പല നാടുകളിൽ നിന്നുള്ള, പല ധാരകളിൽ പെടുന്ന നൂറിലധികം ചലച്ചിത്രങ്ങൾ 2024-ൽ കാണാൻ കഴിഞ്ഞുവെങ്കിലും അവയിൽ നിന്ന് ഒരു തെരഞ്ഞെടുപ്പ് നടത്താൻ ആവശ്യപ്പെട്ടാൽ മലയാള ചിത്രങ്ങളാകും ആദ്യം കടന്നുവരിക.
ഏറ്റവും പ്രസക്തം എന്നുതോന്നിയ
മൂന്നു സിനിമകൾ:
ജലമുദ്ര
സംവിധാനം: പി. അജിത്കുമാർ.
കോവളം മുതൽ ബേക്കൽ വരെ നീളുന്ന കേരളത്തിന്റെ ഉൾനാടൻ ജലപാതയുടെ ആർദ്രമായ അടയാളപ്പെടുത്തലാണ് ജലമുദ്ര. നദികളും കായലുകളും കടലും കാറ്റും മഴയും ചരിത്രവും സാഹിത്യവും സംസ്കാരവുമൊക്കെ ഇഴചേരുന്ന ജലയാത്ര. കഥാസിനിമകളാൽ സമൃദ്ധമായ നമ്മുടെ ഭാഷയിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന മുഴുനീള കഥേതര ചിത്രങ്ങളുടെ പട്ടികയിലേക്ക് 2024- ന്റെ സംഭാവന. വർഷങ്ങളുടെ പരിശ്രമം ചിത്രത്തിനു പിന്നിലുണ്ട് എന്നത് വ്യക്തം.
ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ കഥേതര ചിത്രങ്ങൾ ഇന്ത്യൻ സിനിമയുടെ ചക്രവാളം വികസിപ്പിച്ചതിന്റെ അനേകം ഉദാഹരണങ്ങൾ കാണാനാവും. പ്രത്യേകിച്ച്, 1980 കൾ മുതൽ. അത്തരം ചലനങ്ങൾ അപൂർവ്വം എന്നു പറയാവുന്ന മലയാളത്തിന്റെ ഭൂമിശാസ്ത്രത്തിന് ‘ജലമുദ്ര’ ഏറെ വിലപ്പെട്ടതാണ്. പരമ്പരാഗത ഡോക്യുമെൻ്ററി ശൈലി മുറുകെപ്പിടിക്കുമ്പോഴും പരിചരണത്തിലെ ആത്മാർഥതയും തെളിമയും 'ജലമുദ്ര'യെ വിസ്മരിക്കാനാവാത്ത വിധം മനസ്സിലുറപ്പിക്കുന്നു.
വിക്ടോറിയ
സംവിധാനം: ശിവരഞ്ജിനി
പരിമിതികളെ സർഗാത്മകമായി അതിജീവിക്കുന്ന, മുദ്രാവാക്യത്വരയെ മനോഹരമായി മറികടക്കുന്ന വിക്ടോറിയ, സമകാലിക മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകളിൽ ഒന്നാണ്. പുണ്യാളന് നേർച്ച കൊടുക്കാനായി കൊണ്ടുവന്ന കാലു കെട്ടിയ ഒരു പൂവൻ കോഴി മാത്രമാണ് ചിത്രത്തിൽ നേരിട്ട് പ്രത്യക്ഷപ്പെടുന്ന ഏക ആൺതരി. അത് കെട്ടുപൊട്ടിക്കുന്ന നിമിഷം ചിത്രത്തിൽ ഒരു ആഖ്യാനവിടവ് കടന്നുവരുന്നുണ്ട്. സംവിധായികയുടെ കയ്യൊപ്പുള്ള കഥ പറച്ചിലിലെ ഗതിമാറ്റം. ചിത്രത്തിന്റെ സത്ത ഘനീഭവിപ്പിക്കുന്ന ഒരു വഴിത്തിരിവായി അതിനെ കാണാം. അത്തരം ഗതിമാറ്റം ഒടുവിലും സംഭവിക്കുന്നുണ്ട്, ഫൗണ്ട് ഫൂട്ടേജ് അല്ലെങ്കിൽ ഡോക്യുമെൻ്ററി ഫൂട്ടേജ് എന്ന് വിളിക്കാവുന്ന ദൃശ്യങ്ങൾ വിക്ടോറിയ യുടെ അർത്ഥവത്തായ അടിക്കുറിപ്പായി മാറുമ്പോൾ.
ഗഗനചാരി
സംവിധാനം: അരുൺ ചന്ദു
മലയാള സിനിമയിൽ ഇപ്പോഴും അപൂർവ്വമായ സയൻസ് ഫിക്ഷൻ മുതൽ മുഴുനീള അനിമേഷൻ / വി എഫ് എക്സ് വരെയുള്ള ഗണങ്ങളിലെ വിടവ് അനായാസം നികത്തുന്ന ഗഗനചാരി മുഖ്യധാരാ സിനിമാചരിത്രത്തെ അമ്മാനമാടിക്കൊണ്ട് ഭാവി കേരളത്തിലേക്ക് ഒരു ആകാശയാത്ര നടത്തുകയാണ്. ഒരു പോസ്റ്റ് അപ്പോകാലിപ്റ്റിക് ചിത്രം ഒരുക്കുമ്പോൾ നേരിടേണ്ടിവരുന്ന ലോജിക്കൽ പ്രശ്‌നങ്ങളെ നർമം കൊണ്ട് മറികടക്കുന്ന ഗഗനചാരി, പക്ഷേ രാഷ്ട്രീയ ബോദ്ധ്യം കൈവിടാൻ ഒരു ഘട്ടത്തിലും തയ്യറാവുന്നില്ല.
മലയാള സിനിമയുടെ ഡബ്ബിംഗ് ചരിത്രത്തെ തലകീഴായി മറിച്ച് മുന്നേറുന്ന ചിത്രത്തിൽ കാസ്റ്റിംഗിലും (താരനിർണ്ണയം) ചില കൗതുകകരമായ തിരിച്ചിടലുകൾ / ഇടപെടലുകൾ കാണാം.