മജ്ജയുടെയും മാംസത്തിന്റെയും മുകളിൽ കെട്ടിപ്പൊക്കുന്ന പ്രതിച്ഛായയുടെ മുഖം അഴിഞ്ഞുവീഴുന്നിടത്താണ് 'ഭരതനാട്യം' തുടങ്ങുന്നതെങ്കിൽ അയാളുടെ ചിതയിൽ നിന്നുയരുന്ന കറുത്ത പുകയാണ് 'മോഹിനിയാട്ടം'. അർഹിച്ച തിയേറ്ററിക്കൽ വിജയം ലഭിക്കാതെ പോവുകയും തുടർന്ന് ഒ.ടി.ടിയിലൂടെ മികച്ച പ്രേക്ഷകപ്രതികരണം ലഭിക്കുകയും ചെയ്ത ‘ഭരതനാട്യം’ കുടുംബത്തിന്റെയും ഗ്രാമീണസാഹചര്യങ്ങളുടെയും സാംസ്‌കാരികകാപട്യം അഥവാ കൾച്ചറൽ ഹിപ്പോക്രസിയെ തുറന്നു കാണിക്കാൻ ശ്രമിക്കുമ്പോൾ രണ്ടാംഭാഗമായ മോഹിനിയാട്ടം അതിന്റെ ശക്തി ഒരുപടികൂടി കൂട്ടുകയും ഇതിവൃത്തം കുറിക്കുകൊള്ളുന്ന തരത്തിൽ വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഒന്നാംഭാഗത്തിൽ നിന്ന് രണ്ടാംഭാഗത്തിലേക്ക് കടക്കുമ്പോൾ അതിഭാവുകത്വ വിതരണതന്ത്രങ്ങളെ കൂട്ടുപിടിക്കാതെ ക്രാഫ്റ്റ് കൊണ്ട് കയ്യടി നേടുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി.
പാരമ്പര്യത്തെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ 'പാചകം ചെയ്‌തെടുക്കുന്ന' ഈ ചിത്രത്തിൽ ഒരു കുറ്റകൃത്യത്തെ രൂക്ഷമായ സാമൂഹികവിമർശനത്തിനുള്ള ഉപകരണമായി സ്വീകരിക്കുകയാണ് സംവിധായകൻ. സൈജു കുറുപ്പ് എന്റർടൈൻമെൻസും തോമസ് തിരുവല്ല ഫിലിംസും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ സിനിമയുടെ ശക്തി ഇതിന്റെ സംവിധായകന്റെയും നിർമ്മാതാക്കളുടെയും സ്വരച്ചേർച്ച തന്നെയാണ്.
നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന...
സിനിമയുടെ വ്യക്തിത്വം അതിന്റെ ഡാർക്ക്ഹ്യുമർ സ്വഭാവം തന്നെയാണ്. പ്രേക്ഷകരെ ചിരിപ്പിക്കുവാൻ വേണ്ടി കാണിക്കുന്ന തമാശയെന്ന കേവലതയായല്ല മറിച്ച് ഒരു പൊളിറ്റിക്കൽ ടൂൾ എന്ന നിലയിലാണ് സംവിധായകൻ ഹാസ്യത്തെ ചലച്ചിത്രശരീരത്തിൽ ഉൾച്ചേർത്തിരിക്കുന്നത്. മിഖായേൽ ബക്തിൻ മുന്നോട്ട് വെച്ച കാർണിവൽ സിദ്ധാന്തം അഥവാ Carnivalesque തിയറിയെ ഓർമ്മിപ്പിക്കും വിധം അധികാര വ്യവസ്ഥിതിയെയും മതവിശ്വാസസംഹിതകളെയും പുരാവൃത്തങ്ങളെയും സാംസ്‌കാരിക ചരിത്രത്തെയും തലകീഴായി മറിച്ചിടാനും നിശിതമായി വിമർശിക്കാനും ഈ സിനിമ ശ്രമിക്കുന്നുണ്ട്. ഭരതൻ നായർ എന്ന പിതൃരൂപത്തിന്റെ അതുവരെ നിലനിന്നിരുന്ന മിസ്റ്റിക് ഭാവുകത്വത്തിന് 'ഭരതനാട്യം' എന്ന ഒന്നാംഭാഗത്തിൽത്തന്നെ ശക്തമായ പ്രഹരം ഏൽക്കുകയും അയാളുടെ നാട്യങ്ങൾ നിലയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിൽ രണ്ടാം ഭാഗത്തിലെത്തുമ്പോൾ ഭരതൻ ബാക്കിവച്ചിട്ടുപോവുന്ന ബാധ്യതകളുടെ കെട്ടുമാറാപ്പും താങ്ങിനിൽക്കുന്ന രണ്ടുകുടുംബങ്ങളുടെ തലയിൽ അയാളുടെ പൂർവ്വകാലം ഇടിത്തീയായി വന്നുപതിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന 'ഗോവിന്ദരാജ' എന്ന കഥാപാത്രം ഭരതൻ നായരുടെ ആ കഴിഞ്ഞകാലത്തിന്റെ ബാക്കിപത്രമാണ്. അമിതാഭിനയത്തിന്റെ സർവ്വസാധ്യതകളെയും തിരസ്കരിച്ചുകൊണ്ട് സൂക്ഷ്മാഭിനയത്തിന്റെ സേഫ് സ്പോട്ട് മുറുകെപ്പിടിക്കുകയാണ് സുരാജ്. നോട്ടങ്ങളിലൂടെയും ചലനങ്ങളിലൂടെയും ഭീതിയും ചിരിയും സംശയങ്ങളും പ്രേക്ഷകരിൽ ജനിപ്പിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച നടിമാരുടെ പട്ടികയിൽ പലപ്പോഴും വിസ്മരിക്കുന്ന കലാരഞ്ജിനി എന്ന അതുല്യപ്രതിഭയെ വളരെ ക്രിയേറ്റീവ് ആയി ഉപയോഗിച്ചിരിക്കുന്ന ചിത്രം കൂടിയാണ് മോഹിനിയാട്ടം എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. പതിവ് 'അമ്മക്കഥാപാത്ര'ങ്ങളുടെ ക്ലീഷേ കീറിയെറിയുന്ന ചിത്രങ്ങൾ മലയാളത്തിൽ നിരവധിയുണ്ടെങ്കിലും അവയിൽ മോഹിനിയാട്ടത്തിലെ സരസ്വതിയമ്മ സവിശേഷ പഠനമർഹിക്കുന്നു. തന്റെ പങ്കാളിയെ വിശ്വസിച്ചിരുന്ന, അയാളുടെ ഓരോ ചലനത്തിൽനിന്നും പല അർഥങ്ങൾ കണ്ടെത്താൻ ശ്രമിച്ചിരുന്ന സരസ്വതിയമ്മ എന്ന കുടുംബിനിയുടെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവ് ഭരതൻ നായരുടെ വിവാഹേതരബന്ധമായിരുന്നു. ജീവിതം തന്നെ ഒരു കളവായിരുന്നു എന്ന ബോധ്യം അവരുടെ വൈകാരിക - സാംസ്‌കാരിക - ആത്മീയ ജീവിതത്തിൽ വരുത്തുന്ന മാരകമായ മാറ്റം ഈ ചിത്രത്തിന്റെ സൂക്ഷ്മരാഷ്ട്രീയമാണ്.
നാട്ടിലുള്ള കുടുംബവിഹിതം വിറ്റ് ഭരതൻ നായരുടെ രണ്ടാം ഭാര്യയായ രുക്മിണിയമ്മയെയും മകനെയും സുരക്ഷിതരാക്കാൻ ശശിയും കുടുംബവും അവരോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്. ഭരതൻ നായർ എന്ന നൂലിഴയാൽ ബന്ധിക്കപ്പെട്ട ഇരു കുടുബങ്ങളും പരസ്പരമുള്ള അഭിപ്രായഭിന്നതകൾ ഉപേക്ഷിക്കുകയും സഹോദര്യത്തോടെ പുതിയ ജീവിതം ആരംഭിക്കുയും ചെയ്യുന്നു. എന്നാൽ മരണശേഷവും ഒരു ജനതയെ കബളിപ്പിക്കുന്ന ഭരതൻ എന്ന വ്യക്തിയും അയാളുടെ കാപട്യം മുതലെടുത്ത് ജീവിക്കുന്ന സുഹൃത്തുക്കളും ശശിയേയും കുടുംബത്തെയും വീണ്ടും പ്രതിസന്ധിയിലേക്കെത്തിക്കുകയാണ്.
