ഫ്ലീബാഗിലെ നായിക ഫോബെ വാലർ ബ്രിഡ്ജ്

ഫ്ലീബാഗ്​; ആത്മാവിൽ തുളവീണുപോയവരുടെ ശരീരകഥകൾ

കൂടുതൽ ഉയർന്ന മുലകൾ ഉണ്ടായിരുന്നെങ്കിൽ താനിത്ര ഫെമിനിസ്റ്റാവില്ലായിരുന്നു എന്ന് പറയുന്ന ഫ്ലീബാഗിൽ നിന്നുമാണ് ഫ്ലീബാഗ് ഫെമിനിസം എന്ന പുതിയ സംജ്ഞ രൂപപ്പെട്ടുവന്നിരിക്കുന്നത്. മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയ വെബ്​ സീരീസിന്റെ വേറിട്ട കാഴ്​ച

2016 ൽ ഹാരി ബ്രാഡ്ബിയറിന്റെ സംവിധാനത്തിൽ ബി.ബി.സി പ്രക്ഷേപണം ചെയ്ത ഫ്ലീബാഗ് മലയാളികൾക്കിടയിൽ അത്രയേറെ ശ്രദ്ധ പിടിച്ചുപറ്റിയ സീരീസ് ആണ്. ഇതിന്റെ തിരക്കഥാകാരിയായ ഫീബി വാലർ ബ്രിഡ്ജ് ആണ് പ്രധാന കഥാപാത്രമായ ഫ്ലീബാഗിനെ അവതരിപ്പിച്ചിരിക്കുന്നതും. 2013 ൽ ഫീബി വാലർ ബ്രിഡ്ജ് അവതരിപ്പിച്ച ശ്രദ്ധേയമായ ഒരു വൺ - വുമൺ - ഷോയിൽനിന്നുമാണ് പിന്നീട് ഫ്ലീബാഗ് ഒരു ടെലിവിഷൻ സീരീസായി മാറുന്നത്. സീരീസിലെ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവങ്ങൾ പരിപൂർണമായി അവതരിപ്പിക്കാൻ വെറും രണ്ട് സീസണുകളിലായുള്ള 12 എപ്പിസോഡുകൊണ്ട് സാധിച്ചിട്ടുണ്ട്.

ഫ്ലീബാഗ് ഒരു എക്സ്​പ്രഷണിസ്റ്റ് സീരീസാണ് എന്ന് പറയാം. എന്തുകൊണ്ടെന്നാൽ മിക്ക കഥാപാത്രങ്ങൾക്കും വ്യക്തിനാമങ്ങളില്ല. അച്ഛൻ, അമ്മ, ഗോഡ്മദർ, പ്രീസ്റ്റ് (പുരോഹിതൻ ) എന്നിങ്ങനെ കഥാപാത്രങ്ങൾ ചില ഭാവാധിപന്മാരായി നിൽക്കുന്ന കഥാഗാത്രമാണ് ഫ്ലീബാഗിന്റേത്.

ഫ്ലീബാഗിന്റെ അമ്മ എന്ന കഥാപാത്രം സീരീസിൽ ചലിക്കുന്നില്ല. കഥ നടക്കും മുൻപേ അവർ മരിച്ചതാണ്. ശവമടക്ക് രംഗത്തുപോലും അവരുടെ മുഖം കാണിക്കുന്നില്ല. എന്നാലും ഫ്ലീബാഗിന്റെ അമ്മയുടെ സ്വഭാവസവിശേഷതകൾ / ശാരീരികസവിശേഷതകൾ എല്ലാം കാഴ്ചക്കാരനറിയുന്നു.

ഫ്ലീബാഗിന്റെ അമ്മയുടെ മുഖം നമുക്കറിയില്ലെങ്കിലും അവരുടെ മുലകളും വയറും എത്ര സുന്ദരമായിരുന്നെന്ന് നമുക്കറിയാം. ഫ്ലീബാഗിന്റെ അമ്മയുടെ ശിഷ്യയും ഇപ്പോഴത്തെ രണ്ടാനമ്മയുമായ മറ്റൊരു സ്ത്രീ നിർമിച്ച ശിൽപത്തിലൂടെ ആ സ്‌ത്രൈണത നമ്മൾ കാണുന്നു. ആ അമ്മയുടെ അർദ്ധാകാര - സ്‌ത്രൈണശിൽപത്തിന് സീരീസിന്റെ കഥാഗതിയിൽത്തന്നെ സാരമായ പങ്ക് വഹിക്കാനാകുന്നു.

