അടുത്തകാലത്ത് കണ്ട മലയാള സിനിമകളിൽനിന്ന് എമ്പുരാൻ തികച്ചും വ്യത്യസ്തമാകുന്നതിന് പല കാരണങ്ങളുണ്ട്. അതിലൊന്ന്, ചിത്രീകരണം തന്നെയാണ്. തിരക്കഥയിൽ മുരളി ഗോപിയും സംവിധാനത്തിൽ പൃഥ്വിരാജും അഭിനയത്തിൽ മോഹൻലാലും സമ്മാനിച്ചത് സമാനതകളില്ലാത്ത കാഴ്ചാനുഭവമാണ്. അതിലുപരി മലയാളത്തിൽ പരിചിതമല്ലാത്ത മേക്കിങ് സിനിമയെ ലോകോത്തരമാക്കി മാറ്റുന്നുണ്ട്. ഇത് സിനിമ എന്ന വിപണിയുമായി ബന്ധപ്പെട്ട നിരീക്ഷണമാണ്. അതിലുപരി തുടക്കം മുതൽ ഒടുക്കം വരെ ആക്ഷനും ശബ്ദാവിഷ്കാരവും നിറഞ്ഞ സിനിമ കാഴ്ചക്കാർക്ക് എന്തെങ്കിലും സന്ദേശം നൽകുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം.
ഉണ്ട് എന്നതാണ് ഉത്തരം.
സാധാരണ സിനിമയിൽ കാണുന്നതുപോലെ കഥയുടെ ഒഴുക്ക് എമ്പുരാനിൽ സംഭവിക്കുന്നില്ല. ഓരോ രംഗവും തൊട്ടടുത്ത രംഗത്തെ പൂരിപ്പിക്കുന്ന രീതിയിലല്ല കാഴ്ചയിലേക്കുവരുന്നത്. അതുകൊണ്ടുതന്നെ കഥയുടെ പൊതുരീതി സിനിമയിൽ തികച്ചും അപ്രസക്തമാകുന്നു. എന്നിട്ടും എമ്പുരാൻ എന്തുകൊണ്ട് രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെടുന്ന എന്നതാണ് പ്രധാന ചോദ്യം.
അവിടെയാണ് ഏതൊരു കലാസൃഷ്ടിയെയും രാഷ്ട്രീയമായി സമീപിക്കാനുള്ള മലയാളിയുടെ മാനസികാവസ്ഥയെ തിരിച്ചറിയേണ്ടത്. 2002-ൽ ഇന്ത്യ കണ്ട അതിഭീകരമായ വംശഹത്യയിലുള്ള സ്റ്റേറ്റിന്റെ ഇടപെടലും താല്പര്യങ്ങളും അന്നുമുതലേ ചർച്ചയായതാണ്. മാത്രമല്ല, ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഭരണകൂട അധികാരമേൽക്കോയ്മയിലേക്ക് കയറിവരാനുള്ള പരീക്ഷണം കൂടിയായിരുന്നു 2002-ലെ ഗുജറാത്ത് വംശഹത്യ. പല രീതിയിലും പിന്നീട് അത് എഴുത്തിലും കാഴ്ചയിലും പ്രത്യക്ഷപ്പെട്ടു. എന്നിട്ടും ഗർഭിണിയായ സഹോദരി റേപ്പ് ചെയ്യപ്പെടുന്ന ആവിഷ്കാരം ആ കലാപത്തിന്റെ കെട്ടിടങ്ങിയ പ്രതിരോധത്തെയും പ്രതിഷേധത്തെയും വീണ്ടും ഉണർത്തിയെടുത്തു. അത് മനുഷ്യത്വം ഉള്ളിലുള്ളവർക്ക് ചില തിരിച്ചറിവുകൾ നൽകുന്നുണ്ട്. വർഗ്ഗീയ അജണ്ടകൾ രാഷ്ട്രീയ താൽപര്യത്തിന് ഉപയോഗിക്കുമ്പോൾ സമൂഹത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ആ തിരിച്ചറിവ്. അതുണ്ടാക്കുന്ന ആത്യന്തിക ഫലം മനുഷ്യർക്കിടയിലെ വിഭജനം തന്നെയാണ്. മാത്രമല്ല, രണ്ടു പതിറ്റാണ്ടിനിടയിൽ ഇന്ത്യയിലുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾക്ക് ഗുജറാത്ത് വംശഹത്യ നൽകിയ സ്വാധീനം ചെറുതല്ല.

