മുസ്​ലിംകളെ 'കുരുതി' കഴിക്കാതെ രാഷ്ട്രീയം പറയുക അസാധ്യമാണോ?

ഇന്ത്യയിൽ ഒന്നാം തരംഗത്തേക്കാൾ അതിവേഗതയോടെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർ ശക്തികളുടെ രണ്ടാം തരംഗത്തിന്റെ മധ്യത്തിലും, അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനിൽ മതമൗലികവാദ സംഘടനയായ താലിബാൻ രണ്ടു പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും ഭരണത്തിലേക്ക് അടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കുരുതി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.

ത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം ഇന്ത്യൻ ദേശീയതാസങ്കല്പം ഉടലെടുത്ത കാലം മുതൽക്കേ തന്നെ ഇന്ത്യയുടെ യഥാർത്ഥ അവകാശികളെ സംബന്ധിക്കുന്ന ചോദ്യങ്ങൾ നമ്മുടെ രാഷ്ട്രീയ സാമൂഹിക വ്യവഹാരത്തിൽ നിലനിന്നുപോരുന്ന ഒന്നാണ്.

പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച ഇന്ത്യൻ വരേണ്യവർഗത്തിന്റെ നേതൃത്വത്തിൽ ഉദയം കൊണ്ട കൊളോണിയൽ വിരുദ്ധ ദേശീയ പ്രക്ഷോഭങ്ങൾക്ക് ശക്തിയേകുവാനും, അതിനുവേണ്ടി ഛിന്നഭിന്നമായ ഒരു ജനതയെ ഒന്നിച്ചു നിർത്തുവാനും നേതാക്കൾക്ക് സഹായകമായത് പൗരസ്ത്യ ചരിത്രകാരന്മാർ തന്നെ (Orientalists) നിർമിച്ചെടുത്ത, പൂർണമായും ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ ഒരു ഇന്ത്യ ചരിത്രവും അതിന് ഉപയുക്തമായ പൗരാണിക - രാഷ്ട്രീയ ചിഹ്നങ്ങളുമായിരുന്നു. ഇത്തരമൊരു ചരിത്രാഖ്യാനത്തിൽ നിന്ന് പുറത്താക്കപ്പെട്ടുപോയിരുന്നത് പ്രധാനമായും മുസ്​ലിം, ദളിത്, ക്രിസ്ത്യൻ തുടങ്ങിയ ഇതര സമുദായങ്ങളിൽ പെട്ടവരായിരുന്നു. പൗരസ്ത്യ ചരിത്രകാരന്മാരുടെ രേഖയനുസരിച്ച് ഇന്ത്യയുടെ ഭൂതകാല പൈതൃകത്തോടും സംസ്കാരത്തോടും കൂടുതൽ ചേർന്നുനിൽക്കുന്നവർ എന്ന് കരുതിപ്പോരുന്ന ഹിന്ദുമതസ്ഥർ പ്രത്യേകിച്ച് യാതൊരു തെളിവിന്റെയും ആവശ്യം കൂടാതെ തന്നെ സ്വാഭാവികമായി (by default) ഇന്ത്യക്കാരായും ദേശീയവാദികളായും അംഗീകരിക്കപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം മുതൽ രാഷ്ട്രീയ- സാമൂഹിക ഭിന്നാഭിപ്രായങ്ങളെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദു- മുസ്​ലിം സംഘർഷങ്ങൾ അരങ്ങേറി. ഇതേതുടർന്ന്​, സ്വയം ഒരു രാഷ്​ട്രീയ സമുദായമായി പരിണമിച്ചുകൊണ്ട്​ ദ്വിരാഷ്ട്രസങ്കൽപ്പത്തിനുവേണ്ടി നിലകൊണ്ട (രാഷ്ട്രീയ) മുസ്​ലിംകൾ സാംസ്കാരിക - പുനരുദ്ധാരണ ദേശീയവാദികളുടെ ശത്രുപക്ഷത്തിന്റെ കേന്ദ്രസ്ഥാനത്ത്​പ്രതിഷ്ഠിക്കപ്പെടുകയുണ്ടായി.
സ്വാതന്ത്ര്യാനന്തരം, ഇന്ത്യ വിഭജിക്കപ്പെടുകയും മുസ്​ലിംകൾക്കുള്ള പ്രത്യേക രാജ്യമായി പാകിസ്ഥാൻ രൂപം കൊള്ളുകയും കൂടി ചെയ്തതോടെ, ഭാവിയിൽ അയൽരാജ്യവുമായി ഒരു യുദ്ധം ഉണ്ടാകുകയാണെങ്കിൽ തങ്ങൾ നേരിടേണ്ടി വന്നേക്കാവുന്ന ആന്തരിക ഭീഷണിയായി ഇന്ത്യയിൽ ജീവിക്കുന്ന മുസ്​ലിംകളെ ഭരണകൂടം തന്നെ വ്യാഖ്യാനിക്കുകയും ചെയ്​തു.

ചരിത്രകാരനും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ പ്രൊഫസറുമായിരുന്ന ഗ്യാനേന്ദ്ര പാണ്ഡെ പറയുന്നത് പോലെ; ഈ കാലയളവിലെ ഹിന്ദുക്കൾ ഒന്നുകിൽ ഹിന്ദുമത കേന്ദ്രീകൃതമായ രാഷ്ട്രീയ ആശയങ്ങൾ ഉയർത്തിപ്പിടിച്ചിരുന്ന ‘ഹിന്ദു(ത്വ) ദേശീയവാദി’കളായും (Hindu Nationalists) അല്ലെങ്കിൽ, മതത്തെ രാഷ്ട്രീയമണ്ഡലത്തിൽ നിന്ന്​ വേർതിരിച്ചു കാണുകയും ഉൾക്കൊള്ളലിൽ (Inclusiveness) അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രം വെച്ച് പുലർത്തുകയും ചെയ്തിരുന്ന ‘സെക്കുലർ ദേശീയവാദി’കളായും നിലകൊണ്ടിരുന്നു. ദേശീയവാദി എന്ന പ്രയോഗം തങ്ങളുടെ രാഷ്​ട്രീയ- സ്വത്വത്തിന്റെ രണ്ടാം ഘടകം മാത്രമായേ ഇവർക്ക് നിർവചിക്കേണ്ടി വന്നിരുന്നുള്ളൂ. ഒരു ഹിന്ദു ആത്യന്തികമായി, സ്വതവേ രാഷ്ട്രീയ പൊതുമണ്ഡലത്തിൽ ദേശീയവാദി ആയി അംഗീകരിക്കപ്പെട്ടിരുന്നു. അവർ എത്തരത്തിലുള്ള ദേശീയവാദികളാണ് എന്ന ചോദ്യം മാത്രമാണ് രാഷ്ട്രീയ പൊതുധാരയിൽ അവശേഷിച്ചത്.