സുരാജ് അവതരിപ്പിക്കുന്ന ഗോവിന്ദരാജ എന്ന കഥാപാത്രം പല അടരുകളുള്ള ഒരു വ്യക്തിയാണ്. അഭിനയജീവിതത്തിലെ ഏതെങ്കിലുമൊരു കഥാപാത്രത്തോട് ചേർത്തുവയ്ക്കാൻ സാധിക്കാത്ത വിധം തികച്ചും വ്യത്യസ്തമായ ഒരു വേഷമായി ഗോവിന്ദൻ മാറുന്നുണ്ട്.
അയുക്തികളുടെ യുക്തി
തലച്ചോർ വീട്ടിൽ വെയ്ക്കൂ… ചിത്രം ആസ്വദിക്കൂ എന്ന നോ ലോജിക്, അബ്‌സേഡിസ്റ് സർ-റിയൽ ചലച്ചിത്രാഖ്യാനമായി ഇതിനെ കാണാൻ സാധിക്കില്ല. ഒരു പരിധിവരെ ഴോണറിന്റെ സ്വഭാവം അതിനോട് അടുപ്പമുളളതാണെങ്കിലും ലോജിക്കൽ നറേറ്റീവിനെ പൂർണമായും തള്ളിക്കളയുന്ന രീതിയല്ല സംവിധായകൻ സ്വീകരിച്ചിരിക്കുന്നത്. മതവും വിശ്വാസങ്ങളും ലാഭകരമായ ഒരു വിപണി സാധ്യതയായി മാറുമ്പോൾ അതിന്റെ മൊത്തവ്യാപാരികളാകാൻ വെമ്പൽ കൊള്ളുന്ന, അതിന്റെ കാവലാളായി വേഷംകെട്ടി നിൽക്കുന്ന സമകാലിക രാഷ്ട്രീയ കോമരങ്ങൾക്കുനേരെ കുഞ്ചൻ നമ്പ്യാർ രീതിയിൽ രൂക്ഷവിമർശനം തൊടുക്കുകയാണ് മോഹിനിയാട്ടം. വൈകാരികതയുടെയും വിശ്വാസങ്ങളുടെയും മുകളിൽ കെട്ടിപ്പൊക്കുന്ന പുതുചരിത്ര നിർമിതികൾ സമൂഹത്തെ എത്രത്തോളം കബളിപ്പിക്കുന്നുവെന്നും, അത്തരത്തിൽ ഒരു കാപട്യത്തിന് എത്രത്തോളം വിധേയപ്പെട്ടുകൊണ്ടാണ് ആധുനിക ഇന്ത്യൻസമൂഹം നിലകൊള്ളുന്നതെന്നും ചർച്ചചെയ്യാൻ ഈ ചലച്ചിത്രം ശ്രമിക്കുന്നുവെന്നതാണ് സത്യാനന്തരകാലത്ത് മോഹനിയാട്ടത്തിനുള്ള പ്രസക്തി.

