’കുരുതി’യിലെ മുസ്​ലിം തീവ്രവാദി ആരുടെ ​നിർമിതി?

ഇന്ത്യൻ- മലയാള സിനിമയിൽ മുസ്‌ലിം തീവ്രവാദികളെ അവതരിപ്പിക്കുന്നതിൽ പാശ്ചാത്യ നികൃഷ്ട ജീവി സങ്കല്പങ്ങളുമായി തള്ളിക്കളയുവാൻ കഴിയാത്ത സാമ്യതയുണ്ടെന്നും, ഇവ പൊതുബോധ നിർമിതിയെ പാകപ്പെടുത്തി പോരുന്നുവെന്നും അംഗീകരിക്കാതെയിരിക്കാനാവില്ല. അതിൽ ഏറ്റവും പുതിയ ഉദാഹരണമാണ്​ ‘കുരുതി’. തീവ്രവാദത്തോട് മൊത്തമായുള്ള നികൃഷ്ട പൊതുബോധമായി ഇതിനെ നിസ്സാരവത്കരിക്കുവാൻ സാധിക്കില്ല എന്നത് കുരുതിയിലെ തന്നെ ഹിന്ദു തീവ്രവാദിയുടെയും മുസ്‌ലിം തീവ്രവാദിയുടെയും ആവിഷ്‌കാരങ്ങൾ താരതമ്യപ്പെടുത്തിയാൽ മനസിലാകും.

2021 ആഗസ്ത് 11 ബുധനാഴ്ച ആമസോൺ പ്രൈമിലൂടെ റിലീസായ കുരുതി എന്ന ചിത്രം പല രീതിയിൽ മതേതര കാവ്യമായി ആഘോഷിക്കപ്പെടുന്നതിനിടയിലാണ് ഇതെഴുതുന്നത്. ഈ ആഘോഷങ്ങൾക്കിടയിൽ തന്നെയും സിനിമയിൽ സംഘപരിവാർ വെള്ളപൂശലുകൾ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്നുണ്ട് എന്ന വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ആശയപരമായ വായനകൾക്ക് പുറമെ ആവിഷ്‌ക്കാരത്തിലെ ഭൗതികതയിലൂന്നി കുരുതി വായിക്കുവാൻ ഒരു ശ്രമം നടത്തേണ്ടത് ഈ ഘട്ടത്തിൽ ആവശ്യമാണെന്ന് തോന്നുന്നു. അത്തരത്തിലൊരു വായന നടത്തുമ്പോൾ കുരുതിയിലെ ചില കഥാപാത്രങ്ങൾക്ക് പാശ്ചാത്യ നികൃഷ്ടജീവി സങ്കല്പങ്ങളോട്​, പ്രത്യേകിച്ചും സോംബി എന്ന സങ്കല്പത്തിനോട്​ വ്യക്തമായ സാമ്യം കാണാനാവുമെന്നത്, ആദ്യം കൗതുകപ്പെടുത്തുകയും പിന്നീട് അലട്ടുകയും ചെയ്യുന്നു. ഈ കഥാപാത്രങ്ങൾക്ക് പോപ്പുലർ മലയാള സിനിമയിൽ തന്നെയുണ്ടായ മുൻ മാതൃകകളുടെ കൂടി വായനയിലൂടെ ഇതൊരു യാദൃശ്ചികതയല്ലെന്ന് വെളിവാകുന്നുമുണ്ട്.

മുരളി ഗോപി  ‘കുരുതി’യിൽ
മുരളി ഗോപി ‘കുരുതി’യിൽ

മുസ്‌ലിം തീവ്രവാദ സംഘടനകളും തീവ്രവാദികളായ കഥാപാത്രങ്ങളും സിനിമകളിൽ ആവിഷ്​കരിക്കപ്പെട്ട എല്ലാ വേളയിലും , പല വിധ തീവ്രതയിൽ അവയുടെ ആശയപരമായ ആവിഷ്​കാരങ്ങൾ ചർച്ചയായിട്ടുണ്ട്. എന്നാൽ, മുസ്‌ലിം മത തീവ്രവാദി എന്നു വിളിക്കാവുന്ന കഥാപാത്രങ്ങളുടെ ഭൗതികമായ, അതിൽ തന്നെ ശാരീരികവും, സ്വഭാവപരവുമായ ആവിഷ്​കാരങ്ങൾ പലപ്പോഴും വേണ്ടവിധം ചർച്ച ചെയ്യപ്പെട്ടിട്ടോ വീക്ഷിക്കപ്പെട്ടിട്ടോയില്ലെന്നു വേണം കണക്കാക്കാൻ. ഇത്തരം വായനകൾ നടക്കാത്തതിന്റെ അടയാളമെന്നോണം ഈ കഥാപാത്രങ്ങളുടെ ആവിഷ്​കാരത്തിന് ഉപയോഗിക്കുന്ന ഭൗതിക ചിഹ്നങ്ങളിൽ കാലങ്ങളായി മാറ്റങ്ങളൊന്നും വന്നിട്ടില്ലയെന്ന് ഉപരിതല വായനകൾ കൊണ്ടുതന്നെ സമർത്ഥിക്കാൻ സാധിക്കും.

മത വിശ്വാസികളായ മുസ്‌ലിംകളിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന നിസ്കാര തഴമ്പ്‌ ഇത്തരത്തിൽ ഒരു ചിഹ്നമാകുന്നു എന്നതും സൂക്ഷ്മതയോടെ വായിക്കണം. നിസ്കാര തഴമ്പ് മാത്രമല്ല, താടി, പുറകിലേക്ക് ചീകിയ മുടി, വെളുപ്പ്- ബ്രൗൺ- ചാരം- കറുപ്പ് എന്നീ നിറങ്ങളിൽ മാത്രം നിൽക്കുന്ന വസ്ത്രങ്ങൾ, സുറുമ എഴുതിയതോ ഇരുണ്ടതോ ആയ കണ്ണുകൾ, ഇവയെല്ലാം തീവ്രവാദ സംഘടനയിൽ പ്രവർത്തിക്കുന്ന മുസ്‌ലിംകളെ ആവിഷ്​കരിക്കുന്നതിന് സിനിമ ഉപയോഗിക്കുന്ന ചിഹ്നങ്ങളാണ്. പഴയകാല സിനിമകളിൽ തീവ്രവാദ ക്യാമ്പുകളിൽ ചെന്ന്​ നായകൻ കീഴ്പ്പെടുത്തുന്ന കഥാപാത്രങ്ങളുടെ തലയിൽ കെട്ട്, നീളൻ കുർത്ത എന്നിവ മുതൽ കുരുതിയിൽ എത്തിയപ്പോൾ നായകന്റെ വീട്ടിലേക്ക് ‘ഇടിച്ചു’ കയറുവാൻ ശ്രമിക്കുന്ന തീവ്രവാദി കഥാപാത്രത്തിന്റെ ഷർട്ടിലും പാന്റിലും വരെ, നിറങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിലെ ഈ യാദൃശ്ചികത (അതോ സൂക്ഷ്മതയോ?) നിലനിൽക്കുന്നതായി കാണാം.

