പൂവ് – മൊട്ടിട്ട് വിടർന്ന് ഒടുക്കം അടർന്നുവീഴുന്ന പൂവിനോടല്ലാതെ മറ്റെന്തിനോടാണ് ജീവിതത്തെ താരതമ്യം ചെയ്യുക. ഒരു പുരുഷന്റെ ജീവിതത്തിനു ചുറ്റും കറങ്ങുന്ന സ്ത്രീജീവിതങ്ങളെ കണ്ടു ശീലിച്ച പ്രേക്ഷകർക്ക് ഒരു കൂട്ടം സ്ത്രീകൾക്കുള്ളിൽ സുഖമായുറങ്ങുന്ന പുരുഷനെ കാട്ടിത്തരുന്നുണ്ട് ഈ ചലച്ചിത്രം. ജീവിതത്തിലെ പല ഘട്ടങ്ങളിലായി കടന്നുവരുന്ന പ്രിയപ്പെട്ട സ്ത്രീകളും അവർ വരുത്തുന്ന മാറ്റങ്ങളും ചേർന്ന് രൂപപ്പെടുന്ന പുരുഷനാണ് നായകൻ. സ്ത്രീപക്ഷമെന്നോ പുരുഷപക്ഷമെന്നോ അല്ല സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ആവിഷ്കാരമാണ് പൂവ് എന്ന മലയാള സിനിമ.
സിനിമയുടെ സംവിധായകനും ഛായാഗ്രാഹകനുമായ അനീഷ് ബാബു അബ്ബാസും തിരക്കഥാകൃത്ത് ജോൺസൺ വി. ദേവസ്സിയും പൂവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
ലെസ്‌ലി സഹജം അഗസ്റ്റ്യന്‍: ആദ്യം സെൻട്രൽ ജയിലിലേക്ക് പോയാലോ? അതൊരു നല്ല തുടക്കമല്ലേ?
ജോൺസൺ വി. ദേവസ്സി: എല്ലാവർക്കും അതൊരു നല്ല തുടക്കമാകാറുണ്ടോ എന്നറിയില്ല. പക്ഷേ പൂവിനെ സംബന്ധിച്ച് കണ്ണൂർ സെൻട്രൽ ജയിൽ ഒരു നല്ല തുടക്കമാണ്.
സെൻട്രൽ ജയിലിലുള്ളവർ അവരുടെ ശിക്ഷയുടെ കാര്യത്തിൽ തീരുമാനമായവരാണ്. അവർക്ക് അടുത്ത ദിവസത്തേക്കുറിച്ച് അനിശ്ചിതത്വമില്ല. രണ്ടോ മൂന്നോ ഏഴോ ഒക്കെ വർഷങ്ങൾ ശിക്ഷ ലഭിച്ചവർക്ക് റിലീസിങ് ദിവസം വരെ ആശങ്കകളില്ലല്ലോ. വളരെ കൃത്യനിഷ്ഠവും സമാധാനപൂർണവുമായ ജീവിതമാണ്.
നമുക്കീ കഥ ഒരു സിനിമാക്കഥ പോലെ തന്നെ അങ്ങ് പറഞ്ഞുപോയാലോ? പലപ്പോഴും ഒരൊറ്റ ഫ്രെയിമുള്ള കാഴ്ചയായിരിക്കാം, പിന്നീട് വളർന്ന് പല ലെയറുകളുള്ള ഒരു കഥയും പല ഫ്രെയിമുകൾ ചേർന്ന സിനിമയുമായി മാറുന്നത്. ഈ സിനിമയുടെ ആശയം ആരുടെയായിരുന്നു. അതെങ്ങനെ സംഭവിച്ചതാണ്?
