കറുപ്പും വെളുപ്പും നിറങ്ങളിൽ മാത്രമായി ചിത്രീകരിച്ച 'ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റി'ൽ, ജൂതകൂട്ടക്കൊലയുടെ ശവശരീരങ്ങൾക്കും നാസി പട്ടാളക്കാർക്കുമിടയിലൂടെ, ഓടിരക്ഷപ്പെടുമ്പോൾ വെടിയേറ്റു വീഴുന്നവർക്കിടയിലൂടെ നടന്നുപോകുന്ന പെൺകുഞ്ഞിന്റെ ഓവർകോട്ട് മാത്രം ചുവന്നനിറത്തിൽ തെളിയുന്നു.

നമുക്ക് പേരില്ല. നമ്മൾ എവിടെയുമുണ്ട്, ഇവിടെയും

രണ്ടാം ലോകമഹായുദ്ധ ചലച്ചിത്രങ്ങളുടെ ഇന്ത്യൻകാഴ്ചകൾ

ജൂതരെ വേട്ടയാടുന്നവൻ (Jew Hunter) എന്നറിയപ്പെട്ട നാസി മിലിറ്ററി ഓഫീസർ ഹാൻസ് ലാന്റയുടെ തോക്കിനുമുന്നിലൂടെ മരണഭയത്തോടെ ഓടുന്ന ജൂതപ്പെൺകുട്ടിയുടെ രംഗത്തോടെയാണ് ടറന്റീനോയുടെ Inglourious Basterds(2009) ഹിംസകളുടെ തുടരൊഴുക്കുകളിലേയ്ക്ക് പ്രവേശിക്കുന്നത്. നാസി ഭരണഭീകരതകളുടെയും രണ്ടാംലോകമഹായുദ്ധകാല യൂറോപ്യൻ ചരിത്രത്തിന്റെയും പശ്ചാത്തലത്തിൽ നിർമിക്കപ്പെട്ട ഒരു സങ്കല്പകഥയാണ് ടറന്റീനോയുടെ ഈ സിനിമ. ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയെ ഇല്ലാതാക്കാൻ സ്വയമില്ലാതാകാൻ പോലും തയ്യാറായ ചാവേറായി ശോശന്ന (Melanie Laurent അവതരിപ്പിച്ച കഥാപാത്രം) എന്ന ചെറുപെൺകിടാവ് വളരുന്നതും അവളുടെ പദ്ധതികളുടെ വിജയവുമാണ് പ്രധാന കഥാതന്തു.

‘ഇൻഗ്ലോറിയസ് ബാസ്റ്റെർഡ്സ്’ എന്ന ചിത്രത്തിൽ നിന്ന്

രണ്ടാം ലോകമഹായുദ്ധവും നാസികളുടെ വംശഹത്യകളും അനാഥരാക്കിത്തീർത്ത എണ്ണമറ്റ ബാല്യങ്ങളുടെ പ്രതികാരമാണ് ഇൻഗ്ലോറിയസ് ബാസ്റ്റെഡ്സിന്റെ അവസാനരംഗങ്ങളിൽ തീയായി കത്തിപ്പടരുന്നത്. മരണമുഖത്തുനിന്ന് ഓടിരക്ഷപ്പെട്ട പെൺകിടാവിനെ ഒരു ചാവേറായി പരിണമിപ്പിച്ച അനാഥത്വത്തിന്റെയും മാനസികാഘാതങ്ങളുടെയും രംഗങ്ങൾ ഒരുപക്ഷേ ടറന്റീനോയുടെ സിനിമയിൽ കണ്ടെന്നുവരില്ല. ആ തീവ്രാനുഭവങ്ങൾ നമുക്ക് കാണിച്ചുതരാൻ ടൈക വൈറ്റീറ്റിയുടെ ജോജോ റാബിറ്റിന് (2019) സാധിച്ചേക്കും.

ഹിറ്റ്‌ലറെ എന്തുകൊണ്ടാകാം ഇത്തരമൊരു കോമിക് കഥാപാത്രമായി അവതരിപ്പിച്ചതെന്ന് പ്രേക്ഷകർക്ക് സിനിമയുടെ ആദ്യഭാഗങ്ങളിൽ അതിശയം തോന്നാനിടയുണ്ട്. ജോജോയ്ക്കൊപ്പം നീന്തുന്ന, ജോജോയ്ക്കൊപ്പം ഓടിക്കളിക്കുന്ന, ജോജോയെ കൂട്ടുകാർ കളിയാക്കുമ്പോഴെല്ലാം അവനെ ധൈര്യശാലിയെന്ന് വിളിച്ച് ആശ്വസിപ്പിക്കുന്ന, കോമാളിയെപ്പോലെ പെരുമാറുന്ന ഒരു വേഷം!