ഇതെല്ലാം നിലനിൽക്കെ തന്നെ മുസ്‌ലിം മത തീവ്രവാദികളുടെ കഥാപാത്ര ആവിഷ്​കരണത്തിൽ കൗതുകപരമായ ഒരു സാമ്യത കാണാം, ആ സാമ്യത പാശ്ചാത്യ രാജ്യങ്ങളിലെ പല ‘നികൃഷ്ടജീവി’ സങ്കല്പങ്ങളോടുമാണ്, പ്രത്യേകിച്ചും പാശ്ചാത്യ- പോപ്പുലർ ആർട്ടിൽ വർഷങ്ങളോളം ഭാഗമായിരിക്കുന്ന ‘സോംബി’ എന്ന നികൃഷ്ടജീവി സങ്കല്പത്തിനോട്.

സോംബികൾക്ക് പുറമെ, നാം അറിയാത്ത എവിടെ നിന്നോ നിഷിദ്ധവും അറപ്പുളവാക്കുന്നതുമായ പല ആചാരങ്ങളും ജീവിതരീതികളും കൊണ്ട് ‘പവിത്രമായ’ മനുഷ്യന്റെ നാട്ടിലേക്ക് ‘ഇടിച്ചു കയറുന്ന’, നമ്മളെ ആക്രമിക്കുവാൻ തുനിയുന്ന ‘ഏലിയൻ’ (alien) എന്ന നികൃഷ്ടജീവി സങ്കൽപ്പത്തോടും ഇന്ത്യൻ- മലയാള സിനിമകളിലെ മുസ്‌ലിം മത തീവ്രവാദി കഥാപാത്രങ്ങൾക്ക്​ സാമ്യമുണ്ട്​​. പാശ്ചാത്യർക്ക് ‘വെറുക്കാൻ പ്രിയപ്പെട്ട’ നികൃഷ്ടജീവി സങ്കൽപ്പം ഏലിയനുകളും സോംബികളുമാണെങ്കിൽ, ഇന്ത്യക്കാർക്കിടയിൽ ഈ പ്രിയം, അഥവാ ഈ വിഭ്രാന്തി (paranoia) മുസ്‌ലിം മത തീവ്രവാദികളോടല്ലേ എന്നത് അന്വേഷണവിധേയമാക്കേണ്ടിയിരിക്കുന്നു.

നിലവിൽ, ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് നിർമിക്കാനും അതേ വേഗത്തിൽ കൈമാറ്റം ചെയ്യാനും സാധ്യമാകുന്ന ഏറ്റവും ജനപ്രിയ കല മീമുകളോ (meme), ട്രോളുകളോ ആണ്. നികൃഷ്ടജീവികളെ സംബന്ധിച്ച പാശ്ചാത്യ- ഇന്ത്യൻ പോപുലർ കൾച്ചറിൽ വരുന്ന മാറ്റങ്ങളെ കുറിച്ചന്വേഷിക്കുമ്പോൾ, സ്വീകാര്യതയുള്ള മീം കൾച്ചറിലൂടെ കൂടി സഞ്ചരിക്കണം, അല്ലെങ്കിൽ അവിടെ നിന്നുമാണ് ഈ അന്വേഷണം തുടങ്ങേണ്ടതും.

പാശ്ചാത്യ പോപുലർ മീം കൾച്ചറിന്റെ കൈമാറ്റാസ്വാദന വാണിജ്യത്തിൽ വർഷങ്ങളായി (ഒരുപക്ഷെ ആദ്യകാലം മുതലേ) സ്ഥാനം പിടിച്ച ഒരു ആശയം നികൃഷ്ട ജീവികളോടുള്ള മനുഷ്യന്റെ വിഭ്രാന്തിയുടെ ഒരു രസകരമായ പ്രവർത്തനത്തെ വരച്ചുകാണിക്കുന്നു. നാം കുറഞ്ഞത് ഒരുവട്ടമെങ്കിലും കണ്ടിട്ടുള്ളതും മിക്കവാറും ആസ്വദിച്ചിട്ടുള്ളതുമായ ഈ ആശയം, ക്ലാസ്​ റൂമിൽ ബോറടിച്ചിരിക്കുന്ന കുട്ടികൾ സ്‌കൂൾ കെട്ടിടം ആക്രമിക്കുന്ന ഏലിയനുകളെയോ സോംബികളെയോ വകവരുത്തുന്നത് ദിവാസ്വപ്നം കാണുന്നത് സംബന്ധിച്ചാണ്. ഈ ആശയത്തിന് പാശ്ചാത്യരുടെ ആസ്വാദന ശീലത്തിൽ സ്വീകാര്യത ലഭിക്കുന്നതിന്റെ കാരണം, ഒരിക്കലെങ്കിലും തങ്ങളും ഒരു സ്‌കൂൾ കുട്ടിയായിരിക്കെ ആ ചിന്തയിലൂടെ കടന്നുപോയിട്ടുണ്ടല്ലോ എന്ന ഗൃഹാതുരത്വമാണ്.

റോഷൻ മാത്യു, സൃന്ദ അർഹാൻ, ‘കുരുതി’ എന്ന ചിത്രത്തിൽ
റോഷൻ മാത്യു, സൃന്ദ അർഹാൻ, ‘കുരുതി’ എന്ന ചിത്രത്തിൽ

ഇതേ ആശയം പക്ഷെ ഇന്ത്യൻ മീം കൾച്ചറിൽ പ്രീതിയാർജിക്കുമ്പോൾ കൗതുകകരമായ ഒരു പാകപ്പെടലിന് (appropriation) വിധേയമാവുന്നുണ്ട്. അതായത്‌, ഇന്ത്യൻ മീം കൾച്ചറിൽ ഇതേ ആശയം കാണപ്പെടുന്നത് ബോറടിച്ചിരിക്കുന്ന കുട്ടി തീവ്രവാദികളുടെ കയ്യിൽ നിന്ന്​ സ്‌കൂളിനെ രക്ഷിക്കുന്നു എന്ന രീതിയിലാണ്. പാശ്ചാത്യർക്കിടയിൽ സോംബി, ഏലിയൻ തുടങ്ങിയവർ നടത്തുന്ന അപ്രതീക്ഷിത അക്രമത്തിന്റെ ആശയമാണ് അവർക്ക് “ജീവിതഗന്ധിയായ വിഭ്രാന്തിയായി” തോന്നിയത് എങ്കിൽ, ഇന്ത്യക്കാർക്ക് ഇതേ ആശയം “ജീവിതഗന്ധിയായ വിഭ്രാന്തിയായി” തീരണമെങ്കിൽ സോംബി, ഏലിയൻ എന്നീ നികൃഷ്ടജീവി സങ്കൽപ്പങ്ങൾക്ക് പകരമായി മുസ്‌ലിം മത തീവ്രവാദി എന്ന സങ്കല്പത്തിനെ കൊണ്ടുവരണം എന്നുവേണം നമുക്ക് മനസിലാക്കുവാൻ. എലിയൻ, സോംബി എന്നീ നികൃഷ്ടജീവി സങ്കൽപ്പങ്ങൾ താരതമ്യേന അന്യമായ ഇന്ത്യൻ പോപുലർ കൾച്ചറിൽ ഇതേ സ്ഥാനത്തിലേക്ക് പാകപ്പെടുത്തിയിരിക്കുന്നത് മുസ്‌ലിം തീവ്രവാദികളെയാണ്, എന്നതിന് സ്‌കൂൾ കുട്ടികൾക്കിടയിലെ ദിവാസ്വപ്നങ്ങളിൽ (കൃത്യമായും unconscious ന് ഇതിന്റെ നിർമിതിയിൽ പങ്കുണ്ട്‌) പോലുമുള്ള വ്യത്യാസം കൊണ്ട് വ്യക്തമാണ് എന്ന് വിശ്വസിക്കുന്നു.

ഇന്ത്യൻ പൊതുബോധത്തിലും മലയാളി പൊതുബോധത്തിലും ഇത്തരം പാകപ്പെടുത്തലിനെ നിർമിക്കുന്നതിലും, നിലനിർത്തുന്നതിലും സിനിമക്ക് വലിയ പങ്കുണ്ട്. നികൃഷ്ടജീവികളോടുള്ള വിഭ്രാന്തിയെ കൈകാര്യം ചെയ്യാൻ സിനിമകളിലൂടെ നടത്തുന്ന ശ്രമങ്ങൾ തന്നെയാണ് നികൃഷ്ടജീവി സങ്കൽപ്പങ്ങളെ നിർമിക്കുന്നതും നിലനിർത്തുന്നതും. മലയാളി നികൃഷ്ടജീവി സങ്കൽപ്പത്തിന്റെ നിർമിതിയെ കുറിച്ചന്വേഷിക്കുമ്പോൾ ഒഴിച്ചുകൂടാനാവാത്ത ചലച്ചിത്രം കീർത്തിചക്രയാണ്. മേജർ രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങി മോഹൻലാൽ നായകനായ കീർത്തിചക്രയാണ് മുസ്‌ലിം
തീവ്രവാദികളോടുള്ള വിഭ്രാന്തി വിറ്റ് ഏറ്റവും വിജയം കൈവരിച്ച ചിത്രം എന്നതു തന്നെയാണ് ഇതിന് കാരണം.

കീർത്തിചക്രയിലെ ക്ലൈമാക്‌സ് സീനുകളിൽ ഒരു കുടുംബത്തിന്റെ വിശുദ്ധ ഉള്ളിടങ്ങളിലേക്ക് (sacred heterotopia) ‘അതിക്രമിച്ചു’ കയറുന്ന തീവ്രവാദികൾ ‘കാണിച്ചുകൂട്ടുന്ന’ (കാണിച്ചു- കൂട്ടുന്ന) പ്രവർത്തികൾക്ക് പാശ്ചാത്യ സോംബി സങ്കല്പങ്ങളോട് വല്ലാത്ത സാമ്യതയുണ്ട്. ആ കുടുംബത്തെ തടങ്കലിലാക്കുന്ന ഒരു തീവ്രവാദി, ആ കുടുംബം പാകം ചെയ്ത അത്താഴം ഒരുതരം അറപ്പ് ഉളവാക്കുന്ന ആക്രാന്തത്തോട് കൂടി കഴിക്കുന്നത് പല ഷോട്ടുകളിലായി കാണിക്കുന്നുണ്ട്. രാത്രികാലങ്ങളിൽ കുഴിമാടങ്ങളിൽ നിന്നെഴുന്നേറ്റ് വന്ന് മനുഷ്യ ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറുമെന്നും, മനുഷ്യൻ പൂജിച്ച് പരിപാലിക്കുന്ന തന്റെ തലച്ചോറിനെ ‘മൃഗീയമായ ആക്രാന്തത്തോടുകൂടി ഭക്ഷിക്കുമെന്നതും സോംബി സങ്കല്പങ്ങളുടെ ആദ്യകാല രൂപങ്ങളിലൊന്നാണ്.

മനുഷ്യസഹജമല്ലാത്ത ഇത്തരം ഒരു ആക്രാന്തം മറ്റൊരു തീവ്രവാദി കാണിക്കുന്നത് ഭോഗസുഖത്തിനോടാണ്. ആ കുടുംബത്തിലെ ഒരു സ്ത്രീയെ അയാൾ വലിച്ചു കൊണ്ട് പോവുകയും ഭയാനകമായ ഒരു വെറിയോടെ അവരെ ഭോഗിക്കുകയും ചെയ്യുന്നു. കാര്യമായി മറകളില്ലാതെ ആ സ്ത്രീ ആ​ക്രമിക്കപ്പെടുന്നത് നിസ്സഹായതയോടെ മറ്റു കുടുംബാംഗങ്ങൾ നോക്കി നിൽക്കുന്നു. ഈ രംഗത്തിന് ഹിൽസ് ഹാവ് ഐസ് (hills have eyes) എന്ന ഹോളിവുഡ്‌ സിനിമയിൽ ഒരു സോംബി തങ്ങളുടെ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കുന്നത് നോക്കി നിൽക്കേണ്ടി വരുന്ന നിസ്സഹായരായ നായക കഥാപാത്രങ്ങളുടെ സീനുമായി അതിന്റെ നിർമിതിയിൽ കാര്യമായ സാമ്യതകൾ തന്നെയുണ്ട്.