എന്നാൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ കൂടുതൽ അരികുവൽക്കരിക്കപ്പെട്ട മുസ്​ലിം സമുദായങ്ങൾക്ക് തങ്ങളുടെ ദേശസ്നേഹവും ദേശക്കൂറും പൊതു ഇടങ്ങളിൽ പോലും ഒച്ചത്തിൽ പ്രകടിപ്പിക്കേണ്ട ഗതിയായിരുന്നു ഉണ്ടായത്. മുസ്​ലിംകളായതിനാൽ തന്നെ ഹിന്ദുക്കളെ പോലെ സ്വതവേ ദേശീയവാദികൾ ആയിരിക്കില്ല എന്ന സമൂഹമുൻവിധിക്കുമുന്നിൽ "ഇന്ത്യൻ മുസ്​ലിം', "നാഷണലിസ്റ് മുസ്​ലിം' എന്നീ തരത്തിലുള്ള ദേശവികാര- ഉപസർഗങ്ങൾ പേറുന്ന പദപ്രയോഗങ്ങൾ കൊണ്ട് സ്വന്തം മതവിശ്വാസം പോലും പ്രകടിപ്പിക്കേണ്ട സ്ഥിതിവിശേഷമാണ് ഇക്കൂട്ടർക്ക് ഉണ്ടായിരുന്നത് .

ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ മുസ്​ലിം ന്യൂനപക്ഷങ്ങൾക്കുള്ള "ദേശീയതാ മോട്ടിവേഷൻ' സിനിമകൾ എന്നോണം വിവിധ ഭാഷകളിൽ, തീവ്രദേശവികാരം കൊള്ളുന്ന, തന്റെ മതത്തേക്കാൾ വലുത് തന്റെ രാജ്യമാണ് എന്നും, താൻ "ആദ്യം ഒരു ഭാരതീയൻ, ശേഷം മുസ്​ലിം' എന്നുമൊക്കെ പ്രേക്ഷകരോട് ഉറക്കെ വിളിച്ചുപറയേണ്ടി വന്നിരുന്ന മുസ്​ലിം കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നത്.

എന്നാൽ 9/11 നുശേഷം പടിഞ്ഞാറൻ ഭൂഖണ്ഡങ്ങളിൽ നിന്ന്​ ഇന്ത്യയിലേക്കും വീശിയടിച്ച ഇസ്​ലാമോഫോബിയയുടെ നിഴൽ പടർന്ന സംശയദൃഷ്ടികൾക്ക് മുൻപിൽ, ഇന്ത്യയിലെ മുസ്​ലിംകൾക്ക്​ തങ്ങൾ ദേശസ്‌നേഹികളാണെന്ന് മാത്രമല്ല, പശ്ചിമേഷ്യയിൽ പടർന്നുപിടിക്കുന്ന തീവ്ര ഇസ്‌ലാമിക തീവ്രവാദത്തിന്റെ അനുകൂലികളോ അനുയായികളോ അല്ല എന്ന് കൂടി ഉറക്കെ വിളിച്ചുപറയേണ്ട സ്ഥിതിവിശേഷമാണുണ്ടായത്. ഈയൊരു പശ്ചാത്തലത്തിലിറങ്ങിയ സിനിമകളിലൊക്കെയും ഒന്നുകിൽ മുസ്​ലിം കഥാപാത്രങ്ങൾ പ്രധാന വില്ലനായോ, കള്ളക്കടത്തുക്കാരനായോ, തീവ്രവാദിയായോ ഒക്കെ ഒരുഭാഗത്ത് അവതരിപ്പിക്കപ്പെട്ടപ്പോൾ, മറുഭാഗത്തെ ചില "മുസ്​ലിം അനുകൂല' ചിത്രങ്ങളിൽ ഇവർ മതമൗലികവാദത്തെ നിരന്തരമായി അപലപിക്കുന്ന, തന്റെ സുഹൃത്തുക്കൾക്കും നാട്ടുകാർക്കും പരോപകാരിയായി ജീവിക്കുന്ന ദീനിയായ "നല്ല മുസൽമാൻ' ആയി പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടെയാണ് "എന്റെ പേര് ഖാൻ എന്നാണ്, എന്നാൽ ഞാൻ ഒരു തീവ്രവാദി അല്ല' എന്ന് ആസ്പെർഗർസ് സിൻഡ്രോം ബാധിച്ച മുസ്​ലിം നായകന് പ്രേക്ഷകരോട് നിരന്തരം വിളിച്ചുപറയേണ്ടി വരുന്നതും, തുടർന്ന് ആ കഥാപാത്രത്തെ സ്‌ക്രീനിൽ അവതരിപ്പിച്ച, യഥാർത്ഥ ജീവിതത്തിലും മുസ്​ലിമായ ഷാറൂഖ്​ ഖാന് താൻ ഒരു പ്രാക്ടിസിങ് മുസ്​ലിം അല്ല എന്ന് ടെലിവിഷൻ ഷോകളിൽ തുറന്നു പ്രഖ്യാപിക്കേണ്ടി വരുന്നതും. തന്റെ മകൾ ഖദീജ ബുർഖ ധരിക്കുന്നതിനെ ചൊല്ലി എ.ആർ. റഹ്‌മാൻ വിചാരണ ചെയ്യപ്പെടുന്നതും സമാന സാഹചര്യത്തിലാണ്.

എ.ആർ. റഹ്‌മാൻ മകൾ കദീജയ്‌ക്കൊപ്പെ ഒരു സ്‌റ്റേജ് പ്രോഗ്രാമിനിടെ / Photo: Khatija Rahman /Facebook
എ.ആർ. റഹ്‌മാൻ മകൾ കദീജയ്‌ക്കൊപ്പെ ഒരു സ്‌റ്റേജ് പ്രോഗ്രാമിനിടെ / Photo: Khatija Rahman /Facebook

സാഹിത്യമേഖലയിലെ സ്ഥിതിയും വ്യത്യസ്​തമല്ല. അഫ്ഘാനിസ്ഥാന്റെ രാഷ്ട്രീയാന്തരീക്ഷത്തെയും, താലിബാൻ ക്രൂരകൃത്യങ്ങളെയും വായനാലോകത്തിന് മുൻപിൽ നോവലുകളിലൂടെ പരിചയപ്പെടുത്തിയ ഖാലിദ് ഹൊസൈനിക്ക് തന്റെ പ്രധാന പുരുഷ കഥാപാത്രങ്ങളെ ക്രെഡിബിലിറ്റി ഉറപ്പുവരുത്തുവാനെന്നോണം ഇസ്‌ലാം മതവിശ്വാസികളായി അവതരിപ്പിക്കാൻ കഴിയാത്തതും ഇതിനാലാകണം.
മലയാളത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ "കുരുതി' എന്ന സിനിമ​യെയും ഈ ഒരു സന്ദർഭത്തിലേക്ക് പ്രതിഷ്ഠിച്ചുകൊണ്ട് മാത്രമേ നമുക്ക് നോക്കിക്കാണാൻ സാധിക്കൂ.