ഹിറ്റ്‌ലർ യൂത്ത് കേഡറ്റിൽ പുതുതായി അംഗത്വം ലഭിച്ച പത്തുവയസ്സുകാരനാണ് ജോജോ ബെറ്റ്സ്ലർ (Roman Griffin Davis അവതരിപ്പിച്ച കഥാപാത്രം). അവന്റെ മനസ്സിലെ ഏറ്റവും ശക്തനും ധീരനും സത്യസന്ധനുമായ മനുഷ്യൻ ഹിറ്റ്‌ലറാണ് - ഹിറ്റ്‌ലറാണ് ആ പത്തുവയസ്സുമാത്രം പ്രായമായ ബാലന്റെ ഏറ്റവും വലിയ ശരി. അവന്റെ സൂപ്പർ ഈഗോയുടെ രൂപത്തിൽ ഹിറ്റ്‌ലർ സിനിമയിലുടനീളം പ്രത്യക്ഷപ്പെടുന്നു. ഹിറ്റ്‌ലറെ എന്തുകൊണ്ടാകാം ഇത്തരമൊരു കോമിക് കഥാപാത്രമായി അവതരിപ്പിച്ചതെന്ന് പ്രേക്ഷകർക്ക് സിനിമയുടെ ആദ്യഭാഗങ്ങളിൽ അതിശയം തോന്നാനിടയുണ്ട്. ജോജോയ്ക്കൊപ്പം നീന്തുന്ന, ജോജോയ്ക്കൊപ്പം ഓടിക്കളിക്കുന്ന, ജോജോയെ കൂട്ടുകാർ കളിയാക്കുമ്പോഴെല്ലാം അവനെ ധൈര്യശാലിയെന്ന് വിളിച്ച് ആശ്വസിപ്പിക്കുന്ന, കോമാളിയെപ്പോലെ പെരുമാറുന്ന ഒരു വേഷം!

ടൈക വെറ്റീറ്റി

അതൊരു പത്തുവയസ്സുകാരന്റെ മനസ്സ് സൃഷ്ടിച്ച ഹിറ്റ്‌ലർ മാത്രമായിരുന്നു എന്ന് സിനിമയുടെ അവസാനം പ്രേക്ഷകർക്ക് ബോധ്യപ്പെടുന്നു. ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തു എന്ന വാർത്ത വിശ്വസിക്കാൻ ജോജോയ്ക്ക് പ്രയാസം തോന്നുന്നുണ്ട്. അവന്റെ സങ്കല്പത്തിലെ ഹിറ്റ്‌ലർക്ക് ഒരിക്കലും പരാജയപ്പെടുവാനാകുമായിരുന്നില്ല. സ്കൂളിലെ അധ്യാപകർ പഠിപ്പിച്ചു തലയിൽക്കയറ്റിയ ജൂതവിരോധം മാത്രമായിരുന്നു ജോജോയ്ക്ക് അറിയാമായിരുന്നത്. യുദ്ധരംഗത്തെ പുതിയസ്ഥിതിവിശേഷങ്ങളോ ജർമ്മനിയുടെ ആസന്നമായ പരാജയമോ അവനറിഞ്ഞിരുന്നില്ല. സ്വന്തം മാതാപിതാക്കൾ ജർമ്മനിക്കെതിരെ രഹസ്യപ്രവർത്തനങ്ങളിലേർപ്പെടുന്നവരാണെന്നും അവനറിഞ്ഞിരുന്നില്ല.

തങ്ങളുടെ വീട്ടിനുള്ളിലെ രഹസ്യഅറയിൽ ഒരു ജൂതപ്പെൺകുട്ടിയെ തന്റെ അമ്മ സംരക്ഷിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അവനവളെ എതിർക്കുകയും മാനസികമായി വേദനിപ്പിക്കുകയുമെല്ലാം ചെയ്യുന്നുണ്ടെങ്കിലും ഒടുവിൽ അവളെ നിരുപാധിമായി സ്നേഹിക്കുകയാണ് ജോജോ. കുഞ്ഞുങ്ങളുടേതുമായ ആ നിഷ്കളങ്കതയിലാണ് സിനിമയും ഈ ലോകവും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ജർമൻ ഭരണകൂടത്തിനെതിരായ പ്രവർത്തനങ്ങളുടെ ഫലമായി തൂക്കിലേറ്റപ്പെട്ട സ്വന്തം അമ്മയുടെ കാലുകൾ ഞെട്ടലോടെക്കണ്ട് തിരിച്ചറിയുന്ന ജോജോയുടെ മുഖത്തുനിന്ന് അവന്റെ ബാല്യം മുഴുവനും ഒലിച്ചുപോകുന്നു. യുദ്ധം കുട്ടികളെ അകാലത്തിൽ മുതിർന്നവരാക്കിക്കളയുന്നു.

ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന ശിശുമനഃശ്ശാസ്ത്രത്തെ ശക്തമായി അവതരിപ്പിക്കുന്നു എന്നതാണ് ജോജോ റാബിറ്റ് എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്

ചെറുപ്രായത്തിൽ കുട്ടികളുടെ മനസ്സിലേയ്ക്ക് കടത്തിവിടുന്ന വംശീയതാബോധങ്ങളും വെറുപ്പും അവരെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നാണ് ജോജോ റാബിറ്റ് നമ്മോട് പറയുന്നത്. ഒരു മുയൽക്കുഞ്ഞിനെപ്പോലും കൊല്ലാൻ ശേഷിയുള്ളവനല്ല ജോജോ. എന്നാൽ അവൻ സ്വയം ധരിച്ചുവെച്ചിരിക്കുന്നത് ജൂതരെ പീഡിപ്പിച്ച് കൊല്ലുവാനും ഗ്രനേഡ് എറിയാനും യുദ്ധം ചെയ്യാനുമെല്ലാം പോന്നവനാണ് താനെന്നാണ്. അവന്റെ സ്കൂളിൽ അവനെ പഠിപ്പിച്ചിട്ടുണ്ട് ജൂതർ "വൃത്തികെട്ട ജീവികളാ'ണെന്ന്, ആ വൃത്തികേടുകളിലൂടെ അവരെ തങ്ങളിൽ നിന്നും വ്യത്യസ്തരായി തിരിച്ചറിയാനാകുമെന്ന്. ജൂതരുടെ രൂപ-സ്വഭാവസവിശേഷതകളിലൂടെ അവരെ തിരിച്ചറിയാനാകുന്നതെങ്ങനെ എന്ന വിഷയത്തിൽ ഒരു പുസ്തകം എഴുതിത്തയ്യാറാക്കാൻപോലും അവൻ ഏറെനേരം ചെലവഴിക്കുന്നതുകാണാം.