കീർത്തിചക്രയുടെ മൂന്നാം ഭാഗമായ കാണ്ഡഹാറിലും നികൃഷ്ടമായ വാസനകളുടെ കേന്ദ്രമായി മുസ്‌ലിം തീവ്രവാദി ക്യാമ്പുകൾ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഏലിയൻസ് എന്ന നികൃഷ്ടജീവി സങ്കല്പം എങ്ങനെയാണോ കണ്ടുപിടിക്കപ്പെടാത്ത ഗൃഹങ്ങൾ ആസ്ഥാനമാക്കി വസിക്കുന്നത്, അതുപോലെ തന്നെയാണ് പലപ്പോഴും മുസ്‌ലിം തീവ്രവാദ ക്യാമ്പുകൾ സിനിമയിൽ ആവിഷ്ക്കരിക്കപ്പെടുമ്പോൾ രേഖപ്പെടുത്താൻ സാധ്യമാവാത്ത സ്ഥലങ്ങളിലാകുന്നത് (undiscovered location, somewhere in Pakistan, unknown place).

കാണ്ഡഹാറിലെ രംഗങ്ങൾ
കാണ്ഡഹാറിലെ രംഗങ്ങൾ

മുസ്‌ലിം തീവ്രവാദി കഥാപാത്രങ്ങളുടെ ആവിഷ്ക്കാരത്തിൽ ഭൗതികമായി ഇത്തരം പൊതുബോധങ്ങൾ നിൽക്കുകയും തുടരുകയും ചെയ്യുന്നു എന്നും, അവക്ക് പാശ്ചാത്യ നികൃഷ്ടജീവി സങ്കല്പങ്ങളോട് കൃത്യമായ സാമ്യത പുലർന്നു വരുന്നുവെന്നുമുള്ള യാഥാർഥ്യങ്ങളുടെ കൂടി സാഹചര്യത്തിൽ വായിക്കപ്പെടേണ്ടതാണ്, സുപ്രിയ മേനോന്റെ നിർമാണത്തിൽ മനു വാരിയർ സംവിധാനം ചെയ്തു പുറത്തിറങ്ങിയ കുരുതി.

ഇത്തരം കഥാപാത്ര കാഴ്ചയുടെ ഏറ്റവും പുതിയ രൂപമെന്ന നിലക്കാണ് കുരുതി പ്രാഥമികമായി വായിക്കപ്പെടേണ്ടത്. എന്നിരുന്നാലും, ഇതേ സിനിമയിൽ തന്നെ വേണ്ടി വന്നാൽ താരതമ്യപ്പെടുത്തി വായിക്കാവുന്ന ഒരു ഹിന്ദു തീവ്രവാദി കഥാപാത്രവുമുണ്ട് എന്നത് ഈ വായനയെ കൂടുതൽ ഉപയോഗപ്രഥമാക്കുന്നു.
കുരുതിയിലെ പ്രധാനിയായ മുസ്‌ലിം തീവ്രവാദി കഥാപാത്രം ലായിഖിനെ വായിച്ചു തുടങ്ങുമ്പോൾ, നാം ആദ്യം ചർച്ച ചെയ്ത ഭൗതിക ചിഹ്നങ്ങളിൽ പലതിലും നമ്മുടെ കണ്ണുകളുടക്കും. താടി, പുറകിലേക്ക് ചീകിയൊതുക്കിയ മുടി, ഇരുണ്ട കണ്ണുകൾ, ചാര വസ്ത്രം, ഇത്തരം പൊതുബോധ ചിഹ്നങ്ങൾ എല്ലാം ലായിഖിലും നമുക്ക് കാണുവാൻ സാധിക്കും. ഇവ നിലനിൽക്കെ തന്നെ നികൃഷ്ടജീവി സങ്കല്പങ്ങളോട് മുൻപ് കാണാത്ത വിധം കൃത്യതയാർന്ന ആവിഷ്‌ക്കാര സാമ്യത കാണിക്കുന്നു കുരുതിയിലെ മുസ്‌ലിം
തീവ്രവാദി കഥാപാത്രങ്ങൾ.

ഷൈൻ ടോം ചാക്കോ, നവാസ് വള്ളിക്കുന്ന് ,  ‘കുരുതി’ എന്ന ചിത്രത്തിൽ
ഷൈൻ ടോം ചാക്കോ, നവാസ് വള്ളിക്കുന്ന് , ‘കുരുതി’ എന്ന ചിത്രത്തിൽ

പാശ്ചാത്യ നികൃഷ്ടജീവി സങ്കൽപ്പങ്ങളിൽ പലപ്പോഴും രാത്രിക്ക് വലിയ പ്രാധാന്യമുണ്ട്. സൂര്യരശ്മികളുടെ ആദ്യ മുളപൊട്ടലിൽ തന്നെ ഓടിയൊളിക്കുന്ന ഡ്രാക്കുള മുതൽ അർധരാത്രി മാത്രം പുറത്തു വരുന്ന സോംബികൾ, വാമ്പയറുകൾ (vampire), വിയർവൂൾഫുകൾ (werewolf) എന്നിവയിലും ഇതുകാണാം. ഐ ആം ലെജൻഡ് (I am legend) എന്ന ഹോളിവുഡ് സോംബി ചിത്രത്തിൽ നായകന് സോംബി അക്രമം പേടിക്കാതെ പുറത്തിറങ്ങുവാൻ സാധിക്കുന്നത് പകലുകളിൽ മാത്രമാണ്. പാശ്ചാത്യ നികൃഷ്ടജീവി സങ്കല്പങ്ങളിൽ കാണുന്ന ഇരുട്ടിൽ മാത്രം ഭയക്കേണ്ട അക്രമങ്ങളും, രാത്രിയിലെ ശക്തി പ്രാപിക്കലും കുരുതിയുടെ തുടക്കം മുതലേ മുസ്‌ലിം തീവ്രവാദികളുടെ പ്രത്യേകതയായി അവതരിപ്പിക്കപ്പെടുന്നു.