ഇന്ത്യയിൽ ഒന്നാം തരംഗത്തേക്കാൾ അതിവേഗതയോടെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർ ശക്തികളുടെ രണ്ടാം തരംഗത്തിന്റെ മധ്യത്തിലും, അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനിൽ മതമൗലികവാദ സംഘടനയായ താലിബാൻ രണ്ടു പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും ഭരണത്തിലേക്ക് അടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കുരുതി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. അതുകൊണ്ട്, മനു വാരിയർ എന്ന നവാഗത സംവിധായകന്റെയും, അനീഷ് പല്യാൽ എന്ന തിരക്കഥാകൃത്തിന്റെയും രചനാമികവിനെക്കുറിച്ചോ, ​പൃഥ്വിരാജ്​​, റോഷൻ മാത്യു, ശ്രിന്ദ, മാമുക്കോയ തുടങ്ങിയ കഥാപാത്രങ്ങളുടെ അഭിനയമികവിനെ കുറിച്ചോ ചർച്ച ചെയ്യുകയല്ല ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് ഇന്ത്യൻ സമകാലിക രാഷ്ട്രീയത്തിൽ സംക്രമിക്കുന്ന ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതയെ ചർച്ച ചെയ്യുന്നു എന്ന മറവിൽ പ്രേക്ഷകരിലേക്ക് ഒളിച്ചുകടത്തുന്ന മുസ്​ലിം വിരുദ്ധതയെ കുറിച്ചാണ് ഈ ലേഖനം.

പുതുതായി അവതരിപ്പിക്കപ്പെട്ട ഒരു വിഷയത്തെ, താരമൂല്യമുള്ള കഥാപാത്രങ്ങളെ അണിനിരത്തി, കാഴ്ചക്കാരെ ആദ്യാവസാനം സ്ക്രീനിനു മുന്നിൽ പിടിച്ചിരുത്താൻ വേണ്ട എല്ലാ ചേരുവകളും ഒത്തിണങ്ങിയ ഒരു ത്രില്ലർ എന്ന നിലയ്ക്ക് പ്രേക്ഷകരുടെ മുന്നിലേക്ക് കുരുതിയെ സേവിക്കുമ്പോൾ അത് ഇന്ത്യൻ/മലയാളി പൊതുബോധത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു /പുനഃരൂപീകരിക്കുന്നു എന്ന ചർച്ച ചെയ്യേണ്ടത് അനിവാര്യമാണ്.

വർഗീയ സംഘർഷത്തിൽ വിഷ്ണു (സാഗർ സൂര്യ) എന്ന ഒരു ഹിന്ദു മതമൗലികവാദിയാൽ ഒരു മുസ്​ലിം കടക്കാരൻ കുത്തേറ്റ് കൊല്ലപ്പെടുന്നു. തുടർന്ന് തന്റെ ഉപ്പയുടെ ഘാതകനെ വധിക്കുവാൻ ഒരുങ്ങിയിറങ്ങുന്ന ലായികിനെയും (പൃഥ്വിരാജ്​​), അയാളുടെ തീവ്രമതവാദികളായ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചുകൊണ്ടാണ് കുരുതിയുടെ കഥാപശ്ചാത്തലം ഒരുങ്ങുന്നത്. ലായികിന്റെയും സംഘത്തിന്റെയും ആക്രമണത്തിൽ നിന്ന് പ്രതിയായ വിഷ്ണുവിനെ രക്ഷപ്പെടുത്തിക്കൊണ്ട് ഒരു രാത്രി എസ്.ഐ. സത്യൻ (മുരളി ഗോപി), ഇബ്രു (റോഷൻ മാത്യു) തന്റെ ഉപ്പ മൂസയും (മാമുക്കോയ) സഹോദരൻ റസൂലും (നസ്ലെൻ) ഒത്തു കഴിയുന്ന വീട്ടിലേക്ക് കയറി വന്ന് നിർബന്ധിതമായി അഭയം പ്രാപിക്കുന്നു. ഇവരോടൊപ്പം ഇബ്രുവിനെ പ്രണയിക്കുന്ന അയൽക്കാരി സുമയും (സൃന്ദ) സാന്ദർഭികമായി അകപ്പെട്ടു പോകുന്നു. ഈ സ്ഥിതിഗതികളിലേക്കാണ് ഇബ്രുവിന്റെ സുഹൃത്ത് കരീം (ഷൈൻ ടോം ചാക്കോ) ലായിക്കിനെ കൂട്ടികൊണ്ട് വരുന്നത്.