പൂർവ്വബന്ധങ്ങളിൽനിന്നും പൂർവ്വനഷ്ടങ്ങളിൽനിന്നും മനുഷ്യർ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് പറയുകയാണ് ഈ സീരീസ് പ്രധാനമായും ചെയ്യുന്നത്. വയസ്സാങ്കാലത്ത് തങ്ങളുടെ അച്ഛൻ ഇതെന്തിനാണ് വിവാഹിതനാകുന്നത് എന്നും അയാൾ തങ്ങളുടെ മരിച്ചുപോയ അമ്മയെ ഓർമിക്കാറുണ്ടോ എന്നും ഫ്ലീബാഗ് ചിന്തിക്കുന്നുണ്ട്.

അവരുടെ ഗോഡ്മദറായ ആ ശിൽപ / ചിത്രകലാകാരിയെപ്പോലും സീരീസ് വെറുമൊരു ദുഷ്ടകഥാപാത്രമായി അവതരിപ്പിക്കുന്നില്ല. (ഒലിവിയ കോൾമാൻ അവതരിപ്പിച്ച കഥാപാത്രം ) അവരിലെ അസൂയ, കുശുമ്പ്, സ്വാർത്ഥത പോലുള്ള വികാരങ്ങളെ കഥയിൽ കാണിക്കുമ്പോഴും അവരുടെ അപാരമായ കലാശേഷി, സ്‌ത്രൈണമായ വൈകാരികതകൾ തുടങ്ങിയവയെല്ലാം ഗുണാത്മകമായ രീതിയിൽ ഉൾക്കൊള്ളുന്നതാണ് ഗോഡ്മദർ എന്ന കഥാപാത്രത്തിന്റെ ചിത്രീകരണം.

ഫ്ലീബാഗിലെ പ്രീസ്റ്റ് ആന്ഡ്രൂ സ്‌കോട്ട്

താൻ വിവാഹം കഴിക്കാനാഗ്രഹിക്കുന്ന പുരുഷൻ അയാളുടെ ആദ്യഭാര്യയെക്കുറിച്ച് (ഫ്ലീബാഗിന്റെ അമ്മ) ഓർമിക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോഴെല്ലാം അവർ അസ്വസ്ഥയാകുന്നു. അയാളും അയാളുടെ പെൺമക്കളുമായുള്ള വികാരതീവ്രമായ നിമിഷങ്ങളിലെല്ലാം അവർ ബോധപൂർവ്വം കടന്നുവരികയും അലോസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. തന്റെ വൃദ്ധകാമുകനെ അയാളുടെ പൂർവസ്മരണകളിൽനിന്ന്​ വിടുവിച്ച് തന്റേതുമാത്രമാക്കി മാറ്റുന്നതിനുള്ള ശ്രമം കൂടിയാണ് ഇതെല്ലാം. ഫ്ലീബാഗിന്റെ അമ്മയെ സങ്കൽപ്പിച്ച് അവർ നിർമ്മിക്കുന്ന പ്രതിമയ്ക്ക് തലയോ കാലുകളോ ഇല്ല എന്നത് ശ്രദ്ധേയമാണ്. തന്റെ ഗുരുനാഥ കൂടിയായിരുന്ന ആ പ്രതിഭാധനയായ സ്ത്രീയെ മുലയും അരക്കെട്ടും മാത്രമായൊരു രൂപമായി ചിത്രീകരിച്ചതിലൂടെ അവരുടെ പ്രതിഭയെ / കലയെ / തലച്ചോറിനെ / ചലനാത്മകതയെ എല്ലാം നിഷേധിക്കാനുള്ള തന്റെ അസൂയകലർന്ന ആഗ്രഹം വ്യക്തമാക്കുകയാണ് ഗോഡ്മദർ ചെയ്യുന്നത്.

