ലോകേഷിന് തന്നെ ബാധ്യതയാവുന്ന
വിജയ്, LCU | Leo Review

The law of diminishing marginal utility states that all else equal, as consumption increases, the marginal utility derived from each additional unit declines. Marginal utility is the incremental increase in utility that results from the consumption of one additional unit.

എക്കണോമിക്സിൽ പറഞ്ഞു കേട്ട ഒരു കൺസപ്റ്റ് ആണ് Law of Diminishing Marginal Utility. അതായത് രണ്ട് മിഠായി കഴിക്കാം. പക്ഷേ മൂന്നാമത് കഴിക്കുന്ന മിഠായി ആദ്യം കഴിച്ച മിഠായിയുടെ അത്രയും 'യൂട്ടിലിറ്റി/സാറ്റിസ്ഫാക്ഷൻ' തരില്ല. നാലാമത്തെ മിഠായിയിൽ വീണ്ടും കുറയും. അല്ലെങ്കിൽ അതിൽ എക്സ്ട്രാ ഫ്ലേവർ/ഇന്നൊവേഷൻ എന്തേലും വേണം.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ വിലെ രണ്ട് മിഠായികൾ നമ്മൾ രുചികരമായി കഴിച്ചു കഴിഞ്ഞു. ലിയോ മൂന്നാമത്തേതാണ്.

അതേ തകരഷെഡിൽ പ്രവർത്തിക്കുന്ന ഗുണ്ടാ/ഡ്രഗ് കമ്പനി, അതേ ഒളിവ് ജീവിതം, അതേ വയലൻസ്. അനിരുദ്ധിന് പോലും പുതുതായി ഒന്നു ചെയ്യാനില്ലാത്തത് പോലെ.

ഹിമാചൽപ്രദേശിലെ ഒരു ടൗണിൽ കോഫിഷോപ്പ് നടത്തുകയാണ് പാർഥിപൻ(വിജയ്). അനിമൽ റെസ്ക്യു ഒരു പാഷനായി കൊണ്ടു നടക്കുന്നയാൾ. സ്വസ്ഥമായ കുടുംബ ജീവിതം. ഇവരുടെ ജീവിതത്തിലേക്ക് ലോകഷ് സിനിമകളിലെ തനത് ദുരന്തങ്ങൾ കടന്നുവരുന്നതാണ് കഥ.

ആദ്യ പത്തുമിനിറ്റിലെ ഫൈറ്റ് വിജയ് കഥാപാത്രത്തിന്റെ പവർ പരമാവധി ഇംപാക്ടോടെ അവതരിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നെങ്കിലും വലിയ Wow മൊമന്റുകളില്ലാതെ അവസാനിച്ചു. എന്നാൽ പിന്നീടങ്ങോട്ട് ആദ്യ പകുതി ലോകേഷ് തനത് രീതിയിൽ ബിൽഡ് ചെയ്ത് കൊണ്ടുവരുന്ന രീതി രസകരമാണ്. കോഫി ഷോപ്പിലെ ഫൈറ്റോടുകൂടെ സിനിമ അതിന്റെ പരമാവധി പേസിലേക്ക് കടക്കുന്നു. അതിനും ശേഷമാണ് അതേ വെലോസിറ്റിയിൽ ചിത്രം അതിന്റെ പ്രധാന പ്ലോട്ടിലേക്ക് പ്രവേശിക്കുന്നത്. കനത്ത ഒരു ഇന്റർവൽ പഞ്ചോടെ 'ലിയോ' ലോകേഷ് കനകരാജ് ചിത്രത്തിന് ചേരുന്ന ഗാംഭീര്യത്തോടെ ആദ്യപകുതി പൂർത്തിയാക്കുന്നു.

രണ്ടാം പകുതി പക്ഷേ ആവശ്യത്തിലധികം എടുത്ത് വലിച്ചുനീട്ടിയാണ് അവതരിപ്പിച്ചിരിക്കുന്നത്. എക്സൈറ്റിംഗ് ആയ ഒന്നും കഥയിലോ ആക്ഷനിലോ സംഭവിക്കുന്നില്ല. പുതുമയുള്ള ആക്ഷൻ കൊറിയോഗ്രഫിയോ മൊമന്റുകളോ ഉണ്ടാവുന്നില്ല. ഫ്ലാഷ്ബാക്ക് സീനുകളിലെ സ്ഥിരം ലോകേഷ് സീനുകളും വിരസതയുണ്ടാക്കിയേക്കാം. ക്ലൈമാക്സിലും തിരിച്ചു കയറാനാവാതെ വന്നതോടെ ലിയോ ഒരു ശരാശരി അനുഭവമായി മാത്രം തീരുന്നു.