അനീഷ് ബാബു അബ്ബാസ്: സംതൃപ്തിയും നിരാശയും ഒരേ അളവിൽ മനസ്സിനെ ഭാരപ്പെടുത്തിയ ഒരു ചിന്ത. അതിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കം. ‘ജീവിതത്തിൽ ഞാനെല്ലാം നേടിക്കഴിഞ്ഞു. ഇനിയെനിക്കൊന്നും ചെയ്യാനില്ല’ എന്നായിരുന്നു ചിന്ത. വളരെ സംതൃപ്തമായ ജീവിതമെന്ന സന്തോഷവും ഇനിയൊന്നും ചെയ്യാനില്ലെന്ന നിരാശയും ബലപ്രയോഗം ചെയ്തുകൊണ്ടിരുന്ന നേരത്ത് ഒരു യാത്ര ചെയ്യണമെന്ന് മാത്രമാണ് തോന്നിയത്. അങ്ങനെയൊരു യാത്ര പോകുമ്പോൾ കൂടെ ആരെ കൂട്ടണമെന്ന ചിന്ത. ഒന്നാമത്തെ ആൾ എന്തായാലും ഉമ്മയാണ്. ഭാര്യയാണ് രണ്ടാമത്തെയാൾ. ഇവർ രണ്ടുപേരും ലിസ്റ്റിൽ വന്നപ്പോഴാണ് എന്തുകൊണ്ട് എല്ലാവരും സ്ത്രീകളായിക്കൂടാ, എന്നെ ഏറ്റവും സ്വാധീനിച്ച സ്ത്രീകളായിക്കൂടാ എന്ന ചിന്ത വന്നത്.
ജോൺസൺ: ഇവനീ ആശയം ഒരു തിരക്കഥയാക്കുന്നതിനേക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ എന്റെ ആദ്യ പ്രതികരണം ‘ഇംപോസിബിൾ’ എന്നായിരുന്നു. സംഭവം കൊള്ളാമെങ്കിലും അത് സിനിമയുടെ ഫോർമാറ്റിലേക്ക് കൊണ്ടുവരുന്നത് ആലോചിക്കാൻ പറ്റില്ല. പക്ഷേ അതേ സെക്കൻ്റിൽ തന്നെ എനിക്ക് തോന്നിയത് – അങ്ങനെയാണെങ്കിൽ ആ വെല്ലുവിളിയല്ലേ ഞാൻ ഏറ്റെടുക്കേണ്ടത്?

ഉറപ്പായും വലിയ വെല്ലുവിളി തന്നെയാണ് പൂവ്. കാരണം മീറ്റർ അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോയാൽ ഫ്ളോപ്പായി പോകാനുള്ള എല്ലാ സാധ്യതകളുമുള്ള ഒരു സിനിമ തന്നെയാണിത്. കഥ മനസ്സിൽ ഉണ്ടായാൽ പോലും സീനുകളും സംഭാഷണങ്ങളും ക്രമീകരിക്കപ്പെടുന്നതിലും അവയ്ക്ക് പശ്ചാത്തലമാകുന്ന ഭൂപ്രദേശങ്ങളും എല്ലാം അത്ര തന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. എന്നിട്ടും ഇത്ര ഭംഗിയായി എങ്ങനെ അത് സാധിച്ചു?
ജോൺസൺ: ഇപ്പോഴാണ് നമ്മൾ സെൻട്രൽ ജയിലിലേക്ക് പോകേണ്ടത്. അനീഷ് എന്നോട് ഈ ആശയം പങ്കുവച്ചു. ഞാനത് ഏറ്റെടുത്തു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഒരു തുടക്കം കിട്ടുന്നുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് ഞാൻ നീണ്ട അവധിക്കുശേഷം ജോലിയിൽ പ്രവേശിക്കുന്നത്. നിയമിക്കപ്പെട്ടത് കണ്ണൂർ സെൻട്രൽ ജയിലിലെ ആശുപത്രിയിലേക്കായിരുന്നു. അക്ഷരാർത്ഥത്തിൽ സൗഹൃദങ്ങളുടെ ആർഭാടത്തിൽ നിന്ന് ഏകാന്തതയുടെ മതിൽക്കെട്ടിനുള്ളിലേക്ക് ഞാൻ വീഴുകയായിരുന്നു. എഴുതാൻ സാധാരണ ആൾക്കാർ ആഗ്രഹിക്കുന്ന ഒരു അന്തരീക്ഷം വളരെ സ്വാഭാവികമായി വന്നു ചേരുകയായിരുന്നു. ഏകാന്തതയുടെയും സമയത്തിന്റെയും ധാരാളിത്തമായിരുന്നു അവിടെ.