‘ജോജോ റാബിറ്റി’ലെ രംഗം

ഓടിക്കളിക്കുകയും പാട്ടുപാടുകയും വിദ്യാഭ്യാസം നേടുകയും കൂട്ടുകാരോടും വീട്ടുകാരോടുമൊത്ത് സാമൂഹികജീവിതപാഠങ്ങൾ അഭ്യസിക്കുകയും ചെയ്യേണ്ട പ്രായത്തിൽ ജോജോയും അവന്റെ പ്രായക്കാരായ മറ്റനേകം കുട്ടികളും എത്തിപ്പെട്ടത് നാസി ഭരണകൂടത്തിന്റെ കുട്ടിപ്പട്ടാളത്തിലാണ്. അവിടെയവരെ അഭ്യസിപ്പിക്കുന്നതാകട്ടെ സഹജീവികളെ എത്രമാത്രം ക്രൂരതയോടെ കൊന്നുകളയാമെന്നും. പെൺകുട്ടികൾക്ക് അവിടെ പ്രത്യേകപരിശീലനം നൽകുന്നുണ്ട് - ജർമ്മൻ പട്ടാളക്കാരെ ശുശ്രൂഷിക്കുക, ആവുന്നത്ര ആര്യവംശജരെ പെറ്റുകൂട്ടുക. പത്തുവയസ്സുകാരികളായ പെൺകുട്ടികൾക്ക് ലഭിച്ചിരുന്ന ശിക്ഷണത്തിന്റെ സ്വഭാവം ഇങ്ങനെയിരുന്നു.

സ്വതന്ത്ര ഇച്ഛ (free will ) എന്തെന്ന് തിരിച്ചറിയുന്നതിനു മുൻപ് ഒരു മനുഷ്യശിശുവിന്റെ ബോധാബോധങ്ങളിൽ ഭരണകൂടം കുത്തിനിറയ്ക്കുന്ന വിദ്വേഷത്തിന്റെയും അക്രമങ്ങളുടെയും രാഷ്ട്രീയം അവനെ ഭരണകൂടത്തിന്റെ ഇച്ഛകളെ സ്വന്തം ഇച്ഛയായി തെറ്റിദ്ധരിക്കുന്ന / നിർമിച്ചെടുക്കപ്പെട്ട സ്വന്തമിച്ഛപ്രകാരം പരനെ ദ്രോഹിക്കുന്ന വംശീയവാദിയാക്കി പരിണമിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള ഫാസിസ്റ്റ് ഭരണകൂടങ്ങൾ പ്രയോഗിക്കുന്ന ഈ ശിശുമനഃശ്ശാസ്ത്രത്തെ ശക്തമായി അവതരിപ്പിക്കുന്നു എന്നതാണ് ജോജോ റാബിറ്റ് എന്ന സിനിമയെ രണ്ടാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിക്കപ്പെട്ട ഇതരചലച്ചിത്രങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നത്.

മനുഷ്യരെ വംശീയാടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുകയും പൗരത്വം നിഷേധിക്കുകയും ചെയ്യുന്ന ആധുനിക "ജനാധിപത്യ' രാഷ്ട്രങ്ങളിൽ ഈ സിനിമയും ഇതിലെ ദൃശ്യങ്ങളും എക്കാലത്തും കാഴ്ചയുടെ തീവ്രാനുഭവങ്ങളായി നിലനിൽക്കും.

കോൺസൺട്രേഷൻ ക്യാമ്പുകളിലും അപരിചിതരുടെ വീടുകൾക്കുള്ളിലെ ഇരുട്ടറകളിലുമായി ഒളിച്ചും പീഡിതരായും കഴിഞ്ഞുകൂടേണ്ടിവന്ന ജൂതബാല്യങ്ങളുടെ കഥകൾ നമ്മളേറെ കേട്ടിട്ടുണ്ട്. ജോജോയെ സ്നേഹം പഠിപ്പിക്കുന്ന എൽസയുടെ ജീവിതവും മാനസികാവസ്ഥകളും ആഘാതങ്ങളുമെല്ലാം ജോജോ റാബിറ്റിൽ അവതരിപ്പിക്കുന്നുണ്ട്. സമാന്തരങ്ങളായ രണ്ട് ഒഴുക്കുകളാണ് ഇവിടെയുള്ളത് - ജൂതരുടെയും നാസി ആര്യന്മാരുടെയും ബാല്യകാലാനുഭവങ്ങൾ അവരിൽ തലമുറകളോളം നീട്ടിവെയ്ക്കപ്പെട്ട ആഘാതങ്ങൾ സൃഷ്ടിച്ചത് എങ്ങനെയാണെന്ന് സിനിമ അതിഗംഭീരമായി ദൃശ്യവൽക്കരിച്ചിരിക്കുന്നു. "ഇക്കാലത്ത് കുഞ്ഞുങ്ങൾ പെട്ടെന്ന് മുതിരുന്നു' എന്ന റോസി ബെറ്റ്സ്ലലറുടെ (ജോജോയുടെ അമ്മ) ദുഃഖത്തിനു മുകളിലൂടെ കടുത്തചായങ്ങളിലാണ് ചിത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്; ഒരുപക്ഷേ ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റ് (1993) എന്ന അതി പ്രശസ്ത ചലച്ചിത്രത്തിൽ ബോധപൂർവം ദീക്ഷിച്ചിട്ടുള്ള "നിറമില്ലായ്മ'യ്ക്കു പകരമെന്നവണ്ണം.