പൂർവ്വബന്ധങ്ങളിൽനിന്നും പൂർവ്വനഷ്ടങ്ങളിൽനിന്നും മനുഷ്യർ മുന്നോട്ട് പോകേണ്ടതുണ്ട് എന്ന് പറയുകയാണ് ഈ സീരീസ് പ്രധാനമായും ചെയ്യുന്നത്. വയസ്സാങ്കാലത്ത് തങ്ങളുടെ അച്ഛൻ ഇതെന്തിനാണ് വിവാഹിതനാകുന്നത് എന്നും അയാൾ തങ്ങളുടെ മരിച്ചുപോയ അമ്മയെ ഓർമിക്കാറുണ്ടോ എന്നും ഫ്ലീബാഗ് ചിന്തിക്കുന്നുണ്ട്.

‘നീ നിന്റെ മരിച്ചുപോയ കൂട്ടുകാരിയെ ഓർക്കാറുണ്ടോ? ' എന്ന മറുചോദ്യമാണ് ആ വൃദ്ധൻ മകളോട് ചോദിക്കുന്നത്.

നഷ്ടപ്പെട്ടുപോയവരെയെല്ലാം ഓരോ നിമിഷത്തിലും അവർ ഓർത്തുകൊണ്ടേയിരിക്കുന്നു. തന്റെ മകളുടെ സ്വഭാവസവിശേഷതകളിൽ അയാൾ തന്റെ ഭാര്യയെയും കൂട്ടുകാരിയോടൊപ്പം പണിതുയർത്തിയ കഫേയുടെ ചുമരുകളിൽ ഫ്ലീബാഗ് തന്റെ കൂട്ടുകാരിയേയും നിരന്തരം കണ്ടുമുട്ടുന്നു. പക്ഷേ അവർക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. താൻ സന്തോഷം അർഹിക്കുന്നു എന്ന് തുറന്നുപറയാൻ ആദ്യം സാധിച്ചത് ആ വൃദ്ധപിതാവിനാണ്. പിന്നീട് അസന്തുഷ്ടമായ ദാമ്പത്യത്തിൽനിന്നും ഇറങ്ങിനടന്ന് പ്രിയപ്പെട്ട പുരുഷനിലേക്ക് കയറിച്ചെല്ലാൻ ക്ലയറിനും (ഫ്ലീബാഗിന്റെ സഹോദരി) സാധിക്കുന്നുണ്ട്. ഓർമ്മനഷ്ടങ്ങളെയാണ് താൻ ഏറ്റവും ഭയക്കുന്നതെന്ന് തുറന്നുപറഞ്ഞ അതേ കുമ്പസാരക്കൂട്ടിൽനിന്നിറങ്ങി പുരോഹിതനെ ചുംബിക്കുവാനും മുപ്പത്തിമൂന്ന് വർഷങ്ങളോളം താൻ അന്വേഷിച്ച പുരുഷനെ അയാളിൽ തിരിച്ചറിയാനും ഫ്ലീബാഗിനും സാധിക്കുന്നു. മേഘമൽഹാറിനെയും തൂവാനത്തുമ്പികളെയും ആദ്യാനുരാഗങ്ങളെയും മാത്രം മഹത്വവൽക്കരിച്ച് ശീലിച്ചുപോന്ന മലയാളിയുടെ സിനിമാഭാവുകത്വം പതുക്കെയാണെങ്കിലും പ്രേമത്തിലേയ്ക്കും ജൂണിലേയ്ക്കും ലൂക്കയിലേയ്ക്കും എത്തിയിട്ടുണ്ട്. ആ പുതുഭാവുകത്വമാകണം ഫ്ലീബാഗിനെയും സ്വീകരിക്കാൻ മലയാളികളെ സഹായിച്ചത്.

സ്ത്രീകൾ തമ്മിലുള്ള ബന്ധം / സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധം - ഈ രണ്ടുതരം ബന്ധങ്ങളിലും ഉണ്ടാവുന്ന എല്ലാവിധ ഏടാകൂടങ്ങളും ഫ്ലീബാഗിലുണ്ട്. ഭൂമിശാസ്ത്രപരമോ സാംസ്‌കാരികമോ ആയ ഭേദങ്ങൾ ഒന്നും ഇവിടെയില്ല. നമ്മൾ അനുഭവിക്കുന്നതൊക്കെയാണ് ഫ്ലീബാഗും അനുഭവിക്കുന്നത്. അതുകൊണ്ടൊക്കെയാണ് ഫ്ലീബാഗ്​ നമുക്കിത്ര പരിചിതയായിരിക്കുന്നതും.