ഇത്തരം വസ്തുതകൾക്കിടയിലും നാം മുന്നോട്ട് വെക്കുന്ന പ്രബുദ്ധത രാഷ്ട്രീയ വിപണിയിൽ യാതൊരു മൂല്യത്തെയും നിശ്ചയിക്കുന്നില്ല എന്നു കൂടി സിനിമ പറയുന്നു. കേരളത്തിലെ എല്ലാ മുന്നണി സംവിധാനങ്ങളും പല രീതിയിലും ഗൂഢ സംഘങ്ങളുടെ അദൃശ്യമായ ഇടപെടലിൻ്റെ നിഴലിലാണ്. ചില രാഷ്ട്രീയ പാർട്ടികൾക്ക് അത് കമ്മീഷൻ ആണെങ്കിൽ മറ്റു ചിലർക്ക് കൊട്ടേഷനും അധോലോക ബന്ധങ്ങളുമാണ്. ഇതിൽനിന്ന് വർത്തമാന ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് മാറിനിൽക്കാൻ കഴിയുന്നില്ല. ഈയൊരു സന്ദേശം കൂടി സിനിമ നൽകുന്നുണ്ട്. മാത്രമല്ല, ഒരു നേതാവിന് ഉണ്ടാവേണ്ട മൂന്നു ഗുണങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് കേരളത്തിൽ ഇന്നും അന്യം നിൽക്കാത്ത രാഷ്ട്രീയ പൊതുബോധത്തിന്റെ ഭാഗമാണ്. അത്തരം തിരിച്ചറിവ് കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട് എമ്പുരാൻ. ആ അർത്ഥത്തിൽ സിനിമ ഹിന്ദുത്വ രാഷ്ട്രീയത്തോട് രാഷ്ട്രീയമായി പ്രതികരിക്കുമ്പോഴാണ് കാഴ്ചക്കാർ കയ്യടിക്കുന്നത്. അത് തൻ്റെ ഉള്ളിലുള്ള രാഷ്ട്രീയ ബോധ്യം കൊണ്ടാണ്. അതുകൊണ്ടാണ് കേരള സ്റ്റോറിയെ തള്ളിപ്പറഞ്ഞവർ എമ്പുരാൻ കയ്യടിച്ച് സ്വീകരിക്കുന്നത്. ഇത് കേവലം സിനിമയിലെ ആക്ഷൻ ത്രില്ലറിനോടുള്ള കാഴ്ചക്കാരുടെ ആവേശം മാത്രമല്ല. മറിച്ച്, ഗുജറാത്ത് വംശഹത്യ ഒരിക്കലും മറവിയിലേക്ക് വീണുപോകാതിരിക്കാനുള്ളതാന്നെന്ന സന്ദേശം കൂടിയാണ്. അത് തുറന്നു പറയാനുള്ള ആർജ്ജവം കാണിക്കുന്നു എന്നതാണ് ഈ സിനിമയുടെ രാഷ്ട്രീയം.
വിസ്മയം കൊള്ളിക്കുന്ന കാഴ്ചയിലൂടെ സിനിമ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തെ കയ്യടിച്ച് സ്വീകരിച്ച് ഈ സിനിമയെ വിജയിപ്പിക്കേണ്ടത് നല്ല മനുഷ്യരുടെ കൂടി ഉത്തരവാദിത്വമാണ്.