സ്റ്റീവൻ സ്പിൽബർഗ്

ലാഭേച്ഛയോടെ പോളണ്ടിലെത്തി വ്യവസായമാരംഭിച്ച ഓസ്കർ ഷിൻഡ്ലർ എന്ന നാസി പന്ത്രണ്ടായിരം ജൂതരുടെ രക്ഷകനായിമാറിയ തീവ്രാനുഭവകഥയാണ് സ്റ്റീവൻ സ്പിൽബർഗിന്റെ ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റ്. ജീവിയ്ക്കാൻ ഒരു നല്ല ഡോക്ടറും ക്ഷമാശീലനായ പുരോഹിതനും സമർത്ഥനായ അക്കൗണ്ടന്റും മതിയെന്ന് വിശ്വസിച്ചിരുന്ന ജർമ്മൻ വ്യവസായിയായിരുന്നു ഓസ്കാർ ഷിൻഡ്ലർ. തുടർച്ചയായി പല വ്യവസായ സംരഭങ്ങളിലും നഷ്ടങ്ങൾ മാത്രം നേരിട്ട ഷിൻഡ്ലർ പോളണ്ടിലെ ക്രാർക്കോവിൽ ലോഹപ്പാത്രങ്ങൾ നിർമ്മിക്കുന്ന വ്യവസായം തുടങ്ങുന്നു. ജൂതവംശജനായ ഇസ്താക് സ്റ്റേൺ എന്ന അക്കൗണ്ടന്റിന്റെ സഹായത്തോടെയാണ് അദ്ദേഹം ആ വ്യവസായം ആരംഭിച്ചത്. നാസി പാർട്ടിയിൽ അംഗത്വമുണ്ടായിരുന്ന അദ്ദേഹത്തിന് പല പ്രമുഖ ഉദ്യോഗസ്ഥരുമായും സൗഹൃദവുമുണ്ടായിരുന്നു.

രണ്ടാംലോകമഹായുദ്ധമുഖത്ത് ലോഹപ്പാത്രങ്ങളുടെ ആവശ്യം വലിയതോതിൽ ഉണ്ടായിരുന്നതിനാൽ തുടക്കത്തിൽത്തന്നെ ഭീമമായ സാമ്പത്തികനേട്ടം കൈവരിക്കാൻ ഷിൻഡ്ലർക്ക് സാധിച്ചു. സാമ്പത്തികരംഗത്തെ വിജയങ്ങളുടെയും പരാജയങ്ങളുടെയും മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത് ഇനിമേലിൽ ഭാഗ്യമല്ല യുദ്ധമായിരിക്കും എന്ന് ഷിൻഡ്ലർ തിരിച്ചറിയുന്ന ഒരു രംഗമുണ്ട് സിനിമയിൽ. ഈ വസ്തുത നേരത്തേയറിഞ്ഞിരുന്നെങ്കിൽപ്പോലും തന്റെ പൂർവ്വസംരഭങ്ങൾ പച്ചപിടിപ്പിക്കാൻ അയാൾക്കാവുമായിരുന്നില്ല. എന്തെന്നാൽ യുദ്ധം അയാൾക്ക് സൃഷ്ടിക്കാനാവുന്ന അവസ്ഥാന്തരമായിരുന്നില്ല.

ജൂതരെ പണിയാളരായി പാർപ്പിച്ചാൽ ശമ്പളം നൽകേണ്ടതില്ലാത്തതിനാൽത്തന്നെ ലാഭവുമധികമാക്കാമെന്ന ധാരണയാലാണ് ഷിൻഡ്‌ലർ അവരെ തന്റെ കമ്പനിയിലേക്ക് ജോലിക്കാരായി തിരഞ്ഞെടുക്കുന്നത്. അദ്ദേഹത്തെ വ്യവസായം ആരംഭിക്കാൻ സഹായിച്ച ഇഷ്താക്ക് സ്റ്റേൺ തന്നെയാണ് ജൂതർക്ക് വ്യാജ ഐഡന്റിന്റി കാർഡുകളും ജോലി യോഗ്യതകളും നിർമ്മിച്ചുനൽകിയത്. ലോഹനിർമാണത്തിനാവശ്യമായ യോഗ്യതകളോ ശാരീരികക്ഷമതയോ ഉള്ളവരായിരുന്നില്ല അവരിലേറെപ്പേരും. ചിലർ ഒറ്റക്കൈ മാത്രമുള്ളവരായിരുന്നു. ചിലർ ഏറെ പ്രായം ചെന്നവർ. ചിലർ കളിപ്രായം വിടാത്ത ചെറിയ കുട്ടികൾ.