ഫ്ലീബാഗിലെ നായിക ഫോബെ വാലർ ബ്രിഡ്ജ്

പലതരം ലൈംഗികതകൾ ഫ്ലീബാഗിലുണ്ട്. സീരീസിലെ പ്രധാനകഥാപാത്രമായ നായിക ബൈസെക്ഷ്വൽ ആണ് എന്നത് വളരെയധികം പ്രശംസിക്കപ്പെടുകയുണ്ടായി. ലൈംഗികത കടന്നുവരാത്ത ഒരൊറ്റ കഥാസന്ദർഭമോ എപിസോഡോ ഇല്ലാത്ത ഈ സീരീസ് പീഡോഫീലിയയെ ശക്തമായി എതിർക്കുന്നു. ഫ്ലീബാഗിന്റെ അച്ഛനും ഗോഡ്മദറും തമ്മിലുള്ള വിവാഹം നടത്താനായി എത്തുന്ന പുരോഹിതൻ (Andrew Scott ന്റെ കഥാപാത്രം ) തന്റെ സഹോദരൻ ഒരു പീഡോഫൈൽ ആണെന്നും അതിനാൽ താൻ അവനോട് അകൽച്ചയിലാണെന്നും പറയുന്നു.

സ്ത്രീകൾ തമ്മിലുള്ള ബന്ധം / സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധം - ഈ രണ്ടുതരം ബന്ധങ്ങളിലും ഉണ്ടാവുന്ന എല്ലാവിധ ഏടാകൂടങ്ങളും ഫ്ലീബാഗിലുണ്ട്. ഭൂമിശാസ്ത്രപരമോ സാംസ്‌കാരികമോ ആയ ഭേദങ്ങൾ ഒന്നും ഇവിടെയില്ല.

ഫ്ലീബാഗും സഹോദരി ക്ലയറും പങ്കെടുക്കുന്ന ഒരു ഫെമിനിസ്റ്റ് വർക്ക്‌ഷോപ്പിനിടയിൽ അവർ പരിഹാസ്യരായിമാറുന്നൊരു രംഗമുണ്ട്. സ്വശരീരത്തിന്റെ അപകർഷതകളെക്കുറിച്ചുള്ള ബോധ്യങ്ങളാണ് അവരെ പരിഹാസ്യരാക്കുന്നത്. ജീവിതത്തിന്റെ അഞ്ചുവർഷങ്ങൾ സ്വന്തം ശരീരത്തെ പെർഫെക്ട് ആക്കാനായി ചെലവഴിച്ചുതീർക്കാൻ അവർ തയ്യാറാണ്, തലമുടിയുടെ രൂപഭേദങ്ങൾ വരുത്തിത്തീർക്കുന്ന ആത്മവിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കുന്നവരാണവർ, ഹെയർകട്ടിനെ പ്രതി ബാർബറോട് വഴക്കിടുന്നവരാണ്, സ്‌നേഹിക്കപ്പെടുന്നതിനോടൊപ്പം അത്രതന്നെ സ്പർശിക്കപ്പെടുകയും ചെയ്യേണ്ടതാണ് സ്ത്രീയുടെ ശരീരം എന്ന് വിശ്വസിക്കുന്നവരാണ്. അവർ ഒരിക്കലും നല്ല ഫെമിനിസ്റ്റുകളല്ല. വിദൂരതയിലാരോ ആരെയോ സ്ലട്ട് എന്നു വിളിക്കുമ്പോൾ സ്വാഭാവികമായി വിളികേൾക്കുന്ന ഫ്ലീബാഗിന്റെ ഭാഷയിൽ പറഞ്ഞാൽ അസൂയാലുവായ, കുടിലബുദ്ധിയുള്ള, സ്വാർത്ഥമതിയായ, നിസ്സംഗയായ, ശുഭാപ്തിവിശ്വാസമില്ലാത്ത, ധാർമികമായി ജപ്തി ചെയ്യപ്പെട്ട ഒരുവൾ - അവൾക്ക് തന്നെ ഫെമിനിസ്റ്റ് എന്ന് വിളിക്കാമോ എന്ന് എപ്പോഴും സംശയമാണ്. കൂടുതൽ ഉയർന്ന മുലകൾ ഉണ്ടായിരുന്നെങ്കിൽ താനിത്ര ഫെമിനിസ്റ്റാവില്ലായിരുന്നു എന്ന് പറയുന്ന ഫ്ലീബാഗിൽ നിന്നുമാണ് ഫ്ലീബാഗ് ഫെമിനിസം എന്ന പുതിയ സംജ്ഞ രൂപപ്പെട്ടുവന്നിരിക്കുന്നത്.