പ്രകടനങ്ങളുടെ മികവ്
സൂപ്പർസ്റ്റാർ രജനിയുടെ ടൈറ്റിൽ കാർഡ് മാതൃകയിൽ സൈജു കുറുപ്പിന്റെ പേരെഴുതിക്കാണിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ 150-ാം ചിത്രമെന്ന പ്രത്യേകതയോടെയാണ് ശശിധരൻ എന്ന കഥാപാത്രം അരങ്ങിലെത്തുന്നത്. ആദ്യഭാഗത്തിലേതു പോലെതന്നെ കുടുംബത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്ന, ബന്ധങ്ങളുടെ ബലപരീക്ഷണത്തിനിടയിൽ കുരുങ്ങി വീർപ്പുമുട്ടുന്ന ശശിധരൻ എന്ന കഥാപാത്രത്തെ ഹാസ്യവും വൈകാരികതയും കലർത്തി അദ്ദേഹം പൂർണമാക്കുന്നു. എന്നാൽ 'മോഹിയാട്ട'ത്തിൽ ശശിധരന്റെ കഥാപാത്രം സാഹചര്യങ്ങളുടെ വഴിത്തിരിവിലേക്ക് കടക്കുമ്പോൾ കുറച്ചൊന്ന് മുറുകുന്നുണ്ടെന്ന് കാണാം. പിതാവിന്റെ വ്യക്തിത്വം കുറച്ചുകൂടി വികലമായിരുന്നു എന്ന തിരിച്ചറിവ് അയാളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ആ പരിണാമത്തിനുപിന്നിലുണ്ടാവാം. എന്നാൽ കലാരഞ്ജിനിയുടെ സരസ്വതിയമ്മ എന്ന കഥാപത്രം ചലച്ചിത്രത്തിന്റെ നിയമപരമായ മുന്നറിയിപ്പ് കാർഡുമുതൽ ചിത്രത്തിന്റെ ഒടുക്കം വരെ 'റൂൾ' ചെയ്യുകയാണ് എന്നുതന്നെ പറയാം. അവരുടെ ശബ്ദത്തിന്റെ പ്രത്യേകതകളെയും, നോട്ടത്തിലെയും ഭാവത്തിലെയും വിശാലാമായ സാധ്യതകളെയും പ്രയോജനപ്പെടുത്തിക്കൊണ്ട് സംവിധായകൻ സരസ്വതിയമ്മയെ സിനിമയുടെ 'കാവൽദൈവ'മായി 'പ്രതിഷ്ഠിക്കുന്നത്' മോഹിനിയാട്ടത്തിന്റെ പ്രധാന ചേരുവയാണ്.
'ദൃശ്യം' മോഡൽ ക്രൈം കവറപ്പുകളെ (Crime cover-up) പരിഹസിക്കുമ്പോഴും, ചിലയിടങ്ങളിൽ തിരക്കഥ ഇഴഞ്ഞുപോകുന്നുണ്ട്. പ്രത്യേകിച്ച് വിനയ് ഫോർട്ടിന്റെ പോലീസ് കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ഉദ്ദേശിച്ചത്ര പ്രഭാവം ഉണ്ടാക്കുന്നതായി അനുഭവപ്പെട്ടില്ല.
സുരാജ് അവതരിപ്പിക്കുന്ന ഗോവിന്ദരാജ എന്ന കഥാപാത്രം പല അടരുകളുള്ള ഒരു വ്യക്തിയാണ്. അഭിനയജീവിതത്തിലെ ഏതെങ്കിലുമൊരു കഥാപാത്രത്തോട് ചേർത്തുവയ്ക്കാൻ സാധിക്കാത്ത വിധം തികച്ചും വ്യത്യസ്തമായ ഒരു വേഷമായി ഗോവിന്ദൻ മാറുന്നുണ്ട്. ഒപ്പം വൈകാരികതയുടെ പിടിയിലകപ്പെട്ട ഒരു സാധാരണക്കാരന്റെ വേഷം അവതരിപ്പിക്കുന്ന ജഗദീഷും പ്രത്യേകം കയ്യടിയർഹിക്കുന്നു. എന്നാൽ വേഷപ്പകർച്ചകൊണ്ടും പ്രകടനമികവ് കൊണ്ടും