പൗരത്വനിയമഭേദഗതികളുടെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റ് ഒരു പാഠപുസ്തകമാകുന്നു

ഐഡന്റിറ്റി കാർഡ് കൈയ്യിൽ കരുതാതെ പുറത്തിറങ്ങിനടന്ന ഒരു ദിവസം ഇഷ്താക്കിനെ നാസി പട്ടാളം ഓഷ്വിറ്റ്സിലേക്ക് കയറ്റിയയക്കാൻ തുടങ്ങുന്ന മറ്റൊരു രംഗവുമുണ്ട്. ഷിൻഡ്ലർ കൃത്യസമയത്ത് ഇടപെട്ടതിനാൽ മാത്രമാണ് അയാൾ രക്ഷപ്പെട്ടത്. മനുഷ്യരെ വംശീയാടിസ്ഥാനത്തിൽ പട്ടികപ്പെടുത്തുകയും പൗരത്വം നിഷേധിക്കുകയും ചെയ്യുന്ന ആധുനിക "ജനാധിപത്യ' രാഷ്ട്രങ്ങളിൽ ഈ സിനിമയും ഇതിലെ ദൃശ്യങ്ങളും എക്കാലത്തും കാഴ്ചയുടെ തീവ്രാനുഭവങ്ങളായി നിലനിൽക്കും.

പൗരത്വനിയമഭേദഗതികളുടെ ഇന്ത്യൻ സാഹചര്യങ്ങളിൽ ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റ് ഒരു പാഠപുസ്തകമാകുന്നു. ഷിൻഡ്‌ലറുടെ കമ്പനിയിൽ ജോലിക്കാരനാകാനായി ഇരുമ്പുപണിക്കാരൻ എന്ന ലേബൽ അണിയുന്ന ഒരു അധ്യാപകനെ സിനിമ കാണിച്ചുതരുന്നു. ചരിത്രവും സാഹിത്യവുമാണ് അയാൾ പഠിപ്പിക്കുന്നത്. അയാളെ "അവശ്യജ്ഞാനം" അല്ല എന്നു പറഞ്ഞ് തൊഴിലാളികളെ പട്ടികപ്പെടുത്തുന്നവർ തള്ളിമാറ്റുന്നു.അവശ്യതൊഴിലാളിയല്ലാതെയാകുന്നതോടെ ഒരാൾ ഓഷ്വിറ്റ്സിലോ ക്രാക്കോവിലോ ഉള്ള കോൺസൺട്രേഷൻ ക്യാമ്പിലേക്കാണ് പോകേണ്ടിവരുക. "ചരിത്രവും സാഹിത്യവും എന്നുമുതലാണ് അത്യാവശ്യമല്ലാതായത് ! ' എന്നയാൾ ആശ്ചര്യപ്പെടുന്നു. "മെറ്റൽ പോളിഷർ' എന്ന വ്യാജലേബലിലാണ് അയാൾ ഷിൻഡ്ലറുടെ തൊഴിലാളിയായി മാറുന്നത്. സാഹിത്യകാരനായ മറ്റൊരു ജൂതനും മാറ്റിനിർത്തപ്പെടുന്നത് തുടർന്ന് കാണാം. ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റ് കണ്ടുതീർക്കുന്നത് വളരെ ആയാസകരമായ പ്രവൃത്തിയാണ്. മൂന്നുമണിക്കൂറിലധികം സമയമുള്ള സിനിമയിൽ പത്തുമിനുറ്റുപോലും കണ്ടിരിക്കാനാവാത്തത്ര ക്രൂരതയും നിരാശയും നിസ്സഹായതയുമുണ്ട്. എങ്കിലും കാഴ്ചയേയും ബോധത്തെയും അതിലുമേറെ ആയാസപ്പെടുത്തുന്നത് , ചരിത്രപാഠപുസ്തകങ്ങൾ തിരുത്തിയെഴുതപ്പെടുകയും സാഹിത്യകാരന്മാർ വെടിയേറ്റുമരിക്കുകയും ചെയ്യുന്ന ഇന്ത്യൻസാഹചര്യങ്ങളെ ഓർമ്മിക്കാതെ ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റ് കണ്ടുതീർക്കാനാവില്ല എന്നതാണ്.

‘ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റി’ൽനിന്ന്​

സ്വേച്ഛാധികാരം ഭയ(ക്കു)ന്നത് തലച്ചോറുകളെയും ആശയങ്ങളെയുമാണ്. നൂറ്റാണ്ടുകളുടെ പ്രയത്നത്താൽ സാംസ്കാരത്തിന്റെ വിവിധതലങ്ങളിൽ തളിർത്ത ജൂതചരിത്രത്തെ ഒരു പിന്തുടർച്ചപോലും അവശേഷിപ്പിക്കാതെ ചരിത്രത്തിൽനിന്നും മായ്ച്ചുകളയാൻ പോരുകയാണെന്ന് ഓഫീസർ അമൺ ഗൊയ്ത്ത്. അദ്ദേഹം പറയുന്നു, താൻ അത് ചെയ്യാൻ പോകുകയാണെന്ന്. പ്രശസ്തമായ ഒരു സർവകലാശാലയിൽനിന്നും സിവിൽ എഞ്ചിനീയറിങ്ങ് പഠിച്ചിറങ്ങിയ ബുദ്ധിമതിയായ ജൂതയുവതിയുടെ തലച്ചോറിലേയ്ക്ക് വെടിവെയ്ക്കുന്നതിനു തൊട്ടുമുൻപായി " വിദ്യാസമ്പന്നയായ ജൂത! മാർക്സിനെപ്പോലെ!' എന്നാണ് ഓഫീസർ അമൺ വെറുപ്പോടെ ഉച്ചരിക്കുന്ന വാചകം. ജൂതരെയെന്നപോലെ മാർക്സിസത്തെയും വെറുത്ത ജർമൻ സ്വേച്ഛാധിപത്യത്തെ ആ ഒരൊറ്റ ആത്മഭാഷണത്തിലൂടെ സ്പിൽബർഗ് അവതരിപ്പിച്ചിരിക്കുന്നു.