ഫ്ലീബാഗ് തന്റെ ആത്മാവിനുള്ളിൽ ഒരഗാധ ശൂന്യതയെ കൊണ്ടുനടക്കുന്നു. ഊണിലുമുറക്കത്തിലും ഒപ്പമുള്ള ആ ശൂന്യതയെ കുത്തിനിറയ്ക്കാനായാണ് അവൾ എണ്ണമറ്റ ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നത്. കണ്ടതെല്ലാം വാരിയിട്ടുനിറച്ചുകൊണ്ടിരുന്ന തുളവീണ ഒരു കീറച്ചാക്ക് - അതായിരുന്നു അവളുടെ ആത്മാവ്.

ആദ്യ സീസൺ മുഴുവനും അവളുടെ അസന്തുഷ്ടങ്ങളായ ലൈംഗികാനുഭവങ്ങളാണ്. അവൾ അന്നേവരെ കണ്ടുമുട്ടിയ ഒരൊറ്റ പുരുഷനും അവളുടെ ഹൃദയമധ്യത്തിലെ ശൂന്യതകളെ നികത്താനായില്ല. സ്വയംഭോഗങ്ങൾക്കോ അപകടകരങ്ങളായ ബന്ധങ്ങൾക്കോ സാധിച്ചില്ല. അവളെ അഗാധമായ ആത്മനിന്ദയിലേയ്ക്ക് തള്ളിവിടുകയായിരുന്നു അവയോരോന്നും ചെയ്തത്. അവളുടെ അസംതൃപ്തികളുടെ പാരമ്യമെന്ന നിലയിലാണ് ആദ്യ സീസണിലെ അവസാന എപിസോഡിൽ Sexibition അവതരിപ്പിക്കപ്പെടുന്നത്. ഗോഡ്മദർ നിർമ്മിച്ച നിരവധിയായ പുരുഷലിംഗപ്രതിമകളുടെ മധ്യത്തിൽ നിൽക്കെയാണ് താൻ എത്രമാത്രം ഏകാകിയാണെന്ന തിരിച്ചറിവിനെ അവൾക്ക് നിഷേധിക്കാനാകാതായത്.

ആ തിരിച്ചറിവിനൊടുവിലാണ് അവൾ തന്നെത്തിരഞ്ഞ് കണ്ടെത്താൻ ഇറങ്ങിത്തിരിക്കുന്നത്. ശരീരവും മനസ്സും ആരോഗ്യപൂർണമാക്കാനുള്ള ശ്രമങ്ങൾക്കൊടുവിൽ രണ്ടാംസീസൺ തുടങ്ങുന്നതോടെ ഫ്ലീബാഗ്​ മറ്റൊരാളായി പരിണമിച്ചിരുന്നു. കുസൃതികൾ പറയാത്ത, ലൈംഗികബന്ധങ്ങളിലേർപ്പെടാത്ത, എങ്ങനെ ജീവിക്കണമെന്നറിയാത്ത, നിരാശയുടെ പാരമ്യത്തിൽ നിസ്സംഗയായിത്തുടങ്ങിയ ഒരുവൾ. അവളിലേയ്ക്കാണ് പ്രീസ്റ്റ് (പുരോഹിതൻ ) കടന്നുവരുന്നത്; ‘ശോഭനകാലങ്ങളിൽ നീ ഗമ്യയായില്ലെനിക്ക് ...' എന്നു പറഞ്ഞ് മരണാസന്നയായ വാസവദത്തയ്ക്കു സമീപമെത്തുന്ന ഉപഗുപ്തനെപ്പോലെ. (കരുണ - കുമാരനാശാൻ)