മൂസ ഖാദറിന്റെ വീട്ടിലേക്ക് രക്ഷക്കായി കയറുന്ന എസ്.ഐ. സത്യൻ വെളിവാക്കുന്ന രണ്ടു കാര്യങ്ങൾ, ഒന്ന് തന്നെയും ഒപ്പമുണ്ടായിരുന്ന മറ്റു പൊലീസുകാരെയും അവർ (മുസ്‌ലിം
തീവ്രവാദികൾ) ‘ഇരുട്ട്’അടിയടിച്ചു എന്നതും; രണ്ട്, ആ രാത്രി തീരുംവരെ അവരിൽ നിന്ന്​ സംരക്ഷണമെന്നോണം വീട്ടിൽ തങ്ങുകയാണ് എന്നുമാണ്. മനുഷ്യൻ ഇതുവരെയും പൂർണമായി കൈകാര്യം ചെയ്യുവാൻ പഠിച്ചിട്ടില്ലാത്ത ഇരുട്ടിനെയും, രാത്രിയേയും അനായാസം കൈകാര്യം ചെയ്യുന്നവരാണ് മുസ്‌ലിം തീവ്രവാദികളെന്നും, പുറത്തിറങ്ങുവാൻ വെളുക്കും വരെ കാക്കണം എന്ന രീതിയിൽ ഭയപ്പെടേണ്ട ശക്തി മുസ്‌ലിം തീവ്രവാദികൾക്ക് രാത്രി നൽകുന്നു എന്നും ഈ സീനുകൾ പറഞ്ഞുവെക്കുന്നുണ്ട്. ഇതിനോട് ചേർത്തു തന്നെ വായിക്കപ്പെടേണ്ടതാണ് ലായിഖ് എന്ന കഥാപാത്രത്തിന്റെ മരണവും.

മാമുക്കോയ  ‘കുരുതി’യിൽ
മാമുക്കോയ ‘കുരുതി’യിൽ

അപ്രതീക്ഷിതമായി ഒരു ഷോട്ടിൽ ഇരുട്ടിൽ നിന്ന്​ സിനിമയുടെ പ്രത്യക്ഷതയിലേക്ക് കയറുന്ന ലായിഖാണ് ഈ സിനിമയിലെ ഏറ്റവും ശാരീരിക ശക്തിയുള്ള കഥാപാത്രം. എന്നാൽ സിനിമയുടെ അവസാന മിനിറ്റുകളിൽ അശക്തനും നിസ്സഹായനുമായ ലായിഖ് കാടിന് നടുവിൽ മരിച്ചു വീഴുന്നത് നമുക്ക് കാണാം, ഇതിലെ കൗതുകമെന്തെന്നാൽ മുൻപ് സൂചിപ്പിച്ച പാശ്ചാത്യ നികൃഷ്ടജീവി രൂപങ്ങളെ പോലെ തന്നെ ലായിഖിനെ അശക്തനായി കാണുന്നതും, അയാൾ മരിക്കുന്നതും സൂര്യോദയത്തിന് ശേഷമാണ് എന്നതാണ്.

സോംബി കഥാപാത്രങ്ങളുടെ ആവിഷ്‌ക്കാരങ്ങളിൽ പൊതുവെ കണ്ടുവരുന്നവയാണ് കഴുത്തു വെട്ടിച്ചുള്ള നോട്ടങ്ങളും, മൂക്കുകൾ വിടർത്തി ശാസ്വം ഇടക്ക് വലിച്ചു വിടുന്നുവെന്നതും. പലപ്പോഴും കഴുത്തു വെട്ടിച്ചു ശബ്ദം കേട്ടിടത്തേക്ക് നോക്കുന്ന സോംബികൾ പതുക്കെ പുരികം കൂട്ടി സൂക്ഷ്മമായി തങ്ങളുടെ കാഴ്ചയെ ശ്രദ്ധിക്കുന്നതും, അവയുടെ ആവിഷ്‌ക്കാരങ്ങളിൽ തുടർന്നു പോരുന്ന രീതിയാണ്. ആദ്യകാല സങ്കല്പ രൂപങ്ങൾ മുതലേ സോംബികൾ മനുഷ്യരുടെ പകുതിയിൽ താഴെ മാത്രം ബുദ്ധിയുള്ള ജീവികളാണ്. ബുദ്ധി കുറവായതുകൊണ്ട് തന്നെ ചുറ്റുപാടുകളെ തിരിച്ചറിയുവാൻ ഇവക്ക് ഇന്ദ്രീയങ്ങളെ കൂടുതൽ സൂക്ഷ്മമായി ഉപയോഗിക്കേണ്ടി വരുന്നു എന്ന യുക്തിയാണ് ദൃശ്യ തല ആവിഷ്‌ക്കാര രൂപങ്ങളിൽ മേൽപറഞ്ഞ രീതികളായി പ്രതിധ്വനിക്കുന്നത്. ഇത്തരം ചേഷ്ടകൾ കൊണ്ടുതന്നെ ലായിഖിന്റെ കഥാപാത്രാവിഷ്ക്കരണത്തിന് സോംബികളുടെതുമായി പ്രകടമായ സാമ്യതയുണ്ട്. വളരെ പെട്ടെന്ന് തന്നോട് സംസാരിക്കുന്ന വ്യക്തിയുടെ ദിശയിലേക്ക് കഴുത്തു വെട്ടിച്ചു നോക്കുന്നതായിയാണ് ലായിഖ് സൃഷ്ടിക്കപ്പെടുന്നത്. പലപ്പോഴായും ലായിഖ് മൂക്കുകൾ വിടർത്തുന്നതും പുരികങ്ങൾ കൂട്ടുന്നതും, മറ്റാർക്കുമില്ലാത്ത സംശയത്തോടെയും ശ്രദ്ധയോടെയും ചുറ്റുപാടുകളെ പതിയെ വീക്ഷിക്കുന്നതും കാണാം.