മറ്റൊരിക്കൽ അധികാരികൾ ഷിൻഡലറുടെ കമ്പനിയിൽ നിന്ന് ജൂതരെ പുറത്താക്കുന്നുണ്ട്. അപ്പോൾ കാലങ്ങൾക്കുശേഷം തെരുവിൽ കൂടിനിന്ന് സംസാരിക്കുകയാണ് അവർ. കൂട്ടം കൂടാനുള്ള അവകാശം കൂടിയായിരുന്നു അവർക്ക് നിഷേധിക്കപ്പെട്ടത്. സാമൂഹികജീവിതമായിരുന്നു അവരിൽനിന്ന് പിടിച്ചെടുത്തത്. അവരുടെ വിലപിടിപ്പുള്ള വസ്തുക്കളോരോന്നും ഭരണകൂടം തട്ടിപ്പറിച്ചെടുത്തുകഴിഞ്ഞു - സ്വത്തും സ്വകാര്യതയും സ്വാതന്ത്ര്യവും, വൃദ്ധന്മാരുടെ സ്വർണപ്പല്ലുകൾ പോലും.

"നിഷ്കളങ്കതയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ എന്ന ആൽബേർ കാമുവിന്റെ വാചകം ഓർമയിലെത്തുന്നു, കൂടെ ഇന്ത്യയിലെ നൂറായിരം കർഷകർ പങ്കെടുക്കുന്ന സമരത്തിൽ റൊട്ടി വിളമ്പുന്ന പെൺകുഞ്ഞിന്റെ പുഞ്ചിരിയുള്ള മുഖവും

ജൂതരുടെ ഭയാശങ്കകൾ നിറഞ്ഞ മുഖങ്ങൾ തിങ്ങിയ ക്രാക്കോവിലെ തെരുവുകളിലും കുട്ടികളുടെ പൊട്ടിച്ചിരികൾ അവിടെയും കേൾക്കാം. ഏതു മഹാവിപത്തിനു നടുവിലും നിന്ന് കളിക്കാനാകുന്ന ബാല്യത്തിന്റെ ദൃശ്യങ്ങൾ പലയാവർത്തി കാണാം. ജർമൻ കുട്ടിപ്പട്ടാളത്തിലെ അംഗമായ ആൺകുട്ടി അവന്റെ കൂട്ടുകാരനായിരുന്ന ജൂതബാലന്റെ കുടുംബത്തെ ഒളിച്ചിരിക്കാൻ സഹായിക്കുന്നതും കാണാം. ജൂതകൂട്ടക്കൊലയുടെ ശവശരീരങ്ങൾക്കും നാസി പട്ടാളക്കാർക്കുമിടയിലൂടെ, ഓടിരക്ഷപ്പെടുമ്പോൾ വെടിയേറ്റു വീഴുന്നവർക്കിടയിലൂടെ താൻ യാതൊന്നും അറിയുന്നില്ല എന്ന മട്ടിൽ നടന്നുപോകുന്ന ഒരു പിഞ്ചുബാലികയിലേക്ക് ക്യാമറ കേന്ദ്രീകരിക്കുന്ന അതിപ്രശസ്തമായ മറ്റൊരു രംഗമുണ്ട് ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റിൽ (Olivia Dabrowska). കറുപ്പും വെളുപ്പും നിറങ്ങളിൽ മാത്രമായി ചിത്രീകരിച്ച സിനിമയിൽ ആ പെൺകുഞ്ഞിന്റെ ഓവർകോട്ട് മാത്രം ചുവന്നനിറത്തിൽ തെളിയുന്നു. ജൂതഹത്യകളുടെ ഏറ്റവും ഭീകരമായ മുഖം ഓസ്കർ ഷിൻഡ്‌ലർ കാണുകയും ജൂതരെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിലേയ്ക്ക് ഇറങ്ങിത്തിരിക്കുകയും ചെയ്യുന്നത് ആ പെൺകുട്ടിയെ കണ്ടുമുട്ടുന്നിടത്തുനിന്നുമാണ്. തനിക്ക് ചുറ്റും മരിച്ചുവീഴുന്ന മുതിർന്നവരുടെ നിലവിളികളും നാസി പട്ടാളത്തിന്റെ കൊലവിളികളും കേൾക്കാതെ; ഒട്ടുമേ ധൃതി വെയ്ക്കാതെ മൂന്നരവയസ്സിന്റെ മുഴുവൻ ഓമനത്തങ്ങളോടെയും നടന്നുപോകുകയാണ് ആ ബാലിക. സിനിമയുടെ അവസാനഭാഗത്ത് ശവക്കൂമ്പാരങ്ങൾക്കു മുകളിൽ അവളുടെ ശവശരീരവും ഷിൻഡ്​ലർ കാണുന്നു. അവിടെയും അവളുടെ ചുവന്ന ഓവർകോട്ടാണ് തെളിഞ്ഞുകാണുന്നത്.