ഈ രാഷ്ട്രീയം എങ്ങനെ സിനിമയ്ക്കുപിന്നിൽ പ്രവർത്തിച്ചവരുടെ രാഷ്ട്രീയബോധ്യമാവും എന്നൊരു ചോദ്യം ബാക്കിയാവുന്നുണ്ട്.
കാരണം, മോഹൻലാലിനെ പല രീതിയിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി കേരളം വിചാരണ ചെയ്തിട്ടുണ്ട്. അതിൽ ശരിയുണ്ടെങ്കിൽ അത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ രാഷ്ട്രീയത്തിന്റെ ഭാഗമാവാം. ഒരു കലാകാരൻ എന്ന അർത്ഥത്തിൽ ആ രാഷ്ട്രീയത്തെ (അങ്ങനെയൊരു രാഷ്ട്രീയം അദ്ദേഹത്തിനുണ്ടെങ്കിൽ) മാറ്റിനിർത്തിക്കൊണ്ട് അഭിനയിക്കാൻ കഴിയും എന്ന് എമ്പുരാനിലൂടെ മോഹൻലാൽ തെളിയിക്കുകയാണ്. കലയിലെ ഈ നിലപാട് പ്രായോഗിക ജീവിതത്തിൽ ഇനി മോഹൻലാൽ പിന്തുടരുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം, അഭിനയം തൊഴിലാണെന്ന് പറഞ്ഞാൽ അതിനു മറുപടിയില്ല. എന്നാൽ തൊഴിലിനെ ഈ രീതിയിൽ സ്വീകരിക്കാനുള്ള മനസ്സിനെ മലയാളി തിരിച്ചറിയേണ്ടതുണ്ട്. ഗുജറാത്ത് വംശഹത്യയിൽ ആരോപണ വിധേയനായ പ്രധാനമന്ത്രിക്കുമുമ്പിൽ കൈകൂപ്പി നിൽക്കുന്ന മോഹൻലാലിൻ്റെ ചിത്രം ആരും മറന്നിട്ടില്ല. ആ വംശഹത്യ നൽകിയ മഹാനഷ്ടങ്ങളുടെ ശേഷിപ്പായ സെയ്ദിനെ തന്റെ കൂടെ നിർത്തി പ്രതികാരത്തിന് വഴിവെട്ടുന്ന മോഹൻലാലിൻ്റെ കഥാപാത്ര നിർമ്മിതിയിൽ ഒരേ സമയം മനസും ശരീരവും ഒന്നിക്കുന്നുണ്ട്. ഇനിയുള്ള കാലം ആ കഥാപാത്രം മോഹൻലാലിൻ്റെ രാഷ്ട്രീയബോധ്യങ്ങളെ തിരുത്തുമോ എന്ന ചോദ്യം തികച്ചും അപ്രസക്തമാണ്. എന്നാൽ അത്തരം ഒരു ചോദ്യം ചോദിക്കാനുള്ള അവസരം എമ്പുരാൻ നൽകുന്നു എന്നത് ചെറിയ കാര്യമല്ല.