അമാനുഷികമായ ശക്തിയുള്ളവരായാണ് ലായിഖും അയാളുടെ കൂട്ടാളിയായ മുസ്‌ലിം തീവ്രവാദിയും പ്രത്യക്ഷപ്പെടുന്നത്. അമാനവികത നിറഞ്ഞു നിൽക്കുന്ന ഇരുവരിലും ഭ്രാന്തിനോട് അടുത്തു നിൽക്കുന്ന ദേഷ്യം മാത്രമാണ് വികാരങ്ങളായി ഇടക്കെങ്കിലും കടന്നുവരുന്നത്. ലായിഖ് അവസാന സീനുകളിൽ സുമ കരഞ്ഞുകൊണ്ട് ‘അത് ചെയ്യല്ലേ ഇബ്രു’ എന്നു പറയുന്നതിനെ ആ വികാരത്തോട് കൂടി അനുകരിക്കാൻ (mimicry) ശ്രമിക്കുന്നുമുണ്ട്. നികൃഷ്ടജീവി സങ്കല്പങ്ങളിൽ കാണാവുന്ന തരത്തിൽ മാനവികമായ വികാരങ്ങൾക്ക് പുറമെ മാനുഷികമായ വേദനകളും ലായിഖിലും കൂട്ടുകാരനിലും കാണുന്നില്ല. ഇതിന് ഉദാഹരണമായി പല സീനുകളും ചൂണ്ടികാണിക്കുവാൻ സാധിക്കും. ഇബ്രാഹിം മുഖത്തേക്ക് ആസിഡ് എറിയുമ്പോൾ ലായിഖിന്റെ അനുയായി ഒന്നു കരയുകയോ ശബ്‌ദമുണ്ടാക്കുകയോ ചെയ്യുന്നില്ല. ലായിഖ് തന്നെ കത്തിക്കുത്ത് എൽക്കുമ്പോളോ, തേനീച്ചകൾ ആക്രമിക്കുമ്പോളോ വേദന സൂചികയായ ഒരു വാക്കോ ശബ്ദമോ പുറത്തു വരുത്തുന്നില്ല. ആസിഡ്‌ അക്രമത്തിനുശേഷവും പാതി വെന്ത മുഖവുമായി വികാരങ്ങളില്ലാതെ നടന്നു വരുന്ന ലായിഖിന്റെ സുഹൃത്ത് അയാളുടെ രൂപം കൊണ്ട് പൂർണമായും സോംബി സങ്കല്പങ്ങളോട് കൂടിചേരുന്നു.

സാഗർ സൂര്യ, നെൽസൺ കെ.ഗഫൂർ  ‘കുരുതി’ എന്ന ചിത്രത്തിൽ
സാഗർ സൂര്യ, നെൽസൺ കെ.ഗഫൂർ ‘കുരുതി’ എന്ന ചിത്രത്തിൽ

മറ്റൊരു കൗതുകകരമായ വസ്തുത കാണണമെങ്കിൽ നമ്മളും കുരുതിയുടെ കഥാപശ്ചാത്തലമാകുന്ന വീടിനകത്തേക്ക് ചെല്ലണം. ‘ഇമാനുള്ള വീട്’ , ‘എന്റെ ഉപ്പ ഖാദർ പണിത വീട്’, ‘ഓർമ്മകൾ ഉറങ്ങുന്ന സ്ഥലം’ അങ്ങനെ പല രീതിയിൽ വിശുദ്ധി കൈവരിക്കുന്ന ഈ വീടിന്റെ ഉള്ളിടങ്ങളിലേക്ക് വാതിലിൽ മുട്ടാതെ, അതുകൊണ്ട് തന്നെ അറിയിപ്പു നൽകാതെ ‘ഇടിച്ചു കയറുന്ന’ കഥാപാത്രങ്ങൾ സിനിമയിലെ മുസ്‌ലിം തീവ്രവാദികളുടേത് മാത്രമാണ്. തങ്ങളുടെ ആദ്യ കടന്നുകയറ്റത്തിൽ പുറത്താക്കപ്പെടുന്ന മുസ്‌ലിം തീവ്രവാദികൾ പുറത്തു നിന്നും വീണ്ടും വീണ്ടും ആ ഉള്ളിടങ്ങിലേക്ക് കയറിപ്പറ്റാൻ കാണിക്കുന്ന അതിക്രമങ്ങൾ സിനിമയിലുടനീളം കാണാം.

അവിശുദ്ധജീവികൾ തങ്ങളുടെ ഇടങ്ങളിലേക്ക് നടത്തുന്ന അതിക്രമ ശ്രമങ്ങളെ തടയുവാൻ പെടാപ്പാട് പെടുന്ന നായക- നായിക നിര നികൃഷ്ടജീവി- വിഭ്രാന്തി സിനിമാ പട്ടികകളിൽ അനേകമാണ്. ഈ വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നതിന്റെ ഭാഗമായി ലായിഖ് ഒരു പിക്കാക്‌സ് ഉപയോഗിച്ച് ജനൽ കുത്തി പൊളിക്കുന്ന സീൻ, ഷൈനിങ് (shining) എന്ന കൂബ്രിക് ചിത്രത്തിലെ നികൃഷ്ട സ്വഭാവങ്ങൾ കാണിച്ചു തുടങ്ങിയ ഭർത്താവ് ബാത്​റൂമിൽ ഒളിച്ചിരിക്കുന്ന ഭാര്യയെയും മകനെയും ആക്രമിക്കുവാൻ വരുന്ന വിഖ്യാതവും, അനേകം അനുകരണങ്ങൾക്ക് വിധേയമായതുമായ ഒരു ഷോട്ടിനെ ഓർമിപ്പിക്കുന്നു.

സമാനമായ രീതിയിൽ വീട്ടിൽ അതിക്രമിച്ചു കയറുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി നിലാവെളിച്ചത്തിൽ വീടിന്റെ മുകൾ ഭാഗത്തുകൂടി നാലു കാലിൽ നടന്നു നീങ്ങുന്ന ലായിഖിന്റെ കൂട്ടുകാരന്റെ ഫ്രയിം, പാശ്ചാത്യ നികൃഷ്ടജീവി സങ്കല്പമായ വിയർ വൂൾഫിനെ ഓർമിപ്പിക്കുന്നു. ഒരു സീനിൽ ഈ വീട്ടിൽ നിന്നും ഒരു ബൈക്കിൽ രക്ഷപ്പെട്ടു പോകുന്ന മൂന്ന് കഥാപാത്രങ്ങളെ ലായിഖ് അപ്രതീക്ഷിതമായി ചാടി വീണ് ഒരു വന്യജീവിക്ക് സമാനമായ വേട്ടവെറിയോടെ പിന്തുടർന്നോടുന്നത് കാണാം. ഇത്തരം സീനുകളും ട്രിമേഴ്‌സ് (tremors), ടെർമിനേറ്റർ ടൂ (terminator 2), റോങ് ടേൺ (wrong turn) തുടങ്ങി അനേകം നികൃഷ്ടജീവി സിനിമകളിലെ സ്ഥിരം കാഴ്ചയാണ്.