ചുറ്റും മരിച്ചുവീഴുന്ന മുതിർന്നവരുടെ നിലവിളികളും നാസി പട്ടാളത്തിന്റെ കൊലവിളികളും കേൾക്കാതെ; ഒട്ടുമേ ധൃതി വെയ്ക്കാതെ മൂന്നരവയസ്സിന്റെ മുഴുവൻ ഓമനത്തങ്ങളോടെയും നടന്നുപോകുകയാണ് ആ ബാലിക. ‘ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റി’ൽ നിന്ന്‌

എല്ലാ രംഗങ്ങളും കറുപ്പിലും വെളുപ്പിലുമായി ചിത്രീകരിച്ചതാണെങ്കിലും തെരുവുകളിലെ നാസിസ്റ്റ് അക്രമങ്ങളിലൂടെ കടന്നുപോകുമ്പോൾ "വരൂ, ഈ തെരുവിലെ രക്തം കാണൂ ' വെന്നു പറഞ്ഞുകൊണ്ട് ഒരു രക്തഛവി സിനിമയിൽ പടർന്നും മാഞ്ഞും പോകുന്നതു കാണാം. എങ്കിലും ചുവപ്പ് നിറം തെളിഞ്ഞുനിന്ന ഒരേയൊരു രംഗം ജൂതബാലികയുടേതാണ്. അവളുടെ ചുവന്ന ഓവർകോട്ട് നിഷ്കളങ്കതയുടെ പ്രതീകമാണ് സിനിമയിൽ. അവിചാരിതമായി അഭിമുഖീകരിക്കേണ്ടതായിവന്ന ആ നിഷ്കളങ്കതയാണ് ഷിൻഡ്​ലറെ 12000 - ഓളം ജൂതരുടെ ജീവൻ രക്ഷിക്കാൻ പ്രാപ്തനാക്കിയത്. ലാഭക്കൊതിയുമായി ക്രാക്കോവിലെത്തിയ ഷിൻഡ്​ലറെ മനുഷ്യത്വത്താൽ മാത്രം സമ്പന്നനാക്കിത്തീർത്ത് തിരിച്ചയച്ചത്. "നിഷ്കളങ്കതയെക്കുറിച്ചുള്ള നഷ്ടബോധമാണ് ഓരോ കലാപത്തിന്റെയും കാതൽ '( Every act of rebellion expresses a nostalgia for innocence and an appeal to the essence of being) എന്ന ആൽബേർ കാമുവിന്റെ വാചകം ഓർമയിലെത്തുന്നു , കൂടെ ഇന്ത്യയിലെ നൂറായിരം കർഷകർ പങ്കെടുക്കുന്ന സമരത്തിൽ റൊട്ടി വിളമ്പുന്ന പെൺകുഞ്ഞിന്റെ പുഞ്ചിരിയുള്ള മുഖവും.

ഫാസിസ്റ്റ് ഭീകരതയിൽ അതിജീവിക്കാൻ വേണ്ടി മനുഷ്യൻ ചെയ്യുന്ന ഏറ്റവും നിസ്സഹായമായ ശ്രമത്തെയും ചിത്രീകരിച്ച സിനിമയാണ് ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റ്. അതിജീവനത്തിനായും അന്തസ്സായ മരണത്തിനായും കലയെ കൂട്ടുപിടിച്ച ജൂതയുവാവ് പിയാനോയിൽ മൊസാർട്ടിനെ വായിക്കുന്നു. മൊസാർട്ട് ജർമനിയുടെ പൊതുവികാരമാണ്. മൊസാർട്ടിനെ വായിക്കുന്നതിലൂടെ അയാൾ ജർമനി തങ്ങളുടേതുമാണെന്ന് വിളിച്ചുപറയുകയാണ് ചെയ്യുന്നത്.

കൊന്നൊഴിവാക്കുന്നതിന്റെ മുന്നോടിയായ ആരോഗ്യപരിശോധനയിൽ ഉദ്യോഗസ്ഥരുടെ മുന്നിലൂടെ വിവസ്ത്രരായി ഓടേണ്ടിവരുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും നമ്മൾ കാണുന്നു. ഗെട്ടോകളിലെ വിളറി വെളുത്ത ജൂതസ്ത്രീകൾ ആരോഗ്യപരിശോധനയ്ക്കു മുമ്പായി സ്വന്തം ചോര കൊണ്ട് മുഖം തുടുപ്പിക്കുന്ന മറ്റൊരു ദൃശ്യവും കാണുന്നു. എത്ര വലിയ പീഡനവും മനുഷ്യൻ സഹിക്കുന്നു, എത്ര വലിയ അപമാനവും - മനുഷ്യന്റെ അതിജീവനത്തിനായുള്ള ആഗ്രഹം മാത്രമാണ് ഒടുവിൽ ബാക്കിയാകുന്നത്. കഴിഞ്ഞ നവംബർ 30 ന് ഷിൻഡ്​ലേഴ്​സ്​ ലിസ്റ്റ് പുറത്തിറങ്ങിയിട്ട് ഇരുപത്തേഴ് വർഷം തികഞ്ഞു. 1943 ലെ ക്രാക്കോവ് ജൂതഹത്യ സംഭവിച്ചുകഴിഞ്ഞതിന്റെ 78 വർഷങ്ങളും. എന്നിട്ടുമിനിയും കടുത്ത മാനസികാഘാതമുണ്ടാക്കുന്ന (traumatize) ഈ ദൃശ്യങ്ങൾ ചരിത്രമായിക്കഴിഞ്ഞിട്ടില്ല എന്ന തിരിച്ചറിവിലാണ് കാഴ്ച ഒരു രാഷ്ട്രീയപ്രവർത്തനമാകുന്നത്.