മോഹൻലാൽ എന്ന കഥാപാത്രം സിനിമയെ എങ്ങനെയാണ് അഡ്രസ്സ് ചെയ്യുന്നത്? സെയ്ദിനോടുള്ള മാനസികമായ അടുപ്പത്തെ കൂടി തിരിച്ചറിയേണ്ടതുണ്ട്. അത്തരം തിരിച്ചറിവില്ലാത്തവരല്ല സിനിമയിൽ അഭിനയിച്ചവരും അതിനുവേണ്ടി പ്രവർത്തിച്ചവരും. കഥയുടെ ഉള്ളടക്കം ത്രില്ലർ സ്വഭാവത്തെ ശക്തിപ്പെടുത്തുമ്പോഴും അത് നിലവിലെ ഇന്ത്യൻ ഹിന്ദുത്വ ഭരണകൂട രാഷ്ട്രീയത്തെ നെടുകെ പിളർന്നുവയ്ക്കുന്നുണ്ട്. അത്തരമൊരു ആഖ്യാനത്തെ ഇന്നത്തെ കാലത്ത് ഉണ്ടാക്കുക എന്നത് എളുപ്പമല്ല. അതിന് സിനിമയുടെ സാങ്കേതിക മികവ്, അതിനാവശ്യമായ സമ്പത്ത്, അതിൻ്റെ സ്രോതസ്സ് ഇതൊക്കെ ഈ രാഷ്ട്രീയത്തോട് ഒന്നിച്ചു നിൽക്കേണ്ട അനിവാര്യമായ ഘടകങ്ങളാണ്. അതൊരു വിപണി വിൽപ്പന തന്ത്രമായിരിക്കാം. എന്നാൽ സിനിമ കാഴ്ചക്കാരിലേക്ക് എത്തുന്നതോടെ അത് നൽകുന്ന സന്ദേശം മുൻകൂട്ടി കാണാൻ കഴിയാത്തവരല്ല, ഇങ്ങനെയൊരു പുറപ്പാടിന് സന്നദ്ധരായവർ. ആ അർത്ഥത്തിൽ സിനിമയുടെ രാഷ്ട്രീയം കൃത്യമായ ബോധ്യത്തോടു കൂടിയുള്ളതാണെന്ന് ഉറപ്പിച്ചു പറയാം. ഈ സന്ദേശം നൽകുന്ന പ്രതീക്ഷ ഒട്ടും ചെറുതല്ല.

സിനിമ വിജയക്കുന്നതിൽ കഥക്കുള്ള ഇടം ചെറുതല്ല. മുരളി ഗോപിക്ക് ഇത്തരമൊരു കഥ ഒരുക്കാൻ കഴിഞ്ഞത് ഗുജറാത്ത് കലാപവും ഹിന്ദുത്വ രാഷ്ട്രീയവും തൻ്റെ നിലപാടിനോട് പൊരുത്തപ്പെടുന്നില്ല എന്നതുകൊണ്ടാണ്. എന്നാൽ ഇത്തരമൊരു കഥയെ സിനിമയാക്കാൻ പൃഥ്വിരാജിന് രണ്ടുവട്ടം ആലോചിക്കേണ്ടതില്ലെന്ന് ജനഗണമന എന്ന സിനിമ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ സിനിമ കാഴ്ചയിലേക്ക് വരുന്നതിനുമുമ്പ് കഥാകൃത്തും സംവിധായകനും തങ്ങളുടെ നിലപാട് തുറന്നു പ്രഖ്യാപിക്കുന്നുണ്ട്. അവിടുന്നാണ് എമ്പുരാൻ എന്ന സിനിമ ആരംഭിക്കുന്നത്.
വിസ്മയം കൊള്ളിക്കുന്ന കാഴ്ചയിലൂടെ സിനിമ പ്രതിനിധീകരിക്കുന്ന ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയത്തെ കയ്യടിച്ച് സ്വീകരിച്ച് ഈ സിനിമയെ വിജയിപ്പിക്കേണ്ടത് നല്ല മനുഷ്യരുടെ കൂടി ഉത്തരവാദിത്വമാണ്. കാരണം, ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെ ഇങ്ങനെയൊരു സന്ദേശം നൽകാനുള്ള ആർജ്ജവത്തിന് കയ്യടിച്ചേ മതിയാവൂ.
നിലവിലെ ഇന്ത്യനവസ്ഥയിൽ ഭരണകൂട വ്യവസ്ഥയോട് എതിർനിന്ന് പോരാടുക എന്നത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് വലിയ മുതൽമുടക്കുള്ള പദ്ധതികൾ. അവിടെ സിനിമയുടെ വിപണി സാമ്പത്തിക ലാഭത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. അതേസമയം അത് കൃത്യമായ ഒരു രാഷ്ട്രീയ ബോധ്യത്തെക്കുറിച്ചുള്ള തിരിച്ചറിവുകൂടിയായി മാറുന്നുണ്ടെങ്കിൽ എമ്പുരാൻ പല രീതിയിൽ മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം സഞ്ചരിക്കേണ്ടതുണ്ട്.