ലോകേഷിന്റെ തന്നെ മുൻ ചിത്രങ്ങളായ കൈതി, വിക്രം തുടങ്ങിയ ചിത്രങ്ങളുടെ അനുബന്ധ കഥയായി സംഭവിക്കുന്ന (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) ചിത്രമാണോ ലിയോ എന്ന് റിലീസിന് മുമ്പേ തന്നെ ആരാധകർ സംശയമുയർത്തിയിരുന്നു. അത് ചിത്രത്തിന്റെ പ്രീമിയർ ഷോയോടെ തന്നെ ഉറപ്പിക്കപ്പെടുകയും ചെയ്തു.

എന്നാൽ ഏതെങ്കിലും തരത്തിൽ മുൻ ചിത്രങ്ങളുമായി ബന്ധിപ്പിക്കണമെന്ന യാന്ത്രികമായ ശ്രമമാണ് ലിയോയിൽ നടന്നത്. കമൽഹാസൻ നായകനായ വിക്രം എന്ന ചിത്രം കാർത്തിയുടെ കൈതിയുമായി ബന്ധിപ്പിച്ചത് കഥാഗതിയുമായി ചേർന്നു പോകുന്നതും പ്ലോട്ടിൽ ഗംഭീരമായി ഇഴുക്കിച്ചേർത്തതുമായിരുന്നെങ്കിൽ ലിയോയിലേക്ക് ഒട്ടും ക്രിയേറ്റീവ് അല്ലാതെയാണ് ഈ രണ്ട് ചിത്രങ്ങളും വിളക്കിച്ചേർത്തത്.

അതിനിടെ ലോകേഷിന്റെ സ്റ്റൈലിനൊപ്പം വിജയ് ചിത്രങ്ങളുടെ ടെംപ്ലേറ്റും കീപ് ചെയ്യുക എന്ന ബാധ്യത കൂടെ സംവിധായകന് മേൽ വരുന്നുണ്ട്.

വിജയ് അടുത്തകാലത്ത് കാഴ്ചവച്ച ഗംഭീര പ്രകടനമാണ് ലിയോയിലേത്. ഡാൻസിലും ആക്ഷനിലും നിറഞ്ഞാടിയ വിജയ് ഇമോഷനൽ രംഗത്തിലും പതിവിനേക്കാൾ രസകരമായി. രണ്ട് ഗെറ്റപ്പുകളിലായെത്തുന്ന താരത്തിന്റെ ഹെയർ സ്റ്റൈൽ കുറേക്കൂടെ റിയലിസ്റ്റിക്കും ഭംഗിയുള്ളതുമാക്കാമായിരുന്നു.

സഞ്ജയ് ദത്ത് കെ.ജി.എഫിലെ അധീരെ ഓർമിപ്പിക്കുമെങ്കിലും രസകരമായി. പൂർണകായനായ വില്ലന്റെ ശരീരഭാഷയും മാനറിസവും ഉണ്ടായിരുന്നെങ്കിലും അതിനെ പൂർണമായി ഉപയോഗിക്കാൻ ചിത്രത്തിന് സാധിച്ചിട്ടില്ല. അർജുൻ, ഗൗതം മേനോൻ, തൃഷ, മിഷ്കിൻ തുടങ്ങിയ മറ്റു താരങ്ങളും ഗംഭീരമാക്കി. ജോർജ് മാര്യന്റെ കഥാപാത്രത്തിന്റെ ഇൻട്രോ വിജയിയോളം തന്നെ തീയേറ്ററിൽ കയ്യടികളുണ്ടാക്കിയിരുന്നു.

ലോകേഷ് സിനിമാറ്റിക് എലമന്റുകളുടെ ആവർത്തനം അതിന്റെ സാച്ചുറേഷൻ പോയിന്റിലേക്ക് എത്തിയെന്ന് കരുതുന്നു. സംവിധായകൻ ഗംഭീരമായി തന്നെ വർക്ക് ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ ആസ്വാദനക്ഷമത ആവർത്തന വിരസത കൊണ്ട് കുറഞ്ഞിട്ടുണ്ട്. അനിരുദ്ധിന്റെ മ്യൂസിക്കിന്റെയും അവസ്ഥ ഇതു തന്നെ. കൂടെ മുൻ ചിത്രങ്ങളിലെ മ്യൂസിക് കൂടെ ഇതിലേക്ക് എടുത്തിടുന്നതോടെ ഒട്ടും പുതുമ തോന്നാത്ത അനുഭവമായി ലിയോ മാറുന്നു.

Comments