ഏകാന്തതയും സമയവും ശരി. പക്ഷേ സുതാര്യവും മനോഹരവും സംഘർഷരഹിതവുമായ പൂവിന്റെ തിരക്കഥാ രചനയ്ക്ക് ജയിലിലെ ജീവിതം അനുകൂല സാഹചര്യമാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല.
ജോൺസൺ: സെൻട്രൽ ജയിൽ ഒരിക്കലും സബ്ജയിൽ പോലെയല്ല. സംഘർഷാന്തരീക്ഷം തീരെയില്ല എന്നു മാത്രമല്ല, വളരെ ശാന്തവുമാണ്. സെൻട്രൽ ജയിലിലുള്ളവർ അവരുടെ ശിക്ഷയുടെ കാര്യത്തിൽ തീരുമാനമായവരാണ്. അവർക്ക് അടുത്ത ദിവസത്തേക്കുറിച്ച് അനിശ്ചിതത്വമില്ല. രണ്ടോ മൂന്നോ ഏഴോ ഒക്കെ വർഷങ്ങൾ ശിക്ഷ ലഭിച്ചവർക്ക് റിലീസിങ് ദിവസം വരെ ആശങ്കകളില്ലല്ലോ. വളരെ കൃത്യനിഷ്ഠവും സമാധാനപൂർണവുമായ ജീവിതമാണ്.
‘‘ഒരു സിനിമയുടെ ഫോർമാറ്റിലേക്ക് വരുമ്പോൾ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചില കാര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് വേണ്ട എന്നായിരുന്നു എന്റെ മറുപടി. പ്രേക്ഷകരെ മറന്നോളൂ എന്നാണ് ഞാൻ പറഞ്ഞത്’’.
സിനിമയുടെ ഏതു ഭാഗത്തു നിന്നായിരുന്നു എഴുത്തിന്റെ തുടക്കം?
The very first shot.
സിനിമയുടെ ഏറ്റവും ആദ്യം കാണുന്ന ഇമേജാണ് മനസ്സിൽ വന്നത്. കറങ്ങിക്കറങ്ങി വീഴുന്ന തമ്പകപ്പൂ. കുട്ടിക്കാലത്തെ ഏറ്റവും മനോഹരമായ ഓർമ്മകളിലൊന്നാണത്. വലിയവധിക്ക് അമ്മ വീട്ടിലേക്ക് പോകുമ്പോൾ പുഴ കടന്നാണ് പോകേണ്ടത്. കടത്തുവള്ളമിറങ്ങി നടക്കുന്ന വഴിയിലാണ് ഈ മരമുള്ളത്. അമ്മവീട്ടിലേക്ക് പോകുമ്പോൾ തമ്പകപ്പൂ പെറുക്കുകയാണ് പ്രധാന ഉദ്ദേശ്യം. ഈയൊരു ഇമേജ് കിട്ടിയതോടെ ഞാൻ വളരെ ആത്മവിശ്വാസത്തിലായി. പിന്നെ സിനിമയിലെ ഓരോ ഇമേജും വളരെ സ്വാഭാവികമായി വന്നു ചേരുകയായിരുന്നു.