റോഷൻ മാത്യു  ‘കുരുതി’യിൽ
റോഷൻ മാത്യു ‘കുരുതി’യിൽ

എസ്.ഐ. സത്യനും ലായിക്കും തമ്മിൽ തുടർന്നുണ്ടാകുന്ന സംഘട്ടനത്തിൽ സത്യന് ഗുരുതരമായി പരിക്കേൽക്കുന്നു. സത്യന്റെ തോക്ക് ചൂണ്ടി ലായിക്കിനെയും സംഘത്തെയും തന്റെ വീട്ടിൽ നിന്ന് പുറത്താക്കിയ ഇബ്രുവിനെ കൊണ്ട്, സത്യൻ മരിക്കുന്നതിന് മുൻപ്, വിഷ്ണുവിനെ ലായിക്കിന് വിട്ടുകൊടുക്കില്ല എന്ന് തന്റെ വേദപുസ്തകമായ ഖുർആനിൽ തൊട്ട് സത്യം ചെയ്യിക്കുന്നു. തുടർന്ന് കഥ നടക്കുന്നത്- തന്റെ ഉപ്പയെ കൊന്നവനും, ഹിന്ദു മതവർഗീയവാദിയുമായ ഒരു കാഫിറിനെ കൊല്ലുന്നതും ധർമമായി കരുതുന്ന ലായിക്കിനെയും, തന്റെ വേദപുസ്തകമായ ഖുർആനിൽ കൈവെച്ച് താനെടുത്ത പ്രതിജ്ഞ എന്ത് വിലകൊടുത്തും സംരക്ഷിക്കാൻ തയ്യാറായി നിൽക്കുന്ന ഇബ്രുവിനെയും കേന്ദ്രീകരിച്ചുകൊണ്ടാണ്. “A Vow to Kill, An Oath to Protect'' എന്ന് എഴുതിക്കാണിച്ച്​ കഥയുടെ രണ്ടാം പകുതിയിലേക്ക് കടക്കുന്ന കുരുതി പ്രേക്ഷകർക്ക് മുൻപിൽ വെളിവാക്കുന്നത് തന്റെ മതത്തിൽ നിന്നും വേദപുസ്തകത്തിൽ നിന്നും ഒരിക്കലും മോചനമില്ലാതെ, അതിന് പുറത്തൊരു സ്വതന്ത്ര ബൗദ്ധികമണ്ഡലമോ ജീവിതമോ ഇല്ലാതെ ഇരു ​ധ്രുവങ്ങളിൽ നിലകൊള്ളുന്ന രണ്ടു പ്രധാന മുസ്​ലിം കഥാപാത്രങ്ങളെയാണ്.

പ്രകൃതിദുരന്തത്തിൽ മരിച്ചുപോയ തന്റെ മകളെയും ഭാര്യയെയും ഇപ്പോഴും ഓർത്ത് ജീവിക്കുന്ന വ്യക്തിയാണ് ഇബ്രു. പെരുന്നാൾ ദിവസം താൻ കുരുതി കൊടുക്കാൻ വളർത്തിയ ആടിനെ കൊല്ലുന്നതിൽ നിന്ന്​ തന്നെ വിലക്കാൻ ശ്രമിക്കുന്ന മകളോട്, അല്ലാഹുവിന് കൊടുത്ത വാക്ക് തെറ്റിച്ചാൽ മരണശേഷം കിട്ടാൻ പോകുന്ന ശിക്ഷയെ കുറിച്ച് താൻ പറയുന്ന നിമിഷം അയാൾ ഓർത്തെടുക്കുന്നുണ്ട്. തുടർന്ന്​ കഥ വികസിക്കുമ്പോൾ അല്ലാഹുവിന് കൊടുത്ത തന്റെ സത്യം സംരക്ഷിക്കാൻ മനുഷ്യക്കുരുതിക്ക് പോലും തയ്യാറെടുക്കുന്ന ഇബ്രുവിൽ നിന്നും, കാഫിറുകൾക്ക് മേൽ ധർമയുദ്ധം ചെയ്യാൻ പ്രതിജ്ഞയെടുത്ത ലായിക്കിലേക്കുള്ള ദൂരം വിദൂരമല്ലെന്ന് കുരുതി പറഞ്ഞുവെക്കുന്നു. ഒരു ഭാഗത്ത് തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന, അതീവ അക്രമസ്വഭാവം പ്രകടിപ്പിക്കുന്ന ലായിക് ആണെങ്കിൽ, മറുഭാഗത്ത് "ഒരു കയ്യിൽ വാളും, മറു കയ്യിൽ ഖുർആനും' കൊണ്ട് ഇസ്‌ലാമികധർമം പ്രചരിപ്പിക്കാൻ ഇറങ്ങിയ മധ്യകാല മുസൽമാന്മാരെ കുറിച്ചുള്ള ചൊല്ല് അനുസ്മരിപ്പിക്കുന്ന ഇബ്രാഹിമും ആണ്. പൊതുവെ ശാന്തസ്വരൂപനായി അവതരിപ്പിക്കപ്പെട്ടിരുന്ന ഇബ്രുവിന് തന്റെ സത്യം സംരക്ഷിക്കാൻ അനായാസമായി ഖുറാനോടൊപ്പം എസ്.ഐ സത്യൻ കൈമാറുന്ന പിസ്റ്റൾ കൂടി ഏറ്റുവാങ്ങാൻ കഴിയുകയും, ലായിക്കിനും സംഘത്തിനും എതിരെ വളരെ ലാഘവത്തോടെ ആ ആയുധം ഉപയോഗിക്കാനും കൂടി കഴിയുകയും, ചെയ്യുന്നു.

അതോടെ സ്വതവേ അക്രമകാരികളായ, ഖുർആനിനും പടച്ചോനും വേണ്ടി അനായാസം ആയുധം എടുത്ത് പെരുമാറുന്ന, അടിസ്ഥാനപരമായി യാതൊരു വ്യത്യാസവുമില്ലാത്ത രണ്ട് "വ്യത്യസ്​ത' മുസ്​ലിം കഥാപാത്രങ്ങളെയാണ് കുരുതിയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. സിനിമയുടെ ഒടുക്കം വിഷ്ണുവിനെ സംരക്ഷിക്കുന്നതിനുവേണ്ടി ലായിക്കിന്റെ പള്ളയിൽ കത്തി കയറ്റി കൊല്ലുവാനും അയാൾക്ക് രണ്ടാമതൊന്നുകൂടി ആലോചിക്കേണ്ടി വരുന്നില്ല എന്നുമാത്രമല്ല, "അവനു പകരം എന്നെ കൊന്നപ്പോൾ എന്ത് വ്യത്യാസമാടാ' എന്ന ലായിക്കിന്റെ ചോദ്യത്തിന് അവൻ അല്ലാഹുവിനോട് മാപ്പ് പറഞ്ഞുകൊണ്ടാണ് മടങ്ങുന്നത്.