എന്തുചെയ്താലും ചെയ്തില്ലെങ്കിലും നമ്മൾ ഭരണകൂടത്താൽ കൊല്ലപ്പെടാൻപോകുന്നു. നമ്മൾ തടിച്ചിരുന്നാലും മെലിഞ്ഞിരുന്നാലും; ലോകത്തെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളിൽനിന്ന് ബിരുദമെടുത്തവരാണെങ്കിലും അക്ഷരാഭ്യാസമില്ലാത്തവരാണെങ്കിലും; സമ്പന്നനായിരുന്നെങ്കിലും അല്ലായിരുന്നെങ്കിലും - ജൂതവംശജനായിരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ മാത്രം നമ്മൾ കൊല്ലപ്പെടാൻപോകുന്നു

"സ്വന്തം തൊഴിലാളികളെ കൂട്ടമായി പാർപ്പിച്ച് എങ്ങനെയാണ് കൊല്ലാനാവുക, നമ്മൾ അവരുടെ അവശ്യതൊഴിലാളികളല്ലേ , നമ്മൾ പ്രധാനപ്പെട്ടവരല്ലേ ! ' എന്ന് പരസ്പരം പറഞ്ഞാശ്വസിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ -ഒന്നിനു മുകളിലൊന്നായി അടുക്കി വെച്ച മരക്കട്ടിലുകളിൽ കിടന്ന് അവർ പറയുന്ന കഥകളിലെല്ലാം സ്ത്രീകളെ നാസി പട്ടാളം കോൺസൺട്രേഷൻ ക്യാമ്പുകൾക്കകത്ത് ഗ്യാസ് ശ്വസിപ്പിച്ച് കൊന്നതിന്റെ വാർത്തകളാണ്. കേട്ട കഥകളെല്ലാം സത്യമാണെന്നറിയുമ്പോഴും അവ വിശ്വസിക്കാൻ അവർക്ക് സമ്മതമല്ല. തങ്ങൾ അത്തരത്തിൽ കൊല്ലപ്പെടില്ല എന്ന് വിശ്വസിക്കുവാൻ നിരാശരായി ശ്രമിക്കുകയാണ് അവരോരുത്തരും. വിവിധപ്രായക്കാരായ സ്ത്രീകളുടെ മുഖങ്ങളിലേയ്ക്ക്, ആ നിരാശമുറ്റിയ ആശകളിലേയ്ക്ക്, അന്ധാളിപ്പിലേയ്ക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു. തൊട്ടടുത്ത നിമിഷത്തിൽ സങ്കല്പിക്കാവുന്നതിൽ ഏറ്റവും നീചമായ, അന്തസ്സിലാത്തതായ വിധങ്ങളിൽ തങ്ങൾ കൊല്ലപ്പെടാം എന്ന തിരിച്ചറിവോടെ ജീവിക്കുന്ന മനുഷ്യരുടെ മുഖങ്ങളാണ് ഈ സിനിമ നിറയെ. പട്ടാളം അടിച്ചേൽപ്പിച്ച അച്ചടക്കങ്ങൾക്കും പെരുമാറ്റരീതികൾക്കും നിയമാവലികൾക്കുമൊന്നും തങ്ങളെ മരണത്തിൽനിന്ന് രക്ഷിക്കാനാകില്ല എന്ന തിരിച്ചറിവാണത്.

എന്തുചെയ്താലും ചെയ്തില്ലെങ്കിലും നമ്മൾ ഭരണകൂടത്താൽ കൊല്ലപ്പെടാൻപോകുന്നു. നമ്മൾ തടിച്ചിരുന്നാലും മെലിഞ്ഞിരുന്നാലും; ലോകത്തെ ഏറ്റവും പ്രശസ്തമായ സർവകലാശാലകളിൽനിന്ന് ബിരുദമെടുത്തവരാണെങ്കിലും അക്ഷരാഭ്യാസമില്ലാത്തവരാണെങ്കിലും; സമ്പന്നനായിരുന്നെങ്കിലും അല്ലായിരുന്നെങ്കിലും - ജൂതവംശജനായിരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ മാത്രം നമ്മൾ കൊല്ലപ്പെടാൻപോകുന്നു. ഫാ(നാ)സിസ്റ്റ് ഭരണകൂടം നമ്മളെ മനുഷ്യനായോ പൗരനായോ അഭയാർത്ഥികളായോ കാണുന്നില്ല. അവരുടെ പട്ടികകളിൽ നമ്മുടെ വംശങ്ങൾ മാത്രമാണെന്നും അടയാളപ്പെടുന്നത്. നമുക്ക് പേരില്ല. നമ്മൾ എവിടെയുമുണ്ട്, ഇവിടെയും.▮


ഡോ. ലക്ഷ്മി പി.

മലയാള ഭാഷാ സാഹിത്യ ഗവേഷക, യു.ജി.സി സീനിയർ റിസർച്ച്​ ​ഫെല്ലോ

Comments