നികൃഷ്ടജീവി സങ്കൽപ്പങ്ങളിൽ സോംബികളിലും ഏലിയണുകളിലും തുടരെ കാണുന്നതാണ് ഇവയ്ക്ക് ജീവൻ വെടിഞ്ഞ ശവശരീരങ്ങളോടുപോലുമുള്ള ക്രൂരത. ഏലിയണുകൾ രാത്രി മനുഷ്യനെ തട്ടിക്കൊണ്ട് പോകുമെന്നും, ഇങ്ങനെ അകപ്പെടുന്നവർക്ക് എന്ത് പറ്റുന്നുവെന്നോ, അവരുടെ മൃതദേഹം എവിടെയാണെന്നോ, മറ്റാരും അറിയില്ല എന്നതും പാശ്ചാത്യ പോപുലർ വിഭ്രാന്തി സങ്കൽപ്പങ്ങളിൽ പ്രചാരമുള്ളതാണ്. നികൃഷ്ടജീവി സിനിമയായ റോങ് ടേൺ മുതലായ പല സിനിമകളിലും, നരഭോജനത്തിനും മറ്റുമായി മനുഷ്യ ശരീരം രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതും കാണാം.

റസിഡൻറ് ഈവിൾ വില്ലേജ് എന്ന വീഡിയോ ഗെയിം ട്രൈലറിൽ നിന്ന്.
റസിഡൻറ് ഈവിൾ വില്ലേജ് എന്ന വീഡിയോ ഗെയിം ട്രൈലറിൽ നിന്ന്.

മുൻപ് പരാമർശിച്ച കീർത്തിചക്രയിലും മുസ്‌ലിം തീവ്രവാദികളുടെ ക്രൂരത അടയാളപ്പെടുത്തുവാൻ ഉപയോഗിച്ചത് ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ മൃതദേഹത്തിന്റെ കണ്ണുകൾ ചൂഴ്ന്നെടുക്കുന്ന സീനുകളായിരുന്നു. തീവ്രവാദികൾ അല്ലെങ്കിൽ കൂടിയും, കീർത്തിചക്രയുടെ രണ്ടാം ഭാഗമായ കുരുക്ഷേത്രയിൽ വില്ലന്മാരായി പ്രത്യക്ഷപ്പെടുന്ന പാക്കിസ്ഥാൻ (മുസ്‌ലിം രാജ്യം, ഇന്ത്യൻ പൊതുബോധത്തിൽ തീവ്രവാദ കേന്ദ്രം) പട്ടാളക്കാരുടെ ക്രൂരതയും നികൃഷ്ടതയും സൂചിപ്പിക്കുവാനും മൃതദേഹങ്ങൾ വികൃതമാക്കുന്നത് കാണിക്കുന്നുണ്ട്. ഇന്ത്യൻ പട്ടാളത്തിന്റെ നന്മയും മാനവികതയും കാണിക്കുന്നതിനായി അവർ പാക്കിസ്ഥാനി മൃതദേഹങ്ങളോടു കാണിക്കുന്ന മാന്യതയെ കുറിച്ചും കുരുക്ഷേത്രയിൽ മേജർ മഹാദേവൻ വാചാലമാവുന്നുണ്ട്. കുരുതിയിൽ ലായിഖും കൂട്ടാളിയും ചേർന്ന് ആക്രമിക്കുന്ന എസ്.ഐ. സത്യന്റെ സഹ പൊലീസുകാർക്ക് എന്തുപറ്റിയെന്നതിന് ഈ വായനയിൽ പ്രാധാന്യം കിട്ടുന്നത് ഈ പശ്‌ചാത്തലത്തിലാണ്. അവരെ എന്തുചെയ്യുന്നുവെന്നോ, ഇരുട്ടിൽ മുസ്‌ലിം തീവ്രവാദികൾ അവരെ എങ്ങോട്ട് മാറ്റിയെന്നോ സിനിമ തീരുന്നത് വരെ രഹസ്യമായി തന്നെ നിലനിൽക്കുന്നു.

പാശ്ചാത്യ നികൃഷ്ടജീവി സങ്കൽപ്പങ്ങളിൽ സോംബികൾക്ക് ഇത്രയും പ്രചാരം കിട്ടുന്നതിന് കാരണം ഇവ മറ്റു മനുഷ്യരെ കൂടി സോംബികളാക്കി മാറ്റുമെന്നതാണ്. സോംബികളുടെ കടിയായ സോംബി ബൈറ്റിലൂടെ (zombie bite) അവയുടെ നികൃഷ്ടവാസന പകർച്ചവ്യാധിപോലെ പകരുകയും കൂടുതൽ സോംബികളുണ്ടാവുകയും ചെയ്യുന്നു. നികൃഷ്ടജീവി- വിഭ്രാന്തി സിനിമകളിൽ ഭൂരിപക്ഷത്തിന്റെയും ടെയിൽ എൻഡുകൾ (tail end) സാമാന പാത്രങ്ങളിൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അവ മിക്കവാറും ഈ രീതിയിലായിരിക്കും. തങ്ങൾ ഇത്ര നേരവും നേരിട്ടിരുന്ന നികൃഷ്ടജീവിയെ വകവരുത്തി ആശ്വാസത്തോടെ രക്ഷപ്പെടുന്ന നായകസംഘം, എന്നാൽ മറ്റൊരിടത്ത് അവർ അറിയാതെ അവശേഷിക്കുന്ന ഒരു പുതിയ ജീവി അഥവാ സോംബി ബൈറ്റിലൂടെ എപ്പോഴോ ഉണ്ടായ ഒരു പുതിയ സോംബിയുടെ ഷോട്ട്. കുരുതിയിൽ ക്ലൈമാക്സിനുശേഷമുള്ള ടെയിൽ എൻഡ് ഈ പാത്രത്തിൽ തന്നെയും, അതിൽ മാത്രവുമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നതാണ്. കുരുതിയിൽ സോംബി ബൈറ്റ് ആവിഷ്ക്കരിക്കപ്പെടുന്നത് ഒരു മുഴുനീള സീനിലൂടെയാണ്. മലമുകളിൽ നിന്നും തങ്ങൾക്ക് പിന്നിലാണോ മുൻപിലാണോ ഇരകൾ എന്ന് നോക്കി നിൽക്കവേ ലായിഖ് റസൂലിനോട് പറയുന്ന ഒരോ വാക്കും ആത്യന്തികമായി തന്റെ മൃഗീയ വെറി റസൂലിലേക്ക് പകരുന്ന സോംബി ബൈറ്റാണ്: ‘ഇന്ന് ഈ ചെയ്യുന്നത് ശരിയാണോ എന്ന് നിനക്ക് സംശയമുണ്ടോ ?’ എന്ന് ചോദിച്ചുകൊണ്ട് റസൂലിന്റെ മാനവിക വാസനയെ ചോദ്യം ചെയ്തു ലായിഖ് തുടങ്ങി വെക്കുന്ന സോംബി ബൈറ്റ് അവസാനിക്കുന്നത് ‘ഞാനാണ് ശരി നീയാണ് ശരി’ എന്നു പറഞ്ഞു കൊണ്ട്, ലായിഖും റസൂലും ഇവിടെ മുതൽ ഒരുപോലെയായി തീരുന്നു എന്ന് സ്ഥാപിച്ചുകൊണ്ടാണ്.