അനീഷ്: ആ പൂവിന്റെ വീഴ്ചയെക്കുറിച്ചുള്ള വിവരണം ഒരു പേജുണ്ടായിരുന്നു. തട്ടിത്തടഞ്ഞു വീഴുന്ന പൂവിന്റെ ആ വീഴ്ചയെ മരണമായിരിക്കാം എന്ന സാങ്കൽപിക ഭാവനയിലേക്ക് മനോഹരമായി താരതമ്യം ചെയ്ത് എഴുതിയിരിക്കുകയാണ്. ആ ഒരൊറ്റ വിവരണത്തിൽ ഞാനും സംതൃപ്തനായി. ഇതിവനെഴുതിത്തരുമെന്ന് എനിക്കു വിശ്വാസമായി. കാരണം ഒരു ഛായാഗ്രാഹകൻ കൂടിയായതിനാൽ ഞാനിവനോട് കഥ പറഞ്ഞത് ഷോട്ടുകളായിട്ടാണ്. ആദ്യത്തെ ഷോട്ട് ഞാൻ വിശദീകരിച്ചിരുന്നു. പക്ഷേ ഇവന്റെ തമ്പകപ്പൂവിന്റെ അതിമനോഹരമായ വീഴ്ചയിൽ ഞാനതൊക്കെ വേണ്ടായെന്ന് വയ്ക്കുകയായിരുന്നു. അത്ര ഉചിതമായിരുന്നു തുടക്കം.
ഛായാഗ്രാഹകൻ കൂടിയായ സംവിധായകനെ സഹായിക്കുന്ന തരത്തിലായിരുന്നു എഴുത്ത് എന്നർത്ഥം അല്ലേ. ഈ സിനിമയുടെ ഏറ്റവും ഹൃദയഹാരിയായ ഒരു ഘടകം തന്നെ അതിമനോഹരമായ ഫ്രെയിമുകളാണല്ലോ. ഇത്തരം ഫ്രെയിമുകളിലേക്ക് എത്തുന്നതിൽ എഴുത്തിന്റെ പങ്ക് എന്തായിരുന്നു?
അനീഷ്: എഴുത്തിൽ എല്ലാം കൃത്യമായി സൂചിപ്പിച്ചിരുന്നു. ഒരു ഉദാഹരണം പറഞ്ഞാൽ സിനിമയിൽ ഒരു പള്ളിയുണ്ട്. അതിന്റെ വിവരണം ഒരു വലിയ പാറക്കെട്ടിൽ കടല് വന്നടിക്കുന്ന ശബ്ദവും അതിനടുത്ത് ഒരു റോഡും റോഡിന് മുകളിലേക്ക് പടിക്കെട്ടുള്ള പള്ളിയും എന്നായിരുന്നു. നേർരേഖയിൽ കഥ പറയുമ്പോഴും ആകസ്മികമായ സാഹചര്യങ്ങളിലൂടെ ഒരു സ്വപ്നത്തിന്റെ പ്രതീതി എഴുത്തിനുണ്ടായിരുന്നു.

ജോൺസൺ: എഴുത്തുകാരന് എന്തുമാകാമല്ലോ. ഞാനാ സ്വാതന്ത്ര്യക്കൂടുതൽ എടുത്തിട്ടുമുണ്ട്. അതുമാത്രമല്ല, ഒരാളുടെ ജീവിതത്തിലെ തിരിഞ്ഞു നോട്ടമാണ് ഈ യാത്ര. അതായത്, അയാളുടെ ചിന്തകൾ. ആ ചിന്തകൾ ചിതറിക്കിടക്കുന്നവയാവാം, വൈരുദ്ധ്യമുള്ള ചുറ്റുപാടുകളാകാം അതിൽ. കാരണം ചിന്തകളെയാണല്ലോ നമുക്കിഷ്ടത്തിന് വലിച്ചു നീട്ടാൻ പറ്റുന്നത്. ഏകീകൃതമല്ലാത്ത വളരെ വ്യത്യസ്തമായ കേരളീയ ഭൂപ്രകൃതി ഉപയോഗിക്കാമെന്ന് ഞങ്ങൾ ആദ്യം തന്നെ തീരുമാനിച്ചിരുന്നു. ആവേശം പൂണ്ടെഴുതിയ ചില സങ്കൽപസ്ഥലങ്ങൾ നമുക്ക് കണ്ടെത്താൻ കഴിഞ്ഞില്ല എന്നതൊഴിച്ചാൽ എഴുത്തിനൊപ്പം നീതി പുലർത്താൻ അനീഷിന്റെ ഛായാഗ്രഹണത്തിന് കഴിഞ്ഞിട്ടുണ്ടെന്നു തന്നെയാണ് വിചാരിക്കുന്നത്.