പൃഥ്വിരാജ്​​  ‘കുരുതി’യിൽ
പൃഥ്വിരാജ്​​ ‘കുരുതി’യിൽ

സിനിമയുടെ പ്രധാന സംഭവവികാസങ്ങൾക്കുമുൻപ് ഇബ്രുവിനോട്, തന്നെ കല്യാണം കഴിക്കാൻ ആവശ്യപ്പെടുന്ന സുമതിക്ക് അയാളിൽ നിന്ന് വിപരീത പ്രതികരണമാണ് ലഭിക്കുന്നത്. "നമ്മൾ രണ്ടുപേരും എന്ത് ചെയ്താലും അത് ശരിയുടെ ഭാഗത്താകണം' എന്നുപറയുന്ന ഇബ്രുവിനെ അവൾ വിചാരണ ചെയ്യുന്നത് അവന്റെ പടച്ചോനെ കൂടി ചേർത്തുനിർത്തികൊണ്ടാണ്. അവനെ കല്യാണം കഴിച്ചാലും തന്റെ മുറിയിൽ ഭഗവതിയുടെ മുൻപിൽ വിളക്കുകത്തിച്ച് പ്രാർത്ഥിക്കാൻ തനിക്ക് കഴിയുമെന്നുണ്ടെങ്കിൽ മുസ്ലിയാരുടെ അടുത്ത് പോയി രണ്ടു കലീമ ചൊല്ലുന്നത് സുമതിക്ക് നിസ്സാരമായ കാര്യമാണ്. ഇവിടെ ഒരു ഭാഗത്ത് സ്വന്തം മതത്തെയും പ്രണയത്തെയും ഒരേ കൈയ്യിൽ കൂട്ടിപ്പിടിക്കുന്ന സുമതിയെയും, മറുഭാഗത്ത് തന്റെ മതത്തിൽ നിന്നും വിശ്വാസങ്ങളിൽ നിന്നും ഒരിക്കലും മോചനം ലഭിക്കാത്ത ഇബ്രുവിനെയുമാണ് കുരുതി അവതരിപ്പിക്കുന്നത്. .

സൃന്ദ അർഹാൻ  ‘കുരുതി’യിൽ
സൃന്ദ അർഹാൻ ‘കുരുതി’യിൽ

മറുഭാഗത്ത് നിൽക്കുന്ന ലായിക് ഒരു സാധാരണ മുസ്​ലിം കഥാപാത്രവുമല്ല. ജന്മദേശത്തും തുടർന്ന് വിദേശത്തും ഇസ്​ലാമോഫോബിയയുടെ തിക്താനുഭവങ്ങൾ നേരിടേണ്ടി വന്ന ലായിക് മുൻപേ തന്നെ ഒരു നിരോധിത മതസംഘടനയിൽ പ്രവർത്തിപരിചയം ഉള്ള ആളായിരുന്നു, മറിച്ച് മുഹ്‌സിൻ ഹമീദിന്റെ കഥാപാത്രത്തെ പോലെ തനിക്ക് പൊതുസമൂഹത്തിൽ നേരിടേണ്ടി വന്ന വിവേചനം അയാളെ ഒരു "റിലകറ്റന്റ്‌ ഫണ്ടമെന്റലിസ്റ്' ആക്കി മാറ്റുകയല്ല ചെയ്യുന്നത്. കലയുടെയും സംസ്കാരത്തിന്റെയും ആഗോളകേന്ദ്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാരിസിൽ, പ്രവാചകന്റെ സുന്നത്ത് കല്യാണം വരയ്ക്കുന്നത് ആവിഷ്​കാരസ്വാതന്ത്ര്യമായി കണ്ട സായിപ്പിനെ അയാൾക്ക് മർദ്ദിക്കേണ്ടി വരികയും, തുടർന്ന് ലായിക് തന്റെ രാജ്യത്ത് സ്വാഗതാർഹമല്ല എന്ന് ഒരു ജേർണലിസ്റ്റ്​ മദാമ്മക്ക് അയാളോട് പറയേണ്ടിവരികയും ചെയ്യുന്നു.

യൂറോപ്പിൽ 9/11 നുശേഷം താടിവെച്ചവർക്കും, ബുർഖ ധരിച്ചവർക്കും മുസ്​ലിം നാമധാരികൾക്കും പൊതുയിടങ്ങളിൽ അനുഭവിക്കേണ്ടി വരുന്ന ഭീതി നിറഞ്ഞ കണ്ണുകളെ കുറിച്ചൊരു ചർച്ചയല്ല ഇവിടെ നടക്കുന്നത്. മറിച്ച് അവരുടെ അനുഭവങ്ങൾ കുരുതിയിൽ ഒരു തരത്തിൽ ന്യായീകരിക്കപ്പെടുന്നു. ഇവിടെ, പ്രവാചകൻ മുഹമ്മദിന്റെ നാമം ഉപയോഗിക്കുന്നവരുടെ കൈ വെട്ടുന്നവരുടെയും, എം.എഫ് ഹുസൈനെ പച്ചക്ക് ചീത്ത വിളിക്കുന്നവരുടെയും പിൻഗാമിയായാണ് ലായിക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ അയാൾ ഇസ്​ലാമോഫോബിയയെയും മുസ്​ലിം വിരുദ്ധരാഷ്ട്രീയത്തെയും നീതീകരിക്കുന്ന ഒരു കഥാപാത്രമായി മാറുകയും, അയാൾ ഉന്നയിക്കുന്ന ചില പ്രസക്തമായ ചോദ്യങ്ങൾ പോലും വിക്‌ടിം മെന്റാലിറ്റി കളിക്കുന്ന ഒരു മതമൗലികവാദിയുടെ ബാലിശമായ രോദനമായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

കുരുതി  സിനിമയിൽ നിന്ന്  ഒരു രംഗം.
കുരുതി സിനിമയിൽ നിന്ന് ഒരു രംഗം.

ഇതിനെ ശരിവെക്കുകയാണ് ഷൈൻ ടോം ചാക്കോ അവതരിപ്പിച്ച കരീം എന്ന കഥാപാത്രവും ചെയ്യുന്നത്. ചായക്കടയിൽ ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്ന അയാൾ രഹസ്യമായി താലിബാനേയും, ഇറാഖി ഇസ്​ലാമിക്​ സ്റ്റേറ്റിനെയും അംഗീകരിക്കുന്നവനാണ്. ഇത്തരം സംഘടനകളെ പരസ്യമായി അനുകൂലിച്ച് സംസാരിക്കുന്ന റസൂലിനെ അയാൾ ഒറ്റയ്ക്ക് കിട്ടുമ്പോൾ ശാസിക്കുകയും, അവന്റെ രാഷ്ട്രീയനിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കാതിരിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. സെക്കുലർ രാഷ്ട്രത്തിന്റെ മറവിൽ ജീവിക്കുന്ന മതരാഷ്ട്രവാദികൾ എന്ന ഇന്ത്യയിലെ മുസ്ലിങ്ങളെ കുറിച്ചുള്ള പൊതുബോധം ഊട്ടിയുറപ്പിക്കുകയാണ് കരീം എന്ന കഥാപാത്രവും ഇവിടെ ചെയ്യുന്നത്.