അമ്പരപ്പിക്കുന്നത് ബേബി ജീൻ അവതരിപ്പിക്കുന്ന സുഭാഷ് എന്ന കഥാപാത്രമാണ്. നന്ദു പൊതുവാൾ, ശ്രീജ രവി, അഭിരാം രാധാകൃഷ്ണൻ, ദിവ്യ എം. നായർ, ശ്രുതി സുരേഷ്, സ്വാതിദാസ്, ജിനിൽ റെക്സ്, ജിവിൻ റെക്സ് എന്നീ ഭരതനാട്യം ടീമിനൊപ്പം സന്തോഷ് കെ നായർ, നിസ്താർ, ബാലചന്ദ്രൻ ചുളിക്കാട്, വിജയ് ബാബു എന്നിവരും കൃത്യമായ കഥാപാത്ര ഇടപെടലുകൾ കൊണ്ട് അണിനിരക്കുന്നു. ബാബ്ളു അജുവിന്റെ സിനിമാറ്റോഗ്രഫി, ഷഫീഖ് വി.ബിയുടെ എഡിറ്റിങ് എന്നിങ്ങനെ ചലച്ചിത്രത്തിന്റെ സാങ്കേതിക മേഖല ആഖ്യാനത്തിനോട് വളരെയധികം ചേർന്ന് നിൽക്കുന്നതുകൊണ്ടുതന്നെ ഭദ്രരൂപമാണ് എന്ന് പ്രേക്ഷകർക്ക് അനുഭവപ്പെടുന്നു. സമൂഹ്യമാധ്യമങ്ങളിലെ ട്രെൻഡിങ് സോങ്ങുകളുടെ ചടുലവേഗമാണ് ഇതിലെ സംഗീതത്തിന് ഹാസ്യരസം നല്കുന്നത്. ചലച്ചിത്രത്തിന്റെ ഭാവുകത്വം മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ‘ഇലക്ട്രോണിക് കിളി’ ഒരുക്കിയ പശ്ചാത്തല സംഗീതം വഹിക്കുന്ന പങ്ക് ചെറുതല്ല.

ആട്ടക്കലാശം
'ദൃശ്യം' മോഡൽ ക്രൈം കവറപ്പുകളെ (Crime cover-up) പരിഹസിക്കുമ്പോഴും, ചിലയിടങ്ങളിൽ തിരക്കഥ ഇഴഞ്ഞുപോകുന്നുണ്ട്. പ്രത്യേകിച്ച് വിനയ് ഫോർട്ടിന്റെ പോലീസ് കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ഉദ്ദേശിച്ചത്ര പ്രഭാവം ഉണ്ടാക്കുന്നതായി അനുഭവപ്പെട്ടില്ല. എങ്കിലും ഒരു രണ്ടാം ഭാഗം എന്ന നിലയിൽ ആദ്യഭാഗത്തേക്കാൾ നിലവാരവും ഗൗരവവുമുള്ള രാഷ്ട്രീയം മുന്നോട്ട് വെക്കാൻ 'മോഹിനിയാട്ട'ത്തിന് കഴിഞ്ഞു. നിലനിൽക്കുന്ന സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്താൻ പ്രേക്ഷകരെ പ്രാപ്തരാക്കുന്ന, ഇരുട്ടിൽ തിളങ്ങുന്ന തിരശ്ശീലയിലെ വെളിച്ചത്തിൽ അവരെ ചിന്തിപ്പിക്കുന്ന ഇടപെടൽ നടത്താൻ മോഹിനിയാട്ടത്തിനുകഴിയുന്നു. ഇത് മോഹിനിയാട്ടം ടീമിന്റെ വിജയമാണ്.
സാധാരണ കുടുംബചിത്രങ്ങളുടെ ഫോർമുലയിൽ നിന്നും വിട്ടുമാറി, മലയാളസിനിമയിലെ പുതിയകാല സറ്റയറുകൾക്ക് (Satire) ഒരു പുതിയ ദിശ നൽകുകയാണ് ഈ ചിത്രം. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും ഒരേ തുലാസിൽ വെച്ച് അളന്നുനോക്കുന്ന 'മോഹിനിയാട്ടം' തീയേറ്ററുകൾക്ക് പുറത്തും ഗൗരവകരമായ സംവാദങ്ങൾക്ക് വഴിയൊരുക്കും എന്നത് തീർച്ചയാണ്.