തിരക്കഥയെഴുത്തിന്റെ ഫോർമുലകൾ പറയുന്നത്, കോൺഫ്ലിക്റ്റുകളാണ് കഥകളെ കൂടുതൽ ആകർഷകമാക്കുന്നതെന്നാണ്. ആദ്യം കോൺഫ്ലിക്ടുകൾ തീരുമാനിക്കുകയും അവയ്ക്കൊരു തലയും വാലും എഴുതുകയുമാണ് വിജയകരമായ ഫോർമുലകളായി കണക്കാക്കപ്പെടുന്നതും. ഒരു കോൺഫ്ലിക്ടുകളുമില്ലാത്ത തിരക്കഥ ചിത്രീകരിക്കുമ്പോൾ ആ റിസ്ക് ഏറ്റെടുക്കുന്നതിന്റെ ഭയമുണ്ടായിരുന്നോ?
അനീഷ്: എഴുതുന്ന സമയത്ത് ഞങ്ങൾ തമ്മിലുള്ള ചർച്ചകളിലൊന്ന് ഈ വിഷയമായിരുന്നു. കോൺഫ്ലിക്ടുകളില്ലാതെ ജീവിച്ച ഒരു വ്യക്തിയുടെ കഥയാണിത്. പക്ഷേ ഒരു സിനിമയുടെ ഫോർമാറ്റിലേക്ക് വരുമ്പോൾ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചില കാര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് വേണ്ട എന്നായിരുന്നു എന്റെ മറുപടി. പ്രേക്ഷകരെ മറന്നോളൂ എന്നാണ് ഞാൻ പറഞ്ഞത്.

‘പൂവ്’ എന്ന സിനിമയുമായി ബന്ധപ്പെട്ട കൗതുകകരമായ ഒരു കാര്യം ജെ.സി. ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാര പ്രഖ്യാപനമാണ്. ഒന്നാമത്തെ മികച്ച ചിത്രം 2018- ഉം രണ്ടാമത്തെ മികച്ച ചിത്രം പൂവുമാണ്. ഈ തെരഞ്ഞെടുപ്പ് തന്നെ ഒരു കോൺഫ്ലിക്ട് അല്ലേ? ജൂറിയിലെ ഈ കോൺഫ്ലിക്റ്റ് പ്രേക്ഷകർക്കിടയിലുമുണ്ടാകില്ലേ?
ജോൺസൺ: പ്രേക്ഷകർ എന്നു പറയുന്ന വലിയ സമുച്ചയത്തെ നമ്മൾ എന്തൊക്കെയോ വിചാരിച്ചാണ് കാണുന്നത്. ഈ വലിയ സമുച്ചയത്തിൽ നമ്മളും ഉൾപ്പെടുന്നില്ലേ. പ്രേക്ഷകർ ഇന്നത് മാത്രമാണ് ആഗ്രഹിക്കുന്നതെന്ന മിഥ്യാധാരണയൊന്നും നമ്മൾ വച്ചു പുലർത്തേണ്ടതില്ല. നമ്മൾ എത്രയോ വ്യത്യസ്തമായ സിനിമകൾ കാണുന്ന ആൾക്കാരാണ്.