പ്രീസ്റ്റിന്റെ വരവോടെ കഥ നിരവധിയായ ബൈബിൾ റഫറൻസുകളെ ഉപയോഗിച്ചുതുടങ്ങുന്നു. അവിശ്വാസിയായ ഫ്ലീബാഗ് - അവളുടെ ചോദ്യങ്ങൾ തന്റെ വിശ്വാസങ്ങളെ സ്വയം വിലയിരുത്താൻ സഹായിക്കുമെന്ന് വിശ്വസിക്കുന്ന പുരോഹിതൻ; ഇവർ പിന്നീട് മഗ്ദലന മറിയവും യേശുവുമായി മാറുന്നു. അഥവാ അത്തരമൊരു സൂചന സീരീസിൽ പലയിടത്തായി നൽകിയിരിക്കുന്നു.

അപ്പവും വീഞ്ഞും പങ്കുവെക്കുന്ന, പരസ്പരം അവിശ്വസിക്കുകയും വഞ്ചിക്കുകയും ചെയ്യുന്ന ഒരു കൂട്ടം മനുഷ്യർ വട്ടമിട്ടിരിക്കുന്ന ഒരു തീൻമേശയ്ക്കു മുന്നിലാണ് അവസാനത്തെ അത്താഴത്തിലെ യേശുക്രിസ്തുവിനെപ്പോലെ പ്രീസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. പിറ്റേന്ന് അയാളെക്കാണാൻ പള്ളിയിലെത്തുന്ന ഫ്ലീബാഗ് ഒന്നാമതായി ശ്രദ്ധിക്കുന്നത് ബൈബിൾ കൈയ്യിലേന്തിനിൽക്കുന്ന അയാളുടെ സുന്ദരമായ രൂപത്തെയാണ്. അവൾ രണ്ടാമതായി ശ്രദ്ധിക്കുന്നതാകട്ടെ പള്ളിച്ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ചിത്രമാണ്. യേശുവും മഗ്ദലനമറിയവുമൊത്തുള്ളതായിരുന്നു ആ ചിത്രം. വിവാഹിതരും അവിവാഹിതരും കാമുകരും അല്ലാത്തവരുമായ നിരവധി പുരുഷന്മാരോടൊപ്പം ശാരീരികബന്ധത്തിലേർപ്പെട്ട, അക്കാരണത്താൽ മാത്രം എല്ലാവരാലും അകറ്റിനിർത്തപ്പെട്ട, അപമാനിക്കപ്പെട്ട, ഒറ്റയാക്കപ്പെട്ട ഫ്ലീബാഗിനോളം മറ്റാർക്കാണ് മഗ്ദലനയിലെ മറിയമായി പരിണമിക്കുവാനാവുക!