വാട്സാപ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദമെടുത്ത കൗമാരക്കാരനായ വിഷ്ണുവാണ് ലായിക്കിന്റെ ഉപ്പയെ കൊല്ലുന്നത്. എന്നാൽ ആ വർഗീയ സംഘർഷത്തെ മനഃപൂർവം മറവ് ചെയ്തുകൊണ്ട് പൂർണമായും ഒരു "ഗുഡ് മുസ്​ലിം വേർസസ്‌ ബാഡ് മുസ്​ലിം' നറേട്ടീവാണ് കുരുതി ദൃഷ്ടികേന്ദ്രത്തിൽ പ്രതിഷ്ഠിക്കുന്നത്. കുരുതി ഇന്ത്യയുടെ സമകാലിക വർഗീയ രാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്യുന്നു എന്ന് തോന്നിപ്പിക്കുന്നുവെങ്കിലും അവിടെ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത് മുസ്​ലിംകളെ മാത്രമാണ്. ഇവിടെ പ്രതിയായ വിഷ്ണുവിന്റെ രാഷ്ട്രീയപശ്ചാത്തലത്തെ കുറിച്ചോ, അവൻ പ്രവർത്തിക്കുന്ന സംഘടനയെ കുറിച്ചോ വ്യക്തമായ യാതൊരു സൂചനയും സംവിധായകൻ നൽകുന്നില്ല. അവനെ ഒരു "സംഘി' ആയി കാഴ്ചക്കാർക്ക് അനുമാനിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. ബീഫ് കഴിക്കുന്ന വിഷ്ണുവിനെ ചോദ്യം ചെയ്യുന്ന റസൂൽ അവനെതിരെ പ്രധാനപ്പെട്ട രാഷ്ട്രീയചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും ‘പൊലീസ്’ സത്യൻ ഇരുവരുടെയും വായടപ്പിക്കുകയാണ് ചെയ്യുന്നത്. "ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും ഇവിടെ ജീവിക്കണമെടാ' എന്ന് ആക്രോശിച്ചുകൊണ്ട് സത്യനെ മർദ്ദിക്കുന്ന കരീമിനാകട്ടെ കേവലം വൈകാരികതലത്തിനപ്പുറം ഒരു രാഷ്ട്രീയസംവാദം സിനിമയിൽ സൃഷ്ടിക്കാൻ കഴിയുന്നുമില്ല. ലായിക്കാകട്ടെ, ഇസ്‌ലാമികമായി മാത്രം കാര്യങ്ങളെ സമീപിക്കുന്ന ഒരു മതമൗലികവാദിയുമാണ്.

ചിത്രത്തിൽ "നല്ല മുസൽമാൻ' ആയി അവതരിപ്പിച്ചിരിക്കുന്ന ഏക കഥാപാത്രം മൂസയാണ് (മാമുക്കോയ). മയ്യത്തായി പോയ രാജാക്കന്മാരെ കുറിച്ച് വ്യാകുലപ്പെടാത്ത, ഷാറൂഖ്​ ഖാൻ മുഗൾ രാജാവായി ധരിച്ചുവെച്ചിരിക്കുന്ന മൂസ, സിനിമയുടെ ആദ്യാവസാനം മറ്റുകഥാപാത്രങ്ങൾക്ക് അക്രമരാഹിത്യത്തെ കുറിച്ചും, തന്റെ പ്രായത്തിൽ ഊന്നി നിൽക്കുന്ന ഫിലോസഫിക്കൽ ഉപദേശങ്ങളും നൽകുന്ന നിസ്സംഗനായ ഒരു വ്യക്തിയാണ് താനും.

ചുരുക്കത്തിൽ ആരോഗ്യപരമായ സംവാദങ്ങളോ രാഷ്ട്രീയമൂല്യങ്ങളോ ചർച്ചചെയ്യുന്നതിൽ പരാജയപ്പെട്ടുപോയ കുരുതി പ്രോത്സാഹിപ്പിക്കുന്നത് തികഞ്ഞ അരാഷ്ട്രീയവാദമാണ്. തിരിച്ച് ചോദ്യങ്ങൾ ചോദിക്കാൻ ശേഷിയുള്ള, ചരിത്രത്തെ കുറിച്ച് സംവദിക്കാൻ ശ്രമിക്കുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ കുറിച്ച് വ്യാകുലരായ മുസ്​ലിംകൾ എല്ലാം തന്നെ വർഗീയവാദികൾ ആയി മാറുന്ന സിനിമയുടെ ആശയം നിഷ്കളങ്കമാണെന്ന് കരുതാൻ കഴിയില്ല. ഇവിടെ കേന്ദ്ര മുസ്​ലിം കഥാപാത്രങ്ങളോടൊപ്പം പ്രതിചേർക്കപ്പെടുന്നത് ഇന്ത്യയിലെ ആയിരക്കണക്കിന് മുസ്​ലിം ആക്ടിവിസ്റ്റുകളും വിദ്യാർത്ഥികളും ബുദ്ധിജീവികളും കൂടിയാണ്. മൂസയെ പോലെയുള്ള ചരിത്രബോധമില്ലാത്ത, സംവാദശേഷിയില്ലാത്ത കഥാപാത്രങ്ങളെ നല്ല മുസ്ലിങ്ങൾ ആയി അവതരിപ്പിക്കുന്നതിലൂടെ കുരുതി പോലെയുള്ള സിനിമകൾ ചെയ്യുന്നത് മുസ്​ലിംകളെ ഇനിയും കൂടുതൽ നിശ്ശബ്ദരാക്കുക എന്നത് മാത്രമാണ്.

എന്നിരുന്നാലും മൂസ ഒരു സ്ഥിരതയുള്ള കഥാപാത്രമായല്ല സിനിമയിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. കുരുതിയിലെ മുസ്​ലിം കഥാപാത്രങ്ങളുടെ തലമുറയിൽ ഒരറ്റത്തുനിൽക്കുന്ന അയാൾ ഒരു തികഞ്ഞ പാട്രിയാർക്കും, തനിക്ക് ഭക്ഷണം വെച്ചുണ്ടാക്കി തരേണ്ടത് മരുമകളുടെ കടമ ആയി കരുതുകയും, സ്വന്തം മകനോട് തന്റെ ആണത്തം തെളിയിക്കാനും ആവശ്യപ്പെടുന്ന ഒരു വ്യക്തിയാണ്. തലമുറയുടെ മറു അറ്റത്ത് നിൽക്കുന്ന ലായിക്കും "ആണുങ്ങൾ സംസാരിക്കുന്നതിനിടെക്ക് കയറുന്ന' പെണ്ണിന്റെ അധികാരത്തെ ചോദ്യം ചെയ്യുന്ന പുരുഷൻ ആകുന്നതോടെ "പരമ്പരാഗതമായി സ്ത്രീകളെ അധികാരത്തിനു പുറത്ത് നിർത്തുന്ന മുസ്​ലിം കുടുംബങ്ങൾ' എന്ന സ്റ്റീരിയോടൈപ്പ് ഒന്നുകൂടി ഊട്ടിയുറപ്പിക്കാൻ കുരുതിക്ക് സാധിക്കുന്നു.