മറ്റൊരു വലിയ തെറ്റിദ്ധാരണയാണ് സിനിമ കഥ പറയാനുള്ള മാധ്യമമാണെന്നത്. പുതിയ കാലഘട്ടത്തിൽ രൂപപ്പെട്ട ഒരു കലാമാധ്യമമാണ് സിനിമ. കഥ പറയാനും കേൾക്കാനുമുള്ള മനുഷ്യരുടെ ഇഷ്ടം ഈ മാധ്യമത്തോടൊപ്പം ചേർക്കുകയാണുണ്ടായത്. കവിത പോലെയും പെയിൻ്റിങ് പോലെയും മറ്റൊരു മാധ്യമമാണ് സിനിമ. കഥ പറയാനുള്ള ടൂളല്ല സിനിമ. അനുഭവിപ്പിക്കുക എന്നതാണ് സിനിമ. വൈകാരികമായി അനുഭവിപ്പിക്കാൻ പറ്റണം. അത് സന്തോഷമാകാം, ഫിലോസഫിയാകാം, ദുഃഖമാകാം എന്തുമാകാം. പറഞ്ഞുപറഞ്ഞ് സിനിമ എന്നത് കഥ പറച്ചിലാണ് എന്നു വരുത്തിത്തീർക്കുകയാണ്. സിനിമയിൽ കഥയില്ല എന്നൊക്കെയാണ് പറയുന്നത്. അത് അനാവശ്യമായ ബാധ്യതയായിട്ടാണ് എനിക്ക് തോന്നാറ്.
അനുഭവിക്കുക എന്ന ദൗത്യം കൃത്യമായി നിർവ്വഹിച്ച സിനിമയാണ് ‘പൂവ്’. ജീവിതത്തിൽ ഒരു വഴികാട്ടിയെ പോലെ ഉപയോഗിക്കപ്പെടാവുന്ന വിശിഷ്ട തലവും ഇതിനുണ്ട്. 2x സ്പീഡിൽ എല്ലാം കാണാനിഷ്ടപ്പെടുന്ന പുതിയ തലമുറയിലും ഈ സിനിമ സ്വാധീനം ചെലുത്തുമെന്നാണ് എനിക്ക് തോന്നുന്നത്. ഒപ്പം ഈ സിനിമയുടെ ആരാധകർ സ്ത്രീകളാകാനാണ് സാധ്യത. എന്താണ് പ്രേക്ഷകരോട് പറയാനുള്ളത്?
ക്ഷമയോടെ മുഴുവനും കാണാൻ ശ്രമിക്കുക. കൊമേഴ്സലൈസ് ചെയ്യപ്പെടാത്ത ഒരു സിനിമ കാണേണ്ടതിനും ഒരു തയ്യാറെടുപ്പ് ആവശ്യമാണ്. പുതിയൊരു കാഴ്ച കാണാൻ പോകുന്ന മുന്നൊരുക്കമുണ്ടെങ്കിലാണ് ഇത്തരം സിനിമകൾ അനുഭവവേദ്യമാകുന്നത്.
‘പൂവി’ന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും അഭിനന്ദനാർഹമായ നേട്ടം ആറാമത് നേപ്പാൾ കൾച്ചറൽ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രം എന്നതാണല്ലോ. പ്രേക്ഷകരെ മറന്ന് നിർമ്മിച്ച സിനിമയ്ക്ക് ഇതുവരെ ലഭിച്ച പ്രതികരണങ്ങൾ എങ്ങനെയായിരുന്നു?
അനീഷ്: പ്രതിഭാധനർ വളർത്തിയ മലയാള സിനിമയുടെ യശ്ശസ്സ് കെടുത്താതിരിക്കാൻ പൂവിനായി എന്നത് ഒട്ടും അതിശയോകതിയോടെയല്ല പറയുന്നത്. ഫെസ്റ്റിവൽ നടത്തിപ്പുകാരിലൊരാൾ പറഞ്ഞത് അവരുടെ സഹോദരി പറഞ്ഞിരുന്നുവെന്ന്, മത്സരിക്കാൻ മലയാള സിനിമയുണ്ടെങ്കിൽ അവർ തന്നെയായിരിക്കും വിജയികളാകുക എന്ന്. മലയാള സിനിമയെക്കുറിച്ചുള്ള വിശ്വാസമാണത്.
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് പൂവിലെ നായകനായ മഞ്ജുളനാണ്. ഈ രണ്ട് അംഗീകാരങ്ങളും ഞങ്ങൾക്ക് അഭിമാനനിമിഷങ്ങളാണ്.