ഫ്ലീബാഗിന്റെ സംവിധായകൻ ഹാരി ബ്രാഡ്ബിയർ / ഫോട്ടോ : ഫിലിം മാജിക്

ഫ്ലീബാഗ് അനുഭവിക്കുന്നതിനു സമാനമായൊരു ശൂന്യത പ്രീസ്റ്റും അനുഭവിക്കുന്നുണ്ട്. ആ ശൂന്യതയെ വല്ലവിധത്തിലും മറച്ചുപിടിയ്ക്കാനായാണ് അയാൾ സന്ന്യാസം സ്വീകരിക്കുന്നത്. അതിനായി അയാൾ പലതും ത്യജിച്ചിട്ടുണ്ട്. പക്ഷേ പള്ളിയിലച്ചന്റെ ഉടുപ്പുകളോടുള്ള ഭ്രമമാകണം തന്നെ ഇവിടെയെത്തിച്ചത് എന്നയാൾ ആലോചിക്കാതെയിരിക്കുന്നില്ല. മേലങ്കികളോട് അയാൾക്കെന്നും കൗതുകമുണ്ടായിരുന്നു. താനേറ്റവും ഇഷ്ടപ്പെടുന്ന മേലങ്കി ലഭിക്കാനായി റോമിലേയ്ക്ക് ദീർഘയാത്ര ചെയ്യാൻപോലും അയാൾ മടിച്ചില്ല. തനിക്ക് പാകമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അയാൾ വലിയശ്രദ്ധ കാണിച്ചിരുന്നു. പക്ഷേ, ഉള്ളിന്നുള്ളിൽ അനുഭവിക്കുന്ന അജ്ഞാതങ്ങളും അനിർവചനീയങ്ങളുമായ ശൂന്യതകളെ മേൽവസ്ത്രങ്ങൾ കൊണ്ട് മറച്ചുപിടിക്കാമെന്ന് വിശ്വസിച്ച പ്രീസ്റ്റിന്റെ ജീവിതത്തിലേയ്ക്ക് ഫ്ലീബാഗും അവളുടെ സന്ദേഹങ്ങളുമെത്തുന്നു. അവൾക്കുമുന്നിൽമാത്രം മേലങ്കികളില്ലാത്ത ഒരു പുരുഷനായി അയാൾ പരിണമിക്കുന്നു. മറ്റൊരു പുരുഷനോടൊപ്പവും അറിഞ്ഞിട്ടില്ലാത്ത ആനന്ദവും അർത്ഥവും അയാളോടൊപ്പം അവളറിയുന്നു.

പ്രീസ്റ്റിനെ തേടിനടക്കുന്ന ഒരു കുറുക്കനുണ്ട് ഈ കഥയിൽ. ഒരിക്കൽ ട്രെയിനിലെ പബ്ലിക് ടോയ്‌ലറ്റിനകത്ത് വെച്ച് ജനലിനുപുറത്ത് തന്നെ കാത്തുനിൽക്കുന്ന കുറുക്കനെ കണ്ടുമുട്ടിയ കഥ ഫ്ലീബാഗിനോടയാൾ പറയുന്നു. മറ്റൊരിക്കൽ ഉറങ്ങിക്കിടക്കവേ അതിന്റെ സാന്നിധ്യം താനറിഞ്ഞുവെന്നും ഉണർന്നുനോക്കിയപ്പോൾ തന്നെ ഉറ്റുനോക്കിക്കൊണ്ട് ആ കുറുക്കൻ അവിടെ നില്പുണ്ടായിരുന്നുവെന്നും അയാൾ പറയുന്നു. കഥ പറഞ്ഞുതുടങ്ങുമ്പോൾ അയാൾ മാത്രമാണ് കുറുക്കനെ കണ്ടിരുന്നതെങ്കിൽ കഥ കേട്ടുകഴിഞ്ഞപ്പോൾ ഫ്ലീബാഗും കുറുക്കനെ കാണുന്നു. അവരെത്തമ്മിൽ ബന്ധിപ്പിക്കുന്നത് ആ കുറുക്കനാണ്. മറ്റാർക്കും തിരിച്ചറിയാനാവാതിരുന്ന ഫ്ലീബാഗിന്റെ ‘ഒളിച്ചോട്ടങ്ങൾ' (ഇടയ്ക്കിടെ പ്രേക്ഷകരോട് / മനഃസ്സാക്ഷിയോട് അവൾ നടത്തുന്ന ഭാഷണങ്ങൾ / ആത്മഗതങ്ങൾ) പ്രീസ്റ്റു മാത്രം തിരിച്ചറിയുന്നതുപോലെയാണ് ഇതും. അയാളൊഴികെ മറ്റാരും കണ്ടിട്ടില്ലാത്ത ആ കുറുക്കനെ അവൾ കാണുന്നു. പ്രണയത്തിൽനിന്ന് എഴുന്നേറ്റ് ദൈവത്തിലേയ്ക്ക് നടന്ന ആ പുരുഷൻ പോയവഴി അവൾ ആ കുറുക്കന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. മാംസനിബന്ധമായരാഗമാണ് ആ കുറുക്കൻ. ആ രാഗക്കുറുക്കൻ അയാളെ തീർച്ചയായും കണ്ടെത്തുകതന്നെ ചെയ്യും.


ഡോ. ലക്ഷ്മി പി.

മലയാള ഭാഷാ സാഹിത്യ ഗവേഷക, യു.ജി.സി സീനിയർ റിസർച്ച്​ ​ഫെല്ലോ

Comments