യത്തെ കണ്മണിയിലെ മാളവികാമ്മയാകട്ടെ, തേന്മാവിൻ കൊമ്പത്തെ കാർത്തുവാകട്ടെ, ആരവത്തിലെ അലമേലുവാകട്ടെ, അമരത്തിലെ ഭാർഗവിയാകട്ടെ... ഒച്ചകൊണ്ടും ഉടലുകൊണ്ടും മുഖഭാവംകൊണ്ടും കഥാപാത്രമായുള്ള അവരുടെ പകർന്നാട്ടങ്ങൾ നമുക്കുമുന്നിൽ സാക്ഷ്യം പറയും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.


ദേവദാസ്​ വി.എം.

കഥാകൃത്ത്​, നോവലിസ്​റ്റ്​, തിരക്കഥാകൃത്ത്​. ഡിൽഡോ: ആറ്​ മരണങ്ങളുടെ പൾപ്പ്​ ഫിക്ഷൻ പാഠപുസ്​തകം, പന്നിവേട്ട, ചെപ്പും പന്തും, ശലഭജീവിതം, അവനവൻതുരുത്ത്​ തുടങ്ങിയ പ്രധാന കൃതികൾ.

Comments