‘പൂവി’ന്റെ ഏറ്റവും പ്രധാന ആകർഷണങ്ങൾ ഛായാഗ്രഹണവും എഡിറ്റിങ്ങും സംഗീതവുമാണ്. താരതമ്യേന പുതുമുഖങ്ങളായ എഡിറ്ററിലേക്കും സംഗീത സംവിധായകനിലേക്കും എങ്ങനെയാണ് എത്തിയത്? അവരുടെ പങ്കാളിത്തം എത്രമാത്രം ‘പൂവി’നെ സ്വാധീനിച്ചിട്ടുണ്ട്?
അനീഷ്: ഒരു സിനിമ മൂന്നു പ്രാവശ്യമാണ് ഉണ്ടാവുന്നത് എന്നാണ് പറയാറ്. എഴുത്തിൽ, ചിത്രീകരണത്തിൽ, പിന്നെ എഡിറ്റിങ്ങിൽ.
എഡിറ്റർ റെഷിൻ അഹമ്മദിന്റെ അധ്വാനമാണ് പൂവിന് യാത്രയുടെ യഥാർത്ഥ അനുഭവം നൽകിയത്. സിനിമയുടെ റിഥത്തിന് കോട്ടം തട്ടാതെ ഷോട്ടുകൾ ക്രമീകരിക്കുകയും തുന്നിച്ചേർക്കുകയും ചെയ്തത് റെഷിനാണ്. അതിനുവേണ്ടി മാത്രം ചിത്രീകരിച്ച സ്ഥലങ്ങളിലേക്ക് വീണ്ടുമൊരിക്കൽ കൂടി ഷൂട്ടിനായി പോവുക കൂടി ചെയ്തിട്ടുണ്ട്. സങ്കീർണമെങ്കിലും വളരെ സുതാര്യമായ പൂവിന്റെ നറേറ്റീവിലെ ആത്മാംശത്തെ എഡിറ്റിങ് ടേബിളിൽ റെഷിൻ രൂപപ്പെടുത്തുന്നത് കണ്ടുനിൽക്കാൻ തന്നെ മനോഹരമായ, മറക്കാനാവാത്ത അനുഭവമായിരുന്നു. ഞങ്ങൾക്ക് വളരെയധികം ആത്മവിശ്വാസം അതിലൂടെ നൽകിയ എഡിറ്ററാണ് അദ്ദേഹം.
നിനോയ് വർഗ്ഗീസ് ആണ് ബാക്ക് ഗ്രൗണ്ട് മ്യൂസിക് ചെയ്തിരിക്കുന്നത്. പതിഞ്ഞ താളത്തിൽ പോകുന്ന സിനിമയിലെ ചിത്രങ്ങൾക്ക് യാത്രയുടേയും സ്വപ്നത്തിന്റെയും കലർപ്പ് നൽകാൻ ബി ജി എമ്മിന് കഴിഞ്ഞു. സിനിമ ഒരാവർത്തി കണ്ടതിനുശേഷം നിനോയ് ആദ്യം വായിച്ചു കേൾപ്പിച്ച മ്യൂസിക് പീസ് കേട്ടപ്പോൾ തന്നെ പൂവിനെ നിനോയ് ഉള്ളിലേയ്ക്കെടുത്തതിെൻ്റ ആഴം ഞങ്ങൾ തിരിച്ചറിഞ്ഞു.
കൊമേഴ്സലൈസ് ചെയ്യപ്പെടാത്ത ഒരു സിനിമ കാണേണ്ടതിനും ഒരു തയ്യാറെടുപ്പ് ആവശ്യമാണ്. പുതിയൊരു കാഴ്ച കാണാൻ പോകുന്ന മുന്നൊരുക്കമുണ്ടെങ്കിലാണ് ഇത്തരം സിനിമകൾ അനുഭവവേദ്യമാകുന്നത്.
ഇനി ഏറ്റവും പ്രധാനപ്പെട്ട ആ അഞ്ചു പേരിലേക്ക് വരാം. കെ.പി.എ.സിയിൽ അരങ്ങുവാണ ചരിത്രമുള്ള കെ.പി.എ.സി ലീലയും പുതുതലമുറയിലെ ശ്രദ്ധേയ താരം മീനാക്ഷിയും അടങ്ങുന്ന അഭിനേതാക്കളിലേക്ക് എങ്ങനെ എത്തി?