എന്നാൽ സുമതി ആകട്ടെ, സ്വന്തം ജീവിതത്തിൽ തന്നെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് തീരുമാനമെടുക്കാൻ ധൈര്യമുള്ളവളും, സ്വയരക്ഷയ്ക്ക് വേണ്ടി ആയുധമെടുക്കാനും തയ്യാറാകുന്ന ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണ്. സിനിമയിലുടനീളം, ഒരു പ്രധാനകഥാപാത്രമായിരുന്നിട്ടു പോലും അധികം സംഭാഷണങ്ങൾ ഇല്ലാതിരുന്ന വിഷ്ണുവിന് വേണ്ടിപോലും സുമതിയാണ് പലപ്പോഴും സംസാരിക്കുന്നത്. വിഷുണിനെ ഒളിവിൽ കഴിയുമ്പോൾ ഭക്ഷണം നൽകുകയും, കൗമാരക്കാരനായ അവൻ ചെയ്ത കുറ്റകൃത്യത്തെ ഒരു കൈയബദ്ധം ആയി വ്യാഖ്യാനിക്കുകയും ചെയ്യുന്ന സുമതി തന്റെ മതത്തിന് വേണ്ടിയും, മതമൗലികവാദിയായ വിഷ്ണുവിന് മതത്തിന് വേണ്ടിയും വാദിക്കുകയും ചെയ്യുന്ന സീനുകൾ പ്രധാനമാണ്.

ഒടുക്കം "നമ്മളൊക്കെ ഇനി പഴയതുപോലെ ആകുമോ' എന്ന് മൂസയോട് ചോദിക്കുന്ന അവളുടെ ചോദ്യം വിഷ്ണുവിന്റെ കൂടി ചോദ്യമാണോ എന്ന് വ്യക്തമല്ല. കുരുതിയുടെ സുപ്രധാനമായ അവസാന പതിനഞ്ചു മിനിറ്റുകളിൽ പ്രത്യേകിച്ച് യാതൊരു ഡയലോഗും ഇല്ലാതിരുന്ന വിഷ്ണുവിന്റെ അപ്പോഴത്തെ മാനസികസ്ഥിതിയെക്കുറിച്ച് പ്രേക്ഷകർക്ക് യാതൊരു ഐഡിയയും ഉണ്ടാകുന്നില്ലതാനും. എന്നിരുന്നാലും, ലായിക് തന്നെ കൊല്ലുമെന്നായപ്പോൾ, അതിൽ നിന്ന്​ നിരപരാധികളായ പ്രേമനെയും സുമതിയെയും രക്ഷപ്പെടുത്താൻ തയ്യാറാകുന്ന വിഷ്ണു, തന്റെ കൂട്ടുകാരൻ മരണപ്പെട്ടാലും സ്വന്തം അച്ഛന്റെ ഘാതകനെ വധിക്കും എന്ന് നിശ്ചയിച്ചിരിക്കുന്ന ലായിക്കിൽ നിന്ന് വത്യസ്തനായതിനാൽ തന്നെ ഇരുമതമൗലികവാദികളിലും തമ്മിൽ ഭേദം വിഷ്ണുവാണെന്ന അനുമാനത്തിലേക്ക് കുരുതി പ്രേക്ഷകരെ കൊണ്ടുചെന്ന് എത്തിക്കുന്നു.

സാഗർ സൂര്യ, നെൽസൺ കെ.ഗഫൂർ  ‘കുരുതി’ എന്ന ചിത്രത്തിൽ
സാഗർ സൂര്യ, നെൽസൺ കെ.ഗഫൂർ ‘കുരുതി’ എന്ന ചിത്രത്തിൽ

സിനിമ അവസാനിക്കുന്നത് ക്ഷതമേറ്റ് നിരായുധനായി ജീവനും കൊണ്ട് രക്ഷപെടുന്ന വിഷ്ണു, സിനിമയുടെ തുടക്കം മുതൽക്കേ തന്നെ "അഫ്ഘാനിസ്ഥാനിലെയും യൂറോപ്പിലെയും ചുണയുള്ള ‘മുസ്​ലിം ആൺകുട്ടികളുടെ' ആരാധകനായി പ്രത്യക്ഷപ്പെടുന്ന റസൂലിന്റെ മുന്നിലേക്കാണ്. അവൻ തന്റെ കയ്യിൽ ലായിക് വെച്ചുകൊടുത്ത മതവർഗീയതയുടെ ആയുധവും കരുതിയിട്ടുണ്ട്. ചുരുക്കത്തിൽ കുരുതി അവതരിപ്പിക്കുന്നത്, ഒരു ഭാഗത്ത് തെറ്റായ ചരിത്ര, സിദ്ധാന്തോപദേശങ്ങൾ ലഭിച്ച് ഹിന്ദു വർഗീയവാദി ആയി തീർന്ന (By Nurture), സിനിമയിലുടനീളം നിരായുധനായി നിന്ന് സ്വന്തം ജീവൻ രക്ഷിക്കാൻ വിധിക്കപ്പെട്ട, സ്വഭാവപരിണാമത്തിന് ഇനിയും സാധ്യതയേറെയുള്ള ഒരു കൗമാരക്കാരനെയും, മറുഭാഗത്ത് സ്വതവേ (By Nature) തന്നെ അക്രമകാരികളും, സ്ത്രീവിരുദ്ധരും, നിർണായകസാഹചര്യങ്ങളിൽ അനായാസമായി ആയുധമെടുക്കാനും കഴിവുള്ള മുസ്​ലിം വർഗീയവാദികളെയുമാണ്.