ഈ ചിന്തക്ക് ബലമേകുന്ന നിലക്ക് ലായിഖിന്റെ മരണശേഷം റസൂൽ കാട്ടിലൂടെ നടന്നു നീങ്ങുന്ന ഷോട്ടിൽ അവന്റെ ചേഷ്ടകളിൽ മുൻപ് ലായിഖിൽ കണ്ടതുപോലുള്ള സൂക്ഷ്മമായ മാറ്റങ്ങൾ കാണാം. ഈ ഷോട്ട് ചിത്രീകരിച്ചിരിക്കുന്നത് റസൂലിനെ അവതരിപ്പിക്കുന്ന നടന്റെ ശരീരത്തിൽ ക്യാമറ ഘടിപ്പിച്ച രീതിയിലാണ്. ശരീരത്തിലുണ്ടാകുന്ന സൂക്ഷ്മ ചലന വ്യത്യാസങ്ങൾ പോലും ഒപ്പിയെടുക്കും എന്നതാണ് ഇത്തരം ഷോട്ടുകളുടെ പ്രത്യേകത എന്നതു കൂടി അതിന്റെ ആവിഷ്​കാരത്തിനോട് ചേർത്ത് ഓർമിക്കണം.

ഇന്ത്യൻ- മലയാള സിനിമയിൽ മുസ്‌ലിം തീവ്രവാദികളെ അവതരിപ്പിക്കുന്നതിൽ പാശ്ചാത്യ നികൃഷ്ട ജീവി സങ്കല്പങ്ങളുമായി തള്ളിക്കളയുവാൻ കഴിയാത്ത സാമ്യതയുണ്ടെന്നും, ഇവ പൊതുബോധ നിർമിതിയെ പാകപ്പെടുത്തി പോരുന്നുവെന്നും അംഗീകരിക്കാതെയിരിക്കാനാവില്ല. അതിൽ തന്നെ ഏറ്റവും പുതിയ ഉദാഹരണമായ കുരുതി പാശ്ചാത്യ സോംബി- ഏലിയൻ സങ്കല്പങ്ങളോട് അത്ഭുതകരമായ സാമ്യത പുലർത്തുന്നു. ഇത്തരം സാമ്യതകളുടെ ചരിത്രവും, കൂടുതൽ ഉദാഹരണങ്ങളും ചർച്ചയാകണം. തീവ്രവാദത്തോട് മൊത്തമായുള്ള നികൃഷ്ട പൊതുബോധമായി ഇതിനെ നിസ്സാരവത്കരിക്കുവാൻ സാധിക്കില്ല എന്നത് കുരുതിയിലെ തന്നെ ഹിന്ദു തീവ്രവാദിയുടെയും മുസ്‌ലിം തീവ്രവാദിയുടെയും ആവിഷ്‌കാരങ്ങൾ താരതമ്യപ്പെടുത്തിയാൽ മനസിലാകും. നികൃഷ്ടജീവി സങ്കല്പങ്ങളിലേക്ക് നടക്കുന്ന പാകപ്പെടുത്തലുകൾ പോപുലർ കൾച്ചറുകൾ തമ്മിലുള്ള വിഭ്രാന്തിയിലെ വ്യത്യസ്തതയാണ് അടയാളപ്പെടുത്തുന്നത്.

അതെല്ലാം ഒന്നിച്ചു വായിക്കുമ്പോൾ ഒരു പ്രത്യേക മതമാണോ ഇന്ത്യൻ പൊതുബോധത്തിലെ (അതേ മതത്തിൽ ഉള്ളവരുടെയടക്കം) വിഭ്രാന്തിക്ക് കാരണമാകുന്നത് എന്ന് ചിന്തിക്കേണ്ടിവരും. അങ്ങനെയെങ്കിൽ ഒരു വിഭാഗത്തെ വിഭ്രാന്തിയോടെ നോക്കിക്കാണുന്നതിന് ഇന്ത്യൻ ജനതയെ പാകപ്പെടുത്തിയത് ആരെന്നും അതിനുപിന്നിലെ താൽപര്യങ്ങൾ എന്തെന്നുമൊക്കെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തി കൂടുന്നു.


Summary: ഇന്ത്യൻ- മലയാള സിനിമയിൽ മുസ്‌ലിം തീവ്രവാദികളെ അവതരിപ്പിക്കുന്നതിൽ പാശ്ചാത്യ നികൃഷ്ട ജീവി സങ്കല്പങ്ങളുമായി തള്ളിക്കളയുവാൻ കഴിയാത്ത സാമ്യതയുണ്ടെന്നും, ഇവ പൊതുബോധ നിർമിതിയെ പാകപ്പെടുത്തി പോരുന്നുവെന്നും അംഗീകരിക്കാതെയിരിക്കാനാവില്ല. അതിൽ ഏറ്റവും പുതിയ ഉദാഹരണമാണ്​ ‘കുരുതി’. തീവ്രവാദത്തോട് മൊത്തമായുള്ള നികൃഷ്ട പൊതുബോധമായി ഇതിനെ നിസ്സാരവത്കരിക്കുവാൻ സാധിക്കില്ല എന്നത് കുരുതിയിലെ തന്നെ ഹിന്ദു തീവ്രവാദിയുടെയും മുസ്‌ലിം തീവ്രവാദിയുടെയും ആവിഷ്‌കാരങ്ങൾ താരതമ്യപ്പെടുത്തിയാൽ മനസിലാകും.


Comments