അനീഷ്: കഥാപാത്രങ്ങൾക്ക് മനസ്സിൽ ഒരു രൂപം നൽകിയിട്ടുണ്ടായിരുന്നു. അൻപത് വയസ്സുള്ള ജീവൻ എന്ന കഥാപാത്രത്തെ മഞ്ജുളൻ എന്ന നടനിൽ സ്വസ്ഥമാക്കിയതിനുശേഷമാണ് അയാളുടെ അമ്മയേയും ഭാര്യയേയും മകളേയും കാമുകിയേയും തിരക്കിയിറങ്ങിയത്.
കണ്ണൂർകാരി സഖാവിന്റെ നിശ്ചയദാർഢ്യം കൊണ്ട് ജീവിതം കരുപിടിപ്പിച്ച, അയാളെ ഒറ്റയ്ക്ക് വളർത്തിയ ആളാണ് അമ്മ. എന്റെ സുഹൃത്താണ് കെ.പി.എ.സി ലീല ചേച്ചിയുടെ കാര്യം പറയുന്നത്. ആദ്യ കാഴ്ചയിൽ തന്നെ ഉറപ്പിച്ചു ജീവന്റെ അമ്മ ശ്യാമള ലീല ചേച്ചിയുടെ കൈകളിൽ ഭദ്രമാണെന്ന്. ഭാര്യയായി നടിയും മോഡലുമായ ശ്രുതി വിപിനാണ്. കാമുകിയായി ശാന്തി റാവു എന്ന നടിയുമാണ്. മകളായി മീനാക്ഷി തന്നെ വേണമെന്നു തീരുമാനിച്ചിരുന്നു. ഞാൻ പ്രതീക്ഷിച്ചതുപോലെ തന്നെ മീനാക്ഷി അനായാസമായി അഭിനയിച്ചു. മൂന്ന് സീനുകൾ മാത്രമാണ് മീനാക്ഷിയ്ക്കുണ്ടായിരുന്നത്. മൂന്നിലും മീനാക്ഷി അഭിനയത്തികവ് കൊണ്ട് ആ രംഗത്തെ ഞാൻ വിചാരിച്ചതിനേക്കാൾ മനോഹരമാക്കി.
അനീഷ് ബാബു അബ്ബാസ് ഛായാഗ്രാഹകനാണ്. ക്യാമറാമാൻ വേണുവിന്റെ അസിസ്റ്റൻ്റായിട്ടായിരുന്നു തുടക്കം. സ്വതന്ത്ര ഛായാഗ്രാഹകനായി നിരവധി സിനിമകൾ ചെയ്ത അനീഷ് പൂവിലൂടെയാണ് സംവിധായകനാകുന്നത്. സുഹൃത്തായ ബിനോയ് ജോർജും പൂവിന്റെ സംവിധാനത്തിൽ പങ്കാളിയായി. ഇരുപതോളം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ള ബിനോയിയും അനീഷും സുഹൃത്തുക്കളാകുന്നത് 1999- ൽ മാക്ട നടത്തിയ ചലച്ചിത്ര ക്യാമ്പിൽ വച്ചാണ്. പി.കെ. നായർ നയിച്ച ആ ചലച്ചിത്ര ക്യാമ്പിൽ പങ്കെടുത്ത് സുഹൃത്തായതാണ് സംവിധായകനും പൂവിന്റെ തിരക്കഥാകൃത്തുമായ ജോൺസൺ വി. ദേവസ്സിയും.
കൂട്ടുകാർ ചേർന്ന് ഹൃദയം കൊണ്ടെടുത്ത സിനിമ എന്നാണ് അനീഷ് തന്റെ സിനിമയെ വിശേഷിപ്പിച്ചത്. പൂവ് കാണുന്ന എല്ലാവർക്കും അത് അനുഭവിക്കാനും കഴിയും.