സുമതിയുടെ ചോദ്യത്തിന് മൂസ കൊടുക്കുന്ന ഉത്തരവും സിനിമയിൽ പ്രസക്തമാണ്. അദ്ദേഹം ശരിക്കുള്ള ആദിപാപമായി വിശ്വസിക്കുന്നത്, പക മൂത്ത് സ്വന്തം സഹോദരനായ ഹാബിലിനെ വധിക്കുന്ന കാബിലിന്റെ ഭ്രാതൃഹത്യയാണ്. ആ കാബിലിന്റെ ചോരയാണ് മനുഷ്യരുടെ ദേഹത്ത് ഇപ്പോഴും ഓടുന്നത് എന്ന് മൂസ പറഞ്ഞുവെക്കുന്നു. ഈ സന്ദർഭത്തിൽ സ്വാഭാവികമായും ഓർത്തുപോകുന്നത് കഥയുടെ തുടക്കം വിഷ്ണു, താൻ ഭാഗമായിരിക്കുന്നു എന്ന് വിശ്വസിക്കുന്ന, ലോകത്തിൽ അരങ്ങേറുന്ന ധർമ്മയുദ്ധമാണ്. സഹോദരങ്ങൾ തമ്മിൽ പരസ്പരം പോരടിക്കുന്നൊരു യുദ്ധത്തെ ധർമ്മത്തിനായുള്ള യുദ്ധമെന്നു പറഞ്ഞു മഹത്വവൽക്കരിക്കുന്ന, ലിംഗവിവേചനങ്ങളും ജാതീയതയും പ്രോത്സാഹിപ്പിക്കുന്ന ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ ‘മഹാഭാരത’ത്തെ വിമർശനവിധേയമാക്കാൻ ഈ അവസരത്തിൽ പോലും കുരുതിക്ക് സാധിക്കുന്നില്ല എന്ന് മാത്രമല്ല, അവിടെ പ്രതിക്കൂട്ടിൽ നിർത്തേണ്ടിവരുന്നത് ഇസ്​ലാം മതവിശ്വാസികൾ തന്നെ അപലപിക്കുന്ന ഒരു ഖുർആനിക് സംഭവത്തെയാണ് എന്നത് നിർഭാഗ്യകരമാണ്.

ഒരു രാജ്യത്തിനകത്തോ, അല്ലെങ്കിൽ ലോകത്ത് തന്നെയോ രാഷ്ട്രീയപരമായും സാംസ്കാരികപരമായും അധീശത്വം പുലർത്തുന്ന ശക്തികളിൽ ഉൾപ്പെടുന്ന എല്ലാ മനുഷ്യർക്കും, തങ്ങൾ അറിഞ്ഞോ അറിയാതെയോ ഇതര മത-സാമൂഹിക വിഭാഗങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ക്രൂരകൃത്യങ്ങളെ നിരന്തരമായി അപലപിക്കേണ്ട ഗതി വരാറില്ല. ഉദാഹരണത്തിന് അമേരിക്ക ഇറാഖിലും അഫ്ഘാനിലും വിയട്നാമിലും മറ്റും ചെയ്തുകൂട്ടിയ ക്രൂരകൃത്യങ്ങൾക്ക് എല്ലാ അമേരിക്കക്കാർക്കും ക്ഷമാപണസ്വഭാവം പുലർത്തേണ്ട അവസ്ഥ ഉണ്ടാകാറില്ല. അതുപോലെ തന്നെയാണ് ഇന്ത്യയിലും. ബ്രാഹ്മണ്യബോധത്തിൽ അധിഷ്ഠിതമായ ഭൂരിപക്ഷ മതവിഭാഗത്തിന്, അവരിലുൾപ്പെടുന്ന തീവ്ര വലതുപക്ഷ സംഘടനകൾ ഇതര ന്യൂനപക്ഷ സമുദായങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന അക്രമങ്ങൾക്കും ക്രൂരകൃത്യങ്ങൾക്കും പൊതുസമൂഹത്തിൽ മാപ്പ് പറയേണ്ടി വരികയോ, അവയെ എല്ലാത്തിനെയും നിരന്തരം അപലപിക്കേണ്ടിയോ വരാറില്ല. തങ്ങൾ ഇത്തരം സംഘടനയുടെ ഭാഗമല്ല എന്നും, ഈ ശക്തികളെ പിന്തുണക്കുന്നില്ല എന്നൊരു നിലപാട് എടുക്കുന്നതിലൂടെ മാത്രം അവർക്ക് "കുറ്റവുമുക്തരായി' മാറിനിൽക്കാനുള്ള പ്രിവിലിജ് ലഭിക്കാറുണ്ട്. എന്നാൽ സമാനമായ അവസ്ഥയല്ല മറ്റുന്യൂനപക്ഷങ്ങൾക്ക് ലോകത്ത് അഭിമുഖീകരിക്കേണ്ടിവരുന്നത്. ആഗോളതലത്തിൽ മുസ്​ലിംകൾ നിരന്തരം താലിബാനേയും ഇസ്​ലാമിക്​ സ്റ്റേറ്റിനെയും സ്വന്തം നിരപരാധിത്വം വ്യക്തമാക്കാനെന്നവണ്ണം തള്ളിപ്പറയേണ്ടി വരാറുണ്ട്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്​തമല്ല. രാജ്യത്ത് എവിടെയെങ്കിലും തീവ്രവാദ ആക്രമണങ്ങൾ ഉണ്ടായാലോ, ഒരു മുസ്​ലിം പ്രതി അറസ്റ്റ് ചെയ്യപ്പെട്ടാലോ, തങ്ങൾ മതമൗലികവാദികൾ അല്ല എന്നും, തികഞ്ഞ രാജ്യസ്നേഹികൾ ആണെന്നും ഓരോ മുസ്​ലിമിനും സദാ വിളിച്ചുപറഞ്ഞുകൊണ്ടേ ഇരിക്കേണ്ടി വരുന്നു. ഈ സാഹചര്യത്തിൽ "നായാട്ട്' , "കുരുതി' തുടങ്ങിയ വ്യാജ രാഷ്ട്രീയസിനിമകൾ, സമകാലിക അന്തരീക്ഷത്തിൽ രാജ്യത്ത് ഏറ്റവുമധികം അരികുവൽക്കരിക്കപ്പെട്ടിരിക്കുന്ന മുസ്​ലിംകളെയും ദലിതരെയും രാഷ്ട്രീയ പ്രതിക്കൂട്ടിൽ ശാശ്വതമായി പൂട്ടിയിടാൻ മാത്രമേ ഉപകരിക്കൂ.


Summary: ഇന്ത്യയിൽ ഒന്നാം തരംഗത്തേക്കാൾ അതിവേഗതയോടെ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാർ ശക്തികളുടെ രണ്ടാം തരംഗത്തിന്റെ മധ്യത്തിലും, അയൽരാജ്യമായ അഫ്‌ഗാനിസ്ഥാനിൽ മതമൗലികവാദ സംഘടനയായ താലിബാൻ രണ്ടു പതിറ്റാണ്ടുകൾക്കുശേഷം വീണ്ടും ഭരണത്തിലേക്ക് അടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കുരുതി പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്.


Comments